വേത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
വേത്തുകുട്ട.jpg

വളരെ ലളിതമായ ഒരു നാടൻ കാർഷിക ജലസേചനോപകരണമാണ്‌ വേത്ത്.[1] പാലക്കാട് ഇത് തുടിപ്പ് എന്നും വടക്കൻ കേരളത്തിൽ ഊവണി എന്നും അറിയപ്പെടുന്നു. ആഴം കുറഞ്ഞ തോട്, ചാലുകൾ എന്നിവയിൽ നിന്ന് പാടങ്ങളിലേക്ക് വെള്ളം കോരി ചൊരിയാനാണ്‌ വേത്ത് ഉപയോഗിക്കുക. രണ്ടുമൂന്നടി ഉയരത്തിലേക്ക് മാത്രമേ വേത്തുപയോഗിച്ച് വെള്ളമെത്തിക്കാനാകൂ. പലകകൾ ചേർത്തു വച്ചും ആനപ്പനയുടെ പട്ടയോ തെങ്ങിന്റെ തടി കൊത്തി ശരിപ്പെടുത്തിയോ വേത്ത് ഉണ്ടാക്കിയിരുന്നു.

നിർമ്മാണം[തിരുത്തുക]

വെള്ളം കോരിയെടുക്കനായി മുൻഭാഗവും മുകൾഭാഗവും തുറന്ന ദീർഘചതുരാകൃതിയിലുള്ള ഒരു മരപ്പാത്തിയും അതിനോട് ചേർന്നുള്ള ഒരു പിടിയുമാണ്‌ വേത്ത്. നാലു പലകൾ ചേർത്താണ്‌ മരപ്പാത്തി ഉണ്ടാക്കുന്നത്. ഒരേ നീളത്തിലുള്ള മൂന്ന് പലകകൾ അടിയിലും വശങ്ങളിലും നീളം കുറഞ്ഞ മറ്റൊന്നു പിറകിലായും ചേർത്ത് വച്ചാൽ മുൻ വശം തുറന്നോരു കോരി ലഭിക്കുന്നു. പിൻ വശത്തെ പലകയിൽ ഒരു ദ്വാരമുണ്ടക്കി അതിൽ ഒരു പിടിയും ഘടിപ്പിക്കുന്നു. ഈ പിടി പലകയുടേ ഉള്ളിലേക്ക് തള്ളി നിൽകുന്നു. ഈ ഭാഗത്ത് കയർ ബന്ധിപ്പിച്ച് അത് തോടിന്റെ മുകളിൽ ഉറപ്പിച്ചിരിക്കുന്ന മൂന്ന് മുളകൾ ചേർത്തുണ്ടാക്കിയ മുക്കാലിയിലേക്ക് ഘടിപ്പിക്കുന്നു. വേത്ത് ഈ മുക്കാലിയിൽ തൂങ്ങിക്കിടക്കുന്ന തരത്തിലാണ്‌ ബന്ധിപ്പിക്കുന്നത്.

വശങ്ങളിലേയും അടിയിലേയും പലകകൾ ഭാരം കുറക്കാൻ ആവശ്യമായ തരത്തിലുള്ള മരങ്ങൾ ഉപയോഗിച്ചാണുണ്ടാക്കുന്നത്. മാവ്, മുരിക്ക് എന്നീ മരങ്ങളാണ്‌ ഉപയോഗിക്കുക. പിന്നിലെ പലകയിലും പിടിയിലും സമ്മർദ്ദം കൂടുതൽ വരുന്നതിനാൽ തേക്ക്, പ്ലാവ് മുതലായ മരങ്ങളാണ്‌ അതിനുപയോഗിക്കേണ്ടത്.

ഉപയോഗിക്കുന്ന വിധം[തിരുത്തുക]

തൂക്കിയിട്ടിരിക്കുന്ന വേത്തിന്റെ പിടിയിൽ പിടിച്ചു കൊണ്ട് തേക്കുകാരൻ വെള്ളം കോരി അടുത്തുള്ള ചാലിലേക്ക് ഒഴിക്കുന്നു. തേക്കുന്നതിനു ഒരു കൈയ്യിന്റെ ആവശ്യമുള്ളൂ എന്നതിനാൽ മാറി മാറി തേക്കാം. അതുകൊണ്ട് മാറ്റത്തേക്കുകാരന്റെ ആവശ്യം ഇല്ല.

ഒരു വേത്തിൽ 25 ലിറ്റർ വെള്ളം കൊള്ളും. അതിനേക്കാൾ കൂടുതൽ വെള്ളം കൊള്ളുന്ന വേത്തുകളും ഉണ്ടെങ്കിലും അവ ഉപയോഗിക്കാൻ ആയാസം കൂടുതൽ വേണ്ടിവരും. നാനൂറ് തവണ തേക്കാൻ മുക്കാൽ മണിക്കൂർ നേരം മതിയാകും. നല്ല ആരോഗ്യമുള്ള ഒരാൾക്ക് തുടർച്ചയയി നാലഞ്ച് മണിക്കൂർ തുടർച്ചയായി തേവാനാകും. പാലക്കാട് ജില്ലയിലെ കൃഷിയിടങ്ങളിൽ വേത്ത് കൂടുതലായി ഉപയോഗിക്കുന്നുണ്ട്.

അവലംബം[തിരുത്തുക]

  1. സി. ആർ. രാജഗോപാൽ (2008, ഒക്ടോബർ 6). "നാടൻ ജലസേചന യന്ത്രങ്ങൾ". പുഴ.കോം. puzha.com. മൂലതാളിൽ (ലേഖനം) നിന്നും 2014-09-29-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 29 സെപ്റ്റംബർ 2014. Check date values in: |date= (help)

പുറം കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=വേത്ത്&oldid=3645690" എന്ന താളിൽനിന്ന് ശേഖരിച്ചത്