ജാലിയൻവാലാബാഗ് കൂട്ടക്കൊല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജാലിയൻവാലാബാഗ് കൂട്ടക്കൊല
ജാലിയൻവാലാബാഗ് സ്മാരകം
ജാലിയൻ വാലാബാഗ് ഉദ്യാനത്തിലേക്കുള്ള ഇടുങ്ങിയ വഴി. ഇതിലൂടെയാണ് വെടിവെപ്പുണ്ടായത്
ജാലിയൻവാലാബാഗ് കൂട്ടക്കൊല is located in India
ജാലിയൻവാലാബാഗ് കൂട്ടക്കൊല
Location of Amritsar in India
സ്ഥലംഅമൃത്സർ, ഇന്ത്യ
തീയതി13 ഏപ്രിൽ 1919
5:30 pm (UTC+5:30)
ആക്രമണലക്ഷ്യംഹിന്ദു, മുസ്ലിം, സിഖ് മതവിശ്വാസികൾ
ആക്രമണത്തിന്റെ തരം
കൂട്ടക്കൊല
ആയുധങ്ങൾതോക്കുകൾ
മരിച്ചവർ379-1,000
മുറിവേറ്റവർ
500-1,100
ആക്രമണം നടത്തിയത്ഡയറുടെ നേതൃത്വത്തിലുള്ള ബ്രിട്ടീഷ്സൈന്യം
പങ്കെടുത്തവർ
50000000

ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഏറ്റവും രക്തരൂഷിതമായ സംഭവമാണ്‌ 1919 ഏപ്രിൽ 13ലെ ജാലിയൻവാലാബാഗ് കൂട്ടക്കൊല. ബ്രിട്ടീഷ് പോലീസ് ഉദ്യോഗസ്ഥനായ ബ്രിഗേഡിയർ ജനറൽ ഡയർ ആണ് ഈ കൂട്ടക്കൊലക്ക് ഉത്തരവ് നൽകിയത്.

13 ഏപ്രിൽ 1919 ന് ഒരു കലാപത്തെക്കുറിച്ച് സൂചനകിട്ടിയ ജനറൽ ഡയർ എല്ലാത്തരത്തിലുള്ള മീറ്റിങ്ങുകളും നിരോധിച്ചു. ഈ സമയത്ത് ഏതാണ്ട് ഇരുപതിനായിരത്തിനടുത്തു വരുന്ന ആളുകൾ ജാലിയൻവാലാബാഗ് എന്ന സ്ഥലത്ത് ഒരു യോഗം ചേരുന്നതായി വിവരം ലഭിച്ച ഡയർ തന്റെ ഗൂർഖാ റെജിമെന്റുമായി അങ്ങോട്ടേക്കു നീങ്ങി. യാതൊരു പ്രകോപനവുമില്ലാതെ ജനക്കൂട്ടത്തിനുനേരെ വെടിവെയ്ക്കാൻ ഡയർ തന്റെ പട്ടാളക്കാരോട് ഉത്തരവിടുകയായിരുന്നു. ഏതാണ്ട് പത്തുമിനിട്ടോളം ഈ വെടിവെപ്പു തുടർന്നു.[1] വെടിക്കോപ്പ് തീരുന്നതുവരെ ഏതാണ്ട് 1,650 റൗണ്ട് പട്ടാളക്കാർ വെടിവെച്ചെന്നു കണക്കാക്കപ്പെടുന്നു. തിരയുടെ ഒഴിഞ്ഞ പൊതികളുടെ കണക്കെടുത്താണ് ഇങ്ങനെയൊരു കണക്കെടുപ്പു നടത്തിയത്.[2] ബ്രിട്ടീഷുകാരുടെ ഔദ്യോഗിക കണക്കുകളനുസരിച്ച് 379 പേർ മരണമടഞ്ഞു, ആയിരത്തിലധികം ആളുകൾക്ക് പരുക്കേറ്റു. യഥാർത്ഥത്തിൽ ആയിരത്തിലധികം ആളുകൾ മരണപ്പെട്ടിട്ടുണ്ടെന്നു പറയപ്പെടുന്നു.[3]

ഡയർ ഉദ്യോഗത്തിൽ നിന്നും പുറത്താക്കപ്പെട്ടു. ബ്രിട്ടീഷ് അനുകൂലികളായിരുന്ന ബ്രിട്ടനിലെ ആളുകൾക്കു മുമ്പിൽ ഡയർ ഒരു നായകനായി മാറി. ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിന്റെ അന്ത്യം കുറിക്കപ്പെട്ട ചില സംഭവങ്ങളിലൊന്നായി ജാലിയൻവാലാബാഗ് കൂട്ടക്കൊല കണക്കാക്കപ്പെടുന്നു. ബ്രിട്ടീഷ് ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും നാണംകെട്ട സംഭവമായിരുന്നു ജാലിയൻവാലാബാഗിൽ നടന്നതെന്ന് മുൻപത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂൺ തന്റെ ഇന്ത്യാ സന്ദർശനത്തിനിടെ അഭിപ്രായപ്പെട്ടു.[4]

പശ്ചാത്തലം[തിരുത്തുക]

ഒന്നാം ലോക മഹായുദ്ധം[തിരുത്തുക]

ഒന്നാംലോകമഹായുദ്ധത്തിന്റെ സമയത്ത് ഇന്ത്യയിൽ നിന്നുള്ള പട്ടാളക്കാരെ ബ്രിട്ടൻ യുദ്ധത്തിനായി ഉപയോഗിച്ചിരുന്നു. ഏതാണ്ട് ഒന്നേകാൽ കോടി പട്ടാളക്കാർ ബ്രിട്ടനു വേണ്ടി യുദ്ധം ചെയ്തിരുന്നു. കൂടാതെ, ഭക്ഷണവും ആയുധസഹായവും എല്ലാം നാട്ടുരാജ്യങ്ങളിൽ നിന്നും സഹായമായി ബ്രിട്ടനു ലഭിച്ചിരുന്നു. ബംഗാൾ, പഞ്ചാബ് പോലുള്ള സ്ഥലങ്ങളിൽ കോളനിവിരുദ്ധസമരങ്ങളും അരങ്ങേറിയിരുന്നു. ഇത്തരം പ്രദേശങ്ങളിൽ സമാധാനപരമായ ഒരു ഭരണം ബ്രിട്ടീഷ് ഭരണാധികാരികൾക്കും സാധ്യമായിരുന്നില്ല.[5]

യുദ്ധാനന്തരം[തിരുത്തുക]

ഒന്നാംലോകമഹായുദ്ധത്തിനുശേഷം കടുത്ത ദുരിതമാണ് ഇന്ത്യയെ കാത്തിരുന്നത്. ജനങ്ങളിൽ കനത്ത നികുതി അടിച്ചേൽപ്പിക്കപ്പെട്ടു. 43,000 ത്തോളം ആളുകൾ യുദ്ധത്തിൽ കൊല്ലപ്പെട്ടു. ഇന്ത്യൻ പട്ടാളക്കാർ ബ്രിട്ടനെതിരേ യുദ്ധം ചെയ്യാൻ ആയുധങ്ങൾ രഹസ്യമായി കടത്തിക്കൊണ്ടു വന്നു. 1916 ൽ ലക്നൗ പാക്ട് ഉടമ്പടി പ്രകാരം കോൺഗ്രസ്സ് പാർട്ടി മുസ്ലിം ലീഗുമായി താൽക്കാലിക കരാറിലേർപ്പെട്ടു.[6]

കൂട്ടക്കൊലയ്ക്കുള്ള കാരണങ്ങൾ[തിരുത്തുക]

ജാലിയൻവാലാബാഗ് സ്മാരകം

1919 മാർച്ചിൽ ബ്രിട്ടീഷ് ഗവണ്മെന്റ‌് റൗലറ്റ് ആക്റ്റ് എന്ന കരിനിയമം പാസ്സാക്കി. വാറന്റ് കൂടാതെ ആരെയും അറസ്റ്റ് ചെയ്യാനും വിചാരണ കൂടാതെ തുറുങ്കിലടയ്ക്കാനും ഈ നിയമം ഗവണ്മെന്റിന് അധികാരം നൽകി. ഇതിനെതിരെ രാജ്യവ്യാപകമായി പ്രക്ഷോഭങ്ങൾ അരങ്ങേറി. 1857ലെ സമരത്തെതുടർന്ന് തന്നെ ഇന്ത്യക്കാരെ സംശയത്തോടെയാണ് ബ്രിട്ടീഷുകാർ വീക്ഷിച്ചത്.[7] ലാഹോർ ഗൂഢാലോചനാകേസിന്റെ വിചാരണാ സമയത്തുണ്ടായ മുന്നേറ്റ ശ്രമത്തെ ബ്രിട്ടീഷുകാർ ഭീതിരായാണ് നോക്കികണ്ടത്. കൂടാതെ റഷ്യൻ ആശയങ്ങളോടുള്ള ഇന്ത്യയിലെ യുവതലമുറയുടെ ആവേശം എന്നിവ ബ്രിട്ടീഷ് ഭരണാധികാരികളിൽ അസ്വസ്ഥതയുളവാക്കി. റൗളറ്റ് നിയമത്തിനെതിരേ പോരാടാൻ ഗാന്ധിജി ആഹ്വാനം ചെയ്തു. ഈ സമരപ്രഖ്യാപനത്തെ ഇന്ത്യയിലെ ജനങ്ങൾ ആവേശത്തോടെയാണ് സ്വീകരിച്ചത്. പഞ്ചാബിൽ സമരം അക്രമാസക്തമാവുകതന്നെ ചെയ്തു.

പഞ്ചാബിലെ കോൺഗ്രസ്സ് നേതാക്കളായിരുന്ന ഡോ.സത്യപാൽ, സെയ്ഫുദ്ദീൻ കിച്ച്ലു എന്നിവരെ പോലീസ് അറസ്റ്റ് ചെയ്ത് തടവിലാക്കി.[8]. ഇരുവരും, ഗാന്ധിജിയുടെ അഹിംസാ സിദ്ധാന്തത്തിൽ അടിയുറച്ചു വിശ്വസിക്കുന്ന സ്വാതന്ത്ര്യസമരസേനാനികളായിരുന്നു. ഈ സംഭവത്തിൽ പ്രതിഷേധിച്ച് , 1919 ഏപ്രിൽ 10ന്അമൃത് സറിൽ ഹർത്താലാചരിച്ചു.അമൃത് സറിൽ ഡെപ്പ്യൂട്ടി കമ്മീഷണറുടെ വീട്ടിലേക്കു നടന്ന പ്രതിഷേധ റാലിക്കു നേരെ പോലീസ് നിറയൊഴിച്ചു. ഇതിൽ രോഷകുലരായ ജനക്കൂട്ടം ബാങ്കുകൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും തീവെച്ചു.അക്രമങ്ങളിൽ 5 യൂറോപ്യന്മാരും പോലീസ് വെടിവെപ്പിൽ ഇരുപതിലേറെ ഇന്ത്യക്കാരും കൊല്ലപ്പെട്ടു.

ഏപ്രിൽ 11 ന് തന്റെ സ്കൂളിലെ വിദ്യാർത്ഥികളെ സുരക്ഷിതമായി അവരുടെ വീടുകളിൽ എത്തിക്കാൻ ഏർപ്പാടുചെയ്തതിനുശേഷം തിരികെ വീട്ടിലേക്കു പോവുകയായിരുന്ന മാർഷെല ഷേർവുഡ് എന്ന മിഷണറി പ്രവർത്തകയെ ഒരു ഇടുങ്ങിയ വീഥിയിൽ വച്ച് കോപാക്രാന്തരായ ജനക്കൂട്ടം ആക്രമിച്ചു. സമീപവാസികളായ ആളുകൾ ആണ് അവരെ മരണത്തിൽ നിന്നും രക്ഷിച്ചത്.[9] ഈ സംഭവത്തിൽ ഇന്ത്യാക്കാരോട് പ്രതികാരം ചെയ്യണമെന്ന് ജനറൽ ഡയർ തീർച്ചപ്പെടുത്തി. ഇന്ത്യാക്കാർ അവരുടെ ദൈവങ്ങളുടെ മുമ്പിൽ കുമ്പിടുന്നു, ഒരു ബ്രിട്ടീഷ് സ്ത്രീ ഹിന്ദു ദൈവങ്ങളെപ്പോലയാണെന്നും ഇന്ത്യാക്കാർ അവരുടെ മുന്നിൽ തലകുനിക്കുന്നത് താൻ കാണിച്ചുതരാമെന്നുമായിരുന്നു ഡയർ നടത്തിയ ഭീഷണി. എന്നാൽ ഡയറുടെ ഈ നീക്കത്തെ ഷേർവുഡ് എതിർക്കുക തന്നെ ചെയ്തു.[9]

തൊട്ടടുത്ത ദിവസങ്ങളിൽ അമൃത്സർ നഗരം ഏറെക്കുറെ ശാന്തമായിരുന്നുവെങ്കിലും, പ്രാന്തപ്രദേശങ്ങളിൽ അക്രമം തുടരുന്നുണ്ടായിരുന്നു. വിപ്ലവകാരികൾ തീവണ്ടിപ്പാതകൾ മുറിച്ചു, വാർത്താവിതരണസംവിധാനം തകരാറിലാക്കി. ഏപ്രിൽ 13ന്‌ പഞ്ചാബിൽ പട്ടാള നിയമം ഏർപ്പെടുത്തി. പൊതുയോഗങ്ങളും ഘോഷയാത്രകളും നിരോധിച്ചു. നാലുപേരിലധികം കൂട്ടംകൂടുന്നതുപോലും നിരോധിച്ചു.[10]

കൂട്ടക്കൊല[തിരുത്തുക]

കൂട്ടക്കൊല നടന്ന് മാസങ്ങൾക്കുശേഷം ജാലിയൻവാലാബാഗ്

1919, ഏപ്രിൽ 13 സിഖുകാരുടെ ബൈശാഖി ഉത്സവ ദിനമായിരുന്നു. അന്ന് അമൃത് സറിനടുത്തുള്ള ജാലിയൻവാലാബാഗ് മൈതാനത്തിൽ പോലീസ് അതിക്രമങ്ങളിൽ പ്രതിഷേധിക്കാൻ ഒരു പൊതുയോഗം സംഘടിപ്പിച്ചു. ആയിരക്കണക്കിനു സിഖുകാരും, മുസ്ലിംമുകളും ഹിന്ദുക്കളും അന്ന് ജാലിയൻ വാലാബാഗിലെ മൈതാനിയിൽ തടിച്ചുകൂടിയിരുന്നു. ഇംഗ്ലീഷ് യുവതിയെ ഹിന്ദു ദൈവങ്ങളോട് ഉപമിച്ച ജനറൽ ഡയറുടെ പ്രസ്താവന ഒരു പാട് പ്രതിഷേധം ഉയർത്തിയിരുന്നു. ഇന്ത്യാക്കാരോടുള്ള ബ്രിട്ടന്റെ തരംതാണ വിവേചനമായാണ് ഇന്ത്യൻ സമൂഹം ആ പ്രസ്താവനയെ കണ്ടത്.[11] ബ്രിട്ടീഷ് ഉദ്യോഗസ്ഥന്റെ ഈ പ്രസ്താവനക്കെതിരേ സമാധാനമായി പ്രതിഷേധിക്കാനാണ് അന്ന് ആ യോഗം കൂടിയത്.[12]

ജാലിയൻവാലാ ബാഗിലെ ചുമരിൽ വെടിയുണ്ടകൾ തുളഞ്ഞുകയറിയതിന്റെ അടയാളങ്ങൾ

യോഗം തുടങ്ങി ഏതാണ്ട് ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ, അന്ന് അമൃത് സറിലെ സൈനിക കമാൻഡറായിരുന്ന ജനറൽ റജിനാൾഡ് ഡയർ, 90 അംഗങ്ങൾ വരുന്ന ഒരു ചെറിയ സായുധസേനയുമായി മൈതാനം വളഞ്ഞു. യന്ത്രവത്കൃതതോക്കുകൾ ഘടിപ്പിച്ച രണ്ട് വാഹനങ്ങൾകൂടി ആ സേനയോടൊപ്പം ഡയർ കൊണ്ടുവന്നിരുന്നു. എന്നാൽ മൈതാനത്തിലേക്കുള്ള വഴി തീരെ ചെറുതായിരുന്നതിനാൽ ആ വാഹനങ്ങൾ അകത്തേക്ക് പ്രവേശിപ്പിക്കാൻ കഴിഞ്ഞിരുന്നില്ല. ജാലിയൻവാലാബാഗ് മൈതാനം മതിലുകളാൽ ചുറ്റപ്പെട്ടതാണ്, മൈതാനത്തിലേക്കുള്ള വാതിലുകൾ തീരെ ഇടുങ്ങിയതുമാണ് അതിൽ തന്നെ പലതും സ്ഥിരമായി അടച്ചിട്ടിരിക്കുകയുമാണ്. പ്രധാന വാതിലാണ് താരതമ്യേന വലിപ്പം കൂടിയതെങ്കിലും, ആ പ്രവേശനവാതിൽ ഡയർ സൈനികരെക്കൊണ്ടും വാഹനത്തെക്കൊണ്ടും അടച്ചിരുന്നു.

യോഗം പിരിഞ്ഞുപോകാൻ മുന്നറിയിപ്പു നൽകാതെ തന്നെയാണ് ഡയർ വെടിവെപ്പിന് ഉത്തരവിട്ടത്. മീറ്റിങ്ങ് പിരിച്ചുവിടുക എന്നതിലുപരി ഇന്ത്യാക്കാരെ ഒരു പാഠം പഠിപ്പിക്കുവാനായിരുന്നു ആ നടപടിയെന്ന് ‍ഡയർ പിന്നീട് പറയുകയുണ്ടായി. വെടിക്കോപ്പുകൾ തീരുന്നതുവരെ വെടിവെക്കാൻ ഭടന്മാർക്ക് ഉത്തരവ് നൽകി. 1,650 തവണയാണ് പട്ടാളക്കാർ ജനക്കൂട്ടത്തിനു നേരെ വെടിവെച്ചത്. സംഭവത്തിനുശേഷം ഒഴിഞ്ഞു കിടന്ന തിരകളുടെ പൊതികളിൽ നിന്നുമാണ് ഈ കണക്ക് പിന്നീട് ലഭിച്ചത്. അപ്രതീക്ഷിതമായി വന്ന ഈ ദുരന്തത്തിൽ നിന്നും രക്ഷപ്പെടാനായി, ജനങ്ങൾ കൂട്ടത്തോടെ മൈതാനത്തിനകത്തുള്ള ഒരു ചെറിയ കിണറിലേക്ക് ചാടി. 120 മൃതശരീരങ്ങളാണ് ഈ ചെറിയ കിണറിൽ നിന്നുമാത്രമായി ലഭിച്ചത്.

വെടിവെപ്പിൽ മരണമടഞ്ഞവരുടെ എണ്ണത്തെക്കുറിച്ച് ഇപ്പോഴും തർക്കങ്ങൾ നിലനിൽക്കുന്നുണ്ട്. 379 പേർ വെടിവെപ്പിൽ മരിച്ചുവെന്നാണ്‌ ബ്രിട്ടീഷ് സർക്കാർ പറഞ്ഞത്. എന്നാലിത് 1800ൽ ഏറെയായിരുന്നു എന്ന് ഇതിനെക്കുറിച്ച് പഠിച്ച കോൺഗ്രസ്സിന്റെ കണക്കുകൾ പറയുന്നു.[13][14] സംഭവത്തിനുശേഷം മാസങ്ങൾകഴിഞ്ഞ് വെടിവെപ്പിൽ മരിച്ചവരുടെ എണ്ണം കൃത്യമായി കണക്കാക്കാൻ സർക്കാർ മുന്നിട്ടിറങ്ങി. തങ്ങളുടെ കുടുംബത്തിൽ നിന്നും ജാലിയൻവാലാബാഗ് വെടിവെപ്പിൽ മരിച്ചവരുണ്ടെങ്കിൽ അവരുടെ പേരുവിവരം സ്വയമേവ സർക്കാരിനു സമർപ്പിക്കാൻ ഉദ്യോഗസ്ഥർ ജനങ്ങളോട് ആവശ്യപ്പെട്ടു. ഫലപ്രദമായ ഒരു നടപടിയല്ലായിരുന്നു ഇത്. തങ്ങളുടെ പേരുവിവരം പുറത്തറിഞ്ഞാൽ കൂടുതൽ നടപടി ഉണ്ടായേക്കുമെന്ന് കരുതി കുറേയെറെ ആളുകൾ ഈ സന്നദ്ധപ്രവർത്തനത്തിനു മുതിർന്നില്ല. ബ്രിട്ടീഷ് ഉദ്യോഗസ്ഥരുടെ കണക്കുകളേക്കാൾ വളരെ ഉയർന്നതാണ് യഥാർത്ഥമരണ സംഖ്യ എന്ന് ദൃക്സാക്ഷികൾ പിന്നീട് വെളിപ്പെടുത്തുകയുണ്ടായി.

കൂട്ടക്കൊലക്കു ശേഷം[തിരുത്തുക]

പ്രതികരണങ്ങൾ[തിരുത്തുക]

അമൃത്സറിലെ ഒരുകൂട്ടം വിപ്ലവകാരികളുമായി ബ്രിട്ടീഷ് സൈന്യം ഏറ്റുമുട്ടി എന്നാണ് ഡയർ തന്റെ മേലധികാരിക്ക് അയച്ച റിപ്പോർട്ടിൽ പറയുന്നത്. ജനറൽ ഡയർ ചെയ്ത നടപടി ശരിയാണെന്നും തങ്ങൾ അത് അംഗീകരിക്കുന്നുവെന്നും പഞ്ചാബിലെ ലഫ്ടനന്റ് ഗവർണർ ഡയർക്കായി അയച്ച മറുപടി കമ്പി സന്ദേശത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു.[15] അമൃത്സറിലെ മറ്റു ഭാഗങ്ങളിൽകൂടി പട്ടാളനിയമം പ്രഖ്യാപിക്കണമെന്ന് ഗവർണറുടെ അപേക്ഷ ചെംസ്ഫോർഡ് പ്രഭു അംഗീകരിക്കുകയും ചെയ്തു.[16]

ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന വിൻസ്റ്റൺ ചർച്ചിൽ മൃഗീയം എന്നാണ് ജാലിയൻവാലാബാഗ് സംഭവത്തെ വിശേഷിപ്പിച്ചത്. നിരായുധരായ സ്ത്രീകളും കുട്ടികളും അടങ്ങുന്ന പൊതുജനത്തെ യാതൊരു പ്രകോപനവും കൂടാതെ വെടിവെച്ചതിൽ ജനറൽ ഡയറെ ഹൗസ് ഓഫ് കോമണസ് നിശിതമായ ഭാഷയിൽ വിമർശിച്ചു. 37 നെതിരേ 247 വോട്ടുകൾക്കാണ് ഹൗസ് ഓഫ് കോമൺസ് ഡയർക്കെതിരേയുള്ള പ്രമേയം പാസ്സാക്കിയത്.[17]

കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് രവീന്ദ്രനാഥ ടാഗോർ സർ സ്ഥാനം ഉപേക്ഷിച്ചു.[18] സംഭവം അറിഞ്ഞയുടൻ ഒരു പ്രതിഷേധ സമരം നടത്താനാണ് ടാഗോർ ഉദ്ദേശിച്ചിരുന്നതെങ്കിലും, പിന്നീട് തന്റെ പ്രതിഷേധത്തിന്റെ സൂചകമായി ബ്രിട്ടൻ തനിക്കു തന്നിട്ടുള്ള സർ സ്ഥാനം തിരിച്ചുകൊടുക്കാൻ തീരുമാനിക്കുകയായിരുന്നു. തന്റെ രാജ്യത്തെ ജനങ്ങളുടെ കൂടെ നിൽക്കുവാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് ചെംസ്ഫോർഡ് പ്രഭുവിനയച്ച സന്ദേശത്തിൽ ടാഗോർ പറയുകയുണ്ടായി.[19]

ഹണ്ടർ കമ്മീഷൻ[തിരുത്തുക]

സംഭവത്തെക്കുറിച്ചന്വേഷിക്കാൻ സർക്കാർ ഹണ്ടർ കമ്മീഷനെ നിയമിച്ചു. സ്കോട്ട്ലാന്റിലെ സോളിസിറ്റർ ജനറാലിയിരുന്ന വില്ല്യം ഹണ്ടർ പ്രഭുവിന്റെ നേതൃത്വത്തിലായിരുന്നു ഈ കമ്മീഷൻ പ്രവർത്തിച്ചത്. ബോംബെ, ഡൽഹി, പഞ്ചാബ് എന്നിവിടങ്ങളിൽ നടന്ന കലാപങ്ങളെക്കുറിച്ച് അന്വേഷിക്കുക എന്നതായിരുന്നു കമ്മീഷന്റെ മുഖ്യ അജണ്ട.[20] കമ്മീഷൻ ആളുകളിൽ നിന്നും തെളിവുകൾ ശേഖരിച്ചു. ഡെൽഹി, അഹമ്മദാബാദ്, ബോംബെ,ലാഹോർ എന്നിവിടങ്ങളിൽ ആളുകളെ വിളിച്ചുവരുത്തിയാണ് കമ്മീഷൻ തെളിവെടുപ്പു നടത്തിയത്.

നവംബർ 19 നാണ് ഡയർ കമ്മീഷനു മുമ്പിൽ ഹാജരായത്. ജനക്കൂട്ടം ജാലിയൻവാലാബാഗിൽ ഒത്തുകൂടിയിട്ടുണ്ടെങ്കിൽ അവിടെ വെടിവെപ്പു നടത്താൻ കരുതി തന്നെയാണ് താൻ പോയതെന്നാണ് ഡയർ കമ്മീഷനു മുമ്പാകെ മൊഴി നൽകിയത്. ജനക്കൂട്ടത്തിന്റെ അപഹാസ്യപരമായ പെരുമാറ്റമാണ് വെടിയുതിർക്കാനുള്ള ഉത്തരവിടാൻ തന്നെ പ്രേരിപ്പിച്ചതെന്ന് കമ്മീഷന്റെ ചോദ്യങ്ങൾക്ക് മറുപടിയായി ഡയർ പറയുകയുണ്ടായി.[21] യന്ത്രവത്കൃത തോക്കുകൾ ഘടിപ്പിച്ച വാഹനങ്ങൾ മൈതാനത്തേക്ക് കടത്തിവിടാൻ കഴിഞ്ഞിരുന്നെങ്കിൽ അതുപയോഗിച്ചും വെടിയുതിർത്തേനെയെന്നും ഡയർ മൊഴി നൽകി. വെടിവെപ്പു തുടങ്ങിയസമയത്തുതന്നെ ജനങ്ങൾ പിരിഞ്ഞുപോയിരുന്നു, എന്നിരിക്കിലും അവർ പൂർണ്ണമായി ഒഴിഞ്ഞുപോകുവാനാണ് താൻ വെടിക്കോപ്പു തീരുന്നതുവരെ വെടിവെപ്പു തുടർന്നതെന്നും അക്ഷോഭ്യനായി ഡയർ പറഞ്ഞു. മുറിവേറ്റവരെ ആശുപത്രികളിൽ കൊണ്ടുപോകാൻ പോലും താൻ തയ്യാറായില്ലെന്നും ഡയറിന്റെ മൊഴിയിൽ രേഖപ്പെടുത്തിയിരിക്കുന്നു.[22]

ഡയറുടെ വിസ്താരണക്കുശേഷം, അന്തിമറിപ്പോർട്ട് തയ്യാറാക്കുന്ന സമയത്ത്. കമ്മീഷനിൽ വിഭാഗീയത ദൃശ്യമായി. കമ്മീഷനിലെ ഇന്ത്യാക്കാരായ അംഗങ്ങൾ പ്രത്യേക റിപ്പോർട്ടാണ് തയ്യാറാക്കിയത്. വെടിക്കോപ്പുകൾ തീരുന്നതുവരെ വെടിവെപ്പു തുടരാൻ നിർദ്ദേശിച്ച ഡയർ കടുത്ത അപരാധമാണ് ചെയ്തതെന്ന് കമ്മീഷൻ കണ്ടെത്തി. കലാപം തുരത്താൻ വേണ്ടിയാണ് ഡയർ ഈ നടപടിക്കു മുതിർന്നതെന്ന് കമ്മീഷനിലെ മറ്റംഗങ്ങൾ വാദിച്ചെങ്കിലും, അവിടെ യാതൊരു കലാപവും ഉണ്ടായിരുന്നില്ലെന്നും കൂടാതെ പഞ്ചാബ് ലഫ്ടനന്റ് ഗവർണറായിരുന്നു ഡ്വയറിനും സമാന ചിന്താഗതിതന്നെയാണുണ്ടായിരുന്നതെന്നും കമ്മീഷൻ അഭിപ്രായപ്പെട്ടു.

ഹണ്ടർ കമ്മീഷന്റെ സുപ്രധാന കണ്ടെത്തലുകൾ [23]

  • വെടിവെപ്പിനു മുമ്പായി ഡയർ യാതൊരു വിധ മുന്നറിയിപ്പും നൽകിയിരുന്നില്ല.
  • ജനക്കൂട്ടം ഭയാക്രാന്തരായി ഓടിയെങ്കിലും ഡയർ വെടിവെപ്പു നിറുത്താൻ തയ്യാറായിരുന്നില്ല.
  • ഡയർ തന്റെ അധികാരപരിധിക്കു പുറത്തുള്ള കാര്യങ്ങളാണ് ജാലിയൻവാലാബാഗിൽ ചെയ്തത്
  • ബ്രിട്ടീഷ് ഭരണത്തെ പുറത്താക്കാനുള്ള യാതൊരു വിധ ഗൂഢാലോചനയും പഞ്ചാബിൽ നടന്നിട്ടില്ല

കൂടാതെ ഇന്ത്യക്കാരായ അംഗങ്ങൾ താഴെ പറയുന്ന കാര്യങ്ങൾ കൂടി റിപ്പോർട്ടിൽ കൂട്ടിച്ചേർക്കുകയുണ്ടായി

  • നിരപരാധികളായ കുട്ടികളും സ്ത്രീകളും, പ്രായംചെയന്നവരും എല്ലാം ഉണ്ടായിരുന്നു ജാലിയൻവാലാബാഗിൽ
  • മുറിവേറ്റവരെ ആശുപത്രിയിൽ കൊണ്ടുപോകാൻ പോലും ഡയർ തയ്യാറായില്ല
  • ഡയറുടെ നടപടി തികച്ചും മനുഷ്യത്വരഹിതമായിരുന്നു.

എന്നാൽ ജനറൽ ഡയർക്കെതിരേ യാതൊരു വിധ ശിക്ഷാ നടപടികളും കമ്മീഷൻ ശുപാർശ ചെയ്തിരുന്നില്ല.[24] വൈസ്രോയി കൗൺസിലിലെ അംഗങ്ങളും ഡയർ കുറ്റക്കാരനെന്നു കണ്ടെത്തിയെങ്കിലും രാഷ്ട്രീയപരമായ കാരണങ്ങളാൽ നടപടിയൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ ഡയർ കുറ്റക്കാരനാണെന്നു കമ്മീഷനുൾപ്പടെ കണ്ടെത്തിയിരുന്നതിനാൽ അദ്ദേഹത്തെ പിന്നീട് സൈനിക സേവനങ്ങളിൽ നിന്നും തിരിച്ചുവിളിച്ചിരുന്നു.

മൈക്കൾ ഒ.ഡ്വയറിന്റെ കൊലപാതകം[തിരുത്തുക]

പിൽക്കാലത്ത്, ജാലിയൻ വാലാബാഗ് കൂട്ടക്കൊലയിലെ പ്രധാനസൂത്രധാരൻ ആയ മൈക്കൽ ഒഡ്വയറിനെ ഉധം സിങ് വെടിവെച്ചു കൊന്നു. ഉധം സിങ് ജാലിയൻവാലാബാഗ് സംഭവത്തിന്റെ ദൃക്സാക്ഷിയായിരുന്നു. അതുകൂടാതെ ആ സംഭവത്തിൽ അദ്ദേഹത്തിന് പരുക്കേറ്റിരുന്നു. ജാലിയൻവാലാബാഗ് കൂട്ടക്കൊലക്ക് ഡയറിന് ഉത്തരവ് നൽകിയ പഞ്ചാബിന്റെ ലഫ്ടനന്റ് ഗവർണർ കൂടിയായിരുന്നു മൈക്കൽ ഒഡ്വയർ. ഉധം സിങിന്റെ നടപടി പൊതുവേ അംഗീകരിക്കപ്പെട്ടില്ലെങ്കിലും, ചില പത്രങ്ങൾ അദ്ദേഹത്തിന് അഭിനന്ദനങ്ങളുമായി എത്തി. ഇന്ത്യയിലെ ജനങ്ങൾക്കേറ്റ അപമാനങ്ങൾക്ക് അവസാനം നാം തിരിച്ചടി നൽകിയിരിക്കുന്നു എന്നാണ് സർക്കാരിന്റെ ഒരു വക്താവ് പിന്നീട് പറഞ്ഞത്.[25]

സ്മാരകം[തിരുത്തുക]

പ്രവേശനകവാടം
രക്തസാക്ഷികളുടെ കിണർ

ജാലിയൻ വാലാബാഗിൽ പിടഞ്ഞുമരിച്ച ധീരരക്തസാക്ഷികളുടെയും പരിക്കേറ്റവരുടെയും ഓർമ്മക്കായി 1963 ൽ ഇവിടെ ഒരു സ്മാരകം നിർമ്മിക്കപ്പെട്ടു. 1920 ൽ ജാലിയൻവാലാബാഗിലെ രക്തസാക്ഷികൾക്കായി ഒരു സ്മാരകം പണിയുവാനും അതിനുവേണ്ടി ഒരു ട്രസ്റ്റ് രൂപീകരിക്കുവാനും ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് തീരുമാനിച്ചു. 1923 ൽ ഈ ട്രസ്റ്റ് ജാലിയൻവാലാബാഗ് സ്വന്തമാക്കുകുയം ഒരു സ്മാരകം പണിയുകയും ചെയ്തു. അമേരിക്കൻ വാസ്തു ശിൽ‌പ്പിയായ ബഞ്ചമിൻ പോൾക്ക് രൂപകല്പന ചെയ്ത ഈ സ്മാരകം അന്നത്തെ പ്രസിഡന്റായിരുന്ന ഡോ: രാജേന്ദ്രപ്രസാദ് ഉദ്‌ഘാടനം ചെയ്തു. ജവഹർലാൽ നെഹ്രു ഉൾപ്പെടെ പല പ്രമുഖരും പങ്കെടുത്ത് സദസ്സിലാണ് ഈ സ്മാരകം ഉദ്ഘാടനം ചെയ്തത്. പട്ടാളക്കാരുടെ വെടിയേറ്റ സ്ഥലങ്ങളുള്ള ഭാഗം പ്രത്യേകം സംരക്ഷിച്ചു സൂക്ഷിച്ചിരിക്കുന്നു. വെടിവെപ്പിൽ നിന്നും രക്ഷപ്പെടാൻ ജനങ്ങൾ എടുത്തു ചാടിയ കിണർ രക്തസാക്ഷികളുടെ കിണർ എന്ന പേരു നൽകി സംരക്ഷിച്ചിട്ടുണ്ട്.

പിൽക്കാല ഖേദപ്രകടനങ്ങൾ[തിരുത്തുക]

എലിസബത്ത് രാജ്ഞിയുടെ ഇന്ത്യാ സന്ദർശനവേളയിൽ അവർ ജാലിയൻവാലാബാഗ് സ്മാരകം സന്ദർശിക്കുകയും രക്തസാക്ഷികസ്മാരകത്തിനു മുന്നിൽ നിശ്ശബ്ദമായി ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്തു. ചരിത്രത്തിൽ നടക്കാൻപാടില്ലാത്തതു പലതും സംഭവിച്ചിട്ടുണ്ട്,നമുക്ക് ചരിത്രത്തെ തിരുത്തിയെഴുതാൻ സാധിക്കില്ല. ചരിത്രത്തിൽ നിന്നും നല്ലൊരു നാളെ പടുത്തുയർത്താൻ ശ്രമിക്കാം എന്നാണ് എലിസബത്ത് രാജ്ഞി ജാലിയൻവാലാബാഗ് സന്ദർശനത്തിനു മുമ്പായി പറഞ്ഞത്.[26]

2013 ഫെബ്രുവരിയിൽ ബ്രിട്ടീഷ് പ്രധാനമന്ത്രിയായ ഡേവിഡ് കാമറൂൺ തന്റെ ഇന്ത്യാ സന്ദർശനവേളയിൽ ജാലിയൻവാലാബാഗ് സ്മാരകം സന്ദർശിക്കുകയുണ്ടായി. ബ്രിട്ടീഷ് ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും ലജ്ജാകരമായ സംഭവമായിരുന്നു ജാലിയൻവാലാബാഗ് കൂട്ടക്കൊല എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.[27] എന്നിരിക്കിലും, ഒരു ഔദ്യോഗിക ഖേദപ്രകടനത്തിന് ഡേവിഡ് കാമറൂൺ തയ്യാറായില്ലായിരുന്നു.

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "അമൃത്സർ മസ്സാക്കർ". അമൃത്സർ.കോം.
  2. നിജൽ, കൊള്ളെറ്റ് (2005). ദ ബുച്ചർ ഓഫ് അമൃത്സർ. ഹാംബിൾഡൺ കൺടിന്യും. p. 266-337. ISBN 1-85285-575-4.
  3. ബ്രയാൻ, ലാപ്പിംഗ് (1989). ദ എൻഡ് ഓഫ് എംപയർ. പല്ലാഡിൻ ഗ്രാഫ്ടൺ. p. 38. ISBN 978-0586088708.
  4. "ജാലിയൻവാലാബാഗ് മസ്സാക്കർ ഡീപ്ലി ഷെയിംഫുൾ - കാമറൂൺ". ടൈംസ് ഓഫ് ഇന്ത്യ. 20-ഫെബ്രുവരി-2013. Archived from the original on 2013-04-15. Retrieved 25-06-2013. {{cite news}}: Check date values in: |accessdate= and |date= (help)
  5. റിച്ചാർഡ് ജെയിംസ്, പോപ്പിൾവെൽ. ഇന്റലിജൻസ് ആന്റ് ഇംപീരിയൽ ഡിഫൻസ്. റൗട്ട്ലെഡ്ജ്. p. 201. ISBN 071464580X. Archived from the original on 2013-01-15. Retrieved 2013-06-25.
  6. അഭയ്, ദാദർ (10-മാർച്ച്-2012). "ലക്നൗ പാക്ട്". എക്കണോമിക് ആന്റ് പൊളിറ്റിക്കൽ വീക്കിലി. Archived from the original on 2013-08-12. Retrieved 2013-06-25. {{cite news}}: Check date values in: |date= (help)
  7. സ്റ്റീവൻ പാറ്റേഴ്സൺ, "ദ ഇംപീരിയൽ ഐഡിയ: ഐഡിയാസ് ഇൻ ഓണർ ഓഫി ബ്രിട്ടീഷ് ഇന്ത്യ," ജേണൽ ഓഫ് കൊളോണിയലിസം ആന്റ് കൊളോണിയൽ ഹിസ്റ്ററി (2007) 8:1
  8. "ജാലിയൻവാലാബാഗ് മസ്സാക്കർ". ജാലിയൻവാലാബാഗ്.സിഎ. Archived from the original on 2020-08-01. Retrieved 2013-06-26.
  9. 9.0 9.1 ബാനർജി, സിക്കാത (2012). മസ്കുലർ നാഷണലിസം: ജെൻഡർ, വയലൻസ് , ആന്റ് എംപയർ. p. 24.
  10. ടൗൺഷെൻഡ്, ബ്രിട്ടൻസ് സിവിൽ വാർ. പുറം 137
  11. കോളെറ്റ്, നിജെൽ (2006). ദ ബുച്ചർ ഓഫ് അമൃത്സർ: ജനറൽ റെജിനാൾഡ് ഡയർ. ഹാംബിൾഡൺ കണ്ടിന്യും; (പുതിയ പതിപ്പ്). p. 283.
  12. മാഞ്ചസ്റ്റർ, വില്ല്യം. ദ ലാസ്റ്റ് ലയൺ : വിൻസ്റ്റൺ എസ്.ചർച്ചിൽ (1874-1932) വിഷൻസ് ഓഫ് ഗ്ലോറി. ലിറ്റിൽ ബ്രൗൺ. p. 692.
  13. "മസ്സാക്കർ അറ്റ് ജാലിയൻവാലാബാഗ്". കേംബ്രിഡ്ജ് സർവ്വകലാശാല. 10-മാർച്ച്-2009. {{cite news}}: Check date values in: |date= (help)
  14. "ജാലിയൻവാലാബാഗ് സംഭവം". സിഖ്ഹിസ്റ്ററി.കോം. Archived from the original on 2013-05-16. Retrieved 26-06-2013. പണ്ഡിറ്റ് മദൻമോഹൻ മാളവ്യ കമ്മറ്റിയുടെ കണ്ടെത്തൽ {{cite news}}: Check date values in: |accessdate= (help)
  15. നിജൽ കോളെറ്റ്, ദ ബുച്ചർ ഓഫ് അമൃത്സർ: ജനറൽ റെജിനാൾഡ് ഡയർ (2006) പുറം. 267
  16. ഡെറിക്ക് സയർ, "ബ്രിട്ടീഷ് റിയാക്ഷൻ ടു ദ അമൃത്സർ മസ്സാക്കർ 1919-1920," പാസ്റ്റ് & പ്രസന്റ് മെയ് 1991, ലക്കം 131, പുറം.142
  17. മാഞ്ചസ്റ്റർ, വില്ല്യം (1988). ദ ലാസ്റ്റ ലയൺ: വിൻസ്റ്റൺ സ്പെൻസർ ചർച്ചിൽ, വിഷൻസ് ഓഫ് ഗ്ലോറി (1874-1932). ലിറ്റിൽ ബ്രൗൺ. p. 694.
  18. രബീന്ദ്രനാഥ് ടാഗോർ; ശിശിർ കുമാർ ദാസ് (ജനുവരി-1996). എ മിസെല്ലനി. സാഹിത്യ അക്കാദമി. pp. 982–. ISBN 978-81-260-0094-4. Retrieved 17-ഫെബ്രുവരി-2012. {{cite book}}: Check date values in: |accessdate= and |date= (help)
  19. "ടാഗോർ റിനൗൺസ്ഡ് ഹിസ് നൈറ്റ്ഹുഡ്". ടൈംസ് ഓഫ് ഇന്ത്യ. മുംബൈ: ബെന്നറ്റ്, കോൾമാൻ & കമ്പനി. 13-ഏപ്രിൽ- 2011. Archived from the original on 2013-05-12. Retrieved 17-ഫെബ്രുവരി-2012. {{cite news}}: Check date values in: |accessdate= and |date= (help)
  20. കൊളെറ്റ്, നിജൽ (2006). ദ ബുച്ചർ ഓഫ് അമൃത്സർ: ജനറൽ റെജിനാൾഡ് ഡയർ. അമൃത്സർ (ഇന്ത്യ): കൺടിന്യും. pp. 333–334. ISBN 1-85285-575-4.
  21. കൊളെറ്റ്, നിജെൽ (2006). ദ ബുച്ചർ ഓഫ് അമൃത്സർ: ജനറൽ റെജിനാൾഡ് ഡയർ. കൺടിന്യൂം പബ്ലിഷിംഗ് ഗ്രൂപ്പ്. pp. 336–337. ISBN 1-85285-575-4.
  22. കൊളെറ്റ്, ദ ബുച്ചർ ഓഫ് അമൃത്സർ പുറം. 337
  23. ശ്രീറാം, ബക്ഷി. ജാലിയൻവാലാബാഗ് ട്രാജഡി. അൽഡൺ ബുക്സ്. ISBN 8171697496.
  24. "ഹൗസ് ഓഫ് കോമ്മൺസിലെ വിൻസ്റ്റൺ ചർച്ചിലിന്റെ പ്രസംഗം". ഹാൻസാഡ് ഹൗസ് ഓഫ് കോമ്മൺസ് (യുണൈറ്റഡ് കിങ്ഡം). 08-ജൂലൈ-1920. Archived from the original on 2013-07-15. Retrieved 2013-06-26. {{cite news}}: Check date values in: |date= (help)
  25. ഭാരത സർക്കാർ, ആഭ്യന്തര മന്ത്രാലയം, പൊളിറ്റിക്കൽ ഫയൽ 18/3/1940, നാഷണൽ ആർക്കൈവ് ഓഫ് ഇന്ത്യ, ഡൽഹി, പുറം 40
  26. "ഇൻ ഇന്ത്യ ക്വീൻ ബോവ്സ് ഹെർ ഹെഡ് ഓവർ എ മസ്സാക്കർ ഇൻ 1919". ന്യൂയോർക്ക് ടൈംസ്. 15-ഒക്ടോബർ-1997. {{cite news}}: Check date values in: |date= (help)
  27. "ഡേവിഡ് കാമറൂൺ മാർക്സ് ബ്രിട്ടീഷ് 1919 അമൃത്സർ മസ്സാക്കർ". ബി.ബി.സി. 20-ഫെബ്രുവരി-2013. {{cite news}}: Check date values in: |date= (help)

സ്രോതസ്സുകൾ[തിരുത്തുക]

  • മാതൃഭൂമി ഇയർബുക്ക് 2008