ദില്ലി സുല്‍ത്താനത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


ദില്ലി സുല്‍ത്താനത്തിന്റെ വ്യാപനം - വിവിധ സുല്‍ത്താന്മാരുടെ കാലങ്ങളില്‍

1206 മുതല്‍ 1526 വരെ ദില്ലി ആസ്ഥാനമാക്കി ഭരിച്ചിരുന്ന അഞ്ചു ഇസ്ലാമികരാജവംശങ്ങളെയാണ്‌ ദില്ലി സുല്‍ത്താനത്ത് (ഇംഗ്ലീഷ്:Delhi Sultanate, ഉര്‍ദ്ദു:دلی سلطنت) അഥവാ ഹിന്ദ് സുല്‍‍ത്താനത്ത് (ഇംഗ്ലീഷ്:Sultanat e Hind, Urdu: سلطنتِ هند) എന്ന് അറിയപ്പെടുന്നത്. മാംലൂക് രാജവംശം (1206-90), ഖില്‍ജി രാജവംശം (1290-1320), തുഗ്ലക് രാജവംശം (1320-1413), സയ്യിദ് രാജവംശം (1414-51), ലോധി രാജവംശം (1451-1526) എന്നിവയാണ്‌ ഈ അഞ്ചു രാജവംശങ്ങള്‍. ഇന്നത്തെ ദില്ലി നിലനില്‍ക്കുന്ന സ്ഥലത്ത് അവര്‍ അനേകം നഗരങ്ങള്‍ സ്ഥാപിച്ചു[1].

1526-ല്‍ ഉയര്‍ന്നു വന്ന മുഗള്‍ സാമ്രാജ്യത്തില്‍ ലയിച്ചായിരുന്നു സുല്‍ത്താനത്തിന്റെ അന്ത്യം.

ദക്ഷിണേഷ്യയുടെ ചരിത്രം

ഇന്ത്യയുടെ ചരിത്രം
ശിലായുഗം 70,000–3300 ക്രി.മു.
. മേര്‍ഘര്‍ സംസ്കാരം 7000–3300 ക്രി.മു.
സിന്ധു നദീതട സംസ്കാരം 3300–1700 ക്രി.മു.
ഹരപ്പന്‍ ശ്മശാന സംസ്കാരം 1700–1300 ക്രി.മു.
വേദ കാലഘട്ടം 1500–500 ക്രി.മു.
. ലോഹയുഗ സാമ്രാജ്യങ്ങള്‍ 1200–700 ക്രി.മു.
മഹാജനപദങ്ങള്‍ 700–300 ക്രി.മു.
മഗധ സാമ്രാജ്യം 684–26 ക്രി.മു.
. മൗര്യ സാമ്രാജ്യം 321–184 ക്രി.മു.
ഇടക്കാല സാമ്രാജ്യങ്ങള്‍ 230 ക്രി.മു.–1279 ക്രി.വ.
. ശതവാഹനസാമ്രാജ്യം 230 ക്രി.മു.C–199 ക്രി.വ.
. കുഷാണ സാമ്രാജ്യം 60–240 ക്രി.വ.
. ഗുപ്ത സാമ്രാജ്യം 240–550 ക്രി.വ.
. പാല സാമ്രാജ്യം 750–1174 ക്രി.വ.
. ചോള സാമ്രാജ്യം 848–1279 ക്രി.വ.
മുസ്ലീം ഭരണകാലഘട്ടം 1206–1596 ക്രി.വ.
. ദില്ലി സുല്‍ത്താനത്ത് 1206–1526 ക്രി.വ.
. ഡെക്കാന്‍ സുല്‍ത്താനത്ത് 1490–1596 ക്രി.വ.
ഹൊയ്സാല സാമ്രാജ്യം 1040–1346 ക്രി.വ.
കാകാത്യ സാമ്രാജ്യം 1083–1323 ക്രി.വ.
വിജയനഗര സാമ്രാജ്യം 1336–1565 ക്രി.വ.
മുഗള്‍ സാമ്രാജ്യം 1526–1707 ക്രി.വ.
മറാഠ സാമ്രാജ്യം 1674–1818 ക്രി.വ.
കൊളോനിയല്‍ കാലഘട്ടം 1757–1947 ക്രി.വ.
ആധുനിക ഇന്ത്യ ക്രി.വ. 1947 മുതല്‍
ദേശീയ ചരിത്രങ്ങള്‍
ബംഗ്ലാദേശ് · ഭൂട്ടാന്‍ · ഇന്ത്യ
മാലിദ്വീപുകള്‍ · നേപ്പാള്‍ · പാക്കിസ്ഥാന്‍ · ശ്രീലങ്ക
പ്രാദേശിക ചരിത്രം
ആസ്സാം · ബംഗാള്‍ · പാക്കിസ്ഥാനി പ്രദേശങ്ങള്‍ · പഞ്ചാബ്
സിന്ധ് · ദക്ഷിണേന്ത്യ · തമിഴ്‌നാട് · ടിബറ്റ് . കേരളം
പ്രത്യേക ചരിത്രങ്ങള്‍
സാമ്രാജ്യങ്ങള്‍ · ധനതത്വശാസ്ത്രം · ഇന്ഡോളജി · ഭാഷ · സാഹിത്യം
സമുദ്രയാനങ്ങള്‍ · യുദ്ധങ്ങള്‍ · ശാസ്ത്ര സാങ്കേതികം · നാഴികക്കല്ലുകള്‍

ഉള്ളടക്കം

[തിരുത്തുക] രാജവംശങ്ങളും സുല്‍ത്താന്മാരും

[തിരുത്തുക] മംലൂക് രാജവംശം

പന്ത്രണ്ടാം നൂറ്റാണ്ടിന്റെ അവസാന പാദത്തില്‍ മുഹമ്മദ് ഘോറി, സിന്ധൂ ഗംഗാ തടങ്ങളിലേക്ക് ആക്രമണം തുടങ്ങി. ഘാസ്നി, മുള്‍ത്താന്‍, സിന്ധ്, ലാഹോര്‍, ദില്ലി എന്നിങ്ങനെ ഓരോ പട്ടണങ്ങളായി ഘോറി കീഴടക്കി. 1206-ല്‍ ഘോറിയുടെ മരണത്തിനു ശേഷം അദ്ദേഹത്തിന്റെ ഒരു സൈന്യാധിപനായിരുന്ന ഖുത്ബ് ഉദ് ദീന്‍ ഐബക് ദില്ലിയിലെ സുല്‍ത്താന്‍ എന്ന് സ്വയം പ്രഖ്യാപിക്കുകയും ദില്ലി സുല്‍ത്താനേറ്റിലെ ആദ്യ രാജവംശമായ മാംലൂക് രാജവംശം സ്ഥാപിക്കുകയും ചെയ്തു. (സ്വതന്ത്രരായ മാതാപിതാക്കള്‍ക്ക് ജനിച്ച അടിമ എന്നാണ്‌ മാംലൂക് എന്നതിനര്‍ത്ഥം). വടക്കു പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ മംഗോളിയരുമായി നിരന്തരസംഘര്‍ത്തിലായിരുന്നെങ്കിലും പതിമൂന്നാം നൂറ്റാണ്ടിന്റെ ആദ്യത്തോടെ ഖൈബര്‍ ചുരം മുതല്‍ ബംഗാള്‍ വരെയുള്ള ഉത്തരേന്ത്യ സുല്‍ത്താനത്തിന്റെ അധീനതയിലായി. ഇല്‍ത്തുമിഷും (1210-35) ബല്‍ബനുമായിരുന്നു മാംലൂക് രാജവംശത്തിലെ പ്രധാന ഭരണാധികാരികള്‍. പിടിച്ചടക്കപ്പെട്ട പ്രദേശങ്ങളില്‍ നിന്നും മറ്റു എതിരാളികളായ രാജകുടുംബങ്ങളില്‍ നിന്നുമുള്ള എതിര്‍പ്പുകള്‍ മൂലം 1290-ല്‍ മാംലൂക് ഭരണത്തിന്‌ അവസാനമായി.

[തിരുത്തുക] ഖില്‍ജി രാജവംശം

പ്രധാന ലേഖനം: ഖില്‍ജി രാജവംശം

മുഹമ്മദ് ഘോറിയുടെ കാലത്തു തന്നെ ബംഗാളിന്റെ ഭരണകര്‍ത്താക്കളായി മാറിയ ഖില്‍ജി അഥവാ ഖല്‍ജി രാജവംശം മാംലൂകുകളുടെ സാമന്തരായിരുന്നു. ഒരു അട്ടിമറിയിലൂടെ ജലാലുദ്ദീന്‍ ഫിറൂസ് ഖില്‍ജി മാംലൂക് രാജവംശത്തെ പുറത്താക്കി സാമ്രാജ്യം പിടിച്ചടക്കി. ഖില്‍ജികള്‍ ഗുജറാത്ത്, മാള്‍‌വ തുടങ്ങിയ പ്രദേശങ്ങള്‍ കൈയടക്കുകയും ആദ്യമായി നര്‍മദ നദിയുടെ തെക്കുഭാഗത്തേക്ക് അതായത് തമിഴ്‌നാടു വരെ പര്യവേഷണങ്ങള്‍ നടത്തി. 1320-ല്‍ ഖില്‍ജി രാജവംശത്തിലെ മൂന്നാമത്തെ സുല്‍ത്താനായിരുന്ന ഖുത്ബ്ദീന്‍ മുബാരക് ഷായെ, സുല്‍ത്താന്റെ വിശ്വസ്ഥനായിരുന്ന ഖുര്‍സു ഖാന്‍ കൊലപ്പെടുത്തി സ്വയം സുല്‍ത്താനായി പ്രഖ്യാപിച്ചു. അതോടെ ഖില്‍ജി വംശത്തിന്‌ അന്ത്യമായി.

[തിരുത്തുക] തുഗ്ലക് രാജവംശം

പ്രധാന ലേഖനം: തുഗ്ലക് രാജവംശം

1321-ല്‍ ഘാസി തുഗ്ലക്, ഖുര്‍സു ഖാന്റെ ഭരണത്തിന്‌ അറുതി വരുത്തി ഘിയാത്ത് അല്‍ദിന്‍ തുഗ്ലക് എന്ന നാമത്തില്‍ സുല്‍ത്താനായി പ്രഖ്യാപിച്ചതോടെ തുഗ്ലക് രാജവംശത്തിന്റെ ആരംഭമായി. ഘിയാസുദ്ദീന്റെ പുത്രനും പിന്‍‌ഗാമിയുമായിരുന്ന മുഹമ്മദ് ബിന്‍ തുഗ്ലകിന്റെ കാലത്ത് സാമ്രാജ്യം ശക്തി പ്രാപിച്ചു. മുഹമ്മദ് ബിന്‍ തുഗ്ലകിനു ശേഷം അദ്ദേഹത്തിന്റെ ബന്ധു ഫിറോസ് ഷാ തുഗ്ലക് അധികാരം ഏറ്റെടുത്തു. ഫിറോസ് ഷാ ഒരു ജനപക്ഷഭരണാധികാരിയായിരുന്നെങ്കിലും ഇക്കാലത്ത് സൈനികശേഷിയില്‍ കുറവുണ്ടായി. 1388-ല്‍ ഫിറോസ് ഷായുടെ മരണശേഷം കരുത്തരായ നേതാക്കളുടെ അഭാവം തുഗ്ലക് രാജവംശത്തെ അസ്തമയത്തിലേക്ക് നയിച്ചു. പത്തു വര്‍ഷത്തിനുള്ളില്‍ത്തന്നെ രാജവംശത്തിന്‌ അന്ത്യമായി.

[തിരുത്തുക] തിമൂറിന്റെ ആക്രമണം, ദൗലത് ഖാന്‍ ലോധിയുടെ ഭരണം, സയ്യിദ് രാജവംശം

പ്രധാന ലേഖനം: സയ്യിദ് രാജവംശം

1398 ഡിസംബര്‍ 17-ന്‌ തിമൂര്‍ ദില്ലി ആക്രമിച്ചു കീഴടക്കി പട്ടണം കൊള്ളയടിച്ച് നശിപ്പിച്ചു. ദില്ലിയിലെ മുസ്ലീം സുല്‍ത്താന്മാര്‍ തങ്ങളുടെ രാജ്യത്തെ ഹിന്ദുക്കളോട് കാണിക്കുന്ന മൃദുമനോഭാവവും സഹിഷ്ണുതയാണ്‌ ദില്ലി ആക്രമിക്കാന്‍ തിമൂറിന്‌ പ്രേരകമായത്. ഏകദേശം ഒരുലക്ഷത്തോളം പേരെ തിമൂര്‍ കൊലപ്പെടുത്തി. പിടിക്കപ്പെട്ടവരില്‍ അവശേഷിക്കുന്ന മിക്കവാറും ദില്ലി നിവാസികളേയും തിമൂര്‍ അടിമകളാക്കുകയും ചെയ്തു. 1399-ഓടെ തിമൂര്‍ ദില്ലി വിട്ടു തന്റെ രാജ്യത്തേക്ക് മടങ്ങി. തിമൂറിന്റെ ആക്രമണത്തോടെ ദില്ലി സുല്‍ത്താന്മാരുടെ സാമ്രാജ്യത്തിനു മേലുള്ള കേന്ദ്രീകൃതാധിപത്യത്തിന്‌ കാര്യമായ ക്ഷയം സംഭവിച്ചു.

മഹ്മൂദ് തുഗ്ലക്കിന്റെ മരണത്തിനു ശേഷം ദൗലത് ഖാന്‍ ലോധിക്കാണ്‌ സാമ്രാജ്യം ഭരിക്കുന്നതിന് പ്രഭുക്കാന്മാര്‍ പിന്തുണ നല്‍കിയത്[2]. എന്നാല്‍ അദ്ദേഹത്തിന്റെ ഭരണം വളരെക്കുറച്ചു മാസങ്ങള്‍ മാത്രമേ നീണ്ടുനിന്നുള്ളൂ. തിമൂര്‍, മുള്‍ത്താന്റെ ഗവര്‍ണറായി നിയമിച്ച ഖിസ്‌ര്‍ ഖാന്‍ 1414 മാര്‍ച്ച് മാസം ദില്ലി ആക്രമിച്ചു കീഴടക്കി. ദൗലത് ഖാനെ തടവിലാക്കി ഹിസാര്‍ ഫിറൂസയിലേക്കയച്ചു. ഖിസ്‌ര്‍ ഖാന്‍ സ്ഥാപിച്ച രാജവംശം സയ്യിദ് രാജവംശം എന്നറിയപ്പെടുന്നു. തിമൂറിന്റെ പേരക്കുട്ടിയായിരുന്ന ഷാ രുകിന്റെ കാലത്ത് അദ്ദേഹത്തിന്റെ സാമന്തനായാണ്‌ ഖിസ്‌ര്‍ ഖാന്‍ സാമ്രാജ്യം ഭരിച്ച്ത്. സയ്യിദ് രാജവംശത്തിന്റെ 37 വര്‍ഷത്തെ ഭരണകാലയളവ്‍ നാലു സുല്‍ത്താന്മാരുടെ ഭരണത്തിന്‌ സാക്ഷ്യം വഹിച്ചു.

[തിരുത്തുക] ലോധി രാജവംശം

പ്രധാന ലേഖനം: ലോധി രാജവംശം

1451-ല്‍ അവസാനത്തെ സയ്യിദ് സുല്‍ത്താനായിരുന്ന മുഹമ്മദ് ബിന്‍ ഫരീദിന്റെ മരണത്തിനു ശേഷം, പഞ്ചാബിലെ ഗവര്‍ണറും സൈന്യാധിപനുമായിരുന്ന ബഹ്ലൂല്‍ ഖാന്‍ ലോധി ദില്ലിയുടെ ഭരണം ഏറ്റെടുത്തു. അദ്ദേഹം വിവിധ പ്രവിശ്യകളിലെ കലാപങ്ങള്‍ അടിച്ചമര്‍ത്തുകയും ബന്ധുക്കളായ അഫ്ഘാന്‍ പ്രഭുക്കള്‍ക്ക് ഭൂമിയുടെ അധികാരം നല്‍കി വ്യാപകമായ രാഷ്ട്രീയപിന്തുണ നേടുകയും ചെയ്തു.

സിക്കന്തര്‍ ലോധി, ഇബ്രാഹിം ലോധി എന്നിവരായിരുന്നു ലോധി രാജവംശത്തിലെ മറ്റു രണ്ടു ഭരണാധികാരികള്‍. 1526-ല്‍ ബാബര്‍ ഇബ്രാഹിം ലോധിയെ പാനിപ്പത്ത് യുദ്ധത്തില്‍ പരാജയപ്പെടുത്തി ദില്ലി കീഴടക്കി ദില്ലി സുല്‍ത്താന്മാരുടെ ഭരണത്തിന്‌ അറുതി വരുത്തി. ഇബ്രാഹിം ലോധിയുടെ കീഴില്‍ ലാഹോറിലെ ഗവര്‍ണറായിരുന്ന ദൗലത് ഖാന്‍ ലോധിയും, ഇബ്രാഹിം ലോധിയുടെ അമ്മാവനായ ആലം ഖാനും ചേര്‍ന്ന് ഗൂഢാലോചന നടത്തിയാണ്‌ ബാബറെ ദില്ലി ആക്രമിക്കുന്നതിന്‌ ക്ഷണിച്ചത്. പാനിപ്പത്ത് യുദ്ധത്തില്‍ ഇബ്രാഹിം ലോധി മരണപ്പെടുകയും അത് മുഗള്‍ സാമ്രാജ്യത്തിന്റെ സ്ഥാപനത്തിന്‌ വഴി തെളിക്കുകയും ചെയ്തു.

രാജവംശം ഭരണാധികാരി കാലയളവ്
മാംലൂക് രാജവംശം (1206 - 1290)
ഖുത്ബ്‌ദ്ദീന്‍ ഐബക് 1206 - 1210
അറാം ഷാ 1210 - 1211
ഷംസുദ്ദീന്‍ ഇല്‍തുമിഷ് 1210 - 1236
രുക്നുദ്ദീന്‍ ഫിറൂസ് 1236
റസിയ്യ 1236 - 1240
മുയിസുദ്ദീന്‍ ബഹ്രാം 1240 - 1242
അലാവുദ്ദീന്‍ മസൂദ് 1242 - 1246
നസീറുദ്ദീന്‍ മഹ്മൂദ് 1246 - 1266
ഘിയാസുദ്ദീന്‍ ബല്‍ബന്‍ 1266 - 1286
മുയിസുദ്ദീന്‍ ഖ്വായിഖബാദ് 1286 - 1290
കയുമാര്‍സ് 1290
ഖില്‍‍ജി രാജവംശം (1290 - 1321)
ജലാലുദ്ദീന്‍ ഫിറോസ് ഖില്‍ജി 1290 - 1296
അലാവുദ്ദീന്‍ ഖില്‍ജി 1296 - 1316
ഖുത്ബ്ദ്ദീന്‍ മുബാരക് ഷാ 1316 - 1321
തുഗ്ലക് രാജവംശം (1321 - 1398)
ഘിയാസുദ്ദീന്‍ തുഗ്ലക് ഷാ ഒന്നാമന്‍ 1321 - 1325
മുഹമ്മദ് ബിന്‍ തുഗ്ലക് (മുഹമ്മദ് ഷാ രണ്ടാമന്‍) 1325 - 1351
മഹ്മൂദ് ബിന്‍ മുഹമ്മദ് 1351 മാര്‍ച്ച്
ഫിറോസ് ഷാ തുഗ്ലക് 1351 - 1388
ഘിയാസുദ്ദീന്‍ തുഗ്ലക് രണ്ടാമന്‍ 1388 - 1389
അബൂ ബക്കര്‍ 1389 - 1390
നസിറുദ്ദീന്‍ മുഹമ്മദ് ഷാ മൂന്നാമന്‍ 1390 - 1393
സിക്കന്തര്‍ ഷാ ഒന്നാമന്‍ 1393 മാര്‍ച്ച് - ഏപ്രില്‍
ഘിയാസുദ്ദീന്‍ തുഗ്ലക് ഷാ ഒന്നാമന്‍ 1321 - 1325
മഹ്മൂദ് നസിറുദ്ദീന്‍ (സുല്‍ത്താന്‍ മഹ്മൂദ് രണ്ടാമന്‍) (ദില്ലി) 1393 - 1394
നസ്റത്ത് ഷാ (ഫിറോസാബാദ്) 1394 - 1398
ലോധി രാജവംശം (1413 - 1414) ദൗലത് ഖാന്‍ [2] 1413 - 1414
സയ്യിദ് രാജവംശം (1414 - 1451)
ഖിസര്‍ ഖാന്‍ (ഖിദ്‌ര്‍ ഖാന്‍) 1414 - 1421
മുബാരക് ഷാ രണ്ടാമന്‍ 1421 - 1435
മുഹമ്മദ് ഷാ നാലാമന്‍ 1435 - 1445
അലാവുദ്ദീന്‍ ആലം ഷാ 1445 - 1451
ലോധി രാജവംശം (1451 - 1526)
ബാഹ്‌ലൂല്‍ ഖാന്‍ ലോധി 1451 - 1489
സിക്കന്ദര്‍ ലോധി 1489-1517
ഇബ്രാഹിം ലോധി (ഇബ്രാഹിം രണ്ടാമന്‍) 1517-1526

[തിരുത്തുക] സാമ്രാജ്യവികസനം

പതിമൂന്നാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ദില്ലി സുല്‍ത്താന്മാരുടെ അധികാരം കോട്ടകളിലും അവക്കു ചുറ്റുമുള്ള നഗരങ്ങളിലും മാത്രമായി ഒതുങ്ങിയിരുന്നു. പട്ടണങ്ങള്‍ക്കു പുറത്തുള്ള പ്രദേശങ്ങളില്‍ ആധിപത്യം പുലര്‍ത്താന്‍ അവര്‍ക്കായിരുന്നില്ല. വ്യാപാരം, കപ്പം, കൊള്ളയടി എന്നിവയൊക്കെയായിരുന്നു പ്രധാന വരുമാനമാര്‍ഗങ്ങള്‍.

ബംഗാള്‍‍ മുതല്‍ സിന്ധ് വരെയുള്ള പ്രദേശങ്ങളിലെ സുല്‍ത്താന്റെ നിയന്ത്രണത്തിലുള്ള കോട്ടകളിലെ സൈനികവ്യൂഹത്തെ ദില്ലിയില്‍ നിന്നും നിയന്ത്രിക്കുക എന്നത് വളരെ ബുദ്ധിമുട്ടേറിയതായിരുന്നു. ഇതിലുപരിയായി യുദ്ധം, ആഭ്യന്തരകലഹം, അഫ്ഘാനില്‍ നിന്നുള്ള മംഗോള്‍ ആക്രമണം എന്നിങ്ങനെ സുല്‍ത്താനേറ്റിന്‌ നിരവധി പ്രശ്നങ്ങള്‍ ഇക്കാലത്ത് അതിജീവിക്കേണ്ടി വന്നിരുന്നു.

ഘിയാസുദ്ദീന്‍ ബല്‍ബന്‍, അലാവുദ്ദീന്‍ ഖല്‍ജി, മുഹമ്മദ് തുഗ്ലക് എന്നിവരുടെ ഭരണകാലത്താണ്‌ ദില്ലി സുല്‍ത്താനത്ത് വികാസം പ്രാപിച്ചത്[1].

[തിരുത്തുക] ആദ്യഘട്ടം

അതിര്‍ത്തിക്കകത്ത് നഗരങ്ങള്‍ക്കു ചുറ്റുമുള്ള പ്രദേശങ്ങളിലെ ആധിപത്യം ഉറപ്പിക്കുക എന്നതായിരുന്നു ഇതിലെ ആദ്യപടി. ഗംഗാ-യമുനാ തടങ്ങളിലെ കാടുകളെല്ലാം വെട്ടിത്തെളിച്ച് ഈ ഭൂമി കൃഷിക്കാര്‍ക്കായി വിട്ടുകൊടുത്ത് കാര്‍ഷികവൃത്തി പ്രോല്‍സാഹിപ്പിച്ചു.

പ്രാദേശികവ്യാപാരം മെച്ചപ്പെടുത്തുന്നതിനും, വ്യാപാരപാതകളെ സം‌രക്ഷിക്കുന്നതിനും അവര്‍ പുതിയ പട്ടണങ്ങളും കോട്ടകളും സ്ഥാപിച്ചു.

[തിരുത്തുക] രണ്ടാം ഘട്ടം

സൈനികനടപടികളിലൂടെ അതിരുകള്‍ വികസിപ്പിച്ചുകൊണ്ടായിരുന്നു രണ്ടാംഘട്ടസാമ്രാജ്യവികസനം. ദക്ഷിണേന്ത്യയിലേക്കുള്ള ഈ സൈനികപരിപാടികള്‍ക്ക് തുടക്കമിട്ടത് അലാവുദ്ദീന്‍ ഖല്‍ജിയുടെ കാലത്താണ്‌. മുഹമ്മദ് തുഗ്ലക്കിന്റെ കാലത്ത് സാമ്രാജ്യവിസ്തൃതി അതിന്റെ പാരമ്യത്തിലെത്തി[1].

ഈ പോരാട്ടങ്ങളില്‍ സുല്‍ത്താനത്തിന്റെ സൈന്യം നിരവധി ആനകളേയും കുതിരകളേയും അടിമകളേയും കൈയ്യടക്കി. കൂടാതെ വിലപിടിപ്പുള്ള ലോഹങ്ങളും അവര്‍ കൊള്ളയടിച്ചു.

നിശബ്ദമായ ആരംഭത്തിനു ശേഷമുള്ള 150 വര്‍ഷത്തിനു ശേഷം അതായത് മുഹമ്മദ് തുഗ്ലകിന്റെ ഭരണകാലത്തിന്റെ അവസാനത്തോടെ ഉപഭൂഖണ്ഡത്തിന്റെ വളരെ വലിയ ഒരുഭാഗത്തിന്റെ അധീനരായി ദില്ലി സുല്‍ത്താനത്ത് മാറി. കൃഷിക്കാരില്‍ നിന്നടക്കം ഇക്കാലത്ത് നികുതി പിരിക്കാന്‍ തുടങ്ങി. പക്ഷേ ഇത്രയും വലിയ ഒരു പ്രദേശമായതിനാല്‍ നിയന്ത്രണം അത്ര ഫലപ്രദമായിരുന്നില്ല.

[തിരുത്തുക] ഭരണം

ദില്ലി സുല്‍ത്താന്മാരുടെ ഭരണഭാഷ പേര്‍ഷ്യന്‍ ആയിരുന്നു.

ദില്ലി സുല്‍ത്താനത്ത് പോലെയുള്ള ഒരു വിസ്തൃതമായ സാമ്രാജ്യം ഭരിക്കുന്നതിന്‌ കഴിവുറ്റ പ്രാദേശികഭരണാധികാരികള്‍ അത്യാവശ്യമായിരുന്നു. പ്രഭുക്കന്മാരേയും ജന്മികളേയും മറ്റും ഗവര്‍ണര്‍ സ്ഥാനം ഏല്പ്പിക്കാതെ സൈന്യത്തിലേക്ക്ക് വേണ്ടി വാങ്ങിയ ബന്ദഗന്‍ എന്നു വിളിക്കുന്ന അടിമകളേ ഇത്തരം സ്ഥാനങ്ങളില്‍ നിയമിക്കാന്‍ സുല്‍ത്താന്മാര്‍ പ്രത്യേകിച്ചും ഇല്‍ത്തുമിഷ് ശ്രദ്ധിച്ചിരുന്നു.

അവരെ പ്രത്യേകം പരിശീലിപ്പിച്ച് സാമ്രാജ്യത്തിന്റെ പ്രധാനഭരണസ്ഥഅനങ്ങളില്‍ അവരോധിച്ചു. ഇത്തരം അടിമകള്‍ യജമാനനോട് തികഞ്ഞ വിശ്വസ്ഥത പുലര്‍ത്തിയിരുന്നതിനാല്‍ ഈ ഭരണരീതി സുല്‍ത്താന്മാര്‍ക്ക് താരതമ്യേന എളുപ്പമുള്ളതായിരുന്നു.

ഖില്‍ജിമാരും തുഗ്ലകുകളും ഇത്തരം അടിമകളെ ഉപയോഗ്ഗിക്കുന്ന രീതി തുടര്‍ന്നു. ഇതിനുപുറമേ തങ്ങളുടെ ആശ്രിതരായ സാധാരണക്കാരേയും ഉയര്‍ന്ന തസ്തികകളിലേക്ക് സ്ഥാനക്കയറ്റം നല്‍കി. അവരെ ജനറല്‍മാരും, ഗവര്‍ണര്‍മാരുമാക്കി. ഇത് ഒരുതരത്തില്‍ രാഷ്ട്രീയ അസ്ഥിരതക്ക് കാരണമായി.

സൈനികരായ അടിമകളും ആശ്രിതരും തങ്ങളുടെ യജമാനനോട് പൂര്‍ണമായ കൂറു പുലര്‍ത്തുമെങ്കിലും അവരുടെ അനന്തരവകാശികളോട് ഈ കൂറ് പുലര്‍ത്താറില്ല. പുതിയ സുല്‍ത്താന്മാരുടെ സ്ഥാനാരോഹണസമയത്ത് ഇത് പലപ്രശ്നങ്ങള്‍ക്കും വഴിവക്കാറുണ്ടായിരുന്നു. മാത്രമല്ല സുല്‍ത്താന്‌ ആശ്രിത്രരോടുള്ള ഈ മമത പ്രഭുക്കന്മാരുടേയും മറ്റും അപ്രീതിക്കും കാരണമായി.

അസീസ് ഖുമ്മാര്‍ എന്ന വീഞ്ഞുനിര്‍മ്മാതാവിനേയും, ഫിറൂസ് ഹജ്ജാം എന്ന ഒരു ക്ഷുരകനേയും മാന്‍‌ക തബാഖ് എന്ന ഒരു കുശിനിക്കാരനേയും, തോട്ടക്കാര ലാധ, പീര എന്നിവരേയും മുഹമ്മദ് തുഗ്ലക് ഉയര്‍ന്ന ഭരണപദവികളില്‍ നിയമിച്ചു. സിയാവുദ്ദീന്‍ ബരണി എന്ന പതിനാലാം നൂറ്റാണ്ടിന്റെ മദ്ധ്യത്തില്‍ ജീവിച്ചിരുന്ന ചരിത്രകാരന്‍ സുല്‍ത്താന്റെ നീതിനിര്‍‌വഹണത്തിലെ പിഴവായും ഭരണത്തിലെ കഴിവുകേടിന്റെ സൂചനായായും ഇതിനെ വിലയിരുത്തി.

പതിനാലാം നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ സര്‍ക്കാര്‍ എന്നറിയപ്പെട്ടിരുന്ന പ്രവിശ്യകളിലും, പാര്‍ഗണകള്‍ എന്നറിയപ്പെട്ടിരുന്ന ജില്ലകളിലും നാണയവ്യവസ്ഥ നടപ്പിലാക്കി. നികുതി പ്രധാനമായും കൃഷിയെ ആശ്രയിച്ചായതിനാല്‍ മുഹമ്മദ് ബിന്‍ തുഗ്ലക് ഗ്രാമീണകിണറുകള്‍ കുഴിച്ചും, വിത്ത് വിതരണം നടത്തിയും കൃഷി പ്രോല്‍സാഹിപ്പിച്ചിരുന്നു. പ്രത്യേകിച്ച് കരിമ്പ് പോലുള്ള നാണ്യവിളകളുടെ കൃഷിക്കും പ്രോല്‍സാഹനം നല്‍കി.

[തിരുത്തുക] നികുതി പിരിവ്

മുന്‍ സുല്‍ത്താന്മാരെപ്പോലെ ഖില്‍ജികളും തുഗ്ലകും സേനാനായകന്മാരെ വിവിധ പ്രദേശങ്ങളിലെ ഗവര്‍ണര്‍മാരായി നിയമിച്ചു. ഇത്തരം പ്രദേശങ്ങളെ ഇഖ്ത എന്നാണ് വിളിച്ചിരുന്നത്. ഗവര്‍ണര്‍മാര്‍ ഇഖ്താദാര്‍ എന്നും മുഖ്തി എന്നും അറിയപ്പെട്ടു. സൈനികനീക്കങ്ങള്‍ നയിക്കുന്നതിനു പുറമേ തങ്ങളുടെ ഇഖ്തകളിലെ നീതിന്യായവ്യവസ്ഥിതി കാത്തുസൂക്ഷിക്കുക അവിടെ നിന്ന് നികുതി പിരിക്കുക തുടങ്ങിയവയോക്കെ മുഖ്തികളുടെ ചുമതലയഅയിരുന്നു. പിരിക്കുന്ന നികുതിയില്‍ നിന്നാണ്‌ തന്റേയും കീഴിലുള്ള ഉദ്യോഗസ്ഥരുടെയും ശമ്പളം കണ്ടെത്തിയിരുന്നത്.

ഇഖ്തകളുടെ ചുമതല ഒരാള്‍ക്ക് പരമ്പരാഗതമായി നല്‍കാതെ ഒരു നിശ്ചിതകാലയളവിലേക്ക്ക് മാത്രം നല്‍കി മുഖ്തികള്‍ക്കു മേലുള്ള തങ്ങളുടെ നിയന്ത്രണം അലാവുദ്ദീന്‍ ഖില്‍ജി, മുഹമ്മദ് തുഗ്ലക് എന്നിവരുടെ സമയത്ത് കാര്യക്ഷമമാക്കിയിരുന്നു. ഇതിനു പുറമേ പ്രത്യേകം ഉദ്യോഗസ്ഥരെ നിയമിച്ച് മുഖ്തീകള്‍ പിരിക്കുന്ന നികുതിയുടേയും അവര്‍ക്കു കീഴിലുള്ള സൈനികരുടേയും കണക്കുകള്‍ പരിശോധിക്കാനും സുല്‍ത്താന്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തിയിരുന്നു.

ദില്ലി സുല്‍ത്താന്മാര്‍ നഗരങ്ങളുടെ പ്രാന്തപ്രദേശങ്ങളുടെ നിയന്ത്രണം ഏറ്റെടുത്തപ്പോള്‍ അവിടത്തെ പ്രാദേശികഭരണാധികാരികളേയും വന്‍ ഭൂവുടമകളേയും സാമന്തരാക്കിയിരുന്നു. എന്നാല്‍ അലാവുദ്ദീന്‍ ഖില്‍ജിയുടെ കാലത്തോടെ നികുതി പിരിക്കാനുള്ള ഈ സാമന്തഭരണാധികാരികളുടെ എല്ലാ അവകാശങ്ങളും റദ്ദാക്കുകയും സുല്‍ത്താനേറ്റ് നേരിട്ട് നികുതിപിരിവ് ആരംഭിക്കുകയും ചെയ്തു. ഇതോടൊപ്പം ഈ പ്രദേശികഭരണാധികഅരികള്‍ കൂടി നികുതി നല്‍കേണ്ടതായും വന്നു. സുല്‍‍ത്താന്റെ കീഴിലുള്ള ഉദ്യോഗസ്ഥര്‍ ഭൂമി അളന്ന് തിട്ടപ്പെടുത്തി കണക്ക് സൂക്ഷിക്കാനും ആരംഭിച്ചു.

[തിരുത്തുക] വിവിധ തരം നികുതികള്‍

മൂന്നു തരം നികുതികളാണ് ഇക്കാലത്ത് നിലവിലിരുന്നത്.

  1. കാര്‍ഷികനികുതി - ഖരാജ് എന്നറിയപ്പെട്ടിരുന്ന ഈ നികുതി കാര്‍ഷികോല്പാദനത്തിന്റെ 50 ശതമാനം വരുമായിരുന്നു.
  2. കന്നുകാലിനികുതി
  3. ഭവനനികുതി.

[തിരുത്തുക] സംസ്കാരം

ദില്ലി സുല്‍ത്താന്മാര്‍ ഉപഭൂഖണ്ഡത്തിലെ വിവിധനഗരങ്ങളില്‍ നിവരവധി മോസ്കുകള്‍ പണിതീര്‍ത്തു. ഇന്ന് ഖുത്ബ് മിനാര്‍ സ്ഥിതിചെയ്യുന്നയിടത്തി ഖുവ്വാത്ത് അല്‍ ഇസ്ലാം മോസ്കും മിനാറും പണിതീര്‍ത്തത് പന്ത്രണ്ടാം നൂറ്റാണ്ടിന്റെ അവസാനദശകത്തിലാണ്‌. ഖുത്ബ് ഐബക്, ഇല്‍തുമിഷ് എന്നീ രണ്ടു സുല്‍ത്താന്മാരുടെ കാലത്താണ്‌ മിനാര്‍ പണിതത്. മുന്‍പ് ഇത് ദില്ലി സുല്‍ത്താന്മാര്‍ നിര്‍മ്മിച്ച ദെഹ്‌ലി ഇ കുഹ്ന എന്ന ആദ്യനഗരത്തിലെ നമസ്കാരപ്പള്ളിയായ്രുന്നു. ഇല്‍തുമിഷും അലാവുദ്ദീന്‍ ഖില്‍ജിയുമാണ്‌ ഇത് പുനരുദ്ധരിച്ചത്.

ബീഗം‌പുരി മോസ്ക് പണിപൂര്‍ത്തിയാക്കിയത്, മുഹമ്മദ് തുഗ്ലകിന്റെ കാലത്താണ്‌. ദില്ലിയിലെ തന്റെ പുതിയ തലസ്ഥാനമഅയ ജഹാന്‍പാനായിലെ പ്രധാന പള്ളിയായിരുന്നു ഇത്. സിക്കന്തര്‍ ലോധിയുടെ കാലത്ത് നിര്‍മ്മിക്കപ്പെട്ട ഒരു പള്ളിയാണ് മോഠ് കി മസ്ജിദ്. 1520-കളുടെ അവസാനം നിര്‍മ്മിക്കപ്പെട്ട ഒരു പള്ളിയാണ്‌ ജമാലി കമാലി.

[തിരുത്തുക] വെല്ലുവിളികള്‍

വളരെയധികം വിജയങ്ങള്‍ കൈവരിച്ചെങ്കിലും ഉപഭൂഖണ്‍ഡത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളും സുല്‍ത്താന്റെ പൂര്‍ണ്ണനിയന്ത്രണത്തിലായിരുന്നില്ല. ബംഗാള്‍ പോലുള്ള വിദൂരപ്രദേശങ്ങള്‍ ദില്ലിയില്‍ നിന്ന് നിയന്ത്രിക്കുക എളുപ്പമായിരുന്നില്ല. ദക്ഷിണേന്ത്യയുടെ ഭാഗങ്ങള്‍ കീഴടക്കിയതിനു പുറകേ തന്നെ അവ സ്വതന്ത്രമായി.

മാത്രമല്ല ഗംഗാതടങ്ങളില്പോലും സുല്‍ത്താന്റെ സേനക്ക് അപ്രാപ്യമായ വനപ്രദേശങ്ങളുണ്ടായിരുന്നു. പ്രാദേശികജന്മികള്‍ ഈയിടങ്ങളില്‍ ഭരണം നടത്തി. മുഹമ്മദ് തുഗ്ലക്കിനും, അലാവുദ്ദീന്‍ ഖില്‍ജിക്കും ഇത്തരം പ്രദേശങ്ങളുടെ നിയന്ത്രണം പിടിച്ചെടുക്കാന്‍ സാധിച്ചെങ്കിലും അത് ഒരു ചെറിയ കാലയളവിലേക്ക് മാത്രമേ നിലനിര്‍ത്താന്‍ സാധിച്ചുള്ളൂ.

ജെംഗിസ് ഖാന്റെ നേതൃത്വത്തിലുള്ള മംഗോളിയര്‍ 1219-ല്‍ വടക്കു കിഴക്കന്‍ ഇറാഖിലുള്ള ട്രാന്‍സോക്ഷ്യാന പിടിച്ചടക്കി. ഇതിനെത്തുടര്‍ന്ന് ദില്ലി സുല്‍ത്താനേറ്റിനും ഇതിന്റെ തുടര്‍ ആക്രമണങ്ങളെ നേരിടേണ്ടി വന്നു. അലാവുദ്ദീന്‍ ഖില്‍ജിയുടെ കാലത്തും മുഹമ്മദ് തുഗ്ലകിന്റെ ഭരണത്തിന്റെ ആദ്യ കാലങ്ങളിലും മംഗോള്‍ ആക്രമണം താരതമ്യേന വര്‍ദ്ധിച്ചു. വമ്പിച്ച സൈനികവ്യൂഹത്തെ കെട്ടിപ്പടുക്കുന്നതിന്‌ ഇത് ഈ ഭരണാധികാരികളെ നിര്‍ബന്ധിതരാക്കി.

[തിരുത്തുക] മംഗോള്‍ ആക്രമണങ്ങള്‍

അലാവുദ്ദീന്‍ ഖില്‍ജിയുടെ കാലഘട്ടത്തില്‍ 1299-1300, 1302-1303 എന്നീ കാലയളവുകളില്‍ മംഗോളിയര്‍ രണ്ടു വട്ടം ദില്ലി ആക്രമിച്ചു. ഇതിനെ നേരിടുന്നതിന്‌ ഖില്‍ജി ഒരു വലിയ സൈന്യത്തെ രൂപീകരിക്കുകയും, പട്ടാളക്കാരെ വിന്യസിക്കുന്നതിന്‌ സിരി എന്നു പേരുള്ള ഒരു പട്ടണം നിര്‍മ്മിക്കുകയും ചെയ്തു.

ഗംഗക്കും യമുനക്കും ഇടയിലുള്ള പ്രദേശങ്ങളില്‍ നിന്നും നികുതിയായി പിരിച്ചിരുന്ന കാര്‍ഷികവിഭവങ്ങളാണ്‌ ഈ സൈന്യത്തെ ഊട്ടാന്‍ ഉപയോഗിച്ചിരുന്നത്. കാര്‍ഷികോല്പ്പാദനത്തിന്റെ അന്‍പതു ശതമാനം ഇക്കാലത്ത് നികുതിയായി പിരിച്ചിരുന്നു.

ഇഖ്തകളുടെ നിയന്ത്രണം നല്‍കുന്നതിനു പകരം പട്ടാളക്കാര്‍ക്ക് പണമായിത്തന്നെ വേതനം നല്‍കി. ഇതു കൊണ്ടുണ്ടായ പണപ്പെരുപ്പം മൂലം അവശ്യസാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കുന്നതിനുള്ള നടപടികളും ഖില്‍ജി സ്വീകരിച്ചു.

ഇങ്ങനെ അലാവുദ്ദീന്റെ ഭരണനടപടികള്‍ തികച്ചും വിജയകരമായിരുന്നു എന്നും ഇക്കാലത്തെ സാധങ്ങളുടെ ന്യായവിലയും ലഭ്യതയേയും പറ്റി ചരിത്രകാരന്മാര്‍ ഏറെ പുകഴ്ത്തിയിട്ടുണ്ട്. ഇക്കാരണങ്ങള്‍ കൊണ്ടുതന്നെ മംഗോള്‍ ആക്രമണങ്ങളെ അദ്ദേഹത്തിന്‌ സമര്‍ത്ഥമായി അതിജീവിക്കാന്‍ സാധിച്ചു.

മുഹമ്മദ് തുഗ്ലകിന്റെ ഭരണത്തിന്റെ ആദ്യകാലങ്ങളില്‍ മംഗോളിയര്‍ ദില്ലി ആക്രമിച്ചു. ഖില്‍ജിയെപ്പോലെ തുഗ്ലക്കും ഈ ആക്രമണങ്ങളെ നേരിടുന്നതിന്‌ വലിയൊരു സൈന്യം രൂപീകരിച്ചു. മാത്രമല്ല ട്രാന്‍സോക്ഷ്യാനയിലേക്ക് ഒരു പ്രത്യാക്രമണത്തിനും അദ്ദേഹം പദ്ധതിയിട്ടു.

എന്നാല്‍ ഖില്‍ജിയെപ്പോലെ പട്ടാളത്തെ വിന്യസിക്കാനായി ഒരു പട്ടണം നിര്‍മ്മിക്കുന്നതിനു പകരം ദില്ലിയിലെ നാലു നഗരങ്ങളില്‍ ഏറ്റവും പുരാതനമായ ദെഹ്ലി ഇ കുഹ്നയിലെ ജനങ്ങളെ കുടിയൊഴിപ്പിച്ച് അവിടം പട്ടാളക്കാരെ വിന്യസിക്കാനായി ഉപയോഗപ്പെടുത്തി. പട്ടണം വിട്ട ജനങ്ങളെ തെക്കുഭാഗത്തുള്ള പുതിയ തലസ്ഥാനനഗരമായ ദൗലതബാദിലേക്കയച്ചു.

കര്‍ഷകരില്‍ നിന്നും നികുതിയായി പിരിക്കുന്ന കാര്‍ഷികവിഭവങ്ങള്‍ തന്നെ സൈന്യത്തിന്‌ ഭക്ഷണം നല്‍കാന്‍ ഉപയോഗിച്ചു. ഇതിനു പുറമേ മറ്റു നികുതികളും സുല്‍ത്താന്‍ കര്‍ഷകരില്‍ നിന്ന് ഈടാക്കി. ഇങ്ങനെ ഗംഗായമുനാതടങ്ങളിലെ കര്‍ഷകര്‍ പട്ടിണിയിലായി.

പട്ടാളക്കാര്‍ക്ക് പണമായിത്തന്നെ വേതനം നല്‍കിയ തുഗ്ലക് വിലക്കയറ്റം പിടിച്ചു നിര്‍ത്തുന്നതിന്‌ നടപടികളൊന്നും സ്വീകരിച്ചില്ല. ഇതിനു പകരം വിലകുറഞ്ഞ ലോഹങ്ങള്‍ കൊണ്ടുള്ള പുതിയ നാണയം ഇറക്കി. എന്നാല്‍ ജനങ്ങള്‍ തങ്ങളുടെ സ്വര്‍ണ്ണ-വെള്ളി നാണയങ്ങള്‍ ശേഖരിച്ചു വച്ച് പുതിയ പണം തന്നെ സര്‍ക്കാരിലേക്ക് നികുതിയായും നല്‍കി മാത്രമല്ല പുതിയ നാണയത്തിന്റെ കള്ളനാണയങ്ങളും വ്യാപകമായി പ്രചാരത്തിലായി.

പ്പൊതുവേ മുഹമ്മദ് തുഗ്ലക്കിന്റെ ഭരണനടപടികള്‍ ഒരു പരാജ്യമായിരുന്നു. കശ്മീരിലേക്കുള്ള അദ്ദേഹത്തിന്റെ പടനീക്കം ഒരു വന്‍ നാശത്തില്‍ കലാശിച്ചു. ഇതോടെ ട്രാന്‍സോക്ഷ്യാന ആക്രമണവും വേണ്ടെന്നുവച്ചു.

തന്റെ വന്‍ സേനയെ പിരിച്ചുവിടുകയും ദൗലതാബാദിലേക്ക് മാറ്റിയ ജനങ്ങളെ വ്വീണ്ടും പഴയ നഗരത്തിലേക്ക് തിരിച്ചു വിട്ടു. ഗംഗാ യമുനാ മേഖലയിലെ നികുതിവര്‍ദ്ധനവും ദാരിദ്ര്യാവും വ്യാപകമായ പ്രതിഷേധത്തിനിടയാക്കി പരാജ്യപ്പെട്ട് പുതിയ നാണയം പിന്വലിക്കേണ്ടതായും വന്നു.

ഇത്തരം പരാജയങ്ങളൊക്കെ നേരിടേണ്ടിവന്നെങ്കിലും ദില്ലി സുല്‍ത്താനേറ്റിന്റെ ചരിത്രത്തില്‍ മംഗോളിയരെ ആക്രമിച്ച് അവരുടെ പ്രദേശം കീഴടക്കാന്‍ ശ്രമിച്ച ആദ്യ ഭരണാധികാരി എന്ന നിലയില്‍ തുഗ്ലക് ശ്രദ്ധ പിടിച്ചു പറ്റുന്നു.

മംഗോളിയര്‍ക്കെതിരെയുള്ള അലാവുദ്ദീന്‍ ഖില്‍ജിയുടെ നടപടികള്‍ പ്രതിരോധാത്മകമായിരുന്നു എങ്കില്‍ തുഗ്ലകിന്റേത് ആക്രമണാത്മകമായിരുന്നു.

[തിരുത്തുക] ഭരണാധികാരികള്‍

[തിരുത്തുക] റസിയ്യ

പ്രധാന ലേഖനം: സുല്‍ത്താന റസിയ

ഇന്ത്യയിലെ വളരെച്ചുരുക്കം വനിതാഭരണാധികാരികളില്‍ ഒന്ന് സുല്‍ത്താനേറ്റിലായിരുന്നു. 1236-ല്‍ ഇല്‍തുമിഷിന്റെ പുത്രി റസിയ്യ, ദില്ലിയുടെ സുല്‍ത്താനായി. ഉപഭൂഖണ്ഡത്തിലെ മുസ്ലീം രാജവംശങ്ങളിലെ ആദ്യ വനിതാഭരണാധികാരിയുമായിരുന്നു ഇവര്‍. 1236-40 വരെയുള്ള വളരെ കുറച്ചു കാലം മാത്രമേ റസിയ്യ സുല്‍ത്താന ഭരിച്ചിരുന്നുള്ളൂ എങ്കിലും അവരുടെ ഭരണത്തെക്കുറിച്ച് ചരിത്രകാരന്മാര്‍ പുകഴ്ത്തിയിട്ടുണ്ട്.

ചരിത്രകാരനായ മിന്‍‌ഹാജ് ഇ സിറാജിന്റെ അഭിപ്രായപ്രകാരം റസിയ്യ അവരുടെ സഹോദരമാരേക്കാള്‍ ഏറെ കഴിവുള്ളവരായിരുന്നു എങ്കിലും ഒരു രാജ്ഞിയുടെ ഭരണം നാട്ടിലെ പ്രമാണിമാര്‍ക്ക് ഇഷ്ടമായിരുന്നില്ല.

കിഴക്ക്‍ ദില്ലി മുതല്‍ പടിഞ്ഞാറ്‌‍ പെഷവാര്‍ വരെയും, വടക്ക്‍ കശ്മീര്‍ മുതല്‍ തെക്ക് മുള്‍ത്താന്‍ വരെയും റസിയ്യ ഭരിച്ചു. 1240-ല്‍ റസിയ്യ സ്ഥാനഭ്രഷ്ടയായി. എതിരാളികള്‍ റസിയ്യയേയും അവരുടെ ഭര്‍ത്താവ് മാലിക് അള്‍തുനിയയേയും വധിച്ച് ദില്ലിക്ക് പുറത്ത് ഖബറടക്കി.

[തിരുത്തുക] അവസാനം

തുഗ്ലക്കുകളുടെ കാലശേഷം സയ്യിദ്, ലോധി രാജവംശങ്ങള്‍ 1526 വരെ ദില്ലിയില്‍ നിന്നും ആഗ്രയില്‍ നിന്നും ഭരണം നടത്തി. അപ്പോഴേക്കും ജോന്‍പൂര്‍, ബംഗാള്‍, മാള്വ, ഗുജറാത്ത്, രാജസ്ഥാന്‍, ദക്ഷിണേന്ത്യ എന്നിവിടങ്ങളിലെല്ലാം പുതിയ സ്വതന്ത്രഭരണാധികാരികളും നഗരങ്ങളും വളര്‍ന്നു.

അഫ്ഘാനികള്‍, രജപുത്രര്‍ എന്നിങ്ങനെ പുതിയ വിഭാഗങ്ങളുടെ വളര്‍ച്ചക്കും ഈ കാലഘട്ടം സാക്ഷ്യം വഹിച്ചു.

[തിരുത്തുക] അവലംബം

  1. 1.0 1.1 1.2 Social Science, Our Pasts-II, NCERT Text Book in History for Class VII, Chapter 3 ISBN 817450724
  2. 2.0 2.1 http://sify.com/itihaas/fullstory.php?id=13233620
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം