Jump to content

അഗദതന്ത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Agada എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ആയുർവേദത്തിലെ വിഷചികിത്സാവിഭാഗത്തെയാണ് അഗദതന്ത്രം എന്നു വിശേഷിപ്പിക്കുന്നത്. അഷ്ടാംഗഹൃദയത്തിലെ ശല്യം,[1] ശലാക്യം,[2] കായചികിത്സ,[3] ഭൂതവിദ്യ,[4] കൌമാരഭൃത്യം,[5] അഗദതന്ത്രം,[6] രസായനതന്ത്രം,[7] വാജീകരണതന്ത്രം[8] എന്നീ എട്ട് അംഗങ്ങളിൽ ആറാമത്തേതാണിത്.

അഗദജം എന്ന പദത്തിന്റെ അർത്ഥം ഗദ(രോഗ)ത്തെ ഇല്ലാതാക്കുന്നത്, അതായത് ഔഷധം എന്നാണ്. (നാസ്തിഗദോ അസ്മാദ് അനേന വാ), ഗദം എന്ന ശബ്ദത്തിന് രോഗമെന്നാണു പ്രസിദ്ധാർഥമെങ്കിലും അത് വിഷശബ്ദത്തിന്റെ പര്യായവുമാണ് (രാജനിഘണ്ടു). ജന്തുക്കൾ, സസ്യങ്ങൾ, ധാതുദ്രവ്യങ്ങൾ എന്നിവ വഴിയും മറ്റു പല പ്രകാരത്തിലും ജീവികളിൽ വിഷബാധയുണ്ടായാൽ അവയെ തിരിച്ചറിയാനുള്ള ലക്ഷണങ്ങളെയും അവയ്ക്കുള്ള ചികിത്സാവിധികളെയും പ്രതിപാദിക്കുന്നതാണ് ഈ തന്ത്രം. അഗദതന്ത്രം നാമ സർപ്പകീടലൂതാ മൂഷികാദിദഷ്ട വിഷജ്ഞാനാർഥം വിവിധവിഷസംയോഗോപശമനാർഥം ച എന്നു സുശ്രുതൻ (സൂ. അ. 1/14) ഈ തന്ത്രത്തിന്റെ ഉദ്ദേശ്യം എടുത്തു പറഞ്ഞിരിക്കുന്നു. ആയുർവേദത്തിലെ പ്രാമാണിക മൂലഗ്രന്ഥങ്ങളായ സുശ്രുതസംഹിത, ചരകസംഹിത, അഷ്ടാംഗഹൃദയം, ഹാരീതസംഹിത, അഷ്ടാംഗസംഗ്രഹം, ഭാവപ്രകാശം, വാസവരാജീയം, ശാർങ്ഗധരസംഹിത എന്നിവയിലെല്ലാം ഈ തന്ത്രം ഉൾപ്പെട്ടു കാണാം. സുശ്രുതത്തിലെ കല്പസ്ഥാനം മുഴുവൻ, ചരകം ചികിത്സാസ്ഥാനത്തിലെ 23-ം അധ്യായം, അഷ്ടാംഗസംഗ്രഹം ഉത്തരതന്ത്രത്തിൽ 40 മുതൽ 48 വരെയുള്ള അധ്യായങ്ങൾ അഷ്ടാംഗഹൃദയം ഉത്തരസ്ഥാനത്തിൽ 35 മുതൽ 38 വരെയുള്ള അധ്യായങ്ങൾ, ഹാരീതസംഹിത മൂന്നാം സ്ഥാനത്തിൽ 53-ം അധ്യായം, ഭാവപ്രകാശം ചികിത്സാസ്ഥാനം 57-ം അധ്യായം, വാസവരാജീയത്തിൽ 21-ഉം, 22-ഉം പ്രകരണങ്ങൾ ഇവയെല്ലാം അഗദതന്ത്രപ്രതിപാദകങ്ങളാണ്. ഈ പ്രമാണിക ഗ്രന്ഥങ്ങളിൽ അഷ്ടാംഗഹൃദയത്തിലെ അഗദതന്ത്രത്തെ ആസ്പദമാക്കിയുള്ള ചികിത്സാരീതിക്കാണ് കേരളത്തിൽ അധികം പ്രചാരമുള്ളത്. ഇതിനുപുറമേ, അഗദതന്ത്രത്തെ മാത്രം പുരസ്കരിച്ചുള്ള നാരായണീയം, സാരസംഗ്രഹം, ഉഡ്ഡീശം, ഉൽപ്പലം, ഹരമേഖല, ലക്ഷണാമൃതം, കാലവഞ്ചനം എന്നീ സംസ്കൃത ഗ്രന്ഥങ്ങളും, ജ്യോത്സ്നിക, ചന്ദ്രിക, ചിത്രാരൂഢം, പ്രയോഗസമുച്ചയം, വിഷവൈദ്യപ്രവേശിക, സർവഗരളപ്രമോചനം, ഗൌളീശാസ്ത്രം, കാലവഞ്ചനം എന്നീ മലയാള ഗ്രന്ഥങ്ങളും തമിഴ്പ്പടി എന്ന തമിഴ് കൃതിയും കേരളത്തിൽ പ്രചാരത്തിലുണ്ട്. ഇവയിൽ സംസ്കൃതഗ്രന്ഥങ്ങൾ മുഴുവൻ കേരളീയർതന്നെ നിർമിച്ചതാണെന്നു പറഞ്ഞുകൂടാ.

വിഷവിദ്യ[തിരുത്തുക]

മന്ത്രപ്രയോഗംകൊണ്ടു വിഷമിറക്കുന്ന ഒരു ക്രിയാപാരമ്പര്യവും കേരളത്തിൽ പ്രചാരത്തിലുണ്ട്. വിഷവിദ്യ എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്. ഔഷധപ്രയോഗം കൊണ്ടുമാത്രം ചികിത്സിക്കുന്ന രീതിയെ വിഷചികിത്സ എന്നു വിളിച്ചുവരുന്നു. ചരകസുശ്രുതാദി ഗ്രന്ഥങ്ങളിൽ ഉള്ള വിഷചികിത്സയാണ് അഗദതന്ത്രം; രോഗിയെ സമാധാനിപ്പിക്കേണ്ട ചില സന്ദർഭങ്ങളിൽ അതിനുവേണ്ടി മന്ത്രം ജപിച്ച് വെള്ളം തളിക്കാൻ അതിൽ ഉപദേശിക്കാതിരുന്നിട്ടില്ലെന്നുമാത്രം; ഔഷധപ്രയോഗത്തോടുകൂടിയേ അങ്ങനെ ചെയ്യാൻ വിധിച്ചിട്ടുള്ളു. അഷ്ടാംഗഹൃദയത്തിൽ (ഉ.അ. 36/70),

(പഞ്ചസാര, പെരുങ്കുരുമ്പവേര്, മുന്തിരിങ്ങ, അടപതിയൻ കിഴങ്ങ്, ഇരട്ടിമധുരം ഇവ പൊടിച്ച് തേൻ ചേർത്ത് സേവിപ്പിക്കുകയും സിദ്ധമന്ത്രങ്ങൾ ജപിച്ചു ശുദ്ധമാക്കിയ വെള്ളം തളിക്കുകയും നല്ല വാക്കുകൾകൊണ്ടു സമാധാനിപ്പിക്കുകയും സന്തോഷിപ്പിക്കുകയും വേണം) എന്ന് സർപ്പാംഗാഭിഹതത്തിനും ശങ്കാവിഷത്തിനും പ്രതിവിധി നിർദ്ദേശിച്ചിട്ടുള്ളത് ഇതിനുദാഹരണമാണ്.

അടിസ്ഥാന പ്രമാണങ്ങൾ[തിരുത്തുക]

ത്രിദോഷ-ത്രിധാതുവാദം, സപ്തധാതുസിദ്ധാന്തം, രസ-ഗുണ-വീര്യ-വിപാക-പ്രഭാവ സിദ്ധാന്തം തുടങ്ങിയ ആയുർവേദത്തിന്റെ മൗലികതത്ത്വങ്ങൾ തന്നെയാണ് അഗദതന്ത്രത്തിന്റെയും അടിസ്ഥാനപ്രമാണങ്ങൾ. നിജം എന്നും ആഗന്തുകം എന്നും രോഗത്തെ രണ്ടായി വിഭജിച്ചിട്ടുള്ളതിൽ വിഷവികാരങ്ങളെ ആഗന്തുകവിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

അഗദതന്ത്രത്തിൽ വിഷോത്പത്തിയെപ്പറ്റി രസകരമായ ഒരു പുരാണ കഥയുണ്ട്. ദേവന്മാരും അസുരന്മാരും കൂടി അമൃതിനായി സമുദ്രം കടഞ്ഞപ്പോൾ അതു ലഭിക്കുന്നതിനുമുമ്പ് ഭീഷണാകൃതിയായ ഒരു പുരുഷൻ സമുദ്രത്തിൽ നിന്നുപൊങ്ങി. അവനെകണ്ടു ദേവാസുരാദികൾ വിഷാദിച്ചു; വിഷാദകാരനായ അവനെ വിഷം എന്നു വിളിച്ചു. ബ്രഹ്മാവ് കോപത്തോടെ ഹുംകാരംകൊണ്ട് അവനെ നിഷ്കാസനം ചെയ്തു. അവനാകട്ടെ ഭയപ്പെട്ട് അപ്പോഴത്തെ ശരീരം വെടിഞ്ഞ് സർവജനങ്ങളെയും ചതിക്കാനായി സ്ഥാവരങ്ങളും ജംഗമങ്ങളുമായ ശരീരങ്ങളിൽ പോയി ഒളിച്ചു. സസ്യങ്ങളിലും ധാതുദ്രവ്യങ്ങളിലും സ്ഥാവരവിഷരൂപത്തിലും സർപ്പലൂതാദികളിൽ ജംഗമവിഷരൂപത്തിലും. ഈ കഥ വിഷത്തിന്റെ ഭീഷണവും വഞ്ചകവുമായ സ്വഭാവത്തെ വ്യക്തമാക്കുന്നു. വിയോജിപ്പിക്കുന്നു (വിഷ്ണാതി-ശരീരത്തിൽനിന്നു പ്രാണനെ) എന്നും, വ്യാപിക്കുന്നു (വേഷതി) എന്നും അർത്ഥമുള്ള വിഷധാതുവിൽനിന്നാണ് വിഷശബ്ദത്തിന്റെ നിഷ്പത്തി എന്നു ശബ്ദകല്പദ്രുമത്തിൽ കാണുന്നു. വിഷാദിപ്പിക്കുന്നു എന്നതുകൊണ്ട് വിഷസംജ്ഞ ഉണ്ടായി എന്നാണ് ആയുർവേദഗ്രന്ഥങ്ങളിൽ കാണുന്നത്. (ഹിംസിക്കുക, പീഡിപ്പിക്കുക എന്നർത്ഥമുള്ള സദ്ദ്ധാതുവിനോടുകൂടി വി എന്ന ഉപസർഗം ചേർന്നുണ്ടായ രൂപമാണ് വിഷാദം).

വിഷവിഭജനം[തിരുത്തുക]

അകൃത്രിമം, കൃത്രിമം എന്നിങ്ങനെ വിഷത്തിന് സാമാന്യേന രണ്ടു വിഭാഗം കല്പിച്ചിരിക്കുന്നു. കൃത്രിമ വിഷത്തിനു ഗരം എന്നും പേരുണ്ട്. പ്രകൃതിവസ്തുക്കളിൽനിന്നു സ്വാഭാവികമായി ഉണ്ടാകുന്നവ അകൃത്രിമങ്ങളും വിവിധ ദ്രവ്യങ്ങൾ കൂട്ടിച്ചേർത്തുണ്ടാക്കുന്നവ കൃത്രിമങ്ങളുമാണ്. അകൃത്രിമത്തെ സ്ഥാവരം എന്നും ജംഗമം എന്നും രണ്ടായി വിഭജിച്ചിട്ടുണ്ട്. വൃക്ഷലതാദികളുടെ വേര്, ഇല, പൂവ്, കായ്, തേൻ, പാൽ, കാതൽ, കറ, കിഴങ്ങ് എന്നിവയും ഫേനാശ്മം, ഹരിതാലം എന്നീ ധാതുദ്രവ്യങ്ങളും സ്ഥാവരവിഷത്തിനും, സർപ്പം, എലി, തേൾ, ചിലന്തി, കീരി, പൂച്ച, തവള, കുരങ്ങ്, പേപ്പട്ടി, കുറുക്കൻ, അരണ, ഗൌളി, ഓന്ത്, കടന്നൽ, അട്ട, തേരട്ട, തൊട്ടാരട്ടി, വേട്ടാളൻ, മത്സ്യം, നരി, സിംഹം, മുതലായവ സാമാന്യേന ജംഗമ വിഷത്തിനും ആസ്പദങ്ങളാണ്.

ഈ ജംഗമങ്ങളുടെ നോട്ടം, നിശ്വാസം, പല്ല്, മൂത്രം, ശുക്ളം, പുരീഷം, ഉമിനീർ, ശവം തുടങ്ങിയ 16 വിഷാധിഷ്ഠാനങ്ങളെ സുശ്രുതത്തിലും അഷ്ടാംഗസംഗ്രഹത്തിലും എണ്ണിപ്പറഞ്ഞിട്ടുണ്ട്. കൃത്രിമവിഷം (ഗരം) അല്പവീര്യങ്ങളും വിരുദ്ധവീര്യങ്ങളുമായ വിവിധ വസ്തുക്കൾ ചേർത്ത് ഉണ്ടാക്കപ്പെടുന്നതാണ്. വശീകരണം മുതലായവയാണ് അതിന്റെ ഉദ്ദേശ്യം. മലയാളത്തിൽ കൈവിഷം എന്നു വിളിക്കപ്പെടുന്നതും ഇതുതന്നെ.

ഗരം അകത്തു പെട്ടാൽ ഉണ്ടാകുന്ന വിഷാദപ്രധാനങ്ങളായ ലക്ഷണങ്ങളെയും അവയ്ക്കുള്ള പ്രതിവിധികളെയും അതിൽ വിവരിച്ചിട്ടുണ്ട്.

സ്ഥാവരവിഷദ്രവ്യങ്ങളിൽ മൂലവിഷങ്ങൾ (മൂലത്തിൽ=വേരിൽ-വിഷമുള്ളവ) 8; പത്രവിഷങ്ങൾ 5; ഫലവിഷങ്ങൾ 12; പുഷ്പവിഷങ്ങൾ 7; തോൽ, കാതൽ, കറ എന്നിവയിൽ വിഷമുള്ളവ 5; ക്ഷീരവിഷങ്ങൾ 3; വിഷമുള്ള ധാതുദ്രവ്യങ്ങൾ 2; കന്ദ (കിഴങ്ങ്) വിഷങ്ങൾ 13 എന്നിങ്ങനെ 55 സ്ഥാവരവിഷാധിഷ്ഠാനങ്ങളെ സുശ്രുതൻ എണ്ണിപ്പറഞ്ഞിട്ടുണ്ട്. കണവീരം, കുന്നി, കരിഞ്ചണ, മേന്തോന്നി, എന്നിവ വേരിൽ വിഷമുള്ളവയ്ക്കും വത്സനാഭി, സർഷപം എന്നിവ കന്ദവിഷദ്രവ്യങ്ങൾക്കും ഉദാഹരണങ്ങളാണ്. ഓരോ വർഗവും ശരീരത്തിൽ സാമാന്യേന എന്തെന്തു ലക്ഷണങ്ങൾ ഉളവാക്കും എന്ന് വെവ്വേറെ എടുത്തുപറഞ്ഞിരിക്കുന്നു (സു. കല്പം അ. 2). കന്ദവിഷങ്ങൾ വളരെ തീക്ഷ്ണങ്ങളാണ്. അവയിലോരോന്നും ശരീരത്തിലേറ്റാലുണ്ടാകുന്ന വ്യത്യസ്തലക്ഷണങ്ങളും വിവരിക്കപ്പെട്ടിട്ടുണ്ട്.

വിഷത്തിന്റെ ഗുണധർമങ്ങൾ[തിരുത്തുക]

വിഷത്തെ മരണത്തിന്റെയും അമൃതത്തെ ജീവിതത്തിന്റെയും പ്രതീകങ്ങളായാണ് സങ്കല്പിച്ചുവരാറുള്ളത്. ശരീരത്തിലെ ഓജസ്സിനെ വിഷം ക്ഷയിപ്പിക്കുന്നു; അമൃതം വർദ്ധിപ്പിക്കുന്നു. ഓജസിന്റേതിന് വിപരീതമായ ഗുണധർമങ്ങളാണ് വിഷത്തിനുള്ളത്. വിഷങ്ങൾക്കെല്ലാം മാരകസ്വഭാവമുള്ള 10 ഗുണധർമങ്ങൾ എടുത്തുപറഞ്ഞിരിക്കുന്നു.

  1. രൂക്ഷത;
  2. തീക്ഷണത;
  3. സൂക്ഷ്മത- (എല്ലാ സൂക്ഷ്മധാത്വംശങ്ങളിലേക്കും കടന്നു ചെല്ലുവാനുള്ള കഴിവ്);
  4. ഉഷ്ണത്വം;
  5. വ്യവായിത്വം (ശരീരമാകെ വേഗം വ്യാപിക്കുന്ന സ്വഭാവം);
  6. വികാശിത്വം (ദോഷധാതുമലങ്ങളെ ക്ഷയിപ്പിക്കാനുള്ള കഴിവ്);
  7. ആശുകാരിത്വം (സ്വധർമം വേഗം നടത്താനുള്ള കഴിവ്);
  8. വൈശദ്യം (പ്രതിരോധങ്ങളെ ജയിച്ചു സ്വഗുണധർമങ്ങളെ നിലനിർത്താനുള്ള കഴിവ്);
  9. ലാഘവം - കനക്കുറവ് (പ്രതിവിധികളിൽനിന്ന് രക്ഷപ്പെടുവാനുള്ള സാമർഥ്യം -- ദുശ്ചികിത്സ്യത ഇതുകൊണ്ടുണ്ടാകുന്നു);
  10. അപാകിത്വം (ധാത്വഗ്നി പാകം കൊണ്ടും മറ്റും പരിണമിച്ച് രൂപാന്തരപ്പെടാതിരിക്കൽ). ഇവയിൽ അപാകിത്വം എന്നതിനു പകരം, അനിർദ്ദേശ്യരസം (നാവിൻമേൽ തട്ടിയാൽ ഇന്നതെന്ന് വ്യക്തമാവാത്ത രസത്തോടുകൂടിയത്) എന്ന ഗുണധർമത്തെ ചരകൻ കല്പിച്ചിരിക്കുന്നു. രൂക്ഷതകൊണ്ടു വാതത്തെയും ഉഷ്ണത്വംകൊണ്ടു പിത്തത്തെയും സൂക്ഷ്മത്വംകൊണ്ടു രക്തത്തെയും പ്രകോപിപ്പിക്കുകയും അവ്യക്ത രസത്വം കൊണ്ടു കഫത്തെയും ആന്തരികരസത്തെയും ദുഷിപ്പിക്കുകയും ചെയ്യുന്നു.

ഇപ്രകാരം മറ്റു ഗുണധർമങ്ങളും ശരീരത്തിൽ എങ്ങനെയെല്ലാം പ്രവർത്തിക്കുന്നുവെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

ദൂഷീവിഷം. അകൃത്രിമവും കൃത്രിമവുമായ ഏതു വിഷവും ചികിത്സകൊണ്ടും മറ്റും അല്പം ശമിച്ച് അതിനു വീര്യഹാനി സംഭവിക്കുമെങ്കിലും മേൽപ്പറഞ്ഞ ദശഗുണധർമങ്ങളോടുകൂടി ശരീരത്തിൽ അവശേഷിക്കുകയാണെങ്കിൽ അതിനു ദൂഷിവിഷം എന്നുപറയും. കാലാന്തരത്തിൽ അതും ശരീരനാശകമാണ്. നഞ്ഞുനാനാഴി വേണ്ടാ എന്നുണ്ടല്ലോ. കാലപ്പഴക്കം, വിഷഘ്നങ്ങളായ ഔഷധങ്ങൾ (അഗദങ്ങൾ), തീയേല്ക്കൽ, കാറ്റുതട്ടിയൊ വെയിൽകൊണ്ടൊ ഉണങ്ങൽ- എന്നിവകൊണ്ടെല്ലാം വിഷത്തിനു സ്വയം വീര്യം കുറഞ്ഞുപോകും; ശരീരത്തിൽ അതിന്റെ പ്രഭാവവും കുറയും. ഇങ്ങനെ വീര്യം കുറഞ്ഞതെല്ലാം ദൂഷീവർഗത്തിൽപ്പെടുന്നു. വിഷഗുണങ്ങൾ കുറഞ്ഞതോതിലെ ഉള്ളു എന്നതുകൊണ്ട് ശരീരത്തിൽ ഏറ്റാൽ അതു മാരകമാകുന്നില്ല; സ്വയം നശിക്കുകയൊ പുറംതള്ളപ്പെടുകയൊ ചെയ്യുന്നുമില്ല. ദൂഷീ വിഷം ഉണ്ടായാലുള്ള സാമാന്യലക്ഷണങ്ങളെയും, ആമാശയ പക്വാശയാദിസ്ഥാനങ്ങളിൽ അതു വർത്തിക്കുമ്പോഴത്തെ വ്യത്യസ്ത ലക്ഷണങ്ങളെയും അവയ്ക്കുള്ള പ്രതിവിധികളെയും തന്ത്രത്തിൽ എടുത്തുപറഞ്ഞിട്ടുണ്ട്. കിഴക്കൻ കാറ്റ്, അജീർണം, ശൈത്യം, മഴക്കാറ്, പകലുറക്കം, അപഥ്യാഹാരം എന്നിവകൊണ്ട് ദൂഷീവിഷം വികാരം പ്രാപിച്ച് സ്വയം ദുഷിക്കുകയും ധാതുക്കളെ ദുഷിപ്പിക്കുകയും ചെയ്യുന്നു. ദൂഷീവിഷം എന്ന പേർ തന്നെ ഇതുകൊണ്ടുണ്ടായതാണ്.

അന്നപാനങ്ങൾ, പല്ലുതേക്കാനും നാവു വടിക്കാനുമുള്ള ഉപകരണങ്ങൾ, എണ്ണ, ചീപ്പ്, മെഴുക്കിളക്കാനുള്ള വസ്തുക്കൾ, കുളിക്കാനുള്ള വെള്ളം, കുറിക്കൂട്ട്, പൂമാല, വസ്ത്രം, കിടക്ക, കുപ്പാനയം, ആഭരണം, പാദരക്ഷ, പാദപീഠങ്ങൾ, ആനപ്പുറത്തെ അമ്പാരി, കുതിരപ്പുറത്തെ ജീനി, നസ്യത്തിനും ധൂമത്തിനും (ഔഷധപ്പുകയേല്പിക്കൽ) മറ്റുമുള്ള സാമഗ്രികൾ - മനുഷ്യൻ സാധാരണയായി ഉപയോഗിച്ചുവരാറുള്ള ഇത്തരം വസ്തുക്കളോരോന്നും വിഷലിപ്തമായാൽ അതിന്റെ ഉപയോഗംകൊണ്ടു ശരീരത്തിലുണ്ടാകാവുന്ന ഉപദ്രവങ്ങളും അവയ്ക്കുള്ള പ്രതിവിധികളും സുശ്രുതം കല്പസ്ഥാനത്തിൽ വിവരിച്ചിരിക്കുന്നു.

സർപ്പവിഷം. ജംഗമവിഷങ്ങളിൽ സർപ്പവിഷമാണ് ഏറ്റവും മാരകമായിട്ടുള്ളത്. ദർവീകരൻ (മൂർഖൻ), മണ്ഡലി, രാജിലൻ എന്നിങ്ങനെ സർപ്പങ്ങളെ സാമാന്യേന മൂന്നായി ആയുർവേദത്തിൽ തിരിച്ചിരിക്കുന്നു. ഈ മൂന്നും ജാതിനിയമങ്ങൾ നോക്കാതെ പരസ്പരം ഇണചേരുമെന്നും വ്യന്തരൻ എന്നൊരു വർഗമുണ്ടാവുമെന്നുമൊരു സങ്കല്പമുണ്ട്. ഇവയ്ക്കോരോന്നിനും അവാന്തരവിഭാഗങ്ങളും വളരെയേറെയുണ്ട്. സുശ്രുതം കല്പസ്ഥാനത്തിൽ അവയിലോരോന്നിന്റെയും പേരുകൂടി എടുത്തുപറഞ്ഞിരിക്കുന്നു. വിഷത്തിന്റെയും പാമ്പുകളുടെയും സ്വഭാവങ്ങളെയും വിഷം ശരീരത്തിലേറ്റാൽ വാതാദികളിൽ ഏതേതിന്നാണ് വികാരാധിക്യം വരിക എന്ന വസ്തുതയെയും അടിസ്ഥാനമാക്കിയാണ് ഈ വർഗവിഭജനം. മൂർഖന്റെ വിഷം രൂക്ഷഗുണപ്രധാനവും എരിവു രസമുള്ളതും താരതമ്യേന അധികം ഉഷ്ണവുമാണ്; മണ്ഡലിവിഷത്തിന് പുളിരസവും ഉഷ്ണത്വവും ഉണ്ടാകും; രാജിലവിഷം മധുരവും താരതമ്യേന ശീതവുമാണ്. മൂർഖവിഷം വാതത്തെയും മണ്ഡലിവിഷം പിത്തത്തെയും രാജിലവിഷം കഫത്തെയും കോപിപ്പിക്കുന്നു.

വ്യന്തരന്റെ വിഷസ്വഭാവം സങ്കീർണവും സമ്മിശ്രവുമായിരിക്കും. വിവിധസർപ്പങ്ങളിൽ നിന്നും വിഷമേറ്റവനുണ്ടാകുന്ന ലക്ഷണങ്ങൾ വിവരിച്ചിട്ടുള്ളതിൽനിന്ന് ഏതുതരം സർപ്പമാണ് കടിച്ചതെന്നു വിവേചിച്ചറിയാനും ത്രിദോഷസിദ്ധാന്തം, രസ-ഗുണ-വീര്യ-വിപാക-പ്രഭാവസിദ്ധാന്തം മുതലായവയെ അടിസ്ഥാനമാക്കി അഗദങ്ങളെ തിരഞ്ഞെടുത്തു വേണ്ട പ്രതിവിധികൾ ചെയ്യാനും കഴിയുന്നു. കടിച്ച സ്ഥലത്തുനിന്നു ചോര കുത്തിക്കളയുക (രക്തമോക്ഷണം), കടിവായ് പൊള്ളിക്കുക, പുറമേ മരുന്നുകൾ പുരട്ടുക, നസ്യം ചെയ്യിക്കുക, കണ്ണിലെഴുതുക മുതലായവയെല്ലാം സന്ദർഭാനുസരണം ചെയ്യാൻ വിധിച്ചിട്ടുള്ള ക്രിയാരീതികളാണ്. ദൂഷീവിഷം, ഗരം എന്നിവയ്ക്കുള്ള ചികിത്സയിൽ ഛർദി, വിരേചനം മുതലായ ശോധനകർമങ്ങൾക്കും പ്രാധാന്യം കല്പിച്ചിരിക്കുന്നു.

ശങ്കാവിഷം. പ്രകൃത്യാ മനഃശക്തി കുറഞ്ഞവർക്കു ചിലപ്പോൾ വിഷബാധയേറ്റു എന്ന തോന്നൽ അടിസ്ഥാനരഹിതമായി ഉണ്ടാകാം. പാദസ്പർശം ഉണ്ടായാൽ തന്നെ സർപ്പം കടിച്ചുവെന്ന തോന്നലും ഭയവും ഉത്ക്കണ്ഠയും തുടർന്നു സ്പർശമുണ്ടായ ഭാഗത്തു വീക്കവും മറ്റും ഉണ്ടായേക്കും. ഇതിന് "സർപ്പാംഗാഭി ഹതം എന്നാണ് സാങ്കേതിക സംജ്ഞ; ശങ്കാവിഷം എന്നും പറഞ്ഞുവരുന്നു. ഇതിനു പുറമേ ഛർദി, മോഹാലസ്യം, തളർച്ച, അതിസാരം എന്നിവകൂടിയും ഉണ്ടാകാറുണ്ട്. മറ്റു പല പ്രകാരത്തിലും ശങ്കാവിഷമുണ്ടാകാം. ഇതിനുള്ള ചികിത്സയിൽ മന്ത്രപ്രയോഗത്തോടുകൂടിയ സാന്ത്വനങ്ങൾക്കു സവിശേഷപ്രാധാന്യം കല്പിച്ചിരിക്കുന്നു.

വിഷോപയോഗീയം. ചില പ്രത്യേക ഘട്ടങ്ങളിൽ വിഷചികിത്സക്കിടയിൽ ശക്തിയുള്ള ചില സ്ഥാവര ജംഗമവിഷങ്ങളെത്തന്നെ ഒരു നിശ്ചിത മാത്രയിൽ പ്രതിവിഷമെന്ന നിലയിൽ ഔഷധത്വേന പ്രയോഗിക്കുവാൻ വിധിച്ചിട്ടുണ്ട്. ഈ പ്രകരണത്തെ മാത്രമായി ഒരു പ്രത്യേകാധ്യായത്തിൽ വിവരിച്ചു കാണുന്നത് വാഗ്ഭടന്റെ അഷ്ടാംഗസംഗ്രഹത്തിലാണ് (ഉത്തര തന്ത്രം അ. 48). വിഷോപയോഗീയം എന്നാണ് ആ അധ്യായത്തിന്റെ പേര്. സർപ്പവിഷത്തെപ്പോലും ഇപ്രകാരം പ്രയോഗിക്കുവാൻ വിധിയുണ്ട്. സ്ഥാവര വിഷങ്ങളുടെ കൂട്ടത്തിൽ കന്ദവിഷങ്ങളിലൊന്നായ വത്സനാഭിയെ ഇത്തരം പ്രതിവിഷങ്ങൾക്കു ഒരു ഉദാഹരണമായെടുക്കാം.

ആയുർവേദത്തിലെ അഗദതന്ത്രത്തിന് കേരളത്തിന്റെ സംഭാവന വമ്പിച്ചതാണ്. കാടുകളും കുറ്റിക്കാടുകളും മലയിടുക്കുകളും (സ്ഥാവരജംഗമവിഷാധിഷ്ഠാനങ്ങൾ) നിറഞ്ഞ കേരളത്തിന്റെ ഭൂപ്രകൃതിയാകാം അതിനു പ്രേരകം; ഇവിടത്തെ സസ്യൌഷധസമൃദ്ധി അതിനു സഹായകവുമായി.

അവലംബം[തിരുത്തുക]

പുറംകണ്ണികൾ[തിരുത്തുക]

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അഗദതന്ത്രം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അഗദതന്ത്രം&oldid=2852487" എന്ന താളിൽനിന്ന് ശേഖരിച്ചത്