Jump to content

മിൽഖാ സിംഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മിൽഖാ സിങ്
മിൽഖാ സിംഗ് 2012-ൽ ചണ്ഡിഗഡ് ഗോൾഫ് ക്ലബ്ബിൽ
ജനനം(1929-11-20)20 നവംബർ 1929
ഗോവിന്ദപുര, പഞ്ചാബ്, ബ്രിട്ടീഷ് ഇന്ത്യ
മരണം18 ജൂൺ 2021(2021-06-18) (പ്രായം 91)
ചണ്ഡീഗഡ്, ഇന്ത്യ
ദേശീയതഇന്ത്യൻ
മറ്റ് പേരുകൾപറക്കും സിഖ്
തൊഴിൽകായികതാരം
തൊഴിലുടമഇന്ത്യൻ കരസേന (വിരമിച്ചു)
അറിയപ്പെടുന്നത്പത്മശ്രീ
ജീവിതപങ്കാളി(കൾ)നിർമ്മൽ കൗർ
കുട്ടികൾമൂന്നു പെൺകുട്ടികൾ, ഒരു ആൺകുട്ടി

ഇന്ത്യ കണ്ട ഏറ്റവും മികച്ച കായികതാരങ്ങളിൽ ഒരാളായിരുന്നു മിൽഖാ സിംഗ് (ജനനം: 20 നവംബർ 1929, ല്യാൽ‌പൂർ, അവിഭക്ത ഇന്ത്യ - ഇന്ന് പാകിസ്താനിൽ മരണം - 2021 ജൂൺ 18 ചണ്ഡീഗഡ്). “പറക്കും സിഖ്” എന്ന അപരനാമത്തിൽ അറിയപ്പെടുന്ന മിൽഖാ സിങ്ങ് മധ്യദൂര ഓട്ടത്തിലായിരുന്നു ഐതിഹാസികമായ പ്രകടനങ്ങൾ നടത്തിയത്.[1] ഒന്നിലധികം ഒളിംപിക്സ് മത്സരങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു പങ്കെടുത്തിട്ടുണ്ട്.

നാനൂറു മീറ്റർ ഓട്ടത്തിൽ 1960-ലെ റോം ഒളിമ്പിക്സിൽ നാലാം സ്ഥാനത്തെത്തിയിരുന്നു. ആദ്യ ഇരുനൂറു മീറ്റർ മുന്നിട്ടു നിന്നശേഷം ഓട്ടത്തിന്റെ വേഗതയിൽ വരുത്തിയ വ്യത്യാസം മൂലം 0.1 സെക്കന്റ് വ്യത്യാസത്തിലാണ് മിൽഖായ്ക്ക് ഒളിമ്പിക്സ് മെഡൽ നഷ്ടമായത്. നാനൂറു മീറ്ററിൽ സിംഗ് സ്ഥാപിച്ച ഏഷ്യൻ റെക്കോർഡ് 26 വർഷവും ദേശീയ റെക്കോർഡ് 38 വർഷവും ഇളക്കം തട്ടാതെ നിന്നു. 1998-മാണ്ടിൽ പരംജിത് സിംഗ് ആണ് ഈ ദേശീയ റെക്കോർഡ് മറികടന്നത്.[2] 1958-ൽ പദ്മശ്രീ ബഹുമതി നൽകി രാഷ്ട്രം മിൽഖാ സിംഗിനെ ആദരിച്ചു.[3]

ഇന്ത്യാ വിഭജനകാലത്ത് മാതാപിതാക്കളേയും, സഹോദരങ്ങളേയും നഷ്ടപ്പെട്ട് ഒരു അനാഥനായി പാകിസ്താനിൽ നിന്നും ഇന്ത്യയിലെത്തി. ഇന്ത്യയിലെ മികച്ച കായികതാരങ്ങളിൽ ഒരാൾ എന്നാണ് ചില പത്രങ്ങൾ അദ്ദേഹത്തെ വിശേഷിപ്പിച്ചത്.[4][5]

ആദ്യകാലജീവിതം

[തിരുത്തുക]

ഇന്ത്യാ വിഭജനത്തിനു മുൻപ് ഇന്നത്തെ പടിഞ്ഞാറൻ പാകിസ്താനിലെ ഗോവിന്ദപുര (ഫൈസലാബാദ്) എന്ന ഗ്രാമത്തിലാണ് മിൽഖാ ജനിച്ചത്. ഇപ്പോൾ ഈ പ്രദേശം പാകിസ്താനിലെ മുസ്സാഫിർഗാർ എന്ന ജില്ലയിലാണ്.[6] വിഭജനത്തിന്റെ വേദനകൾ അനുഭവിച്ചറിഞ്ഞ ജീവിതമായിരുന്നു മിൽഖയുടേത്. വിഭജനത്തെത്തുടർന്നുണ്ടായ കലാപത്തിൽ മാതാപിതാക്കൾ നഷ്ടപ്പെട്ടു. പതിനഞ്ചാമത്തെ വയസ്സിൽ തന്റെ മാതാപിതാക്കളുടേയും, സഹോദരങ്ങളുടേയും കൊലപാതകങ്ങൾക്ക് ദൃക്സാക്ഷിയാവേണ്ടിവന്നു.[6][7] പടിഞ്ഞാറൻ പാകിസ്താനിലെ മുസാർഫർഗഡിൽ നിന്നും അഭയാ‍ർത്ഥിയായി ഇന്ത്യയിലെത്തി. 1947 ൽ ഡൽഹിയിലെത്തിയ മിൽഖ തന്റെ സഹോദരിയോടൊപ്പം കുറച്ചു നാൾ താമസിച്ചു. അഭയാർത്ഥിയായി കുറേ നാൾ ക്യാംപുകളിൽ താമസിച്ചു, പിന്നീട് അഭയാർത്ഥികൾക്കായി സർക്കാർ നിർമ്മിച്ച കോളനികളിലൊന്നിൽ സ്ഥിരതാമസമാക്കി.[8]

കായിക ജീവിതം

[തിരുത്തുക]

ഡൽഹിയിലെത്തിയ മിൽഖാ കരസേനയിൽ അംഗമാകാൻ പലതവണ ശ്രമിച്ചു. ശാരീരിക ക്ഷമതയില്ല എന്ന കാരണത്താൽ മൂന്നു പ്രാവശ്യം തിരിച്ചയക്കപ്പെട്ടു.[9] ഒടുവിൽ കരസേനാംഗമായിരുന്ന ജ്യേഷ്ഠൻ മഖൻ സിംഗിന്റെ ശുപാർശയിൽ സേനയുടെ മെക്കാനിക്കൽ എഞ്ചിനീയറിങ് വിഭാഗത്തിൽ 1952ൽ പ്രവേശനം ലഭിച്ചു.[10] സൈന്യത്തിൽ ചേർന്ന ശേഷമാണു ജീവിതത്തിലാദ്യമായി മിൽഖാ ഓട്ടമത്സരത്തിൽ പങ്കെടുക്കുന്നത്. സേനയിലെ ആദ്യ കാലങ്ങളിൽ ഇതര ജവാന്മാരോടൊപ്പം ക്രോസ്‌കൺ‌ട്രിയിൽ പങ്കെടുത്ത താൻ, പകുതിദൂരം പിന്നിട്ടപ്പോഴേക്കും പിന്മാറിയ കാര്യം മിൽഖാ പിന്നീട് പലയവസരത്തിലും വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ മിൽഖായിലെ കായികതാരത്തെ കണ്ടെത്തിയ ഹവിൽദാർ ഗുരുദേവ് സിംഗ് എന്ന പരിശീലകൻ അദ്ദേഹത്തെ നിരന്തര വ്യായാമത്തിനും പരിശീലനത്തിലും പ്രേരിപ്പിച്ചു. മലനിരകളിലും യമുനാ നദീതീരത്തും ഓടാൻ പരിശീലിച്ച മിൽഖാ ചുരുങ്ങിയ സമയത്തിനുള്ളിൽ ഒരു സമ്പൂർണ്ണ അത്‌ലറ്റായി രൂപാന്തരം പ്രാപിച്ചു. മീറ്റർ ഗേജ് തീവണ്ടിക്കൊപ്പമുള്ള ഓട്ടം, മലനിരകൾ ഓടിക്കയറ്റം എന്നിങ്ങനെ കഠിന പരിശീലനമുറകളാണു തന്റെ കായികജീവിതത്തെ രൂപപ്പെടുത്തിയതെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്.[11]

മത്സര രംഗത്തേക്ക്

[തിരുത്തുക]

1955ലെ സർവീസ് അത്‌ലറ്റിക്സ് മീറ്റിലൂടെയാണ് മിൽഖാ ആദ്യമായി മത്സര രംഗത്തെത്തുന്നത്. 200 മീറ്റർ, 400 മീറ്റർ ഇനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച അദ്ദേഹം 1956ലെ പട്യാല നാഷണൽ ഗെയിംസിൽ രണ്ടുവിഭാഗത്തിലും ജേതാവായി. രണ്ടുവർഷത്തിനുശേഷം കട്ടക്ക് ദേശീയ ചാമ്പ്യൻഷിപ്പിൽ 200 മീറ്ററിലും 400 മീറ്ററിലും ദേശീയ റെക്കോർഡ് സ്ഥാപിച്ചു.[12]

രാജ്യാന്തര നേട്ടങ്ങൾ

[തിരുത്തുക]

1950കളുടെ അവസാനത്തോടെ മിൽഖാ സിംഗ് ഏഷ്യയിലെ ഏറ്റവും മികച്ച മധ്യദൂര ഓട്ടക്കാരനായി മാറിയിരുന്നു. 1956 മെൽ‌ബൺ ഒളിമ്പിക്സിൽ പങ്കെടുത്തെങ്കിലും ഹീറ്റ്സിൽ തന്നെ പുറത്തായി. 1957-ൾ 400 മീറ്റർ ഓട്ടത്തിൽ പുതിയ ദേശീയ റെക്കോഡ് ( 47.5 സെക്കൻഡ്) സൃഷ്ടിച്ചു. 1958ലെ ടോക്കിയോ ഏഷ്യൻ ഗെയിംസിൽ 200 മീറ്ററിലും 400 മീറ്ററിലും സ്വർണ്ണം നേടി.[13] അതേ വർഷം കാർഡിഫിൽ നടന്ന കോമൺ‌വെൽത്ത് ഗെയിംസിലും നാനൂറു മീറ്റർ ജേതാവായതോടെ ലോകം മിൽഖായെ ശ്രദ്ധിച്ചു തുടങ്ങി. 1959-ൽ ഏറ്റവും മികച്ച അത്‌ലറ്റിനുള്ള ഹെംസ് ട്രോഫിക്ക് അർഹനായി.

1962 ൽ ജക്കാർത്തയിൽ വെച്ചു നടന്ന ഏഷ്യൻ ഗെയിംസിൽ 400 മീറ്റർ ഓട്ടത്തിലും, ടീം ഇനത്തിൽ 4x400 മീറ്റർ റിലേയിലും സിങ് സ്വർണ്ണം നേടുകയുണ്ടായി.[14] 1964 ലെ ടോക്കിയോ ഒളിംപിക്സിൽ മിൽഖയടങ്ങുന്ന ടീം ഹീറ്റ്സിൽ നാലാമതായാണ് ഓടിയെത്തിയത്, അതുകൊണ്ട് തന്നെ ഫൈനലിൽ നിന്നും ഇന്ത്യൻ ടീം പുറത്താവുകയായിരുന്നു. ടോക്കിയോ ഒളിംപിക്സിൽ മറ്റൊരു ഇനത്തിലും മിൽഖ മത്സരിച്ചിരുന്നില്ല.[15] 1964 ൽ കൽക്കട്ടയിൽ വെച്ചു നടന്ന ദേശീയ ഗെയിംസിൽ 400 മീറ്റർ ഓട്ടത്തിൽ മിൽഖക്കു വിജയിക്കാനായില്ല. 1956 ലെ ഒളിംപിക്സ് മത്സരങ്ങൾ മിൽഖക്ക് നിരാശയുടേതായിരുന്നു.

റോം ഒളിമ്പിക്സ്

[തിരുത്തുക]

ഒരേ സമയം ഐതിഹാസികവും ദുരന്തമയവുമായിരുന്നു 1960ലെ റോം ഒളിമ്പിക്സിൽ മിൽഖാ നടത്തിയ പ്രകടനം. ഒളിമ്പിക്സിനു മുന്നോടിയായി ഫ്രാൻ‌സിൽ നടത്തിയ 400 മീറ്റർ ഓട്ടത്തിൽ 45.8 എന്ന മികച്ച സമയംകുറിച്ച് ശ്രദ്ധനേടിയാണ് മിൽഖാ റോമിലെത്തിയത്. ആദ്യ ഹീറ്റ്സിൽ 47.6 സെക്കന്റിൽ രണ്ടാമതായാണ് ഓടിയെത്തിയത്. അടുത്ത റൌണ്ടിൽ 46.5 എന്ന കുറച്ചുകൂടി മെച്ചപ്പെട്ട സമയത്തിൽ ജർമ്മനിയുടെ കാൾ കൌഫ്‌മാനു പിന്നിൽ രണ്ടാമനായി ഫിനിഷ് ചെയ്തു.[16]

സെമിഫൈനലിൽ അമേരിക്കയുടെ ഓട്ടിസ് ഡേവിസുമായി ഇഞ്ചോടിഞ്ചു പോരാട്ടമായിരുന്നു. ഡേവിസിനു പിന്നിൽ സമയം അല്പംകൂടി മെച്ചപ്പെടുത്തി(45.9 സെക്കന്റ്) ഓടിയെത്തി. ഫൈനലിൽ എതിരാളികളെ പിന്നിലാക്കി കുതിച്ചു പാഞ്ഞ മിൽഖാ 200 മീറ്റർ പിന്നിട്ടപ്പോൾ കാട്ടിയ മണ്ടത്തരമാണ് ഒരു പക്ഷേ അദ്ദേഹത്തിനു മെഡൽ നഷ്ടമാക്കിയത്. എതിരാളികൾ പിന്നിലാണെന്നു മനസ്സിലാക്കിയ മിൽഖാ വേഗം അല്പം കുറച്ചു. ഞൊടിയിടയിൽ മറ്റുള്ളവരെല്ലാം മുന്നിലെത്തുകയും ചെയ്തു. പിന്നീടുള്ള ഇരുനൂറു മീറ്റർ കിണഞ്ഞു പരിശ്രമിച്ചിട്ടും മിൽഖായെ ഭാഗ്യം കടാക്ഷിച്ചില്ല.

44.9 സെക്കന്റിൽ ഓടിയെത്തി പുതിയ ലോകറെക്കോർഡ്‌ സ്ഥാപിച്ച ഓട്ടിസും കൌഫ്മാനും യഥാക്രമം സ്വർണ്ണവും വെള്ളിയും നേടി. സെക്കന്റിന്റെ പത്തിലൊരംശത്തിനു മിൽഖായെക്കാൾ മുന്നിലെത്തിയ ദക്ഷിണാഫ്രിക്കയുടെ മെൽ സ്പെൻസ് വെങ്കലവും നേടി. ജീവിതത്തിലെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തിട്ടും നാലാം സ്ഥാനത്തെത്താനായിരുന്നു മിൽഖായുടെ വിധി.[17]

ആദ്യ ഹീറ്റ്സുമുതൽ ഓരോ തവണയും മികച്ച സമയങ്ങൾ കുറിച്ചെങ്കിലും തന്റെ ജീവിതത്തിലെ ഏറ്റവും ദുഃഖകരമായ നിമിഷങ്ങളായാണു മിൽഖാ റോം ഒളിമ്പിക്സിനെ വിശേഷിപ്പിക്കുന്നത്. ഫോട്ടോഫിനിഷ് ആയതിനാൽ മത്സരഫലങ്ങൾ വൈകിയാണു പ്രഖ്യാപിച്ചത്. ഫലം വരും മുൻപേ താൻ കാട്ടിയ മണ്ടത്തരം മിൽഖായുടെ മനസ്സിനെ തളർത്തിയിരുന്നു. മാതാപിതാക്കളുടെ മരണത്തിനുശേഷം താൻ ഏറ്റവും ദുഃഖിച്ച സംഭവമാണ് ഒളിമ്പിക്സ് മെഡൽ നഷ്ടമെന്നു മിൽഖാ പറഞ്ഞിട്ടുണ്ട്. പരാജയഭാരത്താൽ മത്സരരംഗം ഉപേക്ഷിക്കാൻ പോലും അദ്ദേഹം ആലോചിച്ചിരുന്നു.[14] സുഹൃത്തുക്കളുടെ പ്രേരണയിൽ ആ തീരുമാനം ഉപേക്ഷിച്ച മിൽഖാ രണ്ടു വർഷങ്ങൾക്കു ശേഷം ഏഷ്യൻ ഗെയിംസിൽ 200 മീറ്ററിലും 400 മീറ്ററിലും സ്വർണ്ണം നേടി.

പറക്കും സിഖ്

[തിരുത്തുക]

1962-ൽ പാകിസ്താനിൽ അരങ്ങേറിയ ഒരു മത്സരത്തിനുശേഷമാണു മിൽഖാ സിംഗിനു പറക്കും സിഖ് എന്ന അപരനാമം ലഭിച്ചതെന്നു കരുതപ്പെടുന്നു. 200 മീറ്റർ ഓട്ടത്തിൽ ഏഷ്യയിലെ മികച്ച താരമായിരുന്ന അബ്ദുൽ ഖലീഖ് ആയിരുന്നു മിൽഖായുടെ പ്രതിയോഗി. ലാഹോറിൽ അരങ്ങേറിയ ഈ മത്സരത്തിൽ പാകിസ്താൻ പ്രസിഡന്റ് അയൂബ് ഖാനും സന്നിഹിതനായിരുന്നു. ആവേശകരമായ പോരാട്ടത്തിൽ മിൽഖാ ഖലീഖിനെ കീഴടക്കി.[18] സിംഗിന്റെ പ്രകടനം കണ്ട് അയൂബ് ഖാനാണത്രേ ആദ്യമായി അദ്ദേഹത്തെ പറക്കും സിഖ് എന്നു വിശേഷിപ്പിച്ചത്.[19]

പിന്തുടർച്ച

[തിരുത്തുക]

അത്‌ലറ്റ് അല്ലെങ്കിലും മിൽഖായുടെ കായിക പാരമ്പര്യത്തിനു സ്വന്തം വീട്ടിൽതന്നെ പിന്തുടർച്ചക്കാരനുണ്ട്. അദ്ദേഹത്തിന്റെ പുത്രൻ ജീവ് മിൽഖാ സിംഗ് ഇന്ത്യയിലെ മികച്ച ഗോൾഫ് താരങ്ങളിലൊരാളും, അർജ്ജുനാ പുരസ്കാര ജേതാവും കൂടിയാണ്.[20]

മധ്യദൂര ഓട്ടത്തിൽ മിൽഖായോളം സമർപ്പണ മനോഭാവമുള്ള ഒരു പുരുഷതാരത്തെ ഇന്ത്യക്കു ലഭിച്ചിട്ടില്ല എന്നു കാണാം. 400 മീറ്ററിൽ തന്റെ ദേശീയ റെക്കോർഡ് തകർക്കുന്നവർക്ക് ഒരു ലക്ഷം രൂപാ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഈ റെക്കോർഡ് തിരുത്തുവാൻ 38 വർഷം വേണ്ടിവന്നു. കൽക്കട്ടയിൽ വെച്ചു നടന്ന ഇന്ത്യൻ നാഷണൽ ഓപ്പൺ അത്ലറ്റിക് മീറ്റിൽവെച്ച് പരംജിത് സിങ് ആണ് മിൽഖയുടെ 38 വർഷം പഴക്കമുള്ള റെക്കോർഡ് ഭേദിച്ചത്.[21] തന്റെ റെക്കോർഡ് ഭേദിക്കുന്നയാൾക്ക് വാഗ്ദാനം ചെയ്തിരുന്ന ഒരു ലക്ഷം രൂപ പരംജിതിന് നൽകാൻ തയ്യാറാണെന്ന് മിൽഖാ പറഞ്ഞിരുന്നു. എന്നാൽ സിന്തറ്റിക്ക് ട്രാക്കിൽ ഓടിയതും, ഇലക്ട്രോണിക് സംവിധാനം ഉപയോഗിച്ചാണ് സമയനിർണയം നടത്തിയതെന്നും ഉള്ള കാരണങ്ങൾ പറഞ്ഞ് ഈ പരിശ്രമത്തെ പൂർണ്ണമായി അംഗീകരിക്കാൻ മിൽഖ തയ്യാറായിരുന്നില്ല.[൧][22] 1998 ഡിസംബറിൽ ബാങ്കോക്കിൽ നടക്കാൻ പോകുന്ന ഏഷ്യൻ ഗെയിംസിൽ പരംജിത് തിന്റെ റെക്കോർഡ് ഭേദിക്കുകയാണെങ്കിൽ താൻ അംഗീകരിക്കാൻ തയ്യാറാണ് എന്നും മിൽഖ പത്രങ്ങളോടായി പറഞ്ഞിരുന്നു.[21] പിന്നീടുവന്ന പുരുഷതാരങ്ങളൊന്നും മിൽഖയോളം സ്ഥിരത പുലർത്തിയതുമില്ല. ഒരു ഇന്ത്യാക്കാരൻ ഒളിമ്പിക്സ് അത്‌ലറ്റിക്സിൽ സ്വർണ്ണമണിയുന്നതു കാണുകയാണ് തന്റെ ഏറ്റവും വലിയ സ്വപ്നമെന്നു മിൽഖാ പറഞ്ഞിട്ടുണ്ട്.

പിന്നീടുള്ള ജീവിതം

[തിരുത്തുക]

1958 ലെ ഏഷ്യൻ ഗെയിംസിൽ നടത്തിയ മികച്ചപ്രകടനത്തോടെ, മിൽഖക്ക് ഉദ്യോഗത്തിൽ ഉയർച്ച ലഭിച്ചു. ശിപായി എന്ന തസ്തികയിൽ നിന്നും ജൂനിയർ കമ്മീഷൻഡ് ഓഫീസറായിട്ടായിരുന്നു പുതിയ നിയമനം.[23] പിന്നീട് പഞ്ചാബ് കായികമന്ത്രാലയത്തിന്റെ ഡയറക്ടർ എന്ന സ്ഥാനത്തേക്ക് അദ്ദേഹം എത്തിച്ചേരുകയുണ്ടായി.

1958 ൽ രാജ്യം അദ്ദേഹത്തിന് പത്മശ്രീ പുരസ്കാരം നൽകി ആദരിക്കുകയുണ്ടായി. 2001 ൽ അദ്ദേഹത്തിന് അർജ്ജുനപുരസ്കാരം നൽകിയെങ്കിലും, ഈ പുരസ്കാരം യുവാക്കൾക്കുള്ളതാണെന്നും തന്റെ പ്രായത്തിൽ അത് സ്വീകരിക്കുന്നതിൽ യാതൊരു ന്യായീകരണവുമില്ലെന്നു പറഞ്ഞ് മിൽഖ പുരസ്കാരം നിരസിക്കുകയുണ്ടായി. അർജ്ജുന പുരസ്കാരം അത് അർഹിക്കുന്നവർക്ക് ലഭിക്കുന്നില്ലെന്നും, ഈ പുരസ്കാരനാമനിർദ്ദേശത്തിന് രാഷ്ട്രീയ ഇടപെടലുകളുണ്ടെന്നും പുരസ്കാരം നിഷേധിച്ചുകൊണ്ട് അന്നത്തെ കായികവകുപ്പ് മന്ത്രിയായിരുന്ന ഉമാഭാരതിക്കയച്ച എഴുത്തിൽ മിൽഖ സൂചിപ്പിച്ചിരുന്നു.[24][25]

കായിക ജീവിതത്തിൽ താൻ നേടിയ മെഡലുകളും ട്രോഫികളുമെല്ലാം ഡൽഹി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തോടു ചേർന്നുള്ള ദേശീയ സ്പോർട്സ് മ്യൂസിയത്തിലേക്ക് മിൽഖാ സിംഗ് സംഭാവനയായി നൽകിയിട്ടുണ്ട്. ഇതെല്ലാ പിന്നീട് പട്യാലയിൽ സ്ഥാപിച്ച സ്പോർട്ട്സ് മ്യൂസിയത്തിലേക്ക് മാറ്റുകയുണ്ടായി. റോം ഒളിമ്പിക്സിൽ മിൽഖ ധരിച്ചിരുന്ന ഒരു ജോടി പാദരക്ഷകളും ഇതിലുൾപ്പെടുന്നുണ്ട്.[26] മത്സര രംഗത്തു നിന്നു വിരമിച്ച ശേഷം പഞ്ചാബിലെ കായികഭരണ രംഗത്ത് അദ്ദേഹം സജീവമായിരുന്നു.

മിൽഖാ സിങിന്റെ ആത്മകഥയാണ് ദ റേസ് ഓഫ് മൈ ലൈഫ്, മിൽഖയും അദ്ദേഹത്തിന്റെ മകൾ സോണിയാ സാൽവൾക്കറും കൂടിയാണ് ഇതി രചിച്ചത്. 2013 ൽ പുറത്തിറങ്ങിയ ഭാഗ് മിൽഖാ ഭാഗ് എന്ന ഹിന്ദി ചലച്ചിത്രത്തിന് പ്രചോദനമായത് ഈ കൃതിയാണ്.[27][28] സിനിമയിൽ നിന്നുമുള്ള ലാഭത്തിന്റെ ഒരു ഭാഗം പാവപ്പെട്ട കുട്ടികളെ സഹായിക്കുവാൻ താൻ തുടങ്ങിയ മിൽഖാ ചാരിറ്റബിൾ ട്രസ്റ്റിനു നൽകാം എന്നുള്ള വ്യവസ്ഥയിൽ ആത്മകഥയുടെ പകർപ്പവകാശം വെറും ഒരു രൂപക്കാണ് സിനിമാനിർമ്മാതാക്കൾക്ക് അദ്ദേഹം നൽകിയത്.[7]

കുടുംബം

[തിരുത്തുക]

ഇന്ത്യൻ വോളിബോൾ ടീമിന്റെ ക്യാപ്റ്റനായിരുന്ന നിർമ്മൽ കൗറിനെ 1962 മിൽഖ വിവാഹം കഴിച്ചു. മൂന്നു പെൺകുട്ടികളും ഒരാൺകുട്ടിയും ഉണ്ട് ഈ ദമ്പതികൾക്ക്. മകൻ ജീവ് മിൽഖാ സിങ് അറിയപ്പെടുന്ന ഒരു ഗോൾഫ് കളിക്കാരനാണ്. അർജ്ജുന അവാർഡ് ജേതാവും കൂടിയാണ്. ടൈഗർ ഹിൽ യുദ്ധത്തിൽ മരണമടഞ്ഞ സൈനികനായിരുന്ന ബ്രികം സിങിന്റെ മകനെ മിൽഖ ദത്തെടുത്തിരുന്നു.[29] കോവിഡ് 19 രോഗത്തെത്തുടർന്ന് 2021 മെയ് 18 ന് മരണമടഞ്ഞു.

കുറിപ്പുകൾ

[തിരുത്തുക]
  • ^ മിൽഖയുടെ റോമിലെ 400 മീറ്റരിലെ സ്റ്റോപ്‌-വാച്ചു കൊണ്ടു അളന്ന (hand-timed) സമയം 45.6 സെക്കന്റും, ഇലക്ട്രോണിക്‌ ഉപകരണങ്ങളാൽ അളന്നതു 45.73 ആയും കണക്കാക്കുന്നു. പരംജിത് സിംഗ് 1998-ൽ 45.70-ഉം 2000-ൽ 45.56-ഉം സമയത്തിൽ ഓടി ഈ റെക്കോർഡുകൾ തകർത്തു.
  • മിൽഖയുടെ 45.6 സെക്കന്റു ഒളിമ്പിക്‌ റെക്കാർഡ്‌ തകർത്തുവെന്നു എഴുതിക്കാണാറുണ്ടു. ഇതു പൂർണമായും ശരിയല്ല. 1960-നു മുൻപുള്ള ഒളിമ്പിക്‌ റെക്കാർഡ്‌ 45.9 ആയിരുന്നു. എന്നാൽ 400 മീറ്ററിന്റെ സെമിഫൈനലിൽ തന്നെ അമേരിക്കയുടെ ഓട്ടിസ്‌ ഡേവിസ്‌ 45.5 സെക്കന്റിനു ഓടി പുതിയ റെക്കാർഡ്‌ ഇട്ടിരുന്നു.

അവലംബം

[തിരുത്തുക]
  1. രാജ്, സിങ്. സിഖ് അച്ചീവേഴ്സ്. ഹേമകുണ്ഠ് പബ്ലിഷേഴ്സ്. p. 127. ISBN 978-81-7010-365-3. പറക്കും സിഖ്
  2. "റെക്കോഡ് ബ്രേക്കിംഗ് ഫീറ്റ്". ഔട്ട്ലുക്ക്ഇന്ത്യ. 16-നവംബർ-1998. {{cite news}}: Check date values in: |date= (help)
  3. "മിൽഖാ സിങ്-ലഘു ജീവചരിത്രം". മിൽഖാസിങ്.കോ.ഇൻ. Archived from the original on 2013-07-29. Retrieved 2013-07-22.
  4. "ദ ഫ്ലൈയിംഗ് സിഖ് റിമംബേഴ്സ്". ബി.ബി.സി. 30-ജൂലൈ-2008. {{cite news}}: Check date values in: |date= (help)
  5. രാജ്, സിങ്. സിഖ് അച്ചീവേഴ്സ്. ഹേമകുണ്ഠ് പബ്ലിഷേഴ്സ്. p. 127. ISBN 978-81-7010-365-3. ഇന്ത്യയിലെ മികച്ച കായികതാരങ്ങളിൽ ഒരാൾ
  6. 6.0 6.1 "വിൽ ഓവർ മാറ്റർ". ഫൈനാൻഷ്യൽ എക്സ്പ്രസ്സ്. 22-ജൂലൈ-2013. {{cite news}}: Check date values in: |date= (help)
  7. 7.0 7.1 "ഇഫ് മിൽഖാ സിങ് വാസ് ബോൺ ഇൻ പ്രസന്റ് ടൈംസ്, നോ വൺ വുഡ് ബി ഏബിൾ ടു ബ്രേക്ക് ഹിസ് റെക്കോഡ്സ് ഫോർ 100 ഇയേഴ്സ്". ദ ഇന്ത്യൻ എക്സ്പ്രസ്സ്. 30-ജൂൺ-2013. {{cite news}}: Check date values in: |date= (help)
  8. അബാസ്, ശർമ്മ (05-ജൂലൈ-2013). "ഇന്ത്യാസ് ഫസ്റ്റ് സെലിബ്രിറ്റി അത്ലറ്റ്". ബിസിനസ്സ്-സ്റ്റാൻഡാർഡ്. {{cite news}}: Check date values in: |date= (help)
  9. "ഫ്ലൈയിങ് സിഖ്". സിഖ് ഹിസ്റ്ററി. Archived from the original on 2015-02-25. Retrieved 2013-07-22.
  10. അർച്ചന, മാസിഹ്. "മിൽഖാ സിങ്-ഓൺ ദ റേസ് ഓഫ് ഹിസ് ലൈഫ്". റീഡിഫ്. Retrieved 22-ജൂലൈ-2013. {{cite news}}: Check date values in: |accessdate= (help)
  11. "മിൽഖാ സിങ്, ദ മാൻ ദ ലെജൻഡ്". സീന്യൂസ്. 14-ജൂലൈ-2013. {{cite news}}: Check date values in: |date= (help)
  12. അജയ് കുമാർ, കോത്താരി (2009). ഗ്രേറ്റ് ലൈവ്സ്. പുസ്തക് മഹാൾ. ISBN 978-8122305296. മിൽഖാസിങ്
  13. "ടോക്കിയോ ഏഷ്യൻ ഗെയിംസ് -1958-അത്ലറ്റിക് മത്സരഫലം". ജിബിആർഅത്ലറ്റിക്സ്.
  14. 14.0 14.1 "ദ ഫ്ലൈയിംഗ് സിഖ്സ് എക്സ്പ്ലോയിറ്റ്സ്". ദ ഹിന്ദു. 30-ജൂലൈ-2005. {{cite news}}: Check date values in: |date= (help)[പ്രവർത്തിക്കാത്ത കണ്ണി]
  15. "1964 ടോക്കിയോ ഒളിംപിക്സ്" (PDF). എൽ.എ.84 ഫൗണ്ടേഷൻ. Retrieved 23-ജൂലൈ-2013. {{cite web}}: Check date values in: |accessdate= (help)
  16. രാജ്, സിങ്. സിഖ് അച്ചീവേഴ്സ്. ഹേമകുണ്ഠ് പബ്ലിഷേഴ്സ്. p. 127. ISBN 978-81-7010-365-3. മിൽഖാ സിങ് - റോം ഒളിംപിക്സ്
  17. "ദ ഫ്ലൈയിംഗ സിഖ് റിമംബേഴ്സ്". ബി.ബി.സി. 30-ജൂലൈ-2008. {{cite news}}: Check date values in: |date= (help)
  18. ചിത്ര, ഗാർഗ് (2011). ഇന്ത്യൻ ചാംപ്യൻസ്. രാജ്പാൽ ആന്റ് സൺസ്. p. 37-38. ISBN 978-8170288527.
  19. അർച്ചന, മാസിഹ്. "മിൽഖാ സിങ്-ഓൺ ദ റേസ് ഓഫ് ഹിസ് ലൈഫ്". റീഡിഫ്. Retrieved 22-ജൂലൈ-2013. പറക്കും സിഖ് എന്ന വിളിപ്പേര് {{cite news}}: Check date values in: |accessdate= (help)
  20. "ജീവ് മിൽഖാ സിങിന് അർജുന പുരസ്കാരം". ടെലഗ്രാഫ്ഇന്ത്യാ. 09-ഓഗസ്റ്റ്-2007. {{cite news}}: Check date values in: |date= (help)
  21. 21.0 21.1 "38ഇയർ ഓൾഡ് ഇന്ത്യൻ നാഷണൽ റെക്കോർഡ് ഫോൾസ്". ഇന്റർനാഷണൽ അസ്സോസ്സിയേഷൻ ഓഫ് അത്ലറ്റിക് ഫെഡറേഷൻ. 06-നവംബർ-1998. {{cite web}}: Check date values in: |date= (help)
  22. എസ്., സന്താനം (05-നവംബർ-1998). "മിൽഖാസ് പ്രോമിസ് സ്റ്റാൻഡ്സ്". ഇന്ത്യൻ എക്സ്പ്രസ്സ്. {{cite news}}: Check date values in: |date= (help)[പ്രവർത്തിക്കാത്ത കണ്ണി]
  23. "മിൽഖാ സിങ് ബാക്സ് പ്രൊമോഷൻ ഫോർ സിൽവർ മെഡലിസ്റ്റ് ആർമി മാൻ". ഇന്ത്യാ ടുഡേ. 09-ഓഗസ്റ്റ്-2012. {{cite news}}: Check date values in: |date= (help)
  24. "മിൽഖാ സിങ് നോട്ട് ടു ആക്സപ്റ്റ് അർജ്ജുന അവാർഡ്". ട്രൈബ്യൂൺഇന്ത്യ.
  25. "ഫ്ലൈയിങ് സിഖ് സ്നബ്സ് ദ അവാർഡ്". ബി.ബി.സി. 16-ഓഗസ്റ്റ്-2001. {{cite news}}: Check date values in: |date= (help)
  26. "മിൽഖാ സിങ് ഡൊണേറ്റ്സ് ഒളിമ്പിക്സ് ഷൂസ് ഫോർ ചാരിറ്റി ഓക്ഷൻ". ടൈംസ് ഓഫ് ഇന്ത്യ. 24-ജനുവരി-2012. {{cite news}}: Check date values in: |date= (help)
  27. "മിൽഖ, മൈ ഗോഡ്, മൈ റിലിജയൻ, മൈ ബിലൗഡ്". ലൈവ്മിന്റ്.കോം. 10-ജൂലൈ-2013. {{cite news}}: Check date values in: |date= (help)
  28. "ഐ ഡോണ്ട് നോ ഹൗ മച്ച് പീപ്പിൾ നോ എബൗട്ട് മിൽഖാ സിങ്". ഹിന്ദുസ്ഥാൻ ടൈംസ്. 12-ജൂലൈ-2013. Archived from the original on 2013-07-14. Retrieved 2013-07-23. {{cite news}}: Check date values in: |date= (help)
  29. അർച്ചന, മാസിഹ്. "മിൽഖാ സിങ്-ഓൺ ദ റേസ് ഓഫ് ഹിസ് ലൈഫ്". റീഡിഫ്. Retrieved 22-ജൂലൈ-2013. മിൽഖയുടെ ദത്തെടുത്ത മകൻ {{cite news}}: Check date values in: |accessdate= (help)

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]

ഫലകം:Footer Commonwealth Champions 400m Men ഫലകം:Footer Asian Games Champions 200 metres Men ഫലകം:Footer Asian Games Champions 400 metres Men

"https://ml.wikipedia.org/w/index.php?title=മിൽഖാ_സിംഗ്&oldid=3913451" എന്ന താളിൽനിന്ന് ശേഖരിച്ചത്