പഞ്ചകർമ്മം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ആയുർവ്വേദത്തിലെ ഒരു ചികിത്സാ പദ്ധതിയാണ് പഞ്ചകർമ്മം. വസ്തി, വമനം, വിരേചനം, നസ്യം, രക്തമോക്ഷം എന്നീ അഞ്ച് ചികിത്സകളാണ് പഞ്ചകർമ്മങ്ങൾ.[1] ഈ ചികിത്സ നടത്തുന്നത് 3 ഘട്ടങ്ങളിലായാണ്. പൂർവ്വ കർമ്മം, പ്രധാന കർമ്മം, പശ്ചാത് കർമ്മം എന്നിങ്ങനെയാണ് ഇതിന്റെ 3 ഘട്ടങ്ങൾ. പ്രധാന കർമ്മം എന്നത് മുൻപേ പറഞ്ഞിട്ടുള്ള 5 ചികിത്സാ രീതികൾ തന്നെയാണ്. ആ ചികിത്സയ്ക്ക് മുൻപ് രോഗിയെ ചികിത്സയ്ക്കായി തയ്യാറാക്കുന്നതാണ് പൂർവ്വ കർമ്മം. പ്രധാന ചികിത്സ കഴിഞ്ഞ് രോഗിയുടെ ശരീരത്തെ സ്വസ്ഥമാക്കുന്നതിനായുള്ള കാര്യങ്ങളാണ് പശ്ചാത് കർമ്മത്തിൽ ഉൾപ്പെടുന്നത്.[2] കൃത്യമായ പഥ്യത്തിനോടുകൂടി ഒരാഴ്ചത്തെ സമയം പഞ്ചകർമ്മ ചികിത്സയ്ക്ക് ആവശ്യമുണ്ട്.[3][4]

പ്രാധാന്യം[തിരുത്തുക]

ശരീരത്തിന്റെ യുവത്വം നിലനിർത്താനും ആയുസ്സ് വർദ്ധിപ്പിക്കാനും ആയിട്ടാണ് പഞ്ചകർമ്മ ചികിത്സ ഉപയോഗിക്കുന്നത്. രോഗം ഉള്ളവർക്കും ഇല്ലാത്തവർക്കും ഈ ചികിത്സാ വിധികൾ നടത്താം. രോഗമില്ലാത്തപ്പോൾ പഞ്ചകർമ്മം സുഖചികിത്സയായാണ് നടത്തപ്പെടാറ്. രോഗിയാണെങ്കിൽ ചികിത്സ ആ രോഗത്തിന് അനുസൃതമായി ചെയ്യപ്പെടും. നടുവു വേദന, പിടലി വേദന എന്നിങ്ങനെ ജീവിത ശൈലീ രോഗങ്ങൾക്ക് പഞ്ചകർമ്മ ചികിത്സ പ്രതിവിധിയായി നിർദ്ദേശിക്കപ്പെടുന്നു. ആരോഗ്യം നിലനിർത്തുന്നതിനോടൊപ്പം രോഗപ്രതിരോധ ശക്തി നിലനിർത്താനും പഞ്ചകർമ്മ ചികിത്സ സഹായിക്കുന്നു.[5]

പൂർവ്വ കർമ്മം[തിരുത്തുക]

ശിരോധാര

പ്രധാനമായ അഞ്ച് കർമ്മങ്ങൾ - പഞ്ചകർമ്മങ്ങൾ തുടങ്ങുന്നതിനുമുൻപ് ചികിത്സയ്ക്കായി ശരീരത്തെ സജ്ജമാക്കാനുള്ളതാണ് പൂർവ്വ കർമ്മം. ഇതിൽ രോഗിയുടെ അഗ്‌നി ദീപ്തിയെ വർദ്ധിപ്പിക്കാൻ ശരീരത്തിനു പുറത്തും അകത്തും എണ്ണകൾ ഉപയോഗിക്കുകയും (സ്‌നേഹ പ്രക്രിയ), വിയർപ്പിക്കുകയും (സ്വേദന പ്രക്രിയ) ചെയ്യുന്നു. കേരളത്തിലെ പഞ്ചകർമ്മ ചികിത്സാ സമ്പ്രദായത്തിൽ ഈ സ്വേദന പ്രക്രിയകൾ വളരെ അധികമായിട്ട് അനുഷ്ഠിക്കുന്നുണ്ട്. ഇല കിഴി, പൊടി കിഴി, ഞവര കിഴി, നാരങ്ങാ കിഴി, പിഴിച്ചിൽ എന്നിവ കേരളത്തിൽ അനുഷ്ടിക്കുന്ന വിവിധ തരം സ്വേദന ക്രിയകൾ ആണ്. എന്നാൽ ഇവയാണ് പഞ്ചകർമ്മങ്ങൾ എന്ന ഒരു മിധ്യാധാരണ ജനങ്ങൾക്കിടയിലുണ്ട്. പക്ഷേ ഇവ പഞ്ചകർമ്മ ചികിത്സയ്ക്കു വേണ്ടി ശരീരത്തെ സജ്ജമാക്കാനുള്ള പൂർവ്വകർമ്മ ക്രിയകൾ മാത്രമാണ്.[2]

പ്രധാന കർമ്മം[തിരുത്തുക]

വസ്തി, വമനം, വിരേചനം, നസ്യം, രക്തമോക്ഷം എന്നീ അഞ്ച് ചികിത്സാ രീതികൾ തന്നെയാണ് പ്രധാന കർമ്മം, ഈ അഞ്ചു വിധം കർമ്മങ്ങൾ ഉള്ളതിനാലാണ് (പഞ്ചം - അഞ്ച്)പഞ്ചകർമ്മം എന്ന് ഈ ചികിത്സാ രീതിയെ വിളിക്കുന്നത്.

വമനം[തിരുത്തുക]

പ്രധാന ലേഖനം: വമനം

ഉദരത്തിലുള്ള പദാർഥങ്ങൾ വായിലൂടെ പുറത്തു കളയുകയാണ്‌ ഇതിന്റെ രീതി. ഇതിനായി പ്രത്യേകം മരുന്നു സേവിപ്പിക്കുകയും വമനം/ഛർദ്ദിയിലൂടെ ശരീരത്തിന് ആവശ്യമില്ലാത്ത പദാർത്ഥങ്ങളെയും മറ്റും പുറത്ത് വരുത്തുകയും ചെയ്യും. പഞ്ചശോധന ക്രിയകളിൽ ആദ്യത്തേതായ വമന ക്രിയയ്‌ക്ക് അതീവ ശ്രദ്ധയും വിദഗ്‌ദ്ധ പരിചരണവും ആവശ്യമാണ്‌.[6]

വസ്തി[തിരുത്തുക]

പ്രധാന ലേഖനം: വസ്തി

ഗുദം, മൂത്രനാളം, യോനി എന്നിവയിലൂടെ ദ്രാവക രൂപത്തിലുള്ള മരുന്നുകൾ പ്രവേശിപ്പിക്കുന്നതിന്‌ വസ്‌തി എന്നു പറയുന്നു. മൃഗങ്ങളുടെ മൂത്ര സഞ്ചി ഈ പ്രക്രിയയ്‌ക്ക് ഉപയോഗിക്കുന്നതിനാൽ വസ്‌തി എന്ന പേരുവന്നു.[6] വിവിധ തരത്തിലുള്ള വാത വികാരങ്ങൾക്ക് അഗ്രഗണ്യമായ ചികിത്സയാണ് വസ്തി കർമ്മം. വസ്തി ദ്രവ്യങ്ങളെ ഗുദ മാർഗ്ഗേണ ശരീരത്തിനുള്ളിൽ പ്രവേശിപ്പിച്ച് ദോഷങ്ങളെ പുറന്തള്ളുകയാണ് ഈ ചികിത്സയിൽ ചെയ്യുന്നത്. ഇതിൽ ഉപയോഗിയ്ക്കുന്ന ഔഷധങ്ങളുടെ മിശ്രണത്തിൽ വരുത്തുന്ന മാറ്റമനുസരിച്ച് ഇത് പലതരത്തിലുണ്ട്.

സ്‌നേഹ വസ്തി, ക്ഷീര വസ്തി, വൈതരണ വസ്തി മുതലായവ ഇതിന് ഉദാഹരണങ്ങളാണ്. ഇവ കൂടാതെ മൂത്രത്തിലൂടെയും യോനി മാർഗ്ഗത്തിലൂടെയും വസ്തി കർമ്മം പ്രയോഗിയ്ക്കാറുണ്ട്. ഇത് രോഗികളുടേയും രോഗത്തിന്റേയും അവസ്ഥ അനുസരിച്ച് ഡോക്ടറുടെ നിർദ്ദേശ പ്രകാരവും ഡോക്ടറുടെ സാന്നിദ്ധ്യത്തിലും മാത്രമേ ചെയ്യാൻ പാടുള്ളൂ.[2]

വിരേചനം[തിരുത്തുക]

പ്രധാന ലേഖനം: വിരേചനം

പിത്തവും തൽസംബന്ധിയായ രോഗങ്ങളും വിരേചനത്തിലൂടെ സുഖപ്പെടുത്താം. ദോഷകാരിയായ പദാർഥങ്ങൾ ഗുദത്തിലൂടെ പുറത്തുകളയുകയാണ്‌ ഇതിന്റെ രീതി. വമന ക്രിയയ്‌ക്ക് ഉപയോഗിക്കുന്ന പൂർവകർമങ്ങൾ തന്നെയാണ്‌ വിരേചനത്തിനും. [6]

നസ്യം[തിരുത്തുക]

പ്രധാന ലേഖനം: നസ്യം

മൂക്കിലൂടെ മരുന്നു പ്രവേശിപ്പിച്ചുള്ള പഞ്ചകർമ്മ ചികിത്സയാണ്‌ നസ്യം. ശിരോ രോഗങ്ങൾ ഭേദമാക്കാൻ നസ്യം ഉത്തമമാണ്‌. [6] സൈനസ്, മൂക്ക്, തൊണ്ട മുതലായ ഭാഗങ്ങളിൽ സഞ്ചിതമായ ദോഷങ്ങളെ പുറന്തള്ളാനുള്ള മാർഗ്ഗമാണ് നസ്യ കർമ്മം. cervical spondylosis, frozen shoulder, sinausitis, migrane തുടങ്ങിയവയിൽ വളരെ ഫല പ്രദമാണ്.

ഊർദ്ധ്വ ജത്രു വികാരേഷു വിശേഷാത് നസ്യ മിഷ്യതേ

ഈ ശ്ളോകമനുസരിച്ച് ശിരസ്സിനു മുകളിലോട്ടുള്ള എല്ലാ രോഗങ്ങൾക്കും വിശേഷമായി ചെയ്യേണ്ട ചികിത്സ നസ്യമാകുന്നു .

രക്തമോക്ഷം[തിരുത്തുക]

രക്തമോക്ഷം
പ്രധാന ലേഖനം: രക്തമോക്ഷം

ശരീരത്തിലെ ദുഷിച്ച രക്തത്തെ പുറന്തള്ളാനുള്ള ഒരു മാർഗ്ഗമാണിത്. ജളൂകാവചരണം (അട്ടയിടുക), സിരാവേധം മുതലായ രീതികളിൽ രക്ത ദോഷം പ്രയോഗിയ്ക്കാറുണ്ട്. ത്വക് രോഗങ്ങൾക്ക് വളരെ വിശിഷ്ടമായ ഒരു പഞ്ചകർമ്മ ചികിത്സയാണ് രക്തമോഷം.

പശ്ചാത് കർമ്മം[തിരുത്തുക]

പഞ്ചകർമ്മ ചികിത്സയ്ക്ക് ശേഷം ക്ഷീണിതമായ ധാതുക്കളെയും ദേഷങ്ങളെയും പരിപോഷിപ്പിക്കാനാണു പശ്ചാത്കർമ്മങ്ങൾ ചെയ്യുന്നത്. ശോധനക്രിയ അഗ്നിയെ വളരെ ബലഹീനമാക്കുന്നു. അതിനാൽ ഈ പ്രക്രിയയ്ക്കു ശേഷം വളരെ ലഘുവായ ആഹാരത്തിൽ തുടങ്ങി പതുക്കെ പതുക്കെ സാധാരണ ആഹാര രീതിയിലേക്കു രോഗിയെ കൊണ്ടു വരണം.

ആദ്യം കഞ്ഞി വെള്ളം മാത്രം പിന്നീടു വറ്റുകുറച്ചു വെള്ളം കൂടിയ കഞ്ഞി, ശേഷം വറ്റു കൂടി വെള്ളം കുറഞ്ഞ കഞ്ഞി, വറുത്തിട്ട വെജിറ്റബിൾ സൂപ്പ്, മാംസ രസം, പിന്നീടു ചോറ് എന്ന രീതിയാണ് തുടരേണ്ടത്. ശാരീരിക പ്രവർത്തനത്തിന്റെ കാര്യവും ഇതുപോലെ തന്നെ. വളരെ ആയാസം കുറഞ്ഞ ജോലികളിൽ നിന്നു പതുക്കെ പതുക്കെ സാധാരണ പ്രവൃത്തിയിലേക്കെത്താം. അതുകൊണ്ടാണ് പഞ്ചകർമ ചികിത്സയ്ക്ക് ശേഷം വിശ്രമം അനിവാര്യമാകുന്നത്. കൂടാതെ ധാതുപുഷ്ടി ഉണ്ടാകാനായി രസായന ചികിത്സയും പശ്ചാത്കർമമായി ചെയ്യാറുണ്ട്. രോഗിയുടെ ശാരീരിക അവസ്ഥയ്ക്കനുസരിച്ചുള്ള രസായനമാണ് സേവിക്കേണ്ടത്.[7]

അവലംബങ്ങൾ[തിരുത്തുക]

  1. റ്റി.ജെ. ശ്രീജിത്ത് (10 ജൂലൈ 2011). "ആയുർയാത്ര - തീം ടൂറിസം - ഓഫ് ട്രാക്ക്‌" (തീം ലേഖനം). മാതൃഭൂമി. യഥാർത്ഥ സൈറ്റിൽ നിന്ന് 2014-07-11 16:42:03-നു ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 11 ജൂലൈ 2014. 
  2. 2.0 2.1 2.2 "പഞ്ചകർമ്മ- ആയൂർവേദത്തിന്റെ അമൂല്യ സമ്പത്ത്" (പത്രലേഖനം). INFO മലയാളി.കോം. 12 ഡിസംബർ 2012. യഥാർത്ഥ സൈറ്റിൽ നിന്ന് 2014-07-11 16:11:11-നു ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 11 ജൂലൈ 2014. 
  3. "പഞ്ചകർമ്മം" (ആരോഗ്യ വാർത്തകൾ). അമൃത ടിവി.കോം. 27 ജൂലൈ 2013. യഥാർത്ഥ സൈറ്റിൽ നിന്ന് 2014-07-14 10:58:53-നു ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 14 ജൂലൈ 2014. 
  4. ഡോ.ആർ. രവീന്ദ്രൻ (10 സെപ്റ്റംബർ 2013). "സമ്പൂർണ ആരോഗ്യത്തിന്‌ പഞ്ചകർമ ചികിത്സ" (പത്രവാർത്ത). മംഗളം ദിനപ്പത്രം. യഥാർത്ഥ സൈറ്റിൽ നിന്ന് 2014-07-14 11:05:10-നു ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 14 ജൂലൈ 2014. 
  5. "പ്രതിരോധശക്തി കൂട്ടാൻ പഞ്ചകർമ്മ ചികിത്സ" (പത്രലേഖനം). INFO മലയാളി.കോം. 06 ജൂൺ 2013. യഥാർത്ഥ സൈറ്റിൽ നിന്ന് 2014-07-02 18:19:22-നു ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 11 ജൂലൈ 2014. 
  6. 6.0 6.1 6.2 6.3 "ആരോഗ്യം സംരക്ഷിക്കാൻ പഞ്ചകർമ്മ ചികിത്സ". മംഗളം ദിനപ്പത്രം. 07 ജൂലൈ 2014. യഥാർത്ഥ സൈറ്റിൽ നിന്ന് 2015-07-01-നു ആർക്കൈവ് ചെയ്തത്. 
  7. ഡോ. രവീന്ദ്രൻ. "സുഖജീവിതത്തിനു സുഖചികിത്സ". രാഷ്ട്രദീപിക. യഥാർത്ഥ സൈറ്റിൽ നിന്ന് 2014-07-17-നു ആർക്കൈവ് ചെയ്തത്. 
"https://ml.wikipedia.org/w/index.php?title=പഞ്ചകർമ്മം&oldid=2487154" എന്ന താളിൽനിന്നു ശേഖരിച്ചത്