അഷ്ടാംഗഹൃദയം
വാഗ്ഭടൻ (550-600 എ ഡി) രചിച്ചത് എന്ന് അനുമാനിക്കപ്പെടുന്ന അഷ്ടാംഗഹൃദയം, ആയുർവേദചികിത്സയിലെ എട്ടു വിഭാഗങ്ങളുടെ സാരാംശവും, പുരാതന ഇൻഡ്യൻ ചികിത്സാ ശാസ്ത്രങ്ങളിൽ ഉണ്ടായിട്ടുള്ള ആധികാരിക പ്രബന്ധങ്ങളിൽ ഒന്നുമാണ്. ശൈലിയുടെ സൗന്ദര്യവും മിതത്വവും, കൃത്യമായ നിരീക്ഷണങ്ങളും വിശദീകരണങ്ങളും ചേർത്തുള്ള വിഷയത്തിന്റെ അനുക്രമമായ അവതരണവും, നിർദ്ദിഷ്ടമായ ചികിത്സാ രീതികളുടെ സവിശേഷതകളും ചേർന്ന് അഷ്ടാംഗഹൃദയത്തെ ആയുർവേദത്തിലെ ബൃഹത് ത്രയങ്ങളിൽ(പ്രധാനപ്പെട്ട മൂന്ന് പ്രബന്ധങ്ങളിൽ) ഒന്നെന്ന നിലയിലേക്കുയർത്തിയിരിക്കുന്നു. പുരാതനകാലത്തു തന്നെ അഷ്ടാംഗഹൃദയം പല ലോകഭാഷകളിലേക്കും തർജ്ജമ ചെയ്യപ്പെടുകയും, അതതു ഭാഷകളിൽ അനേകം വ്യാഖ്യാനങ്ങൾ രൂപപ്പെടുകയും ചെയ്തു.
ആമുഖം
[തിരുത്തുക](ഈ ഭാഗം മലയാളം സർവ്വവിജ്ഞാനകോശത്തിൽ നിന്ന്)
ആയുർവേദശാസ്ത്രത്തിന്റെ വികാസം ഉപദേശകാലം, സംഹിതാകാലം, സംഗ്രഹകാലം എന്നീ മൂന്നു കാലഘട്ടങ്ങളിൽ ആയിരുന്നു.
- ഗുരു ശിഷ്യന് ഉപദേശരൂപത്തിൽ പറഞ്ഞുകൊടുത്തുവന്നിരുന്നത് ഉപദേശ (ദൈവ) കാലം
- ശിഷ്യന്റെ ചോദ്യങ്ങൾക്കും സംശയങ്ങൾക്കും ഉത്തരം നല്കുന്ന രീതിയിൽ ഗ്രന്ഥം നിർമിച്ചിരുന്നതു സംഹിതാ (ആർഷ) കാലം
- ക്രമീകരണങ്ങളോടുകൂടി വിഷയവിശകലനം ചെയ്തു സംഗ്രഹിച്ച് ഗ്രന്ഥനിർമ്മാണം ചെയ്തിരുന്നതു സംഗ്രഹ (സംസ്കാര) കാലം
സംഗ്രഹകാലത്തിനു മുൻപ് രചിച്ച ഗ്രന്ഥങ്ങളിൽ വിഷയങ്ങൾക്ക് ക്രമമോ, പരസ്പര ബന്ധമോ ഉണ്ടായിരുന്നില്ല. ശിഷ്യന്മാരുടെ സംശയങ്ങൾക്ക് മറുപടി കൊടുക്കൽ മാത്രമായിരുന്നു അവയുടെ പ്രധാന ഉദ്ദേശ്യം. ഭാഷയുടെ കാഠിന്യവും സംഹിതകളുടെ വിസ്തൃതിയും കാരണം അവ വിദ്യാർത്ഥികൾക്ക് സ്വായത്തമാക്കുവാനും പ്രയാസമായിരുന്നു. സുന്ദരമായ ഭാഷയും, ക്രോഡീകരിച്ച ഉള്ളടക്കവും ചേർത്ത് ശിഷ്യർക്കു കൂടുതൽ സൗകര്യമായി അഭ്യസിക്കുവാൻ വേണ്ടിയാണ് വാഗ്ഭടൻ അഷ്ടാംഗഹൃദയം നിർമിച്ചത്. വിഷയങ്ങൾ അങ്ങുമിങ്ങുമായി ചിതറിക്കിടക്കുന്ന സംഹിതാകാലഗ്രന്ഥങ്ങളിൽനിന്ന് പ്രധാനപ്പെട്ടവയെ ഒന്നിച്ചു ചേർത്ത് തീരെ ചുരുക്കാതെയും അധികം വിസ്തരിക്കാതെയും അഷ്ടാംഗഹൃദയം നിർമ്മിക്കുന്നു എന്നാണ് വാഗ്ഭടൻ ആരംഭത്തിൽ ഗ്രന്ഥനിർമ്മാണോദ്ദേശ്യം വ്യക്തമാക്കിയിരിക്കുന്നത്. ഗ്രന്ഥകർത്താവിന്റെ ഭാഷാജ്ഞാനവും, ശാസ്ത്രജ്ഞാനവും അഷ്ടാംഗഹൃദയത്തിൽ വ്യക്തമാണ്.
ഉള്ളടക്കവും അവയുടെ ക്രമീകരണവും
[തിരുത്തുക]കായചികിത്സ, ബാലചികിത്സ, ഊർധ്വാംഗ ചികിത്സ, ശല്യചികിത്സ (ശസ്ത്രക്രിയാവിഭാഗം), ദംഷ്ട്ര (വിഷ) ചികിത്സ, ജരാ (രസായന) ചികിത്സ, വൃഷ (വാജീകരണ) ചികിത്സ എന്നിങ്ങനെ എട്ട് അംഗങ്ങളോടുകൂടിയതാണ് ആയുർവേദം. ഇപ്രകാരം എട്ടു വിഭാഗങ്ങളായി തിരിച്ചു ചികിത്സകൾ വിവരിക്കുന്നതുകൊണ്ട് ആയുർവേദ ചികിത്സയ്ക്ക് അഷ്ടാംഗചികിത്സ എന്നും പേരുണ്ട്. ശരീരത്തിൽ ഹൃദയത്തിനുള്ള പ്രാധാന്യം ആയുർവേദത്തിൽ അഷ്ടാംഗഹൃദയത്തിനുണ്ട്; അതുകൊണ്ട് അഷ്ടാംഗഹൃദയം എന്ന ഗ്രന്ഥനാമം അന്വർഥമാണ്.
മേൽക്കാണിച്ച കായചികിത്സാദികളായ എട്ടു വിഭാഗങ്ങളും ഒരു കാലത്തു പ്രചാരത്തിലുണ്ടായിരുന്നു; ഓരോ വിഭാഗത്തിലും പ്രശസ്തങ്ങളായ ഗ്രന്ഥങ്ങളും ഉണ്ടായിരുന്നു. അഗ്നിവേശാദിസംഹിതകളിൽത്തന്നെ എട്ടു വിഭാഗങ്ങളും വിവരിക്കപ്പെട്ടിട്ടുണ്ട്. പക്ഷേ അവ അതിവിസ്തൃതങ്ങളും സങ്കീർണങ്ങളുമായിരുന്നു. ഇത്തരം പ്രശസ്തങ്ങളും പ്രാമാണികങ്ങളുമായ ഗ്രന്ഥങ്ങളെ അവലംബിച്ചുതന്നെയാണ് കായചികിത്സ തുടങ്ങിയ ഓരോ ഭാഗവും അഷ്ടാംഗഹൃദയത്തിൽ വിവരിച്ചിട്ടുള്ളത്. സംഹിതാഗ്രന്ഥങ്ങളോടു താരതമ്യപ്പെടുത്തി അഷ്ടാംഗഹൃദയം പഠിക്കുന്നവർക്ക് ഇതു മനസ്സിലാക്കാം. അഗ്നിദേവൻ, സുശ്രുതൻ, ദേളൻ, ചരകൻ മുതലായ പൂർവാചാര്യന്മാരുടെ ഗ്രന്ഥങ്ങളിൽനിന്നു തനിക്കു വളരെ സഹായം ലഭിച്ചിട്ടുള്ളതായി അഷ്ടാംഗസംഗ്രഹം എന്ന ഗ്രന്ഥത്തിൽ വാഗ്ഭടൻതന്നെ പ്രസ്താവിച്ചിട്ടുണ്ട്.
പ്രബന്ധത്തിന്റെ തുടക്കത്തിൽ, പല ഗ്രന്ഥങ്ങളിൽ നിന്നുള്ള അറിവുകളുടെ സമാഹരണമാണിത് എന്ന് ഗ്രന്ഥകർത്താവ് സൂചിപ്പിക്കുന്നുണ്ട്. ആറു വിഭാഗങ്ങളിലായി ആകെ120 അദ്ധ്യായങ്ങൾ; പദ്യരൂപത്തിൽ രചിച്ച പ്രബന്ധത്തിൽ ആരംഭത്തിൽ 7120 ശ്ലോകങ്ങളും പിന്നീട് കൂട്ടി ചേർത്തതെന്നു കരുതുന്ന 33 ശ്ലോകങ്ങളും; എല്ലാ അദ്ധ്യായങ്ങളുടെയും ആരംഭത്തിലുള്ള രണ്ടുവരി ഗദ്യവും(മൊത്തം 240) അടങ്ങുന്നു.
ചികിത്സാവിഭജനക്രമം
[തിരുത്തുക]കായ-ബാല-ഗ്രഹാദികളായ എട്ട് അംഗങ്ങളെയും പൂർവസംഹിതകളിൽനിന്നു സമാഹരിച്ചു ഭംഗിയായും ക്രമാനുസൃതമായും അഷ്ടാംഗഹൃദയത്തിൽ വിവരിച്ചിട്ടുണ്ട്. ശരീരോത്പത്തിവിവരണത്തിന് പഞ്ചഭൂതസിദ്ധാന്തവും രോഗജ്ഞാനത്തിനും ചികിത്സയ്ക്കുമായി ത്രിദോഷസിദ്ധാന്തവും കൂടാതെ ഇവിടെ സ്വീകരിക്കപ്പെട്ടിരിക്കുന്നു.
കായചികിത്സ
[തിരുത്തുക]ശരീരത്തിൽ പൊതുവേ ബാധിച്ചുവരുന്ന ജ്വരാദിരോഗങ്ങളും അവയുടെ ചികിത്സകളും.
ബാലചികിത്സ
[തിരുത്തുക]ശിശുസംരക്ഷണവും ശിശുക്കൾക്കുണ്ടാകുന്ന പ്രത്യേക രോഗങ്ങളും അവയുടെ ചികിത്സകളും.
ഗ്രഹചികിത്സ
[തിരുത്തുക]മാനസികരോഗ ചികിത്സകളും. മന്ത്രവാദ പ്രതിവിധികളും
ഊർധ്വാംഗചികിത്സ
[തിരുത്തുക]കഴുത്തിനു മുകളിൽ ശിരസ്സിനെയും നേത്രം, ശ്രോത്രം, നാസിക മുതലായ ശരീര ഭാഗങ്ങളേയും ബാധിക്കുന്ന രോഗങ്ങളെ വിവരിച്ചു ചികിത്സാനിർണയനം ചെയ്യുന്നരീതി.
ശല്യചികിത്സ അഥവാ ശസ്ത്രക്രിയാചികിത്സ
[തിരുത്തുക]ഈ വിഭാഗത്തിൽ ശസ്ത്രങ്ങളുടെയും യന്ത്രങ്ങളുടെയും ലക്ഷണഭേദങ്ങളും അവ കൈകാര്യം ചെയ്യേണ്ട വിധങ്ങളും ശരീരത്തിൽ നിന്ന് മാരകവസ്തുക്കളെ നീക്കം ചെയ്യേണ്ട മാർഗങ്ങളും അനന്തരോപചാരങ്ങളും അംഗഭംഗങ്ങളിൽ അനുഷ്ഠിക്കേണ്ട ക്രമങ്ങളും, വൃണ ചികിത്സ, ശസ്ത്രക്രിയ ചെയ്യുന്ന ഭിഷഗ്വരൻ അറിഞ്ഞിരിക്കേണ്ട മറ്റു പല കാര്യങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു. അതതു രോഗങ്ങളിൽ (അർശസ്സ്, അശ്മരി, മഹോദരം, നേത്രരോഗങ്ങൾ ഇത്യാദിയിൽ) ചെയ്യേണ്ട ശസ്ത്രക്രിയാക്രമങ്ങളെ അതതിടങ്ങളിൽത്തന്നെ ചികിത്സാവിഭാഗങ്ങളിൽ പ്രതിപാദിച്ചിട്ടുണ്ട്.
ദംഷ്ട്രചികിത്സ അഥവാ വിഷചികിത്സ
[തിരുത്തുക]വിഷാംശം ശരീരത്തിനുള്ളിൽ പ്രവേശിച്ച ലക്ഷണങ്ങൾ, ആയതിന്റെ ചികിത്സകൾ, സർപ്പവിഷം, ചിലന്തിവിഷം, തേൾവിഷം, എലി, പേപ്പട്ടി തുടങ്ങിയ ൾ, സർപ്പദംശംമൂലം വരാവുന്ന വികാരങ്ങൾ, പ്രഥമശുശ്രൂഷ, ചികിത്സകൾ, സർപ്പദംശം ഏല്ക്കാതിരിക്കാനുള്ള മുൻകരുതലുകൾ, ക്ഷുദ്രവിഷങ്ങൾ, പരിഹാരങ്ങൾ, ചിലന്തി വിഷ തത്പരിഹാരങ്ങൾ, വൃശ്ചിക (തേൾ) വിഷചികിത്സ, മൂഷിക (എലി) വിഷചികിത്സ, അളർക്ക (പേപ്പട്ടി) വിഷചികിത്സ ഇങ്ങനെ സാർവത്രികമായി കാണുന്നതും വിഷജന്തുക്കളിൽനിന്നും സംക്രമിക്കുന്നതും വിഷപാനം മുതലായവ കൊണ്ടുവരുന്നതുമായ വിഷവികാരങ്ങൾക്കു ശാസ്ത്രീയമായ പ്രതിവിധികൾ ഈ വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
ജരാചികിത്സ അഥവാ രസായനചികിത്സ
[തിരുത്തുക]രസരക്താദിധാതുക്കൾക്കു പുഷ്ടിയും ബലവും ഉണ്ടാക്കുന്നതിനും ഓജസ്സും യൌവനവും നിലനിർത്തുന്നതിനും ക്ഷീണിച്ചുപോകുന്ന യൌവനത്തെ വീണ്ടെടുക്കുന്നതിനും രോഗാക്രമണങ്ങൾ മൂലം അപചയം വരുന്ന ശരീരത്തിന്റെ ഉപചയത്തിനും ആരോഗ്യപരിരക്ഷയ്ക്കും വേണ്ടിയുള്ള കുടീപ്രാവേശികം, വാതാതപികം എന്നീ രണ്ടു വിഭാഗം പ്രയോഗക്രമങ്ങളും രസായനങ്ങളായ ഔഷധയോഗങ്ങളും ഇതിൽ വിവരിക്കുന്നു. ഓജസ്കരങ്ങളും രോഗഘ്നങ്ങളുമായ യോഗങ്ങൾ ഇതിൽ കൊടുത്തിട്ടുണ്ട്.
വൃഷചികിത്സ അഥവാ വാജീകരണചികിത്സ
[തിരുത്തുക]ശരീരക്ഷീണം മാറ്റി ധാതുപുഷ്ടിയും സംഭോഗശക്തിയും ലൈംഗികശേഷിയും ഉണ്ടാക്കി സന്തത്യുത്പാദനത്തിനു സഹായിക്കുന്ന ചികിത്സാക്രമമാണ് ഇതിലെ പ്രതിപാദ്യം. ഇവയ്ക്കു പുറമേ, ആരോഗ്യസംരക്ഷണത്തിനുതകുന്ന ദിനചര്യ, ആചാരപദ്ധതി, ആഹാരവ്യവസ്ഥകൾ, ദ്രവ്യോത്പത്തി, രസവീര്യാദിപഞ്ചദ്രവ്യഘടകധർമങ്ങൾ എന്നിവയും, ഗർഭോത്പത്തി, ഗർഭവൃദ്ധിക്രമം, ഗർഭിണി അനുഷ്ഠിക്കേണ്ട ചര്യകൾ, പ്രസവകാലശുശ്രൂഷ, ഗർഭവൈകൃതികൾ, പ്രസവവൈഷമ്യങ്ങൾ, തത്പരിഹാരങ്ങൾ എന്നിവയും വിവരിക്കപ്പെട്ടിരിക്കുന്നു. ശാരീരവിഭാഗത്തിൽ അംഗപ്രത്യംഗ വിവരണങ്ങളും അന്നപചനപ്രക്രിയയും ധാതുപരിണാമം, രക്തചംക്രമണം, മർമവിജ്ഞാനം മുതലായവയും അടങ്ങിയിരിക്കുന്നു; ദോഷധാതുമലങ്ങളുടെ ധർമകർമങ്ങളെ പ്രത്യേകം വിശദീകരിച്ചിട്ടുണ്ട്.
സ്ഥാനങ്ങൾ
[തിരുത്തുക]വിഭാഗങ്ങൾ
[തിരുത്തുക]വിഷയവിവേചനത്തിലെന്നപോലെ, ഗ്രന്ഥത്തെ സമുച്ചയിച്ചു രചിക്കുന്നതിലും വിവിധ ഭാഗങ്ങളെ സമന്വയിപ്പിക്കുന്നതിലും ഹൃദയകാരൻ വിജയം കൈവരിച്ചിട്ടുണ്ട്. സംഹിതാഗ്രന്ഥങ്ങളിൽ കാണാവുന്ന വൈകല്യങ്ങൾ ഇവിടെ ഒഴിവാക്കപ്പെട്ടിരിക്കുന്നു. പഠിതാവിനു വസ്തുഗ്രഹണത്തിൽ വലിയ ആയാസമോ സംശയമോ വരാതിരിക്കുവാനും ഗ്രന്ഥകാരൻ പ്രത്യേകം മനസ്സിരുത്തിയിരിക്കുന്നു. അതിനുവേണ്ടി യഥാക്രമം സൂത്രസ്ഥാനം, ശാരീരസ്ഥാനം, നിദാനസ്ഥാനം, ചികിത്സാസ്ഥാനം, കല്പസ്ഥാനം, ഉത്തരസ്ഥാനം എന്ന് ആറു 'സ്ഥാന'ങ്ങളായി തിരിച്ച് ആകെ 120 അധ്യായങ്ങളായി ഗ്രന്ഥത്തെ ആസൂത്രണം ചെയ്തിരിക്കുകയാണ്. നേരത്തെ വിവരിച്ചിട്ടുള്ള കായരോഗാദി എട്ട് അംഗങ്ങളെയും ഇതിൽ അടുക്കായും ചിട്ടയായും പ്രതിപാദിക്കുകയും അവ തമ്മിലുള്ള ബന്ധത്തെ ശരിയായി ദൃഢപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
സൂത്രസ്ഥാനം
[തിരുത്തുക]ഒന്നാമത്തെ വിഭാഗത്തിൽ ആയുർവേദത്തിന്റെ മൌലിക സിദ്ധാന്തങ്ങളെയും, ആരോഗ്യത്തെയും അതിന്റെ തത്ത്വങ്ങളെയും, രോഗകാരണങ്ങളെയും, ഔഷധങ്ങളുടെ ഗുണവിശേഷങ്ങളും, രോഗനിവാരണവും, ശരീരശാസ്ത്രവും ചികിത്സാരീതികളും പ്രതിപാദിച്ചിരിക്കുന്ന 30 അദ്ധ്യായങ്ങളുണ്ട്. (30 അധ്യായങ്ങൾ; 1,491 ശ്ലോകങ്ങൾ). ഒരു വൈദ്യവിദ്യാർഥി അറിഞ്ഞിരിക്കേണ്ട ശാസ്ത്രതത്ത്വങ്ങളെ സൂത്രരൂപേണ, സംവിധാനകൗശലത്തോടുകൂടി ഇതിൽ പ്രതിപാദിച്ചിരിക്കുന്നു. ഈ തത്ത്വങ്ങളുടെ വിശദീകരണങ്ങളോ വ്യാഖ്യാനങ്ങളോ മാത്രമാണ് പിന്നീടുള്ള സ്ഥാനങ്ങളിലുള്ളതെന്നു പറയാം. ആയുർവേദമൂലസിദ്ധാന്തങ്ങളെ ക്രോഡീകരിച്ചു സമന്വയിപ്പിച്ചിട്ടുള്ള സ്ഥാനമാണിത്.
ശാരീര സ്ഥാനം
[തിരുത്തുക]രണ്ടാമത്തെ വിഭാഗത്തിൽ ഭ്രൂണശാസ്ത്രം, ശരീരഘടനാശാസ്ത്രം, മനഃശാസ്ത്രം, തെറ്റായ രോഗനിർണ്ണയതിന്റെ ലക്ഷണങ്ങൾ, ആസന്ന മരണത്തിന്റെ ലക്ഷണങ്ങൾ തുടങ്ങിയ വിഷയങ്ങൾ അടങ്ങിയ ആറ് അദ്ധ്യായങ്ങളുണ്ട്. (6 അധ്യായങ്ങൾ; 557 ശ്ളോകങ്ങൾ) ഗർഭോത്പത്തി, ഗർഭവ്യാപത്തുകൾ, അംഗപ്രത്യംഗവിഭാഗം, അംഗധർമവിഭാഗം, മർമവിഭാഗം, വികൃതിവിജ്ഞാനം, (ഓരോ രോഗത്തിലെയും മരണലക്ഷണങ്ങൾ), ദൂതവിജ്ഞാനം (നിമിത്ത ശകുനങ്ങൾ) ഇവ വിവരിച്ചിരിക്കുന്നു.
നിദാന സ്ഥാനം
[തിരുത്തുക]മൂന്നാമത്തെ വിഭാഗത്തിൽ 16 അദ്ധ്യായങ്ങളിലായി കായ ചികിത്സയിലെ (ആന്തരിക ചികിത്സ, internal medicine) പ്രധാന രോഗങ്ങളുടെ കാരണങ്ങൾ, പൂർവ്വസൂചനകൾ, രോഗ ലക്ഷണങ്ങൾ, രോഗ ഗതിയെക്കുറിച്ചുള്ള പ്രവചനങ്ങൾ വിവരിച്ചിരിക്കുന്നു. (16 അധ്യായങ്ങൾ; 784 ശ്ലോകങ്ങൾ). ജ്വരാദികായികരോഗങ്ങൾ, നിദാനപൂർവരൂപ-രൂപ-ഉപശയ-സംപ്രാപ്തികളോടുകൂടി വിവരിക്കപ്പെട്ടിരിക്കുന്നു. സർവരോഗസാധാരണമായ നിദാനാദി പഞ്ചകങ്ങളെ സാമാന്യമായി വിവരിച്ചുകൊണ്ടാണ് ഈ സ്ഥാനം തുടങ്ങിയിരിക്കുന്നത്.
ചികിത്സാ സ്ഥാനം
[തിരുത്തുക]നാലാം വിഭാഗത്തിൽ 22 അദ്ധ്യായങ്ങളിലായി എല്ലാ പ്രധാന രോഗങ്ങളുടെയും ചികിത്സ, ഔഷധ നിർമ്മാണം, ഭക്ഷണ രീതികൾ, രോഗീപരിചരണം തുടങ്ങിയ വിവരങ്ങൾ അടങ്ങിയിരിക്കുന്നു. (22 അധ്യായങ്ങൾ; 1,961 ശ്ലോകങ്ങൾ) ഇതിൽ നിദാനസ്ഥാനത്തിൽ വിവരിക്കപ്പെട്ടിട്ടുള്ള ജ്വരാദിരോഗങ്ങളുടെ ചികിത്സകൾ യഥാക്രമം വിവരിച്ചിരിക്കുന്നു. തിരഞ്ഞെടുത്ത ക്രിയാക്രമങ്ങളും ഔഷധങ്ങളുമാണ് സ്വീകരിക്കപ്പെട്ടിട്ടുള്ളത്.
കല്പസിദ്ധി സ്ഥാനം
[തിരുത്തുക]അഞ്ചാം വിഭാഗത്തിൽ ആറ് അദ്ധ്യായങ്ങളിലായി ഔഷധനിർമ്മാണം, പല ശുദ്ധീകരണ ചികിത്സകളുടെ നിർവഹണം, സങ്കീർണ്ണ സ്ഥിതിയിലെത്തിയ രോഗങ്ങളുടെ ചികിത്സ, ഔഷധ ശാസ്ത്രതിലെ അടിസ്ഥാന വിവരങ്ങളും ഉൾപ്പെടുന്നു. (6 അധ്യായങ്ങൾ; 312 ശ്ലോകങ്ങൾ) വമനകല്പം, വിരേചനകല്പം, വസ്തികല്പം എന്നിവയും ഇവയുടെ വ്യാപത്സിദ്ധികളും (പിഴച്ചാൽ വേണ്ട പ്രതിവിധികൾ) ഭേഷജകല്പവും മാനപരിഭാഷയും സമഗ്രമായി വിവരിച്ചിരിക്കുന്നു. ഭേഷകല്പത്തിൽ മൂലികകളെ സംഭരിച്ചു സൂക്ഷിച്ചു രസ-കഷായ-ചൂർണ-ലേഹ്യ-സ്നേഹ-ഗുളികാദികളാക്കി സംസ്കരിക്കാനുള്ള കല്പനാവിശേഷങ്ങളും മാനപരിഭാഷയും (അളവുകളും മാത്രകളും) ആണ് പറയപ്പെട്ടിട്ടുള്ളത്. രസം, സ്വർണം, താമ്രം മുതലായ ധാതുദ്രവ്യങ്ങളുടെ സംസ്കരണക്രമം വിവരിച്ചിട്ടില്ല.
ഉത്തരസ്ഥാനം
[തിരുത്തുക](40 അധ്യായങ്ങൾ; 2,179 ശ്ലോകങ്ങൾ) എട്ടംഗങ്ങളുള്ള ആയുർവേദത്തിന്റെ കായരോഗചികിത്സ ഒഴിച്ചുള്ള ബാലരോഗചികിത്സാദി 7 വിഭാഗങ്ങളും ഈ സ്ഥാനത്തിലാണ് പറഞ്ഞിരിക്കുന്നത്. ബാലഗ്രഹാവേശം, ഉൻമാദം, അപസ്മാരം എന്നീ മാനസികരോഗങ്ങൾ, ശസ്ത്രക്രിയ-ദംഷ്ട്രാ (വിഷ) വിഭാഗം, ജരാചികിത്സ (രസായന ചികിത്സ), വാജീകരണ ചികിത്സാവിധികൾ എന്നിവ ഈ സ്ഥാനത്തിൽ യഥോചിതം പ്രതിപാദിക്കപ്പെട്ടിരിക്കുന്നു.
40 അദ്ധ്യായങ്ങളുള്ള ആറാമത്തെ വിഭാഗത്തിൽ കായചികിത്സ ഒഴികെയുള്ള വിഷയങ്ങൾ വിവരിച്ചിരിക്കുന്നു.
- ബാലചികിത്സ 3 അദ്ധ്യായങ്ങൾ
- ഗ്രഹചികിത്സ 4 അദ്ധ്യായങ്ങൾ (മാനസിക/മന്ത്രവാദ ചികിത്സ)
- ഊർവ്വാംഗചികിത്സ 17 അദ്ധ്യായങ്ങൾ
- നേത്രചികിത്സ 9 അദ്ധ്യായങ്ങൾ
- കർണ്ണചികിത്സ 2 അദ്ധ്യായങ്ങൾ
- നാസാചികിത്സ 2 അദ്ധ്യായങ്ങൾ
- മുഖചികിത്സ 2 അദ്ധ്യായങ്ങൾ (വായ, പല്ലുകൾ, തൊണ്ട എന്നീ അവയവങ്ങളുടെ ചികിത്സ)
- ശിരോരോഗം 2 അദ്ധ്യായങ്ങൾ
- ശല്യചികിത്സ 10 അദ്ധ്യായങ്ങൾ (ശസ്ത്രക്രിയ)
- ദംഷ്ട്രചികിത്സ 4 അദ്ധ്യായങ്ങൾ (വിഷ/പ്രതിവിഷ വൈദ്യശാസ്ത്രം)
- ജരാചികിത്സ, വൃഷ(വാജീകരണം) എന്നിവയ്ക്ക് ഓരോ അദ്ധ്യായം വീതം.
ഗ്രന്ഥകർത്താവ്
[തിരുത്തുക]അഷ്ടാംഗഹൃദയ കർത്താവായ വാഗ്ഭടാചാര്യൻ ഒരു ബുദ്ധഭിക്ഷുവാണ്. ഇന്ത്യയുടെ വ.പ. ഭാഗത്തുള്ള സിന്ധുദേശമാണ് ഇദ്ദേഹത്തിന്റെ ജൻമഭൂമി. ഇദ്ദേഹത്തിന്റെ ജീവിതകാലത്തെപ്പറ്റി അഭിപ്രായവ്യത്യാസങ്ങളുണ്ട്. ഇദ്ദേഹം അഷ്ടാംഗഹൃദയം രചിക്കുന്നതിനുമുൻപ് അഷ്ടാംഗസംഗ്രഹം എന്ന വൈദ്യഗ്രന്ഥം എഴുതി; അഷ്ടാംഗസംഗ്രഹം ഒന്നുകൂടി പരിഷ്കരിച്ചു ചുരുക്കിയാണ് അഷ്ടാംഗഹൃദയം രചിച്ചിട്ടുള്ളത്. അഷ്ടാംഗസംഗ്രഹം ഗദ്യപദ്യസമ്മിശ്രമാണ്; അഷ്ടാംഗസംഗ്രഹകർത്താവ് വേറൊരു വാഗ്ഭടൻ (വൃദ്ധ വാഗ്ഭടൻ) ആണെന്നും ചിലർ പറയുന്നുണ്ട്. പക്ഷേ, പ്രതിപാദനരീതി, ഭാഷാശൈലി, പക്ഷാന്തരമില്ലായ്മ മുതലായവ നോക്കുമ്പോൾ, അഷ്ടാംഗസംഗ്രഹകാരൻ തന്നെയാണ് അഷ്ടാംഗഹൃദയകർത്താവെന്നു ബോധ്യപ്പെടും. പ്രസ്തുത വാഗ്ഭടനെ കൂടാതെ രസതന്ത്രവിഭാഗത്തിൽപ്പെടുന്ന രസരത്നസമുച്ചയ (13-ാം ശ.) കർത്താവായ ഒരു വാഗ്ഭടാചാര്യനുമുണ്ട്. എന്നാൽ അഷ്ടാംഗഹൃദയത്തിൽ പാരദാദിധാതുദ്രവ്യങ്ങൾകൊണ്ടുള്ള പ്രയോഗങ്ങൾ പറയാതിരുന്നതു രസരത്നസമുച്ചയമെന്ന പേരിൽ ധാതുദ്രവ്യങ്ങളെക്കൊണ്ടുമാത്രം ചികിത്സിക്കാനുതകുന്ന ഒരു ഗ്രന്ഥം വാഗ്ഭടാചാര്യൻ നിർമിച്ചതുകൊണ്ടാണെന്നും, അഷ്ടാംഗഹൃദയകർത്താവായ വാഗ്ഭടാചാര്യനും രസരത്നസമുച്ചയ കർത്താവായ വാഗ്ഭടനും ഒരാളാണെന്നും വാദിക്കുന്നവരുമുണ്ട്. അഷ്ടാംഗസംഗ്രഹം, അഷ്ടാംഗഹൃദയം എന്നീ ഗ്രന്ഥങ്ങളിലെ ലളിതമായ ഭാഷാരീതിയും രസരത്നസമുച്ചയത്തിലെ ഭാഷാരീതിയും തമ്മിൽ താരതമ്യപ്പെടുത്തി നോക്കുന്നവർക്ക് ഈ അഭിപ്രായത്തോടു യോജിക്കാൻ നിവൃത്തിയില്ല. ഏതായാലും അഷ്ടാംഗഹൃദയകർത്താവ് വാഗ്ഭടാചാര്യനാണെന്നുള്ളതിൽ രണ്ടു പക്ഷമില്ല.
വാഗ്ഭടാചാര്യൻ ബുദ്ധമതപ്രചരണാർഥം ഇന്ത്യയിൽ പല ഭാഗത്തും സഞ്ചരിക്കുകയും അക്കൂട്ടത്തിൽ കേരളത്തിലും വരികയും ദീർഘകാലം ഇവിടെ ജീവിക്കുകയും ചെയ്തതായി ഐതിഹ്യമുണ്ട്. ബുദ്ധമതപ്രചാരകാലത്തു കേരളത്തിൽ പല ബുദ്ധവിഹാരങ്ങളും ഭിക്ഷുണീസങ്കേതങ്ങളും ഉണ്ടായിരുന്നതായി ചരിത്രകാരൻമാർ പറയുന്നു. ചേർത്തല താലൂക്കിലെ തിരുവിഴ ബുദ്ധഭിക്ഷുസങ്കേതവും, കാർത്ത്യായനീക്ഷേത്രം ഭിക്ഷുണീസങ്കേതവുമായിരുന്നുവെന്നു പറയപ്പെടുന്നു. ബുദ്ധമതക്കാരാണ് ധർമാശുപത്രിപ്രസ്ഥാനം ആദ്യം നടപ്പിലാക്കിയത്. 'അവൃത്തിവ്യാധിശോകാർത്താനനുവർത്തേതശക്തിതഃ' എന്ന സേവനമന്ത്രം വ്രതമാക്കിയിരുന്നവരാണ് ശരണത്രയീധനരായ ബുദ്ധഭിക്ഷുക്കൾ. തിരുവിഴയിൽ ഇന്നും നടപ്പിലിരിക്കുന്ന കൈവിഷത്തിനുള്ള വമനപ്രയോഗം പണ്ട് ബുദ്ധഭിക്ഷുക്കൾ ഏർപ്പെടുത്തിയിരുന്ന ചികിത്സകളുടെ നഷ്ടാവശിഷ്ടമാണെന്നുവരാം. വാഗ്ഭടാചാര്യൻ തിരുവിഴ ബുദ്ധവിഹാരത്തിൽ ജീവിക്കുന്ന സമയത്താണ് അഷ്ടാംഗഹൃദയം രചിച്ചതെന്നു വൃദ്ധവൈദ്യന്മാർ വിശ്വസിച്ചിരുന്നു; ഈ അഭിപ്രായം സ്ഥാപിക്കുവാൻ രേഖകളില്ല. എന്നാൽ കേരളത്തിലെ അഷ്ടവൈദ്യന്മാർ വാഗ്ഭടപരമ്പരയിൽപ്പെട്ടവരാണെന്നും അഷ്ടവൈദ്യന്മാർ എന്ന പേർ 'അഷ്ടവൈദ്യകുടുംബക്കാർ' എന്ന അർഥത്തിലല്ല അഷ്ടാംഗഹൃദയ വൈദ്യന്മാർ എന്ന അർഥത്തിലാണ് പ്രയോഗിക്കപ്പെട്ടിരിക്കുന്നത് എന്നും ചിലർ അഭിപ്രായപ്പെടുന്നു. അഷ്ടാംഗപൂർണമായ ആയുർവേദത്തിൽ പ്രവർത്തിക്കുന്നവരാണ് 'അഷ്ടവൈദ്യൻമാർ' എന്ന അഭിപ്രായക്കാരുമുണ്ട്. ഇവർ ബുദ്ധമതപരമ്പരയിൽപ്പെട്ടവരായതുകൊണ്ടാണത്രെ യാഥാസ്ഥിതിക നമ്പൂതിരിമാർ ഇവർക്കു പാതിത്യം കല്പിച്ചുവന്നത്. അഷ്ടാംഗഹൃദയമാണ് കേരളത്തിൽ ഗുരുകുലസമ്പ്രദായപ്രകാരം, ഗുരുശിഷ്യപരമ്പരയാ, അഷ്ടവൈദ്യന്മാരും മറ്റു വൈദ്യകുടുംബങ്ങളും പാഠ്യഗ്രന്ഥമായും പ്രമാണഗ്രന്ഥമായും സ്വീകരിച്ചുപോന്നിട്ടുള്ളത്. അതുകൊണ്ട് കേരളീയ വൈദ്യന്മാരുടെ ശാസ്ത്രജ്ഞാനത്തിനും ചികിത്സയ്ക്കും ഐകരൂപ്യം ഉണ്ട്. ആയുർവേദവൈദ്യത്തിൽ കേരളത്തിനുള്ള പ്രശസ്തിക്ക് ഇതും ഒരു പ്രധാന കാരണമാണ്. കേരളത്തിലെപ്പോലെ അഷ്ടാംഗഹൃദയത്തിനു ഇന്ത്യയിൽ ഒരിടത്തും പ്രചാരം കാണുന്നില്ല. ഉത്തരേന്ത്യക്കാർക്ക് ഇന്നും ചരകസുശ്രുതാദി ഗ്രന്ഥങ്ങളാണ് അവലംബം. വാഗ്ഭടാചാര്യനും അഷ്ടാംഗഹൃദയത്തിനും കേരളത്തോട് ഒരു അഭേദ്യബന്ധമാണുള്ളത്. കേരളത്തിൽ സർവസാധാരണമായിരുന്ന ആഹാരക്രമങ്ങളെയാണ് അഷ്ടാംഗഹൃദയത്തിൽ കൂടുതലും വിവരിച്ചിട്ടുള്ളത്. പ്രസിദ്ധമായ പേയാദിക്രമം (പേയ = കഞ്ഞിത്തെളി) പഥ്യാഹാരവുമാണല്ലോ. 'ദാക്ഷിണാത്യഃ പേയാസാത്മ്യഃ' എന്നു ചരകൻ കേരളീയരെപ്പറ്റി പറഞ്ഞിട്ടുമുണ്ട്. ഇതും മേൽ സൂചിപ്പിച്ച അഭേദ്യബന്ധത്തിനു ഒരു സൂചനയാണ്. കേരളത്തിൽ അഷ്ടവൈദ്യഗൃഹങ്ങളിലും മറ്റു വൈദ്യകുടുംബങ്ങളിലും ആയുർവേദപാഠശാലകളിലും അഷ്ടാംഗഹൃദയത്തെ അടിസ്ഥാനമാക്കിയുള്ള അഭ്യസനവും ചികിത്സയുമാണ് ഇന്നും നടപ്പിലിരിക്കുന്നത്. അഷ്ടാംഗഹൃദയ രചയിതാവ് വാഗ്ഭടനാണന്ന് അനുമാനിക്കുവാൻ തക്ക തെളിവുകൾ മാത്രമേയുള്ളു. തന്റെ പേരോ മറ്റു വിവരങ്ങളോ രചയിതാവ് പ്രബന്ധത്തിലെവിടെയും ചേർത്തിട്ടില്ല;
- പ്രബന്ധത്തിന്റെ അവസാനം രചയിതാവ് ഇങ്ങനെ പറയുന്നു;“വൈദ്യശാസ്ത്രത്തിന്റെ എട്ടു വിഭാഗങ്ങളെ കടഞ്ഞെടുത്തു ലഭിച്ച തേനാണ് അഷ്ടാംഗസംഗ്രഹം, അതിൽ നിന്ന് ഉത്ഭവിച്ച അഷ്ടാംഗഹൃദയം അദ്ധ്യയനാസക്തി കുറഞ്ഞവർക്ക് അഷ്ടാംഗസംഗ്രഹം മനസ്സിലാക്കുന്നതിന് കൂടുതൽ പ്രയോജനപ്പെടും”
- അഷ്ടാംഗഹൃദയത്തിന്റെ മൂലഗ്രന്ഥമായ അഷ്ടാംഗസംഗ്രഹത്തിന്റെ അവസാനം ഗ്രന്ഥകർത്താവിനെപ്പറ്റി നൽകുന്ന് വിവരണം ഇങ്ങനെയാണ്; “വാഗ്ഭടൻ എന്നു പേരുണ്ടായിരുന്ന മഹാവൈദ്യന്റെ മകനായ സിംഹഗുപ്തന്റെ മകനായ എന്റെ പേരും വാഗ്ഭടൻ എന്നാണ്. സിന്ധു രാജ്യത്ത് ജനിച്ച ഞാൻ എന്റെ ഗുരുവായ അവലോകിതനിൽ നിന്നും, എന്റെ അച്ഛനിൽ നിന്നും വൈദ്യശാസ്ത്രം പഠിച്ചു...”
- അഷ്ടാംഗഹൃദയത്തിന്റെ ചില കൈയ്യെഴുത്തുപ്രതികളിൽ നിദാനസ്ഥാനം, ഉത്തരസ്ഥാനം എന്നീ വിഭാഗങ്ങളുടെ അവസാനം,“ശ്രീ വൈദ്യപതി സിംഹഗുപ്തന്റെ മകനായ ശ്രീമദ് വാഗ്ഭടൻ രചിച്ച അഷ്ടാംഗഹൃദയത്തിലെ നിദാന സ്ഥാനം ഇവിടെ അവസാനിക്കുന്നു”, എന്നൊരു കുറിപ്പ് കാണുന്നുണ്ട് എങ്കിലും മറ്റ് വിഭാഗങ്ങളിൽ പ്രസ്തുത കുറിപ്പിന്റെ ആഭാവവും, “ശ്രീമദ്” എന്ന വിശേഷണവും അത് പിന്നീടു ചേർത്തതാവാം എന്ന സംശയം ഉളവാക്കുന്നു.
- മറ്റ് ആയുർവേദ ഗ്രന്ഥവ്യാഖ്യാനങ്ങളിൽ അഷ്ടാംഗസംഗ്രഹത്തിൽ നിന്നുള്ള ശ്ലോകങ്ങൾ “വൃദ്ധ വാക്ഭടൻ” രചിച്ചതെന്നും, അഷ്ടാംഗഹൃദയത്തിലുള്ളവ “ലഘു/സ്വല്പ വാഗ്ഭടൻ” രചിച്ചതെന്നും രേഖപ്പെടുത്തിയിട്ടുണ്ട്.
^ചില ചരിത്രകാരന്മാർ രണ്ടു പ്രബന്ധങ്ങളും രചിച്ചത് ഒരാൾ തന്നെയാണന്ന് സമർത്ഥിക്കുന്നു.
വ്യാഖ്യാനങ്ങൾ
[തിരുത്തുക]ആയുർവേദ ഗ്രന്ഥങ്ങളിൽ ഏറ്റവും കൂടുതൽ വ്യാഖ്യാനങ്ങൾ ഉണ്ടായിട്ടുള്ളത് അഷ്ടാംഗഹൃദയത്തിനാണ്. മുപ്പതോളം വ്യാഖ്യാനങ്ങളെപ്പറ്റി പരാമർശങ്ങളുണ്ടെങ്കിലും, മിക്കവയും പൂർണ്ണമായോ ഭാഗികമായോ നഷ്ടപ്പെടുകയോ കൈയെഴുത്തുപ്രതികളായി ഇൻഡ്യയിലെയോ വിദേശങ്ങളിലെയോ ഗ്രന്ഥശാലയിൽ സൂക്ഷിച്ചിരിക്കുകയാണ്. ആറ് വ്യാഖ്യാനങ്ങൾ ഭാഗികമായും, ഒന്ന് പൂർണ്ണമായും അച്ചടിക്കപ്പെട്ടിട്ടുണ്ട്.
മലയാളവ്യാഖ്യാനങ്ങൾ
[തിരുത്തുക]അഷ്ടാംഗഹൃദയത്തിനു മലയാളത്തിൽ പല വ്യാഖ്യാനങ്ങളുമുണ്ടായിട്ടുണ്ട്. കൈക്കുളങ്ങര രാമവാര്യരുടെ ഭാവപ്രകാശം, ഉപ്പോട്ടു കണ്ണന്റെ ഭാസ്കരവ്യാഖ്യാനം, കായിക്കര പി.എം. ഗോവിന്ദൻ വൈദ്യരുടെ അരുണോദയം എന്നിവ പ്രസിദ്ധങ്ങളാണ്. ടി.സി. പരമേശ്വരൻ മൂസ്സതും അഷ്ടാംഗഹൃദയത്തിനു വ്യാഖ്യാനം എഴുതിയിട്ടുണ്ട്. ആദ്യം പറഞ്ഞവ രണ്ടും പഴയ ശൈലിയിലും പാരമ്പര്യത്തിലുമുള്ള വ്യാഖ്യാനങ്ങളാണ്. ഗോവിന്ദൻ വൈദ്യരുടെ അരുണോദയം വ്യാഖ്യാനം (ഉത്തരസ്ഥാനം വ്യാഖ്യാനിക്കുന്നതിനുമുൻപ് അദ്ദേഹം അന്തരിച്ചുപോയി) ആധുനികസിദ്ധാന്തങ്ങൾ കഴിയുന്നതും താരതമ്യപ്പെടുത്തി നിരൂപണപരമായി എഴുതിയിട്ടുള്ളതാണ്. ആധുനികശാസ്ത്രയുഗത്തിൽ ജീവിക്കുന്ന അധ്യേതാക്കൾക്ക് ഏറ്റവും പ്രയോജനകരമായ ഒരു വ്യാഖ്യാനമാണതെന്നു തീർത്തുപറയാം. കേരളത്തിലെ ആയുർവേദപാഠശാലകളിൽ അധ്യാപകർക്കും വിദ്യാർഥികൾക്കും ഏകാവലംബം ഇന്ന് ഈ വ്യാഖാനമാണ്. ഇതിനുപുറമേ വൈദ്യർ അഷ്ടാംഗഹൃദയം മുഴുവനും മലയാളത്തിൽ ഭാഷാന്തരം ചെയ്തിട്ടുണ്ട്. അഷ്ടാംഗഹൃദയഭാഷ എന്നാണ് ആ ഗ്രന്ഥത്തിന്റെ പേര്.
അഷ്ടാംഗഹൃദയത്തിന് ഒരു തിബത്തൻ പാഠഭേദമുണ്ട്. ഇതിന്റെ ഏതാനും ഭാഗങ്ങൾ സി. വോജൻ ജർമൻ ഭാഷയിൽ വിവർത്തനം ചെയ്ത് 1965-ൽ പ്രസിദ്ധീകരിച്ചു.
ചില വ്യാഖ്യാനങ്ങൾ
[തിരുത്തുക]- പദാർത്ഥചന്ദ്രിക ചന്ദ്രനന്ദനൻ (10 എ ഡി) രചിച്ച വ്യാഖ്യാനമാണ് ഏറ്റവും പഴയത്. കൈയെഴുത്തു പ്രതി പൂർണ്ണമായി അവശേഷിക്കുന്നു.
- സർവ്വാംഗസുന്ദര പൂർണ്ണമായി അവശേഷിക്കുന്നതും അച്ചടിക്കപ്പെട്ടതും. 10-12 നൂറ്റാണ്ടിനിടയിൽ ജീവിച്ചിരുന്ന അരുണദത്തൻ രചിച്ചത്. പദാർത്ഥചന്ദ്രിക വ്യാഖ്യാനത്തെ ആസ്പദമാക്കി രചിച്ചതാണ് സർവ്വാംഗസുന്ദരി.
- ആയുർവേദ രസായന 14 ആം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഹേമാദ്രി രചിച്ചത്. (ഭാഗികം)
- ഹൃദയബോധിക/ഹൃദയബോധിനി 14ആം നൂറ്റാണ്ടിൽ കേരളത്തിൽ ജീവിച്ചിരുന്ന ശ്രീദാസപണ്ഡിതൻ രചിച്ചത്. ഇതിൽ ഔഷധ സസ്യങ്ങളുടെ മലയാളം പേരുകളുംചേർത്തിരിക്കുന്നു. അദ്ദേഹത്തിന്റെ സഹപാഠി രചിച്ച '''വാക്യസാരം''' എന്ന വ്യാഖ്യാനത്തെപ്പറ്റിയും അതിൽ സൂചിപ്പിക്കുന്നു. ഇവ് രണ്ടിനും 14ആം നൂറ്റാണ്ടിന്റെ അവസാനം ജീവിച്ചിരുന്നു എന്നു കരുതുന്ന ശ്രീകാന്തൻ അല്പബുദ്ധിപ്രബോധനം എന്നൊരു സംഗ്രഹം മലയാളത്തിൽ രചിച്ചിട്ടുണ്ട്.
- നിദാനചിന്താമണി 14-15 നുറ്റാണ്ടുകൾക്കിടയിൽ തോഡാർമല്ല കാനപ്രഭു(കണ്ണപ്രഭു) രചിച്ച നിദാനസ്ഥാനം വ്യാഖ്യാനം.
- തത്വബോധം ബംഗാൾ സുൽത്താനായിരുന്ന ബാർബക് ഷായുടെ (1457-1474) കൊട്ടാരം വൈദ്യൻ അനന്തസേനൻന്റെ പുത്രൻ ശിവദാസസേനൻ ഉത്തരസ്ഥാനത്തിന് മാത്രം രചിച്ച വ്യാഖ്യാനം(1500 എ ഡി).
പ്രചാരം
[തിരുത്തുക]ഇത്രയും മഹത്ത്വമുള്ള അഷ്ടാംഗഹൃദയത്തിന്റെ രചയിതാവ് ഋഷിപരമ്പരയിൽപ്പെട്ട ആളല്ലാത്തതു കൊണ്ട് അതിനെ അംഗീകരിക്കുകയോ, ബഹുമാനിക്കുകയോ ചെയ്യാത്ത ഉത്തരേന്ത്യൻ വൈദ്യപണ്ഡിതന്മാർ ഇന്നുമുണ്ട്.[അവലംബം ആവശ്യമാണ്] ഋഷികൾ എഴുതാത്ത ഒരു ശാസ്ത്രവും അംഗീകാരയോഗ്യമല്ലെന്നാണ് ചിലരുടെ വാദം. വാഗ്ഭടൻ ഈ തെറ്റായ ചിന്താഗതിക്ക് അഷ്ടാംഗഹൃദയത്തിൽ സയുക്തികം സമാധാനം പറയുന്നുണ്ട്.
“ | വാതേ പിത്തേ ശ്ളേഷ്മ ശാന്തൗചപഥ്യം
തൈലം സർപ്പിർമാക്ഷികഞ്ചക്രമേണ ഏതത് ബ്രഹ്മാ ഭാഷതേബ്രഹ്മജോവാ കാനിർമന്ത്രേ വക്തൃഭേദോക്ത ശക്തിഃ |
” |
വാതപിത്തകഫങ്ങളുടെ വികാരത്തിനു യഥാക്രമം എണ്ണ, നെയ്യ്, തേൻ എന്നിവ ശമനൌഷധങ്ങളാണെന്നു ബ്രഹ്മാവു പറഞ്ഞാലും ബ്രഹ്മജൻ പറഞ്ഞാലും ഫലം ഒന്നുതന്നെ. പറഞ്ഞയാളിന്റെ വ്യത്യാസംകൊണ്ട് ഗുണങ്ങൾക്കു വ്യത്യാസം വരുന്നില്ല
. വക്താവിനെ നോക്കി ഗുണദോഷനിരൂപണം ചെയ്യുന്നതു ശരിയല്ല; ആരു പറഞ്ഞുവെന്നല്ല, എന്തു പറഞ്ഞു എന്നാണ് നോക്കേണ്ടത്. ഇനി ഋഷികൾ പറഞ്ഞവയെ മാത്രമേ ബഹുമാനിക്കാവൂ എന്നാണെങ്കിൽ,
“ | ഋഷിപ്രണീതേ പ്രീതിശ്ചേത്
മുക്ത്യാചരക സുശ്രുതൌ ഭേളാത്യാഃ കിംന പഠ്യന്തേ തസ്മാദ്ഗ്രാഹ്യം സുഭാഷിതം |
” |
ഋഷിപ്രണീതങ്ങളായ ചരകസുശ്രുതാദി ഗ്രന്ഥങ്ങൾ പഠിക്കുന്നതുപോലെ ഋഷിപ്രോക്തങ്ങളായ ഭേളാദിസംഹിതകളെ എന്തുകൊണ്ടു നിങ്ങൾ പഠിക്കുന്നില്ല
എന്ന് അദ്ദേഹം ചോദിക്കുന്നു. ഭേളാദിസംഹിതകൾ, ചരകസുശ്രുതാദി സംഹിതകൾപോലെ ശരിയായി എഴുതപ്പെട്ടവയല്ല. അതുകൊണ്ടാണ് പഠിക്കാത്തത്. അപ്പോൾ സുഭാഷിതങ്ങളേ ഗ്രഹിക്കാവു എന്നു നിങ്ങളും സമ്മതിക്കുന്നു. അതുപോലെ അഷ്ടാംഗഹൃദയവും സുഭാഷിതമാണോ എന്നു പരിശോധിച്ചു പഠിക്കാതെ 'അനാർഷം' എന്നു പറഞ്ഞു നിഷേധിക്കുന്നത് ഉചിതമല്ല. ഇതിൽനിന്നും ഗ്രന്ഥകർത്താവിന്റെ കാലത്തുതന്നെ യാഥാസ്ഥിതികരുടെ എതിർപ്പ് ഉണ്ടായിരുന്നതായി കാണാം. എന്നാൽ നിർമത്സരബുദ്ധികളായ പല ഭിഷഗ്വരൻമാരുടെയും ആയുർവേദപ്രചാരണപ്രവർത്തനങ്ങൾകൊണ്ടു ഈ മനോഭാവത്തിനു മാറ്റം വന്നു തുടങ്ങിയിട്ടുണ്ട്.
അഷ്ടാംഗഹൃദയം കേരളീയ വൈദ്യൻമാർക്കു മൂലഗ്രന്ഥവും പ്രമാണഗ്രന്ഥവുമായി ഇന്നും നിലനില്ക്കുന്നു. അഷ്ടാംഗഹൃദയത്തെ ഉപജീവിച്ച് അനേകം ഗ്രന്ഥങ്ങൾ സമർഥരായ വൈദ്യപണ്ഡിതൻമാർ മലയാളത്തിൽ എഴുതിയിട്ടുണ്ട്. മലയാളനിദാനം, യോഗാമൃതം, സുഖസാധകം, വൈദ്യസാരസംഗ്രഹം, ബാലചികിത്സ, സർവരോഗചികിത്സാരത്നം, വിഷചികിത്സാസംഗ്രഹം, പ്രയോഗസമുച്ചയം, ജ്യോത്സ്നിക, ലക്ഷണാമൃതം, നേത്രരോഗചികിത്സ, മസൂരിമാല, മർമചികിത്സ, ദ്രവ്യഗുണപാഠം മുതലായ ഗ്രന്ഥങ്ങൾ അവയിൽ ചിലതാണ്. അപ്രകാശിതങ്ങളായ പല ഗ്രന്ഥങ്ങളും അഷ്ടവൈദ്യാഗാരങ്ങളിലും മറ്റു വൈദ്യകുടംബങ്ങളിലുമായി ഈടുവയ്പായി ഇരുപ്പുണ്ട്.
വിവർത്തനങ്ങൾ
[തിരുത്തുക]- മിക്കവാറും എല്ലാ ഇൻഡ്യൻ ഭാഷകളിലേക്കും അഷ്ടാംഗഹൃദയം വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
- ഹാറൂൺ അൽ റാഷിദ് ഖലീഫയുടെ കാലത്ത്(773-808 എ ഡി) അഷ്ടാൻകർ എന്ന പേരിൽ അറബിയിൽ.
- റിഗ്യുഡ് ബ്സി (rGyud bzi) എന്ന പേരിൽ ടിബെറ്റൻ ഭാഷയിൽ (എ ഡി 728-797 ഇടയിൽ).
അവലംബം
[തിരുത്തുക]- Vagbhata's Ashtaangahridayam;5th Ed;Prof. K. R. Krishnamoorthi;Krishnadas Academy;Varanasi. ISBN 81-218-0018-8
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അഷ്ടാംഗഹൃദയം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |