തൃച്ചാറ്റുകുളം മഹാദേവക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കേരളത്തിലെ ആലപ്പുഴ ജില്ലയിൽ ചേർത്തലയ്ക്കടുത്ത് പാണാവള്ളിയിൽ സ്ഥിതിചെയ്യുന്ന പുരാതന ക്ഷേത്രമാണ് തൃച്ചാറ്റുകുളം മഹാദേവക്ഷേത്രം. പരശുരാമനാൽ പ്രതിഷ്ഠിക്കപ്പെട്ടു എന്ന് ഐതിഹ്യമുള്ള[1] ക്ഷേത്രം തൃച്ചാറ്റുകുളം ദേശത്തിലെ പ്രമുഖ ക്ഷേത്രമാണ്. പുരാതന കേരളത്തിലെ 108 ശിവക്ഷേത്രങ്ങളിൽ പറയുന്ന ചാറ്റുകുളം ആണ് ഈ ശിവക്ഷേത്രം. [2]. പ്രധാന മൂർത്തിയായ ശ്രീ പരമശിവൻ ഈ ക്ഷേത്രത്തിൽ വടുതലേശൻ എന്നപേരിൽ അറിയപ്പെടുന്നു.

തിരുച്ചാറ്റുകുളം ക്ഷേത്രം - ഉത്സവനാളിൽ

ഐതിഹ്യം[തിരുത്തുക]

പരശുരാമ പ്രതിഷ്ഠയാണ് ഇവിടുത്തെ ശിവലിംഗം എന്നു വിശ്വസിക്കുന്നു.

ക്ഷേത്രം[തിരുത്തുക]

കിഴക്കു ദർശനാമായിട്ടാണ് ശിവലിംഗപ്രതിഷ്ഠ നടത്തിയിരിക്കുന്നത്. കേരളതനിമയിൽ പണിതീർത്തിട്ടുള്ളതാണിവിടുത്തെ നാലമ്പലവും ബലിക്കൽപ്പുരയും. മനോഹരങ്ങളായ ദാരുശില്പങ്ങളാൽ സമ്പന്നാണിത്. നാലമ്പലത്തിനും ബലിക്കൽപ്പുരക്കും പുറത്തായി വലിപ്പമേറിയ ആനക്കൊട്ടിലും അതിനു ചേർന്ന് കിഴക്കേനടയിൽ ഗോപുരവും പണിതീർത്തിട്ടുണ്ട്. ആനക്കൊട്ടിലിന്റെ വലിപ്പം നോക്കുമ്പോൾ ഗോപുരം വളരെ ചെറിയതാണ്. ബലിക്കൽപ്പുരക്കും ആനക്കൊട്ടിലിനും ഇടയിലായി ചെമ്പിൽ നിർമ്മിച്ചിരിക്കുന്ന ധ്വജസ്തംഭവും നമ്മുക്ക് ഇവിടെ കാണാം. കിഴക്കേ ഗോപുരത്തിന്റെ വടക്കുഭാഗത്തായി ഈശാനകോണിൽ ക്ഷേത്രക്കുളം നിർമ്മിച്ചിട്ടുണ്ട്.

നാലമ്പലത്തിനുള്ലിലായി ഗണപതിയേയും ഭഗവതിയേയും പ്രതിഷ്ഠിച്ചിട്ടുണ്ട്. ഭഗവതിയുടെ പ്രതിഷ്ഠ അടുത്തിടക്കാണ് നടത്തിയത്. 1978-ൽ താന്ത്രികവിധി പ്രകാരമുള്ള പൂജാവിധികളോടെയാണ് ഭഗവതിയെ നാലമ്പലത്തിൽ കുടിയിരുത്തിയത്. അതുപോലെതന്നെ വടക്കുപടിഞ്ഞാറേമൂലയിലായി നാഗയക്ഷിയുടെ പ്രതിഷ്ഠയും ഇവിടെ ദർശിക്കാം. ഭഗവതിയും ഗണപതിയും നാഗയക്ഷിയും കിഴക്കു ദർശനം നൽകിയാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. ധാരാളം ദാരുശില്പങ്ങളാൽ നിർമ്മിതമാണ് ഇവിടുത്തെ ശ്രീകോവിൽ. പ്ലാവിൻകാതലിൽ നിർമ്മിച്ചിരിക്കുന്ന മനോഹരങ്ങളായ ദാരു നിർമ്മിതികൾ ഇവിടുത്തെ ക്ഷേത്രത്തിന് പ്രശസ്തിയേറ്റുന്നു. ചതുരാകൃതിയിൽ രണ്ടു തട്ടിലായി നിർമ്മിച്ചിരിക്കുന്ന ശ്രീകോവിൽ ചെമ്പുപാളികളാൽ മേഞ്ഞിട്ടുണ്ട്.

ക്ഷേത്രനിർമ്മിതി[തിരുത്തുക]

കേരളതനിമ വിളിച്ചോതത്തക്കമുള്ള ശില്പനിർമ്മാണ മാതൃകയാണിവിടെയും കാണുന്നത്. ഏകദേശം ആയിരം വർഷങ്ങളുടെ പഴക്കമുള്ള ക്ഷേത്രമാണിത്. പ്ലാവിന്തടിയിൽ നിർമ്മിച്ചിരിക്കുന്ന ദാരുശില്പങ്ങൾ ഇവിടുത്തെ ശ്രീകോവിലിൽ പണിതീർത്തിട്ടുണ്ട്. നാലമ്പലവും ബലിക്കൽപ്പുരയും ഓട് മേഞ്ഞിരിക്കുന്നു.

പൂജാവിധികൾ[തിരുത്തുക]

അഞ്ചുപൂജകളുള്ള മഹാശിവക്ഷേത്രമാണിത്. ശിവക്ഷേത്രത്തിൽ മൂന്നുശീവേലികളും നിത്യേന പതിവു കല്പിച്ചിട്ടുണ്ട്.

 • ഉഷപൂജ
 • എതൃത്തപൂജ
 • പന്തീരടിപൂജ
 • ഉച്ചപൂജ
 • അത്താഴപൂജ

പ്രധാന വഴിപാടുകളിൽ പ്രമുഖമായത് വെടി വഴിപാടാണ്. വെടി വഴിപാടിൽ ഗോപുരത്തിങ്കൽ വെടി എന്ന വഴിപാട് ക്ഷേത്രേശന് പ്രിയങ്കരമാണന്നു വിശ്വസിക്കുന്നു.

ഉപദേവന്മാർ[തിരുത്തുക]

 • ഗണപതി
 • ഭഗവതി
 • നാഗയക്ഷി

വിശേഷങ്ങൾ[തിരുത്തുക]

ഉത്സവം[തിരുത്തുക]

മകരമാസത്തിൽ നടത്തുന്ന മകരഭരണി ഉത്സവം (ജനു-ഫെബ്രുവരി) ഇവിടെ കൊടിയേറി പത്തുനാൾ ആഘോഷിക്കുന്നു.

ദേശമുറുക്ക്[തിരുത്തുക]

തൃച്ചാറ്റുകുളം ക്ഷേത്രത്തിലെ തിരുവുത്സവത്തിനു കൊടി കയറുന്നതിന് മൂന്നുമാസങ്ങൾക്കുമുമ്പ് ദേശമുറുക്ക് എന്ന ആചാരം നിലനിന്നിരുന്നു. ക്ഷേത്രത്തിൽ നിന്നും പുറപ്പെട്ട് അരൂക്കുറ്റിയിലെത്തി തെള്ളിക്കാട്ട്, അങ്ങാടി, ചൌക്ക, കുളപ്പുര, മാത്താനം, പതിയങ്കാട്ട് എന്നീ സ്ഥലങ്ങളിൽ പാലക്കമ്പുകുത്തി തൃച്ചാറ്റുകുളത്തപ്പന്റെ അധീശശക്തി ഉറപ്പിക്കുന്ന ചടങ്ങായിരുന്നു ഇത്.

ശിവരാത്രി[തിരുത്തുക]

കുംഭമാസത്തിലെ കറുത്ത ചതുർദ്ദശി ദിവസമാണ് ശിവരാത്രി ആഘോഷിക്കുന്നത്. അന്നേ ദിനം ക്ഷേത്രത്തിൽ പ്രത്യേക പൂജകൾ നടത്തുന്നു. അന്നേദിവസം നടത്തുന്ന കലശാഭിഷേകത്തിന് ധാരാളം ഭക്തർ എത്താറുണ്ട്.

തിരുവാതിര[തിരുത്തുക]

ധനുമാസത്തിലെ തിരുവാതിര നാളിലാണ് തിരുവാതിര ആഘോഷിക്കുന്നത്. ധനുമാസത്തിലെ തിരുവാതിരനാളിൽ വ്രതമെടുത്താൽ നെടുമാംഗല്യം ലഭിക്കുമെന്നാണ് വിശ്വാസം. തിരുവാതിര ദിവസം രാവിലെ ക്ഷേത്ര ദർശനം നടത്തി വിവാഹിതരായ സ്ത്രീകൾ നെടുമാംഗല്യത്തിനും കന്യകകൾ നല്ല വിവാഹബന്ധത്തിനും വ്രതം നോറ്റ് ക്ഷേത്ര ദർശനം നടത്തന്നു.

 • പ്രദോഷം

ഇതും കാണുക[തിരുത്തുക]

ക്ഷേത്രത്തിലെത്തിചേരാൻ[തിരുത്തുക]

ചേർത്തല താലൂക്കിലെ പാണാവള്ളി ഗ്രാമത്തിലാണീക്ഷേത്രം സ്ഥിതിചെയ്യുന്നത്

അവലംബം[തിരുത്തുക]

 1. കുഞ്ഞികുട്ടൻ ഇളയതിൻറെ “108 ശിവക്ഷേത്രങ്ങൾ
 2. കുഞ്ഞികുട്ടൻ ഇളയതിൻറെ “108 ശിവക്ഷേത്രങ്ങൾ