Jump to content

യശ്വന്ത്‌റാവു ഹോൾക്കർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
യശ്വന്ത്റാവു ഹോൾക്കർ
ഭരണകാലം(റീജന്റ് 1799 – 1807)
(r. 1807 - 1811)
സ്ഥാനാരോഹണംജനുവരി 1799
പൂർണ്ണനാമംഹിസ്.ഹൈനസ്സ. മഹാരാജാധിരാജ് രാജ് രാജേശ്വർ സവായ് ശ്രീമന്ത് യശ്വന്ത്റാവു ഹോൾക്കർ
മറാഠിमहाराजा यशवंतराव होळकर
ജനനം(1776-12-03)ഡിസംബർ 3, 1776
ജന്മസ്ഥലംമൽവ, മറാഠ
(ഇപ്പോഴത്തെ മധ്യപ്രദേശ്, ഇന്ത്യ)
മരണംഒക്ടോബർ 27, 1811(1811-10-27) (പ്രായം 34)
മരണസ്ഥലംഭാൻപുര, മൽവ
പിൻ‌ഗാമിമൽഹാർറാവു ഹോൾക്കർ II
പിതാവ്മഹാരാജ തുക്കോജിറാവു ഹോൾക്കർ
മതവിശ്വാസംഹിന്ദു

മറാഠ സാമ്രാജ്യത്തിലെ ഒരു രാജാവായിരുന്നു യശ്വന്ത്റാവു ഹോൾക്കർ (ജനനം 1776 ഡിസംബർ 3 - മരണം 1811 ഒക്ടോബർ 27).[1] പേർഷ്യൻ, മറാഠി ഭാഷകളിൽ പരിജ്ഞാനമുണ്ടായിരുന്ന യശ്വന്ത് മികച്ച ഒരു സൈന്യാധിപൻ കൂടിയായിരുന്നു. ഇന്ത്യയിലെ നെപ്പോളിയൻ എന്ന് യശ്വന്ത്റാവു ഹോൾക്കറിനെ വിശേഷിപ്പിക്കാറുണ്ട്. 1799 ജനുവരിയിലാണ് യശ്വന്ത് രാജാവായി സ്ഥാനാരോഹണം ചെയ്യപ്പട്ടു, അതേ വർഷം മെയിൽ അദ്ദേഹം ഉജ്ജയിനി പിടിച്ചടക്കി.

വടക്കോട്ട് തന്റെ സാമ്രാജ്യം വികസിപ്പിക്കാനാണ് അദ്ദേഹം ശ്രമിച്ചിരുന്നത്, പേഷ്വാ ബാജി റാവു രണ്ടാമന്റെ ഭരണപരിഷ്കാരങ്ങളേയും, നയങ്ങളേയും യശ്വന്ത് കഠിനമായി വിമർശിച്ചുപോന്നു. 1802 മേയിൽ യശ്വന്ത് പൂനെ യുദ്ധത്തിൽ പേഷ്വാ ബാജിറാവുവിനെ കീഴടക്കി പൂനെ സ്വന്തമാക്കി. പൂനെ കാൽക്കീഴിലായതോടെ, മറാഠാ സാമ്രാജ്യം ഉടച്ചുവാർക്കാൻ യശ്വന്ത് പദ്ധതി തയ്യാറാക്കി. ബ്രിട്ടീഷുകാർ ഇന്ത്യയിലേക്കു വരുന്നതിനെ ശക്തിയുക്തം എതിർത്തയാളായിരുന്നു യശ്വന്ത്. ഗ്വാളിയോർ രാജാവായിരുന്ന ദൗളത് സിന്ധ്യയുമായി ചേർന്ന് യശ്വന്ത് ബ്രിട്ടനോട് എതിരിടാൻ യശ്വന്ത് തീരുമാനിച്ചു. ബ്രിട്ടനെതിരേ ഒരുമിച്ചു നിന്നു പോരാടാൻ നാട്ടുരാജ്യങ്ങളിലെ രാജാക്കന്മാരോട് യശ്വന്ത് അഭ്യർത്ഥിച്ചു. ഈ രാജ്യങ്ങളിലെ രാജാക്കന്മാർ നേരത്തേ തന്നെ ബ്രിട്ടീഷുകാരുമായി കരാറുകൾ ഉണ്ടാക്കിയിരുന്നതിനാൽ യശ്വന്തിന്റെ അഭ്യർത്ഥനകൾ നടപ്പായില്ല, ഇതു കാരണം ബ്രിട്ടീഷുകാർക്കെതിരേ തനിച്ചു പോരാടാൻ അദ്ദേഹം നിശ്ചയിച്ചു.

കേണൽ ഫോസെറ്റിന്റെ നേതൃത്വത്തിലുള്ള ബ്രിട്ടീഷ് പട്ടാളത്തെ യശ്വന്ത് പരാജയപ്പെടുത്തുകയും, ഡൽഹിയിൽ ബ്രിട്ടീഷുകാർ തടവിലാക്കിയിരുന്ന ഷാ ആലം രാജകുമാരനെ രക്ഷിക്കാൻ ഡൽഹി ആക്രമിക്കുകയും ചെയ്തു. ഈ യുദ്ധത്തിൽ വിജയിക്കാൻ യശ്വന്തിനു കഴിഞ്ഞില്ല. ഈ യുദ്ധത്തിൽ യശ്വന്ത് കാണിച്ച ധീരതയെ കണക്കിലെടുത്ത് ഷാ ആലം ആണ് അദ്ദേഹത്തിന് മഹാരാജാധിരാജ രാജ രാജേശ്വർ അലി ബഹാദൂർ എന്ന ഭരണപരമായ പദവി സമ്മാനിക്കുന്നത്.

യശ്വന്തിന്റെ ശക്തിപ്രഭാവം കണ്ട്, അദ്ദേഹവുമായി സമാധാനത്തിൽ സന്ധിചെയ്യുന്നതാണ് ഉചിതം എന്ന് ബ്രിട്ടീഷുകാർ തീരുമാനിച്ചു. 24 ഡിസംബർ 1805 ന് ബ്രിട്ടൻ യശ്വന്തുമായി ഒരു സമാധാന ഉടമ്പടി ഒപ്പു വച്ചു. ഒരു സമാധാന ഉടമ്പടി ഒപ്പു വെക്കാനായി ബ്രിട്ടീഷ് സാമ്രാജ്യം ആദ്യമായാണ് ഒരു ഇന്ത്യൻ രാജാവിനെ അങ്ങോട്ടു സമീപിക്കുന്നത്. യുദ്ധത്തിൽ നഷ്ടപ്പെട്ട പ്രദേശങ്ങൾ അദ്ദേഹത്തിനു തിരിച്ചുകൊടുക്കുകയും, ജയ്പൂർ, ഉദയ്പൂർ, കോത്ത, ബുണ്ടി എന്നീ പ്രദേശങ്ങൾ പൂർണ്ണമായും യശ്വന്തിന്റെ ഭരണത്തിനായി വിട്ടുകൊടുക്കുയും ചെയ്തു. അദ്ദേഹത്തിന്റെ ഭരണകാര്യങ്ങളിൽ ഒരിക്കലും, ബ്രിട്ടൻ ഇടപെടില്ലെന്നും ഉറപ്പുകൊടുക്കുകയും ചെയ്തു.

മറാഠ സാമ്രാജ്യം വിപുലപ്പെടുത്തുക എന്നതു തന്നെയായിരുന്നു യശ്വന്തിന്റെ ലക്ഷ്യം, ഇതിനായി ബ്രിട്ടനെ ഇന്ത്യയിൽ നിന്നു തന്നെ പറഞ്ഞയക്കണം എന്നദ്ദേഹത്തിനറിയാമായിരുന്നു. ഭാൻപുരയിൽ തന്നെ താമസിച്ചു തന്റെ ലക്ഷ്യം നേടാനായി വലിയൊരു സൈന്യത്തെ അദ്ദേഹം സജ്ജമാക്കാൻ തുടങ്ങി. കൽക്കട്ടയെ ആക്രമിക്കാൻ ഏതാണ്ട് ഒരു ലക്ഷത്തോളം സൈനികരുള്ള ഒരു സേനയേയാണ് യശ്വന്ത് തയ്യാറാക്കിയിരുന്നത്. 1811 ഒക്ടോബർ 27 ന് തന്റെ മുപ്പത്തഞ്ചാമത്തെ വയസ്സിൽ യശ്വന്ത് അന്തരിച്ചു.

അവലംബം

[തിരുത്തുക]
  1. "ദ ഹോൾക്കർ ഡൈനാസ്റ്റി". റോയൽആർക്ക്. Archived from the original on 2014-09-19. Retrieved 2014-09-19.{{cite web}}: CS1 maint: bot: original URL status unknown (link)
"https://ml.wikipedia.org/w/index.php?title=യശ്വന്ത്‌റാവു_ഹോൾക്കർ&oldid=4024366" എന്ന താളിൽനിന്ന് ശേഖരിച്ചത്