ഏത്തം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇന്ത്യയിൽ പേക്കൊട്ട ഉപയോഗിച്ച് ഒരു കിണറിൽ നിന്ന് വെള്ളമെടുക്കുന്നു. (1896)
ഏത്തക്കൊട്ട
ഏത്തക്കൊട്ടയുടെ ബക്കറ്റ്

വൈദ്യുത പമ്പുകൾ വരുന്നതിനു മുമ്പ് കേരളത്തിൽ ജലസേചനത്തിനും മറ്റുമായി വെള്ളം ധാരാളമായി കോരിയെടുക്കുന്നതിന്ന് ഉപയോഗിച്ചിരുന്ന ഒരു സംവിധാനമാണ് ഏത്തം[1]. ചിലയിടങ്ങളിൽ ഇതിനെ ത്ലാവ് എന്നും വിളിക്കാറുണ്ട്. ജലസേചനാവശ്യങ്ങൾക്ക് മനുഷ്യൻ കണ്ടുപിടിച്ച ഏറ്റവും പഴയ ഉപാധികളിലൊന്നാണ് ഇത്.

ഇന്ത്യയുടെ മറ്റു ഭാഗങ്ങളിൽ ഇതിന്റെ ഡെങ്ക്ലി (denkli) എന്നും പേകൊട്ട (paecottah) എന്നും വിളിക്കുന്ന രണ്ടു രൂപങ്ങൾ നിലവിലുണ്ടായിരുന്നു. [2] ഇതിൽ ഡെങ്ക്ലി പ്രവർത്തിപ്പിക്കാൻ രണ്ടു പേർ വേണമായിരുന്നു. ഒരാൾ വെള്ളക്കൊട്ട താഴ്ത്തുകയും ഉയർത്തുകയും ചെയ്യുമ്പോൾ മറ്റേയാൾ ഉത്തോലകത്തണ്ടിനു മുകളിൽ കയറിനിന്ന് താങ്ങുതൂണുകൾ കേന്ദ്രമാക്കി അങ്ങോട്ടുമിങ്ങോട്ടും ചാഞ്ചാടിക്കൊണ്ട് ആദ്യത്തെയാളുടെ അദ്ധ്വാനം കുറച്ചുകൊണ്ടിരിക്കും. [3] ഇതുപയോഗിച്ച് ആറുമുതൽ എട്ടുവരെ മണിക്കൂറുകൾ കൊണ്ട് ആയിരം മുതൽ മൂവായിരം വരെ ഘനയടി വെള്ളം ജലസേചനത്തിനായി ലഭ്യമാക്കാൻ സാധിക്കുമായിരുന്നുവത്രേ[4]

ലോകത്തിന്റെ വിവിധഭാഗങ്ങളിൽ ഇത് ഉപയോഗത്തിലിരുന്നിട്ടുണ്ട്. ഷാഡൂഫ് (shadoof), ഷാഡുഫ് (shaduf), കൗണ്ടർപോയ്സ് ലിഫ്റ്റ് (counterpoise-lift) എന്നൊക്കെ ഇതിന് പേരുകളൂമുണ്ട്[5] ഷാഡുഫ് എന്ന വ്യാപകമായുപയോഗിക്കപ്പെടുന്ന പേരിന്റെ ഉദ്ഭവം അറബി പദമായ شادوف, (šādūf, ഷാഡുഫ്) എന്ന വാക്കിൽ നിന്നാണ്. ഇതിന്റെ ഗ്രീക്ക് പേരുകൾ κήλων ( kēlōn, കെലോൺ), κηλώνειον, (kēlōneion കെലോണെയോൺ) എന്നിങ്ങനെയാണ്. ഇംഗ്ലീഷിൽ ഇതിനെ സ്വേപ്പ് (swape) എന്നും വിളിച്ചുവരുന്നു.[6]

ആഫ്രിക്കയുടേയും ഏഷ്യയുടെയും പലഭാഗങ്ങളിലും ഇപ്പോഴും ഇത് ഉപയോഗത്തിലുണ്ട്.

ചരിത്രം[തിരുത്തുക]

ഈജിപ്റ്റിലെ ഒരു ബാലൻ ഷാഡൂഫ് ഉപയോഗിച്ച് വെള്ളമെടുക്കുന്നു. (1911)

ഈ സംവിധാനം ഈജിപ്തിലും സമീപദേശങ്ങളിലുമൊക്കെ ഫറവോമാരുടെ കാലത്തുതന്നെ നിലവിൽ വന്നിരുന്നു. ഈജിപ്തിലെ ക്ഷേത്രങ്ങളിലും പിരമിഡുകളിലും ഇതിന്റെ ചിത്രങ്ങൾ ആലേഖനം ചെയ്തിട്ടുണ്ട്. മെസോപോട്ടേമിയയിലാണു ഇതിന്റെ ഉത്ഭവം എന്നു പറയുന്നു. ബി.സി.ഇ. 2000-ത്തിലെ സുമേറിയയിൽ നിന്നുള്ള ഒരു മുദ്രയിൽ ഇതിന്റെ ചിത്രമുണ്ട്[7].

പ്രവർത്തനം[തിരുത്തുക]

ഏത്തം ഉപയോഗിച്ച് നദിയിൽ നിന്ന് വെള്ളമെടുക്കുന്നു

ഇത് ആദ്യഗണത്തിൽപ്പെട്ട (First order)ഉത്തോലകമാണ്. രണ്ട് മരക്കാലുകൾക്കിടയിൽ രണ്ടോ മൂന്നോ മീറ്റർ ഉയരത്തിൽ ഇരുവശത്തേക്കും താഴാനും പൊങ്ങാനും കഴിയും വിധം നേർമദ്ധ്യത്തിലല്ലാതെ താങ്ങിനിർത്തുന്ന ഒരു മരത്തണ്ടാണ് ഇതിന്റെ പ്രധാനഭാഗം. ഇതിന്റെ നീളം കൂടിയ അറ്റത്ത് വെള്ളം കോരാനുള്ള ഏത്തക്കൊട്ട (മരം കൊണ്ടുണ്ടാക്കിയ വലിയ തൊട്ടി) തൂക്കിയിടുന്നു. ഇതിൽ രണ്ടു മൂന്ന് മൺകുടങ്ങളിൽ കൊള്ളുന്നത്ര വെള്ളം (ഇരുപത്-ഇരുപത്തഞ്ച് ലിറ്റർ) കൊള്ളും. നീളം കുറഞ്ഞ അറ്റത്ത് ഭാരമുള്ള ഒരു കല്ലോ മറ്റു വസ്തുക്കളോ പ്രതിഭാരമായും തൂക്കിയിടുന്നു. താഴെ ജലാശയത്തിൽ നിന്ന് ഏത്തക്കൊട്ടയിൽ മുകളിലേക്കെത്തുന്ന വെള്ളം ഒരു വിശാലമായ പാത്തിയിലേക്ക് ഒഴിക്കുന്നു. ഇവിടെനിന്നു ചാലുകൾ ഉണ്ടാക്കിയാണ് ദൂരെ ചെടികളുടെ അടിയിലേക്കോ വയലുകളിലേക്കോ സാധാരണ ജലമെത്തിക്കുന്നത്. ഈ ജലം ചെറിയ കുഴികളിൽ സംഭരിച്ച് അതിൽ പച്ചച്ചാണകം കലക്കി ആ ജലം മൺകുടങ്ങളിൽ നിറച്ചാണ് പണ്ടുകാലത്ത് കേരളത്തിൽ വെറ്റിലക്കൊടികൾക്ക് നനച്ചിരുന്നത്.

ഏത്തക്കൊട്ട കെട്ടിയ കൈപിടി (ചെത്തിയുഴിഞ്ഞ ഉറപ്പുള്ള വണ്ണം ഇല്ലാത്ത, ജലാശയത്തിന്റെ ആഴത്തിനനുസരിച്ച് നീളമുള്ള മുള ) കിണറ്റിലേക്ക് താഴ്ത്താനാണ് ബലം പ്രയോഗിക്കേണ്ടി വരിക. വെള്ളം നിറച്ച ഏത്തക്കൊട്ട മുകളിലേക്ക് ഉയർത്താൻ ഏത്തത്തിന്റെ മറ്റേ അറ്റത്ത് ആവശ്യത്തിനുള്ള ഭാരം തൂക്കിയിടുന്നതുകൊണ്ട് അധികം ബലത്തിന്റെ ആവശ്യമില്ല.

കുനിഞ്ഞു നിവരുന്നതിനു ഏത്തമിടുക എന്ന് പറയുന്നത് ഈ സംവിധാനത്തിന്റെ ചലനവുമായി അതിനുള്ള സാമ്യം കൊണ്ടാണ്.

ഉപയോഗം[തിരുത്തുക]

  • കൃഷിക്ക് ജലസേചനത്തിനായി ഈ സംവിധാനം ഉപയോഗിച്ചിരുന്നു [8]
  • വലിയ ക്ഷേത്രങ്ങളിലും പാചകത്തിനും മറ്റുമായി വേണ്ടുന്ന വെള്ളം കിണറുകളിൽ നിന്നു സംഭരിക്കാൻ ഈ സംവിധാനം ഉപയോഗിച്ചിരുന്നു.

അവലംബം[തിരുത്തുക]

  1. കേരള ഇനവേഷൻ ഫൗണ്ടേഷൻ Archived 2016-03-05 at the Wayback Machine. നാട്ടറിവുകളുടെ ശേഖരണവും ഡിജിറ്റൈസേഷനും
  2. എൻസൈക്ലോപീഡിയ ബ്രിട്ടാണിക്ക ഷാഡൂഫ്
  3. ലാൻഡ്സ് ആൻഡ് ദി പീപ്പിൾസ് ഓഫ് ദി വേൾഡ്: ജെ.എ. ഹാമർട്ടൺ പേജ് 709
  4. വാട്ടർ സപ്ലൈ ആൻഡ് ഇറിഗേഷൻ പേപ്പേഴ്സ് ഓഫ് ദി യുനൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ 1896. പേജ് 20
  5. "ASABE ടെക്നിക്കൽ പേപ്പർ ഡിസ്ക്രൈബിംഗ് ആൾട്ടർനേറ്റീവ് നെയിംസ്". Asae.frymulti.com. Archived from the original on 2011-07-11. Retrieved 2012-04-03.
  6. "Definition of "Swape"". Webster's Revised Unabridged Dictionary. MICRA Inc. Retrieved 2007-04-25.
  7. Joseph Needham (1965). Science and Civilisation in China. Cambridge University Press. ISBN 978-0-521-32728-2.
  8. വിളയൂർ ഗ്രാമപഞ്ചായത്ത് Archived 2016-03-04 at the Wayback Machine. ചരിത്രം.

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

Wiktionary
Wiktionary
ഏത്തം എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക
Wiktionary
Wiktionary
ത്‌ലാവ് എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക


"https://ml.wikipedia.org/w/index.php?title=ഏത്തം&oldid=3809902" എന്ന താളിൽനിന്ന് ശേഖരിച്ചത്