കാലങ്ങളായി ഇന്ത്യൻ സൈന്യം ഉപയോഗിച്ചുകൊണ്ടിരുന്നത് 7.62 എസ്.എൽ.ആർ പോലുള്ള റൈഫിളുകളാണ്. എന്നാൽ ഇവയുടെ ചെറുഭാഗങ്ങൾ എൽ.എം.ജി, കാർബൈൻ പോലുള്ള മറ്റ് അനുബന്ധ ഉപകരണങ്ങളുമായി പരസ്പരം വച്ചുമാറാൻ കഴിയാത്തതിനാൽ യുദ്ധസമയങ്ങളിൽ ഏതെങ്കിലും റൈഫിളിന് ചെറിയ കേടുപാടുകൾ സംഭവിച്ചാൽ പോലും അത് പാടേ ഉപേക്ഷിക്കേണ്ടി വരുന്ന അവസ്ഥയാണ് നില നിന്നിരുന്നത്. ഈ അവസരത്തിലാണ് ഇന്ത്യൻ സൈന്യം ഇതിനൊരു പോംവഴി ആലോചിക്കുന്നത്.[3]
ഗൂർഖാ റെജിമെന്റ്: ഇൻസാസ് ഉപയോഗിക്കുന്ന ഒരു സൈനിക ദളം
അങ്ങനെ ഇന്ത്യൻ പ്രതിരോധരംഗത്ത് ഗവേഷണം നടത്തുന്ന ഡിഫൻസ് റിസേർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ(ഡി.ആർ.ഡി.ഒ)പൂനെയിലുള്ള അവരുടെ പ്രധാന ലബോറട്ടറിയായ എ.ആർ.ഡി.എ യിൽ[4] വെച്ച് രൂപകല്പന ചെയ്ത ആയുധശ്രേണിയാണ് ഇൻസാസ്. 1990 ൽ ആണ് ഇൻസാസ് ഓദ്യോഗികമായി ഇന്ത്യൻ സേനയുടെ ഭാഗം ആകുന്നത്. 1991 ലെ കാർഗിൽ യുദ്ധത്തിൽ ആദ്യമായി ഇൻസാസ് യുദ്ധമുന്നണിയിൽ പരീക്ഷിക്കപ്പെട്ടു.
5.56x45mm NATOഅമ്മ്യൂനീഷൻ ഉപയോഗപ്പെടുത്താൻ പറ്റിയ തരത്തിൽ മൂന്ന് ഉപകരണങ്ങൾ നിർമ്മിക്കാനായിരുന്നു ധാരണ. ഒരു സാധാരണ റൈഫിൾ, ഒരു കാർബൈൻ, ഒരു എൽ.എം.ജി.. മൂന്ന് ഉപകരണങ്ങളിലും പൊതുവായി 5.56x45mm NATO ഉപയോഗിക്കാനും ധാരണയായി. 1997 ൽ റൈഫിൾ പൂർണ്ണമായും സജ്ജമായി. 1998 ലെ ഇന്ത്യൻ റിപ്പബ്ലിക് ദിന പരേഡിൽ ഇന്ത്യൻ സൈന്യം ഇൻസാസ് റൈഫിൾ ഉപയോഗിച്ചു. നിലവിൽ ഇന്ത്യയിൽ 3,00,000 ഇൻസാസ് റൈഫിളുകൾ സേവനം നടത്തുന്നു.
ആദ്യമായി ഇൻസാസ് റൈഫ്ളിന്റെ പ്രകടനം വിലയിരുത്തപെടുന്നത് കാർഗിൽ യുദ്ധ വേളയിൽ ആണ്.യുദ്ധത്തിലെ ഇൻസാസിന്റെ പ്രകടനത്തിൽ നിരവധി പോരായ്മകളും പുറത്തുവന്നു. ഇതിൽ പ്രധാനപെട്ടത് ഇടയ്ക്കിടെ ഇൻസാസ് പ്രവർത്തിക്കുന്നതിൽ നിന്ന് നിന്നുപോവുക, തണുപ്പ് കാരണം പോളിമർ മാഗസിൻ പൊട്ടുക എന്നിവ ഒക്കെ ആയിരുന്നു.[5]ഇന്ത്യയ്ക്കു പുറമെ നേപ്പാളും സമാനമായ പ്രശ്നങ്ങൾ അവരുടെ ഇൻസാസ് റൈഫിലുകളിൽ ആരോപിച്ചിട്ടുണ്ട്.
ഇൻസാസിന്റെ രൂപകൽപ്പന അടിസ്ഥാനപരമായി കലാഷ്‌നിക്കോവ് എ.കെ-47 നോടും 7.62 എം. എം. സെൽഫ് ലോഡിംഗ് റൈഫിളിനോടും സാദൃശ്യമുള്ളതാണ്. ഈ രണ്ട് റൈഫിളുകളുടേയും സാങ്കേതികത സമന്വയിപ്പിച്ചാണ് ഇൻസാസ് നിർമ്മിച്ചിരിക്കുന്നത്. ഇതിലെ വായുനിയന്ത്രണ സംവിധാനം, റൊട്ടേറ്റിംഗ് ബോൾട് എന്നിവയ്ക്ക് എ.കെ-47 നോട് സാദൃശ്യമുള്ളതാണ്. സെൽഫ് ലോഡിംഗ് റൈഫിളിലേതുപോലെ ഫയർ ചെയ്യുമ്പോളുണ്ടാകുന്ന വായു നിയന്ത്രിക്കുന്നതിനായി ഒരു ഗ്യാസ് റെഗുലേറ്റർ ഇൻസാസിലും ഉപയോഗിച്ചിട്ടുണ്ട്. ഉപയോഗിക്കാത്തപ്പോൾ മടങ്ങിയിരിക്കുന്ന രീതിയിൽ ക്യാരിയിംഗ് ഹാന്റിൽ നിർമ്മിച്ചിരിക്കുന്നു.
ഇടത് വശത്ത് പിസ്റ്റൾ ഗ്രിപ്പിനു മുകളിലായി സേഫ്റ്റി സ്വിച്ച് ക്രമീകരിച്ചിരിക്കുന്നു. സേഫ്റ്റി സ്വിച്ച് ക്രമീകരിച്ച് മൂന്നുതരത്തിൽ ഫയർ ചെയ്യാൻ കഴിയും. ഓരോ റൗണ്ട് വീതം (Single Round), മുമ്മൂന്നു റൗണ്ട് വീതം (Three Round), തുടർച്ചയായി (Burst Fire). ബട്ട് രണ്ട് തരത്തിൽ ലഭ്യമാണ്: സാധാരണയും മടക്കാവുന്നതും. ലോഹമല്ലാത്ത ഭാഗങ്ങളെല്ലാം പോളിമറിനാൽ നിർമ്മിതമാണ്. അർദ്ധസുതാര്യമായ മാഗസിൻ സാധാരണ 20 റൗണ്ടുകൾ ഉൾക്കൊള്ളുന്നവയാണ്. എന്നാൽ ഇൻസാസ് എൽ.എം.ജിയ്ക്കായി 30 റൗണ്ടുകൾ ഉൾക്കൊള്ളുന്ന മാഗസിനുകളുമുണ്ട്. അത് റൈഫിളിലും ഉപയോഗിക്കാവുന്നതാണ്. ബാരലിനു മുൻവശത്തായി ബയണറ്റുംഗ്രനേഡും ഘടിപ്പിക്കാനുള്ള രീതിയിൽ രൂപീകരിച്ചിരിക്കുന്നു.
പ്രധാനമായും എ.കെ-47 റൈഫിൾ ശൃംഖലയെ അടിസ്ഥാനപ്പെടുത്തി നിർമ്മിച്ചതാണെങ്കിലും ചില അപൂർവ്വ സവിശേഷതകൾ ഇൻസാസിന്റെ പ്രത്യേകതയാണ്.
ഇൻസാസ് സ്റ്റന്റേർഡ് റൈഫിൾ (5.56mm), ഇൻസാസ് ഫോൾഡബിൾ ബട്ട് (5.56mm), ഇൻസാസ് എൽ.എം.ജി.(5.56mm) എന്നിവ ഈ ശൃംഖലയിൽ രൂപീകരിച്ച ആയുധങ്ങളാണ്.[6][7]. ഈ മൂന്നു ആയുധങ്ങളിലും ഉപയോഗിക്കുന്ന ആന്തരിക ഉപകരണങ്ങൾ പരസ്പരം മാറി ഉപയോഗിക്കാവുന്നതാണ്. അതായത് യുദ്ധത്തിനിടയിൽ ഇൻസാസ് എൽ.എം.ജി ഏതെങ്കിലും കാരണവശാൽ പ്രവർത്തനരഹിതമായാൽ ഒരു സാധാരണ റൈഫിളിന്റെ ആന്തരിക ഉപകരണങ്ങൾ ഘടിപ്പിച്ച് എൽ.എം.ജി യുടെ പ്രവർത്തനം തുടരാവുന്നതാണ്. ഇൻസാസ് എൽ.എം.ജി,.
ഇന്ത്യൻ സൈനികർ ഉപയോഗിച്ചുകൊണ്ടിരുന്ന 7.62 എസ്.എൽ.ആർ റൈഫിളുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ റൈഫിൾ 25 ശതമാനത്തോളം ഭാരം കുറഞ്ഞതും കൂടുതൽ സൗകര്യപ്രദവുമാണ്.
ഫയർ ചെയ്യുമ്പോൾ പുറകോട്ടുണ്ടാകുന്ന തള്ളൽ 70 ശതമാനം കുറവായതിനാൽ ഈ റൈഫിൾ കൊണ്ട് ഫയർ ചെയ്യുന്നത് കൂടുതൽ ഫലപ്രദമാണ്.
ഈ റൈഫിളിന്റെ വകഭേദങ്ങളിലൊന്നിൽ (ഇൻസാസ് ഫോൾഡബിൾ ബട്ട് (5.56mm)) റൈഫിളിന്റെ ബട്ട് മടക്കി ഉപയോഗിക്കാവുന്നതാണ്.