അന്റാർട്ടിക്ക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അന്റാർട്ടിക്ക

ഭൂപടത്തിൽ അന്റാർട്ടിക്കയുടെ സ്ഥാനം.

വിസ്തീർണ്ണം 14,000,000 ച.കി.മീ (5,405,430 ച.മൈ) (280,000 ച.കി.മീ (108,108 ച.മൈ) ഹിമം-ഇല്ലാതെ, 13,720,000 ച.കി.മീ (5,297,321 ച.മൈ) ഹിമം മൂടിയത്)
ജനസംഖ്യ ~1000 (ഇതിൽ ആരും സ്ഥിരതാമസക്കാ‍ർ അല്ല)
സർക്കാർ

എക്സിക്യൂട്ടീവ് സെക്രട്ടറി
അന്റാർട്ടിക്ക് ട്രീറ്റി സെക്രെട്ടറിയേറ്റ് അനുസരിച്ച് ഭരണം നടത്തുന്നു

Johannes Huber
ഭാഗിക രാജ്യാവകാശങ്ങൾ (അന്റാർട്ടിക്ക് ട്രീറ്റി സിസ്റ്റം അനുസരിച്ച്)  അർജന്റീന
 ഓസ്ട്രേലിയ
 ചിലി
 ഫ്രാൻസ്
 New Zealand
 നോർവേ
 United Kingdom
രാജ്യാവകാശങ്ങൾ ഉന്നയിക്കാനുള്ള അവകാശം ഉള്ളവർ  റഷ്യ
 അമേരിക്കൻ ഐക്യനാടുകൾ
ഇന്റർനെറ്റ് സൂചിക റ്റി.എൽ.ഡി .aq
ടെലിഫോൺ സൂചിക +672

ഭൂമിയുടെ തെക്കെ അറ്റത്തുള്ള ഭൂഖണ്ഡമാണ് അന്റാർട്ടിക്ക അഥവാ അന്റാർക്‌‌ട്ടിക്ക. ഭൂമിയുടെ ദക്ഷിണധ്രുവം ഈ ഭൂഖണ്ഡത്തിലാണ് സ്ഥിതിചെയ്യുന്നത്. 98% മഞ്ഞു മൂടിക്കിടക്കുന്ന ഈ വൻകര യൂറോപ്പ്‌,ഓസ്ട്രേലിയ എന്നിവയെക്കാളും വലുതാണ്‌. അന്റാർട്ടിക്കയെ ആവരണം ചെയ്യുന്ന മഞ്ഞിന്റെ ശരാശരി കനം 1.6 കി.മീ ആണ്. മഞ്ഞിൽ ജീവിക്കാൻ തക്ക അനുകൂലനങ്ങളുള്ള ജീവജാലങ്ങൾ മാത്രമേ സ്വതേ അന്റാർട്ടിക്കയിൽ ജീവിക്കുന്നുള്ളു. സ്വാഭാവികമായി മനുഷ്യവാസമില്ലാത്ത ഏക ഭൂഖണ്ഡവും അന്റാർട്ടിക്കയാണ്. എന്നാലിന്ന് ഗവേഷണാവശ്യങ്ങൾക്കായി മഞ്ഞുകാലത്ത് ആയിരത്തോളം ആളുകളും വേനൽക്കാലത്ത് അയ്യായിരത്തോളം ആളുകളും താമസിക്കുന്നു. "ആർട്ടിക്കിനു എതിർവശത്തുള്ള" എന്നർത്ഥമുള്ള അന്റാർറ്റിക്കൊസ്‌ എന്ന ഗ്രീക്ക്‌ പദത്തിൽ നിന്നാണു ഈ പേരു വന്നത്.

1959-ൽ പന്ത്രണ്ട് രാജ്യങ്ങൾ ചേർന്ന് കൈക്കൊണ്ട അന്റാർട്ടിക് ഉടമ്പടിയിൽ ഇന്ന് 46 രാജ്യങ്ങൾ ഒപ്പു വെച്ചിരിക്കുന്നു. ഉടമ്പടി പ്രകാരം അന്റാർട്ടിക്കയിൽ സൈനിക പ്രവർത്തനവും ഖനനവും നിരോധിച്ചിരിക്കുന്നു, എന്നാൽ ശാസ്ത്ര ഗവേഷണങ്ങൾ അനുവദിച്ചിട്ടുണ്ട്. വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ള, വ്യത്യസ്ത ഗവേഷണങ്ങൾക്കുള്ള 4000-ൽ അധികം ശാസ്ത്രജ്ഞർ അന്റാർട്ടിക്കയിൽ പഠനങ്ങൾ നടത്തുന്നുണ്ട്[1].

ഭൂമിശാസ്ത്രം[തിരുത്തുക]

അന്റാർട്ടിക് വൃത്തത്തിനു മദ്ധ്യത്തിൽ (തെക്കുഭാഗത്ത്) ദക്ഷിണ സമുദ്രത്താൽ ചുറ്റപ്പെട്ടു കിടക്കുന്ന ഈ ഭൂഖണ്ഡത്തിന് 17968 കിലോമീറ്റർ കടൽത്തീരമുണ്ട്. ഹിമയറകൾ (Ice shelf 44%), ഹിമഭിത്തികൾ (Ice walls -38%), ഹിമാനികൾ (Glacier 13%) പാറ (5%) എന്നിവ ചേർന്നതാണ് ഭൂപ്രകൃതി. ട്രാൻസ് അന്റാർട്ടിക്ക പർവ്വതനിര അന്റാർട്ടിക്കൻ ഭൂഖണ്ഡത്തെ പശ്ചിമ അന്റാർട്ടിക്കയെന്നും, പൂർവ്വ അന്റാർട്ടിക്കയെന്നും രണ്ടായി തിരിക്കുന്നു. അന്റാർട്ടിക് ഹിമപാളി എന്ന ഭീമൻ ഹിമക്കട്ടയാൽ അന്റാർട്ടിക്ക മൂടപ്പെട്ടിരിക്കുന്നു.

പൂർവ്വ അന്റാർട്ടിക്ക ട്രാൻസന്റാർട്ടിക്കൻ പർവ്വതത്തിന്റെ ഇന്ത്യൻ മഹാസമുദ്രഭാഗത്തായി നിലകൊള്ളുന്നു. ഇവിടുത്തെ പ്രദേശങ്ങളെ കോട്സ് ലാൻഡ്, ക്വീൻ മൗഡ് ലാൻഡ് എൻഡെർബി ലാൻഡ്, മാക് റോബേർട്സൺ ലാൻഡ്, വിൽക്കീസ് ലാൻഡ്, വിക്ടോറിയ ലാൻഡ് എന്നിങ്ങനെ തിരിച്ചിരിക്കുന്നു. കിഴക്കൻ അന്റാർട്ടിക്കയെ മൂടിയിരിക്കുന്ന മഞ്ഞുപാളിയെ പൂർവ്വ അന്റാർട്ടിക്കൻ മഞ്ഞുപാളി എന്നു വിളിക്കുന്നു. പടിഞ്ഞാറൻ അന്റാർട്ടിക്ക പടിഞ്ഞാറൻ അന്റാർട്ടിക്ക് ഹിമപാളിയാൽ മൂടപ്പെട്ടിരിക്കുന്നു. തകരുവാൻ സാദ്ധ്യതയുള്ള മഞ്ഞുപാളിയാണിത്. അങ്ങനെ സംഭവിക്കുകയാണെങ്കിൽ സമുദ്രനിരപ്പുയരാനിടയാകും. ദുർബലമായ പാളിയായതിനാൽ ആഗോളതാപനം മൂലം ഇത് ഹ്രസ്വകാലം കൊണ്ട് തകരാനിടയുണ്ടെന്നാണ് കരുതപ്പെടുന്നത്. അന്റാർട്ടിക്കയുടെ ചുറ്റുമുള്ള സമുദ്രത്തെ ദക്ഷിണസമുദ്രം എന്നാണിന്ന് പൊതുവേ വിളിക്കുന്നത്. എന്നാലും ഇക്കാര്യത്തിൽ ഏകാഭിപ്രായമുണ്ടായിട്ടില്ല. ദക്ഷിണാർദ്ധഗോളത്തിലെ മഹാസമുദ്രങ്ങളായ ശാന്തസമുദ്രം, അറ്റ്ലാന്റിക് സമുദ്രം, ഇന്ത്യൻ മഹാസമുദ്രം എന്നിവയിലൊന്നാണ് മറ്റുപലരും നിർദ്ദേശിക്കുന്നത്. മുമ്പ് ദക്ഷിണസമുദ്രത്തെ അന്റാർട്ടിക് സമുദ്രം എന്നും വിളിച്ചിരുന്നു.

വിൻസൺ മാസിഫ് ആണ് അന്റാർട്ടിക്കയിലെ ഏറ്റവും ഉയരമേറിയ കൊടുമുടി. 4,892 m (16,050 ft) ഉയരമുള്ള ഈ കൊടുമുടി എൽസ്‌‌വർത്ത് പർവ്വതനിരയിലാണ് നിലകൊള്ളുന്നത്. മറ്റ് നിരവധി മലനിരകളും പ്രധാന വൻകരയിലും സമീപദ്വീപുകളിലുമായുണ്ട്. റോസ് ദ്വീപിൽ സ്ഥിതി ചെയ്യുന്ന എറിബസ് അഗ്നിപർവ്വതമാണ് ഭൂമിയുടെ ഏറ്റവും തെക്കായുള്ള സജീവ അഗ്നിപർവ്വതം. ഡിസെപ്ഷൻ ദ്വീപ് പ്രദേശത്തെ മറ്റൊരു സജീവ അഗ്നിപർ‌‌വ്വതമാണ്. ഇപ്പോൾ സജീവമല്ലാത്ത മറ്റ് അഗ്നിപർവ്വതങ്ങൾ സജീവമാകാനുള്ള സാദ്ധ്യതയുമുണ്ട്[2]. 2004-ൽ കടലിനടിയിലൊരു അഗ്നിപർവ്വതം അമേരിക്കൻ-കനേഡിയൻ ശാസ്ത്രജ്ഞരുടെ സംഘം കണ്ടെത്തിയിരുന്നു. സമീപകാല തെളിവുകളനുസരിച്ച് ഇതും ഒരു സജീവ അഗ്നിപർവ്വതമാവാം[3]. 2008 ജനുവരിയിൽ ബ്രിട്ടീഷ് അന്റാർട്ടിക് സർവേ ശാസ്ത്രജ്ഞർ 2200 വർഷം മുമ്പ് അന്റാർട്ടിക്ക ഹിമപാളിയുടെ അടിയിൽ അഗ്നിപർവ്വതം പൊട്ടിയിരുന്നുവെന്നു കണ്ടെത്തി. കഴിഞ്ഞ പതിനായിരം വർഷങ്ങൾക്കിടയിൽ അന്റാർട്ടിക്കയിൽ ഉണ്ടായ ഏറ്റവും വലിയ അഗ്നിപർവ്വത സ്ഫോടനമായിരുന്നു ഇത്. ഹഡ്സൺ മലനിരകളിലെ പഠനങ്ങളിൽ ഈ സ്ഫോടനത്തിന്റെ ചാരവും കണ്ടെത്താനായി[4].

അന്റാർട്ടിക്കയിലെ മഞ്ഞുപാളികൾക്കടിയിൽ വലിയ തടാകങ്ങൾ കണ്ടെത്തിയിട്ടുണ്ട്. 1996-ൽ റഷ്യയുടെ വോസ്തോക് സ്റ്റേഷനു അടിയിലായി കണ്ടെത്തിയ വോസ്തോക് തടാകമാണ് ഇത്തരത്തിലുള്ളവയിൽ ഏറ്റവും വലുത്. മഞ്ഞുപാളിയാൽ മൂടപ്പെട്ട ലോകത്തിലെ ഏറ്റവും വലിയ തടാകമാണിത്. ലക്ഷക്കണക്കിനു വർഷങ്ങളായി മഞ്ഞുപാളിയാൽ അടച്ച് പൂട്ടപ്പെട്ടവയാണീ തടാകങ്ങളിലെ ജലമെന്നു മുമ്പ് കരുതപ്പെട്ടിരുന്നുവെങ്കിലും ഇന്ന് തടാകങ്ങളിൽ നിന്ന് തടാകങ്ങളിലേയ്ക്ക് ജലപ്രവാഹം ഉണ്ടാകാറുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്[5]. വോസ്തോക് തടാകത്തിന്റെ മഞ്ഞുപാളി നാനൂറ് മീറ്ററോളം തുരന്നു നോക്കിയതിൽ നിന്നും തടാകത്തിൽ സൂക്ഷ്മജീവികളുടെ സാന്നിദ്ധ്യം മനസ്സിലാക്കിയിട്ടുണ്ട്[6]. 14000 ച.കി.മീ. വിസ്തൃതിയുള്ള ഈ തടാകത്തിനു നടുവിൽ ഒരു ദ്വീപുണ്ടെന്നു കണ്ടെത്തി. 2005 ഏപ്രിലിൽ റഷ്യയുടേയും ജർമ്മനിയുടേയും ശാസ്ത്രജ്ഞർ നടത്തിയ നിരീക്ഷണങ്ങളിൽ ഈ തടാകത്തിൽ ഓളങ്ങൾ ഉണ്ടാകുന്നുണ്ടെന്നും തടാകത്തിലെ ജലനിരപ്പിന് സൂര്യന്റെയും ചന്ദ്രന്റേയും സ്ഥാനത്തിനനുസരിച്ച് ജലനിരപ്പിൽ വ്യത്യാസമുണ്ടാകുന്നുണ്ടെന്നും കണ്ടെത്തി.

ഭൂമിശാസ്ത്ര ചരിത്രം[തിരുത്തുക]

അന്റാർട്ടിക്ക 17 കോടി വർഷങ്ങൾക്ക് മുമ്പ് മഹാ‌‌വൻകരയായിരുന്ന ഗോണ്ട്വാനയുടെ ഭാഗമായിരുന്നു. ഗ്വോണ്ടാന വേർപിരിഞ്ഞ് വിവിധ ഭൂഖണ്ഡങ്ങളായ കൂട്ടത്തിൽ അന്റാർട്ടിക്കയും അതിൽ നിന്നും വേർപെട്ടു. ഏകദേശം 2.5 കോടി വർഷങ്ങൾക്ക് മുമ്പ് അന്റാർട്ടിക്ക അത് ഇന്നിരിക്കുന്ന സ്ഥാനത്തെത്തി. മുമ്പ് പൂർവ്വ അന്റാർട്ടിക്കൻ പ്രദേശം ഭൂമദ്ധ്യരേഖയിലൂടെയും പശ്ചിമ അന്റാർട്ടിക്ക ഉത്തരാർദ്ധഗോളത്തിലായുമായാണ് സ്ഥിതി ചെയ്തിരുന്നത്. അന്റാർട്ടിക്കയുടെ ഭൂപ്രകൃതിയും അവിടുത്തെ ശിലാനിർമ്മിതികളും മിക്കവാറും അക്കാലങ്ങളിലാണ് രൂപം കൊണ്ടത്. പിന്നീട് ഗോണ്ട്വാനയിൽ നിന്ന് ആഫ്രിക്ക വേർപെടുകയും തുടർന്ന് ആഫ്രിക്കയിൽ നിന്ന് ഇന്ത്യൻ ഉപഭൂഖണ്ഡം വേർപെടുകയും ചെയ്തു. ഇതിനു പിന്നാലെ ഓസ്ട്രേലിയയും അന്റാർട്ടിക്കയും അടങ്ങുന്ന ഭാഗം ആഫ്രിക്കയിൽ നിന്ന് വേർപെട്ട് പ്രയാണമാരംഭിച്ചു. അത് വീണ്ടും രണ്ടായി മാറി രണ്ട് ഭാഗങ്ങളായി തീർന്ന് ഇന്ന് നിൽക്കുന്ന സ്ഥാനങ്ങളിലെത്തി. ഓസ്ട്രേലിയയിൽ നിന്നു വേർപെടുന്നതു വരെയെങ്കിലും അന്റാർട്ടിക്കയിൽ ജീവജാലങ്ങൾ സമൃദ്ധമായി ഉണ്ടായിരുന്നുവെന്നു കരുതപ്പെടുന്നു. എന്നാൽ അന്റാർട്ടിക്കയുടെ ചലനത്തിന്റെ വേഗം ജീവജാലങ്ങൾക്ക് പരിണമിച്ചു നിലനിൽക്കാൻ ആവശ്യമായത്ര സാവധാനമല്ലായിരുന്നതിനാൽ ക്രമേണ ജീവജാലങ്ങളുടെ വൈവിദ്ധ്യം നശിക്കുകയാണുണ്ടായതെന്ന് കരുതപ്പെടുന്നു. അന്റാർട്ടിക്കയുടെ പുതിയ സ്ഥാനം അതിന്റെ ചുറ്റുമായി പ്രത്യേക സമുദ്രപ്രവാഹം സൃഷ്ടിക്കുകയും ഇത് ഒരു പ്രത്യേക ആവാസവ്യവസ്ഥ സൃഷ്ടിക്കുകയും ചെയ്തു.

ശിലാസംരചന[തിരുത്തുക]

അന്റാർട്ടിക്കയുടെ 95 ശ.മാ.-ഓളം ഹിമപാളികളുടെ കനത്ത ആവരണത്തിനടിയിലാണ്. ഇവയ്ക്ക്അടിയിലുള്ള ശിലാഘടന നിർണയിക്കുന്നത് നന്നെ ദുഷ്കരമായിരിക്കുന്നു. പർവത ശിഖരങ്ങളിൽ അപൂർവമായുള്ള നഗ്നശിലാതലങ്ങളെ പഠനവിധേയമാക്കിയും ഭൂകമ്പതരംഗങ്ങളുടെ പ്രതിപതനം ആസ്പദമാക്കിയുമുള്ള നിഗമനങ്ങളാണ് ഇപ്പോൾ ലഭ്യമായിട്ടുള്ളത്. അന്റാർട്ടിക്കാസഖ്യത്തിലെ അംഗരാഷ്ട്രങ്ങളിൽ നിന്നുള്ള ഒട്ടേറെ ഭൂവിജ്ഞാനികൾ ഈ വൻകരയുടെ ശിലാഘടനയെ സംബന്ധിച്ച പഠനങ്ങളിൽ വ്യാപൃതരാണ്. ഇക്കൂട്ടത്തിൽ ബ്രിട്ടിഷ് ഭൂവിജ്ഞാനികളുടെ സംഭാവനകളാണ് മികച്ചുനില്ക്കുന്നത്.

ശിലാസംരചനയെ അടിസ്ഥാനമാക്കി അന്റാർട്ടിക്കയെ രണ്ട് അതുല്യമേഖലകളായി തിരിക്കാം: സ്ഥായിത്വം പുലർത്തുന്ന പ്രീകാമ്പ്രിയൻ ശിലകളുടെ സുദീർഘപടലങ്ങൾ ഉൾക്കൊള്ളുന്ന പൂർവ അന്റാർട്ടിക്ക; നന്നെ പ്രായംകുറഞ്ഞ, മീസോസോയിക്-സിനോസോയിക് കാലഘട്ടത്തിലെ അസ്ഥായി ശിലാക്രമങ്ങളുടേതായ പശ്ചിമ അന്റാർട്ടിക്ക. ഇവയ്ക്കു കുറുകെ വിഭാജകമായി വർത്തിക്കുന്ന ട്രാൻസ് അന്റാർട്ടിക് നിരകൾ ഒരു ഭ്രംശോത്ഥ-പർവത(fault-block)മാണ്. പൂർവ, പശ്ചിമ അന്റാർട്ടിക്കകളെ യഥാക്രമം ഗോണ്ഡ്വാനാമേഖല, ആൻഡീയൻ മേഖല എന്നിങ്ങനെ വിശേഷിപ്പിക്കുന്നു. പ്രസക്ത മേഖലയുടെ ശിലാപ്രസ്തരപരമായ പൂർവകാലബന്ധം ദ്യോതിപ്പിക്കുന്ന സംജ്ഞകളാണ് ഇവ. ഇന്ത്യാ-ഉപദ്വീപിലെ ഗോണ്ഡ്വാനാ പ്രദേശത്തിനോടു സാദൃശ്യം പുലർത്തുന്നതാണ് പൂർവ അന്റാർട്ടിക്കയിലെ ശിലാക്രമങ്ങൾ. പ. അന്റാർട്ടിക്കയെ തെ. അമേരിക്കയിലെ ആൻഡീസ് ശിലാ വ്യൂഹത്തിന്റെ തുടർച്ചയായി കരുതാവുന്നതാണ്. അന്റാർട്ടിക്കയുടെ സങ്കീർണമായ ശിലാസംരചനയെക്കുറിച്ച് സുവ്യക്തമായ അറിവുകൾ ഗവേഷണ പഠനങ്ങളിലൂടെ ലഭിച്ചിട്ടുണ്ടെങ്കിലും ഇനിയും പൂർണമായിട്ടില്ല.

പൂർവ, പശ്ചിമ അന്റാർട്ടിക്കകളിലെ ഭൂവല്ക്കശിലകളുടെ കനം മറ്റു വൻകരകളിലേതിനോട് ഏറെക്കുറെ തുല്യമാണ്. ഹിമാവരണം പാടെ ഒഴിവായാൽ ഒരു ദ്വീപസമൂഹത്തിന്റെ പ്രകൃതിയാവും ഈ വൻകരയ്ക്കുണ്ടാവുക. ഭൂവല്ക്കശിലകളുടെ ശ.ശ. കനം 32 കി.മീ. ആണ്. പൂർവ അന്റാർട്ടിക്കയിൽ ഭൂവല്ക്കപടലങ്ങൾ 40 കി.മീ. ആഴത്തിൽ വരെ നിർണയിക്കപ്പെട്ടിട്ടുണ്ട്. ട്രാൻസ് അന്റാർട്ടിക് നിരകൾ ഉരുത്തിരിഞ്ഞിരിക്കുന്ന ഭ്രംശമേഖലയുടെ പാർശ്വങ്ങളിലാണ് ഈ പടലങ്ങളുടെ കനം ഏറ്റവും കൂടിക്കാണുന്നത്. അന്റാർട്ടിക്കയിലെ ഭ്രംശമേഖലകളിൽ ഭൂചലനങ്ങൾ നന്നെ വിരളമാണ്. ഭൂകമ്പീയ പ്രക്രിയകൾ ഏറ്റവും കുറവായുള്ള വൻകരയാണിത്. പ്രകമ്പനങ്ങൾ വിരളമായെങ്കിലും അനുഭവപ്പെടുന്നത് വൻകരയുടെ സീമാമേഖലയിലുള്ള ജലാന്തരവരമ്പു(submerged ridge)കളുടേയും അഗ്നിപർവത ദ്വീപുകളുടേയും പ്രാന്തങ്ങളിലാണ്. എന്നിരിക്കിലും അന്റാർട്ടിക് ഫലകം (Antarctic plate) വിവർത്തനിക പ്രക്രമ(Tectonic process)ത്തിൽനിന്നു തീർത്തും മുക്തമല്ല; 1977-ൽ ബെലിങ്ഷാസൻ കടലിൽ അനുഭവപ്പെട്ട ശക്തമായ ഭൂകമ്പം (തീവ്രത 6.4) ഇതാണ് സൂചിപ്പിക്കുന്നത്.

പ്രീകാമ്പ്രിയനിലും അതേ തുടർന്നുള്ള ഭൂവിജ്ഞാനീയ കല്പങ്ങളിലും അന്റാർട്ടിക്കയുടെ പ്രതല സ്വഭാവം ഇന്നത്തേതിൽ നിന്നു തുലോം വിഭിന്നമായി വർത്തിച്ചിട്ടുണ്ടാവണം. അതിപ്രാചീനമായ ഒരു ഘട്ടത്തിൽ, അന്നത്തെ സമുദ്ര തടങ്ങളും തടാകങ്ങളും അഗ്നിപർവത വിസ്ഫോടനത്തിലൂടെയും ശിലാവിഘടനത്തിലൂടെയും ഉരുത്തിരിഞ്ഞ അവസാദങ്ങളടിഞ്ഞ് നികന്നു പോയിട്ടുണ്ടാവാം. ആവർത്തിച്ചുണ്ടായ പർവതന പ്രക്രിയയുടെ കാലത്ത് ഈ അടിവുകൾ ഞെരിഞ്ഞമർന്നും പല മടക്കുകളായി ഉയർത്തപ്പെട്ടും പരൽ ഘടനയും സങ്കീർണ സ്വഭാവവുമുള്ള ശിലാപടലങ്ങൾക്കു രൂപംനല്കി. ഇങ്ങനെയുണ്ടായ മടക്കുപർവതങ്ങൾ അപരദന വിധേയമായി കാർന്നെടുക്കപ്പെടുക, തുടർന്നുണ്ടായ അവസാദ സഞ്ചയങ്ങൾ വീണ്ടും മടക്കി ഉയർത്തപ്പെടുക, ഈ പ്രക്രമത്തിനിടയിൽപ്പെട്ട് ശിലാഘടനയിൽ കാതലായ മാറ്റങ്ങൾ വന്നുചേരുക തുടങ്ങിയ ഭൂവിജ്ഞാനീയ പ്രക്രിയകൾ പലവുരു ആവർത്തിക്കപ്പെട്ടു. പരിണാമപരമായ ഈ പ്രക്രമത്തിനിടയിൽ വിവർത്തനിക പ്രക്രിയകളുടെ സജീവസാന്നിധ്യവും അനുഭവപ്പെട്ടിരിക്കാം. ഈ നീണ്ട കാലയളവിനിടയിൽ അന്റാർട്ടിക് ഫലകത്തിന് വിസ്ഥാപനം (drift) മൂലം സ്ഥാനചലനം സംഭവിച്ചുകൊണ്ടിരുന്നു. സ്വാഭാവികമായും സ്ഥാനഭേദമനുസരിച്ച് വൈവിധ്യമാർന്ന കാലാവസ്ഥാപ്രകാരങ്ങളും അനുഭവസിദ്ധമായിട്ടുണ്ടാവാം. ഉദ്ദേശം 400 ദശലക്ഷം വർഷം മുമ്പ് അന്റാർട്ടിക്ക ദ.ധ്രുവത്തെ ചൂഴ്ന്നുള്ള ഇന്നത്തെ സ്ഥാനത്ത് എത്തിച്ചേർന്നിരിക്കണം. ട്രാൻസ് അന്റാർട്ടിക് മലനിരകൾ ഉരുത്തിരിഞ്ഞത് ഈ ഘട്ടത്തിലായിരുന്നു. അന്റാർട്ടിക്കയിൽ പലയിടത്തും പെർമിയൻ കല്കരി നിക്ഷേപങ്ങൾക്കടിയിലായി, ഹിമനദീയനത്തെ (glacia-tion) തുടർന്നുണ്ടാവുന്ന സവിശേഷ നിക്ഷേപങ്ങളായ ടില്ലൈറ്റുകൾ (tillites) അവസ്ഥിതമായിക്കാണുന്നു. ഈ ഹിമാനീകൃത ശിലാക്രമങ്ങളുടേയും ക്രിറ്റേഷ്യസ്-സിനോസോയിക് കാലഘട്ടത്തിലേതായ സൂക്ഷ്മജീവാശ്മ(microfossil)ങ്ങളുടേയും വിന്യാസം ട്രാൻസ് അന്റാർട്ടിക് മലനിരകളുടെ ആവിർഭാവകാലത്തെയാണ് സൂചിപ്പിക്കുന്നത്. 408-360 ദശലക്ഷം വർഷം മുൻപു നിലനിന്നിരുന്ന ഡെവോണിയൻ യുഗത്തിന്റെ ആരംഭഘട്ടമായിരുന്നു ഇത്. തുടർന്ന് മധ്യ-ജൂറാസിക് (160 ദശലക്ഷം വർഷം മുൻപ്) വരെയുള്ള കാലയളവിൽ ആഴം കുറഞ്ഞ സമുദ്രഭാഗങ്ങളിലും തടാകങ്ങളിലും ക്വാർട്ട്സോസ് (Quartzose) ഇനത്തിൽപ്പെട്ട മണൽക്കല്ല് (ബീക്കൺ സാൻഡ് സ്റ്റോൺ) തുടർച്ചയായി അടിഞ്ഞിരുന്നതായി കണ്ടെത്തിയിരിക്കുന്നു. ഈ അടിവുകൾക്കിടയിൽ അക്കാലത്ത് സമൃദ്ധമായിരുന്ന് അന്യംനിന്നു പോയിട്ടുള്ള ജീവജാലങ്ങളുടെ അവശിഷ്ടങ്ങൾ ധാരാളമായി സംരക്ഷിക്കപ്പെട്ടിരിക്കുന്നു; ഡെവോണിയൻ ശിലകൾക്കിടയിൽ കണ്ടെത്തിയിട്ടുള്ളവയിൽ ശുദ്ധജലമത്സ്യങ്ങളുടെ അവശിഷ്ടങ്ങളും ഉൾപ്പെടുന്നു. ഇന്നേയ്ക്ക് 286-245 ദശലക്ഷം വർഷം മുൻപുള്ള പെർമിയൻ യുഗത്തിലെ കല്കരിനിക്ഷേപങ്ങൾക്കിടയിലെ ഗ്ളോസ്സോപ്പ്റ്റെറിസ് (glossopteris), ട്രയാസിക് (245-208 ദശലക്ഷം വർഷം മുൻപ്) യുഗത്തിലെ ഡൈക്രോഡിയം (Dicrodium) എന്നീ സസ്യങ്ങളുടേയും ട്രയാസിക് യുഗത്തിലെ ഉരഗങ്ങൾ (ഉദാ. ലിസ്റ്റ്രോസാറസ് -Listrosaurus), ഉഭയജീവികൾ എന്നിവയുടേയും ജീവാശ്മങ്ങൾ ധാരാളമായി കണ്ടെത്തിയിട്ടുണ്ട്. ട്രാൻസ് അന്റാർട്ടിക് നിരകളിലെ ദ. ധ്രുവത്തോടടുത്ത ഭാഗങ്ങളിൽനിന്ന് 1990-91 കാലത്ത് കണ്ടെടുത്ത ദിനോസാറി(Dinosaur)ന്റെ ജീവാശ്മങ്ങൾ ജൂറാസിക്കിന്റെ ആദ്യപാദത്തിലേതായി ചൈനയിൽനിന്നു ലഭിച്ചിട്ടുള്ളവയുമായി ഉറ്റസാദൃശ്യം പുലർത്തിയിരുന്നു. ഇവയോടനുബന്ധിച്ചു കണ്ടെടുത്ത സസ്യാവശിഷ്ടങ്ങൾ അന്റാർട്ടിക്കയിൽ അന്നു നിലനിന്നിരുന്ന താരതമ്യേന സൌമ്യമായ കാലാവസ്ഥയുടെ സൂചകങ്ങളാണ്. ഈ കാലഘട്ടത്തിൽ വൻകരയുടെ സ്ഥാനം ദ. അക്ഷാ. 65ത്ഥ ക്ക് ഇരുപുറവുമായിരുന്നെന്ന് കരുതാം.

ഉച്ചാവചം[തിരുത്തുക]

അന്റാർട്ടിക്കയുടെ പ്രതലത്തെ പൊതുവേ രണ്ടുവിഭാഗങ്ങളിൽപ്പെടുത്താം: (1) ഹിമാച്ഛാദിതമെങ്കിലും നേരിയ ആവരണം മാത്രമുള്ള മലനിരകളും പീഠഭൂമികളും, നന്നെ അപൂർവമായി നഗ്നശിലാതലങ്ങൾ; (2) ഹിമാച്ഛാദിതമായി അഗാധതയിൽ വർത്തിക്കുന്ന ആധാത്രിശിലാപടലങ്ങൾ - സാങ്കേതിക പ്രവിധികളിലൂടെ നിർണയിക്കപ്പെട്ടിട്ടുള്ളവ. ഈ രണ്ടു വിഭാഗങ്ങളും യുഗാന്തരങ്ങളായുള്ള ഭൂവിജ്ഞാനീയ പ്രക്രമങ്ങളിലൂടെ രൂപം പ്രാപിച്ചവയാണ്.

ഹിമാനികളുടെ അപരദന-നിക്ഷേപണ പ്രക്രിയകൾ ഈ വൻകരയിൽ നിരന്തരം നടന്നുവരുന്നു; ഇതര വൻകരകളിൽ നിന്നു വ്യത്യസ്തമായി, പ്രവാഹജലം, കാറ്റ്, ഭൂജലം തുടങ്ങിയ കാരകങ്ങൾക്ക് ഇവിടുത്തെ ഭൂരൂപനിർമ്മാണത്തിൽ പങ്കില്ല. ഗ്രീഷ്മ കാലത്ത് അല്പായുസ്സുകളായ അരുവികൾ പ്രത്യക്ഷപ്പെടാം. മഞ്ഞുരുകിയിറങ്ങുന്ന ജലമാണ് ഇവയെ പോഷിപ്പിക്കുന്നത്. ഇക്കൂട്ടത്തിൽ പ്രമുഖമായ ഒണിക്സ് ലോവർ റൈറ്റ് ഹിമാനിയിൽ നിന്നു പ്രഭവിച്ച് മക്മുർഡോ സൌണ്ടിനു സമീപത്തുള്ള വണ്ടാജലാശയത്തിൽ പതിക്കുന്നു.

അന്റാർട്ടിക്കയിലെ ഏറിയ ഭാഗങ്ങളും സമുദ്രനിരപ്പിൽ നിന്ന് ശ.ശ. 2,100-2,400 മീ. ഉയരത്തിലാണു സ്ഥിതി ചെയ്യുന്നത്. ഉയരത്തിന്റെ കാര്യത്തിൽ വൻകരകളുടെ കൂട്ടത്തിൽ അന്റാർട്ടിക്കയ്ക്കു പിന്നിൽ രണ്ടാം സ്ഥാനത്തുനില്ക്കുന്ന ഏഷ്യയുടെ ശ.ശ. ഉയരം 915 മീ. മാത്രമാണ്. പൂർവ അന്റാർട്ടിക്കയിലെ ഹിമശൃംഗങ്ങൾ ദ. അക്ഷാ. 800യിലും 750 യിലും 3,500 മീ. ലേറെ ഉയരം പ്രാപിച്ചിരിക്കുന്നു. ഹിമാവരണം പാടെ ഒഴിവായാൽ അന്റാർട്ടിക്കയുടെ മാധ്യ-ഉയരം 460 മീ. ആയി കുറയുമെന്ന് കണക്കാക്കപ്പെടുന്നു; വൻകരയുടെ വ്യാപ്തി പൂർവ അന്റാർട്ടിക്കയേയും സമീപ ദ്വീപുകളേയും മാത്രം ഉൾക്കൊണ്ട് നന്നെ ചുരുങ്ങുകയും ചെയ്യും. പോളാർ, വിൽക്കീസ് എന്നീ ഹിമമഗ്ന തടങ്ങൾ ട്രാൻസ് അന്റാർട്ടിക്ക്, ഗാംബുർസ്റ്റേവ് എന്നീ മലനിരകൾക്കിടയ്ക്ക് പൂർവരേഖാ. 900 മുതൽ 1500 വരെ നീളുന്ന വിസ്തൃത സമതലമായി ഭവിക്കും. മലനിരകളുടെ ഉയരം 2,000-4,000 മീ. ആകുകയും വൻകരയുടെ ശേഷം ഭാഗങ്ങൾക്ക് കുന്നുകളും മലനിരകളും കൂട്ടിക്കലർന്ന സങ്കീർണ ഭൂപ്രകൃതി ഉണ്ടാകുകയും ചെയ്യും. സെന്റെനൽ നിരകളിലെ വിൻസൺ മാസ്സിഫ് (4,897 മീ.) ആയിരിക്കും വൻകരയിലെ ഏറ്റവും പൊക്കം കൂടിയ കൊടുമുടി. എൽസ്വർത്ത് ലൻഡ്, മേരി ബേർഡ് ലൻഡ് തുടങ്ങി ഇന്നു കരയെന്നു വിശേഷിപ്പിക്കുന്ന മിക്കഭാഗങ്ങളും ഹിമാവരണം ഒഴിവാകുന്നതോടെ കടലിലാണ്ടുപോകും.

അഗ്നിപർവത പ്രക്രിയകൾ[തിരുത്തുക]

റാസ് ദ്വീപിലെ മൌണ്ട് എറിബസ് അഗ്നിപർവതം


എൽസ്വർത്ത് ലൻഡ് മേരി ബേർഡ് ലൻഡ്, വിക്റ്റോറിയാലൻഡ്, അന്റാർട്ടിക് ഉപദ്വീപിന്റെ അരികുകൾ എന്നിവിടങ്ങളിലുള്ള അഗ്നിപർവതങ്ങൾ ഹിമാവൃതമെങ്കിലും സജീവങ്ങളാണ്. സ്കോഷ്യാ ദ്വീപസമൂഹത്തിലാണ് അഗ്നിപർവത വിസ്ഫോടനങ്ങൾ രൂക്ഷമായതോതിൽ നടക്കുന്നത്. പൂർവ അന്റാർട്ടിക്കയുടെ കി. തീരത്ത് ഗാസ്സ്ബെർഗ് (900കി.) എന്ന ഒരേയൊരു അഗ്നിപവ്വർതം മാത്രമേയുള്ളൂ. റാസ് ദ്വീപിലെ ദീർഘനാൾ സുഷുപ്തിയിലാണ്ടിരുന്ന മൌണ്ട് എറിബസ് അഗ്നിപർവതം 1970 മധ്യത്തോടെ വീണ്ടും സജീവമായി. ഇതിൽ നിന്ന് ഉദ്ഗമിച്ച ലാവ നേരത്തേ ഉരുത്തിരിഞ്ഞിരുന്ന വിലമുഖതടാക(creater lake)ത്തെ പൂർണമായി നികത്തി. യു.എസ്സിന്റെ പ്രധാന നിരീക്ഷണ നിലയമായ മക്മുർഡോ എറിബസ്സിനുതൊട്ടടുത്താണ്. തന്മൂലം എറിബസ്സിന്റെ ഭാവമാറ്റങ്ങൾ സൂക്ഷ്മാവലോകനത്തിനു വിധേയമായിരിക്കുന്നു. ഡിസപ്ഷൻ ദ്വീപിലെ അഗ്നിപർവത കുഹര(caldera) ത്തിലുണ്ടായ അപ്രതീക്ഷിത സ്ഫോടനങ്ങളിൽ സമീപസ്ഥങ്ങളായ നിരീക്ഷണ നിലയങ്ങൾക്ക് (ബ്രിട്ടൻ, ചിലി എന്നീ രാജ്യങ്ങളുടെ) സാരമായ കേടുപാടുകൾ സംഭവിച്ചു (1967-70). അന്റാർട്ടിക് ഉപദ്വീപിലും സ്കോഷ്യാ ദ്വീപസമൂഹത്തിലുമുള്ള അഗ്നിപർവ്വതങ്ങൾ പസിഫിക് വക്കത്തുള്ളവയുമായി സ്വഭാവ സാദൃശ്യം പുലർത്തുന്നു; മറ്റിടങ്ങളിലുള്ളവ ആഫ്രിക്കൻ ഭ്രംശ താഴ്വരയിൽപ്പെട്ട അഗ്നിപർവതങ്ങളോടും.

ഹിമാനികൾ[തിരുത്തുക]

സെന്റെനൽ റേഞ്ച് പോലുള്ള ഉയർന്ന ഗിരിശൃംഗങ്ങളിൽ ഉദ്ദേശം 50 ദശലക്ഷം വർഷത്തിനു മുൻപുതന്നെ ഹിമാനികൾ രൂപംകൊണ്ടിരുന്നു. ഇവ ക്രമേണ താഴ്വാരങ്ങളിലും തുടർന്ന് കടലോരത്തും എത്തി. ഹിമാനികളുടെ ആവർത്തിച്ചുള്ള അതിക്രമണവും പിന്മാറ്റവും മൂലം കടലോരമേഖലയിൽ ഉടവുകളും ഉൾക്കടലുകളും രൂപംകൊണ്ടു. കാലാന്തരത്തിൽ അതിശൈത്യം നിമിത്തം വൻകരയിലെമ്പാടും ഹിമപാളികൾ അട്ടിയിട്ടുയർന്നു. ഇവയുടെ അതിപ്രസരത്തിൽ നേരത്തേ രൂപംകൊണ്ടിരുന്ന മഞ്ഞുമലകൾ മൊത്തത്തിലുള്ള ഹിമപ്രതലത്തിന്റെ ഭാഗങ്ങളായിത്തീർന്നു. ഉദ്ദേശം 3 ദശലക്ഷം വർഷങ്ങൾക്കു മുൻപ് ഹിമപടലങ്ങൾക്ക് സാരമായ തോതിൽ ശോഷണം സംഭവിച്ചതായി വ്യക്തമായിട്ടുണ്ട്. ഈ പ്രതിഭാസം ഒഴിവാക്കിയാൽ, കഴിഞ്ഞ 50 ദശലക്ഷം വർഷങ്ങളായി അന്റാർട്ടിക്ക തുടർച്ചയായി ഹിമപ്രവൃദ്ധിക്കു വിധേയമായിരുന്നു.

ശൈത്യകാലത്ത് തണുത്തുവരണ്ട ധ്രുവീയ വാതങ്ങൾ വൻകരഭാഗം തണുപ്പിക്കുന്നതിനോടൊപ്പം അന്റാർട്ടിക് സമുദ്രം തണുത്തുറയുന്നതിനും നിദാനമാവുന്നു. ഉഷ്ണ-ഉപോഷ്ണമേഖലകളിൽനിന്ന് സമുദ്രജലത്തിലൂടെ പകർന്നെത്തേണ്ട താപോർജം അന്റാർട്ടിക്കയ്ക്ക് ഇതുമൂലം നഷ്ടപ്പെടുന്നു. ആഗിരണം ചെയ്യാനാവുന്നതിലുപരി സൂര്യാതപം ഭൌമവികിരണവും ഹിമപാളികളിൽ നിന്നുള്ള പ്രതിപതനവും മൂലം നഷ്ടപ്പെടുന്നത് വൻകരയെ അതിശീതളമാക്കുന്നു. ഹിമപാളികളുടെ സ്ഥായിത്വത്തിനും വ്യാപനത്തിനും ഈദൃശ ഘടകങ്ങൾ ഏറെ സഹായിക്കുന്നു. നന്നെ കൂടിയ കനത്തിൽ അതിവിസ്തൃതമായി രൂപംകൊള്ളുന്ന പൂർവ അന്റാർട്ടിക്കൻ ഹിമപ്രതലത്തിന്റെ ഉൾഭാഗത്ത് അന്തരീക്ഷം നീരാവി ശൂന്യമായി വർത്തിക്കുന്നത് സാധാരണമാണ്.

അന്റാർട്ടിക്കയിലെ ഹിമസഞ്ചയത്തിന്റെ മൊത്തം വ്യാപ്തത്തിൽ പലവുരു ഏറ്റക്കുറച്ചിലുകളുണ്ടായതിന് വ്യക്തമായ സൂചനകൾ ലഭിച്ചിട്ടുണ്ട്. ഇപ്പോഴത്തെ ഹിമപ്രതലത്തിനു മുകളിൽ എഴുന്നുനില്ക്കുന്ന ഉന്നതഭാഗങ്ങളിൽ ദൃശ്യമാവുന്ന ഹിമാനീകൃത ചാലുകളും ദ്രോണികളും നിക്ഷിപ്തമായ ഹിമപാളികളുടെ ആവർത്തിച്ചുള്ള അവശോഷണത്തിനും പ്രവൃദ്ധിക്കും തെളിവാണ്. ദ.ധ്രുവത്തിനു ചുറ്റും സഞ്ചിതമായിരുന്ന ഹിമപിണ്ഡങ്ങൾ ഭൂതലത്തിന്റെ പൊതുവായ ചായ്‌വിനെ അവലംബിച്ച് ട്രാൻസ് അന്റാർട്ടിക് മലയിടുക്കുകളിലൂടെ ഒഴുകി ഒടുവിൽ പൂർണമായി ഉരുകി ശോഷിച്ചതിന്റെ പരിണതഫലമാണ് റൈറ്റ്, ടെയ്ലർ, വിക്റ്റോറിയ തുടങ്ങി നേർത്ത ഹിമാവരണത്തിലുള്ള താഴ്വാരങ്ങൾ. ബേർഡ്മൂർ ഹിമാനിയുടെ പ്രാന്തങ്ങളിൽ 1983-ൽ പ്ളയോസീൻ യുഗത്തിലേതോ അതിലും പ്രായംകുറഞ്ഞതോ ആയ ഡയറ്റംനിക്ഷേപങ്ങൾ (Diatom deposits) കണ്ടെത്തിയിട്ടുണ്ട്. ആഴംകുറഞ്ഞ സമുദ്രഭാഗങ്ങളിൽ മാത്രം കാണപ്പെടുന്നവയാണിവ. പൂർവ അന്റാർട്ടിക്കാ തീരത്തെ വൻകരാവേദികയിലേക്ക് അതിക്രമിച്ച ഹിമാനികൾ കാർന്നെടുത്ത ഡയറ്റം ശേഖരങ്ങൾ, അവ പിൻവാങ്ങിയപ്പോൾ വൻകരയുടെ ഉൾഭാഗത്ത് എത്തപ്പെടുകയും തുടർന്നുള്ള ശോഷണത്തിനിടയിൽ നിക്ഷേപിക്കപ്പെടുകയും ചെയ്തുവെന്നാണ് അനുമാനിക്കപ്പെടുന്നത്. മൂന്നു ദശലക്ഷം വർഷത്തിനു മുൻപ് അന്റാർട്ടിക് ഹിമസഞ്ചയത്തിനു നേരിട്ടശോഷണം വളരെ വ്യാപകമായിരുന്നുവെന്ന സൂചനയും ഇതിലൂടെ ലഭിക്കുന്നു. പില്ക്കാലങ്ങളിൽ ഉത്തരാർധഗോളത്തിൽ ഹിമയുഗങ്ങൾക്കിടയ്ക്കുണ്ടായ തപിത(warm period)ഘട്ടങ്ങൾക്കു സമാന്തരമായി ഈദൃശ ഹിമശോഷണം (deglaciation) ആവർത്തിക്കപ്പെട്ടിരിക്കാനുള്ള സാധ്യത തള്ളിക്കളയാവുന്നതല്ല. തപിതഘട്ടങ്ങളിൽ സമുദ്രനിരപ്പിലുണ്ടായ ആഗോളവർധനവ് ധ്രുവമേഖലകളിലെ ഹിമപാളികൾ ദ്രവീഭവിച്ചുണ്ടായ അധികജലം മൂലമായിരുന്നുവെന്നു കരുതപ്പെടുന്നു. ഇപ്പോഴത്തെ അവസ്ഥയിൽ അന്റാർട്ടിക്കയിലെ ഹിമശേഖരങ്ങൾ ഏറെക്കുറെ സന്തുലിതാവസ്ഥയിലാണ്; കാര്യമായ ഏറ്റക്കുറച്ചിലുകൾ ഉണ്ടാവുന്നില്ല. റാസ്, റോൺ, ഫിൽനെർ, അമറി എന്നീ ഹിമാനികൾക്ക് ഗണ്യമായ ശോഷണം സംഭവിക്കുന്നുണ്ടെങ്കിലും അടിത്തട്ടിലെ ദ്രവീകരണം കൂടുതൽ സാന്ദ്രമായ പുനഃഹിമായനത്തിനു നിദാനമാവുന്നതിനാൽ പ്രസക്ത ഹിമാനി പൂർവാധികം പുഷ്ടിപ്പെടുന്നതായാണ് കണ്ടിട്ടുള്ളത്. 2017 ജൂലൈ മാസത്തിൽ അന്റാർട്ടിക്കയിലെ ഏറ്റവും വലിയ നാലാമത്തെ മഞ്ഞുമലയായ ‘ലാർസൻ സി’ പശ്ചിമ അന്റാർട്ടിക്കയിൽ നിന്നു വേർപെട്ടു നീങ്ങിത്തുടങ്ങി.[7]

വൻകരയോടനുബന്ധിച്ചുള്ള കടലുകൾ[തിരുത്തുക]

അന്റാർട്ടിക്കയെ വലയം ചെയ്തിട്ടുള്ള കടലുകളെ ഒരു 'കോട്ടയ്ക്കു ചുറ്റുമുള്ള കിടങ്ങി'നോട് ഉപമിക്കാറുണ്ട്. ഇന്ത്യൻ, പസിഫിക്, അത്ലാന്തിക് സമുദ്രങ്ങളുടെ പടിഞ്ഞാറരികുകളിൽ നിന്ന് ഉപോഷ്ണമേഖലാ പ്രതലജലം തെക്കോട്ടൊഴുകി അന്റാർട്ടിക്കാ തീരത്തെ ലക്ഷ്യം വയ്ക്കുന്നുവെങ്കിലും പരിധ്രുവീയ പ്രവാഹവുമായി സന്ധിക്കുന്നതോടെ ഗതിമാറ്റി കിഴക്കോട്ടൊഴുകുന്നു. കൂടിയ താപനിലയിലുള്ള ഈ ജലം തണുത്ത അന്റാർട്ടിക് ജലവുമായി ഭാഗികമായി കൂടിക്കലരുന്നതിലൂടെ അന്റാർട്ടിക് പ്രതലജലം രൂപം കൊള്ളുന്നു. ദക്ഷിണ അക്ഷാശം 40° മുതൽ 50°-60° വരെയുള്ള മേഖലയിൽ ഈ ജലപിണ്ഡം വ്യാപിച്ചുകാണുന്നു. ജലമിശ്രണത്തിന്റെ ഉത്തര സീമ(40° തെ.)യാണ് അന്റാർട്ടിക് സമുദ്രത്തിന്റെ വടക്കേ അതിരു നിർണയിക്കുന്നത്. ഈ സീമാമേഖലയെ ഉപോഷ്ണമേഖലാ അഭിസരണം (subtropical convergence) എന്നു വിശേഷിപ്പിക്കുന്നു. പരിധ്രുവീയ പ്രവാഹത്തിന്റെ ഉത്തരസീമ ദക്ഷിണ അക്ഷാശം 50° മുതൽ 60° വരെ വ്യതിചലിച്ചുകാണുന്നു; ഈ സീമാമേഖലയാണ് അന്റാർട്ടിക് അഭിസരണം (Antarctic convergence). അഭിസരണമേഖലകൾ കാലാവസ്ഥ, സമുദ്രജീവജാലം, കടൽത്തറയിലെ അടിവുകൾ, പ്ളവദ്ഹിമ പുഞ്ജം (ice pack), മഞ്ഞുമലകളുടെ പഥം എന്നിവയുടെ മേൽ സാരമായ സ്വാധീനം പുലർത്തുന്നു. ഈ മേഖലകളുടെ സ്ഥാനനിർണയനം സുസാധ്യമാക്കുന്നത് താപനിലയിലും ലവണതയിലും ദൃശ്യമാവുന്ന വ്യതിയാനമാണ്.

അന്റാർട്ടിക്കാതീരത്തു നിന്നു വടക്കോട്ടൊഴുകുന്ന ശീതളമായ പ്രതലജലം അന്റാർട്ടിക് അഭിസരണമേഖലയിലെ താരതമ്യേന ചൂടുകൂടിയ ജലപാളികൾക്കടിയിലേക്കൊഴുകി 900 മീ. വരെ ആഴത്തിലെത്തുന്നതോടെ സബ് അന്റാർട്ടിക് മധ്യതല ജലപിണ്ഡം (Sub Antarctic Intermediate Watermass) ആയിത്തീരുന്നു. ഈ ജലപിണ്ഡം അന്റാർട്ടിക് അഗാധജല (Antarctic Bottom Water)ത്തിന്റെ സമ്മർദത്തിൽപ്പെട്ടു വടക്കോട്ടൊഴുകുകയും ഭൂമധ്യരേഖയും കടന്ന് ഉത്തരാർധഗോളത്തിലെ ജലപിണ്ഡങ്ങളുമായി കലരുകയും ചെയ്യുന്നു. അന്റാർട്ടിക് അഗാധജലത്തിന്റെ പ്രഭാവം അത്ലാന്തിക് സമുദ്രത്തിൽ ബെർമുഡാ വരെയുള്ള മേഖലകളിൽ അനുഭവപ്പെടുന്നു. അന്റാർട്ടിക്കാ വൻകരയ്ക്ക് തൊട്ടടുത്തുള്ള ഭാഗങ്ങളിൽ പ്രതലജലത്തിന് ശക്തമായ അപസരണം (divergnce) സംഭവിക്കുന്നതിനാൽ അഗാധജലത്തിന്റെ ഉദ്ഗമനം (upwelling) സാധാരണമായിരിക്കുന്നു.

വൻകരയ്ക്ക് ചുറ്റുമുള്ള കടലുകളിൽ രണ്ടിനങ്ങളിൽ പെട്ട ഹിമപിണ്ഡങ്ങളാണുള്ളത്: (1) ഹിമാനികളാൽ പരിപോഷിപ്പിക്കപ്പെടുന്നവയും അർധ-സ്ഥായികളുമായ ബൃഹദാകാര ഹിമശൈലങ്ങൾ (ഉദാ. റാസ് ഐസ് ഷെൽഫ്); (2) ഉറയലിനും ഉരുകലിനും ആവർത്തിച്ചു വിധേയമാവുന്ന പ്ളവദ്-ഹിമപുഞ്ജം. രണ്ടാമത്തെ ഇനത്തിൽപ്പെട്ടവ അത്ലാന്തിക് ഭാഗത്ത് 56° തെ. വരെയും പസിഫിക്കിൽ 64°തെ. വരെയും ശൈത്യകാലത്ത് അതിക്രമിച്ചു കാണുന്നു. വൻകരാഹിമാനികളിൽ നിന്ന് അടർന്നു മാറുന്ന ഹിമഖണ്ഡങ്ങൾ കടലിലെത്തുന്നതോടെ മഞ്ഞുമലകളായി സഞ്ചലിക്കുന്നു; ഇവ ചിലപ്പോൾ ഉപോഷ്ണമേഖലാ അഭിസരണം (40° തെ.) വരെ എത്താറുണ്ട്. അന്റാർട്ടിക്കയോടനുബന്ധിച്ചുള്ള പ്ളവദ്-ഹിമപുഞ്ജം ആവർത്തിച്ചുള്ള പിൻവാങ്ങലും വ്യാപനവും മൂലം അസ്ഥിരവ്യാപ്തിയുള്ളതായിരിക്കുന്നു. വിസ്തീർണത്തിലുണ്ടാകുന്ന വാർഷിക ഏറ്റക്കുറച്ചിൽ ആർട്ടിക്കിലേതിന്റെ ആറു മടങ്ങാണെന്നു കണക്കാക്കപ്പെട്ടിട്ടുണ്ട്. ഉപഗ്രഹസർവേഷണം തുടങ്ങിയ അത്യാധുനിക പ്രവിധികളുപയോഗിച്ച് അന്റാർട്ടിക്കാ പ്ളവദ്-ഹിമപുഞ്ജത്തിലുണ്ടാവുന്ന ദീർഘകാല ഏറ്റക്കുറച്ചിലുകളേയും അവ ആഗോളകാലാവസ്ഥാ പ്രകാരങ്ങളിൽ ചെലുത്തുന്ന സ്വാധീനതയേയും സംബന്ധിച്ച പഠനങ്ങൾ പുരോഗമിക്കുന്നു.


കാലാവസ്ഥ[തിരുത്തുക]

The blue ice covering Lake Fryxell, in the Transantarctic Mountains, comes from glacial meltwater from the Canada Glacier and other smaller glaciers.

ഭൂമിയിലെ ഏറ്റവും തണുപ്പേറിയ പ്രദേശമാണ് അന്റാർട്ടിക്ക. റഷ്യൻ സ്റ്റേഷനായ വോസ്റ്റോക്കിൽ 1983 ജൂലൈ 21-നു രേഖപ്പെടുത്തപ്പെട്ട ഏറ്റവും ചെറിയ താപനിലയായ -89.2°c ഉണ്ടായി[8]. ഏറ്റവും കുറവ് വർഷപാതം രേഖപ്പെടുത്തുന്ന ഈ പ്രദേശം തണുത്തുറഞ്ഞ മരുഭൂമിയാണ്. ദക്ഷിണധ്രുവത്തിലെ ശരാശരി വാർഷിക വർഷപാതം പത്ത് സെന്റീമീറ്റർ മാത്രമാണ്. ശീതകാലത്ത് പ്രദേശത്തെ താപനില -80 ° സെൽഷ്യസിനും -90° സെൽഷ്യസിനും മദ്ധ്യേയായിരിക്കും. വേനൽക്കാല താപനില 5°സെൽഷ്യസിനും 15° സെൽഷ്യസിനും മദ്ധ്യേയാണുണ്ടാവാറ്. പടിഞ്ഞാറൻ ഭാഗങ്ങളേക്കാളും കിഴക്കൻ ഭാഗങ്ങളിൽ തണുപ്പേറെയാണ്. ആർട്ടിക് പ്രദേശത്തെ അപേക്ഷിച്ച് അന്റാർട്ടിക്കയിൽ തണുപ്പു കൂടുതലാണ്. സമുദ്രനിരപ്പിൽ നിന്നും ശരാശരി മൂന്നു കിലോമീറ്ററാണ് അന്റാർട്ടിക്കിന്റെ ഉയരം എന്നതാണൊരു കാരണം. രണ്ടാമതായി ആർട്ടിക്കിൽ കരഭാഗമില്ലാത്തതിനാൽ പ്രദേശത്തെ താപനില സമുദ്രജലത്തിന്റെ താപനിലയുമായി ബന്ധപ്പെട്ടിരിക്കുന്നു.

അന്റാർട്ടിക്കയിലെത്തുന്ന ബഹുഭൂരിഭാഗം അൾട്രാ‌‌വയലറ്റ് രശ്മികളും അന്റാർട്ടിക്കയെ മൂടിക്കിടക്കുന്ന മഞ്ഞുപാളികളിൽ തട്ടി പ്രതിഫലിക്കുന്നതുമൂലം സൂര്യാഘാതത്തിനും സാദ്ധ്യതയേറെയാണ്[9] . ദക്ഷിണായന സമയം മുഴുവൻ അന്റാർട്ടിക്കയിൽ പകൽ ആയിരിക്കും. സൂര്യ രശ്മികൾ നേരിട്ട് ഭൂഖണ്ഡത്തിൽ പ്തിക്കുകയും ചെയ്യും[1].

Mountain glaciation

ദീർഘകാലം (ആറുമാസത്തോളം) നീണ്ടുനിൽക്കുന്ന പകലും രാത്രിയുമാണ് അന്റാർട്ടിക്കയിലുണ്ടാകാറുള്ളത്. സൂര്യൻ ഉത്തരായന പാതയിലായിരിക്കുമ്പോൾ രാത്രിയും ദക്ഷിണായന കാലത്ത് പകലും ഉണ്ടാകുന്നു. ഉത്തരധ്രുവത്തിലുണ്ടാകാറുള്ളതിനു സമാനമായ ധ്രുവദീപ്തി ദക്ഷിണ ധ്രുവത്തിലുമുണ്ടാകാറുണ്ട്. ദക്ഷിണധ്രുവം അന്റാർട്ടിക്കയിലായതിനാൽ ദക്ഷിണ ധ്രുവദീപ്തി (Aurora Australis) അന്റാർട്ടിക്കയുടെ മുകളിലായി ഉണ്ടാകുന്നു. സൗരവാതങ്ങളിലെ ചാർജിത കണങ്ങൾ ഉപരിതലാന്തരീക്ഷത്തിലെ വാതക ആറ്റങ്ങളുമായി കൂട്ടിയിടിച്ചാണ് ധ്രുവദീപ്തിയുണ്ടാകുന്നത്. സൂര്യനെ മറ്റൊരു പ്രകാശ വളയം പിന്തുടരുന്ന പ്രതീതിയും അന്റാർട്ടിക്കയിലുണ്ടാകാറുണ്ട്. അന്തരീക്ഷത്തിലെ മഞ്ഞുകണികകളിൽ സൂര്യന്റെ പ്രതിബിംബം ഉണ്ടാകുന്നതു മൂലമാണ് അപരസൂര്യൻ (Sundog) എന്നു വിളിക്കുന്ന ഈ മരീചിക ഉണ്ടാകുന്നത്[9].

ജീവജാലങ്ങൾ[തിരുത്തുക]

അന്റാർട്ടിക്കയിലെ കാലാവസ്ഥ സാധാരണ ജീവജാലങ്ങൾക്ക് തീരെ അനുയോജ്യമല്ല. വളരെ താണ താപനില, മണ്ണിന്റെ മോശം ഗുണനിലവാരം, ആർദ്രതയുടെ കുറവ്, സൂര്യപ്രകാശമില്ലായ്മ തുടങ്ങിയ കാരണങ്ങൾ കൊണ്ട് വലിയതോതിൽ സസ്യങ്ങളവിടില്ല. പായലുകൾ പോലുള്ള സസ്യങ്ങളാണ് ഈ പ്രദേശത്ത് സാധാരണ കാണുന്നത്. ആൽഗകളും ഫംഗസുകളും അന്റാർട്ടിക്കയിൽ കാണപ്പെടുന്നു. ഏതാനും ആഴ്ചകൾ മാത്രം നിലനിൽക്കുന്ന ഇവ വേനൽക്കാലത്താണുണ്ടാവാറ്.

More than 200 species of lichens are known to exist in Antarctica.

ഇരുനൂറിലധികം സ്പീഷിസുകൾ പായലുകൾ അന്റാർട്ടിക്കയിൽ കണ്ടെത്തിയിട്ടുണ്ട്. എഴുനൂറിലധികം സ്പീഷിസ് ആൽഗകളും അന്റാർട്ടിക്കയിൽ വളരാൻ ശേഷിയുള്ളവയാണ്. പൂവിടാൻ ശേഷിയുള്ള രണ്ട് സസ്യങ്ങളേയും അന്റാർട്ടിക്കയിൽ തിരിച്ചറിഞ്ഞിട്ടുണ്ട്. (Deschampsia antarctica - Antarctic hair grass) , Colobanthus quitensis - Antarctic pearlwort).[10]

കരയിൽ മാത്രം ജീവിക്കുന്ന നട്ടെല്ലുള്ള ജീവികൾ അന്റാർട്ടിക്കയിൽ ഇല്ല എന്നു പറയാം.[11]. എന്നാൽ നട്ടെല്ലില്ലാത്ത വിവിധ വംശം ജീവികൾ അന്റാർട്ടിക്കയിലുണ്ട്, സൂക്ഷ്മജീവികളായ മൈറ്റുകൾ മുതൽ വിരകളും കൊഞ്ചുവർഗ്ഗത്തിൽ പെട്ട ജീവികളും സ്പ്രിങ്ടെയിൽ ഇനത്തിൽ പെടുന്ന ജീവികളുമെല്ലാം അന്റാർട്ടിക്കയിൽ കണ്ടുവരുന്നു. അന്റാർട്ടിക്കയിലെ ഹിമാനികളുടെ ആഴങ്ങളിൽ നിന്നും പുരാതനങ്ങളായ നിരവധി വ്യത്യസ്ത ബാക്റ്റീരിയകളുടെ കോളനികൾ കണ്ടെത്തിയിട്ടുണ്ട്[12]. പറക്കാൻ കഴിവില്ലാത്ത പ്രാണിയായ മിഡ്ജാണ് അന്റാർട്ടിക്കയിൽ കാണുന്ന ഏറ്റവും വലിയ പൂർണ്ണ കരജീവി. അന്റാർട്ടിക്കയിൽ പ്രത്യുത്പാദനധർമ്മം നിർവ്വഹിക്കുന്ന മൂന്നിനം പക്ഷികളേയും കണ്ടെത്തിയിട്ടുണ്ട്.[13]. അന്റാർട്ടിക്കൻ പ്രദേശത്ത് ഏറ്റവുമധികം കാണുന്ന ജീവി, സൂക്ഷ്മജീവിയായ ഫോട്ടോപ്ലാങ്ക്ടൺ ആണ്.

Emperor Penguins in Ross Sea, Antarctica.

ഒട്ടനവധി സമുദ്രജീവികൾ ഫോട്ടോപ്ലാങ്ക്ടണെ നേരിട്ടോ അല്ലാതെയോ ആശ്രയിച്ചു ജീവിക്കുന്നു. അന്റാർട്ടിക്ക് സമുദ്ര ജൈവജാലങ്ങളിൽ പെൻഗ്വിനുകൾ നീലത്തിമിംഗിലങ്ങൾ, ഓർക, കൊളോസൽ നീരാളികൾ, രോമാവൃത സീലുകൾ എന്നിവയുൾപ്പെടുന്നു. അന്റാർട്ടിക്കയിലെ ശീതകാലത്ത് പ്രത്യുത്പാദനധർമ്മം നിർവഹിക്കുന്ന ഏക പെൻഗ്വിനാണ് എമ്പറർ പെൻഗ്വിൻ. അതേസമയം മറ്റുള്ള പെൻഗ്വിനുകളെ അപേക്ഷിച്ച് വളരെ തെക്കായി മുട്ടയിടുന്ന പെൻഗ്വിനാണ് അഡേലി പെൻഗ്വിൻ. അന്റാർട്ടിക്കയിൽ കണ്ടുവരുന്ന റോക്ക്‌‌ഹോപ്പർ പെൻഗ്വിൻ, കിങ് പെൻഗ്വിൻ, ചിൻസ്ട്രാപ് പെൻ‌‌ഗ്വിൻ, ജെന്റൂ പെൻഗ്വിൻ എന്നിവയേയും അന്റാർട്ടിക്കയിൽ കണ്ടുവരുന്നു.

അന്റാർട്ടിക്ക് രോമാവൃത സീൽ (പതിനെട്ടും പത്തൊമ്പതും നൂറ്റാണ്ടുകളിൽ ഇവയെ വൻതോതിൽ വേട്ടയാടിയിരുന്നു), വെഡൽ സീൽ, ലെപ്പേർഡ് സീൽ, രോമാവൃത സീൽ, നീരാളി, തിമിംഗിലം, ഐസ് ഫിഷ്, ആൽബട്രോസ് അടക്കമുള്ള പക്ഷികൾ എന്നിവയാണ് അന്റാർട്ടിക്കയിലെ മറ്റു പ്രധാന ജീവികൾ. കൊഞ്ചുകളോട് സാമ്യമുള്ള ക്രിൽ എന്ന ജീവികൾ അന്റാർട്ടിക്കൻ പ്രദേശത്തെ ജൈവവ്യവസ്ഥയിൽ കാര്യമായ പങ്ക് വഹിക്കുന്നു[14].


കണ്ടെത്തൽ[തിരുത്തുക]

ദക്ഷിണ ഭാഗത്ത് ഒരു ഭൂഖണ്ഡം ഉണ്ട് എന്നൊരു വിശ്വാസം പണ്ടു മുതൽക്കേ ലോകത്ത് പ്രചരിച്ചിരുന്നു. യൂറോപ്യന്മാർ ഉപയോഗിച്ചിരുന്ന പല ഭൂപടങ്ങളിലും ഈ ഭൂഖണ്ഡം ചിത്രീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ 1773-ൽ മാത്രമാണ് ഒരു മനുഷ്യൻ അന്റാർട്ടിക് വൃത്തം മുറിച്ചുകടന്നത്. ക്യാപ്റ്റൻ കുക്ക് ആയിരുന്നു ആ വ്യക്തി. 1820-ൽ റഷ്യൻ നാവികസേനയിലെ കപ്പിത്താനായിരുന്ന ഫാബിയാൻ എന്ന വ്യക്തിയാണ് അന്റാർട്ടിക്ക എന്ന ഭൂഖണ്ഡം ആദ്യമായി കണ്ടത്. തുടർന്ന് ആ വർഷം തന്നെ ബ്രിട്ടീഷ് നാവികസേനയിലെ ഒരു കപ്പിത്താനും, ഒരു മത്സ്യബന്ധന കപ്പലിന്റെ കപ്പിത്താനും അന്റാർട്ടിക്ക ദർശിച്ചു. 1820 ജനുവരി 27-നു ആണ് ഫാബിയാൻ ആദ്യമായി അന്റാർട്ടിക്ക ദർശിക്കുന്നത്. 1821 ഫെബ്രുവരി 7-നു അമേരിക്കൻ സീൽ വേട്ടക്കാരനായിരുന്ന ജോൺ ഡേവിസാണ് ആദ്യമായി അന്റാർട്ടിക്കയിൽ നങ്കൂരമിട്ട വ്യക്തിയെന്നു കരുതപ്പെടുന്നു. എന്നാൽ ഇക്കാര്യത്തിൽ വേണ്ടത്ര വ്യക്തതയില്ല.

അമേരിക്കയുടെ നാവികസേന നടത്തി വന്ന യുണൈറ്റഡ് സ്റ്റേറ്റ്സ് എക്സ്‌‌പ്ലോറിങ് എക്സ്‌‌പെഡീഷനിടെ 1839-ൽ അന്റാർട്ടിക്കയിലെത്തിച്ചേർന്നിരുന്നു. പര്യവേക്ഷകനായ ജെയിംസ് ക്ലാർക്ക് റോസ് 1841-ൽ അന്റാർട്ടിക്കയിലെത്തുകയുണ്ടായി. അദ്ദേഹം സഞ്ചരിച്ച കടൽഭാഗം ഇന്ന് റോസ് കടൽ എന്നും എത്തിച്ചേർന്ന ദ്വീപ് റോസ് ദ്വീപ് എന്നും വിളിക്കപ്പെടുന്നു. അന്റാർട്ടിക്കയിലെ ഒരു ഭീമൻ മഞ്ഞുപാളിയുടെ സമീപത്തുകൂടിയായിരുന്നു അദ്ദേഹത്തിന്റെ യാത്ര. ഈ മഞ്ഞുപാളിയെ റോസ് മഞ്ഞ് ശില എന്നും വിളിക്കുന്നു. നോർവീജിയൻ പര്യവേക്ഷകനായ റോൾഡ് അമുണ്ട്സൺ ആണ് ദക്ഷിണ ധ്രുവത്തിലെത്തിയ ആദ്യ മനുഷ്യൻ[15]. 36 ദിവസങ്ങൾക്കു ശേഷം ബ്രിട്ടീഷ് പര്യവേക്ഷകനായ റോബർട്ട് ഫാൽക്കൺ സ്കോട്ടും ദക്ഷിണധ്രുവത്തിലെത്തിയിരുന്നു. എന്നാൽ തിരിച്ചെത്തുന്നതിനു മുമ്പ് ആ സംഘം മുഴുവനും അതിശൈത്യത്തിൽ കൊല്ലപ്പെടുകയാണുണ്ടായത്.

മനുഷ്യജീവിതം[തിരുത്തുക]

അന്റാർട്ടിക്കയിൽ സ്ഥിരമായ മനുഷ്യവാസം ഇല്ല. പക്ഷേ ഗവേഷണാവശ്യങ്ങൾക്കായുള്ള സ്ഥിരം കേന്ദ്രങ്ങൾ വിവിധ രാജ്യങ്ങൾ ഇന്ന് അന്റാർട്ടിക്കയിൽ സ്ഥാപിച്ചിട്ടുണ്ട്. ശാസ്ത്ര പരീക്ഷണ കേന്ദ്രങ്ങളിൽ മഞ്ഞുകാലത്ത് ഏകദേശം ആയിരം പേരും വേനൽക്കാലത്ത് ഏകദേശം 5000 ആൾക്കാരും ഉണ്ടാകാറുണ്ട്. മിക്ക കേന്ദ്രങ്ങളും വർഷം മുഴുവൻ പ്രവർത്തിക്കുന്നു. 2004-ൽ റഷ്യൻ ബെലിങ്ഹൗസൻ സ്റ്റേഷനിൽ ഒരു ഓർത്തഡോക്സ് ക്രിസ്ത്യൻ പള്ളി സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. ഇവിടെ എല്ലാക്കാലത്തും പുരോഹിതരുണ്ടാകാറുണ്ട്[16][17].

ബ്രിട്ടീഷുകാരും അമേരിക്കക്കാരുമായ സീൽ വേട്ടക്കാരാണ് പ്രദേശത്ത് ആദ്യമായി താമസിക്കാൻ തുടങ്ങിയ മനുഷ്യർ. സൗത്ത് ജോർജ്ജിയ ദ്വീപിലായിരുന്നു മിക്കവാറും ഇവരുടെ വാസം. തിമിംഗില വേട്ട കാലഘട്ടങ്ങളിൽ വേനൽക്കാലത്ത് 1000 മുതൽ 2000 വരെയും മഞ്ഞുകാലത്ത് 200 വരെയും ആൾക്കാരിവിടെ താമസിച്ചു പോന്നു. 1966-ൽ തിമിംഗില വേട്ട നിരോധിക്കുന്നതു വരെ ഇതു തുടർന്നു പോന്നു. തിമിംഗില വേട്ടക്കാരുടെ മാനേജർമാർ മിക്കവാറും പ്രദേശത്ത് കുടുംബമായാണ് താമസിച്ചുവന്നിരുന്നത്. ദക്ഷിണ ധ്രുവ പ്രദേശത്ത് ജനിച്ച ആദ്യ വ്യക്തി നോർവീജിയൻ പെൺകുട്ടിയായ സോൾവിഗ് ഗൺബ്യോർഗ് ജേക്കബ്സൺ ആണ്. ഒക്ടോബർ 8, 1913-നു ആണ് സേൾവിഗ് ജനിച്ചത്. സോൾവിഗിന്റെ പിതാവ് അവിടുത്തെ ഒരു തിമിംഗില വേട്ട കേന്ദ്രത്തിലെ അസിസ്റ്റന്റ് മാനേജർ ആയിരുന്നു. അദ്ദേഹത്തിന്റെ രണ്ട് മക്കൾ ദക്ഷിണ ധ്രുവ പ്രദേശത്തെ സൗത്ത് ജോർജ്ജിയ ദ്വീപിലാണ് ജനിച്ചത്[18].

Field work being carried out on Melnik Peak, Livingston Island

അന്റാർട്ടിക്ക് ഉടമ്പടി പ്രകാരമുള്ള ഭൂഖണ്ഡാതിരിനുള്ളിൽ ജനിച്ച ആദ്യ വ്യക്തി അർജന്റീനക്കാരനായ എമിലിയോ മാർകോസ് പാൽമ ആണ്. അന്റാർട്ടിക് വൻകരയിൽ ഉള്ള എസ്പെരാൻസ ബേസിലാണ് എമിലിയോ ജനിച്ചത്. 1978-ൽ ആയിരുന്നു ഇത്. അന്റാർട്ടിക്കയിൽ മനുഷ്യ അതിജീവന സാദ്ധ്യത പഠിക്കാൻ അർജന്റീന നിയോഗിച്ച കുടുംബങ്ങളിലൊന്നിലാണ് എമിലിയോയുടെ ജനനം. പിന്നീട് അന്റാർട്ടിക്കയിലെ ഗവേഷണങ്ങളും മറ്റും വൻതോതിലാരംഭിച്ചതോടെ നിരവധി കുട്ടികൾ അന്റാർട്ടിക്കയിൽ ഉണ്ടായിട്ടുണ്ട്.

ഗവേഷണങ്ങൾ[തിരുത്തുക]

A full moon and 25-second exposure allowed sufficient light for this photo to be taken at Amundsen-Scott South Pole Station during the long Antarctic night. The station can be seen at far left, the power plant in the center and the mechanic's garage in the lower right. The green light in the background is the Aurora Australis.

ലോകത്ത് അന്റാർട്ടിക്കയിൽ മാത്രം നടത്താൻ കഴിയുന്ന പരീക്ഷണങ്ങൾ നടത്താൻ ഇന്ത്യയുൾപ്പെടെയുള്ള 27 രാജ്യങ്ങളിൽ നിന്നുള്ള ശാസ്ത്രജ്ഞർ അന്റാർട്ടിക്കയിലെത്താറുണ്ട്. വേനൽക്കാലത്ത് 4,000 ശാസ്ത്രജ്ഞരും ശീതകാലത്ത് ആയിരത്തോളം ശാസ്ത്രജ്ഞരുമാണുണ്ടാവുക[1] . ജീവശാസ്ത്രം, ഭൂമിശാസ്ത്രം, സമുദ്രശാസ്ത്രം, ഭൗതികശാസ്ത്രം, ജ്യോതിശാസ്ത്രം, ഗ്ലേഷിയോളജി, മെറ്റീരിയലോളജി എന്നീ മേഖലകളിലാണ് പ്രധാനമായും പഠനങ്ങൾ നടക്കുന്നത്.

1970 മുതൽ അന്തരീക്ഷത്തിലെ ഓസോൺ കുടയെ കാര്യമായ നിരീക്ഷണങ്ങൾക്ക് വിധേയമാക്കുന്നുണ്ട്. 1985-ൽ ബ്രിട്ടീഷ് ശാസ്ത്രജ്ഞർ അന്റാർട്ടിക് പ്രദേശത്ത് ഓസോൺ കുടയ്ക്ക് ദ്വാരമുണ്ടായതായി കണ്ടെത്തി. 1998-ൽ നാസയുടെ ഉപഗ്രഹ ചിത്രങ്ങൾ രേഖപ്പെടുത്തിയതിൽ ഏറ്റവും വലിയ ദ്വാരം ചിത്രീകരിച്ചു. മാനുഷിക പ്രവർത്തനങ്ങൾ മൂലമുണ്ടാകുന്ന ക്ലോറോഫ്ലൂറോകാർബൺ അന്തരീക്ഷത്തിലെ ഓസോണുമായി പ്രതിപ്രവർത്തിച്ചാണ് ഈ ദ്വാരമുണ്ടാകുന്നതെന്നു കരുതപ്പെടുന്നു.

ഭാരതീയ പര്യവേക്ഷണങ്ങൾ[തിരുത്തുക]

1979 മുതലാണ് ഭാരതം അന്റാർട്ടിക് പര്യവേക്ഷണത്തിൽ ഭാഗഭാക്കാവുന്നത്. ഇതിനായി ദക്ഷിണ ഗംഗോത്രി, മൈത്രി എന്നീ രണ്ട് കേന്ദ്രങ്ങൾ ഭാരതം അന്റാർട്ടിക്കയിൽ സ്ഥാപിച്ചിട്ടുണ്ട്. മൂന്നാമതൊരു കേന്ദ്രത്തിനു ഇന്ത്യയ്ക്ക് പദ്ധതിയുണ്ട്. അന്റാർട്ടിക്കയിലെ ഗവേഷകരുടെ ആശയവിനിമയ സൗകര്യാർത്ഥം 1988-ൽ ഇന്ത്യൻ തപാൽ വകുപ്പ് ഇന്ത്യയ്ക്ക് പുറത്തുള്ള സ്വതന്ത്ര ഇന്ത്യയുടെ ആദ്യ തപാലാഫീസ് അന്റാർട്ടിക്കയിൽ തുറന്നു[19]. ഗോവ പോസ്റ്റൽ ഡിവിഷന്റെ കീഴിലാണിത്.

ദക്ഷിണ ഗംഗോത്രി[തിരുത്തുക]

അന്റാർട്ടിക്കയിലുള്ള ഭാരതത്തിന്റെ ആദ്യ ശാസ്ത്ര പര്യവേക്ഷണ സ്ഥാപനമായിരുന്നു ദക്ഷിൺ ഗംഗോത്രി. ഗംഗാനദിയുടെ ഉത്ഭവസ്ഥാനമായ ഗംഗോത്രി എന്ന ഹിമാനിയുടെ സ്മരണാർത്ഥമാണ് ഈ പേരുനൽകിയത്.

1983-84 വർഷത്തിൽ നടത്തിയ മൂന്നാം അന്റാർട്ടിക്ക പര്യാടനത്തിലാണ്‌ ഇത് സ്ഥാപിക്കപെട്ടത്. ശീതകാലത്ത് അന്റാർട്ടിക്കയിൽ തങ്ങി ശാസ്ത്രപഠനങ്ങൾ നടത്താൻ തുടങ്ങിയത് ഈ സമയത്തായിരുന്നു. പന്ത്രണ്ട് അംഗങ്ങളുള്ള സംഘമായിരുന്നു മുന്നാം പര്യടന വിഭാഗം. ഈ സംഘം ഒരു വർഷം (1984 മാർച്ച്-1985 മാർച്ച്) ഇവിടെ ചിലവഴിക്കുകയുണ്ടായി. പിന്നീട് മറ്റൊരു സ്ഥിരം പര്യവേക്ഷണ കേന്ദ്രമായ മൈത്രി 1989 ൽ ഇവിടെ ഇന്ത്യ സ്ഥാപിച്ചു. 1990 ൽ ദക്ഷിൺ ഗംഗോത്രി കേന്ദ്രം ഉപേക്ഷിക്കുകയും അതിനെ ഒരു എണ്ണ വിതരണ കേന്ദ്രമായി(supply base) പരിവർത്തിപ്പിക്കുകയും ചെയ്തു.

മൈത്രി[തിരുത്തുക]

അന്റാർട്ടിക്കയിലുള്ള ഭാരതത്തിന്റെ രണ്ടാമത്തെ ഗവേഷണകേന്ദ്രമാണ്‌. ഇത് 1989-ൽ ആണ്‌ നിർമ്മാണം പൂർത്തിയായത്. ഇന്ത്യയുടെ ആദ്യത്തെ കേന്ദ്രമായ ദക്ഷിണ ഗംഗോത്രി മഞ്ഞു മൂടി ഉപേക്ഷിക്കേണ്ട വന്ന സാഹചര്യത്തിലാണ്‌ ഇത് നിർമ്മിച്ചത്. ജീവശാസ്ത്രം, ഭൂമിശാസ്ത്രങ്ങൾ, ഗ്ലേഷിയോളജി, അറ്റ്മോസ്ഫെറിക് സയൻസ്, മെറ്റിയറോളജി, കോൾഡ് റീജിയൺ എൻ‌ജിനീയറിംഗ്, സം‌വേദനം, മനുഷ്യ ഫിസിയോളജി, വൈദ്യശാസ്ത്രം മുതലായവയിൽ ഗവേഷണം നടത്താനുള്ള അത്യാധുനിക സൗകര്യങ്ങൾ ഈ കേന്ദ്രത്തിൽ ഒരുക്കിയിട്ടുണ്ട്. മഞ്ഞുകാലത്ത് 25 ആളുകളെ വരെ ഉൾക്കൊള്ളാൻ ഈ കേന്ദ്രത്തിനു കഴിയും.

സാമ്പത്തിക പ്രാധാന്യം[തിരുത്തുക]

ഇരുമ്പ് അയിര്, ക്രോമിയം, ചെമ്പ്, സ്വർണ്ണം, നിക്കൽ, പ്ലാറ്റിനം, മറ്റുധാതുക്കൾ എന്നിവയിവിടെ കണ്ടെത്തിയിട്ടുണ്ട്. കൽക്കരിയും മറ്റു ഹൈഡ്രോകാർബണുകളും ചെറിയ തോതിൽ പ്രദേശത്തുണ്ട്. പക്ഷെ 1991 അന്റാർട്ടിക്കൻ ഉടമ്പടിയുടെ പരിസ്ഥിതി സംരക്ഷണനിയമം 2048വരെയുള്ള ഖനനം നിരോധിച്ചിട്ടുണ്ട്‌.


വൻകരാവേദികയിലെ പെട്രോളിയം നിക്ഷേപങ്ങളുടെ സ്ഥിതി വിഭിന്നമാണ്. തീരക്കടലിൽ നിന്നു പെട്രോളിയം ഉത്പാദിപ്പിക്കുന്നത് ദുഷ്കരമെങ്കിലും അസാധ്യമല്ല. ആർട്ടിക് തീരത്ത് ഇതിനുള്ള സാങ്കേതിക മാർഗങ്ങൾ വികസിപ്പിച്ചു കഴിഞ്ഞിരിക്കുന്നു. ഹിമപാളികളുടെ ശീതകാലാതിക്രമണത്തിൽ യന്ത്രസംവിധാനങ്ങൾക്ക് ഇളക്കവും നാശവും സംഭവിക്കാമെന്നതാണ് പ്രധാന തടസ്സം. എന്നിരിക്കിലും മറ്റു വൻകരകളിൽ നിന്നുള്ള പെട്രോളിയം ലഭ്യത കുറയുന്നതോടെ ആന്റാർട്ടിക്കാ തീരത്ത് എണ്ണ ഉത്പാദനം ആരംഭിക്കുവാനുള്ള സാധ്യതയുണ്ട്.

അന്റാർട്ടിക്കയിലേക്ക് മനുഷ്യന്റെ ശ്രദ്ധ ആകർഷിച്ചത് സമുദ്രവിഭവങ്ങളായിരുന്നു. രോമം സമ്പാദിക്കുവാൻ വേണ്ടിയുള്ള സീൽവേട്ട 1766-ൽ ആരംഭിച്ചു. 1780-കളിൽ ഫാക്ലൻഡിൽനിന്ന് ദശലക്ഷക്കണക്കിന് സീൽ തോലുകളാണ് അന്താരാഷ്ട്ര വിപണിയിൽ എത്തിയിരുന്നത്. ഒരു ശതകത്തിനുള്ളിൽ സീലുകൾ ഏതാണ്ട് വംശനാശത്തിലെത്തി. തുടർന്ന് എണ്ണയ്ക്കായി എലിഫന്റ് സീൽ എന്ന ഇനത്തെ തിരഞ്ഞുപിടിച്ച് വേട്ടയാടിപ്പോന്നു. പിന്നീട് ആക്രമണം തിമിംഗിലങ്ങളുടെ നേർക്കായി. 1994-ൽ 40 രാഷ്ട്രങ്ങൾക്ക് അംഗത്വമുള്ള, ഇന്റർനാഷനൽ വേലിങ് കമ്മിഷൻ (International Whaling Commission) ആസ്റ്റ്രേലിയയ്ക്കു തെക്കുള്ള മുഴുവൻ കടലുകളിലും തിമിംഗിലവേട്ട നിരോധിച്ചു.

1970-നുശേഷം അന്റാർട്ടിക്കയ്ക്കു ചുറ്റുമുള്ള കടലുകളിൽ മത്സ്യബന്ധനം പുരോഗമിച്ചുവരുന്നു. വൻതോതിൽ മത്സ്യങ്ങളെ ബന്ധിച്ച്, കപ്പലിനുള്ളിൽ വച്ചു സംസ്കരിച്ചു ടിന്നിലാക്കുന്നതിനുള്ള സൌകര്യമാണ് ഈ പുരോഗതിക്കു നിദാനം. അന്റാർട്ടിക് കോഡ് എന്നയിനമാണ് മുഖ്യമായും പിടിക്കപ്പെടുന്നത്. പ്രതിവർഷം ശരാശരി 4 ലക്ഷം ടൺ കോഡ് സംസ്കരണ വിധേയമാവുന്നു. 1958 ഫെ.-ൽ ആർജന്റീനയിലെ നാവിക ഗതാഗത കമാൻഡ് അന്റാർട്ടിക് ഉപദ്വീപിലേക്ക് ഒരു യാത്രാക്കപ്പൽ ഏർപ്പെടുത്തിയതോടെ ഈ വൻകര ടൂറിസ്റ്റുകളെ ആകർഷിച്ചു തുടങ്ങി. പ്രകൃതിദൃശ്യങ്ങൾക്കൊപ്പം സാഹസിക യാത്രയ്ക്കുള്ള സൌകര്യവും വിനോദസഞ്ചാരത്തിന്റെ വളർച്ചയ്ക്കു വഴിതെളിച്ചു. 1966 ജനുവരി മുതൽ സഞ്ചാരികൾക്കായി എല്ലാ വർഷവും പ്രത്യേക കപ്പലുകൾ ഏർപ്പാടാക്കപ്പെട്ടു. നേരത്തേ മുതൽക്കേ വിവിധ രാജ്യങ്ങളിലെ വിമാനക്കമ്പനികൾ ചാർട്ടർ വിമാനങ്ങൾ പറപ്പിച്ചു തുടങ്ങിയിരുന്നു. 1979-ൽ ന്യൂസിലൻഡിന്റെ 279 യാത്രക്കാരെ വഹിച്ചു പറന്ന വിമാനം മൌണ്ട് എറീബസ്സിനടുത്ത് തകർന്നുവീണ് വിമാനോദ്യോഗസ്ഥരടക്കമുള്ള മുഴുവൻ യാത്രികരും മൃതിയടഞ്ഞു. ഇത് വിനോദസഞ്ചാരത്തിന്റെ വികസനത്തെ തളർത്തി. എങ്കിലും 1990-91-ലെ വേനൽക്കാലത്ത് 4,800 സന്ദർശകർ ഈ വൻകരയിലെത്തിയിരുന്നു. സ്വകാര്യ വിമാനങ്ങളിൽ അന്റാർട്ടിക്കയുടെ ഉള്ളറയിലേക്കു പറക്കുന്ന സാഹസികരുടെ എണ്ണത്തിൽ നാൾക്കുനാൾ ഏറ്റമുണ്ടാവുന്നു. എന്നിരിക്കിലും തുറമുഖങ്ങളുടേയും പാർപ്പിട സൌകര്യങ്ങളുടേയും അഭാവം വിനോദസഞ്ചാര വികസനത്തിനു വിലങ്ങുതടിയാണ്.

ആഗോളതാപനത്തിന്റെ ഫലങ്ങൾ[തിരുത്തുക]

Antarctican Temperature
Warming trend from 1957 - 2006
Legend

ആർട്ടിക്‌ പ്രദേശത്തെപ്പൊലെ ആഗോളതാപനത്താൽ ഇവിടെ മഞ്ഞുരുകുന്നതായി രേഖപ്പെടുത്തിയിട്ടില്ലെങ്കിലും 2005ൽ താപനില 5 ഡിഗ്രീ സെൻഷിയസ്‌ വരെ ഉയർന്നതിനാൽ 400,000ച.കി.മീ വലിപ്പത്തിലുള്ള മഞ്ഞുകട്ട താൽക്കാലികമായി ഉരുകിയിരുന്നു.

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 "Antarctica - The World Factbook". United States Central Intelligence Agency. 2007-03-08. Archived from the original on 2020-04-12. Retrieved 2007-03-14. Archived 2020-04-12 at the Wayback Machine.
  2. "Volcanoes". British Antarctic Survey. Archived from the original on 2007-07-11. Retrieved 2006-02-13.
  3. "Scientists Discover Undersea Volcano Off Antarctica". United States National Science Foundation. Archived from the original on 2016-06-16. Retrieved 2006-02-13.
  4. Black, Richard (2008-01-20). "BBC NEWS, Ancient Antarctic eruption noted". BBC News. Archived from the original on 2009-01-15. Retrieved 2009-02-07.
  5. Briggs, Helen (2006-04-19). "Helen Briggs; Secret rivers found in Antarctic; BBC News; 19 April 2006". BBC News. Archived from the original on 2007-05-15. Retrieved 2009-02-07.
  6. "Lake Vostok". United States National Science Foundation. Archived from the original on 2013-08-11. Retrieved 2006-02-13.
  7. "Ice Break in Antarctica". Archived from the original on 2017-07-15.
  8. Gavin Hudson (2008-12-14). "The Coldest Inhabited Places on Earth". Eco Worldly. Archived from the original on 2008-12-18. Retrieved 2009-02-08.
  9. 9.0 9.1 "Weather in the Antarctic". British Antarctic Survey. Archived from the original on 2013-08-11. Retrieved 2006-02-09.
  10. "Antarctic Wildlife". Australian Government Antarctic Division. Archived from the original on 2008-10-09. Retrieved 2006-02-05.
  11. "Land Animals of Antarctica". British Antarctic Survey. Archived from the original on 2008-10-07. Retrieved 2008-11-09.
  12. "Below Antractica". Archived from the original on 2013-07-20. Retrieved 2009-06-19.
  13. "Snow Petrel Pagodroma nivea". BirdLife International. Archived from the original on 2014-05-31. Retrieved 2009-10-20.
  14. "Creatures of Antarctica". Archived from the original on 2005-02-14. Retrieved 2006-02-06.
  15. "Roald Amundsen". south-pole.com. Archived from the original on 2006-02-05. Retrieved 2006-02-09.
  16. "Flock of Antarctica's Orthodox temple celebrates Holy Trinity Day | Serbian Orthodox Church [Official web site]". Spc.rs. 2004-05-29. Archived from the original on 2016-08-26. Retrieved 2009-02-07.
  17. "Владимир Петраков: «Антарктика – это особая атмосфера, где живут очень интересные люди» (Vladimir Petrakov: "Antarctic is a special world, full of very interesting people"" (in Russian). Archived from the original on 2011-07-16. Retrieved 2010-02-22.{{cite web}}: CS1 maint: unrecognized language (link) (Interview with Father Vladimir Petrakov, a priest who twice spent a year at the station)
  18. R.K. Headland, The Island of South Georgia, Cambridge University Press, 1984.
  19. മാതൃഭൂമി ഹരിശ്രീ 2008 ആഗസ്റ്റ് 23
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അന്റാർട്ടിക്ക എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അന്റാർട്ടിക്ക&oldid=3988823" എന്ന താളിൽനിന്ന് ശേഖരിച്ചത്