ചരകൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹരിദ്വാറിലെ പതഞ്ജലി യോഗപീഠത്തിലെ ചരകസ്മാരകം

ആയുർവേദത്തിലെ ത്രിദോഷസങ്കൽപ്പം ശാസ്ത്രീയമായി ആദ്യം അവതരിപ്പിച്ച ശാസ്ത്രജ്ഞനാണ്‌ ചരകൻ.ആയുർവേദത്തിലെ ത്രിമൂർത്തികളിൽ പ്രധാനിയാണ്‌ ചരകൻ. സുശ്രുതൻ, വാഗ്ഭടൻ എന്നിവരാണ്‌ മറ്റു രണ്ടുപേർ. രണ്ടായിരം വർഷം മുമ്പ്‌ ജീവിച്ചിരുന്ന ചരകൻ 'ചരകസംഹിതയിൽ' കുറിച്ചുവെച്ചത്‌ മിക്കതും ഇന്നും പ്രസക്തമാണ്‌.

എന്നാൽ ചരകൻ എന്നത് ഒരു വ്യക്തിയല്ലെന്നും കുശാനരുടെ കൊട്ടാരം വൈദ്യർക്ക് നൽകുന്ന സ്ഥാനപ്പേരാണെന്നും കുശാനചക്രവർത്തിയായിരുന്ന കനിഷ്കന്റെ കൊട്ടാരം വൈദ്യനായിരുന്ന കബിലബലനാണ് ചരകസംഹിത രചിച്ചതെന്നും അഭിപ്രായമുണ്ട്.

149 രോഗങ്ങളെക്കുറിച്ചും അവയുടെ ലക്ഷണങ്ങളെപ്പറ്റിയുമുള്ള വിശദീകരണം 'ചരകസംഹിത'യിലുണ്ട്‌. 341 സസ്യങ്ങളെപ്പറ്റിയും അവയിൽ നിന്നുണ്ടാക്കാവുന്ന ഔഷധങ്ങളെക്കുറിച്ചും 'സംഹിത'യിൽ വിവരിക്കുന്നു. ജന്തുക്കളിൽ നിന്നു ലഭിക്കുന്ന 177 ഔഷധങ്ങളെപ്പറ്റിയും 64 ധാതുക്കളെ അടിസ്ഥാനമാക്കിയുള്ള ഔഷധങ്ങളെക്കുറിച്ചുമുള്ള വിവരണങ്ങൾ 'സംഹിത'യിൽ കാണാം. സംസ്കൃതത്തിൽ ലഭ്യമായ ആദ്യവൈദ്യശാസ്ത്രഗ്രന്ഥമെന്ന്‌ വിശേഷിപ്പിക്കാവുന്നത്‌ ചരകസംഹിതയാണ്‌. ശാരീരം, വൃത്തി, ഹേതു, വ്യാധി, കർമം, കാര്യം, കാലം, കർത്താവ്‌, കരണം, വിധി എന്നിങ്ങനെ പത്തായി ചരകസംഹിത പ്രതിപാദ്യ വിഷയങ്ങളെ വേർതിരിക്കുന്നു. സൂത്രസ്ഥാനം, നിദാനസ്ഥാനം, വിമാനസ്ഥാനം, ശാരിരസ്ഥാനം, ഇന്ദ്രിയസ്ഥാനം, കൽപസ്ഥാനം, സിദ്ധിസ്ഥാനം, ചികിത്സാസ്ഥാനം എന്നിങ്ങനെ എട്ടു ഭാഗങ്ങളിലായി 120 അധ്യായങ്ങളുള്ള 'ചരകസംഹിത', അറബിയും ഗ്രീക്കുമുൾപ്പെടെ ഒട്ടേറെ വിദേശ ഭാഷകളിലേക്കു വിവർത്തനം ചെയ്യപ്പെട്ടു. മനുഷ്യശരീരത്തിന്റെ ഘടനയെപ്പറ്റിയും ചരകൻ പഠനം നടത്തിയിരുന്നു. 360 അസ്ഥികൾ മനുഷ്യശരീരത്തിലുണ്ടെന്ന്‌ അദ്ദേഹം കണക്കു കൂട്ടി.മനുഷ്യ ഹൃദയമാണ് ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവം എന്ന് അദ്ദേഹം വിവരിച്ചിരിക്കുന്നു.

ജീവിത രേഖ[തിരുത്തുക]

ചരകന്റെ ജീവിതകാലത്തെക്കുറിച്ച്‌ വ്യത്യസ്താഭിപ്രായമുണ്ട്‌. 'സഞ്ചാരി', 'ചികിത്സകൻ' എന്നൊക്കെയാണ്‌ 'ചരക'ന്‌ അർത്ഥം. ഒരു വൈദ്യകുലത്തിന്റെ പൊതുനാമമാണ്‌ ചരകനെന്ന്‌ ചില ചരിത്രപണ്ഡിതൻമാർ കരുതുന്നു. കുശാന സാമ്രാജ്യത്തിൽ ക്രിസ്തുവിനു മുൻപ് രണ്ടാം ശതകത്തിനും ക്രിസ്തുവിനു ശേഷം ഒന്നാം ശതകത്തിനുമിടയിൽ ജീവിച്ചിരുന്നു എന്നും, യോഗദർശനവും മഹാഭാഷ്യവും രചിച്ച പതഞ്ജലി മഹർഷി തന്നെയാണ് ചരകനെന്നും, കനിഷ്കൻ രാജാവിന്റെ ഭിഷഗ്വര സുഹൃത്തായിരുന്നു ചരകൻ എന്നും ഒരോ വിഭാഗം പണ്ഡിതന്മാർ സ്ഥാപിക്കുന്നു.(എ.ഡി. 100-നടുപ്പിച്ച്‌ കനിഷ്കരാജാവിന്റെ കൊട്ടാരം വൈദ്യനായിരുന്ന ചരകനെപ്പറ്റി ബൗദ്ധഗ്രന്ഥമായ 'ത്രിപിടക'ത്തിൽ പറയുന്നുണ്ട്‌.) മറ്റൊരു വിഭാഗം, അഥർവ്വ വേദം പരിഷ്കരിച്ച് ചാരണ വിദ്യ എന്ന കൃതി പ്രചരിപ്പിച്ചിരുന്ന ഭിഷഗ്വര സഞ്ചാരികളുടെ സംഘത്തിലെ ഒരു അംഗമായിരുന്നു ചരകൻ എന്ന് വിശ്വസിക്കുന്നു.

ചരക സംഹിതയിൽ നിന്ന് ലഭിക്കുന്ന തെളിവുകളെ ആസ്പദമാക്കി ചരകൻ, ബൌദ്ധാനന്തരകാലഘട്ടത്തിൽ ഇന്ത്യയുടെ വടക്കു പടിഞ്ഞാറു ഭാഗത്ത് ഹിമാലയ താഴ്വരയിൽ ജീവിച്ചിരുന്നു എന്ന് അനുമാനിക്കാം.[1] കനിഷ്കന്റെ രാജധാനിയിൽ ബി.സി.രണ്ടാംശതകത്തിനും എ.ഡി.ഒന്നാംശതകത്തിനും മധ്യേ ജീവിച്ചിരുന്ന കൊട്ടാരംവൈദ്യനായ കബിലബലൻ രചിച്ചതാണ്‌ ചരകസംഹിതയെന്നാണ്‌ നിഗമനം. നാഷണൽ സയൻസ്‌ ഇൻസ്റ്റിട്ട്യൂട്ടിന്റെ കാലഗണനകമ്മറ്റി എത്തിയിട്ടുള്ള നിഗമനം ഇതാണ്‌: കനിഷ്കന്റെ കൊട്ടാരംവൈദ്യൻമാർക്ക്‌ നൽകിയിരുന്ന സ്ഥാനപ്പേരാണ്‌ 'ചരകൻ' എന്നത്‌.

ആയുർവേദത്തിന്റെ അടിസ്ഥാനഗ്രന്ഥങ്ങളിൽ മുഖ്യമാണ്‌ ചരകസംഹിത. ആയുർവേദ ചികിത്സയെപ്പറ്റിയും ഔഷധങ്ങളെപ്പറ്റിയും 'ചരകസംഹിത'യിൽ പറയുന്നത്‌ രണ്ട്‌ സഹസ്രാബ്ദം കഴിഞ്ഞ്‌ ഇന്നും പ്രസക്തമാണെന്നു പറയുമ്പോൾ, ചരകന്റെ പ്രാധാന്യം മനസ്സിലാക്കാം. ദഹനം, ഉപാപചയപ്രവർത്തനങ്ങൾ, ശരീരപ്രതിരോധം തുടങ്ങിയവ സംബന്ധിച്ച ആദ്യധാരണകൾ രൂപപ്പെടുത്തിയത്‌ ചരകനാണ്‌. വാതം, പിത്തം, കഫം എന്നിങ്ങനെ ആയുർവേദത്തിലെ ത്രിദോഷസങ്കൽപ്പം ശാസ്ത്രീയമായി ആദ്യം അവതരിപ്പിച്ചതും അദ്ദേഹമാണ്‌. ത്രിദോഷങ്ങൾ തമ്മിലുള്ള തുലനാവസ്ഥ താളംതെറ്റുമ്പോഴാണ്‌ രോഗങ്ങളുണ്ടാകുന്നതെന്ന്‌ അദ്ദേഹം വാദിച്ചു. ആയുർവേദം ഇന്നും പിന്തുടരുന്ന ചികിത്സാരീതി ഈ കഴ്ചപ്പാട്‌ ആധാരമാക്കിയുള്ളതാണ്‌.

ഇന്ത്യൻ തത്ത്വശാ‍സ്ത്ര സിദ്ധാന്തങ്ങളുടെ വളർച്ചയിലെ സുവർണ്ണ കാലഘട്ടത്തിലാണ് ചരകൻ ജീവിച്ചിരുന്നത്. അന്ന് സാംഖ്യ, ന്യായം, വൈശേഷികം, മീമാംസ, യോഗ, വേദാന്തം എന്ന തത്ത്വശാസ്ത്ര വിഭാഗങ്ങൾ വളർച്ചയുടെയും അവകലനത്തിന്റെയും വിവിധ ഘട്ടങ്ങളിലായിരുന്നു. അതുകൊണ്ടുതന്നെ, വേദങ്ങളുടെ ആധികാരികതയെ ചോദ്യം ചെയ്തിരുന്ന ബൌദ്ധ-ജൈന സിദ്ധാന്തങ്ങളുമായി നിരന്തരം ആശയ സംഘട്ടനങ്ങൾ നടന്നിരുന്ന കാലഘട്ടം കൂടിയായിരുന്നു.[1]

മാനസിക/ശാരീരിക രോഗാവസ്ഥ മനുഷ്യന്റെ അടിസ്ഥാന പ്രകൃതിയാണ് എന്ന് വിശ്വസിച്ചിരുന്ന ചരകൻ, കാലാന്തരത്തിൽ ചുറ്റുപാടുകൾക്ക് മാറ്റമുണ്ടായാലും അതേ മാറ്റത്തെ അതിജീവിക്കുന്ന ശക്തമായ തത്ത്വശാസ്ത്ര അടിത്തറയുള്ള ഒരു വൈദ്യശാസ്ത്ര ശാഖ ഉരുത്തിരിയണമെന്ന് ആഗ്രഹിക്കുകയും അതിനു വേണ്ടി പ്രവർത്തിക്കുകയും ചെയ്തു.[1] വൈദ്യം നാടോടിക്കഥകളായും വാമൊഴിയായും നാടൻ ആചാരങ്ങളായും എക്കാലത്തും നിലനിന്നിരുന്നു. ചരക സംഹിതയ്ക്കും നൂറ്റാണ്ടുകൾ മുൻപ് പ്രചാരത്തിലിരുന്ന വൈദ്യഗ്രന്ഥമായിരുന്ന അഗ്നിവേശതന്ത്രം സൃഷ്ടിപരമായ പുന്നഃസംശോധനം നടത്തി ചരകസംഹിതയിൽ ഉൽപ്പെടുത്തിയിട്ടുണ്ട്.[1] ചരക സംഹിതയിലെ യുക്തുയുക്തമായ ഭാഗങ്ങൾ പലതും മുൻ‌കാല വൈദ്യേതര ഗ്രന്ഥങ്ങളിൽ നിന്നും (ബൌദ്ധ-ജൈന സിദ്ധാന്തങ്ങൾ ഉൾപ്പെടെ) ചേർത്തിരിക്കുന്നതാണ്.[1]

ചരകൻ പ്രതിപാദിച്ച അനേകം വിഷയങ്ങളിൽ ചില പ്രധാനപ്പെട്ടവ[1][തിരുത്തുക]

ഭ്രൂണശാസ്ത്രം, ശരീരഘടനാശാസ്ത്രം[തിരുത്തുക]

ഭ്രൂണം രൂപം കൊള്ളുനതിന് സ്ത്രീയുടെയും പുരുഷന്റെയും സംഭാവനകളാണ് യധാക്രമംശുക്ലംത്തിൻറെയും ശോണിതത്തിൻറെയും രൂപത്തിലാണ്,ശരീരത്തിൽ ഉൾചേർന്നിട്ടുള്ള എല്ലാ ധാതുക്കളുടെയും ആത്യന്തികമായ ഉത്പന്നമായി ശുക്ലം ശരീരത്തിൽ സൂക്ഷ്മരൂപത്തിൽ അധിവസിക്കുന്നു.ഗർഭാശയത്തിൽ ആൺപെൺ ബിജങ്ങളുടെ സംഗമം മാത്രമല്ല ഒരു ഭ്രൂണത്തെ രൂപപെടുത്തുന്നത്,മറിച്ച്, മനസ്സ് എന്ന ഉപാധിയിലൂടെ ആത്മാവ് അവയിലേക്കു പ്രവേശിച്ചുആസമാഗമത്തിന് ഊർജ്ജം പകരുമ്പോൾ ഭ്രൂണം ഉത്പ്ന്നമാകും.ഗർഭാശയത്തിലെ,പൈതൃകവും മാതൃകവുമായ ഘടകങ്ങളുടെ സഗംമം രണ്ട് വ്യത്യസ്ത അംശങ്ങളുടെ ഉത്പത്തിക്ക് വഴിവെക്കുന്നു. തലമുടി, നഖങ്ങൾ, പല്ലുകൾ, എല്ലുകൾ, നാഡികൾ, നാഡി,ഞരമ്പ്,ശുക്ക്ലം എന്നീ ശരീര ഭാഗങ്ങൾ പൈതൃകമായി ലഭിക്കുന്നുവെന്നും, ചർമ്മം, രക്തം, മാംസം, ദഹനാവയവങ്ങൾ, ഹൃദയം, മജ്ജ തുടങ്ങി ശരീരത്തിലെ മൃദുവായ എല്ലാ ഭാഗൺഗളും മാതാവിൽ നിന്ന് ലഭിക്കുന്നു.

ആരംഭത്തിൽ അർത്ഥഖരവസ്തുവായ ഭ്രൂണത്തിന്റെ പൂർണ്ണ വളർച്ച വരെയുള്ള സമയത്തെ മാസക്രമത്തിൽ ചരകൻ പഠിച്ചു. ഭ്രൂണാ‍വസ്ഥയിലെ അവയവോത്ഭവം ചരകസംഹിതയിലെ ഒരു പ്രധാന ചർച്ചാവിഷയമായിരുന്നു. അഥർവ്വ വേദത്തിലെ ഗർഭോപനിഷദിലും; സുശ്രുത, ഭേള, കാശ്യപ സംഹിതകളിലും അവയവോത്ഭവം ചർച്ച ചെയ്യപ്പെടുന്നു. (ആയുർവ്വേദ ഗ്രന്ഥങ്ങളിൽ ചർച്ച ചെയ്യപ്പെട്ടിട്ടുള്ള ഭ്രൂണശാസ്ത്രം പൊതുവേ വികലമാണെങ്കിലും, വെറും അനുമാനങ്ങളായിരുന്നില്ല.) പല്ലുകളും നഖങ്ങളുമുൾപ്പടെ ശരീരത്തിലെ അസ്ഥികളുടെ എണ്ണം 360 എന്ന് സംഹിതയിലും, അഥർവ്വ വേദത്തിലും. (ആധുനിക ശരീരഘടനാശാസ്ത്രത്തിൽ അസ്ഥികളുടെ എണ്ണം 206 എന്ന് തിട്ടപ്പെടുത്തിയിരിക്കുന്നു) ആയുർവ്വേദത്തിൽ പ്രചാരത്തിലിരുന്ന ശരീരച്ഛേദന ശാസ്ത്രം ഒരു നേട്ടമായിരുന്നു. മൃതശരീരങ്ങൾ ജലത്തിൽ അഴുക്കിയാണ് അതിൽ പഠനങ്ങൾ നടത്തിയിരുന്നത്. അഴുക്കുമ്പോൾ മൃദുവായ ശരീരഭാഗങ്ങൾ നഷ്ടപ്പെടുന്നു എന്നത് ഒരു പോരായ്മയായിരുന്നു.

ചരകൻ ഹൃദയത്തിന്റെ സ്ഥാനം പറയുന്നു എങ്കിലും, വിശദമായി പ്രതിപാദിച്ചിട്ടില്ല. ഹൃദയത്തിൽ നിന്ന് പത്തു ധമനികൾ ഉത്ഭവിക്കുന്നുവെന്നും അവ ശരീരമൊട്ടാകെ പടർന്നു കിടക്കുന്നുവെന്നും പറയുന്നു. ധമനി, സിര, സ്രോതസ്സ് എന്നീ വാക്കുകൾ രക്തക്കുഴലുകൾക്ക് അദ്ദേഹം പലപ്പോഴായി ഉപയോഗിക്കുന്നു. ധമനികളുടെയും സിരകളുടെയുമെണ്ണം യധാക്രമം 200, 700 ആണങ്കിലും അത് തെളിയിക്കപ്പെട്ടിട്ടില്ല എന്ന് ചരകൻ സ്വയം വെളിപ്പെടുത്തുന്നു.

ശിരസ്സും തലച്ചോറും തമ്മിൽ വ്യത്യാസം പറയുന്നുവെങ്കിലും, തലച്ചോറിനെ ബോധം, ഇന്ദ്രിയാനുഭൂതി, അവയവ നിയന്ത്രണം, മാനസിക രോഗങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെടുത്തി ചരകൻ പഠിച്ചിരുന്നില്ല.

ദഹനം[തിരുത്തുക]

ഭക്ഷണങ്ങളെപ്പറ്റി സവിസ്താരം പ്രതിപാദിച്ചിരിക്കുന്ന ചരകസംഹിതയിൽ, പോഷകാഹാര വ്യവസ്ഥയെപ്പറ്റി ചരകനുണ്ടായിരുന്ന അറിവ് വെളിവാക്കുന്നു. ആമാശയത്തിലെ അഗ്നിയാൽ ദഹിപ്പിച്ച ആഹാരം പക്വാശയത്തിൽ എത്തുകയും, ആഹാരരസം അഥവാ ആഹാരപ്രസാദവും മലവും ആയി രൂപാന്തരപ്പെടുകയുംചെയ്യുന്നു.

ആഹാരരസത്തിൽ പഞ്ചഭൂതങ്ങളുടെയും ധാതുക്കളുടെയും പ്രവർത്തനഫലമായി അതിനെ ശരീര ധാതുക്കളായി മാറ്റുന്നതാണ് ചരകന്റെ ദഹനത്തോടനുബന്ധിച്ചുള്ള ശരീര ശാസ്ത്രം. ഭക്ഷണപദാർത്ഥങ്ങളുടെ ഒരേ ദിശയിലുള്ള നീക്കം വാതത്തിന്റെ പ്രവൃത്തിയാണന്നും, പല ദഹന രസങ്ങളുടെ ഉറവിടവും പ്രവർത്തനങ്ങളും ചികിത്സയിലെ പ്രധാന സ്വാധീനങ്ങളുമായി വളർന്നു.

വൈദ്യവിദ്യാർത്ഥികൾക്ക്‌ ചരകസംഹിത നൽകുന്ന ഉപദേശം[തിരുത്തുക]

അവലംബം[തിരുത്തുക]

ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ ചരകസംഹിത എന്ന താളിലുണ്ട്.
  1. 1.0 1.1 1.2 1.3 1.4 1.5 ഡോ. ഏം ഏസ് വല്യത്താൻ, ദി ലെഗസി ഒഫ് ചരക, ഓറിയന്റ് ലോങ്ങ്മാൻ ISBN 81-250-2505-7
"https://ml.wikipedia.org/w/index.php?title=ചരകൻ&oldid=3986497" എന്ന താളിൽനിന്ന് ശേഖരിച്ചത്