Jump to content

അക്വാബ ഉൾക്കടൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അക്വാബാ ഉൾക്കടൽ ഒരു നാസ്സാ ചിത്രം

സിനായ് ഉപദ്വീപിന്റെ ഇരുവശങ്ങളിലുമായി വേർപിരിയുന്ന ചെങ്കടലിന്റെ രണ്ടു ശാഖകളിൽ കിഴക്കുഭാഗത്തുള്ള അന്താരാഷ്ട്രപ്രാധാന്യമാർജിച്ച ഉൾക്കടലാണ് അക്വാബ ഉൾക്കടൽ. ജോർദാൻ, ഇസ്രയേൽ എന്നീ രാജ്യങ്ങളെ പുറംകടലുമായി ബന്ധിക്കുന്ന ഏകമാർഗ്ഗമെന്ന നിലയിൽ അക്വബാ ഉൾക്കടൽ വ്യാപാരപ്രധാനവുമാണ്. വടക്കുകിഴക്കൻ ദിശയിൽ ഉദ്ദേശം 161 കിലോമീറ്റർ നീണ്ടുകിടക്കുന്ന ഇതിന്റെ വീതി 19 മുതൽ 25 വരെ കിലോമീറ്റർ ആണ്. അടിത്തട്ടു പവിഴപ്പുറ്റുകൾ നിറഞ്ഞതായതിനാലും അടിക്കടി കോളിളക്കം ഉണ്ടാകുന്നതിനാലും ഇതിലൂടെയുള്ള ഗതാഗതം സുഗമമല്ല. ചിതറിക്കിടക്കുന്ന ദ്വീപുകളും മണൽത്തിട്ടകളും ചെങ്കടലിലേക്കുള്ള പ്രവേശനം ദുഷ്കരമാക്കിത്തീർത്തിരിക്കുന്നു. ചെങ്കുത്തായ പാറക്കെട്ടുകളും മലകളും കൊണ്ട് സങ്കീർണവും ദുർഘടവുമായ തീരപ്രദേശമാണ് ഇതിനുള്ളത്. ഈ തീരം ജോർദാൻ, ഇസ്രയേൽ, സൗദി അറേബ്യ, ഈജിപ്ത് എന്നീ രാജ്യങ്ങളിൽ ഉൾപ്പെടുന്നു. ഈ ഉൾക്കടലിലെ ഏക സുരക്ഷിത തുറമുഖം കടലിന്റെ പ്രവേശനമാർഗ്ഗത്തിൽനിന്നു 53 കിലോമീറ്റർ അകലെ പടിഞ്ഞാറൻ തീരത്തു സ്ഥിതിചെയ്യുന്ന ധഹാബ് ആണ്.[1]

അക്വാബാ ഉൾക്കടൽ

അറബി-ഇസ്രയേൽ സംഘട്ടനങ്ങൾ ആരംഭിച്ചതോടുകൂടി ഈ ഉൾക്കടലിന്റെ പ്രാധാന്യം വളരെ വർദ്ധിച്ചു. അറബികളും യഹൂദന്മാരു ഇവിടം യുദ്ധതന്ത്രപ്രധാനമായ സ്ഥാനമായി പരിഗണിച്ച് അവരവരുടെ തീരപ്രദേശങ്ങൾ സൈനികമായി സുരക്ഷിതമാക്കുന്നതിൽ പ്രത്യേകം ശ്രദ്ധ ചെലുത്തിവന്നു. ജോർദാന്റെ ഭാഗത്തു സ്ഥിതിചെയ്യുന്ന അക്വബായും ഇസ്രയേലിന്റെ ഭാഗത്തുള്ള ഏലാത്തും തുറമുഖപട്ടണങ്ങളായി വികസിതങ്ങളായി. 1949-ൽ ഇസ്രയേൽ രാഷ്ട്രം സ്ഥാപിതമായപ്പോൾ ഏലാത്ത് തുറമുഖം കൂടുതൽ സൗകര്യപ്രദമായരീതിയിൽ പുനർനിർമിച്ചു. ഉൾക്കടലിലെ സഞ്ചാരസൗകര്യങ്ങളും തീരപ്രദേശങ്ങളും കയ്യടക്കുന്നതിൽ യഹൂദന്മാരും അറബികളും പ്രത്യേകം താത്പര്യം പ്രദർശിപ്പിച്ചുവന്നു. അക്വബാ ഉൾക്കടലിന്റെ മുഖത്തു തിറാൻ ജലസന്ധിക്കു സമീപമുള്ള ഷറം-അൽ-ഷെയിക്കിൽ, ആദ്യത്തെ അറബി-ഇസ്രയേൽ സംഘട്ടനങ്ങൾക്കുശേഷം ഐക്യരാഷ്ട്രസേനയെ പാർപ്പിച്ചു (1957). ഇസ്രയേലും അറബിരാഷ്ട്രങ്ങളും തമ്മിലുള്ള തർക്കം വീണ്ടും ഒരു സംഘട്ടനത്തിലേക്കു നീങ്ങുമെന്നുള്ള സ്ഥിതിയിലെത്തിയപ്പോൾ ഈജിപ്തിന്റെ പ്രസിഡണ്ടായിരുന്ന ഗമാൽ അബ്ദൽ നാസർ അവിടെ പാർപ്പിച്ചിരുന്ന സേനയെ പിൻവലിക്കണമെന്ന് യു.എൻ. സെക്രട്ടറി ജനറലിനോട് ആവശ്യപ്പെട്ടു (1967). അതനുസരിച്ചു സേന പിൻവലിക്കപ്പെട്ടു. തുടർന്ന് ഈജിപ്ത് ആ പ്രദേശങ്ങൾ കീഴടക്കുകയും അക്വബാ ഉൾക്കടലിലൂടെയുള്ള ഗതാഗത സ്വാതന്ത്ര ഇസ്രയേലിനു നിരോധിക്കുകയും ചെയ്തു. അറബി-ഇസ്രയേൽ ബന്ധങ്ങൾ കൂടുതൽ വഷളായതോടെ ഇസ്രയേൽ അറബിരാജ്യങ്ങൾക്കെതിരായി യുദ്ധം ആരംഭിച്ചു. (1967 ജൂലായ് 7-ം തീയതി) യുദ്ധാരംഭത്തിൽതന്നെ ഇസ്രയേൽ സേനകൾ അക്വബാ ഉൾക്കടലും തീരപ്രദേശങ്ങളും പിടിച്ചെടുത്തു. നിരന്തരമായ അറബ് ഇസ്രായേൽ സംഘർഷങ്ങൾക്ക് അക്വബാ ഉൾക്കടൽ പ്രദേശം സാക്ഷ്യം വഹിക്കുന്നു.[2]

അവലംബം[തിരുത്തുക]

  1. Gulf of Aqaba [1] Archived 2010-11-04 at the Wayback Machine.
  2. Map of Gulf of Aqaba, Gulf of Aqaba [2]

പുറംകണ്ണികൾ[തിരുത്തുക]

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അക്വാബ ഉൾക്കടൽ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അക്വാബ_ഉൾക്കടൽ&oldid=3771030" എന്ന താളിൽനിന്ന് ശേഖരിച്ചത്