Jump to content

ആനി ഓക്‌ലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആനി ഓക്‌ലി
ആനി ഓക്‌ലി 1880 കളിൽ
ജനനം
Phoebe Ann Mosey

(1860-08-13)ഓഗസ്റ്റ് 13, 1860
മരണംനവംബർ 3, 1926(1926-11-03) (പ്രായം 66)
ജീവിതപങ്കാളി(കൾ)
(m. 1876⁠–⁠1926)
മാതാപിതാക്ക(ൾ)Susan Wise Mosey (1830–1908), Jacob Mosey (1799–1866)
ഒപ്പ്

ലിറ്റിൽ ഷുവർ ഷോട്ട്, വതന്യ സിസില്ല  എന്നീ അപരനാമധേയങ്ങളിൽ അറിയപ്പെട്ട ഒരു അമേരിക്കൻ ഷാർപ് ഷൂട്ടർ ആയിരുന്നു ആനി ഓക്‌ലി എന്ന വനിത. 15 വയസ് പ്രായമുള്ളപ്പോൾ ഒരു ദേശാടന പ്രദർശന ഷാർപ് ഷൂട്ടറായ ഫ്രാങ്ക് ഇ. ബട്ലറുമായുള്ള ഷൂട്ടിംഗ് മത്സരത്തിൽ വിജയിച്ചതോടെയാണ് അവളുടെ ഷൂട്ടിംഗിലെ കഴിവുകൾ ആദ്യമായി വെളിച്ചത്തു വന്നത്. പിന്നീട് അദ്ദേഹം ആനിയെ വിവാഹം കഴിച്ചിരുന്നു. ഏതാനും വർഷങ്ങൾക്കുശേഷം ദമ്പതിമാർ ബഫലോ ബില്ലിന്റെ വൈൽഡ് വെസ്റ്റ് പ്രദർശനത്തിന്റെ ഭാഗമായി. രാജസഭയ്ക്കു മുന്നിലും സംസ്ഥാന ഭരണത്തലവന്മാരുടെ മുന്നിലും തന്റെ ഷൂട്ടിംഗ് പ്രകടനം അവതരിപ്പിച്ചതോടെ ഓക്‌ലി ഒരു പ്രശസ്തയായ അന്തർദേശീയ താരമായി മാറി. വിവിധ പേരുകളിൽ അറിയപ്പെട്ടിരുന്ന ഓക്‌ലിയുടെ മരണ സർട്ടിഫിക്കറ്റ് "ആനി ഓക്‌ലി  ബട്ട്ലർ" എന്ന പേരിലാണ് നൽകപ്പെട്ടത്.[1]

ആദ്യ കാലജീവിതം[തിരുത്തുക]

1860 ഓഗസ്റ്റ് 13-ന്  ഫോബ് ആൻ (ആനി) മോസി[2][3][4] എന്ന പേരിൽ അമേരിക്കൻ ഐക്യനാടുകളിലെ ഒഹിയോയിലെ ഇന്ത്യാനയുമായുമായുള്ള അതിർത്തിയിലെ[5] ഒരു ഗ്രാമീണ കൗണ്ടിയായ ഡാർക് കൗണ്ടിയിൽ, ഇപ്പോൾ വില്ലോഡെൽ എന്നറിയപ്പെടുന്ന വുഡ്ലാന്റിനു ഏകദേശം രണ്ടു മൈൽ (3.2 കിലോമീറ്റർ) വടക്കുപടിഞ്ഞാറായുള്ള ചെറുഗ്രാമത്തിലെ തടികൊണ്ടുള്ള കുടിലിലാണ് ആനിയുടെ ജനനം. നോർത്ത് സ്റ്റാറിന് ഏകദേശം അഞ്ച് മൈൽ കിഴക്കായാണ് അവളുടെ ജന്മസ്ഥലം. 1981 ൽ ആനി ഓക്‌ലി കമ്മിറ്റി അവരുടെ ജനനത്തിന് 121 വർഷങ്ങൾക്കുശേഷം ഈ സൈറ്റിൽ ഒരു  ശിലാഫലകം സ്ഥാപിച്ചിരുന്നു.

ആനിയുടെ മാതാപിതാക്കൾ പെൻസിൽവാനിയയിലെ ബ്ലെയർ കൗണ്ടിയിലുള്ള  ഹോളിഡേസ്ബർഗിൽനിന്നുള്ളവരും ഇംഗ്ലീഷ് പിന്തുടർച്ചയുള്ള ക്വാക്കേർസുമായിരുന്നു. 18 വയസു[6][7] പ്രായമുള്ള സൂസൻ വൈസ് 49 വയസുള്ള ജേക്കബ് മോസിയെ (ജനനം: 1799) 1848-ൽ വിവാഹം കഴിച്ചു. അവർ ഏതാണ്ട് 1855 ൽ ഓഹായോയിലെ ഡാർക്ക് കൗണ്ടിയിലുൾപ്പെട്ട പാറ്റേർസൺ ടൗൺഷിപ്പിലെ ഒരു വാടകയ്ക്കെടുത്ത (പിന്നീട് ഒറ്റിയാധാരത്തിനു വാങ്ങി) കൃഷിയിടത്തിലേയ്ക്കു താമസം മാറി. ഒൻപതു സഹോദരങ്ങളിൽ ആറാമത്തെ സന്തതിയായി ജനിക്കുകയും ബാല്യത്തെ അതിജീവിച്ച ഏഴുകുട്ടികളിൽ അഞ്ചാമത്തെയാളുമായിരുന്ന[8] ആനിയുടെ ആറാമത്തെ വയസ്സിൽ പിതാവ് മരണമടഞ്ഞു. മേരി ജെയ്ൻ (1851–1867), ലിഡിയ (1852–1882), എലിസബത്ത് (1855–1881), സാറ എല്ലെൻ (1857–1939), കാതറീൻ (1859–1859), ജോൺ (1861–1949), ഹൽഡ (1864–1934), 1865 ൽ പ്രസവത്തിൽ മരിച്ച  നവജാത ശിശു എന്നിവരായിരുന്നു അവളുടെ  കൂടപ്പിറപ്പുകൾ. 1812-ലെ യുദ്ധത്തിൽ പങ്കെടുത്തിട്ടുള്ള ആനിയുടെ പിതാവ് 1865 ന്റെ അന്ത്യപാദത്തിലുണ്ടായ ഒരു ഹിമവാതത്തിൽ ഹൈപ്പോതെർമിയയാൽ ദുർബലനാകുകയും 1866 ൽ അദ്ദേഹത്തിന്റെ 66 ആമത്തെ വയസിൽ ന്യൂമോണിയ ബാധിച്ചു മരണമടയുകയും ചെയ്തു.[9] മാതാവ് ഡാനിയേൽ ബ്രുംബാഗിനെ പുനർവിവാഹം ചെയ്ത അവർക്ക് എമിലി (1868-1937) എന്ന പേരിൽ കുട്ടി പിറക്കുകയും ചെയ്തിരുന്നു. രണ്ടാം തവണയും അവർ വിധവയായിത്തീർന്നു.

പിതാവിന്റെ മരണത്തെത്തുടർന്നു ദാരിദ്ര്യം അനുഭവിച്ച ആനി ബാല്യകാലത്ത് സ്ഥിരമായി സ്കൂളിൽ പഠിച്ചിരുന്നില്ല, എന്നിരുന്നാലും അവൾ പിന്നീടും യൌവ്വനത്തിലും സ്കൂളിൽ പങ്കെടുക്കുകയുണ്ടായില്ല.[10] 1870 മാർച്ച് 15-ന്, അവരുടെ ഒൻപതാമത്തെ വയസ്സിൽ ഡാർക്ക് കൗണ്ടിയിലെ ആതുരശാലയിലേയ്ക്ക് സഹോദരി സാറ എല്ലെനൊപ്പം പ്രവേശിപ്പിക്കപ്പെട്ടു. അവരുടെ ആത്മകഥയിൽ വിവരിക്കുന്നതുപ്രകാരം, ആതുരശാലയിലെ സൂപ്രണ്ട് സാമുവൽ ക്രോഫോർഡ് എഡ്ഡിംഗ്ടന്റെയും ഭാര്യ നാൻസിയുടെയും സംരക്ഷണയിലായിരുന്ന ആനിയെ നാൻസി തുന്നലും അലങ്കാരവും പഠിപ്പിച്ചു. 1870-ലെ വസന്തത്തിന്റെ ആരംഭത്തിൽ ആഴ്ചയിൽ അമ്പത് സെന്റും വിദ്യാഭ്യാസവും നല്കാമെന്നു വ്യാജ വാഗ്ദാനം ചെയ്ത ഒരു പ്രാദേശിക കുടുംബത്തിനോടൊപ്പം അവരുടെ വീട്ടിലെ  ചെറിയ കുട്ടിയുടെ കാര്യങ്ങൾ നോക്കുവാനായി അയക്കപ്പെട്ടു. വെള്ളം പമ്പുചെയ്യുക, പാചകം, എന്നിവയെല്ലാം ചെയ്യാൻ കഴിയുന്ന അൽപംകൂടി വലിയ ഒരാളെയായായിരുന്നു ഈ ജോലികൾക്കായി ദമ്പതികൾ യഥാർത്ഥത്തിൽ ഉദ്ദേശിച്ചിരുന്നത്. അവൾ ഏകദേശം രണ്ടു വർഷത്തോളം മിക്കവാറും ഒരു അടിമയെപ്പോലെ, മാനസികവും ശാരീരികവുമായ പീഡനങ്ങൾ സഹിച്ചു കഴിച്ചുകൂട്ടി. ഒരിക്കൽ, അയാളുടെ ഭാര്യ ഷൂ ധരിച്ചിട്ടില്ലാത്ത ആനിയെ വസ്ത്രങ്ങൾ കൂട്ടിത്തൈക്കുന്നതിനിടയിൽ ഉറങ്ങിപ്പോയതിന്റെ ശിക്ഷയായി വീടിനുപുറത്തെ തണുത്തുറഞ്ഞ കാലാവസ്ഥയിൽ നിർത്തുകയുണ്ടായി.[11] ആനി അവരെ വിവരിക്കുന്നതു "ചെന്നായ്ക്കൾ" എന്നായിരുന്നു.  അവളുടെ ആത്മകഥയിൽപ്പോലും ആ ദമ്പതികളുടെ യഥാർത്ഥ പേരുകൾ അവൾ വെളിപ്പെടുത്തിയിരുന്നില്ല.[12]

ജീവചരിത്രകാരൻ ഗ്ലെൻഡാ റൈലി പറയുന്നതുപ്രകാരം, "ചെന്നായ്ക്കൾ" സ്റ്റഡാബേക്കർ കുടുംബം[13] ആയിരിക്കാമെന്നാണ്. എന്നാൽ 1870 ലെ യു.എസ്. സെൻസസ് അവർ അയലത്തെ പ്രെബിൾ കൗണ്ടിയിലെ അബ്രാം ബൂസ് കുടുംബമാണെന്നു നിർദ്ദേശിക്കുന്നു.[14][15] 1872-ലെ ഒരു വസന്തകാലത്ത്, ആനി "ചെന്നായ്ക്കളിൽ നിന്ന്" രക്ഷപെട്ട് ഓടിപ്പോയി. ജീവചരിത്രകാരനായ ഷിറിൽ കാസ്പർ പറയുന്നതനുസരിച്ച്, ഈ ഒരു ഘട്ടത്തിൽ മാത്രമാണ് ആനിഎഡിങ്ടണുകളെ കണ്ടുമുട്ടുകയും അവർക്കൊപ്പം ജീവിക്കുകയും ചെയ്തശേഷം തന്റെ 15 ആമത്തെ വയസിൽ മാതാവിന്റെ കുടുംബത്തിലേയ്ക്കു മടങ്ങിപ്പോയതെന്നുമാണ്.[16] അതിനിടെ ആനിയുടെ മാതാവിന്റെ മൂന്നാമത്തെ വിവാഹം ജോസഫ് ഷാ എന്നയാളുമായി  1874 ഒക്ടോബർ 25-നു നടന്നിരുന്നു.

ഏഴാം വയസ്സിനുമുമ്പുതന്നെ കെണിവച്ചു ജീവികളെ പിടക്കാൻ തുടങ്ങിയിരുന്ന ആനി ഇതിനിടെ തന്റെ പിതാവിന്റെ തോക്കുപയോഗിച്ച് ഉന്നം തെറ്റാതെ വെടിവയ്ക്കാൻ അഭ്യസിച്ചു. വേട്ടയാടി ലഭിച്ചിരുന്ന പക്ഷികളെയും മൃഗങ്ങളെയും നഗരത്തിൽ കൊണ്ടുചെന്നു വിറ്റ അവൾ കുടുംബഭാരം ഏറ്റെടുത്തു. ഗ്രീൻ വില്ലെയിലെ കച്ചവടക്കാരായ ചാൾസ്, ജീ. ആന്റണി കാറ്റ്സെൻബെർഗറെപ്പോലുള്ള നാട്ടുകാർക്ക് അവർ വേട്ടയാടിപ്പിടിച്ച ജീവികളെ വിൽക്കാറുണ്ടായിരുന്നു. ഇവർ സിൻസിനാറ്റിയിലെ ഹോട്ടലുകളിലും മറ്റു നഗരങ്ങളിലും ഇവ കപ്പൽമാർഗ്ഗം എത്തിച്ചുകൊടുത്തിരുന്നു.[17] വടക്കൻ ഒഹായോ ഹോട്ടലുകളിലും മറ്റും അവർ വേട്ടയാടിപ്പിടിച്ച ജീവികളെ വിൽപ്പന നടത്തി. ആനിക്കു 15 വയസ്സുള്ളപ്പോൾ അമ്മയുടെ കൃഷിയിടത്തിന്റെ പേരിലുണ്ടായരുന്ന വായ്പകൾ വീട്ടുന്നതിനു ഈ വരുമാനംകൊണ്ടു സാധിച്ചു.[18] അങ്ങനെ പിതാവിന്റെ മരണശേഷമുണ്ടായിരുന്ന സാമ്പത്തിക ബാദ്ധ്യതകളൊക്കെത്തന്നെയും തന്റെ അസാമാന്യ പാടവമുപയോഗിച്ച് അവൾക്ക് വീട്ടാനായി. ആനിയുടെ കഴിവുകൾ എവരെയും അമ്പരപ്പിക്കുന്നതായിരുന്നു.

ഫ്രാങ്ക് ബട്ട്ളറുമായുള്ള മത്സരം[തിരുത്തുക]

അമേരിക്കൻ ചിത്രകാരൻ പീറ്റർ നെവെല്ലിന്റെ നട്ലിയിലെ അമച്വർ സർക്കസിന്റെ (1894) ചിത്രീകരണം. ചിത്രത്തിന്റെ കേന്ദ്രഭാഗത്ത് കുതിരപ്പുറത്തു നിൽക്കുന്ന ആനി ഓക്ലി തന്റെ ഷൂട്ടിംഗ് കഴിവുകൾ പ്രകടിപ്പിക്കുന്നതാണു രംഗം.

ആനി താമസിയാതെ പ്രദേശത്തു മുഴുവനും അറിയപ്പെട്ടു. 1875 ലെ താങ്ക്സ്ഗിവിംഗ് ദിനത്തിൽ, ബൌഗ്മാൻ & ബട്ട്ളർ ഷൂട്ടിംഗ് പ്രകടനം സിൻസിനാറ്റിയിൽ നടത്തുകയായിരുന്നു. അക്കാലത്ത് ജനങ്ങളെ ഏറെ ആകർഷിച്ചിരുന്ന ഒരു വിനോദമായിരുന്നു ഷൂട്ടിങ്. ഐറിഷ് കുടിയേറ്റക്കാരനും സഞ്ചരിച്ചുകൊണ്ടു ഷൂട്ടംഗ് ഷോ നടത്തുന്ന മുൻ നായപരിശീലകനുമായിരുന്ന ഫ്രാങ്ക് ഇ ബട്ലർ (1847-1926), തനിക്ക് ഏതൊരു പ്രാദേശിക ഫാൻസി ഷൂട്ടറേയും തോൽപ്പിക്കാൻ സാധിക്കുമെന്നുള്ള കാര്യത്തിൽ സിൻസിനാറ്റി ഹോട്ടൽ ഉടമ ജാക്ക് ഫ്രോസ്റ്റുമായി 100 ഡോളർ  (2018 ൽ 2,282 ഡോളർ) ഇരുവശത്തേയ്ക്കും പന്തയം വച്ചു.[19] ഷൂട്ടിങ് മൽസരങ്ങളിലൂടെ പ്രശസ്തനായിരുന്ന ഫ്രാങ്ക് ബട്ട്ളറെ ആനിയുമായി മൽസരിക്കാൻ നാട്ടുകാർ വെല്ലുവിളിച്ചു. "ബട്ട്ലർ പ്രതീക്ഷിക്കുന്ന അവസാനത്തെ എതിരാളി, അഞ്ചടി- ഉയരമുള്ള 15 വയസ്സുകാരിയായ ആനിയാണ്" എന്നു പറഞ്ഞുകൊണ്ട് ബട്ട്ലറും 15 വയസ്സുള്ള ആനിയും തമ്മിലുള്ള ഒരു ഷൂട്ടിംഗ് മത്സരം ഹോട്ടലുകൾ തയ്യാറാക്കി.[20] അഞ്ചടി മാത്രം ഉയരമുള്ള പതിനഞ്ചുകാരിയായ തന്റെ എതിരാളിയെ കണ്ട് ബട്ട്ളർ അവജ്ഞയോടെ ചിരിച്ചു. എന്നാൽ മൽസരത്തിൽ വിജയിച്ചത് ആനി ആയിരുന്നു. ഫ്രാങ്ക് ഇ. ബട്ട്ളറും ആനി ഓക്‌ലിയും തുടർച്ചയായി 24 പക്ഷികളെ വീതം വെടിവച്ചു വീഴ്ത്തി. എന്നാൽ ഇരുപത്തിയഞ്ചാമത്തെ തവണ ഫ്രാങ്ക് ബട്ട്ളർക്ക് ഉന്നം തെറ്റി. മറ്റൊരു റിപ്പോർട്ട് പറയുന്നതുപ്രകാരം ബട്ട്ളറുടെ വെടിയുണ്ട പക്ഷിക്കു കൊണ്ടുവെങ്കിലും അതു നിലംപതിച്ചത് നിശ്ചിയിച്ചിരുന്ന അതിരുകൾക്ക് രണ്ടടിമാത്രം അപ്പുറത്തായിരുന്നുവെന്നാണ്.[21] അവർ തമ്മിൽ പ്രണയത്തിലാകുകയും ഏതാനും വർഷങ്ങൾക്കു ശേഷം ബട്ട്ളറും ആനിയും വിവാഹിതരാകുകയും ചെയ്തു. അവർക്ക് കുട്ടികൾ ഉണ്ടായിരുന്നില്ല.[22]

ദ സിൻസിനാറ്റി എൻക്വിറർ ദിനപത്രത്തിന്റെ ഒരു ആധുനിക റിപ്പോർട്ട് അനുസരിച്ച്  ഈ ഷൂട്ടിംഗ് മത്സരം നടന്നത് 1875 ൽ അല്ല 1881 ൽ ആയിരിക്കാൻ സാദ്ധ്യതയുണ്ടെന്നാണ്.[23] ഈ സംഭവം നടന്നതിന്റെ സമയം ഒരിക്കലും രേഖപ്പെടുത്തിയിട്ടില്ല. 1881 ലെ വസന്തകാലത്ത് ഗ്രീൻവില്ലെയ്ക്കു സമീപം മിക്കവാറും നോർത്ത് സ്റ്റാർ എന്ന സ്ഥലത്തായിരിക്കാം ഈ ഷൂട്ടിംഗ് മാച്ച് നടന്നതെന്ന് 1903 നും 1924 നും ഇടയ്ക്ക് നടത്തിയ അഭിമുഖത്തിൽ ബട്ട്ളർ സൂചിപ്പിച്ചതായി ജീവചരിത്രകാരനായ ഷിറിൽ കാസ്പെർ പറയുന്നു. മറ്റ് സ്രോതസ്സുകളുമായി ഒത്തുവരുന്നതു പ്രകാരം ഇതു സംഭവിച്ചത് 1881 ലാണെങ്കിൽ സിൻസിനാറ്റിക്ക് സമീപമുള്ള നോർത്ത് ഫയർമോണ്ടിലെ സ്ഥലമാണെന്നാണ്.[24] ദ ആനി ഓക്‌ലി സെന്റർ ഫൌണ്ടേഷൻ സൂചിപ്പിക്കുന്നതുപ്രകാരം ഓക്‌ലി തന്റെ വിവാഹിതയായ സഹോദരി ലിഡിയ സ്റ്റെയിനെ സിൻസിനാറ്റിക്കു സമീപമുള്ള അവരുടെ വീട്ടിൽ സന്ദർശിച്ചിരുന്നത് 1875 ൽ ആയിരുന്നുവെന്നാണ്.[25] 1877 മാർച്ച് 19 വരെ ജോസഫ് സി. സ്റ്റെയിൻ ലിഡിയയെ വിവാഹം ചെയ്തിട്ടില്ലായിരുന്നതിനാൽ ഇതു തെറ്റാണെന്നു കാണാവുന്നതാണ്.[26] എന്നിരുന്നാലും ഓർക്ക്ലിയും മാതാവും ക്ഷയരോഗബാധയാൽ കഠിനമായി വലഞ്ഞിരുന്ന സഹോദരിയെ 1881 ൽ സന്ദർശിച്ചുവെന്ന് അനുമാനിക്കാവുന്നതാണ്.[27] ബെവിസ് ഹൗസ് ഹോട്ടൽ 1875 ൽ മാർട്ടിൻ ബെവിസ്, ഡബ്ല്യു എച്ച്. റിഡിനോർ എന്നിവർചേർന്നു പ്രവർത്തിപ്പിച്ചിരുന്നു. 1860 ൽ മുമ്പ് പന്നിയിറച്ചി പാക്കിങ് കേന്ദ്രമായി ഉപയോഗിച്ചിരുന്ന ഈ കെട്ടിടം ഏകദേശം 1860 ൽ ഒരു ഹോട്ടലായി തുറക്കപ്പെട്ടു. 1879 വരെ ജാക്ക് ഫ്രോസ്റ്റ് ഹോട്ടലിന്റെ മാനേജ്മെന്റ് സ്ഥാനം ഏറ്റെടുത്തിരുന്നില്ല.[28][29] 1880 ൽ ദ സിൻസിനിറ്റി എൻക്വയറിന്റെ പേജിലാണ് ബൌഗ്മാൻ & ബട്ട്ളർ ഷൂട്ടിംഗ് പ്രകടനം  ആദ്യമായി പ്രത്യക്ഷപ്പെട്ടത്. 1881 ൽ സെൽസ് ബ്രദേഴ്സ് സർക്കസുമായി അവർ കരാർ ഒപ്പുവയ്ക്കുകയും പിന്നീട് കോളിസ്യം ഓപ്പറ ഹൌസിൽ ആ വർഷംതന്നെ ഒരു പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തു.[30]

ഷൂട്ടിംഗ് മാച്ചിന്റെ യഥാർഥ തീയതി ഏതു തന്നെയാണെങ്കിലും, ഓക്‌ലിയും ബട്ട്ലറും അതിനു ഒരു വർഷത്തിനു ശേഷം വിവാഹം കഴിച്ചിരുന്നു. ഒണ്ടാറിയോ ഗ്രന്ഥാലയത്തിലെ ഒരു ഫയലിലെ സർട്ടിഫിക്കേറ്റ് രജിസ്ട്രേഷൻ നമ്പർ 49594 പ്രകാരം ബട്ട്ളറും ഓക്ക്ലിയും 1882 ജൂൺ 20 നു ഒന്റാറിയോയലെ വിന്റ്സറിൽവച്ച് വിവാഹിതരായി എന്നു കാണുന്നു.[31] 1876 ഓഗസ്റ്റ് 23 ന് സിൻസിനാറ്റിയിലാണു വിവാഹം നടന്നതെന്നാണ് വിവിധ വൃത്താന്തങ്ങൾ പറയുന്നത്.[32] പക്ഷേ ആ തീയതിയെ സാധൂകരിക്കുന്ന രേഖപ്പെടുത്തപ്പെട്ട സർട്ടിഫിക്കറ്റുകളൊന്നുംതന്നെ ലഭ്യമല്ല.  1876 ൽവരെ ബട്ലറും ആദ്യ ഭാര്യ ഹെൻറിയേറ്റ സോണ്ടേഴ്സുമായുള്ള വിവാഹമോചനത്തിൽ തീർപ്പായിരുന്നില്ലെന്നതിനാലാണ് പരസ്പര വിരുദ്ധമായ തീയതികൾക്കുള്ള ഒരു സാധ്യത. 1880 ലെ ഒരു യു.എസ് ഫെഡറൽ സെൻസസ് രേഖപ്പെടുത്തിയത് സൗണ്ട്സ് വിവാഹിതയാണെന്നാണ്.[33] എലിസബത്ത് എന്ന വനിത ബട്ട്ലറുടെ ആദ്യ ഭാര്യയെന്നു ചില ഉറവിടങ്ങൾ സൂചിപ്പിക്കുന്നത് തെറ്റായ വിവരമാണ്. എലിസബത്ത് അദ്ദേഹത്തിന്റെ പേരക്കുട്ടിയും പിതാവ് എഡ്വേർഡ് എഫ്. ബട്ലറുമായിരുന്നു.[34] ഓക്ലിയുടെ ഷോ-ബിസിനസ്സ് കരിയറിലെ മുഴുവൻ സമയത്തും, അവൾക്കു സാധാരണയുണ്ടായിരുന്നതിനേക്കാൾ അഞ്ചുമുതൽ ആറുവരെ പ്രായം കുറവാണെന്നാണ് പൊതുജനങ്ങൾ വിശ്വസിച്ചിരുന്നത്. പിൽക്കാലത്തെ വിവാഹത്തീയതി അവളുടെ സാങ്കൽപ്പിക പ്രായത്തെ നന്നായി പിന്തുണക്കുകയും ചെയ്തിരുന്നു.[35]

ലോക പ്രശസ്തി[തിരുത്തുക]

ബഫലോ ബിൽ ഷോയുടെ വൈൽഡ് വൈസ്റ്റ് പോസ്റ്റർ.

ആനി, ഫ്രാങ്ക് ബട്ട്ലർ എന്നിവർ സിൻസിനാറ്റിയിൽ ഒരുകാലത്തു താമസിച്ചിരുന്നു. ഓക്‌ലിയും, ഫ്രാങ്കും ഒരുമിച്ച് ഷൂട്ടിംഗ് ഷോകൾ അവതരിപ്പിക്കുന്ന കാലത്ത്  അവൾ സ്വീകരിച്ച അരങ്ങിലെ പേരായ ഓക്‌ലിയെന്നത് അവർ താമസിച്ചിരുന്നു നഗരത്തിന്റെ അയൽപ്രദേശമായ ഓക്‌ലിയിൽനിന്നു കടംകൊണ്ടതാകാമെന്നു കരുതപ്പെടുന്നു. ചിലയാളുകൾ വിശ്വസിക്കുന്നത് അവൾ ഒരു ബാലികയായിരുന്നകാലത്ത് ട്രെയിൻ ടിക്കറ്റിനുള്ള പണം കൊടുത്ത സഹായിച്ച ആളുടെ പേരായിരിക്കാം അവൾ സ്വീകരിച്ചതെന്നാണ്.

ഓക്‌ലി c. 1899

1885 ൽ അവർ ബഫലോ ബില്ലിന്റെ വൈൽഡ് വെസ്റ്റ് പ്രദർശന സംഘത്തിൽ ചേർന്നു. അഞ്ച് അടി മാത്രം ഉയരമുണ്ടായിരുന്ന ഓക്‌ലിക്ക് സഹപ്രവർത്തകനായിരുന്ന സിറ്റിംഗ് ബുൾ “ലിറ്റിൽ ഷുവർ ഷോട്ട്” എന്നർത്ഥം വരുന്ന "വതന്യ സിസില്ല" എന്ന വിളിപ്പേരു നൽകുകയും ഇത് പരസ്യങ്ങളിൽ ഉപയോഗിക്കപ്പെടുകയും ചെയ്തു.

ബഫലോ ബിൽ ഷോയിലെ അവരുടെ ആദ്യ പ്രകടനങ്ങളിൽ, ഓക്‌ലിക്ക് അപ്രതീക്ഷിതമായി റൈഫിൽ ഷാർപ്പ് ഷൂട്ടർ ലില്ലിയൻ സ്മിത്തിൽനിന്നു പ്രക്ഷുബ്‌ധമായ ഒരു തൊഴിൽപരമായ സ്‌പർദ്ധ നേരിടേണ്ടിവന്നിരുന്നു. സ്മിത്ത് ഓക്ലിയേക്കാൾ ഏകദേശം പതിനൊന്നു വയസിന് ഇളയ ആളായിരുന്നു. അക്കാലത്ത് ഏകദേശം 15 വയസുമാത്രം പ്രായമുള്ള സ്മിത്ത് 1886 ലാണ് ഈ ഷോയിൽ ചേർന്നത്. സ്മിത്തിന്റെ പത്ര വാർത്താ കവറേജ് അവളുടേതിന് അനുകൂലമാണെന്ന പ്രാഥമിക കാരണമായിരിക്കാം പിൽക്കാലത്ത് തന്റെ ശരിയായ പ്രായത്തിൽ വ്യത്യാസം വരുത്തിക്കാണിക്കാൻ ഓക്ക്ലി ശ്രമിച്ചതെന്നു വേണം കരുതുവാൻ. ഓക്ക്ലി താൽക്കാലികമായി ബഫലോ ബിൽ ഷോയിൽ നിന്ന് വിട്ടുനിൽക്കുകയും രണ്ടു വർഷത്തിനു ശേഷം സ്മിത്തിന്റെ വിരമിക്കലിനുശേഷം 1889 ലെ പാരിസ് എക്സ്പോസിഷനുവേണ്ടി തിരികെയെത്തുകയും ചെയ്തു. മൂന്നു വർഷത്തെ ഈ പര്യടന യാത്ര ഓക്ക്ലിക്ക് അമേരിക്കയിലെ ആദ്യ വനിതാ താരമെന്ന തന്റെ വിശേഷണത്തെ ഊട്ടിയുറപ്പിക്കുന്നതിനു കാരണമായി. "ബഫലോ ബിൽ" കോഡി ഒഴികെയുള്ള മറ്റേതൊരു താരത്തേക്കാളും വരുമാനം അവർ ഷോയിൽനിന്നു നേടിയിരുന്നു. അധിക വരുമാനത്തിനായി അവൾ മറ്റുള്ള അനേകം പരിപാടികളിലും പങ്കെടുത്തിരുന്നു.

ആനി ഓക്‌ലിയും ബട്ട്ളറും ചേർന്നു നടത്തിയ ഷൂട്ടിങ് അഭ്യാസ പ്രകടനങ്ങൾ അമേരിക്കയിലെമ്പാടുമുള്ള ജനങ്ങൾ ആവേശത്തോടെ സ്വീകരിച്ചു. ഒരേ സമയത്ത് മുകളിലേക്കെറിയുന്ന ആറു പന്തുകൾ സൂക്ഷ്മതയോടെ വെടിവച്ചിടാൻ ആനിക്കല്ലാതെ മറ്റാർക്കും കഴിയുമായിരുന്നില്ല. വമ്പൻ ഷോ കമ്പനികൾ യൂറോപ്പിലെമ്പാടും സംഘടിപ്പിച്ച ആനിയുടെ പ്രകടനങ്ങൾ കാണാൻ ബ്രിട്ടിഷ് രാജ്ഞി അടക്കം പതിനായിരങ്ങൾ പങ്കെടുത്തു. ഇറ്റലിയിലെ രാജാവ് ഉംബർട്ടോ ഒന്നാമൻ, ഫ്രാൻസിലെ പ്രസിഡന്റ് മേരി ഫ്രാൻകോയിസ് സാദി കാർനോട്ട് തുടങ്ങിയവരുടേയും മറ്റ് ഉന്നത ഭരണാധികാരികളുടേയും മുന്നിൽ ആനി തന്റെ പ്രകടനം കാഴ്ച്ചവച്ചിരുന്നു. പുതുതായി കിരീടധാരിയായ ജർമ്മൻ കെയ്സർ വിൽഹെം രണ്ടാമൻ നടത്തിയ അഭ്യർത്ഥനപ്രകാരം അദ്ദേഹത്തിന്റെ വിരലിനിടയിലെ ഒരു സിഗററ്റിന്റെ അറ്റത്തുള്ള ചാരത്തിലേയ്ക്ക് ഓക്‌ലി കൃത്യമായി നിറയൊഴിച്ചു തന്റെ കഴിവു പ്രകടിപ്പിച്ചിരുന്നു.

1892 മുതൽ 1904 വരെയുള്ള കാലത്ത ഓക്‌ലിയും ബട്ട്ലറും ന്യൂ ജേഴ്സിയിലെ നട്ട്ലിയിൽ താമസമാക്കിയിരുന്നു.

യു.എസ്. സായുധസേനക്കുവേണ്ടി യുദ്ധ പ്രവർത്തനങ്ങളിൽ സ്ത്രീകളുടെ സേവനത്തെ ഉപയോഗപ്പെടുത്താനുള്ള പ്രവർത്തനത്തെ ഓക്‌ലി പ്രോത്സാഹിപ്പിച്ചിരുന്നു. സ്വന്തമായ ആയുധങ്ങൾ വെടിക്കോപ്പുകൾ സഹിതം ഉന്നം പിഴക്കാതെ വെടിവയ്ക്കുന്ന 50 വനിതകളടങ്ങിയ ഒരു സംഘത്തെ സ്പെയിനുമായി യുദ്ധം ചെയ്യാനുള്ള സർക്കാർ സേനയിലേയ്ക്ക് വാഗ്ദാനം ചെയ്യുന്ന ഒരു കത്ത് 1898 ഏപ്രിൽ 5 ന് അവർ പ്രസിഡന്റ് വില്യം മക്കിൻലിക്ക് എഴുതിയിരുന്നു

സ്പാനിഷ് അമേരിക്കൻ യുദ്ധം തുടങ്ങിയിരുന്നുവെങ്കിലും ഓക്ക്ലിയുടെ വാഗ്ദാനം സ്വീകരിക്കപ്പെട്ടില്ല. എന്നാൽ, തിയോഡോർ റൂസ്വെൽറ്റ്, തന്റെ സന്നദ്ധഭടന്മാരടങ്ങിയ കുതിരപ്പടയ്ക്ക്  ഓക്‌ലി പ്രധാന താരമായിരന്ന  "ബഫലോ ബില്ലിന്റെ വൈൽഡ് വെസ്റ്റ്, കോൺഗ്രസ് ഓഫ് റഫ് റൈഡേഴ്സ് ഓഫ് ദി വേൾഡ്" എന്നിവയുടെ പേരിനെ  ആസ്പദമാക്കി "റഫ് റൈഡേഴ്സ്" എന്ന് പേരു നൽകിയിരുന്നു.

1901 ൽ മക്കിൻലി ഒരു കൊലപാതക ശ്രമത്തിൽ വെടിയേറ്റു ഗുരുതരമായി പരിക്കേറ്റ അതേവർഷം തന്നെ ഓക്‌ലിക്കും ഒരു ട്രെയിൻ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റുവെങ്കിലും താൽക്കാലികമായ പക്ഷാഘാതത്തിനും നട്ടെല്ലിലെ അഞ്ച് ശസ്ത്രക്രിയകൾക്കും ശേഷം അവർ സാധാരണ ജീവതത്തിലേക്കു തിരിച്ചെത്തി. അവർ ബഫലോ ബിൽ പരിപാടിയിൽനിന്നു വിരമിക്കുകയും 1902 ൽ അവർക്കുവേണ്ടി മാത്രം എഴുതപ്പെട്ട “ദ വെസ്റ്റേൺ ഗേൾ” എന്ന നാടകത്തിലെ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് ക്ലേശരഹിതവും നികുതി കുറഞ്ഞതുമായ അഭിനയരംഗം തൊഴിലായി സ്വീകരിച്ചു. ഒരു കൂട്ടം കുറ്റവാളികളെ ഒരു പിസ്റ്റൽ, റൈഫിൾ, കയർ എന്നിവയുപയോഗിച്ച് അതിസാമർത്ഥ്യത്തോടെ നേരിടുന്ന നാൻസി ബെറിയുടെ വേഷം ഓക്ലി ഈ നാടകത്തിൽ അവതരിപ്പിച്ചു.

സ്ത്രീകളുടെ കരുത്തിന്റെ പര്യായമായി മാറിയ ആനി ആയിരക്കണക്കിന് സ്ത്രീകളെ ഷൂട്ടിങ് അഭ്യസിപ്പിച്ചു.1894 നവംബർ 1 നു തോമസ് ആൽവാ എഡിസൺ നിർമിച്ച മൂവി ക്യാമറ ഉപയോഗിച്ച് ആദ്യം ഷൂട്ട് ചെയ്തത് ആനിയുടെ പ്രകടനമാണ് [36],[37].

ഒരു വനിത തോക്കുപയോഗിക്കേണ്ടത് എങ്ങനെയെന്ന് അറിഞ്ഞിരിക്കേണ്ടത് വളരെ നിർണായകമായിരുന്നുവെന്ന് വിശ്വസിച്ചിരുന്ന അവർ അതു ശാരീരികവും മാനസികവുമായ ഒരു വ്യായാമത്തിനുപരി, വനിതകൾക്കു സ്വയം പ്രതിരോധിക്കാനും ഇത് അത്യന്താപേക്ഷിതമാണെന്ന ഓക്ലി ശക്തമായി വിശ്വസിച്ചിരുന്നു. കുട്ടികളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഒരു വനിതയ്ക്ക് അറിയാവുന്നതെങ്ങനെയോ അതുപോലെ തോക്കുകളും സ്വാഭാവികമായി എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഓരോ വനിതയും അറിഞ്ഞിരിക്കേണ്ടതാണെന്നു ഞാൻ ആഗ്രഹിക്കുന്നു. "

ദ ലിറ്റിൽ ഷുവർ ഷോട്ട ഓഫ് ദ വൈൽഡ് വെസറ്റ്  (ആനി ഓക്‌ലി)[തിരുത്തുക]

ബഫല്ലോ ബില്ലുമായി സൌഹൃദബന്ധമുണ്ടായിരുന്ന തോമസ് എഡിസൺ വൈൽഡ് വെസ്റ്റ് ഷോയ്ക്കുവേണ്ടി അക്കാലത്തെ ലോകത്തിലെ ഏറ്റവും വലിയ വൈദ്യുത നിലയം നിർമ്മിച്ചിരുന്നു. 1894 സെപ്തംബർ 24 ന് രണ്ട് കൈനെറ്റോസ്കോപ്പുകളിലായുള്ള ചിത്രീകരണത്തിൽ ബഫലോ ബില്ലും അദ്ദേഹത്തിന്റെ 15 ഇന്ത്യൻ ഷോ പ്രതിഭകളും പ്രത്യക്ഷപ്പെട്ടിരുന്നു.

1894-ൽ ഓക്‌ലിയും ബട്ട്ലറും എഡിസന്റെ കൈനറ്റോസ്കോപ്പ് ചിത്രമായ “ലിറ്റിൽ ഷുവർ ഷോട്ട് ഓഫ് ദ വൈൽഡ് വെസ്റ്റ്" എന്ന സ്ഫടിക പന്തുകളിലേയ്ക്ക് റൈഫിളിൽനിന്ന് വെടിവയ്ക്കുന്നതും മറ്റുമായ ഒരു പ്രദർശനത്തിന്റെ ചിത്രീകരണത്തിൽ പ്രത്യക്ഷപ്പെട്ടിരുന്നു. 1894 നവംബർ 1 ന് എഡിസന്റെ ബ്ലാക്ക് മരിയ സ്റ്റുഡിയോയിൽ വില്യം ഹൈസ് ആണ് ഇതു ചിത്രീകരിച്ചത്. 1894 ഏപ്രിൽ 14 ന് വാണിജ്യപരമായ പ്രദർശനങ്ങൾ ആരംഭിച്ചതിനുശേഷമുള്ള പതിനൊന്നാമത്തെ ചിത്രമായിരുന്നു ഇത്.

ഷൂട്ടിംഗിലെ സാമർഥ്യം[തിരുത്തുക]

ആനി ഓക്ക്ലി ഒരു കൈക്കണ്ണാടിയുടെ സഹായത്താൽ തോളിനുമുകളിലൂടെ വെടിയുതിർക്കുന്നു.

ഷ്രിൽ കാസ്പറേപ്പോലെയുള്ള ജീവചരിത്രകാരന്മാർ, എട്ടാമത്തെ വയസ്സിൽ ആദ്യം വെടിയുതിർത്തുവെന്ന ഓക്ലേയുടെ സ്വന്തം കഥ ആവർത്തിക്കുന്നു. "മുന്നിലെ പുൽത്തകിടിയിൽനിന്നു ഫലവൃക്ഷങ്ങൾ വളരുന്ന ഒരു വളപ്പിലൂടെ ഓടി ഒരു ഹിക്കറി നട്ട് എടുക്കാനായി തെല്ലുസമയം വേലിയിന്മേലിരുന്ന അണ്ണാനെ ഞാൻ കണ്ടു”  വീട്ടിൽ നിന്ന് ഉടനെ ഒരു റൈഫിൾ എടുത്തകൊണ്ടുവന്ന അവൾ അണ്ണാനുനേരേ നിറയൊഴിച്ചു. അതു ഒരു അത്ഭുതകരമായ വെടി ആയിരുന്നു, “അണ്ണാന്റെ തലയുടെ ഒരു വശത്തുനിന്നു മറുശം തുളച്ച് വെടിയുണ്ട കടന്നുപോയിരുന്നു” എന്ന് അവൾ പിന്നീടെഴുതി.[38]

ഓക്ലി തന്റെ പ്രേക്ഷകരെ സന്തോഷിപ്പിക്കുന്നതിൽ ഒരിക്കലും പരാജയപ്പെട്ടിരുന്നില്ല. ഉന്നം പിഴക്കാത്ത വെടിക്കാരിയായ അവളുടെ അസാധാരണ കൃത്യങ്ങൾ തികച്ചും അവിശ്വസനീയങ്ങളായിരുന്നു. 30 ചുവട് അകലത്തുനിന്നുപിടിച്ചിരിക്കുന്ന ഒരു ചീട്ടിന്റെ അഗ്രം പിളർത്തുവാനും മേലോട്ടെറിയുന്ന ചെറുനാണയത്തെ ലക്ഷ്യമാക്കി വെടിയുതിർക്കാനും ഭർത്താവിന്റെ ചുണ്ടുകളിൽ നിന്ന് എരിയുന്ന സിഗരറ്റിനെ വെടിവെച്ചു വീഴ്ത്താനും വായുവിലേയ്ക്ക് എറിയപ്പെട്ട ഒരു ചീട്ടിനെ അതു നിലത്തു സ്പർശിക്കുന്നതിനുമുമ്പ് തുളക്കുവാനും അവൾ പാടവം കാട്ടിയിരുന്നു.[39]

അപകീർത്തി കേസുകൾ[തിരുത്തുക]

1904-ൽ ഉദ്വേഗജനകമായ കൊക്കെയ്ൻ നിരോധനകഥകൾ നന്നായി വിറ്റഴിഞ്ഞിരുന്നു. കൊക്കൈൻ ശീലത്തെ പിന്തുണയ്ക്കുന്നതിനായി മോഷണം നടത്തിയ ഓക്‌ലിയെ അറസ്റ്റുചെയ്തതായി ഒരു കള്ളക്കഥ പത്രമാദ്ധ്യമ രംഗത്തെ മിന്നുന്ന താരമായിരുന്ന വില്ല്യം റാൻഡോൾഫ് ഹേർസ്റ്റ് പ്രസിദ്ധീകരിച്ചു. ആനിയുടെ പ്രശസ്തി മുതലെടുത്ത് പത്രങ്ങളുടെ പ്രചാരം കൂട്ടുകയെന്ന ഗൂഢതന്ത്രമായിരുന്നു ഇതിനുപിന്നിൽ. യഥാർഥത്തിൽ അറസ്റ്റിലായ ഹാസ്യാനുകരണ കലാകാരിയായ സ്ത്രീ ഷിക്കാഗോ പോലീസിനോടു പറഞ്ഞത് തന്റെ പേര് ആനി ഓക്ലി എന്നാണ്. കഥ അച്ചടിച്ചുവന്ന മിക്ക പത്രങ്ങളും ഹേർസ്റ്റിന്റെ ലേഖനത്തെ ആശ്രയിച്ചെഴുതിയതായിരുന്നു. അവർ ഉടനടി നിഷേധക്കുറിപ്പിറക്കുകയും അപകീർത്തികരമായ വാർത്ത പിശകായി പ്രസിദ്ധീകരിച്ചതിന് ക്ഷമായാചനം നടത്തുകയും ചെയ്തു. എന്നിരുന്നാലും, കോടതി വിധികളിൽനിന്നു നൽകേണ്ടി വരുമെന്നു പ്രതീക്ഷിച്ച 20,000 ഡോളർ നൽകാതിരിക്കാൻ ഹേർസ്റ്റ് ശ്രമിക്കുകയും ഓക്ക്ലിയുടെ ഭൂതകാലത്തിൽ നിന്നും അവരുടെ പ്രശസ്തിയുടെ മാറ്റു കുറക്കുന്ന കിംവദന്തികൾ ചികഞ്ഞെടുക്കുകയെന്ന ലക്ഷ്യത്തോടെ ഓഹായോയിലെ ഡാർക്ക് കൗണ്ടിയിലേയ്ക്ക് ഒരു അന്വേഷകനെ അയക്കുകയും ചെയ്തു. എന്നാൽ ഈ അന്വേഷകനു യാതൊന്നും കണ്ടെത്താൻ സാധിച്ചില്ല.[40]

ഓക്ലി അടുത്ത ആറ് വർഷങ്ങളിലധികവും വർത്തമാനപ്പത്രങ്ങൾക്കെതിരേയുള്ള അപകീർത്തിക്കേസുകളിൽ 55 ൽ 54 ഉം വിജയിക്കുന്നതിനായി ചിലവഴിച്ചു. ന്യായവിധികളിൽ അവരുടെ ശരിയായ വ്യവഹാര ചെലവുകളേക്കാൾ കുറഞ്ഞ തുകയാണ് സ്വരൂപിക്കപ്പെട്ടതെങ്കിലും പത്രഭീമന്മാർക്കെതിരേയുള്ള നിയമയുദ്ധങ്ങളിലൂടെ നഷ്ടപരിഹാരം നേടിയെടുത്ത അവർ നിശ്ചയദാർഢ്യത്തിന്റെയും വനിതകളുടെ കരുത്തിന്റേയും പ്രതീകമായി ചരിത്രത്തിൽ വാഴ്ത്തപ്പെടുന്നു.[41]

പിൽക്കാലവും മരണവും[തിരുത്തുക]

1912 ൽ ബട്ലർ മേരിലാൻഡിലെ കേംബ്രിഡ്ജിൽ ഇഷ്ടിക കൊണ്ട് കൃഷിക്കള ശൈലിയിൽ ഒരു ഭവനം നിർമ്മിച്ചിരുന്നു. ആനി ഓർക്ക്ലി ഹൌസ് എന്നറിയപ്പെട്ടിരുന്ന ഇത് 1996 ൽ ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളുടെ ദേശീയ രജിസ്റ്ററിൽ ഇടം പിടിച്ചിരുന്നു. 1917 ൽ അവർ വടക്കൻ കരോലിനിലേക്ക് താമസം മാറ്റുകയും പൊതുജീവിതത്തിലേക്ക് മടങ്ങിപ്പോകുകയും ചെയ്തു.

തന്റെ അറുപതുകളിലും റെക്കോർഡുകൾ സൃഷ്ടിച്ചുകൊണ്ടിരുന്ന അവർ തനിക്കു പരിചയമുള്ള യുവതികളെ പിന്തുണക്കുന്നതുൾപ്പെടെ, സ്ത്രീകളുടെ അവകാശങ്ങൾക്കും മറ്റ് പ്രശ്നങ്ങൾക്കുമായി വിപുലമായ കാരുണ്യപ്രവർത്തനങ്ങളിലും മുഴുകിയിരുന്നു. അവർ തന്റെ കർമ്മരംഗത്തേയ്ക്ക് ഒരു തിരിച്ചുവരവു നടത്തുകയും ഒരു മുഴുനീള നിശ്ശബ്ദ സിനിമയിൽ അഭിനയിക്കാൻ ഉദ്ദേശിക്കുകയും ചെയ്തു. നോർത്ത് കരോലിനയിലെ പൈൻഹർസ്റ്റിൽ 1922 ൽ നടന്ന ഒരു ഷൂട്ടിംഗ് മത്സരത്തിൽ 62 വയസുണ്ടായിരുന്ന അവർ ഒരു വരിയിലെ 100 കളിമൺ ലക്ഷ്യങ്ങളെ 16 ഗജം (15 മീറ്റർ) അകലത്തുനിന്ന് പ്രഹരിക്കുന്നതിൽ വിജയിച്ചു.  

1922 ന്റെ അവസാനത്തിൽ ദമ്പതിമാർക്ക് ഒരു കാറപകടമുണ്ടാകുകയും വലതു കാലിൽ ഒരു സ്റ്റീൽ വലയം ധരിക്കാൻ ആനി നിർബന്ധിതയാവുകയും ചെയ്തു.  ഒരു വർഷത്തിലേറെക്കാലമെടുത്തു സുഖം പ്രാപിച്ചതോടെ  അവർ ഷൂട്ടിംഗ് പ്രകടനങ്ങളിലേയ്ക്കു തിരിച്ചുവരുകയും 1924 ൽ പുതിയ റെക്കോഡ് സ്ഥാപിക്കുകയു ചെയ്തു. 1925 ൽ അവരുടെ ആരോഗ്യം ക്ഷയിക്കുകയും 1926 നവംബർ 3 ന് ഒഹായോവിലെ ഗ്രീൻവില്ലെയിൽവച്ച് മാരകമായ വിളർച്ച ബാധിച്ച് 66 ആമത്തെ വയസിൽ അവർ മരണമടയുകയും ചെയ്തു. സിൻസിനാറ്റിയിൽ ശവദാഹം നടത്തപ്പെടുകയും രണ്ടു ദിവസം കഴിഞ്ഞ് ചിതാഭസ്മം ഗ്രീൻവില്ലെയ്ക്കു സമീപമുള്ള ബ്രോക്ക് സെമിത്തേരിയിൽ സംസ്കരിക്കപ്പെടുകയും ചെയ്തു.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"ഫ്രാങ്ക് ബട്ട്ളർ -". en.wikipedia.org.

അവലംബം[തിരുത്തുക]

 1. "Person Details for Annie Oakley Butler". FamilySearch.org.
 2. "We Hope "Mosey" Ends the Debate" (PDF). Taking Aim Newsletter. annieoakleyfoundation.org. Summer 2003. Archived from the original (PDF) on ഓഗസ്റ്റ് 12, 2014. Retrieved ഓഗസ്റ്റ് 9, 2014.
 3. Edwards, Bess. "Annie Oakley's Life and Career". annieoakleyfoundation.org. Archived from the original on മാർച്ച് 14, 2008.
 4. "Archived copy". Archived from the original on October 15, 2002. Retrieved January 11, 2008.{{cite web}}: CS1 maint: archived copy as title (link)
 5. "Tall Tales and the Truth". Annie Oakley Foundation. Archived from the original on October 15, 2002.
 6. Wukovits, John (May 1997). Annie Oakley. Legends of the West. Chelsea House. ISBN 978-0791039069.
 7. Wills, Chuck (2007). Annie Oakley. London: Dorling Kindersley. ISBN 978-0-7566-2997-7.
 8. "Timeline: The Life of Annie Oakley". American Experience. Public Broadcasting Service. Archived from the original on May 2, 2015. Retrieved June 15, 2015. August 13, 1860: Annie Oakley is born Phoebe Ann Moses, on the family farm in Darke County, Ohio, fifth ...
 9. Riley, Glenda (1994). The Life and Legacy of Annie Oakley. University of Oklahoma Press. p. 5. ISBN 9780806126562.
 10. Kasper, Shirl (1992). Annie Oakley. University of Oklahoma Press. pp. 6, 20. ISBN 978-0-8061-2418-6.
 11. Freifeld, Riva (director and producer). (2006). The American Experience: Annie Oakley. Boston, MA: WGBH. Archived 2017-03-26 at the Wayback Machine. "ആർക്കൈവ് പകർപ്പ്". Archived from the original on 2017-03-26. Retrieved 2021-09-04.{{cite web}}: CS1 maint: bot: original URL status unknown (link)"ആർക്കൈവ് പകർപ്പ്". Archived from the original on 2017-03-26. Retrieved 2021-09-04.{{cite web}}: CS1 maint: bot: original URL status unknown (link)
 12. Whiting, Jim. What's so great about Annie Oakley. Mitchell Lane Publishers. Delaware, 2007.
 13. Riley, Glenda (1994). The Life and Legacy of Annie Oakley. University of Oklahoma Press. p. 7.
 14. Billene Statler Nicol, ed. (2010). "AnnieMoseyCensus1870Enlarged". Archived from the original (JPG) on ഓഗസ്റ്റ് 11, 2014. Retrieved ഓഗസ്റ്റ് 9, 2014.
 15. "TH-266-11929-69872-17". U.S. Census, Harrison Township, Preble County, Ohio. FamilySearch. 1870. p. 54.
 16. Kasper, Shirl (1992). Annie Oakley. University of Oklahoma Press. pp. 6, 7. ISBN 0-8061-2418-0.
 17. Riley, Glenda (1994). The Life and Legacy of Annie Oakley. University of Oklahoma Press. p. 11.
 18. "Annie Oakley". Dorchester County Public Library, Cambridge, MD. Archived from the original on 2008-02-22. Retrieved 2019-04-03.
 19. Longford Genealogy, Retrieved October 8, 2014.
 20. "Biography: Frank Butler". pbs.org. Retrieved April 24, 2018.
 21. Suess, Jeff (July 20, 2014). "Did Annie Oakley shooting contest happen in Cincinnati?". The Cincinnati Enquirer. Retrieved April 24, 2018.
 22. "Biography: Frank Butler". pbs.org. Retrieved April 24, 2018.
 23. Suess, Jeff (July 20, 2014). "Did Annie Oakley shooting contest happen in Cincinnati?". The Cincinnati Enquirer. Retrieved April 24, 2018.
 24. Suess, Jeff (July 20, 2014). "Did Annie Oakley shooting contest happen in Cincinnati?". The Cincinnati Enquirer. Retrieved April 24, 2018.
 25. Annie Oakley Center Foundation, Retrieved October 2, 2014.
 26. FamilySearch, Retrieved October 2, 2014. Archived 2016-03-07 at the Wayback Machine.
 27. Geni, Retrieved April 24, 2018.
 28. Suess, Jeff (July 20, 2014). "Did Annie Oakley shooting contest happen in Cincinnati?". The Cincinnati Enquirer. Retrieved April 24, 2018.
 29. Cincinnati: A Guide to the Queen City and its Neighbors. State of Ohio Works Progress Administration. May 1943. p. 209.
 30. Suess, Jeff (July 20, 2014). "Did Annie Oakley shooting contest happen in Cincinnati?". The Cincinnati Enquirer. Retrieved April 24, 2018.
 31. Archives of Ontario via Ancestry.com (Ontario, Canada, Marriages 1801-1928), Retrieved on October 1, 2014.
 32. Annie Oakley Center Foundation, Retrieved October 2, 2014.
 33. Ancestry.com, 1880 U.S. Federal Census, Retrieved October 7, 2014.
 34. Ancestry.com, 1900 U.S. Federal Census, Retrieved October 7, 2014.
 35. Annie Oakley Center Foundation, Retrieved October 2, 2014.
 36. "The First Film shoot by Thomas Alva Edison -". en.wikipedia.org.
 37. "Annie Oakley (1894 film) -". archive.org.
 38. Kasper, Shirl (1992). Annie Oakley. University of Oklahoma Press. p. 4. ISBN 0-8061-2418-0.
 39. Encyclopædia Britannica, article on Annie Oakley.
 40. "Annie Oakley (1860-1926)". pbs.org. February 14, 2006. Archived from the original on 2009-08-30. Retrieved 2019-04-15.
 41. "Annie Oakley (1860-1926)". pbs.org. February 14, 2006. Archived from the original on 2009-08-30. Retrieved 2019-04-15.
"https://ml.wikipedia.org/w/index.php?title=ആനി_ഓക്‌ലി&oldid=3974642" എന്ന താളിൽനിന്ന് ശേഖരിച്ചത്