ഗോപാല കൃഷ്ണ ഗോഖലേ
മേയ് 9, 1866–ഫെബ്രുവരി 19 1915 | |
![]() | |
ജനനം: | മെയ് 9, 1866 |
ജനന സ്ഥലം: | കൊത്‌ലൂക്ക്, രത്നഗിരി ജില്ല, മഹാരാഷ്ട്ര, ഇന്ത്യ |
മരണം: | ഫെബ്രുവരി 19 1915 |
മരണ സ്ഥലം: | ബോംബെ, ഇന്ത്യ |
മുന്നണി: | ഇന്ത്യൻ സ്വാതന്ത്ര്യ പ്രസ്ഥാനം |
സംഘടന: | ഇന്ത്യൻ നാഷണൽ കോൺഗ്രസ്,ഡെക്കാൻ എജുക്കേഷണൽ സൊസൈറ്റി |
ഇന്ത്യൻ സ്വാതന്ത്ര്യസമര നേതാവും മഹാത്മാഗാന്ധിയുടെ രാഷ്ട്രീയഗുരുവുമായ ഗോപാലകൃഷ്ണ ഗോഖലെ (गोपाल कृष्ण गोखले) (മേയ് 9, 1866–ഫെബ്രുവരി 19, 1915) . പഴയ ബോംബേ സംസ്ഥാനത്തിൽ രത്നഗിരി ജില്ലയിലുള്ള കോട്ലകിൽ 1866 മേയ് 9-ന് ജനിച്ചു.[1] വളരെ ക്ലേശിച്ചു വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം സ്കൂൾ അദ്ധ്യാപകനായും കോളേജ് പ്രൊഫസറായും ജോലി നോക്കി. സർവന്റ്സ് ഓഫ് ഇൻഡ്യാ സൊസൈറ്റി എന്ന സംഘടന അദ്ദേഹം സ്ഥാപിയ്ക്കുകയുണ്ടായി. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടുന്നതിനോടൊപ്പം സാമൂഹികിഷ്കരണത്തിനും ഗോഖലെ ഊന്നൽ നൽകി. ലക്ഷ്യം നേടാനുള്ള പ്രയാണത്തിൽ അഹിംസ എന്ന തത്ത്വത്തേയാണ് അദ്ദേഹം മുറുകെ പിടിച്ചിരുന്നത്.
ജനനം വിദ്യാഭ്യാസം[തിരുത്തുക]
1866 മെയ് 9ന് പഴയ ബോംബെ പ്രസിഡൻസി സംസ്ഥാനത്തിൽ ഒരു ചിത്പവൻ ബ്രാഹ്മീണകുടുംബത്തിലാണ് ഗോഖലെ ജനിച്ചത്. വളരെ ദരിദ്രമായ കുടുംബമായിരുന്നു അദ്ദേഹത്തിന്റേത്, എന്നിരിക്കിലും നല്ല ഒരു ജോലി ലഭിക്കുന്നതിനുവേണ്ടി മെച്ചപ്പെട്ട വിദ്യാഭ്യാസം ഗോഖലേക്കു നൽകുവാൻ അദ്ദേഹത്തിന്റെ മാതാപിതാക്കൾ ശ്രദ്ധിച്ചു. 1884 ൽ പ്രശസ്തമായ എൽഫിൻസ്റ്റൺ കോളേജിൽ നിന്നും ഗോഖലെ ബിരുദം സമ്പാദിച്ചു. അക്കാലഘട്ടത്തിൽ ബിരുദം കരസ്ഥമാക്കിയ അപൂർവ്വം ചില വ്യക്തികളിൽ ഒരാളായിരുന്നു ഗോഖലെ. ഇംഗ്ലീഷ് ഭാഷാ പഠനത്തിന്റെ ഭാഗമായി പാശ്ചാത്യ ചിന്തകരായ ജോൺ സ്റ്റുവാർട്ട് മിൽ, എഡ്മണ്ട് ബുർക്കെ തുടങ്ങിയവരുടെ ആശയങ്ങളിൽ ആകൃഷ്ടരായി.[2] ബ്രിട്ടന്റെ കോളനി വാഴ്ചക്കെതിരേ ഗോഖലെ വിമർശനങ്ങളുമായി രംഗത്തെത്തി. ഇന്ത്യൻ സ്വാതന്ത്ര്യ സമരപ്രസ്ഥാനത്തിന്റെ ആദ്യകാല നേതാക്കളിൽ ഒരാളായിരുന്നു ഗോഖലെ.
ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്[തിരുത്തുക]
1889 ൽ ഗോഖലെ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൽ അംഗമായി. അക്കാലത്ത് കോൺഗ്രസ്സിൽ ലാലാ ലജ്പത് റായ്, ബിപിൻ ചന്ദ്രപാൽ, ദാദാഭായ് നവറോജി, ആനി ബസന്റ്, ബാല ഗംഗാധര തിലകൻ തുടങ്ങിയ പ്രതിഭകളാണുണ്ടായിരുന്നത്. ദശകങ്ങളോളം അദ്ദേഹം ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടി. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന് ഒരു ശക്തമായ നേതൃത്വത്തെ തേടി ഒരിക്കൽ ഐർലണ്ട് സന്ദർശിച്ചു.[3] അടുത്ത വർഷം ഗോഖലെ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ജോയിന്റ് സെക്രട്ടറി പദവിയിലേറി. ഇതേ സമയം തന്നെ ബാലഗംഗാധരതിലകനും കോൺഗ്രസ്സിന്റെ ജോയിന്റ് സെക്രട്ടറിയായി. ഇരുവരും തമ്മിൽ പലകാര്യങ്ങളിലും സാമ്യങ്ങളുണ്ടായിരുന്നു. രണ്ടുപേരും ജനിച്ചത് ചിത്പവൻ ബ്രാഹ്മീണ കുടുംബത്തിലായിരുന്നു, പഠിച്ചത് എൽഫിൻസ്റ്റൺ കോളേജിലും. ഗണിതശാസ്ത്ര അദ്ധ്യാപകരായി ഇരുവരും ജോലി നോക്കിയിരുന്നു, കൂടാതെ ഡെക്കാൻ എഡ്യൂക്കേഷൻ സൊസൈറ്റിയിലെ പ്രധാന അംഗങ്ങളുമായിരുന്നു ഇരുവരും. ഇരുവരുടേയും വീക്ഷണകോണുകൾ എന്നാൽ വ്യത്യസ്തങ്ങളായിരുന്നു.[4]
സെർവന്റ്സ് ഓഫ് ഇന്ത്യാ സൊസൈറ്റി
സെർവന്റ്സ് ഓഫ് ഇന്ത്യാ സൊസൈറ്റി1905 ൽ ഗോഖലെ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. കോൺഗ്രസ്സിന്റെ പരമോന്നതപദവിയിലെത്തിയ അദ്ദേഹം സെർവന്റ്സ് ഓഫ് ഇന്ത്യാ സൊസൈറ്റി എന്ന സംഘടനയ്ക്കു രൂപംകൊടുത്തു. ഭാരതത്തിലെ വിദ്യാഭ്യാസരീതിയുടെ പരിഷ്കരണം ആയിരുന്നു ഈ സംഘടനയുടെ ഉദ്ദേശം. വിദ്യാഭ്യാസപരമായി ഉയർന്ന നിലവാരം പുലർത്തുന്ന ഒരു യുവതലമുറക്കു മാത്രമേ ഭാരതത്തെ അടിമത്തത്തിൽ നിന്നും മോചിപ്പിക്കാൻ കഴിയൂ എന്ന് ഗോഖലെ ഉറച്ചു വിശ്വസിച്ചിരുന്നു. നിലവിലുള്ള വിദ്യാഭ്യാസസംസ്കാരം ഈ ലക്ഷ്യം നേടാൻ അപര്യാപ്തമാണെന്നും എന്നാൽ സെർവന്റ്സ് ഓഫ് ഇന്ത്യാ സൊസൈറ്റിക്ക് ആ കുറവ് നികത്താൻ കഴിയുമെന്നും ഗോഖലേക്ക് വിശ്വാസമുണ്ടായിരുന്നു.
ബ്രിട്ടീഷ് സർക്കാരിലെ പങ്കാളിത്തം[തിരുത്തുക]
ഒരു സാമൂഹിക പരിഷകർത്താവായാണ് ഗോഖലെ ആദ്യം അറിയപ്പെട്ടിരുന്നത്. ഇത്തരം സാമൂഹിക മാറ്റങ്ങൾ ത്വരിതഗതിയിൽ സംഭവിക്കണമെങ്കിൽ ബ്രിട്ടീഷ് സർക്കാരിന്റെ ഉള്ളിൽ നിന്നേ സാധിക്കൂകയുള്ളു എന്ന് ഗോഖലേക്കറിയാമായിരുന്നു. അതുകൊണ്ടു തന്നെ അദ്ദേഹം ബ്രിട്ടീഷ് ഭരണത്തിൽ ഭാഗഭാക്കാൻ ആകാൻ ആഗ്രഹിച്ചു. 1899 ൽ ബോംബെ ലെജിസ്ലേറ്റീവ് കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 22 മെയ് 1903 ൽ ബോംബെ പ്രവിശ്യയെ പ്രതിനിധീകരിച്ച് കൗൺസിൽ ഓഫ് ഇന്ത്യയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു.[5] ഇംപീരിയൽ ലെജിസ്ലേറ്റീവ് കൗൺസിലിലേക്കും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്, ഈ കാലയളവിൽ സാമ്പത്തിക കാര്യങ്ങളിലുള്ള അറിവ് അദ്ദേഹത്തിന് ധാരാളം പെരുമ നേടിക്കൊടുത്തു. ഗോഖലേയുടെ അറിവും, പെരുമാറ്റവും എല്ലാം ഇദ്ദേഹത്തിന് കമ്പാനിയൻ ഓഫ് ഓർഡർ ഓഫ് ദ ഇന്ത്യൻ എംപയർ എന്ന സ്ഥാനത്തിനർഹനാക്കി.[6]
ഗാന്ധിയുടേയും, ജിന്നയുടേയും മാർഗ്ഗദർശി[തിരുത്തുക]
മഹാത്മാഗാന്ധിയുടെ രാഷ്ട്രീയഗുരുവായി ഗോഖലെ അറിയപ്പെടുന്നു. 1912 ൽ ഗാന്ധിയുടെ ക്ഷണപ്രകാരം ഗോഖലെ ദക്ഷിണാഫ്രിക്ക സന്ദർശിച്ചിരുന്നു. ദക്ഷിണാഫ്രിക്കയിൽ നിന്നും തിരിച്ചെത്തിയ ഗാന്ധിക്ക് രാഷ്ട്രീയത്തിലേക്കുള്ള വഴികാട്ടിയായത് ഗോഖലെ ആണെന്ന ഗാന്ധി തന്റെ ആത്മകഥയിൽ രേഖപ്പെടുത്തിയിരിക്കുന്നു. ഗാന്ധി തന്റെ ഗുരുവിനെ കണ്ടെത്തിയത് ഗോഖലെയിൽ ആയിരുന്നു. ഗോഖലേയുടെ നല്ല ഗുണങ്ങൾ ഗാന്ധിജിയെ അദ്ദേഹത്തിന്റെ ആരാധകനാക്കി.[7] പാശ്ചാത്യരുടെ സംസ്കാരത്തോടുള്ള ഗോഖലെയുടെ അടുപ്പം ഗാന്ധിജിക്ക് താൽപര്യമില്ലായിരുന്നു, അതുകൊണ്ടാവണം ഗോഖലെയുടെ സെർവന്റ്സ് ഓഫ് ഇന്ത്യാ സൊസൈറ്റിയിൽ ഗാന്ധി അംഗമായിരുന്നില്ല.[8] പാകിസ്താന്റെ പിതാവ് എന്നറിയപ്പെടുന്ന മുഹമ്മദാലി ജിന്നയുടേയും മാർഗ്ഗദർശിയായി ഗോഖലെ കണക്കാക്കപ്പെടുന്നു. ജിന്നയെ മുസ്ലിം ഗോഖലെ എന്നുവരെ വിളിച്ചിരുന്നു. ഗോഖലെയുടെ ചിന്തകൾ തന്നെ സ്വാധീനിച്ചിരുന്നുവെന്ന് ആഗാഖാനും തന്റെ ആത്മകഥയിൽ രേഖപ്പെടുത്തിയിരിക്കുന്നു.
മരണം[തിരുത്തുക]
ജീവിതത്തിന്റെ അവസാന നാളുകളിൽ ഗോഖലെ രാഷ്ട്രീയത്തിൽ സജീവമായിരുന്നു. ഇതുമായി ബന്ധപ്പെട്ട് അദ്ദേഹം ധാരാളം യാത്രകൾ നടത്തിയിരുന്നു. 1912 ൽ അദ്ദേഹം ദക്ഷിണാഫ്രിക്ക് സന്ദർശിച്ചു. സെർവന്റ്സ് ഓഫ് ഇന്ത്യാ സൊസൈറ്റിയുടെ പ്രവർത്തനങ്ങളിൽനിന്നും അദ്ദേഹത്തിനു ഒഴിഞ്ഞുമാറാൻ കഴിയുമായിരുന്നില്ല. 19 ഫെബ്രുവരി 1915 ന് തന്റെ 49 ആമത്തെ വയസ്സിൽ ഗോഖലെ അന്തരിച്ചു.
അവലംബം[തിരുത്തുക]
- ↑ "ഗോപാലകൃഷ്ണ ഗോഖലെ". എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക.
- ↑ സ്റ്റാൻലി വോൾപെർട്ട്, തിലക് ആന്റ് ഗോഖലെ: റെവല്യൂഷൺ ആന്റ് റീഫോം ഇൻ ദ മേക്കിംഗ് ഓഫ് മോഡേൺ ഇന്ത്യ, ബെർക്ക്ലി സർവ്വകലാശാല, കാലിഫോർണിയ (1962), പുറം 22.
- ↑ "ബിയോണ്ട് വയലൻസ്". ഇന്ത്യാ സെമിനാർ.
- ↑ ജിം മസ്സെലോസ്, ഇന്ത്യൻ നാഷണലിസം: ആൻ ഹിസ്റ്ററി, ബംഗ്ലൂരു, സ്റ്റെർലിംഗ് പബ്ലിഷേഴ്സ് (1991), പുറം 95.
- ↑ ഇന്ത്യാ ലിസ്റ്റ് ആന്റ് ഇന്ത്യാ ലിസ്റ്റ് ഓഫ് ഓഫിസ് 1905. ഹാരിസൺ ആന്റ് സൺസ്, ലണ്ടൻ. 1905. ശേഖരിച്ചത് 11 ഫെബ്രുവരി 2010.
- ↑ വിപുൽ, സിങ്. ലോംഗ്മാൻ ഹിസ്റ്ററി & സിവിക്സ്. ഐ.സി.എസ്.ഇ. p. 37.
- ↑ ലീഡ്ബീറ്റർ, ടിം (2008). ബ്രിട്ടൻ ആന്റ് ഇന്ത്യ 1845-1947. ലണ്ടൻ: ഹോഡ്ഡർ എഡ്യൂക്കേഷൻ. പുറം38.
- ↑ ജിം മസെലോസ്, ഇന്ത്യൻ നാഷണലിസം, എ ഹിസ്റ്റി, ബംങ്കളൂരു, സ്റ്റെർലിങ് പബ്ലിഷേഴ്സ് (1991), പുറം157.
![]() |
വിക്കിമീഡിയ കോമൺസിലെ Gopal Krishna Gokhale എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |
ബാഹ്യ ലിങ്കുകൾ[തിരുത്തുക]
. Encyclopædia Britannica (12th ed.). 1922. Cite has empty unknown parameters:
|HIDE_PARAMETER4=
,|HIDE_PARAMETER2=
,|HIDE_PARAMETER8=
,|HIDE_PARAMETER5=
,|HIDE_PARAMETER7=
,|HIDE_PARAMETER10=
,|HIDE_PARAMETER6=
,|HIDE_PARAMETER9=
,|HIDE_PARAMETER11=
,|HIDE_PARAMETER1=
, and|HIDE_PARAMETER3=
(help)
- ഇന്ത്യൻ സ്വാതന്ത്ര്യസമരസേനാനികൾ
- CS1 errors: empty unknown parameters
- Wikipedia articles incorporating a citation from the 1922 Encyclopaedia Britannica with Wikisource reference
- 1866-ൽ ജനിച്ചവർ
- 1915-ൽ മരിച്ചവർ
- മേയ് 9-ന് ജനിച്ചവർ
- ഫെബ്രുവരി 19-ന് മരിച്ചവർ
- മഹാരാഷ്ട്രയിൽ നിന്നുള്ള ഇന്ത്യൻ സ്വാതന്ത്ര്യസമരസേനാനികൾ
- ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റുമാർ