പട്ടണം പുരാവസ്തുഖനനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

എറണാകുളം ജില്ലയിൽ കൊടുങ്ങല്ലൂരിനും വടക്കൻ പറവൂരിനും ഇടയിലുള്ള ഒരു ചെറിയ ഗ്രാമമായ പട്ടണം ഈ അടുത്ത കാലത്ത് അന്താരാഷ്ട്രതലത്തിൽ തന്നെ ചരിത്രഗവേഷകരുടെ ശ്രദ്ധ നേടിയിട്ടുണ്ടു്. സമകാലീനഭൂമിശാസ്ത്രത്തിൽ ഈ പ്രദേശത്തിനു പ്രത്യേകതകൾ ഒന്നുമില്ലെങ്കിലും ദക്ഷിണേഷ്യയുടെ പ്രാചീനചരിത്രത്തിൽ ഈ പ്രദേശം നിർണ്ണായകമായ ഒരു സ്ഥാനം വഹിച്ചിട്ടുണ്ടെന്നു് ഇപ്പോൾ വ്യക്തമായിട്ടുണ്ടു്.

21-ആം നൂറ്റാണ്ടിന്റെ തുടക്കത്തിൽ പ്രമുഖ ചരിത്രഗവേഷകർ ഈ സ്ഥലത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ തിരിച്ചറിഞ്ഞു. അതോടെ സർക്കാരും അനുബന്ധ ഗവേഷണസ്ഥാപനങ്ങളും ഇവിടെ പല ഘട്ടങ്ങളിലായി ഊർജ്ജിതമായ പുരാവസ്തു ഖനനത്തിനു തുടക്കം കുറിച്ചു. അഭൂതപൂർവ്വമായ കണ്ടെത്തലുകളാണു് ഇതിന്റെ ഫലമായി ഇപ്പോൾ പുറത്തുവന്നിട്ടുള്ളതു്. കേരള ചരിത്ര ഗവേഷണ കൗൺസിലിന്റെ ഒരു വിദഗ്ദ്ധസംഘം പട്ടണത്തെ പുരാവസ്തു ഉദ്ഖനനം തുടർന്നുകൊണ്ടിരിക്കുന്നു.

നാലുമീറ്റർ ഘനത്തിൽ മണ്ണിനടിയിൽ പുതഞ്ഞുകിടക്കുന്ന സുപ്രധാനമായ പല സാമഗ്രികളും തുടർന്നും കണ്ടെടുത്തുകൊണ്ടിരിക്കുന്നതിനാൽ ദക്ഷിണേഷ്യൻ ചരിത്ര-പുരാവസ്തുഗവേഷകർക്കു് കേരളത്തിലെ ഏറ്റവും താൽപ്പര്യമുള്ള മേഖലകളിൽ മുൻപന്തിയിലാണു് ഇപ്പോൾ പട്ടണത്തിന്റെ സ്ഥാനം. ഇതിനകം തന്നെ, ക്രി.മു. പത്താം നൂറ്റാണ്ടു മുതൽ ക്രി.പി. പത്താം നൂറ്റാണ്ടു വരെയെങ്കിലുമുള്ള 2000 വർഷത്തെ സുദീർഘമായ ജനവാസപാരമ്പര്യം ഈ സ്ഥലത്തിനുണ്ടെന്നു് ഗവേഷകർ അഭിപ്രായപ്പെട്ടിട്ടുണ്ടു്.[1] ക്രി.വ.47ൽ മൺസൂൺ കാറ്റുകളുടെ ഗതിയും സ്വഭാവവും ഹിപ്പാലസ് എന്ന നാവികൻ കണ്ടറിഞ്ഞതിനും പിൽക്കാലത്ത് അവയുടെ അനുകൂലപ്രഭാവത്തിൽ തെക്കനേഷ്യയിലേക്കു് സുസ്ഥാപിതമായ ഒരു നാവികമാർഗ്ഗം ഉണ്ടായിത്തീർന്നതിനും ഉപോദ്ബലകമായ ശക്തമായ തെളിവുകൾ ഇവിടെ നിന്നും ഇപ്പോൾ കണ്ടെടുത്തുകൊണ്ടിരിക്കുകയാണു്. ഏറ്റവും ഒടുവിലത്തെ ചരിത്രപഠനത്തെളിവുകൾ അനുസരിച്ച് പുരാതനകാലത്ത് 'മുസിരിസ്' അഥവാ മുചിറിപ്പട്ടണം എന്നറിയപ്പെട്ടിരുന്ന നഗരം ഈ പ്രദേശത്തായിരുന്നു എന്ന അനുമാനത്തോടു് അനുദിനം അടുത്തുകൊണ്ടിരിക്കുകയാണു്. [2].

മുസിരിസ്സിന്റെ ചരിത്ര പശ്ചാത്തലം[തിരുത്തുക]

കോടി നിൽക്കുന്ന വായ് എന്നർത്ഥമുള്ള 'മുചിറി', സമുദ്രതീരത്തെ നഗരം എന്നർത്ഥമുള്ള 'പത്തനം' എന്നീ വാക്കുകൾ ചേർന്നാണു് മുചിറിപ്പട്ടണം എന്ന പേരുണ്ടായതു്. പെരിയാറിന്റെ പതനസ്ഥാനത്ത് നദി രണ്ടായിപ്പിരിയുന്നിടത്ത് അവയ്ക്കിടയിൽ സ്ഥിതിചെയ്യുന്നതുകൊണ്ടായിരിക്കണം ഇതുപോലൊരു പേരുണ്ടായതു്. വിദേശസഞ്ചാരികൾ ഈ സ്ഥലത്തിനെ മുസിരിസ് എന്നും വിളിച്ചു.

പ്രതാപപൂർണ്ണമായിരുന്ന മുചിരിപ്പട്ടണത്തിന്റെ നാഗരികസ്വഭാവം പതിനാലാം നൂറ്റാണ്ടിന്റെ പകുതിയോടു കൂടി പെട്ടെന്നു് നിശ്ചലമായി. ഇതിനുള്ള കാരണം പൂർണ്ണമായി ഇപ്പോഴും കണ്ടെത്തിയിട്ടില്ലെങ്കിലും, ക്രി.വ. 1341 ൽ പെരിയാറ്റിലുണ്ടായ ഭീകരമായ വെള്ളപ്പൊക്കവും അതിനെത്തുടർന്നു് നദിയിലുണ്ടായ ഗതിമാറ്റവും ആകാം എന്നു് പണ്ഡിതർ അനുമാനിക്കുന്നു. മാറിയ സാഹചര്യത്തിൽ ഒരു തുറമുഖനഗരമെന്ന പ്രാധാന്യം മുസിരിസ്സിനു നഷ്ടപ്പെട്ടിരിക്കാം. അന്തർദ്ദേശീയമായ വ്യാപാരബന്ധങ്ങൾ ഇതോടെ പുതുതായുണ്ടായ കൊച്ചിത്തുറമുഖത്തേക്കും രാഷ്ട്രീയകാരണങ്ങളാൽ കോഴിക്കോട്ടേക്കും പറിച്ചുമാറ്റപ്പെട്ടു. നാളുകൾ കടന്നുപോയപ്പോൾ മുസിറിസ് എന്ന വാണിജ്യനഗരത്തിന്റെ പേരു പോലും ആരും ഓർമ്മിക്കാതാകുകയും ഏതോ വെറുമൊരു സാധാരണ ഉൾനാടൻ ഗ്രാമമായി അതു മാറുകയും ചെയ്തു.

ഐതിഹ്യങ്ങളിലും സംഘകാലസാഹിത്യം അടക്കമുള്ള പ്രാചീനകൃതികളിലും ആവർത്തിച്ചു പരാമർശിക്കപ്പെടുന്ന മുസിരിസ് കൃത്യമായി എവിടെയായിരുന്നു എന്നു കണ്ടെത്താൻ ചരിത്രഗവേഷകർ നൂറ്റാണ്ടുകളായി പരിശ്രമിച്ചുകൊണ്ടിരുന്നു. സംഘം കൃതികളിലും പെരിപ്ലസ്സ് തുടങ്ങിയവരുടെ വിവരണങ്ങളും ആധാരമാക്കി അവർ മുചിറിപ്പട്ടണത്തിന്റെ അവശിഷ്ടങ്ങൾ അന്വേഷിച്ചിരുന്നതു് മുഖ്യമായും പെരിയാറിന്റെ വടക്കൻ കരയിലുള്ള ഭൂപ്രദേശങ്ങളിലായിരുന്നു. എന്നാൽ പ്രകടമായ തെളിവുകളൊന്നും അവർക്കു് ആ ഭാഗങ്ങളിൽ നിന്നും കണ്ടെടുക്കാൻ കഴിഞ്ഞില്ല.

ആധുനികസാങ്കേതികവിദ്യകളുടെ ആവിർഭാവത്തോടെ ഉപഗ്രഹചിത്രങ്ങളിൽ നിന്നും മറ്റും ഉരുത്തിരിയുന്ന പുതിയ ഭൂമിശാസ്ത്രയുക്തികൾ അനുസരിച്ച് നഷ്ടപ്പെട്ടുപോയ മുസിരിസ്സ് നഗരം കൊടുങ്ങലൂരിൽ നിന്നും വളരെ അകലെയല്ലാത്ത പട്ടണം എന്ന പ്രദേശത്തുതന്നെയായിരിക്കാനുള്ള സാദ്ധ്യത വളരെ പ്രകടമായിത്തുടങ്ങി.

പുതിയ കണ്ടെത്തലുകൾ - പട്ടണം തന്നെയായിരുന്നോ പുരാതന മുചിറിപ്പട്ടണം?[തിരുത്തുക]

പ്യൂട്ടിങ്ങെർ ഭൂപടം എന്നറിയപ്പെടുന്ന പുരാതന റോമൻ ഭൂപടത്തിൽ മുസിരിസിന്റെ ചിത്രീകരണം

2004ൽ ഡോ. കെ.പി. ഷാജൻ എന്ന ഭൗമപുരാവസ്തുപണ്ഡിതൻ വ്യക്തമായ ചില കാരണങ്ങളോടെ ഒരു നിർദ്ദേശം മുന്നോട്ടു വെച്ചു. ഇപ്പോൾ അവഗണിക്കപ്പെട്ടുകിടക്കുന്ന പട്ടണം എന്ന പ്രദേശമായിരിക്കാം പഴയ മുസിരിസ് എന്നു് അദ്ദേഹം അനുമാനിച്ചു. പട്ടണത്തിനു സമീപത്തിലൂടെ പെരിയാർ തോട് എന്ന പേരിൽ പെരിയാറിന്റെ തന്നെ ഒരു കൈവഴി ഒഴുകുന്നുണ്ടു്. ഉപഗ്രഹചിത്രങ്ങൾ വ്യക്തമായി കാണിക്കുന്നതനുസരിച്ച് പെരിയാർ നദിയുടെ ആന്തരപതനഭൂഭാഗം (submerged delta) നദിയുടെ തെക്കുഭാഗത്തേക്കാണു വ്യാപിച്ചുകിടക്കുന്നതു്. അതിനു പുറമേ, പട്ടണത്തിലെ ഗ്രാമീണർക്കു് മണ്ണു കുഴിക്കുമ്പോൾ പലപ്പോഴും ഉടഞ്ഞ പാത്രങ്ങളുടേയും മറ്റു വസ്തുക്കളുടേയും അവശിഷ്ടങ്ങൾ ലഭിക്കാറുണ്ട്. ഈ വസ്തുതകളിൽ നിന്നാണു് അദ്ദേഹം ഇത്തരമൊരു യുക്തിയിലേക്കു് എത്തിച്ചേർന്നതു് [3]. ഇതേത്തുടർന്നുള്ള പഠനങ്ങളും ഉദ്ഖനനങ്ങളുമാണു് കേരള ചരിത്രഗവേഷണ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ഈ അടുത്ത കാലത്തായി തുടങ്ങിവെച്ചിരിക്കുന്നതു്.

പട്ടണത്തെ നീലേശ്വരം ശിവക്ഷേത്രക്കുളത്തിനു സമീപത്തായി 45 ഹെക്ടർ വരുന്ന ഒരു ഭൂഭാഗത്ത് (10°9′24.6″N 76°12′33.08″E / 10.156833°N 76.2091889°E / 10.156833; 76.2091889) 2007ലാണു് ഈ പഠനം തുടങ്ങിവെച്ചതു്. ചരിത്രപ്രാധാന്യം കണക്കിലെടുത്ത് ഈ പഠനത്തിൽ ഭാഗഭാക്കാവാൻ ദക്ഷിണേഷ്യൻ പഠനങ്ങൾക്കുള്ള ബ്രിട്ടീഷ് അസോസിയേഷൻ (BASAS) എന്ന സംഘടന ഒരു അന്താരാഷ്ട്രഗവേഷക വിദഗ്ദസംഘം രൂപീകരിക്കാൻ ഇതിനകം മുൻകയ്യെടുത്തിട്ടുണ്ടു്.[4] തുടർച്ചയായി ജനവാസമുള്ള ഒരു പ്രദേശം എന്ന നിലയിൽ ഈ സ്ഥലം പുരാവസ്തുനിക്ഷേപങ്ങളുടെ നഷ്ടങ്ങൾക്കും മാറ്റങ്ങൾക്കും വിധേയമായിട്ടുണ്ടു്. മണലെടുപ്പും മറ്റും മൂലം പല സ്ഥാനങ്ങൾക്കും അവയുടെ മൂലപ്രകൃതി നഷ്ടപ്പെട്ടുപോയിരിക്കുന്നു. ഇതുവരെ ലഭ്യമായ അവശിഷ്ടങ്ങളിൽ നടത്തിയ പഠനം അനുസരിച്ച് ക്രി.മു. 1000 വരെ പ്രാചീനത്വം ഈ സ്ഥലത്തെ ജനപഥങ്ങൾക്കു് ഉണ്ടായിരുന്നു. ലോഹയുഗ അടുക്കുകളിലെ കരി, മരം എന്നിവയിൽ നടത്തിയ AMS കാർബൺ 14 പരീക്ഷണങ്ങളിൽ നിന്നുമാണു് ഈ നിഗമനങ്ങൾ[5].

ചേരകാലത്തെ നാണയങ്ങൾ, അംഫോറകൾ(കുടുങ്ങിയ കഴുത്തും ഇരുവശത്തും പിടികളുമുള്ള റോമൻ മാതൃകയിലുള്ള വലിയ ഭരണികൾ), ടേറാ സിഗിലാറ്റ (ഔഷധഗുണമുള്ള പ്രത്യേകതരം വിദേശക്കളിമണ്ണു്), ചിത്രാങ്കിതമായ അർദ്ധമൂല്യ രത്നാഭരണങ്ങൾ, സ്ഫടികമുത്തുകളും മണികളും തുടങ്ങി ആയിരക്കണക്കിനു് സാമഗ്രികളാണു് ഇതുവരെ നടത്തിയ ഖനങ്ങളിൽ നിന്നും ലഭിച്ചിട്ടുള്ളതു്. ഇതിനു പുറമേ ചുടുകട്ട ഉപയോഗിച്ച ഭിത്തികളുടെ അവശിഷ്ടങ്ങളും ആറു മീറ്റർ നീളം വരുന്ന ഒറ്റത്തടി ആഞ്ഞിലി മരത്തിൽ തീർത്ത ഒരു കപ്പൽച്ചങ്ങാടവും (Wharf - ചെറിയ കപ്പലുകൾ കരയ്ക്കടുപ്പിക്കാനുപയോഗിക്കുന്ന പലകക്കൂട്ടുകൾ), തേക്കിൽ തീർത്ത ചങ്ങാടക്കുറ്റികളും ഈ ശേഖരത്തിലുണ്ടു്. റോമാ സാമ്രാജ്യത്തിന്റെ അതിരുകൾക്കു പുറത്തുനിന്നും ഇന്നേ വരെ ലഭിച്ചിട്ടുള്ള റോമൻ ഭരണിക്കഷ്ണങ്ങളുടെ ഏറ്റവും വലിയ ശേഖരമാണു് 2007 മുതൽ 2009 വരെയുള്ള രണ്ടുവർഷം കൊണ്ടു മാത്രം പട്ടണം ഖനനത്തിലൂടെ കണ്ടെത്തിയതു്.

ഒരു വശത്തു് ആനയും മറുവശത്ത് അമ്പും വില്ലും ചിത്രീകരിച്ച ചതുരാകൃതിയിലുള്ള ചെമ്പു നാണയങ്ങൾ ഈ കണ്ടുപിടിത്തങ്ങളിൽ ഉൾപ്പെടുന്നു. ഒന്നാം ശതകത്തിലെ നാണയമാതൃകകളാണു് ഇവ. അതേ സമയം ഇവയെല്ലാം നേരിട്ട് റോമാ സാംരാജ്യവുമായോ ഇറ്റലിയുമായോ ബന്ധപ്പെടുത്താനുള്ള സുശക്തമായ തെളിവുകൾ ഇനിയും ലഭിച്ചിട്ടില്ല.[6]

2010ലും 2011ലും തുടർന്ന ഖനനത്തിൽ കൂടുതൽ പുരാവസ്തുക്കൾ കണ്ടെടുക്കപ്പെട്ടിട്ടുണ്ടു്. ഇരുമ്പ്, ചെമ്പ്, ഈയം, അപൂർവ്വമായി സ്വർണ്ണം, ഭാരതീയവും അല്ലാത്തതുമായ മൺപാത്രക്കഷ്ണങ്ങൾ[7] , ഇരുമ്പുകൊണ്ടും ചെമ്പു കൊണ്ടും നിർമ്മിച്ച ആണികൾ തുടങ്ങിയവ ഇതിലുണ്ടു്[8]. ഏറ്റവും പ്രോത്സാഹജനകമായ കണ്ടെടുക്കലുകളിൽ ഒന്നു് ബ്രാഹ്മി ലിപിയിൽ എഴുത്തുകളുള്ള ഒരു പാത്രവക്കു് ആണു്. ചുടാത്ത കളിമണ്ണിൽ തീർത്ത ഫലകങ്ങളിൽ ആദ്യമായി പട്ടണത്ത് കണ്ടെത്തിയിട്ടുള്ള മാതൃകയാണിതു്.

പട്ടണത്തെ മൺപാത്രാവശിഷ്ടങ്ങളുടെ ക്രി.മു. 100 മുതൽ ക്രി.വ. നാലാം നൂറ്റാണ്ടു വരെയുള്ള കാലഘട്ടത്തിലെ ബൃഹത്തായ പ്രാമുഖ്യം വിരൽ ചൂണ്ടുന്നതു് ആ സമയമായിരിക്കണം അവിടെ ഏറ്റവും സക്രിയമായ നാഗരികത ഉണ്ടായിരുന്നതെന്ന അനുമാനത്തിലേക്കാണു്.

കൂടുതൽ തെളിവുകളുടെ ആവശ്യകത[തിരുത്തുക]

തമിഴ്‌നാട് പുരാവസ്തുവകുപ്പിന്റെ മുൻ ഡയറക്റ്ററും കാഞ്ചീപുരം സർവ്വകലാശാലയുടെ മുൻവൈസ് ചാൻസലറും ജവഹർലാൽ നെഹ്രു സർവ്വകലാശാലയിലെ സന്ദർശക പ്രൊഫസറുമായ ഡോ. ആർ. നാഗസ്വാമിയുടെ അഭിപ്രായത്തിൽ, പട്ടണം തന്നെയായിരുന്നു മുസിരിസ് എന്ന അനുമാനത്തിനു് ഇനിയും കൂടുതൽ തെളിവുകൾ ലഭിയ്ക്കേണ്ടതുണ്ടു്. 2011 ആഗസ്റ്റിൽ നടന്ന "മുസിരിസ്സ് പാരമ്പര്യവും പട്ടണം ഉദ്‌ഖനനങ്ങളും" എന്ന സെമിനാറിൽ അദ്ദേഹം അഭിപ്രായപ്പെട്ടത് ധൃതി വെച്ചൊരുനിഗമനത്തിലെത്തുന്നതിനുമുമ്പ് കൊടുങ്ങല്ലൂരിലെ പ്രസക്തഭാഗങ്ങൾ കൂടി ഇത്തരത്തിൽ ഖനനം ചെയ്തു പരിശോധിക്കണം എന്നായിരുന്നു.[6]

വിമർശനങ്ങൾ[തിരുത്തുക]

ദക്ഷിണേന്ത്യൻ സംസ്കാരത്തിനു ഉത്തരഭാരതവും വിശേഷിച്ചു ഹാരപ്പൻ നാഗരികതയും  ആയി ഉണ്ടായിരുന്ന ബന്ധത്തേ നിരാകരിക്കുവാനും കൂടിയാണ് പട്ടണം ഖനനത്തിന്റെ കണ്ടെത്തലുകൾ ഉപയോഗിക്കുന്നത് എന്ന ആരോപണവും ഉയർന്നു വന്നു[9]. റോമൻ നാണയങ്ങളുടെ ശേഖരം കണ്ടെത്തിയ വള്ളുവള്ളിയിൽ ഖനനം നടത്താതെ പട്ടണം മുസിരിസ് തന്നെ എന്ന് ഉറപ്പിച്ചതിനെ ഡോ. N. M. നമ്പൂതിരി വിമർശിക്കുകയുണ്ടായി[10]. തോമാശ്ലീഹാ കേരളത്തിൽ വന്നിരുന്നു എന്ന ക്രൈസ്തവ വിശ്വാസത്തിനു ചരിത്രസാധുത നൽകാനുള്ള ശ്രമവും വിമർശന വിധേയമായി[11].

അവലംബം[തിരുത്തുക]

 1. "ദേശീയവാർത്തകൾ : പട്ടണം - ഇന്ത്യാസമുദ്രവലയത്തിലെ ഏറ്റവും സമ്പന്നമായ ഇൻഡോ-റോമൻ പുരാവസ്തുമേഖല". ദി ഹിന്ദു (ദിനപത്രം). 2009-05-03. ശേഖരിച്ചത് 2011-09-19.
 2. "www.keralahistory.ac.in". www.keralahistory.ac.in. ശേഖരിച്ചത് 2011-09-19.
 3. Archaeologists stumble upon Muziris
 4. http://www.basas.org.uk/groups/ports.htm (http://www.hindu.com/2009/03/20/stories/2009032054890700.htm
 5. Cherian, P. J. ; Prasad, G. V. Ravi ; Dutta, Koushik ; Ray, Dinesh Kr. ; Selvakumar, V. ; Shajan, K. P., "Chronology of Pattanam: a multi-cultural port site on the Malabar coast", Current Science 97(2), 236-40.
 6. 6.0 6.1 "കേരളം - കൊച്ചി വാർത്ത: പട്ടണം ഖനനം വ്യാപാരത്തിലേക്കു് കൂടുതൽ വെളിച്ചം വീശുന്നു". ദ ഹിന്ദു ദിനപത്രം. 2011-08-05. ശേഖരിച്ചത് 2012-06-01.
 7. link http://beta.thehindu.com/arts/history-and-culture/article244338.ece?homepage=true)
 8. "Kerala / Kochi News : Pattanam finds throw more light on trade". The Hindu. 2011-06-12. ശേഖരിച്ചത് 2011-09-19.
 9. Sashibhooshan, M G (2014). കേരളചരിത്രം അപ്രിയ നിരീക്ഷണങ്ങൾ. SPCS. p. 58. ISBN 978-93-86562-82-1.
 10. "Kodungallore is not Muziris".
 11. "Pattanam excavations prove the myth of St. Thomas".

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പട്ടണം_പുരാവസ്തുഖനനം&oldid=3089242" എന്ന താളിൽനിന്ന് ശേഖരിച്ചത്