Jump to content

അൺ‌ടു ദിസ് ലാസ്റ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Unto This Last എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സാമൂഹ്യ ചിന്തകനും കലാനിരൂപകനും ആയിരുന്ന ജോൺ റസ്കിൻ (1819-1900) എന്ന ബ്രിട്ടിഷ് ഗ്രന്ഥകാരൻ, സമ്പത്തിന്റെ സ്വഭാവത്തെ അധികരിച്ചെഴുതിയ പ്രബന്ധസമാഹാരമാണ് അൺ‌ടു ദിസ് ലാസ്റ്റ്.

ഉള്ളടക്കം

[തിരുത്തുക]

ദ് റൂട്സ് ഒഫ് ഓണർ (The Roots of Honour), ദ് വെയ്ൻസ് ഒഫ് വെൽത്ത് (The Veins of Wealth), ക്വിജൂഡികേറ്റ്സ് ടെറാം (Quijudicates Terram), അഡ്വാലൊറെം (Advalorem) എന്നീ ശീർഷകങ്ങളിൽ നാലു പ്രബന്ധങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു. സാമൂഹ്യ പരിഷ്കർത്താവും സ്ഥിതിസമത്വവാദിയും ആയിരുന്ന റോബർട്ട് ഓവന്റെ (1771-1858) സിദ്ധാന്തങ്ങളെ അവലംബമാക്കിക്കൊണ്ട് റസ്കിൻ പുറപ്പെടുവിച്ച അഭിപ്രായങ്ങൾ ജെറമിബെന്താം (1748-1832) നേതൃത്വം നല്കിയ ലെസേഫെർ (ഘമLaissez - Faire) സിദ്ധാന്തത്തിന് (സ്വകാര്യവ്യവസായ സംരംഭങ്ങളിൽ ഗവൺമെന്റിന് ഇടപെടേണ്ട കാര്യമില്ലെന്നുള്ള വാദം) ഘടകവിരുദ്ധമായിരുന്നു. റസ്കിന്റെ ഉപന്യാസങ്ങൾ, വില്യം-മേക്പീസ് താക്കറേയുടെ (1811-63) പത്രാധിപത്യത്തിൽ പുറപ്പെട്ടിരുന്ന കോൺഹിൽ (Corn -Hill) മാസികയിലാണ് ഖണ്ഡശഃ പ്രസിദ്ധീകരിച്ചു വന്നത്. വായനക്കാരുടെ ഇടയിൽനിന്നുയർന്ന കഠിനമായ എതിർപ്പു നിമിത്തം അവയുടെ പ്രസിദ്ധീകരണം തുടരാൻ പത്രാധിപർക്കു നിവൃത്തിയില്ലാതെവന്നു. തന്നിമിത്തം റസ്കിൻ തന്റെ പ്രബന്ധങ്ങൾ സമാഹരിച്ച് അൺടു ദിസ് ലാസ്റ്റ് എന്ന പേരിൽ പുസ്തകരൂപത്തിൽ പ്രസിദ്ധപ്പെടുത്തി (1862). I will give,unto this last, even as unto thee (നിനക്കു തന്നതുപോലെ ഈ പിമ്പന്നും കൊടുപ്പാൻ എനിക്കു മനസ്സ് - വി.മത്തായി) എന്ന ബൈബിൾ വാക്യമാണ് ഗ്രന്ഥനാമത്തിന് ആധാരം. പലരുടെയും എതിർപ്പിന് ഇടയാക്കിയെങ്കിലും തന്റെ കൃതികളിൽവച്ച് ഏറ്റവും ഉത്കൃഷ്ടമായിട്ടാണ് ഈ പ്രബന്ധങ്ങളെ റസ്കിൻ പരിഗണിച്ചത്. പ്രത്യേകിച്ചും ഇതിലെ ഒടുവിലത്തെ ഉപന്യാസം പോലൊരു പ്രബന്ധം താൻ ഇനിമേൽ രചിക്കാൻ ഇടയില്ലെന്നുവരെ അദ്ദേഹം ആമുഖത്തിൽ സൂചിപ്പിച്ചിരിക്കുന്നു.

സമ്പത്തിന്റെ നിർവചനം

[തിരുത്തുക]

പ്ലേറ്റോയും സെനഫോണും ഗ്രീക്കിലും, സിസറോയും ഹോറേസും ലത്തീനിലും ചെയ്തതുപോലെ സമ്പത്തിന്റെ യുക്തിപൂർവകമായ ഒരു നിർവചനം ഇംഗ്ലീഷിൽ നല്കുക എന്നുള്ളതായിരുന്നു ഗ്രന്ഥകാരന്റെ ഉദ്ദേശ്യം. സമ്പത്സമാർജ്ജനം ആത്യന്തികമായി സമൂഹത്തിന്റെ ചില സാൻമാർഗികോപാധികളെ ആശ്രയിച്ചായിരിക്കും സാധ്യമാകുക എന്നും ഈ ഉപാധികളിൽ മുഖ്യം സത്യസന്ധതയാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. സമൂഹക്ഷേമത്തിനും സാമ്പത്തികഭദ്രതയ്ക്കും സാധകമായി ചില പരിഷ്കാരങ്ങൾ കൂടി അദ്ദേഹം നിർദ്ദേശിച്ചു. ആ നിർദ്ദേശങ്ങളെ ഇങ്ങനെ സംഗ്രഹിക്കാം.

  • രാജ്യമൊട്ടുക്കു സർക്കാരിന്റെ ചെലവിലും മേൽനോട്ടത്തിലും പ്രയോജനകരമായ തൊഴിലുകൾ യുവജനങ്ങളെ പരിശീലിപ്പിക്കാനുള്ള വിദ്യാലയങ്ങൾ ഉണ്ടാക്കണം.
  • ഇത്തരം വിദ്യാലയങ്ങളോടനുബന്ധിച്ച് അത്യാവശ്യസാധനങ്ങൾ നിർമ്മിക്കാൻ ഉതകുന്ന ഫാക്റ്ററികളും വർക്കുഷാപ്പുകളും വേണം.
  • ഈ വക സ്ഥാപനങ്ങളിൽ ആളുകൾ നല്ലതുപോലെ ജോലി ചെയ്യുകയും വേണം.
  • തൊഴിലില്ലാത്ത ഏതൊരു പുരുഷനെയും സ്ത്രീയെയും അടുത്തുള്ള സ്കൂളിൽ പ്രവേശിപ്പിച്ച് അവർക്കു ചെയ്യാവുന്നതെന്ന് പരീക്ഷണത്തിൽ തെളിയുന്ന ജോലി ഒരു നിർദിഷ്ട പ്രതിഫലം നല്കി ചെയ്യിക്കണം.
  • വൃദ്ധൻമാർക്കും നിരാശ്രയർക്കും രക്ഷാകേന്ദ്രങ്ങൾ ഉണ്ടാക്കിക്കൊടുക്കണം.
  • ഉയർന്നവർക്കെന്നപോലെ താഴ്ന്നവർക്കും വാർധക്യകാലവേതനം നല്കണം.
  • സമൂഹത്തിലെ ഇടത്തരക്കാരൻ വാളുകൊണ്ടോ പേനകൊണ്ടോ സേവനം അനുഷ്ഠിക്കുന്നതുപോലെ ഒരു തൊഴിലാളി, മൺവെട്ടികൊണ്ടു രാജ്യത്തെ സേവിക്കുന്നവനാണ്. അതിനാൽ തൊഴിലിന്റെ അടിസ്ഥാനത്തിൽ വിവേചനം പാടില്ല.

ചുരുക്കത്തിൽ, സ്ഥിതിസമത്വവാദിയുടെയും മനുഷ്യസ്നേഹിയുടെയും ദൃഢശബ്ദമാണ് ഈ ഗ്രന്ഥത്തിലെ പ്രബന്ധങ്ങളിൽ മുഴങ്ങിക്കേൾക്കുന്നത്. അന്നത്തെ പശ്ചാത്തലത്തിൽ അവ അത്യന്തം വിപ്ലവകരമായിരുന്നു. തന്നെ വളരെ സ്വാധീനിച്ചിട്ടുള്ള ഈ കൃതി ഗാന്ധിജി ഗുജറാത്തിയിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്.

അവലംബം

[തിരുത്തുക]
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അൺ‌ടു ദിസ് ലാസ്റ്റ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അൺ‌ടു_ദിസ്_ലാസ്റ്റ്&oldid=3773359" എന്ന താളിൽനിന്ന് ശേഖരിച്ചത്