എ.സി. ജോസ്
എ.സി.ജോസ് | |
---|---|
![]() | |
ആറാം കേരള നിയമസഭാംഗം | |
പദവിയിൽ | |
പദവിയിൽ വന്നത് 1980 ജനുവരി 25 - 1982 മേയ് 19 | |
മുൻഗാമി | എൻ. ശിവൻ പിള്ള |
പിൻഗാമി | എൻ. ശിവൻ പിള്ള |
മണ്ഡലം | പറവൂർ |
ഏഴാം കേരള നിയമസഭാംഗം | |
പദവിയിൽ | |
പദവിയിൽ വന്നത് 31 മേയ് 1984 | |
മുൻഗാമി | എൻ. ശിവൻ പിള്ള |
പിൻഗാമി | എൻ. ശിവൻ പിള്ള |
മണ്ഡലം | പറവൂർ |
വ്യക്തിഗത വിവരണം | |
ജനനം | അമ്പാട്ട് ചാക്കോ ജോസ് ഫെബ്രുവരി 5, 1937 ഇടപ്പള്ളി |
മരണം | 2016 ജനുവരി 23 കൊച്ചി |
രാഷ്ട്രീയ പാർട്ടി | ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് |
പങ്കാളി | പ്രൊ.ലീലാമ്മ ജോസ് |
മക്കൾ | സുനിൽ ജോസ് സിന്ധ്യ പാറയിൽ സ്വീൻ ജോസ് അമ്പാട്ട് സലിൽ ജോസ് |
കേരളത്തിൽ നിന്നുമുള്ള ഒരു രാഷ്ട്രീയ പ്രവർത്തകനായിരുന്നു എ.സി. ജോസ് (ജ. ഫെബ്രുവരി 5, 1937 - മ. ജനുവരി 23, 2016) രണ്ടു തവണ അദ്ദേഹം ലോക്സഭാംഗമായിരുന്നു. ചുരുങ്ങിയ കാലയളവിലേക്ക് ഏഴാം കേരള നിയമസഭയിൽ സ്പീക്കർ സ്ഥാനവും അദ്ദേഹം കൈകാര്യം ചെയ്തിട്ടുണ്ട്.
ജീവിതരേഖ[തിരുത്തുക]
എറണാകുളത്ത് അമ്പാട്ട് ചാക്കോയുടെ മകനായി 1937 ഫെബ്രുവരി 5-ന് ജനിച്ച എ.സി. ജോസ് നിയമപഠനത്തിനുശേഷം കേരളാ ഹൈക്കോടതിയിൽ അഭിഭാഷകനായി പ്രവർത്തിക്കവേയാണ് രാഷ്ട്രീയത്തിൽ സജീവമായത്. എ.കെ ആന്റണി, വയലാർ രവി തുടങ്ങിയ നേതാക്കൻമാരോടൊപ്പം രാഷ്ട്രീയത്തിൽ സജീവമായി.
കോൺഗ്രസ് വിദ്യാർത്ഥി-യുവജന പ്രസ്ഥാനങ്ങളിലൂടെ കേരള രാഷ്ട്രീയത്തിന്റെ നേതൃനിരയിലെത്തിയ എ.സി ജോസ് കേരള വിദ്യാർത്ഥി യൂണിയന്റെ രണ്ടാമത്തെ സംസ്ഥാന പ്രസിഡന്റായിരുന്നു. എ.കെ. ആന്റണി യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായപ്പോൾ സംസ്ഥാന ട്രഷററായി പ്രവർത്തിച്ചു. കോൺഗ്രസിന്റെ ട്രേഡ് യൂണിയൻ രംഗത്ത് സജീവമായിരുന്നു. അറുപതോളം സംഘടനകളുടെ പ്രസിഡന്റുമായി. കെ.പി.സി.സി എക്‌സിക്യൂട്ടീവ് അംഗവും എ.ഐ.സി.സി അംഗവുമായിരുന്നു. 2004ൽ തെന്നല ബാലകൃഷ്ണപിള്ള കെ.പി.സി.സി പ്രസിഡന്റായപ്പോൾ ഏക വൈസ് പ്രസിഡന്റായി സേവനമനുഷ്ഠിച്ചു. 2016 ജനുവരി 23 ന് അദ്ദേഹം ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു.[1]
രാഷ്ട്രീയ ജീവിതം[തിരുത്തുക]
1969ൽ കൊച്ചി കോർപറേഷൻ കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ടു. 1972ൽ കോർപറേഷന്റെ ഏറ്റവും പ്രായംകുറഞ്ഞ മേയറായി തെരഞ്ഞെടുക്കപ്പെട്ടു. നോർത്ത് പറവൂർ നിയോജക മണ്ഡലത്തിൽ ത്രികോണ മത്സരത്തിൽ വർക്കി പൈനാടനോട് ഏറ്റുമുട്ടി പരാജയപ്പെട്ടു. 1980ൽ പറവൂരിൽ കെ.പി ജോർജിനെ പരാജയപ്പെടുത്തി. ആദ്യമായി ഇലക്‌ട്രോണിക് വോട്ടിംഗ് ഏർപ്പെടുത്തിയ പറവൂരിൽ ശിവൻപിള്ളയോട് 123 വോട്ടിന് തോറ്റെങ്കിലും തെരഞ്ഞെടുപ്പ് കേസിനെ തുടർന്ന് റീ പോളിംഗ് നടക്കുകയും മൂവായിരത്തിൽ പരം വോട്ടിന് എ.സി ജോസ് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
1982ൽ കെ. കരുണാകരൻ മന്ത്രിസഭ അധികാരമേറ്റപ്പോൾ നിയമസഭാ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടു. നിയമസഭയിൽ പ്രതിപക്ഷത്തിനും ഭരണപക്ഷത്തിനും തുല്യമായ സീറ്റുകൾ ഉണ്ടായിരുന്ന അവസരത്തിൽ കാസ്റ്റിംഗ് വോട്ട് രേഖപ്പെടുത്തി ചരിത്രത്തിൽ ഇടംനേടി.
1996ൽ ഇടുക്കി ലോക്‌സഭാ മണ്ഡലത്തിൽ നിന്നും ഫ്രാൻസിസ് ജോർജിനെ പരാജയപ്പെടുത്തി ലോക്‌സഭാംഗമായി. പിന്നീട് മുകുന്ദപുരം ലോക്‌സഭാ മണ്ഡലത്തിൽ പി. ഗോവിന്ദപ്പിള്ളയുമായി ഏറ്റുമുട്ടി വിജയം നേടി. മൂന്നാംവട്ടം തൃശൂർ മണ്ഡലത്തിൽ വി.വി രാഘവനെ തോൽപിച്ച് ലോക്‌സഭാംഗമായി.
2005 മുതൽ മൂന്നുവർഷക്കാലം കയർബോർഡിന്റെ ചെയർമാൻ സ്ഥാനം വഹിച്ചു. മരണസമയത്ത് വീക്ഷണം പ്രിന്റിംഗ് ആന്റ് പബ്ലിഷിംഗ് കമ്പനിയുടെ മാനേജിംഗ് ഡയറക്ടറായി സേവനമനുഷ്ഠിക്കുകയായിരുന്നു.
തിരഞ്ഞെടുപ്പുകൾ[തിരുത്തുക]
വർഷം | മണ്ഡലം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും | മുഖ്യ എതിരാളി | പാർട്ടിയും മുന്നണിയും | രണ്ടാമത്തെ മുഖ്യ എതിരാളി | പാർട്ടിയും മുന്നണിയും |
---|---|---|---|---|---|---|---|
2004 | തൃശ്ശൂർ ലോകസഭാമണ്ഡലം | സി.കെ. ചന്ദ്രപ്പൻ | സി.പി.ഐ. എൽ.ഡി.എഫ്. 320960 | എ.സി. ജോസ് | കോൺഗ്രസ് (ഐ.) 274999 | പി.എസ്. ശ്രീരാമൻ | ബി.ജെ.പി., എൻ.ഡി.എ. 72108 |
1999 | തൃശ്ശൂർ ലോകസഭാമണ്ഡലം | എ.സി. ജോസ് | കോൺഗ്രസ് (ഐ.) യു.ഡി.എഫ്. 343793 | വി.വി. രാഘവൻ | സി.പി.ഐ. എൽ.ഡി.എഫ്. 332161 | എ.എസ്. രാധാകൃഷ്ണൻ | ജെ.ഡി.യു. 44354 |
1998 | മുകുന്ദപുരം ലോകസഭാമണ്ഡലം | എ.സി. ജോസ് | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | പി. ഗോവിന്ദപിള്ള | സി.പി.എം., എൽ.ഡി.എഫ്. | ||
1996 | ഇടുക്കി ലോകസഭാമണ്ഡലം | എ.സി. ജോസ് | കോൺഗ്രസ് (ഐ.) യു.ഡി.എഫ്. | കെ. ഫ്രാൻസിസ് ജോർജ് | കേരള കോൺഗ്രസ് (ജെ.), എൽ.ഡി.എഫ്. |
കുടൂംബം[തിരുത്തുക]
മഹാരാജാസ് കോളജിൽ നിന്നും വിരമിച്ച പ്രൊഫ. ലീലാമ്മ ജോസ് ആണ് ഭാര്യ. സുനിൽ ജേക്കബ് ജോസ്, സിന്ധ്യ പാറയിൽ, സ്വീൻ ജോസ് അമ്പാട്ട്, സലിൽ ജോസ് എന്നിവരാണ് മക്കൾ. അന്തരിച്ച മുൻ കേന്ദ്രമന്ത്രി എ.സി. ജോർജ് മൂത്ത സഹോദരനായിരുന്നു. പരേതരായ എക്‌സ്‌പോർട്ട് ഇൻസ്‌പെക്ഷൻ ഏജൻസി ഡയറക്ടർ ജോൺ സി. അമ്പാട്ട്, കമഡോർ എ.സി അവറാച്ചൻ എന്നിവരും അദ്ദേഹത്തിന്റെ സഹോദരന്മാരായിരുന്നു. പരേതരായ ഏലിക്കുട്ടി, ആനി റോബർട്ട്, ഓമന എന്നിവരും ത്രേസ്യാമ്മ, സിസിലി എന്നീ സഹോദരിമാരും അദ്ദേഹത്തിനുണ്ടായിരുന്നു.
അവലംബം[തിരുത്തുക]
- ↑ "കോൺഗ്രസ്സ് നേതാവ് എ.സി ജോസ് അന്തരിച്ചു". മാതൃഭൂമി ഓൺലൈൻ. 2016-01-23. ശേഖരിച്ചത് 2016-01-23.
- ↑ http://www.ceo.kerala.gov.in/electionhistory.html
- ↑ http://www.keralaassembly.org