പോലീസ് സ്റ്റേഷൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇന്ത്യയിലെ സംസ്ഥാനസർക്കാരുകൾ പോലീസ് സ്റ്റേഷനായി പ്രഖ്യാപിക്കുന്ന ഏതെങ്കിലും സ്ഥാനമോ, സ്ഥലമോ ആണു് പോലീസ് സ്റ്റേഷൻ. ഒരു പോലീസ് സ്റ്റേഷന്റെ അധികാര പരിധി പ്രദേശം (Jurisdiction) എന്നത് സംസ്ഥാന സർക്കാർ നിർദ്ദേശിക്കുന്നതും അതാത് പോലീസ് സ്റ്റേഷനോട് ചേർന്ന് കിടക്കുന്നതുമായ പ്രദേശമാകുന്നു.പൊതുജനങ്ങളുടെ സ്വത്തിനോ ജീവനോ ഭീഷണി ഉണ്ടാകുന്നതുമായി ബന്ധപ്പെട്ട പരാതികളുണ്ടാകുന്ന സാഹചര്യത്തിൽ ആ കൃത്യം നടന്നത് ഏത് പോലീസ് സ്റ്റേഷൻ്റെ അധികാര പരിധിയിലാണോ, ആ പോലീസ് സ്റ്റേഷനിൽ അതുമായി ബന്ധപ്പെട്ട് പരാതിയുള്ളയാൾ പരാതി നൽകേണ്ടതാണ്. ഇങ്ങനെ പോലീസ് സ്റ്റേഷനിൽ സ്വീകരിക്കപ്പെടുന്ന പരാതികൾ രണ്ട് വിധത്തിലാണ് പരിഗണിക്കപ്പെടുന്നത്. പോലീസിന് നേരിട്ടെടുക്കാവുന്ന കുറ്റകൃത്യമാണെങ്കിൽ അതുമായി ബന്ധപ്പെട്ടുള്ള തുടർ നടപടികൾ പോലീസ് സ്റ്റേഷനിൽ തന്നെ കൈകൊള്ളുന്നതാണ്. പോലീസിന് നേരിട്ടെടുക്കാൻ പറ്റാത്ത വിധത്തിലുള്ള കുറ്റകൃത്യങ്ങളാണെങ്കിൽ ആയതിലേക്ക് റിപ്പോർട്ട് തയ്യാറാക്കി ബന്ധപ്പെട്ട കോടതികളുടെ പരിഗണനയ്ക്ക് അയയ്ക്കുകയും, ബഹു. കോടതിയുടെ നിർദ്ദേശാനുസരണം തുടർ നടപടികൾ സ്വീകരിക്കുന്നതുമാണ്[1].

കേരളത്തിലെ പോലീസ് സ്റ്റേഷന്റെ ഘടന[2][തിരുത്തുക]

സ്റ്റേഷൻ ഹൌസ് ഓഫീസർ ( S H O )
പോലീസ് സ്റ്റേഷൻ്റെ ചുമതല വഹിക്കുന്ന ഉദ്ദ്യോഗസ്ഥനെ സ്റ്റേഷൻ ഹൌസ് ഓഫീസർ ( S H O ) എന്ന് പറയുന്നു. സാധാരണയായി പോലീസ് സ്റ്റേഷൻ്റെ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥൻ പോലീസ് സബ്ബ് ഇൻസ്പെക്ടർ പദവിയിലുള്ള ആളായിരിക്കും. ചില സാഹചര്യങ്ങളിൽ ഉയർന്ന പദവിയിലുള്ള ഉദ്യോഗസ്ഥരും സ്റ്റേഷൻ ഹൌസ് ഓഫീസറുടെ ചുമതല വഹിക്കാറുണ്ട്. സ്റ്റേഷൻ ഹൌസ് ഓഫീസറുടെ ചുമതല വഹിക്കുന്ന ആൾ സ്റ്റേഷനിൽ നിന്നും താൽകാലികമായി മാറി നിൽക്കേണ്ടി വരുന്ന സാഹചര്യത്തിൽ സീനിയർ സിവിൽ പോലീസ് ഓഫീസറിൽ കുറയാത്ത പദവിയിലുള്ള മറ്റൊരുദ്യോഗസ്ഥനെ ചുമതല ഏൽപ്പിക്കുന്നു.
സ്റ്റേഷൻ ജി ഡി ചാർജ്ജ്
പോലീസ് സ്റ്റേഷനിലെ പ്രധാനപ്പെട്ട രജിസ്റ്ററുകളിൽ ഒന്നാണ് ജനറൽ ഡയറി അഥവാ ജി ഡി. സ്റ്റേഷനിലുള്ള എല്ലാ വസ്തുവകകളെ കുറിച്ചുള്ള വിവരങ്ങൾ ഉൾപ്പെടെ പോലീസ് സ്റ്റേഷനിലെ എല്ലാ ദൈനംദിന കാര്യങ്ങളും അവ നടക്കുന്ന സമയവും ചേർത്ത് രേഖപ്പെടുത്തി വയ്ക്കുന്ന ഒന്നാണ് ജനറൽ ഡയറി. ജി ഡി ചാർജ്ജ് ഡ്യൂട്ടി വഹിക്കുന്ന ഉദ്യോഗസ്ഥനാണ് ജനറൽ ഡയറി എഴുതി സൂക്ഷിക്കുന്നത്. സീനിയർ സിവിൽ പോലീസ് പദവിയിലുള്ളവരെയാണ് സാധാരണയായി ജി ഡി ചാർജ്ജ് ആയി നിയമിക്കാറുള്ളു. പോലീസ് സ്റ്റേഷനിൽ റിപ്പോർട്ടാകുന്ന കേസ്സുകൾ അന്വേഷണം നടത്തി കുറ്റപത്രം ബഹു. കോടതിയിൽ സമർപ്പിക്കുന്നത് സബ്ബ് ഇൻസ്പെക്ടർ റാങ്കിലുള്ള ഉദ്യോഗസ്ഥൻമാരുടെ ചുമതലയാണ്. എസ്. ഐ മാരെ ഈ കാര്യത്തിൽ സഹായിക്കുന്നത് ജീ. ഡി ചാർജ്ജ് ചുമതല വഹിക്കുന്ന പോലീസ് ഉദ്യോഗസ്ഥരാണ്.
സ്റ്റേഷൻ പാറാവ്
പോലീസ് സ്റ്റേഷനിലെ പ്രധാനപ്പെട്ട ചുമതലകളിൽ ഒന്നാണ് സ്റ്റേഷൻ പാറാവ്. ഇരുപത്തിനാലു മണിക്കൂറും ആയുധധാരിയായ പോലീസ് ഉദ്യോഗസ്ഥനാണ് സ്റ്റേഷൻ പാറാവ് ഡ്യൂട്ടി വഹിക്കുന്നത്. പാറാവ് ഡ്യൂട്ടി വഹിക്കുന്ന ഉദ്യോഗസ്ഥർ റൈഫിളാണ് മുമ്പ് ആയൂധമായി ഉപയോഗിച്ചിരുന്നത്. ഇപ്പോൾ റൈഫിളിന് പകരം പിസ്റ്റളാണ് പാറാവ് ഡ്യൂട്ടിക്ക് ഉപയോഗിക്കുന്നത്.
സ്റ്റേഷൻ റൈട്ടർ
പോലീസ് സ്റ്റേഷനിലെ ഓഫീസ് ചുമതലകൾ നിർവ്വഹിക്കുന്നത് സ്റ്റേഷൻ റൈട്ടർ എന്ന ഉദ്യോഗസ്ഥനാണ് ( S W ). സ്റ്റേഷൻ റൈട്ടറെ ഓഫീസ് ചുമതലകളിൽ സഹായിക്കുന്നതിനായി അസ്സ്സ്റ്റൻ്റെ് സ്റ്റേഷൻ റൈട്ടർമാരും ഉണ്ടാകും. ( A S W )
മറ്റ് ചുമതലകൾ
പോലീസ് സ്റ്റേഷനിലെ മറ്റ് ദൈനംദിന ചുമതലകൾ സബ്ബ് ഇൻസ്പെക്ടർമാർ, അസ്സിസ്റ്റൻ്റെ് സബ്ബ് ഇൻസ്പെക്ടർമാർ,സീനിയർ സിവിൽ പോലീസ് ഓഫീസർമാർ, സിവിൽ പോലീസ് ഓഫീസർമാർ എന്നീ തസ്തികയിലുള്ള സേനാംഗങ്ങൾ ചേർന്ന് നിർവ്വഹിക്കുന്നു.

കേരളത്തിലെ പോലീസ് സ്റ്റേഷനിലെ സേനാംഗങ്ങളും അവരുടെ യൂണിഫോമും[1][2][തിരുത്തുക]

കാക്കി നിറത്തിലുള്ള പാൻ്റ് സും ഷർട്ടുമാണ് പോലീസുദ്യോഗസ്ഥരുടെ യൂണിഫോം. തൊപ്പിയും, ലൈൻയാഡും,പേരും പദവിയും കാണിക്കുന്ന നാമത്തകിടും (name plate) യൂണിഫോമിൻ്റെ ഭാഗമായി സേനാംഗങ്ങൾ ധരിക്കുന്നു.

സബ്ബ് ഇൻസ്പെക്ടർ:
സബ്ബ് ഇൻസ്പെക്ടർ പദവിയിലുള്ള ഉദ്യോഗസ്ഥർ ഷർട്ടിൻ്റെ രണ്ട് തോളുകളിലും രണ്ട് നക്ഷത്രങ്ങളും , KPS എന്നെഴുതിയ ചിഹ്നവും, നീല നിറത്തോടു കൂടിയ ലൈൻയാഡും , അശോകചക്രം പതിച്ച,കാക്കി നിറത്തിലുള്ള തൊപ്പിയും ധരിക്കുന്നു. സ്റ്റേഷൻ ഹൌസ് ഓഫീസറുടെ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥൻ, ഷർട്ടിൻ്റെ കൈയ്യുടെ മുകൾ ഭാഗത്ത് നീലനിറത്തോടു കൂടിയ ഒരു ബാഡ്ജ് അധികമായി ധരിക്കുന്നു.
അസ്സിസ്റ്റന്റ് സബ്ബ് ഇൻസ്പെക്ടർ:
അസ്സിസ്റ്റന്റ് സബ്ബ് ഇൻസ്പെക്ടർ റാങ്കിലുള്ള ഉദ്യോഗസ്ഥർ ഷർട്ടിന്റെ രണ്ടു തോളുകളിലും ഒരു നക്ഷത്രവും , KP എന്നെഴുതിയ ചിഹ്നവും, നീലനിറത്തോടു കൂടിയ ലൈൻയാഡും, കാക്കിനിറത്തിലുള്ള, അശോകചക്രം പതിച്ച തൊപ്പിയും ധരിക്കുന്നു.
സീനിയർ സിവിൽ പോലീസ് ഓഫീസർ:
സീനിയർ സിവിൽ പോലീസ് ഓഫീസർ റാങ്കിലുള്ള ഉദ്യോഗസ്ഥർ ഷർട്ടിൻ്റെ മുകൾ ഭാഗത്തായി V ആകൃതിയിലുള്ള വെള്ള നിറത്തിലുള്ള മൂന്നു വരകളോടു കൂടിയ യൂണിഫോമും, മഞ്ഞനിറത്തിലുള്ള ലൈൻയാഡും, കടും നീലയിൽ മഞ്ഞ റിബണോടു കൂടിയ അശോകചക്രം പതിച്ച തൊപ്പിയും ധരിക്കുന്നു.
സിവിൽ പോലീസ് ഓഫീസർ:
സിവിൽ പോലീസ് ഓഫീസർ റാങ്കിലുള്ള ഉദ്യോഗസ്ഥർ ഷർട്ടിൻ്റെ മുകൾ ഭാഗത്തായി മഞ്ഞനിറത്തിലുള്ള ലൈൻയാഡും, കടും നീലയിൽ മഞ്ഞ റിബണോടു കൂടിയ അശേകചക്രം പതിച്ച തൊപ്പിയും ധരിക്കുന്നു. പോലീസ് സിവിൽ പോലീസ് റാങ്കിലുള്ള സേനാംഗങ്ങളുടെ വ്യക്തിഗതമായ ആയുധമാണ് ലാത്തി.

കേരളത്തിലെ വിവിധ തരം പോലീസ് സ്റ്റേഷനുകൾ[തിരുത്തുക]

ഉത്തരവാദപ്പെട്ട കർമ്മമേഖലകൾ, സർക്കാരിന്റെ സാമൂഹ്യനയപരിപാടികൾ, പ്രത്യേക സേവനരംഗങ്ങൾ ഇവയനുസരിച്ചു് വിവിധ സ്വഭാവമുള്ള പോലീസ് സ്റ്റേഷനുകൾ പ്രവർത്തിക്കാം.

ട്രാഫിക് പോലീസ് സ്റ്റേഷൻ[തിരുത്തുക]

.... ഗതാഗത നിയന്ത്രണം പ്രഥമ ചുമതലയായി കണക്കാക്കി പ്രവർത്തിക്കുന്ന പോലീസ് സ്റ്റേഷനാണ് ട്രാഫിക് പോലീസ് സ്റ്റേഷൻ. സാധാരാണ പോലീസ് സ്റ്റേഷനിലെ പോലെ തന്നെ സ്റ്റേഷൻ ഹൌസ് ഓഫീസർ, ജീ. ഡി ചാർജ്ജ്, സ്റ്റേഷൻ റൈട്ടർ, സ്റ്റേഷൻ പാറാവ് എന്നീ ചുമതലകളും ട്രാഫിക് പോലീസ് സ്റ്റേഷനിൽ ഉണ്ടാകും. ഗതാഗതനിയമങ്ങൾ തെറ്റിക്കുന്നതു മൂലമുണ്ടാകുന്ന പെറ്റിക്കേസ്സുകളും, മദ്യപിച്ച് വാഹനമോടിക്കുക, അമിതവേഗത മൂലം ഉണ്ടാകുന്ന റോഡ് അപകടക്കേസ്സുകൾ എന്നിവ മാത്രമെ കേരളത്തിലെ ട്രാഫിക് പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്യപ്പെടുന്നുള്ളു. കേരളത്തിലെ എല്ലാ ജില്ലകളിലും പ്രധാന നഗരങ്ങളിലും ട്രാഫിക് പോലീസ് സ്റ്റേഷനുകൾ പ്രവർത്തിച്ച് വരുന്നു. പട്ടാളത്തിൽ നിന്നും വിരമിച്ചതിന് ശേഷം കേരള പോലീസിൽ ട്രാഫിക് ചുമതലകൾ മാത്രം ചെയ്യുന്നതിനായി സേവനമനുഷ്ടിച്ച് വരുന്ന ഹോം ഗാർഡ്സിൻ്റെ സേവനം ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്നത് ട്രാഫിക് പോലീസ് സ്റ്റേഷനുകളിലാണ്.

വനിത പോലീസ് സ്റ്റേഷൻ[തിരുത്തുക]

ചിത്രശാല[തിരുത്തുക]


അവലംബം[തിരുത്തുക]

  1. 1.0 1.1 സർക്കാർ, കേരള (2011). കേരള പോലീസ് ആക്റ്റ് 2011. തിരുവനന്തപുരം: കേരള സർക്കാർ. pp. അദ്ധ്യായം III. 
  2. 2.0 2.1 Criminal Justice India Series: Kerala, 2001. Allied Publishers. 2002. 
"https://ml.wikipedia.org/w/index.php?title=പോലീസ്_സ്റ്റേഷൻ&oldid=2612212" എന്ന താളിൽനിന്നു ശേഖരിച്ചത്