ബൽ‌വന്ത്റായ് മേത്ത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബൽ‌വന്ത്റായ് മേത്ത
ഗുജറാത് മുഖ്യ മന്ത്രി
മുൻഗാമിജിവരാജ്‌ മേഹ്ത
പിൻഗാമിഹിതേന്ദ്ര ദേശായി
വ്യക്തിഗത വിവരങ്ങൾ
ജനനം(1899-02-19)ഫെബ്രുവരി 19, 1899
ഭാവ്‌നഗർ, ഗുജറാത്, ഇന്ത്യ
മരണം1965 സെപ്റ്റംബർ 19
സുതാരി , കച്ച്, ഗുജറാത്
രാഷ്ട്രീയ കക്ഷിഇന്ത്യൻ നാഷനൽ കോൺഗ്രസ്‌
പങ്കാളി(കൾ)സരോജ്ബെൻ

ഭാരതത്തിലെ ഗുജറാത്ത് സംസ്ഥാനത്തിന്റെ രണ്ടാമത്തെ മുഖ്യമന്ത്രിയായിരുന്നു ബൽ‌വന്ത്റായ് മേത്ത (ഫെബ്രുവരി 19,1899-സെപ്റ്റംബർ 19,1965).സ്വാതന്ത്ര്യസമര പോരാളി,സാമുഹിക പ്രവർത്തകൻ,പഞ്ചായത്തീ രാജിന്റെ പിതാവ് എന്ന നിലയിലെല്ലാം ഭാരത ജനത ഇദ്ദേഹത്തെ ഓർക്കുന്നു.ബർദോളി സത്യാഗ്രഹത്തിന്റെ ഒരു പടയാളികൂടിയായിരുന്നു ബൽ‌വന്ത്റായ് മേത്ത. ഭാരതത്തിലെ നാട്ടു രാജ്യങ്ങളിലെ ജനങ്ങളുടേ സ്വയംഭരണത്തിന്‌ അദ്ദേഹം നൽകിയ സംഭാവന മഹത്തരമായി കണക്കാക്കുന്നു.ജനാധിപത്യപരമായ അധികാര വികേന്ദ്രീകരണത്തിൽ അദ്ദേഹത്തിന്റെ നാമം എന്നും സ്മരിക്കപ്പെടുന്നു.

ജീവിത രേഖ[തിരുത്തുക]

1899, ഫെബ്രുവരി 19 ന്‌ ഗുജറാത്തിലെ ബവ്നഗറിൽ ഒരു സാധാരണ മധ്യവർഗ്ഗ കുടുംബത്തിലാണ്‌ ബൽ‌വന്ത്റായ് മേത്തയുടെ ജനനം. ബി.എ.വരെ പഠിച്ചെങ്കിലും വിദേശ സർക്കാരിൽ നിന്ന് ബിരു‍ദം സ്വീകരിക്കാൻ അദ്ദേഹം വിസമ്മതിച്ചു.പഠനത്തിലുള്ള അർപ്പണ മനോഭാവം,കഠിനദ്ധ്വാന ശീലം,മാന്യത പുലർത്തുന്ന സ്വഭാവം എന്നീ ഗുണങ്ങളാൽ ബൽ‌വന്ത്റായ് മേത്ത അദ്ധ്യാപകരുടെ ആദരവ് പിടിച്ചുപറ്റി. 1920 ൽ ബ‌ൽവന്ത്റായ് ദേശീയ നിസ്സഹകരണ പ്രസ്ഥാനത്തിൽ ചേർന്നു.1930 മുതൽ 1932 വരെ സിവിൽ ഡിസൊബീഡിയൻസ് പ്രസ്ഥാനത്തിന്റെ ഭാഗമായും പ്രവർത്തിച്ചു. 1942 ൽ ക്വിറ്റ് ഇന്ത്യ പ്രക്ഷോഭത്തിൽ പങ്കെടുത്തതിന്‌ മൂന്ന് വർഷക്കാലം ജയിൽ‌വാസവും അനുഭവിച്ചു.ഗാന്ധിജിയുടെ നിർദ്ദേശപ്രകാരം കോൺഗ്രസ്സ് വർക്കിംഗ് കമ്മിറ്റിയിൽ ബൽ‌വന്ത്റായ് അംഗത്വം നേടി. പണ്ഡിറ്റ് നെഹ്റു അഖിലേന്ത്യാ കോൺഗ്രസ്സ് കമ്മിറ്റിയുടെ അധ്യക്ഷനായിരിക്കുമ്പോൾ ബൽ‌വന്ത്റായ് മേത്ത ജനറൽ സെക്രട്ടറിയായി തിരഞെടുക്കപ്പെട്ടു.1957 ൽ അദ്ദേഹം ലോകസഭാംഗമായി. മഹാത്മാഗാന്ധി ,ലാലാ ലജ്പത് റായ് എന്നിവരുമായുള്ള അടുത്ത ബന്ധം അദ്ദേഹത്തെ ഇന്ത്യൻ സ്വാതന്ത്രസമര പ്രസ്ഥാനത്തിൽ ചേരാൻ ഇടവരുത്തി.

ഗുജറാത്ത് മുഖ്യമന്ത്രി[തിരുത്തുക]

1963 ഫെബ്രുവരി 25നാണ് ബൽ‌വന്ത്റായ് മേത്ത് ഗുജറാത്ത് മുഖ്യമന്ത്രിയാകുന്നത്. ഭാരതീയ വിദ്യാഭവൻ തുടങ്ങിയതും ബൽ‌വന്ത്റായ് മേത്തയായിരുന്നു. 2000 ഫെബ്രിവരി 19 ന്‌ ഭാരത സർക്കാറിന്‌ കീഴിലെ തപാൽ വകുപ്പ് അദ്ദേഹത്തിന്റെ നൂറാം ജന്മവാർഷികത്തിൽ മൂന്നു രൂപ മുഖവിലയുള്ള പ്രത്യേക തപാൽ സ്റ്റാമ്പ് അദ്ദേഹത്തിന്റെ സ്മരണക്കായി പുറത്തിറക്കുകയുണ്ടായി.[1]

യുദ്ധത്തിൽ കൊല്ലപ്പെട്ടു[തിരുത്തുക]

1965 ലെ ഇന്ത്യ-പാക് യുദ്ധസമയത്ത് ബൽ‌വന്ത്റായ് മേത്തയും അദ്ദേഹത്തിന്റെ ഭാര്യ സരോജ് ബെന്നും , പൈലറ്റ് ജെഹാന്ഗീർ .എം എൻ‌ജിനിയറും മറ്റുഅഞ്ചു പേരും കൂടി ഗുജറാത്തിന്റെ അതിർത്തിയിൽ നിരീക്ഷണത്തിനായി പോവുകയുണ്ടായി.1965 സെപ്റ്റംബർ 19 ന്‌ വൈകിട്ട് നാല് മണിയോടെ ഒരു സിവിലിയൻ ബീച് ക്രാഫ്റ്റ് വിമാനത്തിൽ, ഗുജറാത്തിലെ കച്ച് ജില്ലക്ക് മുകളിലൂടെ ഇവർ യാത്രചെയ്യുമ്പോൾ രണ്ട് പാക് യുദ്ധവിമാനങ്ങൾ അദ്ദേഹത്തിന്റെ വിമാനത്തെ പിന്തുടരുകയും, ക്വായിസ് ഹുസൈൻ എന്ന പാക് പൈലറ്റ് ബൽ‌വന്ത്റായുടെ വിമാനത്തെ ചാര വിമാനമെന്ന് തെറ്റിധരിച്ചു വെടിവെയ്ക്കുകയും ചെയ്തു . ബൽ‌വന്ത്റായുടെ വിമാനത്തെ പൈലറ്റ് കടലിൽ ഇടിച്ചിറയ്ക്കാനായി ശ്രമിച്ചെങ്കിലും കടലിന്‌ മൈലുകൾക്കപ്പുറം വിമാനം കരയിൽ തകർന്നു വീണു എട്ടുപേരും തൽക്ഷണം കൊല്ലപ്പെട്ടു. ശത്രുവിന്റെ ആക്രമണത്തിൽ മരിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ രാഷ്ട്രീയ-ഭരണ നേതാവായിരിക്കും ബൽ‌വന്ത്റായ് മേത്ത.

പഞ്ചായത്ത് രാജിന്റെ പിതാവ്[തിരുത്തുക]

രണ്ട് പ്രാവശ്യം ബൽ‌വന്ത്റായ് മേത്ത പാർലമെന്റിലേക്ക് തിരഞെടുക്കപ്പെട്ടു.പാർലമെന്റിലെ എസ്റ്റിമേറ്റ് കമ്മിറ്റിയുടെ അധ്യക്ഷനായിരുന്നു അദ്ദേഹം.ത്രിതല പഞ്ചായത്ത് സം‌വിധാനം ഇന്ത്യയിൽ തുടക്കമിടുന്നതിന്‌ അടിത്തറയായ റിപ്പോർട്ട് തയ്യാറാക്കിയ "പ്ലാൻ പ്രൊജക്ട് കമ്മിറ്റി"യുടെ അധ്യക്ഷനായിരുന്നു ബൽ‌വന്ത്റായ് മേത്ത.അതിനാൽ ബൽ‌വന്ത്റായ് പഞ്ചായത്തി രാജിന്റെ പിതാവ് ആയി ഗണിക്കപ്പെടുന്നു.

പഞ്ചായത്ത് രാജ് ദിനം[തിരുത്തുക]

ബൽ‌വന്ത്റായ് മേത്ത പഞ്ചായത്ത് രാജിന്‌ നൽകിയ സംഭാവന കണക്കിലെടുത്ത് അദ്ദേഹത്തിന്റെ ജന്മദിനമായ ഫെബ്രുവരി 19 കേരളത്തിൽ പഞ്ചായത്ത് രാജ് ദിനമായി 2012 വർഷം വരെ ആചരിച്ചു വന്നു. 2012 മുതൽ ഏപ്രിൽ 24 ആണ് പഞ്ചായത്ത് രാജ് ദിനം[2].

അവലംബം[തിരുത്തുക]

  • "46 വർഷത്തിനു ശേഷം അതിർത്തിക്കാപ്പുറത്ത് നിന്നൊരു ക്ഷമാപണം" എന്ന 2011 ഓഗസ്റ്റ്‌ 11 ലെ കൊച്ചി മലയാള മനോരമ റിപ്പോർട്ട്‌
  1. "Special postage stamp on Balwantrai Mehta, Dr. Hrekrushna Mahtab and Arun Kumar Chanda" (html) (ഭാഷ: ഇംഗ്ലീഷ്). Press information bureau, Govt. of India. മൂലതാളിൽ നിന്നും 2008-01-08-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2008-01-08.
  2. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2013-01-10-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-01-10.
"https://ml.wikipedia.org/w/index.php?title=ബൽ‌വന്ത്റായ്_മേത്ത&oldid=3953163" എന്ന താളിൽനിന്ന് ശേഖരിച്ചത്