ഉമിനീർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മനുഷ്യരടക്കമുള്ള പല ജന്തുക്കളുടേയും വായിൽ ഉത്പാദിപ്പിക്കപ്പെടുന്ന ദ്രവരൂപത്തിലുള്ള സ്രവമാണ് ഉമിനീർ. സസ്തനികളിൽ ദഹനപ്രക്രിയയ്ക്ക് തുടക്കം കുറിക്കുന്നതിൽ ഉമിനീർ അതിപ്രധാനമായ പങ്കാണു വഹിക്കുന്നത്.
പലതരത്തിലുള്ള രോഗാണുക്കളുടേയും പാഷാണൗഷധ പദാർത്ഥങ്ങളുടേയും സാന്നിധ്യം ഉമിനീരിൽ കണ്ടെത്താനാവുമെന്നുള്ളതുകൊണ്ട് രോഗചികിൽസാരംഗത്തു ഉമിനീർ പരിശോധന വ്യാപകമായും ഉപയോഗിക്കുന്നു. പേവിഷബാധ അടക്കമുള്ള പല രോഗങ്ങളും സംക്രമിക്കുന്നത് ഉമിനീരിലൂടെയാണ്.
പാമ്പ് ,തേൾ തുടങ്ങിയ ജന്തുക്കളുടെ ഉമിനീരിൽ വിഷാംശം അടങ്ങിയിരിക്കുന്നതിനാൽ ചിലപ്പോൾ അവയുടെ കടി മറ്റു ജന്തുക്കൾക്ക് മാരകമായി ഭവിക്കുന്നു.

ചിലന്തി, പട്ടുനൂൽപ്പുഴു എന്നിവയുടെ ഉമിനീർ സ്രവമാണ് ചിലന്തിവല, പട്ടു വസ്ത്രം എന്നിവയ്ക്കുപയോഗിക്കുന്നത്.
ചിലയിനം പക്ഷികൾ കൂടുകെട്ടാനും അവയുടെ പശസ്വഭാവമുള്ള ഉമിനീർ ഉപയോഗിക്കുന്നു.
കൊതുക്മൂട്ട തുടങ്ങിയ പ്രാണികൾ മറ്റ് ജന്തുക്കളുടെ രക്തം കുടിയ്ക്കുന്നതിനു മുന്നോടിയായി ഉമിനീർ കുത്തിവയ്ക്കുന്നു. ഈ ഉമിനീർ ആതിഥേയ മൃഗത്തിന്റെ (host animal)രക്തം നേർപ്പിക്കുകയും കട്ടിയാവതിരിപ്പിക്കുകയും ചെയ്യുന്നു.ഈ ഉമിനീർ കുത്തിവയ്പ്പ്മൂലമാണ് ഇവയുടെ കടിയേൽക്കുമ്പോൾ ചൊറിച്ചിൽ അനുഭവപ്പെടുന്നത്. അത് പോലെ തന്നെ രക്തം കുടിക്കുന്ന വോവ്വലുകൾ മുറിവുണ്ടാക്കിയ ശേഷം ഉമിനീർ രക്തം കട്ട പിടികാതെ ഇരിക്കാനും രക്ത കുഴലുകൾ ചുരുങ്ങാതെ ഇരികാനും ഉപയോഗിക്കുന്നു.

ഉമിനീരിന്റെ ആവശ്യകത[തിരുത്തുക]

ദഹനം[തിരുത്തുക]

വായിൽ വയ്ക്കപ്പെടുന്ന ഭക്ഷണം ഉമിനീരുമായി കൂടിച്ചേരുമ്പോൾ മുതൽക്കാണ് ദഹനപ്രക്രിയ ആരംഭിക്കുന്നത്. പല്ലുകളാൽ ചവച്ചരയ്ക്കപ്പെടുന്ന ഭക്ഷണത്തിൽ ഉമിനീർ കലരുമ്പോൾ വിഴുങ്ങാൻപാകത്തിലാവുന്നു. അപ്പോഴേക്കും ഭക്ഷണത്തിൽ അടങ്ങിയിരിക്കുന്ന പദാർത്ഥങ്ങളുടെമേൽ ഉമിനീർ ഘടകങ്ങൾ പ്രവർത്തിച്ചു തുടങ്ങിയിരിക്കും . അമൈലേസ് എന്ന ഉൽപ്രേരകം (enzyme) അന്നജത്തെ (starch) പഞ്ചസാരയാക്കി (sugars) ലഘൂകരിക്കുന്നു. ഉമിനീരിലെ ലൈപേസ് എന്ന് ഉല്പപ്രേരകം മാംസീയ ദഹനത്തിനു തുടക്കം കുറിക്കുന്നു. ആഗ്നേയഗ്രനഥികൾ വികാസം പ്രാപിച്ചിട്ടില്ലാത്തതിനാൽ നവജാത ശിശുക്കളിൽ ഉമിനീരിലെ ലൈപേസ് കൂടുതൽ ആശ്രയിക്കപ്പെടുന്നു.

ശുചീകരണം/രോഗാണുനിർമാർജ്ജനം[തിരുത്തുക]

ഭക്ഷണസമയങ്ങളിൽ മാത്രമല്ല ഉമിനീർ ഉത്പാദിപ്പിക്കപ്പെടുന്നത്. ഇരുപത്തിനാലു മണിക്കൂറും ഉമിനീർ വായിലേക്ക് എത്തുകയും വായ് നനവോടുകൂടി നിലനിർത്തപ്പെടുകയും ചെയ്യുന്നു. ഉമിനീരിന്റെ ഈ ഒഴുക്ക് വായുടേയും ദന്തങ്ങളുടേയും ശുചീകരണത്തിനു അത്യന്താപേക്ഷിതമാണ്.പല്ലുകൾക്കിടയിൽ കൂടുങ്ങിയിട്ടുള്ള ഭക്ഷണാവശിഷ്ടങ്ങൾ ലസിപ്പിക്കുക, വായിലെ കോശാവശിഷ്ടങ്ങൾ കഴുകിക്കളയുക, എന്നീ ധർമ്മങ്ങളും ഉമിനീർ നിർവ്വഹിക്കുന്നു.ഉറങ്ങുമ്പോൾ ഉമിനീരിന്റെ സ്രവ്യതോത് കുറഞ്ഞിരിക്കും .അതിനാൽ ശുചീകരണവും മന്ദീഭവിക്കുന്നു.ഇതു മൂലം ജീർണ്ണാവശിഷ്ടങ്ങൾ പെരുകുകയും ഉണരുമ്പോൾ വായിൽ നിന്നും ദുർഗന്ധം വമിക്കുകയും ചെയ്യുന്നു. രോഗാണു നിർമാർജ്ജന സ്വഭാവമുള്ള (anti bacterial property) ചില ഘടകങ്ങളും ഉമിനീരിലുണ്ട്. പല ജന്തുക്കളും അവയുടെ മുറിവുകൾ നക്കി തുടയ്ക്കുന്നതു മൂലം മുറിവുണങ്ങാൻ വേണ്ടിവരുന്ന സമയം കുറവാണെന്നു കണ്ടെത്തിയിരിക്കുന്നു. എന്നാൽ മനുഷ്യ ഉമിനീരിനു മുറിവുണങ്ങൽ പ്രക്രിയയിൽ പങ്കുണ്ടെന്നു പറയനാവില്ല. ഉമിനീരിൽ അടങ്ങിയിരിക്കുന്ന മ്യൂസിൻ ഭക്ഷണപദാർത്ഥത്തെ ആവരണം ചെയ്യുന്നതുമൂലം അവ ദന്തോപരിതലത്തിൽ ഒട്ടി നിൽക്കാതെ ഒഴുകിപ്പോകാനുപകരിക്കുന്നു.

പക്ഷിപ്പനി, പന്നിപ്പനി തുടങ്ങിയ രോഗങ്ങളിൽ നിന്നും ചെറുപ്പക്കാരെ അപേക്ഷിച്ച് പ്രായം ചെന്നവർക്ക് സംരക്ഷണം നൽകുന്നത് ഉമിനീരിൽ ഉള്ള പ്രോട്ടീനുകളാണെന്ന് ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. [1]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഉമിനീർ&oldid=2923864" എന്ന താളിൽനിന്ന് ശേഖരിച്ചത്