Jump to content

ഇന്ത്യൻ ഹോം റൂൾ പ്രസ്ഥാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Home Rule Movement എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഹോം റൂൾ പതാക

ബ്രിട്ടീഷ് ഭരണത്തിനു കീഴിൽ നിന്നുകൊണ്ടു തന്നെ, നാട്ടുരാജ്യങ്ങൾക്ക് സ്വയം ഭരണപദവി ആവശ്യപ്പെട്ടുകൊണ്ട് 1916 ൽ രൂപം കൊണ്ട ഒരു പ്രസ്ഥാനമായിരുന്നു ഇന്ത്യൻ ഹോം റൂൾ പ്രസ്ഥാനം.[1] ഓസ്ട്രേലിയ, കാനഡ, ദക്ഷിണാഫ്രിക്ക, ന്യൂസീലൻഡ് എന്നിവിടങ്ങളിൽ നിലനിന്നിരുന്ന സമാനമായ രീതിയാണ് ഇന്ത്യയിലും ഈ പ്രസ്ഥാനം രൂപമെടുക്കാനായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

രൂപീകരണം

[തിരുത്തുക]

ഒന്നാം ലോക മഹായുദ്ധത്തിൽ ബ്രിട്ടന്റെ കൂടെ നിന്ന് ഇന്ത്യക്ക് ജർമ്മനിയോട് യുദ്ധം ചെയ്യേണ്ടി വന്നിരുന്നു. ഒന്നാം ലോക മഹായുദ്ധത്തിൽ ഇന്ത്യയുടെ ഇടപെടലിനെക്കുറിച്ചുണ്ടായ തർക്കത്തിൽ ഇന്ത്യൻ നേതൃത്വം രണ്ടായി പിളർന്നിരുന്നു. തദ്ദേശഭരണം എന്ന ആശയം നിലവിലുണ്ടായിരുന്നുവെങ്കിലും, ഈ തർക്കത്തിൽ മുങ്ങി അതിന് ലക്ഷ്യത്തിലെത്താൻ കഴിഞ്ഞിരുന്നില്ല. യുദ്ധം അതിന്റെ അവസാനഘട്ടത്തിലേക്കടുക്കുന്ന സമയത്താണ്, തദ്ദേശഭരണം എന്ന ആശയത്തോട് ഇന്ത്യൻ നേതാക്കൾ കൂടുതലായി ആകൃഷ്ടരാവുന്നത്. ബ്രിട്ടനോടുള്ള വിധേയത്വത്തിനു പകരമായി ചോദിച്ചുവാങ്ങേണ്ടുന്ന ഒന്നാണ് തദ്ദേശസ്വയംഭരണം എന്നു ചിന്തിച്ചിരുന്നവരും കോൺഗ്രസ്സിലുണ്ടായിരുന്നു.

മഹാരാഷ്ട്രയിലെ പൂനെയിൽ ഒരു ലീഗ് സ്ഥാപിച്ചുകൊണ്ട് ബാലഗംഗാധര തിലകനാണ് ഇന്ത്യൻ ഹോം റൂൾ പ്രസ്ഥാനത്തിനു തുടക്കമിടുന്നത്. ഈ പ്രസ്ഥാനത്തിന്റെ കേന്ദ്രം ഡൽഹിയായിരുന്നുവെങ്കിലും, ബോംബെ കൽക്കട്ട മദ്രാസ് എന്നിവിടങ്ങളിലും പ്രസ്ഥാനം ശക്തമായിരുന്നു. മുസ്ലീം ലീഗിന്റേയും, കോൺഗ്രസ്സിന്റേയും പ്രവർത്തകരിൽ നിന്നും ആവേശം നിറഞ്ഞ പ്രതികരണമാണ് ഈ പ്രസ്ഥാനത്തിനു ലഭിച്ചത്. കോൺഗ്രസ്സിലെ ഇടതുപക്ഷത്തേയും, വലതു പക്ഷത്തേയും, ഏകോപിപ്പിച്ചു നിറുത്തി, മുസ്ലിം ലീഗും കോൺഗ്രസ്സും തമ്മിലുള്ള ബന്ധം ദൃഢമാക്കി ഹോം റൂൾ പ്രസ്ഥാനത്തിനു കരുത്തേകിയത് ബ്രിട്ടീഷുകാരിയും, തിയോസഫിക്കൽ സൊസൈറ്റി അംഗവുമായിരുന്ന ആനി ബസന്റായിരുന്നു. 1917 ൽ ബ്രിട്ടൻ ആനീ ബസന്റിനെ അറസ്റ്റു ചെയ്യുമ്പോഴേയ്ക്ക്, ഇന്ത്യയുടെ ഗ്രാമങ്ങളിൽ പോലും ഹോംറൂൾ പ്രസ്ഥാനം ആരംഭിച്ചിരുന്നു.

പ്രവർത്തന രീതി

[തിരുത്തുക]

യുവാക്കളും, വിദ്യാർത്ഥികളുമായിരുന്നു ഹോംറൂൾ പ്രസ്ഥാനത്തിലേക്ക് കൂടുതലായി ആകർഷിക്കപ്പെട്ടത്. ഉന്നത വിദ്യാഭ്യാസം നേടിയവരും, ഈ ലക്ഷ്യത്തിൽ ആകൃഷ്ടരായി മുന്നിട്ടിറങ്ങി. സമൂഹത്തിലെ ഈ ഉന്നതവർഗ്ഗത്തിന്റെ സാന്നിദ്ധ്യം കൂടുതൽ സാധാരണക്കാരെ പ്രസ്ഥാനത്തിലേക്ക് ആകർഷിച്ചു. പുതിയ ഒരു ദേശീയപ്രസ്ഥാനം എന്ന രീതിയിൽ ബ്രിട്ടീഷ് സർക്കാരിന്റേയും ശ്രദ്ധക്ക് ഹോം റൂൾ പാത്രമായി. പൊതുജനങ്ങളെ ബോധവൽക്കരിച്ച് പ്രസ്ഥാനത്തിനെ ശക്തിപ്പെടുത്തണമോ, അതോ തദ്ദേശസ്ഥാപനങ്ങളിലേക്കു നടക്കുന്ന തിരഞ്ഞെടുപ്പുകളിൽ പങ്കെടുത്ത് അധികാരത്തിൽ പങ്കാളികളാകണോ എന്ന കാര്യത്തിൽ ഒരു ഭിന്നത പ്രസ്ഥാനത്തിൽ രൂപം കൊണ്ടിരുന്നു.

ഗാന്ധിജി ഇന്ത്യൻ ദേശീയപ്രസ്ഥാനത്തിന്റെ ഭാഗഭാക്കാവുന്നതോടെയാണ് പ്രസ്ഥാനത്തിന്റെ ശ്രദ്ധ ദേശീയ തലത്തിൽ നിന്നും നഷ്ടപ്പെടാൻ തുടങ്ങിയത്. സത്യാഗ്രഹം, അഹിംസ, നിയമലംഘനപ്രസ്ഥാനം തുടങ്ങിയ നവ സമരരീതികളിലേക്ക് ജനങ്ങൾ കൂട്ടമായി ആകർഷിക്കപ്പെടാൻ തുടങ്ങി. ചമ്പാരനിലും, മറ്റും ഗാന്ധിജിയുടെ നേതൃത്വത്തിൽ നേടിയെടുത്ത സമരം ദേശീയ പ്രസ്ഥാനത്തിൽ അദ്ദേഹത്തെ ഒരു അറിയപ്പെടുന്ന നേതാവാക്കി മാറ്റി. ബോംബെ, കൽക്കട്ട, മദ്രാസ് എന്നീ നഗരങ്ങളിൽ മാത്രമായി പ്രവർത്തനങ്ങൾ ഒതുക്കാതെ ദരിദ്രരും, അക്ഷരാഭ്യാസമില്ലാത്തവരും താമസിക്കുന്ന ഇന്ത്യയുടെ വിദൂര ഗ്രാമങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിച്ച് അവരേക്കൂടി ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമാക്കുക എന്നതായിരുന്നു ഗാന്ധിജിയുടെ ലക്ഷ്യം.

പിരിച്ചുവിടൽ

[തിരുത്തുക]

ഭരണരംഗത്ത് ഇന്ത്യക്കാരെ കൂടുതലായി നിയമിക്കണമെന്ന എഡ്വിൻ സാമുവൽ മൊണ്ടാഗു കമ്മീഷന്റെ ശുപാർശ[2] വന്നതോടെ, പ്രസക്തി നഷ്ടപ്പെട്ട ഹോം റൂൾ പ്രസ്ഥാനം ഇനി കൂടുതൽ പ്രവർത്തനങ്ങൾ നടത്തേണ്ടതില്ല എന്നു തീരുമാനിച്ചു. പ്രധാന നേതാക്കളെല്ലാം പ്രസ്ഥാനത്തിലെ തങ്ങളുടെ അംഗത്വം രാജിവെച്ചു. 1920 ൽ മഹാത്മാഗാന്ധിയെ ഹോംറൂൾ ലീഗ് അതിന്റെ അഖിലേന്ത്യാ പ്രസിഡന്റായി തിരഞ്ഞെടുത്തു. അടുത്ത ഒരു കൊല്ലത്തിനുള്ളിൽ ഹോംറൂൾ ഔദ്യോഗികമായി ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൽ ലയിച്ചു.

ഇതും കൂടി കാണുക

[തിരുത്തുക]

അവലംബങ്ങൾ

[തിരുത്തുക]
  1. "ഇന്ത്യൻ ഹോം റൂൾ പ്രസ്ഥാനം". എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക. Archived from the original on 2014-09-15. Retrieved 2014-09-15.{{cite web}}: CS1 maint: bot: original URL status unknown (link)
  2. ഇയാൻ, കോപ്ലാൻഡ് (2002). ദ പ്രിൻസസ്സ് ഓഫ് ഇന്ത്യ ഇൻ ദ എൻഡ്ഗേം ഓഫ് ദ എംപയർ 1917-1947. കേംബ്രിഡ്ജ് സർവ്വകലാശാല പ്രസ്സ്. p. 37-38. ISBN 978-0521894364.