സി.കെ. ചന്ദ്രപ്പൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സി.കെ. ചന്ദ്രപ്പൻ

ജനനം 1936 നവംബർ 11(1936-11-11)
ആലപ്പുഴ ജില്ലയിലെ ചേർത്തല
മരണം 2012 മാർച്ച് 22(2012-03-22) (പ്രായം 75)
തിരുവനന്തപുരം
ഭവനം തിരുവനന്തപുരം
രാഷ്ട്രീയപ്പാർട്ടി
കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ
ജീവിത പങ്കാളി(കൾ) ബുലു റോയ് ചൗധരി
കുട്ടി(കൾ) ഇല്ല
ഒപ്പ്
150px

കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ കേരള ഘടകം സെക്രട്ടറിയും ഇടതുപക്ഷ ജനാധിപത്യ മുന്നണി നേതാക്കളിലൊരാളുമായിരുന്നു ചീരപ്പൻ ചിറയിൽ കുമാരപ്പണിക്കർ ചന്ദ്രപ്പൻ എന്ന സി.കെ. ചന്ദ്രപ്പൻ(നവംബർ 11 1936 - മാർച്ച് 22 2012)[1].

ജീവിതരേഖ[തിരുത്തുക]

പുന്നപ്ര-വയലാർ സമരത്തിന്റെ നായകരിൽ പ്രമുഖനും 'വയലാർ സ്റ്റാലിൻ' എന്ന പേരിൽ പ്രശസ്തനുമായിരുന്ന കമ്മ്യൂണിസ്റ്റ് നേതാവ് സി.കെ കുമാരപ്പണിക്കരുടെയും അമ്മുക്കുട്ടിയമ്മയുടെയും മൂന്നാമത്തെ മകനായി 1936 നവംബർ 11-ന് ജനനം.[2]

2012 മാർച്ച് 22-ന് തിരുവനന്തപുരത്തെ ഒരു ആശുപത്രിയിൽ വെച്ച് അന്തരിച്ചു.[3] ഏതാനും മാസങ്ങളായി പ്രോസ്‌ട്രേറ്റ് അർബുദത്തിന് ചികിത്സയിലായിരുന്നു.

ബംഗാളിയും കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവും അഖിലേന്ത്യാ വർക്കിംഗ് വിമൻസിന്റെ നേതാവുമായ ബുലുറോയ് ചൗധരിയാണ് ഭാര്യ[4]. എന്റെ ഇന്നലെകൾ എന്നാണ് ഇദ്ദേഹത്തിന്റെ ആത്മകഥയുടെ പേര്.

വിദ്യഭ്യാസം[തിരുത്തുക]

ചേർത്തലയിലും തൃപ്പൂണിത്തുറയിലുമായി സ്‌കൂൾ വിദ്യാഭ്യാസം പൂർത്തീകരിച്ചു. എറണാകുളം മഹാരാജാസ് കോളജിലായിരുന്നു ഇന്റർമീഡിയറ്റ് വിദ്യാഭ്യാസം. സംഘടനാ പ്രവർത്തനത്തിന്റെയും കമ്മ്യൂണിസ്റ്റ് നേതാക്കന്മാരുമായുണ്ടായിരുന്ന അടുപ്പത്തിന്റെയും പേരിൽ ഇദ്ദേഹത്തിന് മഹാരാജാസിൽ ഡിഗ്രി കോഴ്സിനു പ്രവേശനം നിഷേധിക്കപ്പെട്ടു.[5] എന്നാൽ പാലക്കാട് ചിറ്റൂർ ഗവ. കോളേജിൽ ഡിഗ്രിക്ക് പ്രവേശനം നേടിയ ചന്ദ്രപ്പൻ അവിടെ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദവും തുടർന്ന് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടി.

അധികാരങ്ങൾ[തിരുത്തുക]

പാർട്ടി പിളർന്നപ്പോൾ സി.പി.ഐ.-യ്‌ക്കൊപ്പം ഉറച്ചുനിന്നു.

  • സി.പി.ഐ സംസ്ഥാനഘടകത്തിന്റെ സെക്രട്ടറി - അനാരോഗ്യം മൂലം വെളിയം ഭാർഗവൻ സ്ഥാനമൊഴിയാൻ ആഗ്രഹം പ്രകടിപ്പിച്ചതിനെ തുടർന്ന് 2010 നവംബർ 14-ന് ചേർന്ന പാർട്ടിയുടെ സംസ്ഥാന കൗൺസിൽ യോഗമാണ് ചന്ദ്രപ്പനെ സെക്രട്ടറിയായി തെരഞ്ഞെടുത്തത്.[6]
  • 2012 ഫെബ്രുവരിയിൽ കൊല്ലത്ത് വെച്ച് പാർട്ടി സംസ്ഥാന സമ്മേളനത്തോട് അനുബന്ധമായി നടന്ന സംസ്ഥാന കൗൺസിൽ യോഗം ഇദ്ദേഹത്തെ വീണ്ടും സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കുകയുണ്ടായി.

സമരങ്ങളും ജയിൽവാസവും[തിരുത്തുക]

ഗോവ വിമോചന സമരത്തിൽ പങ്കെടുത്ത ചന്ദ്രപ്പൻ നിരവധി വിദ്യാർത്ഥി-യുവജന സമരങ്ങൾക്ക് നേതൃത്വം നൽകി. പലതവണ അറസ്റ്റ് ചെയ്യപ്പെട്ട അദ്ദേഹം ഡൽഹിയിലെ തീഹാർ ജയിലിലും, കൊൽക്കത്തയിലെ റസിഡൻസി ജയിലിലും കാരാഗൃഹവാസം അനുഭവിച്ചു.

ബഹുമതികൾ[തിരുത്തുക]

ഏറ്റവും മികച്ച പാർലമെന്റേറിയനുള്ള നിയമസഭയുടെയും ലോക്‌സഭയുടെയും ബഹുമതികൾക്ക് ഇദ്ദേഹം അർഹനായിട്ടുണ്ട്. ന്യൂയോർക്കിൽ നടന്ന ഐക്യരാഷ്ട്ര സഭയുടെ ജനറൽ അസംബ്ലി, റോമിൽ നടന്ന അന്താരാഷ്ട്ര ഭക്ഷ്യ സുരക്ഷാ സമ്മേളനം, ലോക യുവജന ഫെഡറേഷൻ സമ്മേളനങ്ങൾ തുടങ്ങി പല അന്താരാഷ്ട്ര സമ്മേളനങ്ങളിലും ചന്ദ്രപ്പൻ പങ്കെടുത്തിരുന്നു.

തിരഞ്ഞെടുപ്പുകൾ[തിരുത്തുക]

മൂന്നു തവണ പാർലമെന്റിലേക്കും ഒരു തവണ നിയമസഭയിലേക്കും സി.കെ. ചന്ദ്രപ്പൻ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.[7]

തിരഞ്ഞെടുപ്പുകൾ [8]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും
2001 ചേർത്തല നിയമസഭാമണ്ഡലം എ.കെ. ആന്റണി കോൺഗ്രസ് (ഐ.), യു.ഡി.എഫ്. സി.കെ. ചന്ദ്രപ്പൻ സി.പി.ഐ., എൽ.ഡി.എഫ്.
1996 ചേർത്തല നിയമസഭാമണ്ഡലം എ.കെ. ആന്റണി കോൺഗ്രസ് (ഐ.), യു.ഡി.എഫ്. സി.കെ. ചന്ദ്രപ്പൻ സി.പി.ഐ., എൽ.ഡി.എഫ്.
1991 ചേർത്തല നിയമസഭാമണ്ഡലം സി.കെ. ചന്ദ്രപ്പൻ സി.പി.ഐ., എൽ.ഡി.എഫ്. വയലാർ രവി കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
1987 ചേർത്തല നിയമസഭാമണ്ഡലം വയലാർ രവി കോൺഗ്രസ് (ഐ.), യു.ഡി.എഫ്. സി.കെ. ചന്ദ്രപ്പൻ സി.പി.ഐ., എൽ.ഡി.എഫ്.
1977 കണ്ണൂർ ലോകസഭാമണ്ഡലം സി.കെ. ചന്ദ്രപ്പൻ സി.പി.ഐ.
1971 തലശ്ശേരി ലോകസഭാമണ്ഡലം സി.കെ. ചന്ദ്രപ്പൻ സി.പി.ഐ.

അവലംബം[തിരുത്തുക]

  1. "എന്റെ കൂടെപ്പിറപ്പ്" (ഭാഷ: മലയാളം). മലയാളം വാരിക. 2012 ഏപ്രിൽ 13. ശേഖരിച്ചത് 2013 മെയ് 23. 
  2. "സി കെ ചന്ദ്രപ്പൻ സെക്രട്ടറി". ജനയുഗം. ഫെബ്രുവരി 12, 2012. ശേഖരിച്ചത് ഫെബ്രുവരി 12, 2012. 
  3. "സി.കെ. ചന്ദ്രപ്പൻ വിടവാങ്ങി". ദേശാഭിമാനി. മാർച്ച് 22, 2012. ശേഖരിച്ചത് മാർച്ച് 22, 2012. 
  4. "സമരപൈതൃകങ്ങളുടെ ജ്വാലാമുഖം" (ഭാഷ: മലയാളം). മലയാളം വാരിക. 2012 ഫെബ്രുവരി 24. ശേഖരിച്ചത് 2013 ഫെബ്രുവരി 24. 
  5. "തീയിൽ കുരുത്ത നിലാവ്". മലയാള മനോരമ. മാർച്ച് 23, 2012. 
  6. "സി.കെ. ചന്ദ്രപ്പൻ സി.പി.ഐ. സംസ്ഥാന സെക്രട്ടറി". മാതൃഭൂമി. നവംബർ 14, 2010. ശേഖരിച്ചത് ഫെബ്രുവരി 12, 2012. 
  7. "വീണ്ടും ചാന്ദ്രശോഭ". മലയാള മനോരമ. ഫെബ്രുവരി 12, 2012. 
  8. http://www.ceo.kerala.gov.in/electionhistory.html
"https://ml.wikipedia.org/w/index.php?title=സി.കെ._ചന്ദ്രപ്പൻ&oldid=2482308" എന്ന താളിൽനിന്നു ശേഖരിച്ചത്