ഗൊമ്മടേശ്വരൻ
കർണാടകയിലെ ഹസൻ ജില്ലയിൽ ശ്രാവണബെൽഗോളയിൽ ഇന്ദ്രഗിരി കുന്നിനു മുകളിൽ സ്ഥിതി ചെയ്യുന്ന 18 മീറ്റർ (57 അടി) ഉയരമുള്ള ഒരു ഒറ്റക്കൽപ്രതിമയാണ് ഗോമതേശ്വരൻ. ഏഷ്യയിലെ ഏറ്റവും വലിയ ഒറ്റക്കൽ പ്രതിമയാണിത്. ജൈനരുടെ തീർത്ഥാടനകേന്ദ്രമാണിത്. ജൈനരുടെ ആദ്യ തീർത്ഥങ്കരനായ ഋഷഭന്റെ നൂറു പുത്രന്മാരിൽ രണ്ടാമനായ ബാഹുബലി അഥവാ ഗോമതേശ്വരനോടുള്ള ആദരവ് പ്രകടിപ്പിക്കുന്നതിന് ഗംഗാസാമ്രാജ്യത്തിലെ ഒരു മന്ത്രിയും സൈന്യാധിപനുമായിരുന്ന ചാമുണ്ഡരായനാണ് പത്താം നൂറ്റാണ്ടിൽ ഈ പ്രതിമ നിർമ്മിച്ചത്.
ഉള്ളടക്കം
നിർമ്മിതി[തിരുത്തുക]
ഒറ്റക്കല്ലിൽ തീർത്തിരിക്കുന്ന ഈ പ്രതിമ അരിഷ്ടനേമി എന്ന ശിൽപ്പിയാണ് നിർമ്മിച്ചത്. ഭൂമിയിൽ കാലുറപ്പിച്ച്, ശരീരത്തിൽ തൊടാതെ കൈകൾ താഴ്ത്തിയിട്ട് മുഖത്ത് പുഞ്ചിരിയോടെ നിൽക്കുന്ന രീതിയിൽ (കയോൽസർഗ്ഗം എന്ന ഉപാന്ത്യഘട്ടമായി അതായത് ശരീരം വെടിയുന്നതിനു മുമ്പുള്ള അവസ്ഥയായി ജൈനർ ഈ നിൽപ്പിനെ വിശേഷിപ്പിക്കുന്നു) ആണ് ഈ ശില്പം തീർത്തിരിക്കുന്നത്[1]. എ.ഡി. 981-ലെ ചൈത്ര ശുക്ര മാസത്തിലാണ് പ്രതിമയുടെ നിർമ്മാണം പൂർത്തിയായത്.
മഹാമസ്തകാഭിഷേകം[തിരുത്തുക]
പന്ത്രണ്ടു വർഷത്തിലൊരിക്കൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള തീർത്ഥാടകർ ഒത്തുകൂടി ഇവിടെ നടത്തുന്ന മഹാമസ്തകാഭിഷേകം എന്ന ചടങ്ങ് പ്രസിദ്ധമാണ്[1]. ചന്ദനം, മഞ്ഞൾ, കുങ്കുമം, പാൽ, നെയ്യ്, തൈര്, കരിമ്പിൻനീര്, അരിപ്പൊടി എന്നിവകൊണ്ടു നടത്തുന്ന ഈ അഭിഷേകച്ചടങ്ങിന് രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽനിന്നായി പതിനായിരങ്ങൾ പങ്കെടുക്കുന്നു. 2006-ലാണ് ഈ ചടങ്ങ് അവസാനമായി നടന്നത്[2]. ആയിരക്കണക്കിന് ജൈനസന്യാസിമാർ ഈ പ്രതിമയുടെ മുകൾഭാഗത്തു നിന്ന് വിവിധ വസ്തുക്കൾ ഈ പ്രതിമയുടെ മേൽ ചൊരിയുന്നു. പാലും തേനും പുഷ്പങ്ങളും മുതൽ സ്വർണ്ണവും, വെള്ളിയും, വിലപിടിച്ച രത്നങ്ങളും വരെ ഇവിടെ അഭിഷേകം ചെയ്യപ്പെടുന്നു[3]..
യാത്രാപഥം[തിരുത്തുക]
ഹാസനിൽ നിന്നു 55 കിലോമീറ്ററും മൈസൂരിൽ നിന്നു 155 കിലോമീറ്ററും അകലെയാണ് ക്ഷേത്രം.
അവലംബം[തിരുത്തുക]
![]() |
വിക്കിമീഡിയ കോമൺസിലെ Gomateshvara Statue എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |
- ↑ 1.0 1.1 സുകുമാർ അഴീക്കോട് (1993). "4-ശാസ്ത്രവും കലയും". ഭാരതീയത (ഭാഷ: മലയാളം). കോട്ടയം, കേരളം, ഇന്ത്യ: ഡി.സി. ബുക്സ്. p. 103. ഐ.എസ്.ബി.എൻ. 81-7130-993-3.
- ↑ http://www.mahamasthakabhisheka.com/index.htm
- ↑ HILL, JOHN (1963). "3-WESTERN INDIA". THE ROCKLIFF NEW PROJECT - ILLUSTRATED GEOGRAPHY - THE INDIAN SUB-CONTINENT. LONDON: BARRIE & ROCKLIFF. p. 116.