ഇന്ത്യൻ നാവിക സമരം
ഇന്ത്യൻ നാവിക സമരം | ||||
---|---|---|---|---|
ഇന്ത്യയുടെ സ്വാതന്ത്ര്യസമരം-യുടെ ഭാഗം | ||||
![]() ഇന്ത്യൻ നാവിക സമര സ്മാരകം | ||||
തിയതി | 18–23 ഫെബ്രുവരി 1946 | |||
സ്ഥലം | ||||
മാർഗ്ഗങ്ങൾ | പൊതുസമരം | |||
Parties to the civil conflict | ||||
Lead figures | ||||
| ||||
Number | ||||
| ||||
Casualties | ||||
|
ബ്രിട്ടീഷ് ഇന്ത്യൻ നാവികസേനയിലെ സൈനികർ 65 വർഷം മുൻപ് നടത്തിയ സമരമാണ് നാവിക കലാപം എന്നും അറിയപ്പെടുന്ന ഇന്ത്യൻ നാവിക സമരം. സമരം തുടങ്ങിയത് ബോംബെയിലാണെങ്കിലും, അത് ബ്രിട്ടീഷ്ഇന്ത്യയൊട്ടാകെ വ്യാപിച്ചു. കറാച്ചിയിലും, കൽക്കട്ടയിലുമെല്ലാം നാവികർ സമരത്തിൽ പങ്കുചേർന്നു. 20000 ഓളം നാവികരും, 78 കപ്പലുകളും, ഒട്ടനവധി അനുബന്ധ സ്ഥാപനങ്ങളും സമരത്തിൽ ചേർന്നു.
ഈ സമരം ബ്രിട്ടൻ സൈനികശക്തി ഉപയോഗിച്ച് അടിച്ചമർത്തി. കലാപത്തിന്റെ ഭാഗമായി എഴുപേർ കൊല്ലപ്പെടുകയും, മുപ്പതിലധികം ആളുകൾക്ക് മുറിവേൽക്കുകയും ചെയ്തു. കമ്മ്യൂണിസ്റ്റ് പാർട്ടി മാത്രമാണ് സമരത്തെ പിന്തുണച്ചത്, കോൺഗ്രസ്സ്, മുസ്ലിം ലീഗ് മുതലായവർ സമരത്തെ അവഗണിക്കുകയായിരുന്നു. ബ്രിട്ടീഷ് രാജിനും, സാമ്രാജ്യത്വത്തിനും എതിരായ ഒരു കലാപമായിട്ടാണ് ഈ സമരത്തെ ചരിത്രകാരന്മാർ നോക്കിക്കാണുന്നത്.[1]
പശ്ചാത്തലം[തിരുത്തുക]
റോയൽ ഇന്ത്യൻ നേവിയിലെ ഉദ്യോഗസ്ഥരെ തങ്ങളുടെ സമ്മതം പോലും ചോദിക്കാതെ, വിദേശ രാജ്യങ്ങളിൽ ഉദ്യോഗത്തിനായി അയച്ചിരുന്നു. കൂടാതെ, സ്വന്തം നാട്ടിൽ നിന്നും ദൂരെ സ്ഥലത്ത് സേവനമനുഷ്ഠിച്ചിരുന്ന ഉദ്യോഗസ്ഥരെ കുടുംബത്തോടൊപ്പം ജീവിക്കാനുള്ള അവരുടെ ആഗ്രഹങ്ങളെ തെല്ലും കണക്കിലെടുക്കാതെ, അവരെ നാട്ടിലേക്കു വരാൻ പോലും അനുവദിച്ചിരുന്നില്ല. വർദ്ധിച്ചു വരുന്ന ജീവിത ചെലവുകൾക്കനുസരിച്ചുള്ള വേതന വർദ്ധനവ് നാവികർക്ക് നൽകിയിരുന്നില്ല. കൂടാതെ, നാവികർക്കു നൽകിയിരുന്നത് തീരെ താഴ്ന്ന നിലവാരത്തിലുള്ളതും, മോശം ഭക്ഷണവുമായിരുന്നു.[2]
തുടക്കം[തിരുത്തുക]
1946 ഫെബ്രുവരി 18-ന് ബോംബെയിൽ നങ്കൂരമിട്ടിരുന്ന എച്ച്.എം.ഐ.എസ് തൽവാർ എന്ന പടക്കപ്പലിലെ സൈനികരാണ് അഭിമാനത്തിനും,സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള ഈ സമരം ആരംഭിച്ചത്. ഒന്നാം ദിവസം ജോലിക്കാർ ജോലിക്കു ഹാജരാവാൻ വിസമ്മതിക്കുകയും, നിരാഹാര സമരം പ്രഖ്യാപിക്കുകയും ചെയ്തു.[3][4] 1946 ഫെബ്രുവരി 19 ന് നേവൽ സെൻട്രൽ സ്ട്രൈക്ക് കമ്മിറ്റി രൂപം കൊണ്ടു. പ്രസിഡന്റായി, എം.എസ്.ഖാനും, സെക്രട്ടറിയായി മദൻസിങും ഐക്യകണ്ഠേന തിരഞ്ഞെടുക്കപ്പെട്ടു.[5]
ഇന്ത്യക്കാരായ സൈനികർക്കും വെള്ളക്കാർക്കു തുല്യമായ വേതനം നൽകുക, തരംതാണ ആഹാരം വിതരണം ചെയ്യുന്നതു നിർത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു ആരംഭിച്ച പ്രതിഷേധം ദ്രുതഗതിയിൽ ആളിപ്പടർന്നു. സമരത്തിന് വർദ്ധിച്ച ജനപിന്തുണ ലഭിച്ചു. ഇന്ത്യോനേഷ്യയിലേക്കയച്ച ഇന്ത്യൻ പട്ടാളക്കാരെ തിരികെ വിളിക്കുക, തടവിലാക്കപ്പെട്ട ഐ.എൻ.എക്കാരെ മോചിപ്പിക്കുക എന്നീ മുദ്രാവാക്യങ്ങളുമായി സമരം മറ്റു കപ്പലുകളിലേക്കും പടർന്നു. യൂണിയൻ ജാക്ക് പതാകകൾ കപ്പലുകളിലെ കൊടിമരിങ്ങളിൽ നിന്നും താഴെയിറക്കി. ത്രിവർണപതാക, ചന്ദ്രക്കല ചിഹ്നമാക്കിയ പച്ച പതാക, അരിവാൾ ചുറ്റിക ആലേഖനം ചെയ്ത ചുവപ്പുകൊടി എന്നിവ ഒരുമിച്ച് കൊടിമരങ്ങളിലുയർത്തി. ബോംബെ നഗരത്തിൽ ഒരു ദിവസത്തെ ബന്ദാചരിക്കപ്പെട്ടു. നാവികർ സ്വയം ഇന്ത്യൻ നാഷണൽ നേവി എന്ന നാമധേയം ചെയ്തു. കൂടാതെ, ബ്രിട്ടീഷ് മേലുദ്യോസ്ഥരെ ഇടം കൈ കൊണ്ട് സല്യൂട്ട് ചെയ്തു. ബ്രിട്ടീഷ് ഇന്ത്യൻ ആർമിയിലെ ഉദ്യോഗസ്ഥരുടെ ഉത്തരവുകൾ പട്ടാളക്കാർ അനുസരിക്കാൻ വിസമ്മതിച്ചു. സമരം കറാച്ചി മുതൽ കൽക്കട്ട വരെ പടർന്നു. കൊച്ചിയും, വിശാഖപട്ടണവും സമരത്തിൽ പങ്കുചേർന്നു.[6] ഭാരതത്തിന്റെ നാനാഭാഗങ്ങളിലുള്ള നഗരങ്ങളിലേക്കും പ്രക്ഷോഭം പടർന്നു. ബോംബെയിലെ മറൈൻ ഡ്രൈവ്, അന്ധേരി എന്നിവിടങ്ങളിലെ വ്യോമസേനാ ക്യാമ്പുകളിലെ സൈനികരും സമരത്തിൽ ചേർന്നു. ജനങ്ങൾ സമരത്തിന് പൂർണപിന്തുണ നൽകി.[7]
കക്ഷിഭേദമില്ലാത്ത സമരം[തിരുത്തുക]
രാഷ്ട്രീയകക്ഷിയും, മതവും നോക്കാതെ ഒന്നിച്ച സമരം ഇന്ത്യൻ ജനതയ്ക്ക് പുതിയൊരനുഭവമായിരുന്നു. പക്ഷേ, ദേശീയ നേതാക്കളുടെ പിന്തുണ ലഭിക്കാഞ്ഞത് പ്രക്ഷോഭത്തെ പ്രതികൂലമായി ബാധിച്ചു. ഗാന്ധിജി സമരത്തെ അതിനിശിതമായി വിമർശിച്ചു. കോൺഗ്രസും മുസ്ലീം ലീഗും സമരത്തിൽ നിന്നു പിൻവാങ്ങാൻ സൈനികരോടാവശ്യപ്പെട്ടു. അതേസമയം കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ നാവികർക്ക് പൂർണപിന്തുണ നൽകുകയും തങ്ങളുടെ അംഗങ്ങളെ സഹായവുമായി ഒരുക്കി രംഗത്തിറക്കുകയും ചെയ്തു. കോൺഗ്രസിലെ അരുണ ആസിഫ് അലി, ഇതര നേതാക്കളുടെ സമീപനത്തിൽ നിന്നും വ്യത്യസ്തമായി പ്രക്ഷോഭകാരികളോടൊപ്പം നിന്നു.
പിന്തുണ[തിരുത്തുക]
സമരനേതാവായിരുന്ന എം.എസ്. ഖാനും സർദാർ വല്ലഭായി പട്ടേലും തമ്മിൽ ചർച്ച നടന്നു. ആവശ്യങ്ങൾ പരിഗണിക്കാൻ സർക്കാരിൽ സമ്മർദ്ദം ചെലുത്താമെന്ന കോൺഗ്രസിന്റെ ഉറപ്പിനെത്തുടർന്ന് സൈനികർ സമരം പിൻവലിച്ചു. പക്ഷേ പിന്നീട് വ്യാപകമായി അറസ്റ്റുകൾ നടന്നു. പ്രക്ഷോഭത്തിൽ പങ്കാളികളായ സൈനികരെയെല്ലാം കോർട്ട്മാർഷലിനു വിധേയരാക്കി. അനേകം പേർ പിരിച്ചുവിടപ്പട്ടു. പിരിച്ചുവിടപ്പെട്ട ഒരൊറ്റ സൈനികനെപ്പോലും സ്വാതന്ത്യപ്രാപ്തിക്കുശേഷം ഭാരതത്തിന്റെയോ പാകിസ്താന്റെയോ സേനകളിലേക്ക് തിരിച്ചെടുത്തില്ല.[8] 1973 ൽ മാത്രമാണ് സമരത്തിൽ പങ്കെടുത്തവർ സ്വാതന്ത്ര്യ സമര സേനാനികളായി അംഗീകരിക്കപ്പെട്ടത്.
സ്രോതസ്സുകൾ[തിരുത്തുക]
- ക്രിസ്റ്റഫർ, ബെൽ. നേവൽ മ്യൂട്ടിണീസ് ഓഫ് ട്വന്റിയത്ത് സെഞ്ച്വറി ആന്റ് ബിയോണ്ട്. ഫ്രാങ്ക് കാസ് പബ്ലിഷേഴ്സ്. ISBN 0-7146-8468-6. Unknown parameter
|coauthors=
ignored (|author=
suggested) (help) - ബാർബറ, മെറ്റ്കാഫ്. എ കൺസൈസ് ഹിസ്റ്ററി ഓഫ് മോഡേൺ ഇന്ത്യ. കേംബ്രിഡ്ജ് സർവ്വകലാശാല പ്രസ്സ്. ISBN 0-521-86362-7. Unknown parameter
|coauthors=
ignored (|author=
suggested) (help) - പെഴ്സി, ജോർജി (1996). ദ ഇന്ത്യൻ നേവൽ റിവോൾട്ട് ഓഫ് 1946. സംഗം ബുക്സ്. ISBN 978-8125011361.
അവലംബങ്ങൾ[തിരുത്തുക]
- ↑ റൊനാൾഡ് സ്പെക്ടർ, "ദ റോയൽ ഇന്ത്യൻ നേവി സ്ട്രൈക്ക് ഓഫ് 1946", ആംഡ് ഫോഴ്സസ് ആന്റ് സൊസൈറ്റി (വിന്റർ 1981) പുറങ്ങൾ 271–284
- ↑ ദ ഇന്ത്യൻ നേവൽ റിവോൾട്ട് ഓഫ് 1946 - ജോർജി പുറം 7
- ↑ ദ ഇന്ത്യൻ നേവൽ റിവോൾട്ട് ഓഫ് 1946 - ജോർജി പുറം 5
- ↑ "ദ 1946 റിബല്ല്യൻ ഓഫ് ദ സെയിലേഴ്സ് ഓഫ് ദ ബ്രിട്ടീഷ് ഇന്ത്യൻ നേവി". മാർക്സിസ്റ്റ്.കോം. 2003-09-15. ശേഖരിച്ചത് 2014-09-14.
- ↑ എൻസൈക്ലോപീഡിയ ഓഫ് പൊളിറ്റിക്കൽ പാർട്ടീസ്. അൻമോൾ പബ്ലിക്കേഷൻ. 1998. പുറങ്ങൾ. 10–11. ISBN 978-8174888655.
|first=
missing|last=
(help) - ↑ ധനഞ്ജയ, ഭട്ട് (2006-02-12). "ആർ.ഐ.എൻ.മ്യൂട്ടിണി, ഗേവ് എ ജോൾട്ട് ടു ദ ബ്രിട്ടീഷ്". ട്രൈബ്യൂൺ ഇന്ത്യ. ശേഖരിച്ചത് 2014-09-15.
- ↑ ഏബൽ, എം. ഗ്ലിംപ്സസ് ഓഫ് ഇന്ത്യൻ മൂവ്മെന്റ്. ഇക്ഫായ് സർവ്വകലാശാല പ്രസ്സ്. പുറം. 257. ISBN 978-8178814209.
- ↑ "റോയൽ ഇന്ത്യൻ നേവി മ്യൂട്ടിണി". സൗത്ത് ഏഷ്യ സിറ്റിസൺസ് വെബ്. ശേഖരിച്ചത് 2014-09-15.
പുറംകണ്ണികൾ[തിരുത്തുക]
- ദ ലെസ്സർ നോൺ മ്യൂട്ടിണി ട്രൈബ്യൂൺ.
- ഹീറോസ് ഹോണർ ഫോർ റോയൽ മ്യൂട്ടീണർ ട്രൈബ്യൂൺഇന്ത്യ
- ടോട്ടൽ റീകോൾ വിറ്റ്നസ്സ് ടു ഹിസ്റ്ററി ട്രൈബ്യൂൺഇന്ത്യ
- റോയൽ ഇന്ത്യൻ മുവീ മ്യൂട്ടിനി ട്രൈബ്യൂൺഇന്ത്യ
![]() |
Bombay Mutiny എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. |