അൺ‌ടു ദിസ് ലാസ്റ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

സാമൂഹ്യ ചിന്തകനും കലാനിരൂപകനും ആയിരുന്ന ജോൺ റസ്കിൻ (1819-1900) എന്ന ബ്രിട്ടിഷ് ഗ്രന്ഥകാരൻ, സമ്പത്തിന്റെ സ്വഭാവത്തെ അധികരിച്ചെഴുതിയ പ്രബന്ധസമാഹാരമാണ് അൺ‌ടു ദിസ് ലാസ്റ്റ്.

 • ദ് റൂട്സ് ഒഫ് ഓണർ (The Roots of Honour),
 • ദ് വെയ്ൻസ് ഒഫ് വെൽത്ത് (The Veins of Wealth),
 • ക്വിജൂഡികേറ്റ്സ് ടെറാം (Quijudicates Terram),
 • അഡ്വാലൊറെം (Advalorem)

എന്നീ ശീർഷകങ്ങളിൽ നാലു പ്രബന്ധങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു. സാമൂഹ്യ പരിഷ്കർത്താവും സ്ഥിതിസമത്വവാദിയും ആയിരുന്ന റോബർട്ട് ഓവന്റെ (1771-1858) സിദ്ധാന്തങ്ങളെ അവലംബമാക്കിക്കൊണ്ട് റസ്കിൻ പുറപ്പെടുവിച്ച അഭിപ്രായങ്ങൾ ജെറമിബെന്താം (1748-1832) നേതൃത്വം നല്കിയ ലെസേഫെർ (ഘമLaissez - Faire) സിദ്ധാന്തത്തിന് (സ്വകാര്യവ്യവസായ സംരംഭങ്ങളിൽ ഗവൺമെന്റിന് ഇടപെടേണ്ട കാര്യമില്ലെന്നുള്ള വാദം) ഘടകവിരുദ്ധമായിരുന്നു. റസ്കിന്റെ ഉപന്യാസങ്ങൾ, വില്യം-മേക്പീസ് താക്കറേയുടെ (1811-63) പത്രാധിപത്യത്തിൽ പുറപ്പെട്ടിരുന്ന കോൺഹിൽ (Corn -Hill) മാസികയിലാണ് ഖണ്ഡശഃ പ്രസിദ്ധീകരിച്ചു വന്നത്. വായനക്കാരുടെ ഇടയിൽനിന്നുയർന്ന കഠിനമായ എതിർപ്പു നിമിത്തം അവയുടെ പ്രസിദ്ധീകരണം തുടരാൻ പത്രാധിപർക്കു നിവൃത്തിയില്ലാതെവന്നു. തന്നിമിത്തം റസ്കിൻ തന്റെ പ്രബന്ധങ്ങൾ സമാഹരിച്ച് അൺടു ദിസ് ലാസ്റ്റ് എന്ന പേരിൽ പുസ്തകരൂപത്തിൽ പ്രസിദ്ധപ്പെടുത്തി (1862). I will give,unto this last, even as unto thee (നിനക്കു തന്നതുപോലെ ഈ പിമ്പന്നും കൊടുപ്പാൻ എനിക്കു മനസ്സ് - വി.മത്തായി) എന്ന ബൈബിൾ വാക്യമാണ് ഗ്രന്ഥനാമത്തിന് ആധാരം. പലരുടെയും എതിർപ്പിന് ശരവ്യമായെങ്കിലും തന്റെ കൃതികളിൽവച്ച് ഏറ്റവും ഉത്കൃഷ്ടമായിട്ടാണ് ഈ പ്രബന്ധങ്ങളെ റസ്കിൻ പരിഗണിച്ചത്. പ്രത്യേകിച്ചും അവസാനത്തെ ഉപന്യാസം പോലൊരു പ്രബന്ധം താൻ ഇനിമേൽ രചിക്കാൻ ഇടയില്ലെന്നുവരെ അദ്ദേഹം ആമുഖത്തിൽ സൂചിപ്പിച്ചിരിക്കുന്നു.

സമ്പത്തിന്റെ നിർവചനം[തിരുത്തുക]

പ്ലേറ്റോയും സെനഫോണും ഗ്രീക്കിലും, സിസറോയും ഹോറേസും ലത്തീനിലും ചെയ്തതുപോലെ സമ്പത്തിന്റെ യുക്തിപൂർവകമായ ഒരു നിർവചനം ഇംഗ്ലീഷിൽ നല്കുക എന്നുള്ളതായിരുന്നു ഗ്രന്ഥകാരന്റെ ഉദ്ദേശ്യം. സമ്പത്സമാർജ്ജനം ആത്യന്തികമായി സമൂഹത്തിന്റെ ചില സാൻമാർഗികോപാധികളെ ആശ്രയിച്ചായിരിക്കും സാധ്യമാകുക എന്നും ഈ ഉപാധികളിൽ മുഖ്യം സത്യസന്ധതയാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. സമൂഹക്ഷേമത്തിനും സാമ്പത്തികഭദ്രതയ്ക്കും സാധകമായി ചില പരിഷ്കാരങ്ങൾ കൂടി അദ്ദേഹം നിർദ്ദേശിച്ചു. ആ നിർദ്ദേശങ്ങളെ ഇങ്ങനെ സംഗ്രഹിക്കാം.

 • രാജ്യമൊട്ടുക്കു സർക്കാരിന്റെ ചെലവിലും മേൽനോട്ടത്തിലും പ്രയോജനകരമായ തൊഴിലുകൾ യുവജനങ്ങളെ പരിശീലിപ്പിക്കാനുള്ള വിദ്യാലയങ്ങൾ ഉണ്ടാക്കണം.
 • ഇത്തരം വിദ്യാലയങ്ങളോടനുബന്ധിച്ച് അത്യാവശ്യസാധനങ്ങൾ നിർമ്മിക്കാൻ ഉതകുന്ന ഫാക്റ്ററികളും വർക്കുഷാപ്പുകളും വേണം.
 • ഈ വക സ്ഥാപനങ്ങളിൽ ആളുകൾ നല്ലതുപോലെ ജോലി ചെയ്യുകയും വേണം.
 • തൊഴിലില്ലാത്ത ഏതൊരു പുരുഷനെയും സ്ത്രീയെയും അടുത്തുള്ള സ്കൂളിൽ പ്രവേശിപ്പിച്ച് അവർക്കു ചെയ്യാവുന്നതെന്ന് പരീക്ഷണത്തിൽ തെളിയുന്ന ജോലി ഒരു നിർദിഷ്ട പ്രതിഫലം നല്കി ചെയ്യിക്കണം.
 • വൃദ്ധൻമാർക്കും നിരാശ്രയർക്കും രക്ഷാകേന്ദ്രങ്ങൾ ഉണ്ടാക്കിക്കൊടുക്കണം.
 • ഉയർന്നവർക്കെന്നപോലെ താഴ്ന്നവർക്കും വാർധക്യകാലവേതനം നല്കണം.
 • സമൂഹത്തിലെ ഇടത്തരക്കാരൻ വാളുകൊണ്ടോ പേനകൊണ്ടോ സേവനം അനുഷ്ഠിക്കുന്നതുപോലെ ഒരു തൊഴിലാളി, മൺവെട്ടികൊണ്ടു രാജ്യത്തെ സേവിക്കുന്നവനാണ്. അതിനാൽ തൊഴിലിന്റെ അടിസ്ഥാനത്തിൽ വിവേചനം പാടില്ല.

ചുരുക്കത്തിൽ, സ്ഥിതിസമത്വവാദിയുടെയും മനുഷ്യസ്നേഹിയുടെയും ദൃഢശബ്ദമാണ് ഈ ഗ്രന്ഥത്തിലെ പ്രബന്ധങ്ങളിൽ മുഴങ്ങിക്കേൾക്കുന്നത്. അന്നത്തെ പശ്ചാത്തലത്തിൽ അവ അത്യന്തം വിപ്ലവകരമായിരുന്നു. തന്നെ വളരെ സ്വാധീനിച്ചിട്ടുള്ള ഈ കൃതി ഗാന്ധിജി ഗുജറാത്തിയിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്.

അവലംബം[തിരുത്തുക]

Heckert GNU white.svgകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അൺ‌ടു ദിസ് ലാസ്റ്റ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അൺ‌ടു_ദിസ്_ലാസ്റ്റ്&oldid=3348010" എന്ന താളിൽനിന്ന് ശേഖരിച്ചത്