Jump to content

വാഗൺ ട്രാജഡി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മാപ്പിള സമരത്തെ തുടർന്ന് ബ്രിട്ടീഷുകാരുടെ പിടിയിലായ ചില കലാപകാരികൾ (1921)
വാഗൺ ട്രാജഡി സ്മാരക ടൗൺ ഹാൾ തിരൂർ
വാഗൺ ട്രാജഡി സ്മാരക ബസ് കാത്തിരിപ്പ് കേന്ദ്രം വള്ളുവമ്പ്രം

1921-ലെ (മലബാർ കലാപം) തുടർന്ന് നവംബർ 20-ന് ബ്രിട്ടീഷ് പട്ടാളം തിരൂരിൽ നിന്നും കോയമ്പത്തൂർ ജയിലിലടക്കാൻ റെയിൽവേയുടെ ചരക്ക് വാഗണിൽ കുത്തി നിറച്ച് കൊണ്ടുപോയ തടവുകാർ ശ്വാസം മുട്ടി മരിച്ച സംഭവമാണ് വാഗൺ ട്രാജഡി അഥവാ വാഗൺ ട്രാജഡി കൂട്ടക്കൊല എന്നറിയപ്പെടുന്നത്. ഇംഗ്ലീഷ്: Wagon Tragedy (massacre). മാപ്പിള സമരത്തെ തുടർന്ന് അറസ്റ്റ് ചെയ്യപ്പെട്ട് ഗുഡ്സ് വാഗണിൽ അടക്കപ്പെട്ട നൂറോളം പേരിൽ ‍70 പേരാണ് മരിച്ചത്.[1][2] ബ്രിട്ടീഷ് ആധിപത്യത്തിനെതിരായി മലബാർ ഭാഗത്ത് മുസ്ലീങ്ങൾ നടത്തിയ സമരമായിരുന്നു മലബാർ കലാപം അഥവാ മാപ്പിള ലഹള. കേരള ചരിത്രത്തിൽ മുസ്ലീങ്ങൾ നടത്തിയ പ്രസിദ്ധമായ സമരം ഇതാണ്‌. മലബാറിലെ ഹിന്ദുക്കളും ഈ ലഹളയിൽ പങ്കാളികളായിരുന്നു. അതോടൊപ്പംതന്നെ ബ്രീട്ടീഷു് ഒറ്റുകാർ എന്നാരോപിച്ച് ഹിന്ദു ജന്മിമാർക്കെതിരെയുമായിരുന്നു സമരക്കാരുടെ ആക്രമം. ജന്മിമാർ അടക്കിവാണ കുടിയാന്മാർ പലരും പ്രസ്ഥാനത്തിൽ ചേരുകയും ബ്രിട്ടീഷുകാർക്കെതിരെ പോരാടുകയും ചെയ്തു.

മലബാർ കലാപത്തോടനുബന്ധിച്ച് ബ്രിട്ടീഷ് ഭരണകൂടം നടത്തിയ ഏറ്റവും ക്രൂരമായ നരനായാട്ടാണ് വാഗൺ ട്രാജഡി എന്ന "കൂട്ടക്കൊല". തിരൂരിൽ നിന്നും കോയമ്പത്തൂർ ജയിലിലടക്കാൻ റെയിൽവേയുടെ ചരക്കുവാഗണിൽ കുത്തിനിറച്ചുകൊണ്ടുപോയ 64 തടവുകാരാണ് അന്ന് ശ്വാസം മുട്ടി മരിച്ചത്.

ബ്രിട്ടഷുക്കാർ അവരുടെ മേലിൽ നിന്നും ഇതിന്റെ പഴി ഒഴിവാക്കാൻ വേണ്ടി വിളിച്ച ഒരു പേരാണ് "വാഗണ ട്രാജഡി". ഈ സംഭവത്തിനെ അവർ ദുരന്തം എന്ന പേര് കൂട്ടി വിളിക്കാൻ തുടങ്ങിയതോടെ അറിയാതെ നടന്ന ഒരു കാര്യമായി അവർ ആ സംഭവത്തെ മാറ്റി എടുക്കാൻ ശ്രമിച്ചു. എന്നാൽ അത് അക്ഷരാർത്ഥത്തിൽ അതൊരു കൂട്ടകൊലപാതകമായിരുന്നു.

1921 നവംബർ 20, വെള്ളപ്പട്ടാളം പിടികൂടിയ തടവുകാരെ അടച്ചിട്ട ചരക്കുവണ്ടികളിൽ ജയിലുകളിലേക്കയച്ചു. കാറ്റും വെളിച്ചവും കടക്കാത്ത സാമാനവണ്ടികളിൽ പലപ്പോഴായി ഏകദേശം 300 മാപ്പിളത്തടവുകാരെ മിലിട്ടറി ക്യാമ്പുകളിലെത്തിച്ചതായി വാഗൺ ട്രാജഡി വിചാരണവേളയിൽ തെളിഞ്ഞിട്ടുണ്ട്. രണ്ടായിരത്തോളം സമരക്കാരെ 32 തവണയായി ആന്തമാനിലേക്കും കോയമ്പത്തൂരിലേക്കും പലഘട്ടങ്ങളിൽ നാടുകടത്തി. കേണൽ ഹംഫ്രിബ്, സ്‌പെഷ്യൽ ഓഫിസർ ഇവാൻസ്, ജില്ലാ പട്ടാള മേധാവി ഹിച്ച്‌കോക്ക്, ആമു സൂപ്രണ്ട് എന്നിവരായിരുന്നു ഇതിന് നേതൃത്വം വഹിച്ചത്. പട്ടാള ഓഫീസറായ ഹിച് കോക്കാണ് പുറത്തുള്ളവർ കലാപകാരികളെ കാണുന്നതു തടയാൻ തന്റെ ആശയം നടപ്പാക്കിയത്. നവംബർ 10 മുതൽ നാടിന്റെ നാനാ ഭഗത്തു നിന്നും മലബാർ കലാപത്തിന്റെ പേരിൽ നിരവധി പോരാളികളെ അറസ്റ്റ് ചെയ്യാൻ തുടങ്ങിയിരുന്നു. മലബാറിലെ ജയിലുകൾ നിറഞ്ഞുകവിഞ്ഞു. അധിക പേരെയും കള്ളക്കേസ് ചമച്ചായിരുന്നു പോലീസ് പിടികൂടിയത്. പുലാമന്തോൾ പാലം പൊളിച്ചെന്നായിരുന്നു വാഗണിലടച്ചവരിൽ ചുമത്തിയ കുറ്റം.

നവംബർ 20ന് കുറ്റം ചെയ്തവരോ അല്ലാത്തവരോ ആയ നൂറോളം തടവുകാരെ എം.എസ്.ആന്റ് എം.റെയിൽവേയുടെ 1711-ആം നമ്പർ വാഗണിൽ തിരൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് കോയമ്പത്തൂർക്ക് അയച്ചു. വെള്ളമോ വെളിച്ചമോ വായുവോ ഇല്ലാതെ മണിക്കൂറുകൾ നീണ്ട യാത്രയായിരുന്നു. തിരൂർ സ്റ്റേഷൻ വിട്ടപ്പോൾ തന്നെ ദാഹിച്ചുവരണ്ടും പ്രാണവായുവിനായും മരണവെപ്രാളം തുടങ്ങി. ആ നിലവിളികളൊന്നും കാവൽ പൊലീസ് വകവെച്ചില്ല. വണ്ടി ഷൊർണ്ണൂരും ഒലവക്കോട്ടും അൽപസമയം നിർത്തി. അപ്പോഴും ആ ദീനരോദനം പട്ടാളം കേട്ടതായി നടിച്ചില്ല. പുലർച്ചെ തമിഴ്‌നാട്ടിലെ പോത്തന്നൂരിലെത്തി, വാഗൺ തുറന്നപ്പോൾ കണ്ടത് മരണ വെപ്രാളത്തിൽ പരസ്പരം മാന്തിപൊളിച്ചും കെട്ടിപ്പിടിച്ചും വിറങ്ങലിച്ചു കിടന്ന 64 മൃതദേഹമാണ്.

അന്വേഷണം വേണമെന്ന ആവശ്യം ശക്തമായതോടെ ഒരു കമ്മിറ്റിയെ ചുമതലപ്പെടുത്തി . മലബാർ സ്പെഷ്യൽ കമ്മീഷ്‍ണർ എ. ആർ. നാപ്പ് ചെയർമാനും മദിരാശി റിട്ടേർഡ് പ്രസിഡൻസി മജിസ്ട്രേറ്റ് അബ്ബാസ്സ് അലി , മണ്ണാർക്കാട്ടെ കല്ലടി മൊയ്തു, അഡ്വ. മഞ്ചേരി സുന്തരയ്യർ എന്നിവർ അംഗങ്ങളായ കമ്മിറ്റിക്കായിരുന്നു അന്വേഷണചുമതല. വാഗൺ നിർമ്മിച്ച കമ്പനിക്കാരും അത് ഏൽപ്പിച്ചുകൊടുത്ത ഇൻസ്പെക്ടറുമാരാണ് കുറ്റക്കാർ എന്നാണ് റിപ്പോർട്ട് വന്നത്. അന്വേഷണ റിപ്പോർട്ടിനെ തുടർന്ന് റയിൽവേ സർജന്റ് ആൻഡ്രൂസ്, ഒരു പോലീസ് ഹെഡ് കോൺസ്റ്റബിൾ എന്നിവരെ പ്രതിയാക്കി മദിരാശി ഗവൺമെന്റ് കേസെടുത്തെങ്കിലും കോടതി രണ്ടുപേരെയും വെറുതെ വിട്ടു.

'മലബാർ സമരം 90' അനുസ്മരണ സമിതി തിരൂരിൽ സംഘടിപ്പിച്ച വാഗൺ ട്രാജഡി സംഭവത്തിന്റെ പുനരാവിഷ്‌ക്കാരത്തിന്റെ ഭാഗമായി പോരാളികളെ പിടികൂടി തിരൂർ റയിൽവേ സ്റ്റേഷനിലേക്കു കൊണ്ടുവരുന്ന പ്രതീകാത്മക രംഗം

കൂടുതൽ വിവരങ്ങൾ

[തിരുത്തുക]

ജാലിയൻ വാലാബാഗിനെക്കാൾ അത്യന്തം നികൃഷ്ടവും നീചവുമായ കൂട്ടക്കൊലയായിരുന്നു 1921 നവംബർ 20 ന് മലബാറിൽ അരങ്ങേറിയത്. ഈ ദുരന്തത്തിന്റെ സ്മരണയിൽ മലബാർ ഇന്നും നടുങ്ങുന്നു. മലബാർ കലാപത്തിന്റെ കാരണങ്ങളെപ്പറ്റി ഭിന്നാഭിപ്രായക്കാരുണ്ടെങ്കിലും എല്ലാവരും ഒരുപോലെ അപലപിച്ച കൂട്ടക്കൊലയായിരുന്നു വാഗൺ ട്രാജഡി.

മലബാറിലെ 226 ഗ്രാമങ്ങളെയാണ് ലഹള ബാധിച്ചത്. 138 ഗ്രാമങ്ങളിൽ രൂക്ഷവും ‍ശേഷിച്ച ഗ്രാമങ്ങളിൽ ഭാഗികമായും കലാപങ്ങളുണ്ടായി. മലബാർ കലാപത്തിൽ അനൗദ്യോകിക കണക്കനുസരിച്ച് ഇരുപത്തി അയ്യായിരം പേർ മരിച്ചിട്ടുണ്ട്.

പതിനായിരം പേർ മരിച്ചിട്ടുണ്ടെന്നാണ് ബ്രിട്ടീഷ് രേഖകൾ സൂചിപ്പിക്കുന്നത്. പതിനായിരക്കണക്കിനാളുകൾ പലായനം ചെയ്തു. പതിനാലായിരത്തിലധികം പേർ അറസ്റ്റു ചെയ്യപ്പെട്ടു. വിചാരണക്കുശേഷം അയ്യായിരം പേർക്ക് പിഴശിക്ഷ വിധിച്ചു. 3,63,458 രൂപയാണ് പിഴ ഇനത്തിൽ ബ്രിട്ടീഷുകാർക്ക് കിട്ടിയത്. 252 പേരെ ജീവപര്യന്തം തടവിന് ശിക്ഷിച്ച് ബല്ലാരി ജയിലിലേക്ക് അയച്ചു.

ലഹള തുടങ്ങി ഒരു മാസം കഴിഞ്ഞപ്പോഴേക്കും വിചാരണയും ആരംഭിച്ചിരുന്നു. തടവുകാരായി പിടിക്കപ്പെട്ടവരെ ആദ്യം കണ്ണൂർ സെൻട്രൽ ജയിലിലേക്കാണ് അയച്ചിരുന്നത്. കണ്ണൂരിൽ‌ സ്ഥലം തികയാതെ വന്നതോടെ കലാപകാരികളെ ബല്ലാരിയിലേക്ക് കൊണ്ടുപോകുവാൻ തീരുമാനിക്കുകയായിരുന്നു. തടവുകാരെ ബല്ലാരിയിലെത്തിക്കാൻ ചുമതലപ്പെട്ടവർ സ്പെഷ്യൽ ഡിവിഷൻ ഉദ്യോഗസ്ഥൻ ഇവാൻസ്, പട്ടാള കമാന്റർ കർണ്ണൻ ഹംഫ്രിഡ് , ജില്ലാ മേധാവി ഹിച്ച് കോക്ക് എന്നിവരായിരുന്നു.

കന്നുകാലികളെ കയറ്റുന്ന വണ്ടിയിലാണ് തുടക്കത്തിൽ തടവുകാരെ കുത്തിനിറച്ച് കൊണ്ടുപോയിരുന്നത്. ഇതു സുരക്ഷിതമല്ലന്ന് തോന്നിയതോടെ ചരക്കുവാഗണിൽ കൊണ്ടുപോകുവാൻ തീരുമാനിച്ചു. മദ്രാസ് ,സൗത്ത് മറാട്ട കമ്പനിക്കാരുടെ എം എസ് എം - എൽ വി 1711 എന്ന് മുദ്രണം ചെയ്ത വാഗണിലാണ് പിന്നീട് തടവുകാരെ കൊണ്ടുപോയത്. പ്രവേശന കവാടം തുറന്ന് കയറുകൊണ്ട് ബന്ധിക്കാനും യാത്രാ മദ്ധ്യേയുള്ള റയിൽവേ സ്റ്റേഷ‍നുകളിൽ വമ്ടി നിർത്തി തടവുകാർക്ക് ശുദ്ധവായു ശ്വസിക്കാനും ഹിച്ച് കോക്ക് ആദ്യമൊക്കെ സൗകര്യം ചെയ്തു കൊടുത്തു. പുറത്തിറങ്ങുന്ന തടവുകാരെ ശുദ്ധവായു ശ്വസിച്ചതിനു ശേഷം വാഗണിൽ തിരികെ കയറ്റാനും കാവൽ നിൽക്കാനും മതിയായ പോലീസിനെ കിട്ടാത്തതോടെ ശുദ്ധവായു ശ്വസിക്കാനുള്ള ആനുകൂല്യവും ഇല്ലാതായി.

അടച്ചുപൂട്ടിയ വാഗണിൽ ശ്വാസം പോലും വിടാനാവാതെ കൊണ്ടുപോകുവാൻ തുടങ്ങിയതോടെ തടവുകാരുടെ നരകയാതനയും തുടങ്ങി. രണ്ടായിരം പേരെ മുപ്പത്തിരണ്ടുപ്രാവശ്യം ഇതേ രീതിയിൽ കൊണ്ടുപോയി. 122പേരെയാണ് വാഗണിൽ കുത്തിനിറച്ചിരുന്നത്. ഇങ്ങനെ രണ്ടായിരം പേർ യാത്ര ചെയ്തപ്പോഴും ശ്വാസം മുട്ടിയും കണ്ണുതുറിച്ചുകൊണ്ടും മൃതപ്രായരായവർ വാഗൺ ദുരന്തത്തിന്റെ ചിത്രത്തിൽ വന്നിട്ടില്ല[3].

അനുഭവസാക്ഷ്യം

[തിരുത്തുക]

നവംബർ 20 ന് പോയ വാഗണിലാണ് കൂട്ട ദുരന്തം അരങ്ങേറിയത്. അന്നത്തെ ദുരന്തത്തിൽ നിന്ന് ഭാഗ്യം കൊണ്ട് രക്ഷപെട്ടവർ ആരും ഇന്ന് ജീവിച്ചിരിപ്പില്ല. മലബാർ കലാപത്തിൽ നേരിട്ട് പങ്കെടുത്തവരും വിസ്മൃതിയിലായി.ദുരന്തമുണ്ടാക്കിയ വാഗണിൽ നിന്നും ആയുസ്സിന്റെ ബലം കൊണ്ട് രക്ഷപെട്ട മലപ്പുറം കോട്ടപ്പടിയിലെ വയൽക്കര കൊന്നോല അഹമ്മദുഹാജി ദുരന്തം നടന്നു ആരുപതിറ്റാണ്ടിനു ശേഷം തന്റെ അനുഭവം വിവരിച്ചത് വാഗൺ ദുരന്തത്തിന്റെ നേരിട്ടുള്ള വിവരണമാണ്.[4]

ഇരുപത് വർഷം മുമ്പാണ് ഹാജിയാർ വാഗൺ ട്രാജഡി സ്മരണക്കുവേണ്ടി വാഗൺ‌ ദുരന്തത്തിന്റെ സ്മരണ അയവിറക്കിയത്[3]

മൃതദേഹങ്ങളുമായി വണ്ടി തിരൂറിലേക്ക് എത്തുന്നുണ്ടന്ന് അറിഞ്ഞ് മലബാർ കളക്റ്റർ തോമസും ഉയർന്ന പോലീസ് ഉദ്യോഗസ്ഥരും കാത്തുനിന്നു. വാഗൺ തിരൂറിൽ തുറന്നപ്പോൾ അകത്ത് രൂക്ഷഗന്ധം . മലമൂത്ര വിസർജ്ജനത്തിൽ പുരണ്ടും അന്യോന്യം കെട്ടിപ്പിടിച്ചുമുള്ള മൃതദേഹങ്ങൾ. മുസ്ലിം മൃതദേഹങ്ങളിൽ 44 എണ്ണം കോരങ്ങത്ത് പള്ളിയിലും 8 എണ്ണം കോട്ട്ജുമ്അത്ത് പള്ളിയിലെയും ഖബർസ്ഥാനിലും അടക്കം ചെയ്തതു. ഹൈന്ദവരുടെ മൃതദേഹങ്ങൾ ഏറ്റുവാങ്ങാൻ ആളില്ലാത്തതിനെത്തുടർ‌ന്ന് മുത്തൂരിലെ ഒരു കല്ലുവെട്ടുകുഴിയിലുമാണ് അടക്കം ചെയ്തത്[3].


(ചരിത്രകാരനും അധ്യാപകനുമായിരുന്ന ശ്രീ.അബ്ദു ചെറുവാടി എഡിറ്റ് ചെയ്ത വാഗൺ‌ ട്രാജഡി സ്മരണിക യിൽ നിന്നുള്ളതാണ് ഈ ഭാഗങ്ങൾ . വാഗൺ‌ ദുരന്തത്തിൽ  രക്ഷപ്പെട്ട  കൊന്നോല അഹമ്മദ് ഹാജിയുടെ അഭിമുഖം നടത്തിയാണ് അബ്ദു ചെറുവാടി ഈ ലേഖനം തയ്യാറാക്കിയത്. മലബാർ കലാപത്തെ പറ്റി ഏറ്റവും ആധികാരികമായ വിവരങ്ങൾ ഉള്ള പുസ്തകമാണ് വാഗൺ‌ ട്രാജഡി സ്മരണിക)

അന്വേഷണം[5]

[തിരുത്തുക]

വാഗൺ ദുരന്തം ഇന്ത്യയെ ഞട്ടിപ്പിച്ച സംഭവമായിരുന്നനു. ഇതിനെക്കുറിച്ച് അന്വേഷണം വേണമെന്ന ആവശ്യം ശക്തമായതോടെ അന്വേഷണത്തിന് ഒരു കമ്മിറ്റിയെ ചുമതലപ്പെടുത്തി . മലബാർ സ്പെഷ്യൽ കമ്മീഷ്‍ണർ എ . ആർ. നാപ്പ് ചെയർമാനും മദിരാശി റിട്ടേർഡ് പ്രസിഡൻസി മജിസ്ട്രേറ്റ് അബ്ബാസ്സ് അലി , മണ്ണാർക്കാട്ടെ കല്ലടി മൊയ്തു ,അഡ്വ.മഞ്ചേരി സുന്തരയ്യർ എന്നിവർ അംഗങ്ങളായ കമ്മിറ്റിക്കായിരുന്നു അന്വേഷണചുമതല.

അന്വേഷണത്തിൽ റയിൽവേ നൽകിയ മൊഴി വിചിത്രമായിരുന്നു. ദ്വാരങ്ങളും വലക്കെട്ടുള്ളതുമായ വാഗൺ പെയിന്റ് ചെയ്തപ്പോൾ ദ്വാരങ്ങൾ അടഞ്ഞുപോയി ആളുകളെ കയറ്റാൻ പറ്റിയ വാഗൺ ആവശ്യപ്പടാത്തതിനാലാണ് ചരക്കു കയറ്റുന്ന വാഗൺ നൽകിയത് എന്നായിരുന്നു അവരുടെ മറുപടി. വാഗൺ നിർമ്മിച്ച കമ്പനിക്കാരും അത് ഏൽപ്പിച്ചുകൊടുത്ത ഇൻസ്പെക്ടറുമാരാണ് കുറ്റക്കാർ എന്നാണ് റിപ്പോർട്ട് വന്നത്. മരിച്ചവരുടെ ആശ്രിതർക്ക് 300 രൂപ വീതം സഹായധനം നൽകാനും തീരുമാനമായി.

അന്വേഷണ റിപ്പോർട്ടിനെ തുടർന്ന് റയിൽവേ സർജന്റ് ആൻഡ്രൂസ് , ഒരു പോലീസ് ഹെഡ് കോൺസ്റ്റബിൾ എന്നിവരെ പ്രതിയാക്കി മദിരാശി ഗവർൺമെന്റ് വാഗൺ ദുരന്തത്തെക്കുറിച്ചു കേസെടുത്തെങ്കിലും കോടതി രണ്ടുപേരെയും വെറുതെ വിട്ടു. ഇന്ത്യാരാജ്യം നടുങ്ങിയ വൻ കൂട്ടക്കൊല തുമ്പില്ലാതെയാവാൻ അന്വേഷണോദ്യോഗസ്ഥരെ തന്നെ സ്വാധീനിച്ചുവെന്ന് വ്യക്തം.

അന്നത്തെ അധികൃതർ നിസ്സാരവൽക്കരിച്ച വാഗൺ ദുരന്തത്തിലെ മുറിപ്പാടുകൾ മലബാറുകാരെ ഇന്നും വേട്ടയാടുന്നു എന്ന് വിലയിരുത്തപ്പെട്ടിട്ടുണ്ട്[3].

രക്തസാക്ഷികൾ[6]

[തിരുത്തുക]
നമ്പർ പേര് ജോലി അംശം
1 ഇല്ലിക്കൽ ഐദ്രു കൂലിപ്പണിക്കാരൻ മമ്പാട് അംശം
2 പുതിയറക്കൽ കോയസ്സൻ മരക്കച്ചവടക്കാരൻ തൃക്കലങ്ങോട് അംശം
3 കുറ്റിത്തൊടി കോയക്കുട്ടി ചായപ്പീടിക തൃക്കലങ്ങോട് അംശം
4 അക്കരവീട്ടിൽ എന്ന കുന്നപ്പള്ളി അച്യുതൻ നായർ കൃഷിക്കാരൻ തൃക്കലങ്ങോട് അംശം
5 റിസാക്കിൽ പാലത്തിൽ തട്ടാൻ ഉണ്ണിപ്പുറയൻ തട്ടാൻ തൃക്കലങ്ങോട് അംശം
6 ചോലക്കപ്പറമ്പയിൽ ചെട്ടിച്ചിപ്പു കൂലിപ്പണി തൃക്കലങ്ങോട് അംശം
7 മേലേടത്ത് ശങ്കരൻ നായർ കൃഷി തൃക്കലങ്ങോട് അംശം
8 പുലക്കാട്ട്ത്തൊടി മൊയ്തീൻ കൃഷി പയ്യനാട് അംശം
9 മങ്കരത്തൊടി തളപ്പിൽ ഐദ്രു ചായക്കട മലപ്പുറം അംശം
10 മങ്കരത്തൊടി മൊയ്തീൻ ഹാജി പള്ളീ മുഅദ്ദിൻ മലപ്പുറം അംശം
11 വള്ളിക്കാപറ്റ മമ്മദ് ചായക്കട മലപ്പുറം അംശം
12 പെരുവൻകുഴി കുട്ടി ഹസൻ പെട്ടിക്കട മലപ്പുറം അംശം
13 പെരുവൻകുഴി വീരാൻ പെട്ടിക്കട മലപ്പുറം അംശം
14 പാറച്ചോട്ടിൽ അഹമദ് കുട്ടി മുസ്ലിയാർ പളളി മുഅദ്ദിൻ മേൽമുറി അംശം
15 മധുരക്കറിയൻ കാത്ത്ലി കൃഷി പോരൂർ അംശം
16 അരിക്കുഴിയൻ സെയ്താലി കൂലിപ്പണി പോരൂർ അംശം
17 മാണികട്ടവൻ ഉണ്ണിമൊയ്തീൻ മതാധ്യാപകൻ പുന്നപ്പാല അംശം
18 കീനത്തൊടി മമ്മദ് കൂലിപ്പണി പുന്നപ്പാല അംശം
19 മൂഴിക്കൽ അത്തൻ കൂലിപ്പണി പുന്നപ്പാല അംശം
20 കപ്പക്കുന്നൻ അയമദ് കൃഷി പുന്നപ്പാല അംശം
21 കപ്പക്കുന്നൻ മൂത കൃഷി പുന്നപ്പാല അംശം
22 കപ്പക്കുന്നൻ അബ്ദുല്ല കൃഷി പുന്നപ്പാല അംശം
23 കപ്പക്കുന്നൻ ചെറിയ ഉണ്ണിമേയി കൂലിപ്പണി പുന്നപ്പാല അംശം
24 കപ്പക്കുന്നൻ കുഞ്ഞാലി കൂലിപ്പണി പുന്നപ്പാല അംശം
25 മാണികെട്ടവൻ പോക്കർ കുട്ടി മതാധ്യാപകൻ പുന്നപ്പാല അംശം
26 പോളക്കൽ ഐദ്രുമാൻ കൂലിപ്പണി പുന്നപ്പാല അംശം
27 കപ്പക്കുന്നൻ വലിയ ഉണ്ണീൻ ഹാജി കൂലിപ്പണി പുന്നപ്പാല അംശം
28 ആശാരിതൊപ്പിയിട്ട അയമദ് ആശാരി നിലമ്പൂർ അംശം
29 ചകിരിപ്പറമ്പൻ അലവി കൂലിപ്പണി നിലമ്പൂർ അംശം
30 വയൽപാലയിൽ വീരാൻ ഖുർആൻ ഓത്ത് കരുവമ്പലം അംശം
31 പോണക്കാട്ട് മരക്കാർ കൃഷി കരുവമ്പലം അംശം
32 വടക്കേപ്പാട്ട് കുഞ്ഞയമ്മദ് കൂലിപ്പണി കരുവമ്പലം അംശം
33 ഓറക്കോട്ടിൽ ഏനാദി കൂലിപ്പണി കരുവമ്പലം അംശം
34 കൂരിത്തൊടി യൂസഫ് കൂലിപ്പണി കരുവമ്പലം അംശം
35 പുത്തൻ വീടൻ കുഞ്ഞഹമ്മദ് കൂലിപ്പണി കരുവമ്പലം അംശം
36 കല്ലേത്തൊടി അഹ്മദ് ഖുർആൻ ഓത്ത് കരുവമ്പലം അംശം
37 പെരിങ്ങോടൻ അബ്ദു കൃഷി കരുവമ്പലം അംശം
38 ചീരൻ പുത്തൂർ കുഞ്ഞയമ്മു കച്ചവടം കരുവമ്പലം അംശം
39 അത്താണിക്കൽ മൊയ്തീൻ ഹാജി കൃഷി കരുവമ്പലം അംശം
40 നല്ലൻ കിണറ്റിങ്ങൽ മുമദ് ക്ഷൌരപ്പണി കരുവമ്പലം അംശം
41 പറയൻ പള്ളിയാലിൽ കുഞ്ഞയമു ഖുർആൻ ഓത്ത് കരുവമ്പലം അംശം
42 പനങ്ങോടൻ തൊടി മമ്മദ് കൂലിപ്പണി കരുവമ്പലം അംശം
43 പുനയൻ പള്ളിയാലിൽ സെയ്താലി കൃഷി കരുവമ്പലം അംശം
44 മഠത്തിൽ അയമ്മദ് കുട്ടി കൃഷി കരുവമ്പലം അംശം
45 കൊങ്കാട്ട് മൊയ്തീൻ കൂലിപ്പണി കരുവമ്പലം അംശം
46 പെരിങ്ങോടൻ കാദിർ കച്ചവടം കരുവമ്പലം അംശം
47 കോരക്കോട്ടിൽ അഹമ്മദ് ഖുർആൻ ഓത്ത് കരുവമ്പലം അംശം
48 കൊളക്കണ്ടത്തിൽ മൊയ്തീൻ കുട്ടി കൂലിപ്പണി കരുവമ്പലം അംശം
49 കൂട്ടപ്പിലാക്കൽ കോയാമ കൂലിപ്പണി കരുവമ്പലം അംശം
50 അപ്പംകണ്ടൻ അയമുട്ടി കൂലിപ്പണി കരുവമ്പലം അംശം
51 പൂളക്കൽ നൊടിക കുഞ്ഞയമു കൂലിപ്പണി കരുവമ്പലം അംശം
52 എറശ്ശേനി പള്ളിയാലിൽ ആലി കൃഷി കരുവമ്പലം അംശം
53 കൊങ്കോട്ട് ചെറിയാൻ മൊയ്തീൻ കൃഷി കരുവമ്പലം അംശം
54 തറക്കുഴിയിൽ ഏനി കൃഷി കരുവമ്പലം അംശം
55 മേലേതിയേൽ കുഞ്ഞലവി കൂലിപ്പണി കരുവമ്പലം അംശം
56 വാളയിൽ തൊടി കുഞ്ഞായൻ കൂലിപ്പണി കരുവമ്പലം അംശം
57 മാങ്കാവിൽ കൂമത്ത് അഹമദ് കൂലിപ്പണി കരുവമ്പലം അംശം
58 തെക്കത്ത് അലവി കൃഷി കരുവമ്പലം അംശം
59 മേലേതിൽ വലിയ മൊയ്തീൻ കുട്ടി കൂലിപ്പണി കരുവമ്പലം അംശം
60 മേലേതിൽ ചെറിയ മൊയ്തീൻ കുട്ടി കൂലിപ്പണി കരുവമ്പലം അംശം
61 കൊള്ളിത്തൊടി കോരക്കാക്കോട്ടിൽ അവറാൻ കുട്ടി കൃഷി കരുവമ്പലം അംശം
62 കോരിപ്പറമ്പത്ത് ഐദർമാൻ കൂലിപ്പണി കരുവമ്പലം അംശം
63 പുത്തൻപീടികക്കൽ വീരാൻ കൃഷി കരുവമ്പലം അംശം
64 പെരുമ്പാളി കുഞ്ഞി മൊയ്തീൻ കൂലിപ്പണി കരുവമ്പലം അംശം
65 എരുക്കുപറമ്പൻ സെയ്താലി കൂലിപ്പണി ചെമ്മലശ്ശേരി അംശം
66 തട്ടാൻ തൊപ്പിയിട്ട അയമദ്സ് കൂലിപ്പണി ചെമ്മലശ്ശേരി അംശം
67 തെക്കേതിൽ മൊയ്തീൻ കൂലിപ്പണി ചെമ്മലശ്ശേരി അംശം
68 തഴത്തിൽ കുട്ടി അസ്സൻ കൃഷി ചെമ്മലശ്ശേരി അംശം
69 തെക്കേതിൽ മൊയ്തീൻ കുലിപ്പണി ചെമ്മലശ്ശേരി അംശം
70 പാലത്തിങ്ങൽ അനസ് കച്ചവടം പാലത്തിങ്ങൽ അംശം

മരണപ്പെട്ട  എഴുപതു പേരിൽ  41 പേരും പുലാമന്തോൾ പഞ്ചായത്തിൽ പെട്ടവരാണ് . വളപുരത്തു നിന്നും അറസ്റ്റ് ചെയ്യപ്പെട്ട ഉസ്താദിനെ  വിട്ടയക്കാൻ വേണ്ടി , പുലാമന്തോൾ പാലം പൊളിക്കാൻ ശ്രമിച്ചു എന്ന കുറ്റം ചുമത്തിയാണ് ഇവരെ അറസ്റ്റ് ചെയ്‍തത്

വാഗൺ ട്രാജഡി സ്മാരകങ്ങൾ

[തിരുത്തുക]
  1. വാഗൺ ട്രാജഡി മെമ്മോറിയൽ മുൻസിപ്പൽ ടൗൺ ഹാൾ തിരൂർ
  2. വാഗൺ ട്രാജഡി മെമ്മോറിയൽ ബസ് വെയ്റ്റിംഗ് ഷെഡ് വെള്ളുവമ്പ്രം, പൂക്കോട്ടൂർ
  3. വാഗൺ ട്രാജഡി സ്‌മാരക മന്ദിരം(ലൈബ്രറി& സാംസ്കാരിക കേന്ദ്രം) കുരുവമ്പലം
  4. വാഗൺ ട്രാജഡി സ്‌മാരക ബ്ലോക്ക്. വളപുരം ജി.എം.യു.പി സ്കൂൾ വളപുരം പുലാമന്തോൾ

വാഗൺ ട്രാജഡി മെമ്മോറിയൽ മുൻസിപ്പൽ ടൗൺ ഹാൾ

[തിരുത്തുക]

വാഗൺ ട്രാജഡിയുടെ 80-ആം വാർഷികത്തോട് അനുബന്ധിച്ച് തിരൂർ മുനിസിപ്പാലിറ്റി നിർമ്മിച്ച ഹാളാണ് വാഗൺ ട്രാജഡി മെമ്മോറിയൽ മുൻസിപ്പൽ ടൗൺ ഹാൾ. തിരൂർ നഗരമധ്യത്തിലായാണ് ഈ ഹാൾ സ്ഥിതിചെയ്യുന്നത്. ഈ ദുരന്തത്തിന്റെ ഓർമക്കായ് ഹാളിനോട് ചേർന്ന് ഒരു വാഗൺ മാതൃക നിർമ്മിച്ചിട്ടുണ്ട്. ഈ വാഗണിന്റെ നിർമ്മാണത്തിനുശേഷം ഹാളിന്റെ പേർ മുൻസിപ്പൽ ടൗൺ ഹാൾ എന്നതു മാറ്റി വാഗൺ ട്രാജഡി മെമ്മോറിയൽ മുൻസിപ്പൽ ടൗൺ ഹാൾ എന്നാക്കുകയായിരുന്നു.[അവലംബം ആവശ്യമാണ്]

കൂടുതൽ വായനക്ക്

[തിരുത്തുക]
  1. വാഗൺ ട്രാജഡി: കനൽ വഴിയിലെ കൂട്ടക്കുരുതി. ഡോ.പി ശിവദാസൻ നാഷനൽ ബുക് സ്റ്റാൾ കോട്ടയം[7]
  2. വാഗൺ ട്രാജഡി അറുപതാം വാർഷിക സ്മരണിക 1981 വാഗൺ ട്രാജഡി അറുപതാം വാർഷിക അനുസ്മരണ കമ്മറ്റി.എഡിറ്റർ: അബ്ദു ചെറുവാടി
  3. ഇരുട്ടറയും വാഗൺ ട്രാജഡിയും: കെ കെ മുഹമ്മദ് അബ്ദുൽ കരീം

അവലംബം

[തിരുത്തുക]
  1. "Emergence of Nationalism, Wagon Tragedy". Kerala.gov.in. Archived from the original on 2008-09-11. Retrieved നവംബർ 20, 2008.
  2. കെ. മാധവൻ, നായർ (1987). മലബാർ കലാപം, കെ. മാധവൻ നായർ. മാതൃഭൂമി ബുക്സ്. p. 298.
  3. 3.0 3.1 3.2 3.3 മംഗളം പത്രവാർത്ത. 2001 നവംബർ 20
  4. http://naradanews.com/2016/11/we-drank-blood-and-urine-breathed-through-nail-hole-shocking-experience-of-wagon-tragedy/[പ്രവർത്തിക്കാത്ത കണ്ണി]
  5. "ആർക്കൈവ് പകർപ്പ്". Archived from the original on 2017-03-30. Retrieved 2017-03-26.
  6. http://archive.asianage.com/india/it-was-wagon-massacre-not-tragedy-444
  7. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-10-24. Retrieved 2017-03-26.
"https://ml.wikipedia.org/w/index.php?title=വാഗൺ_ട്രാജഡി&oldid=4108338" എന്ന താളിൽനിന്ന് ശേഖരിച്ചത്