Jump to content

കേരള പോലീസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേരള പോലീസ് വകുപ്പ്
Kerala Police
ചിഹ്നം
ചിഹ്നം
പൊതുവായ പേര്KP
ആപ്തവാക്യം"മൃദു ഭാവെ ദൃഢ കൃത്യേ"
मृदु भावे दृढ़ कृत्ये
അർത്ഥം: മൃദുവായ പെരുമാറ്റം ദൃഢമായ പ്രവർത്തനങ്ങൾ
ഏജൻസിയെ കുറിച്ച്
രൂപീകരിച്ചത്നവംബർ 1, 1956
ബജറ്റ്3,781 കോടി (US$590 million) (2020–21 est.)[1]
അധികാരപരിധി
പ്രവർത്തനപരമായ അധികാരപരിധികേരളം, ഇന്ത്യ
കേരള പോലീസ് വകുപ്പ്'ന്റെ അധികാരപരിധിയുടെ ഭൂപടം
പ്രദേശത്തിന്റെ വലിപ്പം38,863 km2 (15,005 sq mi)
ജനസംഖ്യ33,387,677 (2011)
നിയമപരമായ അധികാര പരിധികേരളം
ഭരണസമിതിആഭ്യന്തര വകുപ്പ്, കേരള സർക്കാർ
ഭരണഘടന
  • കേരള പോലീസ് ആക്ട്
പൊതു സ്വഭാവം
പ്രവർത്തന ഘടന
ആസ്ഥാനംവഴുതക്കാട്, തിരുവനന്തപുരം
ഉത്തരവാദപ്പെട്ട മന്ത്രി
മേധാവി
യൂണിറ്റുകൾ
List
  • ക്രമസമാധാന വിഭാഗം (L&O)
  • ക്രൈംബ്രാഞ്ച് (CB)
  • സംസ്ഥാന സ്പെഷ്യൽ ബ്രാഞ്ച് (SSB)
  • സായുധ പോലീസ് ബറ്റാലിയനുകൾ (APBn)
  • സ്റ്റേറ്റ് ക്രൈം റെക്കോർഡ്സ് ബ്യൂറോ (SCRB)
  • കേരള പോലീസ് അക്കാദമി
  • തീരദേശ പോലീസ്
  • ഫോറൻസിക് സയൻസ് ലബോറട്ടറി (FSL)
പോലീസ് ജില്ലകൾ20
സൗകര്യങ്ങൾ
പോലീസ് സ്റ്റേഷനുകൾ484 (ലോക്കൽ) + 80 പ്രത്യേക പോലീസ് സ്റ്റേഷനുകൾ
ജീപ്പ്158 [2]
എസ്.യു.വി2719
ആകെ വാഹനങ്ങൾ3610[3]
വെബ്സൈറ്റ്
keralapolice.gov.in

കേരള സംസ്ഥാനത്തിന്റെ ക്രമസമാധാന പരിപാലന-നിയമ നിർവഹണ ഏജൻസിയാണ്‌ കേരള പോലീസ്. തിരുവനന്തപുരം ആണ്‌ കേരള പോലീസിന്റെ‌ ആസ്ഥാനം. 'മൃദുവായ പെരുമാറ്റം, ദൃഢമായ പ്രവർത്തനം' എന്ന് അർത്ഥമാക്കുന്ന 'മൃദു ഭാവെ, ദൃഢ കൃത്യെ' എന്ന സംസ്കൃത വാക്യം ആണ്‌ ഈ സേനയുടെ ആപ്തവാക്യം. കേരള സർക്കാരിൻ്റെ ആഭ്യന്തര വകുപ്പിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന ഈ സേനയുടെ തലവൻ സംസ്ഥാന പോലീസ് മേധാവിയാണ്. സംസ്ഥാന തലത്തിൽ ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുത്ത്‌, പരിശീലനം നൽകി സ്വന്തം ജന്മദേശത്തോ, കേരളത്തിന്റെ മറ്റേതെങ്കിലും ഭാഗത്തോ നിയമിച്ചു കൊണ്ടുള്ള സംവിധാനം ആണ്‌ നിലവിലുള്ളത്‌. കേരളാ പോലീസിലെ ഉദ്യോഗസ്ഥർ സംസ്ഥാനത്തിന്റെ ഏതു ഭാഗത്തും പ്രവർത്തിക്കാൻ ബാധ്യസ്ഥരാണ്‌. ആവശ്യമെങ്കിൽ മറ്റു സംസ്ഥാനങ്ങളിലും പ്രവർത്തിക്കേണ്ടതുണ്ട്‌.


ബ്യൂറോ ഓഫ് പോലീസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് (ബി.പി.ആർ.ഡി)യുടെ കണക്കുകൾ പ്രകാരം കേരളത്തിൽ ആകെ 564 പോലീസ് സ്റ്റേഷനുകളുണ്ട്.[4] ഇതിൽ 382 പോലീസ് സ്റ്റേഷനുകൾ ഗ്രാമപ്രദേശങ്ങളിലും 102 പോലീസ് സ്റ്റേഷനുകൾ നഗരപ്രദേശങ്ങളിലുമാണ്. ക്രമസമാധാന സ്റ്റേഷനുകൾ കൂടാതെ, കേരളത്തിൽ 80 പ്രത്യേക (സ്പെഷ്യൽ പർപ്പസ്) പോലീസ് സ്റ്റേഷനുകളുണ്ട് ഇവ പ്രത്യേക ഉദ്ദേശ്യ ലക്ഷ്യത്തിന് വേണ്ടിയാണ്, ഉദാഹരണത്തിന് തീരദേശ സുരക്ഷ, ട്രാഫിക്, സൈബർ കുറ്റകൃത്യങ്ങളുടെ അന്വേഷണം, സ്ത്രീസുരക്ഷ എന്നീ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

ചരിത്രം

[തിരുത്തുക]

സ്വാതന്ത്ര്യലബ്ധിക്കു മുൻപ് വ്യത്യസ്തങ്ങളായ ഭരണസം‌വിധാനങ്ങളുടെ കീഴിലായിരുന്നു കേരളാ പോലീസ്. തിരുവിതാം‌കൂറിൽ ദിവാൻ ഉമ്മിണിത്തമ്പിയും റസിഡന്റ് കേണൽ മൺറോയും പോലീസ് സേനയെ രൂപീകരിക്കുന്നതിൽ കാര്യമായ പങ്കു വഹിച്ചു. 1881-ൽ ദിവാനായിരുന്ന രായ്യങ്കാരാണ്‌ പോലീസ് സേനയെ നിയമവകുപ്പിൽ നിന്ന് അടർത്തി പകരം സ്വന്തമായ ഒരു പോലീസ് സൂപ്രണ്ടിനെ അധികാരപ്പെടുത്തിയത്. 1948 ആഗസ്റ്റ് 21 ന് ശ്രീ.എൻ.ചന്ദ്രശേഖരൻ നായർ ആദ്യത്തെ പോലീസ് ഇൻസ്പെക്ടർ ജനറലായി നിയമിതനായി. 1932 ൽ തിരുവിതാംകൂർ കൊച്ചി സ്റ്റേറ്റുകളുടെ (തിരു-കൊച്ചി) ലയനത്തിനുശേഷം ഇദ്ദേഹം ഇൻസ്പെക്ടർ ജനറലായി തുടരുകയും 1956 ൽ കേരള സംസ്ഥാനം രൂപംകൊണ്ടപ്പോൾ ഇദ്ദേഹം ആദ്യ പോലീസ് ഇൻസ്പെക്ടർ ജനറലായി നിയമിതനാകുകയും ചെയ്തു. അന്ന് കേരള പോലീസിൻ്റെ മേധാവി പോലീസ് ഇൻസ്പെക്ടർ ജനറൽ (ഐ.ജി.) പദവിയുള്ള ഉദ്യോഗസ്ഥൻ ആയിരുന്നു.1956 നവംബർ 1 കേരളപ്പിറവി ദിനത്തിലാണ് ഇന്ന് കാണുന്ന രീതിയിൽ ഉള്ള കേരള പോലീസ് രൂപീകൃതമായത്. ആദ്യത്തെ കേരള പോലീസ് മേധാവിയും ശ്രീ.എൻ.ചന്ദ്രശേഖരൻ നായർ ആയിരുന്നു. 1981ൽ പോലീസ് വകുപ്പിന്റെ മേധാവിയുടെ പദവി പോലീസ് ഡയറക്ടർ ജനറൽ ആയി ഉയർത്തുകയും, സ്ഥാനപ്പേര് പോലീസ് ഡയറക്ടർ ജനറൽ (DGP) എന്നാക്കി മാറ്റി. ശ്രീ.ടി.അനന്ത ശങ്കര അയ്യർ കേരളത്തിലെ ആദ്യ ഡി.ജി.പി ആയി മാറി. പിന്നീട് 2008ൽ ഈ സ്ഥാനപ്പേര് സംസ്ഥാന പോലീസ് മേധാവി എന്നാക്കി മാറ്റി.

കേരള മുഖ്യമന്ത്രി പോലീസ് സേനയിലെ സ്തുത്യർഹമായ പ്രവർത്തനത്തിന് നൽകുന്ന പോലീസ് മെഡൽ

കേരള സർക്കാരിൻ്റെ ആഭ്യന്തര വകുപ്പിൻ്റെ പൊതുവായ മേൽനോട്ടത്തിൽ ആണ് സംസ്ഥാന പോലീസ് പ്രവർത്തിക്കുന്നത്, പോലീസ് വകുപ്പ് ഭരണത്തിന്റെ മൊത്തത്തിലുള്ള ചുമതല ആഭ്യന്തര വകുപ്പിനാണ്. സാധാരണ ഐ.എ.എസ് ഉദ്യോഗസ്ഥനായ ആഭ്യന്തര സെക്രട്ടറിയാണ് ആഭ്യന്തര വകുപ്പിന്റെ തലവൻ. കേരള പോലീസിന്റെ മേധാവി സംസ്ഥാന പോലീസ് മേധാവിയാണ്. അദ്ദേഹം ഡയറക്ടർ ജനറൽ ഓഫ് പോലീസ് (ഡി.ജി.പി) റാങ്കിലുള്ള ഇന്ത്യൻ പോലീസ് സർവീസ് (ഐ.പി.എസ്) ഉദ്യോഗസ്ഥൻ ആണ്. സംസ്ഥാന പോലീസ് മേധാവിയെ എല്ലാ ഭരണപരവും പ്രവർത്തനപരവുമായ ആവശ്യങ്ങൾക്കായി വകുപ്പിന്റെ തലവനായി നിയോഗിക്കപ്പെടുന്നു, കൂടാതെ സേനയുടെ മൊത്തത്തിലുള്ള നിയന്ത്രണം, മേൽനോട്ടം, പ്രവർത്തനം എന്നിവയ്ക്ക് അദ്ദേഹം ഉത്തരവാദിയാണ്. പോലീസ് ആസ്ഥാനം, ക്രമസമാധാനം, സായുധ പോലീസ് ബറ്റാലിയനുകൾ, ക്രൈംബ്രാഞ്ച്, സംസ്ഥാന സ്‌പെഷ്യൽ ബ്രാഞ്ച്, പരിശീലനം, തീരദേശ പോലീസ്, സ്റ്റേറ്റ് ക്രൈം റെക്കോർഡ്സ് ബ്യൂറോ, സോഷ്യൽ പോലീസിംഗ്, ട്രാഫിക്, പൗരാവകാശ സംരക്ഷണം തുടങ്ങി നിരവധി യൂണിറ്റുകളായി സംസ്ഥാന പോലീസിനെ തിരിച്ചിരിക്കുന്നു. ഓരോന്നിനും അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് (എ.ഡി.ജി.പി) റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥൻ നേതൃത്വം നൽകുന്നു.

അധികാരശ്രേണി

[തിരുത്തുക]

ഉദ്യോഗസ്ഥർ

കീഴുദ്യോഗസ്ഥർ

സംസ്ഥാന പോലീസ് മേധാവി

[തിരുത്തുക]

സംസ്ഥാന പോലീസ് മേധാവിയാണ് കേരളാ പോലീസിന്റെ തലവൻ. സംസ്ഥാനത്തെ ഏറ്റവും മുതിർന്ന ഇന്ത്യൻ പോലീസ് സർവ്വീസ് (ഐ.പി.എസ്.) ഉദ്യോഗസ്ഥനായ അദ്ദേഹം പോലീസ് ഡയറക്ടർ ജനറൽ (ഡി.ജി.പി) റാങ്കിലുള്ള ആളാണ്. സംസ്ഥാന പോലീസ് മേധാവിയെ എല്ലാ ഭരണപരവും പ്രവർത്തനപരവുമായ ആവശ്യങ്ങൾക്കായി വകുപ്പിന്റെ തലവനായി നിയോഗിക്കപ്പെടുന്നു, കൂടാതെ സേനയുടെ മൊത്തത്തിലുള്ള നിയന്ത്രണം, മേൽനോട്ടം, പ്രവർത്തനം എന്നിവയ്ക്ക് അദ്ദേഹം ഉത്തരവാദിയാണ്. കേരളത്തിൻ്റെ ഇപ്പോഴത്തെ പോലീസ് ഡയറക്ടർ ജനറലും സംസ്ഥാന പോലീസ് മേധാവിയും ശ്രീ. ഷെയ്ഖ് ദർവേഷ് സാഹിബ് ആണ്. എഡിജിപി, ഐജിപി, ഡിഐജി, എഐജി, എസ്പി തുടങ്ങി റാങ്കിലുള്ള നിരവധി സ്റ്റാഫ് ഓഫീസർമാരും മറ്റ് വിവിധ കീഴുദ്യോഗസ്ഥരും പോലീസ് ആസ്ഥാനത്ത് സംസ്ഥാന പോലീസ് മേധാവിയെ സഹായിക്കുന്നു.


ഷെയ്‌ക്ക് ദർവേഷ് സാഹേബ് ഐ.പി.എസ്
വകുപ്പ്(കൾ)പോലീസ് വകുപ്പ്
പദവിഡയറക്ടർ ജനറൽ ഓഫ് പോലീസ് (പദവി)
ചുരുക്കത്തിൽSPC
അംഗംസംസ്ഥാന സുരക്ഷാ സമിതി
റിപ്പോർട്ട് ചെയ്യേണ്ട ഇടംആഭ്യന്തര വകുപ്പ്, കേരള സർക്കാർ
കാര്യാലയംപോലീസ് ആസ്ഥാനം, തിരുവനന്തപുരം
നാമനിർദേശം ചെയ്യുന്നത്യൂണിയൻ പബ്ലിക് സർവ്വീസ് കമ്മീഷൻ (UPSC)
നിയമനം നടത്തുന്നത്കേരള മുഖ്യമന്ത്രി (മന്ത്രിസഭാ അനുമതിയോടു കൂടി)
കാലാവധി2 വർഷം (ചുരുങ്ങിയത്)
മുൻഗാമിഅനിൽ കാന്ത് ഐ.പി.എസ്
ആദ്യത്തെ സ്ഥാന വാഹകൻടി. അനന്തശങ്കർ അയ്യർ, ഐ.പി.എസ്
അനൗദ്യോഗിക പേരുകൾഡി.ജി.പി
ശമ്പളം225000 (apex scale)

വിഭാഗങ്ങൾ

[തിരുത്തുക]

പ്രധാന വിഭാഗങ്ങൾ താഴെ പറയുന്നവയാണ്;

  • ക്രമസമാധാന വിഭാഗം (ലോ ആൻഡ് ഓർഡർ)
  • ക്രൈം ബ്രാഞ്ച് (കുറ്റാന്വേഷണ വിഭാഗം)
  • സംസ്ഥാന സ്പെഷ്യൽ ബ്രാഞ്ച് (രഹസ്യാന്വേഷണ വിഭാഗം)
  • പരിശീലന വിഭാഗം
    • കേരള പോലീസ് അക്കാദമി
  • സായുധ പോലീസ് വിഭാഗം (ബറ്റാലിയൻ)
  • സംസ്ഥാന ക്രൈം റിക്കാർഡ്‌സ്‌ ബ്യൂറോ
  • തീരദേശ പോലീസ്
  • സാമ്പത്തിക കുറ്റകൃത്യ വിഭാഗം
  • സൈബർ അന്വേഷണ ഗവേഷണ വിഭാഗം[5] (CIRD)
കേരള പോലീസിൻ്റെ യൂണിഫോം ബാഡ്ജ്.

ക്രമസമാധാന വിഭാഗം

[തിരുത്തുക]

പോലീസ് വകുപ്പിലെ ഏറ്റവും പ്രധാനപ്പെട്ടതും വലുതുമായ വിഭാഗമാണ് ക്രമസമാധാന വിഭാഗം. സംസ്ഥാനത്തെ എല്ലാ ലോക്കല് പോലീസ് യൂണിറ്റുകളും ഈ വിഭാഗത്തിൻ്റെ കീഴിലാണ് വരുന്നത്. ഒരു അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് (എഡിജിപി) റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് ക്രമസമാധാന വിഭാഗത്തിൻ്റെ ചുമതല. ജനറൽ എക്സിക്യൂട്ടിവ് (General Executive) എന്ന പേരിലും ഈ വിഭാഗം അറിയപ്പെടുന്നു.

ക്രമസമാധാന വിഭാഗത്തിൽ 2 പോലീസ് മേഖലകളും (സോണുകൾ) 4 റേഞ്ചുകളും 20 പോലീസ് ജില്ലകളും ഉൾപ്പെടുന്നു. സംസ്ഥാനത്തെ ഉത്തര മേഖല, ദക്ഷിണ മേഖല എന്നിങ്ങനെ രണ്ട് മേഖലകളായി തിരിച്ചിരിക്കുന്നു. മേഖലകളുടെ തലവൻ പോലീസ് ഇൻസ്പെക്ടർ ജനറൽ ആണ് (IGP). ഉത്തര മേഖല, ഐ.ജി.പി യുടെ ഓഫീസ് കോഴിക്കോട് ജില്ലയിലെ നടക്കാവ് എന്ന സ്ഥലത്തും, ദക്ഷിണ മേഖല ഐ.ജി.പി യുടെ ഓഫീസ് തിരുവനന്തപുരം ജില്ലയിലെ നന്ദാവനത്തും സ്ഥിതി ചെയ്യുന്നു. ഇതിനുപുറമേ ഓരോ മേഖലയേയും, 2 റേഞ്ചുകളായി തിരിച്ചിരിക്കുന്നു. ഡെപ്യൂട്ടി പോലീസ് ഇൻസ്പെക്ടർ ജനറൽമാരാണ് (DIG) റെയ്ഞ്ചുകളുടെ ചുമതല വഹിക്കുന്നത്. തിരുവനന്തപുരം, എറണാകുളം റെയ്ഞ്ചുകൾ ദക്ഷിണ മേഖലയ്ക്കു കീഴിലും, കണ്ണൂർ, തൃശ്ശൂർ റേഞ്ചുകൾ ഉത്തര മേഖലയ്ക്ക് കീഴിലും വരുന്നു. ഓരോ പോലീസ് റേഞ്ചിനു കീഴിലും അനവധി പോലീസ് ജില്ലകൾ ഉൾപ്പെടുന്നു.

ഓരോ പോലീസ് ജില്ലയുടെയും ചുമതല ഒരു ജില്ലാ പോലീസ് മേധാവിക്കാണ്. നഗരമോ റൂറൽ പോലീസ് ജില്ലയോ എന്നതിനെ ആശ്രയിച്ച് ജില്ലാ പോലീസ് മേധാവിയുടെ റാങ്ക് വ്യത്യാസപ്പെടുന്നു. സിറ്റി പോലീസ് ജില്ലകൾ ഒരു പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലാണ്, എന്നാൽ റൂറൽ പോലീസ് ജില്ലകൾ ഒരു പോലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തിലാണ്. തിരുവനന്തപുരം സിറ്റി, കൊച്ചി സിറ്റി എന്നീ പോലീസ് ജില്ലകളുടെ മേധാവി ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് (ഐ.ജി.) റാങ്കിലുള്ള പോലീസ് കമ്മീഷണറാണ്. ഇവ പോലീസ് മേഖലകളുടെ പരിധിയിൽ വരുന്നില്ല, നേരിട്ട് ക്രമസമാധാന വിഭാഗം എഡിജിപിക്ക് റിപ്പോർട്ട് ചെയ്യുന്നു.

കൂടാതെ എല്ലാ പോലീസ് ജില്ലകൾക്ക് കീഴിലും ജില്ലാ ക്രൈം ബ്രാഞ്ച്, ജില്ലാ സ്പെഷ്യൽ ബ്രാഞ്ച്, നാർക്കോടിക് സെൽ, ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോ, ജില്ലാ സായുധ റിസർവ്വ്, ട്രാഫിക് യൂണിറ്റ് പോലുള്ള പ്രത്യേക വിഭാഗങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് റാങ്കിലുള്ള ഉദ്യോഗസ്ഥർ നേതൃത്വം നൽകുന്ന ഇവയെല്ലാം ജില്ലാ പോലീസ് മേധാവിയുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ ആണ്.

പോലീസ് ജില്ലകളെ ക്രമസമാധാനപാലനത്തിനും ഗതാഗത നിർവഹണങ്ങൾക്കുമായി സബ് ഡിവിഷനുകളായും പോലീസ് സ്റ്റേഷനുകളായും തിരിച്ചിരിക്കുന്നു. ഒരു ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള ഓരോ സബ്ഡിവിഷനും ഒന്നിലധികം പോലീസ് സ്റ്റേഷനുകൾ ഉൾക്കൊള്ളുന്നു. ഓരോ പോലീസ് സ്റ്റേഷനും ഒരു സ്റ്റേഷൻ ഹൗസ് ഓഫീസറുടെ (എസ്.എച്.ഓ.) നേതൃത്വത്തിൽ ആണ്. സ്റ്റേഷൻ ഹൗസ് ഓഫീസർ പോലീസ് സ്റ്റേഷൻ്റെ ചുമതലയുള്ള ഉദ്യോഗസ്ഥനായി പ്രവർത്തിക്കുന്നു.

കേരള പോലീസിൻ്റെ പ്രാഥമിക തലത്തിലുള്ള വിഭാഗമാണ് പോലീസ് സ്റ്റേഷനുകൾ. കേരളത്തിലെ ഒട്ടുമിക്ക പോലീസ് സ്റ്റേഷനുകളും പോലീസ് ഇൻസ്പെക്ടർ (സി.ഐ) റാങ്കിലുള്ള സ്റ്റേഷൻ ഹൗസ് ഓഫീസർമാർ ആണ് നേതൃത്വം നൽകുന്നത്. പോലീസ് സ്റ്റേഷൻ തലത്തിൽ ക്രമസമാധാന, കുറ്റാന്വേഷണ വിഭാഗങ്ങൾ പ്രവർത്തിക്കുന്നുണ്ട്, പോലീസ് സബ് ഇൻസ്പെക്ടർ (എസ്.ഐ.) റാങ്കിലുള്ള ഉദ്യോഗസ്ഥരാണ് ഇവക്ക് നേതൃത്വം നൽകുന്നത്. അഡീഷണൽ എസ്ഐ, അസിസ്റ്റൻ്റ് സബ് ഇൻസ്പെക്ടർ, സീനിയർ സിവിൽ പോലീസ് ഓഫീസർ, സിവിൽ പോലീസ് ഓഫീസർ തുടങ്ങി റാങ്കിലുള്ള പോലീസ്കാരെ സ്റ്റേഷൻ്റെ ദൈന്യംദിന കാര്യങ്ങൾക്ക് നിയോഗിച്ചിട്ടുണ്ട്.

പോലീസ് മേഖലകൾ, റേഞ്ചുകൾ, ജില്ലകൾ
മേഖല റേഞ്ച് പോലീസ് ജില്ലകൾ
ദക്ഷിണ മേഖല (ആസ്ഥാനം: തിരുവനന്തപുരം) തിരുവനന്തപുരം റേഞ്ച് തിരുവനന്തപുരം റൂറൽ,[6] കൊല്ലം സിറ്റി, കൊല്ലം റൂറൽ,[7] പത്തനംതിട്ട
എറണാകുളം റേഞ്ച് ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം റൂറൽ[8]
ഉത്തര മേഖല (ആസ്ഥാനം: കോഴിക്കോട്) തൃശൂർ റേഞ്ച് തൃശൂർ സിറ്റി, തൃശൂർ റൂറൽ, പാലക്കാട്, മലപ്പുറം[9]
കണ്ണൂർ റേഞ്ച് കോഴിക്കോട് റൂറൽ, വയനാട്, കണ്ണൂർ സിറ്റി, കണ്ണൂർ റൂറൽ, കാസർകോട്
കോഴിക്കോട് സിറ്റി പോലീസ്
സിറ്റി പോലീസ് ജില്ലകൾ
No. പോലീസ് ജില്ല ആസ്ഥാനം
1 തിരുവനന്തപുരം സിറ്റി തിരുവനന്തപുരം
2 കൊല്ലം സിറ്റി കൊല്ലം
3 കൊച്ചി സിറ്റി കൊച്ചി
4 തൃശൂർ സിറ്റി തൃശൂർ
5 കോഴിക്കോട് സിറ്റി കോഴിക്കോട്
6 കണ്ണൂർ സിറ്റി കണ്ണൂർ
റൂറൽ പോലീസ് ജില്ലകൾ
No. പോലീസ് ജില്ല ആസ്ഥാനം
1 തിരുവനന്തപുരം റൂറൽ
2 കൊല്ലം റൂറൽ കൊട്ടാരക്കര
3 പത്തനംതിട്ട
4 ആലപ്പുഴ
5 കോട്ടയം
6 ഇടുക്കി പൈനാവ്
7 എറണാകുളം റൂറൽ ആലുവ
8 തൃശ്ശൂർ റൂറൽ ഇരിഞ്ഞാലക്കുട
9 പാലക്കാട്
10 മലപ്പുറം
11 കോഴിക്കോട് റൂറൽ വടകര
12 വയനാട് കൽപ്പറ്റ
13 കണ്ണൂർ റൂറൽ തളിപ്പറമ്പ്
14 കാസർകോട്

ഹൈവെ പോലീസ്

[തിരുത്തുക]

'ജനറൽ എക്സിക്യൂട്ടിവ്‌' നിന്നു തന്നെ തിരഞ്ഞെടുത്ത പോലീസുകാർ തന്നെ ഹൈവേ പോലീസ്‌ സ്ക്വാഡുകളിലും പ്രവർത്തിക്കുന്നു. ഹൈവേകളോടു അടുത്തു കിടക്കുന്ന പോലീസ്‌ സ്റ്റേഷനുകളിൽ പ്രവർത്തിക്കുന്ന പോലീസുകാരെ ആണ്‌ ഹൈവേ പോലീസ്‌ വാഹനങ്ങളിൽ നിയോഗിക്കാറുള്ളത്‌. ഓരോ ഹൈവേ പോലീസ് വാഹനത്തിനും ഒരു 'ഓപ്പറേഷൻ ഏരിയ'യും ഒരു ബേസ് സ്റ്റേഷനും നൽകിയിട്ടുണ്ട്. നിലവിൽ കേരളത്തിലെ പ്രധാന റോഡുകളിലായി 44 ഹൈവേ പോലീസ് പട്രോളിംഗുകൾ പ്രവർത്തിക്കുന്നുണ്ട്.

ട്രാഫിക്ക് പോലീസ്

[തിരുത്തുക]

പ്രധാന നഗരങ്ങളിലെ ഗതാഗതം നിയന്ത്രിക്കാൻ വേണ്ടി സജ്ജീകരിച്ചിട്ടുള്ള വിഭാഗമാണ് ട്രാഫിക്ക് പോലീസ്. ജനറൽ എക്സിക്യൂട്ടീവ് വിഭാഗത്തിൽ പെടുന്നവരെ തന്നെയാണ് ഈ വിഭാഗത്തിൽ ഉപയോഗിക്കുന്നത്. പക്ഷെ യൂണിഫോം വ്യത്യസ്തമാണ്. കാക്കി ഷർട്ടിന് പകരം വെള്ള ഷർട്ട് ആണ് യൂണീഫോം ആയി ഉപയോഗിക്കുന്നത്. ഗതാഗത നിയന്ത്രണം അല്ലാതെ തന്നെ മോട്ടോർ വാഹനങ്ങളുടെ അപകട സ്ഥിരീകരണം ഇവരാണ് ചെയ്യുന്നത്.എല്ലാ നഗരങ്ങളിലും ട്രാഫിക് എൻഫോഴ്സ്മെന്റ് യൂണിറ്റുകൾ ഉണ്ട്. ട്രാഫിക് ക്രമീകരണത്തിനും, ട്രാഫിക്ക് നിയമലംഘനങ്ങൾ തടയുന്നതിനും വേണ്ടി പ്രത്യേകം സജ്ജമാക്കിയിട്ടുള്ള വിഭാഗമാണ് ട്രാഫിക്ക് എൻഫോഴ്സ്മെന്റ് യൂണിറ്റ്.

പിങ്ക് പോലീസ്

[തിരുത്തുക]

സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങളും കുറ്റകൃത്യങ്ങളും തടയുക എന്നതാണ് പിങ്ക് പട്രോളിന്റെ പ്രധാന ലക്ഷ്യങ്ങൾ. പൊതുസ്ഥലങ്ങളിൽ സ്ത്രീസുരക്ഷ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി, കേരളത്തിലെ വിവിധ നഗരങ്ങളിലെ തിരക്കേറിയ സ്ഥലങ്ങളിലെല്ലാം പട്രോളിംഗ് നടത്തുന്ന ഇവർ, മുഴുവനും വനിതാ പോലീസ് ഉദ്യോഗസ്ഥർ ആണ്. പിങ്ക് നിറത്തിലുള്ള മാരുതി സുസുക്കി സെഡാൻ കാറുകളാണ് ടീമിന് അനുവദിച്ചിരിക്കുന്നത്. പിങ്ക് പട്രോൾ വാഹനങ്ങളിൽ വേഗത്തിലുള്ള പ്രതികരണത്തിനും സഹായത്തിനുമായി ജിപിഎസും മറ്റ് ആധുനിക ഉപകരണങ്ങളും ഘടിപ്പിച്ചിരിക്കുന്നു കൂടാതെ കുറ്റവാളികളെ തിരിച്ചറിയാൻ ഓൺ-ബോർഡ് ക്യാമറകളും സ്കാനിംഗ് സംവിധാനവുമുണ്ട്.

പിങ്ക് പോലീസ്

കൺട്രോൾ റൂം

[തിരുത്തുക]

ജില്ലയിലുടനീളമുള്ള പോലീസ് വകുപ്പിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത് പോലീസ് കൺട്രോൾ റൂമാണ്. അടിയന്തര കോളുകൾ കൈകാര്യം ചെയ്യുന്നതും പോലീസ് പ്രതികരണങ്ങൾ ഏകോപിപ്പിക്കുന്നതും വിവിധ നിയമ നിർവ്വഹണ പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുന്നതുമായ ഒരു കേന്ദ്രീകൃത സൗകര്യമാണ് പോലീസ് കൺട്രോൾ റൂം. കൺട്രോൾ റൂം ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷനുകളെയും പോലീസ് വാഹനങ്ങളെയും ബന്ധിപ്പിക്കുന്നു. കൺട്രോൾ റൂം എല്ലാ സമയത്തും ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷനുമായും, പോലീസ് വിഭാഗങ്ങളുമായും ബന്ധപ്പെട്ടിരിക്കുന്നു. എല്ലാ തലങ്ങളിലുമുള്ള ഫീൽഡ് സ്റ്റാഫുകളും നിയന്ത്രണ അധികാരികളും തമ്മിലുള്ള ആശയവിനിമയത്തിന്റെ പങ്കും ഇത് വഹിക്കുന്നു. കൺട്രോൾ റൂം ക്രമസമാധാന പാലനം ഉറപ്പാക്കുന്നു. പൊതുജനങ്ങളിൽ നിന്ന് അടിയന്തര കോളുകൾ സ്വീകരിക്കുക, പോലീസ് യൂണിറ്റുകളെ സംഭവസ്ഥലങ്ങളിലേക്ക് അയക്കുക, ആംബുലൻസ്, അഗ്നിശമന വകുപ്പുകൾ തുടങ്ങിയ അടിയന്തര സേവനങ്ങളെ ഏകോപിപ്പിക്കുക, സിസിടിവി ക്യാമറകളിലൂടെയും മറ്റ് നിരീക്ഷണ സംവിധാനങ്ങളിലൂടെയും സാഹചര്യങ്ങൾ നിരീക്ഷിക്കുക എന്നിവ ഇതിന്റെ പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നു. പട്രോളിംഗ് നടത്തുന്നതിലും, ദുരന്ത കോളുകളോട് പ്രതികരിക്കുന്നതിലും, സംഭവങ്ങൾ, അപകടങ്ങൾ, അല്ലെങ്കിൽ അടിയന്തിര സാഹചര്യങ്ങളിൽ ദ്രുതഗതിയിലുള്ള സഹായം നൽകൽ എന്നിവയിലും അവർ ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഇതിനായി കൺട്രോൾ റൂം വാഹനങ്ങൾ (ഫ്ലയിങ്ങ് സ്ക്വാഡ്) സജ്ജമാക്കിയിട്ടുണ്ട്.

നർക്കോട്ടിക് സെൽ

[തിരുത്തുക]

സംസ്ഥാനത്തെ അനധികൃത മദ്യം മയക്കുമരുന്ന് വിൽപ്പന നിയന്ത്രിക്കുന്നതിനുവേണ്ടി പ്രവർത്തിക്കുന്ന പ്രത്യേക പോലീസ് വിഭാഗമാണിത്. കഞ്ചാവ്,ഹാഷിഷ്, ബ്രൗൺ ഷുഗർ, മറ്റ് ലഹരി വസ്തുക്കൾ പുകയില ഉത്പന്നങ്ങൾ എന്നിവയുടെ അനധികൃത വിൽപനയും ഉപഭോഗവും അന്വേഷിച്ച് കണ്ടുപിടിച്ച് കേസെടുക്കുകയും സ്റ്റേഷനുകൾക്കും മറ്റ് അന്വേഷണ ഏജൻസികൾക്കും വേണ്ട നിർദ്ദേശം നല്കുകയും ചെയ്യുന്ന നർക്കോട്ടിക് സെല്ലുകൾ മിക്ക പോലീസ് ജില്ലകളിലും പ്രവർത്തിക്കുന്നുണ്ട്. നാർകോടിക് സെല്ലിൻ്റെ പ്രവർത്തന വിഭാഗമായി ജില്ലാ മയക്കുമരുന്നു വിരുദ്ധസേനയും (ഡാൻസാഫ്) നിലവിൽ ഉണ്ട്. ഒരു ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് (ഡിവൈഎസ്പി) റാങ്കിലുള്ള ഉദ്യോഗസ്ഥന് ആണ് ഇതിൻ്റെ ചുമതല. നർകോടിക് സെല്ലിൻ്റെ പ്രത്യേക വിഭാഗമായ ഡാൻസാഫ് (ഡിസ്ട്രിക്ട് ആൻ്റി നർക്കോട്ടിക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സ്) മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.

ഡിസ്ട്രിക്ട് ക്രൈം ബ്രാഞ്ച്

[തിരുത്തുക]

ജില്ലാ 'സി' ബ്രാഞ്ച് ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക അന്വേഷണ വിഭാഗമായി പ്രവർത്തിക്കുന്നു, ഇത് ജില്ലാ തലത്തിൽ സെൻസേഷണൽ കേസുകൾ അന്വേഷിക്കാൻ സഹായിക്കുന്നതിന് ചുമതലപ്പെടുത്തിയിരിക്കുന്നു. ജില്ലാ വനിതാ സെല്ലിന്റെ പ്രവർത്തനത്തിന്റെ മേൽനോട്ടം വഹിക്കുന്നതും ജില്ലാ ക്രൈം ബ്രാഞ്ച് ആണ്. ഒരു ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് (ഡിവൈഎസ്പി) റാങ്കിൽ ഉള്ള ഉദ്യോഗസ്ഥനാണ് ഡിസ്ട്രിക് ക്രൈം ബ്രാഞ്ച്ന് നേതൃത്വം നൽകുന്നത്. ജില്ലാ പോലീസ് മേധാവിമാരുടെ കീഴിലാണ് ഇവ പ്രവർത്തിക്കുന്നത്. ഇവ സംസ്ഥാന പോലീസിൻറെ ക്രമസമാധാനവിഭാഗത്തിൻ്റെ അധികാര പരിധിയിൽ വരുന്നു. ജില്ലാതലത്തിലുള്ള പ്രമാദമായ, സങ്കീർണമായ കേസുകൾ ഈ വിഭാഗം അന്വേഷിക്കുന്നു.

ഡിസ്ട്രിക്ട് സ്പെഷ്യൽ ബ്രാഞ്ച്
[തിരുത്തുക]

അതാത് ജില്ലാ പോലീസ് മേധാവിമാർക്ക് കീഴിലും ജില്ലാ തലത്തിലുള്ള സ്പെഷ്യൽ ബ്രാഞ്ച് പ്രവർത്തിക്കുന്നുണ്ട്. അവ ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് (DSB) എന്നാണ് അറിയപ്പെടുന്നത്. ജില്ലാ പോലീസിൻ്റെ രഹസ്യാന്വേഷണ വിഭാഗമാണ് ജില്ലാ സ്‌പെഷ്യൽ ബ്രാഞ്ച്. ജില്ലാ പോലീസ് മേധാവിയുടെ കീഴിൽ ഒരു ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് (ഡി.വൈ.എസ്.പി) റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് ഇതിന് നേതൃത്വം നൽകുന്നത്. സർക്കാർ സേവനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വ്യക്തികളുടെ മുൻകൂർ പരിശോധനയും പാസ്‌പോർട്ട് പരിശോധനയും ജില്ലാ സ്‌പെഷ്യൽ ബ്രാഞ്ചിലാണ് നടക്കുന്നത്. വിമാനത്താവളങ്ങളിലും വിദേശത്തും മറ്റ് സ്ഥാപനങ്ങളിലും ജോലി അന്വേഷിക്കുന്ന വ്യക്തികൾക്കുള്ള പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ജില്ലാ സ്പെഷൽ ബ്രാഞ്ച് ഓഫീസ് വഴിയാണ് നൽകുന്നത്.

മറ്റു പ്രധാന വിഭാഗങ്ങൾ

[തിരുത്തുക]

ക്രൈം ബ്രാഞ്ച്‌

[തിരുത്തുക]
പ്രധാന ലേഖനം: ക്രൈം ബ്രാഞ്ച്

ക്രൈം ബ്രാഞ്ച്‌ (സി.ബി. സി.ഐ.ഡി) വിഭാഗം പ്രമാദമായതോ, അന്തർ ജില്ലാ തലത്തിൽ നടന്നിട്ടുള്ള കുറ്റ കൃത്യങ്ങളോ അന്വേഷിക്കുന്നു. സർക്കാരിനോ, കോടതികൾക്കോ, സംസ്ഥാന പോലീസ് മേധാവിക്കൊ ഇവരോട്‌ ഒരു കേസ്‌ ഏറ്റെടുക്കാൻ ആവശ്യപ്പെടാവുന്നതാണ്. അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് (എഡിജിപി) റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥനാണ് ക്രൈംബ്രാഞ്ചിന്റെ ചുമതല. സംസ്ഥാന വ്യാപകമായി ബാധിക്കപ്പെടുന്നതോ കണ്ടെത്താത്തതോ ആയ സങ്കീർണവും ഗുരുതരവുമായ കുറ്റകൃത്യങ്ങൾ ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്നു. സങ്കീർണ്ണമായിട്ടുള്ള സംഘടിത കുറ്റകൃത്യങ്ങൾ, വലിയ സാമ്പത്തിക കുറ്റകൃത്യങ്ങൾ, കണ്ടെത്തപ്പെടാത്തതോ പ്രത്യേകമായതോ ആയ കുറ്റകൃത്യങ്ങൾ, അന്തർസംസ്ഥാന ശാഖകളുള്ള കേസുകൾ മുതലായവ അന്വേഷിക്കുന്നതിൽ ക്രൈംബ്രാഞ്ച് സവിശേഷ ശ്രദ്ധ പുലർത്തുന്നു. ക്രൈംബ്രാഞ്ചിനെ മുന്ന് റേഞ്ച്കളായും 14 ജില്ലാ യൂണിറ്റുകളായും തിരിച്ചിരിക്കുന്നു. ഒരു ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് (ഐ.ജി.) റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് റേഞ്ച്കളെ നയിക്കുന്നത്, പോലീസ് സൂപ്രണ്ട്മാരുടെ (എസ്.പി.) കീഴിൽ ക്രൈം ബ്രാഞ്ച് ജില്ലാ യൂണിറ്റുകളും പ്രവർത്തിക്കുന്നു. ക്രൈം ബ്രാഞ്ച് എസ്.പി.മാരുടെ കീഴിൽ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട്, ഡിറ്റക്ടീവ് ഇൻസ്പെക്ടർ, സബ് ഇൻസ്പെക്ടർ, അസിസ്റ്റൻ്റ് സബ് ഇൻസ്പെക്ടർ, സിവിൽ പോലീസ് ഓഫീസർ തുടങ്ങി റാങ്കിലുള്ള ഉദ്യോഗസ്ഥർ പ്രവർത്തിക്കുന്നു. കുറ്റാന്വേഷണത്തിൽ മികച്ച പ്രാവീണ്യം നേടിയ ഉദ്യോഗസ്ഥരെയാണ് സംസ്ഥാന ക്രൈംബ്രാഞ്ച് ലേക്ക് നിയമിക്കുന്നത്. ജനറൽ എക്സിക്യൂട്ടിവ് (സിവിൽ പോലീസ്) വിഭാഗത്തിൽ നിന്നും ഡെപ്യൂട്ടേഷനിൽ ആണ് ഉദ്യോഗസ്ഥരെ നിയമിക്കുന്നത്.

സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ച്‌

[തിരുത്തുക]
പ്രധാന ലേഖനം: സ്പെഷ്യൽ ബ്രാഞ്ച്

സംസ്ഥാന സ്പെഷൽ ബ്രാഞ്ച്‌ (എസ്‌.എസ്.ബി) വിഭാഗം ആണ്‌ സംസ്ഥാന പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗം. അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് (ഇന്റെലിജൻസ്) ന്റെ കീഴിലാണ് സംസ്ഥാന സ്പെഷ്യൽ ബ്രാഞ്ച് പ്രവർത്തിക്കുന്നത്. എസ്.ബി.സി.ഐ.ഡി എന്ന പേരിൽ ആണ് മുമ്പ് ഈ വിഭാഗം അറിയപ്പെട്ടിരുന്നത്. രാജ്യത്തിന്റെയോ, സംസ്ഥാനത്തിന്റെയോ നില നിൽപ്പിന്‌ ഭീഷണി ഉയർത്തുന്ന സംഘടനകൾ, വ്യക്തികൾ ഇവരെയൊക്കെ നിരീക്ഷിക്കുന്നതും അവരുടെ ഒക്കെ വിവരങ്ങൾ ശേഖരിച്ചു വെക്കുന്നതും ഇവരുടെ ജോലിയാണ്‌. പാസ്പോർട്ട്‌ സംബന്ധിച്ച്‌ അന്വേഷണങ്ങൾക്കും ഇവരുടെ സേവനം ഉപയോഗപ്പെടുത്താറുണ്ട്‌. ലോക്കൽ പോലീസ്‌ സ്റ്റേഷനുകളിൽ സ്പെഷൽ ബ്രാഞ്ചിലെ പോലീസുകാർ ഉണ്ടായിരിക്കും. സി.ഐ.ഡി വിഭാഗങ്ങളിൽ പ്രവർത്തിക്കുന്ന പോലീസുകാർ യൂണീഫോം ധരിക്കേണ്ടതില്ല. ഈ വിഭാഗങ്ങളിലേക്ക്‌ എല്ലാം തന്നെ ഒരു പോലീസ്‌ ഉദ്യോഗസ്ഥനെ മാറ്റാവുന്നതാണ്‌. ലോക്കൽ പോലീസിൽ നിന്ന് സി.ഐ.ഡി-യിലേക്കും, അവിടെ നിന്ന് തിരിച്ച്‌ ലോക്കൽ പോലീസിലേക്കും ഉള്ള സ്ഥലം മാറ്റങ്ങൾ സർവ്വസാധാരണമാണ്‌.

റെയിൽവെ പോലീസ്

[തിരുത്തുക]

കേരളത്തിലെ റെയ്ൽവേ സ്റ്റേഷനുകളിലെ ക്രമസമാധാനപാലനം, റെയിൽവേ സ്റ്റേഷനുകളിൽ കുറ്റകൃത്യങ്ങൾ തടയുക, കണ്ടെത്തുക എന്നിവയാണ് കേരള റെയിൽവേ പോലീസിന്റെ ചുമതല. പ്രധാനപ്പെട്ട റെയിൽവെ സ്റ്റേഷനുകളിലെ റെയിൽവെ ദ്രുത കർമ്മസേനയെ സഹായിക്കുന്നതിനായിട്ടാണ് റെയിൽവേ പോലീസ് സജ്ജീകരിച്ചിരിക്കുന്നത്. ജനറൽ എക്സിക്യൂട്ടിവ് വിഭാഗം തന്നെയാണ് ഈ പോലീസ് സ്റ്റേഷനുകളിലും എയ്ഡ് പോസ്റ്റുകളിലും പ്രവർത്തിക്കുന്നത്. പോലീസ് സൂപ്രണ്ട് (റെയിൽവേ) ആണ് റെയിൽവേ പോലീസിൻറെ മേധാവി. എ.ഡി.ജി.പിയുടെ (ഇന്റലിജൻസ് & റെയിൽവേ) മേൽനോട്ടത്തിലാണ് പ്രവർത്തിക്കുന്നത്. കേരളത്തിൽ 13 റെയിൽവേ പോലീസ് സ്റ്റേഷനുകളുണ്ട്. തിരുവനന്തപുരം സെൻട്രൽ, പാറശ്ശാല, കൊല്ലം, പുനലൂർ, ആലപ്പുഴ, കോട്ടയം, എറണാകുളം ജംഗ്ഷൻ, തൃശൂർ, ഷൊർണൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിലെ പ്രധാന റെയിൽവേ സ്റ്റേഷൻ പരിസരത്താണ് ഇവ സ്ഥിതി ചെയ്യുന്നത്.

സായുധ സേന വിഭാഗങ്ങൾ (ആംഡ്‌ പോലീസ്‌ ബറ്റാലിയനുകൾ)

[തിരുത്തുക]

സംസ്ഥാനത്ത്‌ 7 കേരള ആംഡ്‌ പോലീസ്‌ (കെ.എ.പി) ബറ്റാലിയനുകൾ ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട്‌. പുതിയ റിക്രൂട്ടുകൾക്കുള്ള പരിശീലനം ഇവിടെ ആണ്‌ നടക്കുന്നത്‌. അവശ്യ സമയങ്ങളിൽ ലോക്കൽ പോലീസിനെ ക്രമസമധാന പ്രശ്നങ്ങളിൽ സഹായിക്കാനും, ഈ പോലീസ്‌ വിഭാഗത്തിന്റെ സേവനം ഉപയോഗപ്പെടുത്തുന്നു. വളരെയധികം പോലീസുകാരുടെ സേവനം ആവശ്യം വരുന്ന മതപരമായ ഉത്സവങ്ങൾ, സമരങ്ങൾ എന്നിവ ഉണ്ടാകുമ്പോൾ ബറ്റാലിയനിലെ പോലീസുകാരെ അവിടെ നിയോഗിക്കാറുണ്ട്‌. ഈ വിഭാഗത്തിലെ പോലീസുകാർക്ക്‌ കേസുകൾ കൈകാര്യം ചെയ്യാനുള്ള അധികാരം ഇല്ല. ഇവർ ചുരുക്കം അവസരങ്ങളിൽ അല്ലാതെ പൊതു ജനങ്ങളുമായി ഇടപെടാറുമില്ല. താഴെ കൊടുത്തിട്ടുള്ള സ്ഥലങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന ക്യാമ്പുകളിൽ ആയി ഈ വിഭാഗം പ്രവർത്തിക്കുന്നു. സായുധ പോലീസിൻ്റെ ചുമതല ഒരു അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് (എഡിജിപി) റാങ്കിലുള്ള ഉദ്യോഗസ്ഥനാണ്. ഓരോ ബറ്റാലിയന്റെയും ചുമതല ഒരു പോലീസ് സൂപ്രണ്ട് റാങ്കിലുള്ള കമാൻഡന്റ്ന് ആണ്.

  • കെ.എ.പി 1-ആം ബറ്റാലിയൻ, രാമവർമ്മപുരം, തൃശ്ശൂർ
  • കെ.എ.പി 2-ആം ബറ്റാലിയൻ, മുട്ടികുളങ്ങര, പാലക്കാട്‌
  • കെ.എ.പി 3-ആം ബറ്റാലിയൻ, അടൂർ, പത്തനംതിട്ട
  • കെ.എ.പി 4-ആം ബറ്റാലിയൻ, മാങ്ങാട്ടുപറമ്പ്‌, കണ്ണൂർ
  • കെ.എ.പി 5-ആം ബറ്റാലിയൻ, കുട്ടിക്കാനം, ഇടുക്കി
  • മലബാർ സ്പെഷ്യൽ‍ പോലീസ്‌ (എം.എസ്‌.പി.), മലപ്പുറം.
  • സ്പെഷൽ ആർംഡ്‌ പോലീസ്‌ (എസ്‌.എ.പി), തിരുവനന്തപുരം
  • R R R F (റാപിഡ് റസ്പോൺസ് ആൻഡ് റെസ്ക്യൂ ഫോഴ്സ്), ക്ലാരി, മലപ്പുറം
  • ഇന്ത്യ റിസർവ്വ് ബറ്റാലിയൻ (IRB), തൃശൂർ
  • കേരള സായുധ വനിതാ പോലീസ് ബറ്റാലിയൻ
  • സംസ്ഥാന വ്യവസായ സുരക്ഷാ സേന (SISF)

ഇതിൽ മലബാർ സ്പെഷൽ പോലീസും, സ്പെഷൽ ആംഡ്‌ പോലീസും ബ്രിട്ടീഷുകാരുടെ ഭരണകാലത്തും, ഇന്ത്യക്കു സ്വാതന്ത്ര്യം കിട്ടിയ സമയത്തും രൂപീകൃതമായ വിഭാഗങ്ങൾ ആണ്‌.

സായുധ പോലീസ് ബറ്റാലിയൻ്റെ ഘടന (അധികാര ശ്രേണി) താഴെ കൊടുത്തിരിക്കുന്നു;

  • കമാൻഡൻ്റ്
  • ഡെപ്യൂട്ടി കമാൻഡന്റ് (ഡി.സി.)
  • അസിസ്റ്റൻ്റ് കമാൻഡന്റ് (എ.സി.)
  • ആംഡ് പോലീസ് ഇൻസ്പെക്ടർ (എ.പി.ഐ.)
  • ആംഡ് പോലീസ് സബ് ഇൻസ്പെക്ടർ (എസ്.ഐ.)
  • ആംഡ് അസിസ്റ്റൻ്റ് സബ് ഇൻസ്പെക്ടർ (എ.എസ്.ഐ)
  • ഹവിൽദാർ
  • ഹെഡ് കോൺസ്റ്റബിൾ
  • പോലീസ് കോൺസ്റ്റബിൾ (പി.സി.)

പരിശീലന വിഭാഗം

[തിരുത്തുക]

സംസ്ഥാന പോലീസിന്റെ ഭരണനിർവഹണത്തിൽ പരിശീലനം ഒരു പ്രധാന വശമാണ്, ഇതിന് നേതൃത്വം നൽകുന്നത് അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് (എഡിജിപി) റാങ്കിൽ ഉള്ള ഉദ്യോഗസ്ഥനാണ്, കൂടാതെ അദ്ദേഹം കേരള പോലീസ് അക്കാദമിയുടെ ഡയറക്ടർ കൂടിയാണ്. പോലീസ് പരിശീലന വിഭാഗത്തിൻ കീഴിൽ രണ്ടു മുഖ്യ സ്ഥാപനങ്ങൾ ആണുള്ളത്. അവ തൃശ്ശൂരിൽ ഉള്ള കേരള പോലീസ് അക്കാദമിയും തിരുവനന്തപുരത്തുള്ള പോലീസ് ട്രെയിനിംഗ് കോളേജുമാണ്. പോലീസ് ട്രെയിനിംഗ് കോളേജ് പോലീസ് സൂപ്രണ്ട് റാങ്കിലുള്ള പ്രിൻസിപ്പൽ ആണ് നേതൃത്വം നൽകുന്നത്. ഐ.പി.എസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ പോലീസ് വകുപ്പിലെ എല്ലാ ഉദ്യോഗസ്ഥരുടെയും പരിശീലന ആവശ്യങ്ങൾ പോലീസ് അക്കാദമി നിറവേറ്റുന്നു. ഹൈദരാബാദിലെ ദേശീയ പോലീസ് അക്കാദമിയിൽ പരിശീലനം പൂർത്തിയാക്കിയ ഐ.പി.എസ് ഓഫീസർമാർ, പ്രൊബേഷണറി ഡി.വൈ.എസ്.പി.മാർ, പ്രൊബേഷണറി എസ്.ഐമാർ എന്നിവരുൾപടെയുള്ളവരുടെ പരിശീലനം തിരുവനന്തപുരത്തെ പോലീസ് ട്രെയിനിംഗ് കോളേജാണ് നടത്തുന്നത്. എ.എസ്.ഐ/എസ്.ഐ റാങ്കിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച ഹെഡ് കോൺസ്റ്റബിൾമാർക്കും പോലീസ് ട്രെയിനിംഗ് കോളേജിൽ പരിശീലനം നൽകുന്നു.

ഇതര വിഭാഗങ്ങൾ

[തിരുത്തുക]
  • സംസ്ഥാന ക്രൈം റെക്കോർഡ്സ് ബ്യൂറോ :- കുറ്റകൃത്യങ്ങളുടെയും കുറ്റവാളികളുടെയും വിവര ശേഖരണം, വിശകലനം എന്നിവയാണ് അടിസ്ഥാന ചുമതല. സംസ്ഥാന പോലീസ്ൻ്റെ എല്ലാ സാങ്കേതിക വിഭാഗങ്ങളുടെയും ചുമതല കൂടി ഈ വിഭാഗത്തിനുണ്ട്. അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് (എഡിജിപി) റാങ്കിലുള്ള ഉദ്യോഗസ്ഥൻ ആണ് ഇതിന് നേതൃത്വം നൽകുന്നത്.
  • തീരദേശ പോലീസ് :- 596 കിലോ മീറ്റർ നീളമുള്ള, വളരെ നീണ്ട ഒരു കടൽത്തീരം നമ്മുടെ സംസ്ഥാനത്തിനുണ്ട്. കടൽത്തീര ത്തുനിന്ന് 12 നോട്ടിക്കൽ മൈൽ വരെയുള്ള ഈ പ്രദേശത്തെ സുരക്ഷ ഉറപ്പാക്കൽ, ക്രിമിനൽ പ്രവർത്തനങ്ങൾ തടയൽ, അവ സംബന്ധിച്ചുള്ള കേസുകൾ കൈകാര്യം ചെയ്യൽ എന്നിവയാണ് തീരദേശ പോലീസിന്റെ മുഖ്യചുമതല. 2009 ൽ കൊല്ലം നീണ്ടകരയിലാണ് കേരളത്തിലെ ആദ്യ തീരദേശ പോലീസ് സ്റ്റേഷൻ ആരംഭിച്ചത്. കേരളത്തിൽ നിലവിൽ 18 തീരദേശ പോലീസ് സ്റ്റേഷനുകളാണുള്ളത്. ഐ.ജി. റാങ്കിൽ കുറയാത്ത മുതിർന്ന ഒരു ഉദ്യോഗസ്ഥൻ നേതൃത്വം നൽകുന്നു. കൊച്ചിയിൽ ആണ് ഇതിൻ്റെ ആസ്ഥാനം.
  • പോലീസ് ടെലികമ്മ്യൂണിക്കേഷൻ:- സംസ്ഥാന പോലീസിൻ്റെ വയർലെസ്സ് , മറ്റു വാർത്ത വിനിമയ സംവിധാനങ്ങളുടെ പരിപാലനമാണ് ഈ വിഭാഗത്തിൻ്റെ ചുമതല. ഒരു പോലീസ് സൂപ്രണ്ട് റാങ്കിലുള്ള ഉദ്യോഗസ്ഥൻ ആണ് ഇതിന് നേതൃത്വം നൽകുന്നത്. ജില്ലകളിൽ ദൈനംദിന പോലീസിങ്ങിനു ടെലികമ്മ്യൂണിക്കേഷൻ ശൃംഖല നൽകുക, ഉപകരണങ്ങൾ പരിപാലിക്കുക, കൃത്യമായ നിരീക്ഷണത്തിലൂടെ അത് നന്നാക്കുക എന്നിവയാണ് ഈ യൂണിറ്റിന്റെ അടിസ്ഥാന കടമകളും ഉത്തരവാദിത്തങ്ങളും. അവർക്ക് ഒരു സ്വതന്ത്ര പരിശീലന വിഭാഗവും മെയിന്റനൻസ് ആൻഡ് റിപ്പയർ വർക്ക് ഷോപ്പും ഉണ്ട്. ഈ വിഭാഗത്തിൽ പ്രത്യേക സാങ്കേതിക തസ്തികകൾ അനുവദിച്ചിട്ടുണ്ട്. പോലീസ് കോൺസ്റ്റബിൾ (ടെലികമ്മ്യൂണിക്കേഷൻ), ഹെഡ് കോൺസ്റ്റബിൾ (ടെലികമ്മ്യൂണിക്കേഷൻ), സബ് ഇൻസ്പെക്ടർ (ടെലികമ്മ്യൂണിക്കേഷൻ), പോലീസ് ഇൻസ്പെക്ടർ (ടെലികമ്മ്യൂണിക്കേഷൻ), ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് (ടെലികമ്മ്യൂണിക്കേഷൻ) തുടങ്ങീ പ്രത്യേക സാങ്കേതിക തസ്തികകൾ ഈ വിഭാഗത്തിലുണ്ട്.
  • മോട്ടോർ ട്രാൻസ്പോർട്ട് വിഭാഗം:- പോലീസിലെ ഒരു സാങ്കേതിക വിഭാഗമാണിത്. പോലീസ് വകുപ്പിലെ വാഹനങ്ങളുടെ പരിപാലനം, അറ്റകുറ്റപണി, സേവനം എന്നിവയാണ് പ്രധാന ചുമതലകൾ. പോലീസ് സൂപ്രണ്ട് (മോട്ടോർ ട്രാൻസ്പോർട്ട്) ആണ് നേതൃത്വം നൽകുന്നത്. കേരള പോലീസിന് നിരവധി ബസുകളും ജീപ്പുകളും കാറുകളും ഉണ്ട്. സാധാരണയായി വാഹനങ്ങൾ ലോക്കൽ പോലീസ് (ജില്ലാ പോലീസ്), സിബിസിഐഡി, എസ്ബിസിഐഡി, എപിബിഎൻ തുടങ്ങിയ പ്രത്യേക യൂണിറ്റുകളിൽ ലഭ്യമാണ്. ഓരോ ജില്ലയ്ക്കും വ്യത്യസ്തമായ എംടി വിഭാഗമുണ്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലെ വെള്ളം കയറുന്ന പ്രദേശങ്ങളിലെ പോലീസ് സ്റ്റേഷനുകൾക്ക് സ്പീഡ് ബോട്ടുകൾ നൽകിയിട്ടുണ്ട്. ഡ്രൈവർ പോലീസ് കോൺസ്റ്റബിൾ, ഡ്രൈവർ ഹെഡ് കോൺസ്റ്റബിൾ, ഡ്രൈവർ സബ് ഇൻസ്പെക്ടർ തുടങ്ങീ പ്രത്യേക തസ്തികകളും ഈ വിഭാഗത്തിന് അനുവദിച്ചിട്ടുണ്ട്.
  • പോലീസ് വിരലടയാള വിഭാഗം:- ക്രിമിനൽ പ്രവർത്തനങ്ങൾക്കെതിരായ പോരാട്ടത്തിൽ പോലീസ് സേനയുടെ വിവിധ അന്വേഷണ ഏജൻസികളെയും വിഭാഗങ്ങളെയും സഹായിക്കുന്ന കേരളാ പോലീസിന്റെ ഒരു പ്രധാന ശാസ്ത്ര അന്വേഷണ വിഭാഗമാണ് "ഫിംഗർ പ്രിന്റ് ബ്യൂറോ". പോലീസ് വകുപ്പിന്റെ കേരളാ സ്റ്റേറ്റ് ഫിംഗർ പ്രിന്റ് ബ്യൂറോ ഒരു ഡയറക്ടറുടെ നേതൃത്വത്തിൽ, അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ്, സ്റ്റേറ്റ് ക്രൈം റെക്കോര്ഡ് ബ്യൂറോയുടെ കീഴിൽ നേരിട്ട് പ്രവര്ത്തിക്കുന്നു.

നിയമനം

[തിരുത്തുക]

യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (UPSC) നടത്തുന്ന സിവിൽ സർവീസ് പരീക്ഷയിലൂടെയാണ് IPS ഓഫീസർമാരെ റിക്രൂട്ട് ചെയ്യുന്നത്. പിന്നീട് തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥരെ കേരള കേഡറിലേക്ക് നിയമിക്കപ്പെടുന്നു. സംസ്ഥാന പോലീസ് സർവീസിൽ നിന്നു സ്ഥാനക്കയറ്റം നേടിയും ഇന്ത്യൻ പോലീസ് സർവീസിലേക്ക് തിരഞ്ഞെടുക്കാറുണ്ട്. നേരിട്ട് റിക്രൂട്ട് ചെയ്യുന്ന ഐ.പി.എസ് ഓഫീസറുടെ ആദ്യ നിയമനം അസിസ്റ്റന്റ് സൂപ്രണ്ട് ഓഫ് പോലീസ് (എ.എസ്.പി.) തസ്തികയിലേക്കാണ്.

കേരള പബ്ലിക് സർവീസ് കമ്മീഷൻ (പി.എസ്.സി.) മുഖേനെയാണ് പോലീസ് ഉദ്യോഗസ്ഥരെ നിയമിക്കുന്നത്. PSC നടത്തുന്ന എഴുത്തു പരീക്ഷയും ശരീരക ക്ഷമത ടെസ്റ്റും അനുസരിച്ചാണ് ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കുന്നത്. സബ് ഇൻസ്‌പെക്ടർ, പോലീസ് കോൺസ്റ്റബിൾ എന്നീ തസ്തികകളിലേക്കാണ് നേരിട്ടുള്ള നിയമനം. ഇതിൽ പോലീസ് സായുധ വിഭാഗത്തിലേക്കുള്ള സബ് ഇൻസ്‌പെക്ടർ (ആംഡ്) തസ്തികയിലേക്കും സിവിൽ പോലീസ് (ലോക്കൽ പോലീസ്) വിഭാഗത്തിലേക്കുള്ള സബ് ഇൻസ്‌പെക്ടർ (ജനറൽ എക്സിക്യൂട്ടീവ് ) തസ്തികയിലേക്കും പ്രതേകം പരീക്ഷകൾ മുഖേനെയാണ് നിയമനം നടത്തുന്നത്. ജനറൽ എക്സിക്യൂട്ടിവ്‌ വിഭാത്തിലേക്കുള്ള സബ്‌-ഇൻസ്പെകടർമാരെ നേരിട്ടും പോലീസുകാരിൽ നിന്നും പ്രൊമോഷൻ മുഖേനയും 1:1 എന്ന അനുപാതത്തിൽ ആണ് എടുക്കുന്നത്‌. പി. എസ്. സി മുഖാന്തരം നേരിട്ടു നിയമനം ലഭിച്ചു വരുന്ന സബ്‌-ഇൻസ്പെക്ടർമാരുടെ പരിശീലനം വ്യത്യസ്തവും, ആദ്യ റാങ്ക്‌ തന്നെ സബ്‌-ഇൻസ്പെകടറുടേതും ആയിരിക്കും. പോലീസ് കോൺസ്റ്റബിൾ തസ്തികയിലേക്കും, കൂടാതെ പോലീസിലെ സാങ്കേതിക തസ്തികകളായ ടെലിക്കമ്യൂണിക്കേഷൻ പോലീസ് കോൺസ്റ്റബിൾ, ഡ്രൈവർ പോലീസ് കോൺസ്റ്റബിൾ എന്നിവയിലേക്കും പി. എസ്. സി. മുഖേനെ നിയമനം നടത്തുന്നു.

ആംഡ്‌ പോലീസ്‌ ബറ്റാലിയനിലെ പരിശീലനം കഴിഞ്ഞാൽ ഒരു കോൺസ്റ്റബിൾ കുറച്ചു വർഷം അതേ ബറ്റാലിയനിൽ തന്നെ തുടരുന്നു. അതു കഴിഞ്ഞാൽ സ്വന്തം ജില്ലയിൽ വരുന്ന ഒഴിവുകൾക്കനുസരിച്ചു, അയാൾ സ്വന്തം ജില്ലയിലെ 'ജില്ലാ സായുധ റിസർവ്വ്‌' (ഏ.ആർ ക്യാമ്പ്‌)-ലേക്ക്‌ വരുന്നു. ജില്ലാ സായുധ റിസർവ് സേന എന്നത് അടിയന്തര ഘട്ടത്തിൽ ലോക്കൽ പോലീസിനെ സഹായിക്കാൻ ഉദ്ദേശിച്ച്‌ ഉണ്ടാക്കിയ ഒരു സേനാവിഭാഗം ആണ്. ലഹളകളെ അമർച്ച ചെയ്യൽ, തടവു പുള്ളികളെ കോടതിയിൽ ഹാജരാക്കുന്നതിനുള്ള ബന്ദവസ്സ്‌ തുടങ്ങിയ ചുമതലകൾ നിർവഹിക്കുന്നത്‌ സായുധ റിസർവ്വിലെ (Armed Reserve) പോലീസുകാരാണ്‌. പിന്നീട്‌ ലോക്കൽ പോലീസിൽ വരുന്ന ഒഴിവുകൾക്കനുസരിച്ചു സിവിൽ പോലീസ് ഓഫീസർ (സി.പി.ഓ) ആയി ലോക്കൽ പോലീസ്‌ സ്റ്റേഷനിലേക്ക്‌ നിയമനം ലഭിക്കുന്നു.

സ്റ്റേഷൻ ക്രമീകരണം

[തിരുത്തുക]

കേരള പോലീസിൻ്റെ ക്രമസമാധാനവിഭാഗത്തിന്റെ പ്രാഥമിക തലത്തിലുള്ള വിഭാഗമാണ് പോലീസ് സ്റ്റേഷനുകൾ.[10] സ്റ്റേഷൻ ഹൗസ് ഓഫീസറുടെ (എസ്.എച്ച്.ഓ) നേതൃത്വത്തിൽ ആണ് ഓരോ പോലീസ് സ്റ്റേഷനുകളും പ്രവർത്തിക്കുന്നത്. പോലീസ് സ്റ്റേഷൻ്റെ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥൻ എന്നാണ് "സ്റ്റേഷൻ ഹൗസ് ഓഫീസർ" എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.

2019 മുതൽ കേരളത്തിലെ ഒട്ടുമിക്ക പോലീസ് സ്റ്റേഷനുകളും ഒരു പോലീസ് ഇൻസ്പെക്ടർ (Inspector of Police) (ഐ.പി.) പദവിയിലുള്ള സ്റ്റേഷൻ ഹൗസ് ഓഫീസറുടെ (ISHO) കീഴിലാണ് പ്രവർത്തിക്കുന്നത്. നിലവിൽ സംസ്ഥാനത്തെ 478 പോലീസ് സ്റ്റേഷനുകളുടെയും ചുമതല വഹിക്കുന്നത് പോലീസ് ഇൻസ്പെക്ടർ (ഇൻസ്പെക്ടർ ഓഫ്‌ പോലീസ്) അഥവാ മുമ്പ് അറിയപ്പെട്ടിരുന്ന സർക്കിൾ ഇൻസ്പെക്ടർ "സി.ഐ." റാങ്കിലുള്ള ഉദ്യോഗസ്ഥരാണ്.[11] എന്നിരുന്നാലും കേസുകൾ താരതമ്യേന കുറവുള്ള ചില ചെറിയ പോലീസ് സ്റ്റേഷനുകളുടെ ചുമതല സബ് ഇൻസ്‌പെക്ടർമാർ (എസ്.ഐ.) വഹിക്കുന്നുണ്ട്.[12]

സ്റ്റേഷൻ തലത്തിൽ ക്രമസമാധാന-കുറ്റാന്വേഷണ വിഭാഗങ്ങൾ പ്രവർത്തിക്കുന്നുണ്ട്. സ്റ്റേഷൻ ഹൗസ് ഓഫീസറെ ക്രമസമാധാന പരിപാലനം, കുറ്റാന്വേഷണം എന്നിവയിൽ സഹായിക്കാനായി ഓരോ സബ് ഇൻസ്പെക്ടർമാർ ഉണ്ടായിരിക്കും. ക്രമസമാധാന പരിപാലനത്തിനായി ഒരു സബ് ഇൻസ്പെക്ടറും (Sub Inspector, Law & Order), കുറ്റാന്വേഷണത്തിനായി ഒരു സബ് ഇൻസ്പെക്ടറും (Sub Inspector, Crimes) ഉണ്ടായിരിക്കും. ഇവർ ക്രമസമാധാന (L&O), കുറ്റാന്വേഷണ വിഭാഗങ്ങൾക്ക് നേതൃത്വം നൽകുന്നു. ക്രമസമാധാന ചുമതലയുള്ള സബ് ഇൻസ്പെക്ടർ പ്രിൻസിപ്പൽ സബ് ഇൻസ്പെക്ടർ (Principal SI) എന്ന പേരിലും അറിയപ്പെടുന്നു.

ജോലി ഭാരം അധികമുള്ള സ്റ്റേഷനുകളിൽ ഒന്നിൽ കൂടുതൽ സബ്‌-ഇൻസ്പെകടർമാർ ഉണ്ടായിരിക്കും. അവരെ അഡീഷണൽ സബ്‌-ഇൻസ്പെക്ടർ എന്ന് വിളിക്കുന്നു. പോലീസ്‌ സ്റ്റേഷനുകൾക്ക്‌ കീഴിലായി പോലീസ്‌ ഔട്ട്‌ പോസ്റ്റുകളും നിലവിലുണ്ട്‌. അവ ഒരു അസിസ്റ്റന്റ്‌ സബ്‌-ഇൻസ്പെക്ടറുടേയൊ (എ.എസ്‌.ഐ), സീനിയർ സിവിൽ പോലീസ് ഓഫീസറുടേയൊ കീഴിലായിരിക്കും. പോലീസ് സ്റ്റേഷനിലെ ദൈന്യം ദിന കാര്യങ്ങൾക്കായി അസിസ്റ്റൻ്റ് സബ് ഇൻസ്പെക്ടർമാരെയും, സീനിയർ സിവിൽ പോലീസ് ഓഫീസർമാരെയും, സിവിൽ പോലീസ് ഓഫീസർമാരെയും നിയമിച്ചിട്ടുണ്ട്.

ലോക്കൽ പോലീസ്‌ സംവിധാനത്തിലെ ഒരു പ്രധാന ഘടകം ആണ്‌ ക്രൈം സ്ക്വാഡുകൾ.

ഒന്നിൽ കൂടുതൽ പോലീസ് സ്റ്റേഷനുകൾ ഉൾപ്പെടുന്നതാണ് പോലീസ്‌ സബ്‌-ഡിവിഷൻ. ഇതിന്റെ മേൽനോട്ട ചുമതല ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിനായിരിക്കും(ഡി.വൈ.എസ്‌.പി). സബ്‌-ഡിവിഷനുകൾ കൂട്ടി ചേർത്തതാണ്‌ പോലീസ്‌ ജില്ല. ഇതിന്റെ ചുമതല ജില്ലാ പോലീസ്‌ മേധാവിക്ക് ആയിരിക്കും.

കേരള പോലീസ്‌ സ്ഥാനമാനങ്ങൾ

[തിരുത്തുക]
ഗസറ്റഡ് ഉദ്യോഗസ്ഥരുടെ പദവികളും ചിഹ്നങ്ങളും [13][14][15]
ചിഹ്നം
റാങ്ക് ഡയറക്ടർ ജനറൽ ഓഫ് പോലീസ് അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് അസിസ്റ്റന്റ് ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ്/സീനിയർ സൂപ്രണ്ട് ഓഫ് പോലീസ് സൂപ്രണ്ട് ഓഫ് പോലീസ് അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ് ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ്/അസിസ്റ്റന്റ് സൂപ്രണ്ട് ഓഫ് പോലീസ് അസിസ്റ്റന്റ് സൂപ്രണ്ട് ഓഫ് പോലീസ് (Probationary Rank: 2 years of service) അസിസ്റ്റന്റ് സൂപ്രണ്ട് ഓഫ് പോലീസ് (Probationary Rank: 1 year of service)
ചുരുക്കെഴുത്ത് ഡി.ജി.പി എ.ഡി.ജി.പി ഐ.ജി ഡി.ഐ.ജി എ.ഐ.ജി എസ്.പി അഡീഷണൽ എസ്.പി ഡി.വൈ.എസ്.പി/എ.എസ്.പി എ.എസ്.പി എ.എസ്.പി
  • കുറിപ്പ്: സീനിയർ സൂപ്രണ്ട് ഓഫ് പോലീസ് റാങ്കും സൂപ്രണ്ട് ഓഫ് പോലീസ് (സെലക്ഷൻ ഗ്രേഡ്) റാങ്കും സമാനമാണ്.
  • പരിശീലനം പൂർത്തിയാക്കിയ ഐ.പി.എസ്. ഉദ്യോഗസ്ഥർക്ക് കിട്ടുന്ന ആദ്യ റാങ്കാണ് അസിസ്റ്റന്റ് സൂപ്രണ്ട് ഓഫ് പോലീസ്.
  • കുറിപ്പ്: വിവിധ സ്ഥലങ്ങളിൽ വ്യത്യസ്ത റാങ്കിലുള്ള ഉദ്യോഗസ്ഥർ വഹിക്കുന്ന ഒരു തസ്തികയാണ് പോലീസ് കമ്മീഷണർ. ഉദാഹരണത്തിന്, ഡൽഹിയിലും മുംബൈയിലും മാത്രം ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥരാണ് പോലീസ് കമ്മീഷണർ; എഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥരാണ് പൂനെ, അഹമ്മദാബാദ്, ചെന്നൈ, ബാംഗ്ലൂർ, കൊൽക്കത്ത, ഹൈദരാബാദ്, ലഖ്‌നൗ, വാരണാസി, ഗുവാഹത്തി തുടങ്ങിയ സ്ഥലങ്ങളിൽ പോലീസ് കമ്മീഷണർമാർ; തിരുവനന്തപുരം, ലുധിയാന, മൈസൂർ, കൊച്ചി തുടങ്ങിയ സ്ഥലങ്ങളിൽ ഐ.ജി റാങ്കിലുള്ള ഉദ്യോഗസ്ഥർ ആണ് പോലീസ് കമ്മീഷണർ; കോഴിക്കോട് ഡിഐജി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് പോലീസ് കമ്മീഷണർ; കൊല്ലത്തും തൃശൂരും എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥർ ആണ് കമ്മീഷണർമാർ.
പോലീസ് ഉദ്യോഗസ്ഥരുടെ റാങ്കുകൾ[16][17][18]
ചിഹ്നം
അടയാളങ്ങളൊന്നുമില്ല
റാങ്ക് പോലീസ് ഇൻസ്പെക്ടർ സബ് ഇൻസ്‌പെക്ടർ അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ സീനിയർ സിവിൽ പോലീസ് ഓഫീസർ സിവിൽ പോലീസ് ഓഫീസർ
ചുരുക്കെഴുത്ത് ഐ.പി/സി.ഐ എസ്.ഐ എ.എസ്.ഐ എസ്.സി.പി.ഒ സി.പി.ഒ
  • കുറിപ്പ്: പോലീസ് കോൺസ്റ്റബിൾ എന്ന റാങ്കാണ് സിവിൽ പോലീസ് ഓഫീസർ ആയി അറിയപ്പെടുന്നത്.

കേരള പോലീസിൽ സിവിൽ പോലീസ് ഓഫീസർ(സി.പി.ഓ) മുതൽ ഡി.ജി.പി വരെയാണ് റാങ്കുകൾ. നേരിട്ടുള്ള നിയമനം പി.എസ്.സി. മുഖേന സിവിൽ പോലീസ് ഓഫീസർ (സി.പി.ഓ) സബ്‌-ഇൻസ്പെക്ടർ ഓഫ്‌ പോലീസ്‌ എന്നീ തസ്തികകളിലേക്കും യു.പി.എസ്.സി മുഖേന കേരള കേഡറിലേക്കു നിയമനം ലഭിക്കുന്ന ഐ.പി.എസു കാർക്കു അസിസ്റ്റന്റ് പോലീസ് സൂപ്രണ്ട് (എ.എസ്.പി.) തസ്തികയിലേക്കുമാണ്.

കൂടാതെ 12 വർഷം സർവീസ് പൂർത്തിയാക്കിയ വകുപ്പ്തല പരീക്ഷകൾ പാസ്സായിട്ടുള്ള സിവിൽ പോലീസ് ഓഫീസർമാർക്ക് ഗ്രേഡ് സീനിയർ സിവിൽ പോലീസ് ഓഫീസർ റാങ്കും, 20 വർഷം സർവീസ് പൂർത്തിയാക്കിയ സീനിയർ സിവിൽ പോലീസ് ഓഫീസർമാർക്കു് ഗ്രേഡ് അസിസ്റ്റന്റ്‌ സബ്‌-ഇൻസ്പെക്ടർ റാങ്കും നൽകുവാനും, 25 വർഷം സർവീസ് പൂർത്തിയാക്കിയ അസിസ്റ്റന്റ്‌ സബ്‌-ഇൻസ്പെക്ടർമാർക്ക് ഗ്രേഡ് സബ്‌-ഇൻസ്പെക്ടർ (ഗ്രേഡ്) റാങ്ക് നൽകുവാൻ സർക്കാർ തീരുമാനം എടുത്തു. ഇവർ ഹോണററി ഗ്രേഡ് ലഭിക്കുമ്പോൾ ഉള്ള റാങ്കിന്റെ ചുമതലകളും ഉത്തരവാദിത്തങ്ങളുമായിരിക്കും തുടർന്നും വഹിക്കുക.

മുതിർന്ന ഇന്ത്യൻ പോലീസ് സർവീസ് ഉദ്യോഗസ്ഥരുടെ റാങ്കുകളും അതിനെ സൂചിപ്പിക്കുന്ന നക്ഷത്രങ്ങളും, മൂന്നു നക്ഷത്രങ്ങൾ ഡിജിപി/എഡിജിപി എന്നിവരെ സൂചിപ്പിക്കുന്നു.
മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക വാഹനങ്ങളിൽ ഉള്ള ഫ്ലാഗുകൾ, ഇവ അവരുടെ റാങ്കിനെ സൂചിപ്പിക്കുന്നു.

പോലീസ് റാങ്കുകളും ചിഹ്നങ്ങളും

[തിരുത്തുക]

പോലീസ് ഉദ്യോഗസ്ഥരുടെ ഷർട്ടിൽ (യൂണിഫോം) പദവി ചിഹ്നമുണ്ട്. അവയുടെ പട്ടിക;

കേരള പോലീസ് റാങ്കുകളും, ചിഹ്നങ്ങളും.
പദവി ചിഹ്നം
ഡയറക്ടർ ജനറൽ ഓഫ് പോലീസ് (DGP) അശോക ചിഹ്നവും അതിനു താഴെ കുറുകെയുള്ള വാളും ദണ്‌ഡും അതിനു താഴെ ഇംഗ്ലീഷിൽ ഐ.പി.എസ്.
അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് (ADGP) അശോക ചിഹ്നവും അതിനു താഴെ കുറുകെയുള്ള വാളും ദണ്‌ഡും അതിനു താഴെ ഇംഗ്ലീഷിൽ ഐ.പി.എസ്.
ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് (IGP) ഒരു നക്ഷത്രം, അതിന് താഴെ കുറുകെയുള്ള വാളും ദണ്ടും, അതിന് താഴെ ഇംഗ്ലീഷിൽ IPS എന്ന് എഴുതിയിരിക്കുന്നു
ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് (DIG) അശോക ചിഹ്നം, താഴെ മൂന്ന് നക്ഷത്രങ്ങൾ, താഴെ ഇംഗ്ലീഷിൽ IPS
സൂപ്രണ്ട് ഓഫ് പോലീസ് (SP)/ കമാൻഡന്റ് അശോക ചിഹ്നം, അതിനു താഴെ ഒരു നക്ഷത്രം, അതിനു താഴെ ഇംഗ്ലീഷിൽ IPS അല്ലെങ്കിൽ KPS എന്ന അക്ഷരം.
അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ് (Addl.SP)/ഡെപ്യൂട്ടി കമാൻഡന്റ് അശോക ചിഹ്നം, അതിനു താഴെ ഇംഗ്ലീഷിൽ KPS എന്ന അക്ഷരം.
അസിസ്റ്റൻ്റ് സൂപ്രണ്ട് ഓഫ് പോലീസ് (ASP)
  • മൂന്ന് നക്ഷത്രങ്ങൾ ഒന്നിനുപുറകെ ഒന്നായി ക്രമീകരിച്ചിരിക്കുന്നു. അതിനു താഴെ ഇംഗ്ലീഷിൽ IPS എന്ന് എഴുതിയിരിക്കുന്നു.
  • ഐ.പി.എസ് ഉദ്യോഗസ്ഥരുടെ പരിശീലന കാലയളവിലെ പദവിയാണിത്.
ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് (DYSP) / അസിസ്റ്റന്റ് കമാൻഡന്റ് മൂന്ന് നക്ഷത്രങ്ങൾ ഒന്നിനുപുറകെ ഒന്നായി ക്രമീകരിച്ചിരിക്കുന്നു. അതിനു താഴെ ഇംഗ്ലീഷിൽ KPS എന്ന അക്ഷരമുണ്ട്
പോലീസ് ഇൻസ്പെക്ടർ (Inspector) മൂന്ന് നക്ഷത്രവും അതിൻ താഴെയായി ചുവപ്പും നീലയും നിറമുള്ള റിബ്ബണും അതിൻ താഴെയായി KPS എന്ന ഇംഗ്ലീഷ് അക്ഷരവും.
സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് (SI) രണ്ട് നക്ഷത്രവും അതിൻ താഴെയായി ചുവപ്പും നീലയും നിറമുള്ള റിബ്ബണും അതിൻ താഴെയായി KP എന്ന ഇംഗ്ലീഷ് അക്ഷരവും.
അസിസ്റ്റൻ്റ് സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് (ASI) ഒരു നക്ഷത്രവും അതിൻ താഴെയായി ചുവപ്പും നീലയും നിറമുള്ള റിബ്ബണും അതിൻ താഴെയായി KP എന്ന ഇംഗ്ലീഷ് അക്ഷരവും.
സീനിയർ സിവിൽ പൊലീസ് ഓഫീസർ (SCPO) ഷർട്ടിന്റെ പടിഞ്ഞാറ് ഭാഗത്ത് ഇംഗ്ലീഷ് അക്ഷരമായ 'V' യുടെ ആകൃതിയിൽ വെള്ള നിറത്തിലുള്ള മൂന്ന് വരകളുണ്ട്.
സിവിൽ പോലീസ് ഓഫീസർ (CPO) പ്രത്യേകിച്ച് ചിഹ്നമോ അടയാളമോ യൂണിഫോമിൽ ഇല്ല, KP എന്ന ഇംഗ്ലീഷ് അക്ഷരം ഉണ്ടാകും. ചിഹ്നമില്ല

കമ്മീഷണറേറ്റുകൾ (പ്രധാന നഗരങ്ങളിലെ പോലീസ്‌ സംവിധാനം)

[തിരുത്തുക]

നിലവിൽ കേരളത്തിൽ 20 പോലീസ് ജില്ലകൾ ആണുള്ളതു. കേരളത്തിലെ ആറ് പ്രധാന നഗരങ്ങൾ ആയ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്,തൃശൂർ, കൊല്ലം, കണ്ണൂർ എന്നിവിടങ്ങളിലെ പോലീസ്‌ സംവിധാനത്തെ 'സിറ്റി പോലീസ്‌','റൂറൽ പോലീസ്‌' എന്നിങ്ങനെ വേർ തിരിച്ചിരിക്കുന്നു. ഇതു പ്രകാരം ഒരു നഗരം ഒരു പോലീസ്‌ ജില്ലക്ക്‌ തുല്യം ആയിരിക്കും. കൊച്ചി, തിരുവനന്തപുരം സിറ്റി പോലീസിന്റെ ചുമതല ഐ.ജി റാങ്കിലുള്ള 'പോലീസ്‌ കമ്മീഷണറു‍' ടെ കീഴിലും കോഴിക്കോട് ഡി.ഐ.ജി റാങ്കിലുള്ള 'പോലീസ്‌ കമ്മീഷണറു‍' ടെ കീഴിലും തൃശൂർ, കൊല്ലം, കണ്ണൂർ നഗരത്തിന്റെ ചുമതല ഒരു പോലീസ്‌ സൂപ്രണ്ടിന്റെ കീഴിലും ആണ്‌. . നഗരാതിർത്തിക്ക്‌ പുറത്തുള്ള സ്ഥലങ്ങളെ ഉൾപ്പെടുത്തി 'റൂറൽ പോലീസ്‌ രൂപീകരിച്ചിരിക്കുന്നു. ഈ റൂറൽ പോലീസ്‌ മറ്റു ജില്ലകളിലെ പോലെ ഒരു സൂപ്രണ്ടിന്റെ കീഴിൽ ആയിരിക്കും.

ചിത്രങ്ങൾ

[തിരുത്തുക]
ഇതും കാണുക: [ചിത്രങ്ങൾ]
  • പോലീസ് വാഹനം
    പോലീസ് വാഹനം
  • തണ്ടർ ബോൾട്ട് സേനയുടെ റൂട്ട് മാർച്ച്.
    തണ്ടർ ബോൾട്ട് സേനയുടെ റൂട്ട് മാർച്ച്.
  • കേരളാ പോലീസ് ദൗത്യപ്രഖ്യാപനം

    [തിരുത്തുക]

    ഭാരത ഭരണഘടനയോട് കൂറുപുലർത്തി അച്ചടക്കവും, ആദർശധീരതയും ഉൾക്കരുത്താക്കി മനുഷ്യാവകാശങ്ങൾ മാനിച്ച് ജനങ്ങളുടെ ജീവനും, സ്വത്തും അന്തസ്സും സംരക്ഷിച്ചു ന്യായമായും, നിഷ്പക്ഷമായും, നിയമം നടപ്പാക്കി അക്ഷോഭ്യരായി അക്രമം അമർച്ചചെയ്ത് വിമർശനങ്ങൾ ഉൾക്കൊണ്ട് ആത്മപരിശോധന നടത്തി ജനങ്ങളുടെ ഭാഗമായി ജനങ്ങൾക്കുവേണ്ടി ജനങ്ങളോടൊത്ത് പ്രവർത്തിച്ച് ക്രമസമാധാനം കാത്ത് സൂക്ഷിക്കാൻ പ്രതിജ്ഞാബദ്ധരാണ് ഞങ്ങൾ.

    ഇതും കാണുക

    [തിരുത്തുക]
    കേരള പോലീസ്വിക്കിപീഡിയയുടെ സഹോദര സംരംഭങ്ങളിൽ

    അവലംബം

    [തിരുത്തുക]
    1. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2020-02-16. Retrieved 2020-07-04.
    2. https://document.kerala.gov.in/documents/workstudyreports/workstudy2507202316:52:34.pdf
    3. https://document.kerala.gov.in/documents/workstudyreports/workstudy2507202316:52:34.pdf
    4. https://bprd.nic.in/content/62_1_DataonPoliceOrganizations.aspx
    5. https://www.onmanorama.com/news/kerala/2022/01/17/kerala-police-to-launch-separate-wings-for-cyber-pocso-economic-offences.amp.html
    6. "Thiruvananthapuram Rural Police".[പ്രവർത്തിക്കാത്ത കണ്ണി]
    7. "Kollam Rural Police". Kollam Rural Police. Archived from the original on 2022-06-29. Retrieved 2022-06-28.
    8. "Ernakulam Rural Police". ernakulamrural.keralapolice.gov.in. Archived from the original on 15 June 2022. Retrieved 16 January 2021.
    9. Saikiran, KP (September 10, 2020). "Kerala police history will soon be on record". The Times of India (in ഇംഗ്ലീഷ്). Archived from the original on 10 April 2023. Retrieved 24 September 2020.
    10. "Kerala: Doubling of police sub-divisions on the cards". Retrieved 2022-06-17.
    11. "സ്റ്റേഷൻ ചുമതല വീണ്ടും എസ്.ഐ.മാരിലേക്ക്; പഠനറിപ്പോർട്ട് സർക്കാർ പരിഗണനയിൽ". 2023-08-31. Retrieved 2023-09-05.
    12. "Circle Inspectors take charge as SHOs in 196 stations" (in ഇംഗ്ലീഷ്). Archived from the original on 2022-10-08. Retrieved 2022-06-17.
    13. "Police Ranks" (PDF). Maharashtra Police. Retrieved August 14, 2017.
    14. "Governance of Kerala Police". Kerala Police. Retrieved August 14, 2017.
    15. "Police Ranks and Badges". Odisha Police. Retrieved August 15, 2017.
    16. "Police Ranks" (PDF). Maharashtra Police. Archived from the original (PDF) on 2017-08-15. Retrieved August 14, 2017.
    17. "Governance of Kerala Police". Kerala Police. Retrieved August 14, 2017.
    18. "Police Ranks and Badges". Odisha Police. Retrieved August 15, 2017.


    "https://ml.wikipedia.org/w/index.php?title=കേരള_പോലീസ്&oldid=4008966" എന്ന താളിൽനിന്ന് ശേഖരിച്ചത്