മാണിക് സർക്കാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(മണിക് സർക്കാർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
മാണിക് സർക്കാർ
মাণিক সরকার


ത്രിപുര മുഖ്യമന്ത്രി
നിലവിൽ
പദവിയിൽ 
മാർച്ച്‌ 11, 1998
ഗവർണർ ഡി.വൈ. പാട്ടീൽ
മുൻ‌ഗാമി ദശരഥ് ദേബ്
നിയോജക മണ്ഡലം ധൻപൂർ
ജനനം (1949-01-22) ജനുവരി 22, 1949 (വയസ്സ് 69)
രാധാകിഷോർപൂർ, ത്രിപുര
ഭവനം അഗർത്തല, ത്രിപുര
രാഷ്ട്രീയപ്പാർട്ടി
സി. പി. ഐ. (എം)
മതം നിരീശ്വരവാദി
വെബ്സൈറ്റ് http://tripura.nic.in/ocmm.htm

ഇന്ത്യയിലെ ഒരു പ്രമുഖ ഇടതുപക്ഷ രാഷ്ട്രീയ നേതാവാണ് മാണിക് സർക്കാർ (ബംഗാളി: মাণিক সরকার) (ജനനം: 1949 ജനുവരി 22).1998 മാർച്ച് 11 മുതൽ ത്രിപുരയുടെ മുഖ്യമന്ത്രി സ്ഥാനം വഹിക്കുന്ന[1] ഇദ്ദേഹം സി. പി. ഐ. (എം) പോളിറ്റ് ബ്യൂറോ അംഗവുമാണ്.[2]

ജീവിതരേഖ[തിരുത്തുക]

ദക്ഷിണ ത്രിപുരയിലെ രാധാകിഷോർപൂരിലെ ഒരു ഇടത്തരം കുടുംബത്തിൽ ജനനം. പിതാവ് അമുല്യ സർക്കാർ ഒരു തയ്യൽക്കാരനും മാതാവ് അഞ്ജലി സർക്കാർ സംസ്ഥാന ആരോഗ്യ വകുപ്പിലെ ഒരു ഉദ്യോഗസ്ഥയുമായിരുന്നു. വിദ്യാഭ്യാസകാലത്ത് തന്നെ മാണിക് സർക്കാർ രാഷ്ട്രീയ പ്രക്ഷോഭങ്ങളിൽ സജീവമായി പങ്കെടുത്തിരുന്നു. ത്രിപുരയിലെ പ്രധാന വിദ്യാഭ്യാസസ്ഥാപനങ്ങളിലൊന്നായ എം.ബി.ബി കോളേജിൽ, എസ്.എഫ്.ഐ പ്രതിനിധിയായി ജനറൽ സെക്രട്ടറി പദത്തിലെത്തിയ അദ്ദേഹം ചുരുങ്ങിയ കാലത്തിനുള്ളിൽ എസ്.എഫ്.ഐ-യുടെ സംസ്ഥാന കമ്മറ്റി സെക്രട്ടറിയായും തുടർന്ന് അഖിലേന്ത്യാ കമ്മറ്റി വൈസ്-പ്രസിഡണ്ടായും തെരഞ്ഞെടുക്കപ്പെട്ടു. കൽക്കട്ട സർവ്വകലാശാലയിൽ നിന്നും കൊമേഴ്‌സിൽ ബിരുദം നേടിയ അദ്ദേഹം 1972-ൽ സി.പി.ഐ (എം) സംസ്ഥാന കമ്മറ്റി അംഗമായും 1978-ൽ സംസ്ഥാന സെക്രട്ടിയേറ്റ് അംഗമായും തെരഞ്ഞെടുക്കപ്പെട്ടു. 1985-ൽ പാർട്ടിയുടെ കേന്ദ്ര കമ്മറ്റി അംഗമായി. 1993-ൽ മൂന്നാം വട്ടം ഇടതുപക്ഷം സംസ്ഥാനഭരണത്തിലെത്തിയ കാലയളവിൽ മാണിക് സർക്കാർ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയായും ഇടതുപക്ഷ മുന്നണിയുടെ കൺവീനറായും തെരഞ്ഞെടുക്കപ്പെട്ടു.

പാർലമെന്ററി ജീവിതം[തിരുത്തുക]

1980-ലെ ഉപതെരഞ്ഞെടുപ്പിൽ അഗർത്തല നഗരം നിയമസഭാ മണ്ഡലത്തിലെ മത്സരവിജയത്തോടു കൂടിയാണ് അദ്ദേഹത്തിന്റെ നിയമസഭാ ജീവിതം ആരംഭിക്കുന്നത്.[3] 1998-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പശ്ചിമ ത്രിപുരയിലെ ധൻബാദ് നിയോജക മണ്ഡലത്തിൽ നിന്നും വിജയിച്ച അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പാർട്ടി നാമനിർദ്ദേശം ചെയ്തു. മുൻമുഖ്യമന്ത്രിയായിരുന്ന ദശരഥ് ദേബ് അനാരോഗ്യം കാരണം മത്സരിക്കാതിരുന്നതും മറ്റൊരു നേതാവും മുൻ സഹമുഖ്യമന്ത്രിയുമായിരുന്ന ബൈദ്യനാഥ് മജൂംദാർ അനാരോഗ്യ കാരണത്താൽ തന്നെ മുഖ്യമന്ത്രി സ്ഥാനമേറ്റെടുക്കുവാൻ വിസമ്മതിച്ചതുമായ സാഹചര്യത്തിലാണ് നാല്പത്തൊൻപത് വയസ്സുകാരനായിരുന്ന മാണിക് സർക്കാർ സംസ്ഥാനഭരണത്തിന് നേതൃത്വം നൽകുവാൻ നിയോഗിതനായത്. 1998 മാർച്ച് 11-ന് സംസ്ഥാനത്തിന്റെ ഒൻപതാമത്തെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തപ്പോൾ അതു വരെയുള്ളതിൽ വെച്ചേറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയായിരുന്നു.[4] അതേ വർഷം തന്നെ പോളിറ്റ് ബ്യൂറോ അംഗവുമായി. തുടർന്നുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളിലും കേവലഭൂരിപക്ഷത്തിലേറെ സീറ്റുകൾ നേടിയ ഇടതുപക്ഷ മുന്നണി മുഖ്യമന്ത്രി സ്ഥാനത്ത് മാണിക് സർക്കാരിനെ തന്നെ നിലനിർത്തി.

ഒന്നിലേറെ തവണ അധികാരത്തിലിരുന്ന മാണിക് സർക്കാരിന്റെ കുറഞ്ഞ സാമ്പത്തിക സ്ഥിതി വാർത്താ പ്രാധാന്യം നേടിയിരുന്നു. 2008-ലെ നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധമായി സ്വത്തു വിവരം ബോധിപ്പിച്ചു കൊണ്ട് സമർപ്പിച്ച സത്യവാങ്മൂലപ്രകാരം വസ്തുവോ ഭവനമോ വാഹനമോ സ്വന്തമായില്ലാത്ത അദ്ദേഹത്തിന് 13,920 രൂപ മാത്രമാണ് ബാങ്ക് നിക്ഷേപമായുണ്ടായിരുന്നത്. ഇന്ത്യയിലെ ഏറ്റവും 'ദരിദ്രനായ മുഖ്യമന്ത്രി' എന്നാണ് മാധ്യമങ്ങൾ അദ്ദേഹത്തെ വിശേഷിപ്പിച്ചത്.[5] അതു പോലെ തന്നെ ത്രിപുര സർവ്വകലാശാലാ ബിരുദദാന ചടങ്ങിൽ ഗൗൺ ധരിക്കുവാൻ അദ്ദേഹം വിസമ്മതിച്ചതും മാധ്യമശ്രദ്ധ ആകർഷിക്കുകയുണ്ടായി.[6]

അവലംബം[തിരുത്തുക]

  1. "സംഭാഷണം" (ഭാഷ: മലയാളം). മലയാളം വാരിക. 2013 മെയ് 10. ശേഖരിച്ചത് 2013 ഒക്ടോബർ 07. 
  2. "പാർട്ടി നേതൃത്വം" (ഭാഷ: ഇംഗ്ലീഷ്). സി. പി. ഐ. (എം) വെബ്‌സൈറ്റ്. ശേഖരിച്ചത് ജനുവരി 29, 2012. 
  3. "മുഖ്യമന്ത്രിയുടെ ജീവിതരേഖ" (ഭാഷ: ഇംഗ്ലീഷ്). ത്രിപുര സർക്കാർ വെബ്‌സൈറ്റ്. ശേഖരിച്ചത് ജനുവരി 29, 2012. 
  4. "ത്രിപുര, മേഘാലയ തെരഞ്ഞെടുപ്പ് വിജയങ്ങളെപ്പറ്റിയുള്ള വാർത്ത" (ഭാഷ: ഇംഗ്ലീഷ്). ഫ്രണ്ട്‌ലൈൻ മാഗസിൻ17, വാള്യം 15. ഏപ്രിൽ 4-17, 1998. ശേഖരിച്ചത് ജനുവരി 29, 2012.  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |date= (സഹായം)
  5. "'ഭവനരഹിതനായ' മാണിക് സർക്കാർ ഏറ്റവും ദരിദ്രനായ മുഖ്യമന്ത്രിയാവാൻ സാധ്യത" (ഭാഷ: ഇംഗ്ലീഷ്). ഡി.എൻ.എ. ഫെബ്രുവരി 12, 2008. ശേഖരിച്ചത് ജനുവരി 29, 2012. 
  6. "മാണിക് സർക്കാർ ഉപചാരഗൗൺ നിരസിച്ചത് വിവാദമായി" (ഭാഷ: ഇംഗ്ലീഷ്). എം.എസ്.എൻ ഇന്ത്യ. ജനുവരി 13, 2012. ശേഖരിച്ചത് ജനുവരി 29, 2012. 


"https://ml.wikipedia.org/w/index.php?title=മാണിക്_സർക്കാർ&oldid=2784379" എന്ന താളിൽനിന്നു ശേഖരിച്ചത്