പാങ്ങ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Pang എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മലപ്പുറം ജില്ലയിൽ പെരിന്തൽമണ്ണ താലൂക്കിൽ, കുറുവ വില്ലേജിൽ, കുറുവ ഗ്രാമപഞ്ചായത്തിന്റെ പകുതി ഭാഗം വരുന്ന മൂന്ന് ഭാഗവും മലകളാൽ ചുറ്റപ്പെട്ട വിസ്തൃതമായ ഉൾനാടൻ ഗ്രാമമാണ് പാങ്ങ്.

പേരിനു പിന്നിൽ[തിരുത്തുക]

ഭൂമിശാസ്ത്രപരമായ പ്രത്യേകതയാണ് പാങ്ങ് എന്ന നാമത്തിനു പിന്നിലുള്ളത്. മൂന്നു ഭാഗവും കുന്നുകളാൽ ചുറ്റപ്പെട്ടു കിടക്കുന്ന ഒരു മട പോലെയാണ് ഈ പ്രദേശം. മട യെ വങ്ക് എന്നാണ് പൂർവികർ വിളിച്ചിരുന്നത്. വങ്ക് ലോപിച്ച് പിന്നീട് പാങ്ങ് ആയി മാറി പരിണമിച്ചതാണെന്ന് പറയപ്പെടുന്നു. സഹായം, ദുഃഖം എന്നീ അർത്ഥങ്ങളും പാങ്ങ് എന്നതിനുണ്ട്. കേരളത്തിൽ തൃശ്ശൂരിനടുത്തും, മണ്ണാർക്കാടിനടുത്തും, കാശ്മീരിൽ അനന്തനാഗരിക്കടുത്തും പാങ്ങ് എന്ന പേരിൽ സ്ഥലങ്ങളുണ്ട്.

ചരിത്രം[തിരുത്തുക]

പാങ്ങ് ഭൂപടം
പാങ്ങ് ഭൂപടം

സ്വാതന്ത്ര്യ പിറവിക്ക് ശേഷം മലപ്പുറം ജില്ലാ രൂപീകരണം വരെ പാലക്കാട് ജില്ലയുടെ ഭാഗമായിരുന്നു പാങ്ങ് എന്ന പ്രദേശം. വള്ളുവനാട് രാജാവിന്റെ നാലു കോവിലകങ്ങളായിരുന്ന മങ്കട, കടന്നമണ്ണ, ആയിരനാഴി, അരിപ്ര എന്നിവയിൽ മങ്കട കോവിലകത്തിന്റെ ഭാഗമായിരുന്നു പാങ്ങ്. പാങ്ങിന് 78 മൂലകളും കാക്കച്ചോല, പെരുംചോല, കുറുക്കൻചോല എന്നിങ്ങനെ 78 ചോലകളുമുണ്ടെന്ന് പറയപ്പെടുന്നു. ആദിവാസികളുമായി ബന്ധപ്പെട്ട ഒരു ചരിത്രം പാങ്ങിനുണ്ട്. ചക്കി എന്ന ആദിവാസിയുടെ രാജ്യമായിരുന്നു ചക്കിയറപ്പാലം. ചക്കിക്കഴായ ഇപ്പോഴുമിവിടെയുണ്ട്. ആദിവാസികളുടെ കോട്ടയായിരുന്നു കോട്ടപ്പള്ള. കാക്കച്ചോല പറയരുടെ ആസ്ഥാനമായിരുന്നു. കൊടലിക്കുന്ന് പണ്ടുകാലത്ത് യുദ്ധം നടന്നപ്പോൾ പോരാളികളുടെ കുടലു വീണ സ്ഥലമായിരുന്നവത്രേ. ഉള്ളവന്റേതെടുത്ത് ഇല്ലാത്തവന് നൽകുന്ന മനുഷ്യത്വം നിറഞ്ഞ മോഷണത്തിന്റെ കഥപറയുന്ന കായംകുളം കൊച്ചുണ്ണിയോടു സമാനമായ ചിത്രാമഠത്തിലെ മായനുമായി ബന്ധപ്പെട്ട ഒരു കഥയും പാങ്ങിനുണ്ട്. പുത്തൻകോട് മേനോന്റെ വീട്ടിൽ വെച്ചായിരുന്നുവത്രേ മായൻ കട്ട സാധനങ്ങൾ വിതരണം ചെയ്തിരുന്നത്. ഭൂമിശാസ്ത്രപരമായി ഒറ്റപ്പെട്ടു കിടന്നിരുന്ന അപരിഷ്കൃത ഗ്രാമങ്ങൾ എന്ന നിലക്ക് പാലക്കാട് ജില്ലയിലായിരുന്ന പാങ്ങിനെ കോഴിക്കോട് ജില്ലയിലായിരുന്ന കരേക്കാടുമായി കൂട്ടിച്ചേർത്ത് പാങ്ങ്-കരേക്കാട് എന്നൊരു പ്രയോഗം മറു നാടുകളിലുണ്ടായിരുന്നു. എസ്.കെ.പൊറ്റക്കാടിന്റെ സൃഷ്ടികളിൽ കയറിക്കൂടിയ ഈ മനോഹര ഗ്രാമം 35 വർഷം മുമ്പ് വരെയും ചികിത്സ, പഠനം, വ്യാപാരം, ഗതാഗതം തുടങ്ങിയ രംഗങ്ങളിൽ പുറം ലോകവുമായി വേറിട്ടു നിൽക്കുകയായിരുന്നു. കാർഷിക രംഗത്തെ അധ്വാനമായിരുന്നു ജനങ്ങളുടെ മുഖ്യ വരുമാന മാർഗ്ഗം. ഗ്രാമവാസികളുടെ മുഖ്യ വാണിജ്യ കേന്ദ്രമായിരുന്ന കോട്ടക്കലിലേക്കുള്ള വഴി മദ്ധ്യേ ഏത്തം ഉപയോഗിച്ച് പൂള, വാഴ, പച്ചക്കറികൾ എന്നിവ നനക്കുന്നത് ഇപ്പോഴും പതിവാണ്. തോട്ടങ്ങൾ നനക്കാൻ ഏത്തം പോരാത്തവർ കാളത്തേക്ക് ഉപയോഗിച്ചിരുന്നു.

വൈദ്യുതി, ഗതാഗതം, വാർത്താ വിനിമയം, പഠനം, ചികിത്സ തുടങ്ങിയ മേഖലകളിൽ നല്ല പുരോഗതി കൈവരിച്ച ഒരു ഗ്രാമമാണിത്. ചേണ്ടി പാടം നികത്തിയെടുത്ത പാങ്ങ്-ചേണ്ടി എന്ന പേരിൽ അങ്ങാടിയാക്കി മാറ്റിയിരിക്കുന്നു. ടെലഫോൺ എക്സ്ചേഞ്ച്, സർക്കാർ ആശുപത്രി, എന്നിവയും ഈ ഗ്രാമത്തിൽ ഉണ്ട്. വളാഞ്ചേരി-മലപ്പുറം, കാടാമ്പുഴ-പടപ്പറമ്പ, പെരിന്തൽമണ്ണ-കാടാമ്പുഴ എന്നീ റൂട്ടുകളിലായി പാങ്ങ് വഴി ധാരാളം ബസ്സുകൾ സർവീസ് നടത്തുന്നതിനാൽ മികച്ച ഗതാഗത സൗകര്യവും പാങ്ങിലുണ്ട്. വിദ്യാഭ്യാസപരമായി വളരെ പിന്നാക്കം നിന്നിരുന്ന ഈ പ്രദേശത്ത് 5 എൽ.പി.സ്കൂളുകളും, 1 യു.പി.സ്കൂളും 1 ഹയർസെകന്ററി സ്കൂളും പ്രവർത്തിക്കുന്നു.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

[www.ghsspang.com]

"https://ml.wikipedia.org/w/index.php?title=പാങ്ങ്&oldid=3732548" എന്ന താളിൽനിന്ന് ശേഖരിച്ചത്