ക്ഷാരസൂത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഒരു ആയുർവേദ ചികിത്സാവിധിയാണ് ക്ഷാരസൂത്രം. ഭഗന്ദരത്തിന് കണ്ടുപിടിക്കപ്പെട്ടിട്ടുള്ള ചികിത്സകളിൽ ഉത്തമമാണിത്. ക്ഷാരം എന്നതിന് ഭസ്മം എന്നാണർഥം. നാളീവ്രണബാധിതനായ (ഫിസ്റ്റുല)രോഗി കൃശനോ ദുർബലനോ ശസ്ത്രകർമത്തിൽ ഭീതിയുള്ളവനോ ആയിരുന്നാൽ ശസ്ത്രക്രിയ ഒഴിവാക്കി ക്ഷാരസൂത്രചികിത്സയാണ് ചെയ്യാറ്. ക്ഷാരസൂത്രം ചെയ്തുകഴിഞ്ഞാൽ പെട്ടെന്നുതന്നെ വ്രണം ഉണങ്ങുന്നു. വ്രണം ഉണങ്ങിക്കഴിഞ്ഞാൽ കനംകുറഞ്ഞ മുറിപ്പാടേ ഉണ്ടാകുന്നുള്ളൂ. രോഗം വീണ്ടും ഉണ്ടാവുകയുമില്ല.

ചികിത്സാ വിധി[തിരുത്തുക]

ആദ്യമായി വ്രണദ്വാരംവഴി ഏഷണിശസ്ത്രം (probe) കടത്തി വ്രണത്തിന്റെ നീളവും ആഴവും മനസ്സിലാക്കിയെടുക്കുന്നു. അതിനുശേഷം ക്ഷാരസൂത്രം (ചില പ്രത്യേക ഔഷധങ്ങളിൽ മുക്കിയെടുത്ത് ഉണക്കിയ ചരട്. സാധാരണയായി കള്ളിപ്പാലയുടെ കറ, മഞ്ഞൾപ്പൊടി, കടലാടിക്ഷാരം എന്നിവ പ്രത്യേകവിധത്തിൽ 21 ദിവസംകൊണ്ട് ചരടിൽ തേച്ചുപിടിപ്പിച്ച് ഉണക്കിയാണിതുണ്ടാക്കുന്നത്.) വലിയ ഒരു സൂചിയുടെ ഒരറ്റത്തുകോർത്ത് വ്രണദ്വാരം വഴിയായി അകത്തുകടത്തി വ്രണം അവസാനിക്കുന്ന ഭാഗത്ത് ദ്വാരമുണ്ടാക്കി അതുവഴി പുറത്തെടുക്കുന്നു. ചരടിന്റെ രണ്ടറ്റവും ചേർത്ത് കെട്ടുകയാണ് അടുത്ത പടി. ഔഷധപ്രഭാവംകൊണ്ട് മാംസം മുറിഞ്ഞ് ശസ്ത്രംകൊണ്ട് കീറിയാലെന്നപോലെ തുറന്ന ഒരു വ്രണമാകും. ഇതിനു ദിവസങ്ങൾവേണ്ടിവന്നേക്കാം. വ്രണമായിക്കഴിഞ്ഞാൽ ലേപനാദി പശ്ചാത് കർമങ്ങൾ ചെയ്ത് വ്രണം ഉണക്കിയെടുക്കാം. നാളീവ്രണത്തിൽ ഉപശാഖകൾ ചിലപ്പോൾ രൂപപ്പെടാറുണ്ട്. അങ്ങനെയുള്ള അവസരത്തിൽ ഒന്നിലധികം ചരടുകൾ ഒരേസമയം കെട്ടിയിടാവുന്നതാണ്. പലപ്പോഴും ശസ്ത്രക്രിയയോ ക്ഷാരസൂത്രപ്രയോഗമോ ചെയ്യാവുന്നവിധം നാളീവ്രണം ആയിത്തീർന്നിട്ടുണ്ടാവില്ല. അപ്പോഴാണ് ഔഷധത്തിരി(വർത്തി) ആവശ്യമായി വരിക. ചിലതരം മരുന്നുകൾ പുരട്ടിയെടുത്ത തിരി വ്രണത്തിനകത്തേക്ക് തിരുകിക്കയറ്റുകയാണ് ചെയ്യുക. ഉണങ്ങുന്ന മുറയ്ക്ക് എടുത്തു കളയുകയും ചെയ്യും.[1]

ഗുണങ്ങൾ[തിരുത്തുക]

ആധുനികശസ്ത്രക്രിയയെക്കാൾ ഈ ചികിത്സയ്ക്ക് നിരവധി ഗുണങ്ങളുണ്ട്. .

  • ആശുപത്രിയിൽ അധികസമയം ചിലവഴിക്കേണ്ട.
  • അനസ്‌തേഷ്യ ആവശ്യമില്ല
  • രക്തസ്രാവമോ മുറിപ്പാടോ വേദനയോ ഇല്ല
  • വീണ്ടും ഉണ്ടാകാനുള്ള സാധ്യത കുറവാണ്.
  • നൂല് മാറ്റിയാൽ ആറു മണിക്കൂറിന് ശേഷം മിതമായ ജോലികളിൽ ഏർപ്പെടാവുന്നതാണ്.[2]

അവലംബം[തിരുത്തുക]

  1. http://mal.sarva.gov.in/index.php?title=%E0%B4%A8%E0%B4%BE%E0%B4%B3%E0%B5%80%28%E0%B4%A1%E0%B5%80%29%E0%B4%B5%E0%B5%8D%E0%B4%B0%E0%B4%A3%E0%B4%82
  2. http://www.janayugomonline.com/php/mailnews.php?nid=80210

പുറം കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ക്ഷാരസൂത്രം&oldid=2282131" എന്ന താളിൽനിന്നു ശേഖരിച്ചത്