വില്ല് (വാദ്യം)
കേരളത്തിൽ മുമ്പ് വളരെ പ്രചാരമുണ്ടായിരുന്ന ഒരു വാദ്യമാണ് വില്ല്. ഇത് പല രൂപത്തിൽ ഇന്നും ഉപയോഗിച്ചുവരുന്നു. ഓണക്കാലത്ത് കലാപ്രകടനങ്ങളുടെ ഭാഗമായി ഉപയോഗിച്ചിരുന്നതാണ് "ഓണവില്ല് ". ചില പ്രദേശങ്ങളിൽ ഓണത്തെയ്യം (ഓണത്താർ) ഒരു ഓണവില്ലും പിടിച്ചുകൊണ്ടാണ് വീടുകൾ തോറും കയറിയിറങ്ങിയിരുന്നത്.
ഓണവില്ല്
[തിരുത്തുക]'ഓണവില്ല്' എന്നു പറയുന്ന ഉപകരണം കേരളത്തിൽ ഒരു സംഗീത ഉപകരണമായാണ് പൊതുവേ അറിയപ്പെടുന്നത്. എന്നാൽ തിരുവനന്തപുരത്ത് അതിനു പദ്മനാഭസ്വാമിക്ഷേത്രത്തിലെ ഓണാഘോഷങ്ങളിലെ ഒരു ആചാരവുമായി നേരിട്ടൊരു ബന്ധം കൂടിയുണ്ടു്.
നിർമ്മാണം
[തിരുത്തുക]മുള, കമുക് എന്നിവയുടെ പട്ടികയാണ് ഓണവില്ലിന്റെ പാത്തിയുണ്ടാക്കാൻ ഉപയോഗിക്കുന്നത്. ഞാൺ മുള കൊണ്ടാണ് നിർമ്മിക്കുന്നത്. സ്വല്പം വളച്ചു നിർത്തുന്ന പാത്തിയിൽ ഞാൺ വലിവോടെ ഉറപ്പിക്കും. ഇതിന്നായി ഞാണിന്റെ രണ്ടറ്റത്തും ഓരോ ചെറിയ കുട ഉണ്ടാകും.
വായിക്കുന്ന രീതി
[തിരുത്തുക]ചുമലിലും കയ്യിലുമായി സ്വല്പം മാറോടു ചേർത്താണ് ഇടത്തേ കൈ കൊണ്ട് വില്ല് പിടിക്കുന്നത്. തുടർന്ന് മുളകൊണ്ടുതന്നെയുള്ള ചെറിയൊരു കോൽ കൊണ്ട് ഞാണിൽ കൊട്ടും. ഞാൺ ആവശ്യാനുസരണം അമർത്തുകയും അയക്കുകയും ചെയ്താണ് നാദനിയന്ത്രണം നടത്തുന്നത്.
വില്പ്പാട്ടിലെ വില്ല്
[തിരുത്തുക]ദക്ഷിണകേരളത്തിൽ നിലവിലുള്ള ഒരു കലാപ്രകടനമായ വില്ലുപാട്ടിന്ന് മറ്റൊരുതരത്തിലുള്ള വില്ല് ഉപയോഗിക്കുന്നുണ്ട്. ഇതിന്റെ ഞാൺ കയർ കൊണ്ടാണ് കെട്ടുന്നത്. ഇതിന്റെ പാത്തിയിൽ ഏതാനും മണികൾ കെട്ടിയിരിക്കും. സമാന്യേന വലിപ്പമുള്ള ഇത് നിലത്തിരിക്കുന്ന കലാകാരന്മാരുടെ മുന്നിൽ നിലത്തുതന്നെ സ്ഥാപിക്കുന്നു. ഞാണിൽ രണ്ട് കോലുകൾ കൊണ്ട് ശക്തിയോടെ കൊട്ടുമ്പോൾ വില്ലിൽ കെട്ടിയിരിക്കുന്ന മണികൾ ഉണ്ടാക്കുന്ന ശബ്ദങ്ങളെ താളനിബദ്ധമാക്കിയാണ് ഇതു വാദ്യമായി ഉപയോഗിക്കുന്നത്.