Jump to content

അനേകാന്തവാദം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജൈനമതം

ജൈനമതം എന്ന വിഷയസംബന്ധിയായ പരമ്പരയുടെ ഭാഗം
പ്രാർത്ഥനകളും ചര്യകളും
അടിസ്ഥാനാശയങ്ങൾ
പ്രധാന വ്യക്തികൾ
ജൈനമതം പ്രദേശമനുസരിച്ച്
ഘടകങ്ങൾ
ആദ്യകാല ജൈന വിദ്യാലയങ്ങൾ
ഗ്രന്ഥങ്ങൾ
മറ്റുള്ളവ

ജൈനമതം കവാടം
 കാ • സം • തി

യാഥാർഥ്യം അളവറ്റ ധർമ(ലക്ഷണങ്ങൾ)ങ്ങളോടുകൂടിയതാണ് എന്ന ജൈനസിദ്ധാന്തമാണ് അനേകാന്തവാദം. പ്രപഞ്ചവസ്തുക്കൾ അനേകം ധർമങ്ങളോടുകൂടിയവയായതുകൊണ്ട് അവയെക്കുറിച്ച് പൂർണമായി ഗ്രഹിക്കാൻ പരിമിതപ്രജ്ഞനായ മനുഷ്യൻ ശക്തനല്ല. ഒരു വസ്തുവിനെപ്പറ്റിയോ പ്രപഞ്ചത്തെക്കുറിച്ചോ ഉള്ള അറിവ് ഒരു പ്രത്യേക വീക്ഷണത്തിൽ ശരിയായിരിക്കാം; മറ്റൊരു വീക്ഷണത്തിൽ തെറ്റായിരിക്കാം. അതുകൊണ്ട് ഒരു വസ്തുവിനെക്കുറിച്ച് ലഭിക്കുന്ന അറിവ് എപ്പോഴും അപൂർണവും അവ്യക്തവും ആപേക്ഷികവും ആണെന്ന് അനേകാന്തവാദം സമർഥിക്കുന്നു. ഈ വാദത്തെ ന്യായീകരിക്കുന്നതിന് സ്യാദ്വാദം, നയവാദം എന്ന് ഈ രണ്ടു തത്ത്വങ്ങളെ ജൈനർ ആശ്രയിക്കുന്നു.

സ്യാദ്‌വാദം[തിരുത്തുക]

ജൈനദർശനത്തിന്റെ താർക്കികവും ജ്ഞാനമീമാംസാപരവും ആയ വശമാണ് സ്യാദ്‌വാദം. ഇത് യാഥാർഥ്യത്തെക്കുറിച്ചുള്ള അറിവിന്റെ അപൂർണതയെയും അവ്യക്തതയെയും സാധൂകരിക്കുന്ന ഒരു പ്രത്യേക വൈരുദ്ധ്യാത്മകവാദമാണ്. ആയിരിക്കാം (may be) എന്നാണ് സ്യാദ് എന്ന പദത്തിനർഥം. പരസ്പരവിരുദ്ധമെന്ന് തോന്നുമെങ്കിലും സൂക്ഷ്മനിരീക്ഷണത്തിൽ വൈരുദ്ധ്യമില്ലാത്ത ഏഴു പ്രസ്താവനകൾ ഒരു വസ്തുവിനെക്കുറിച്ച് നടത്താം എന്നതാണ് ഈ വാദത്തിന്റെ ചുരുക്കം.

 1. സ്യാദ് അസ്തി (ഉണ്ടായിരിക്കാം)
 2. സ്യാന്നാസ്തി (ഇല്ലായിരിക്കാം)
 3. സ്യാദ്അസ്തി-നാസ്തി (ഉണ്ടായിരിക്കാം - ഇല്ലായിരിക്കാം)
 4. സ്യാദ് അവക്തവ്യം (അവർണനീയമായിരിക്കാം)
 5. സ്യാദ് അസ്തിച അവക്തവ്യം ച (ഉണ്ടായിരിക്കാം, അവർണനീയമായിരിക്കാം)
 6. സ്യാന്നാസ്തി ച അവക്തവ്യം ച (ഇല്ലായിരിക്കാം, അവർണനീയമായിരിക്കാം)
 7. സ്യാദ് അസ്തി-നാസ്തി ച അവക്തവ്യം ച (ഉണ്ടായിരിക്കാം ഇല്ലായിരിക്കാം അവർണനീയമായിരിക്കാം)

ഇവയാണ് ഏഴുതരം പ്രസ്താവനകൾ. അയാൾ അച്ഛനാണ്; അച്ഛനല്ല; അച്ഛനാണ് - അച്ഛനല്ല; എന്നു മൂന്നുതരത്തിൽ ഒരാളെക്കുറിച്ച് ഒരേ സമയത്തു പറഞ്ഞാൽ പെട്ടെന്ന് അതിൽ വൈരുദ്ധ്യം കാണാമെങ്കിലും ഓരോന്നും എന്തിനെ ആശ്രയിച്ചിരിക്കുന്നു എന്നു മനസ്സിലാക്കിയാൽ മൂന്നും ശരിയാണെന്ന് സമ്മതിക്കേണ്ടിവരും. രണ്ടു കുട്ടികളെ കണക്കിലെടുത്തുകൊണ്ട് ഈ വാക്യങ്ങൾ സാർഥകങ്ങളാണെന്ന് തെളിയിക്കാം. ഒരു കുട്ടിയെ അപേക്ഷിച്ച് അയാൾ അച്ഛനാണ്; മറ്റേ കുട്ടിയെ സംബന്ധിച്ചിടത്തോളം അയാൾ അച്ഛനല്ല; രണ്ടു കുട്ടികളെയും ഒന്നിച്ചു കണക്കാക്കിയാൽ അയാൾ അച്ഛനാണ്- അച്ഛനല്ല. എന്നാൽ അച്ഛനാണ് എന്നും അച്ഛനല്ല എന്നും രണ്ടു കാര്യങ്ങൾ ഒരേ സമയത്ത് വാക്കുകൾകൊണ്ട് ഗ്രഹിക്കാൻ സാധ്യമല്ലാത്തതിനാൽ അയാൾ അവർണനീയനാകുന്നു. എങ്കിലും അയാൾ അച്ഛനാണ് അവർണനീയനുമാണ്.... ഇപ്രകാരം നോക്കിയാൽ സ്യാദ്വാദം അവ്യക്തമോ നിർയുക്തികമോ അല്ലെന്നു മനസ്സിലാക്കാം.

നയവാദം[തിരുത്തുക]

അനേകത്വലക്ഷണങ്ങളുള്ള ഒരു വസ്തുവിനെപ്പറ്റി നിഷ്കൃഷ്ടമായ ജ്ഞാനം ലഭിക്കുന്നതിന് ഏഴു സമീപനങ്ങൾ (സപ്തനയങ്ങൾ) ഉണ്ടെന്ന് പ്രസ്താവിക്കുന്ന സിദ്ധാന്തമാണ് നയവാദം.

 1. നൈഗമം
 2. സംഗ്രഹം
 3. വ്യവഹാരം
 4. ഋജുസൂത്രം
 5. ശബ്ദം
 6. സമഭിരൂഢം
 7. ഏവംഭൂതം

എന്നിവയാണ് ഈ സപ്തനയങ്ങൾ.

അനേകാന്തവാദമനുസരിച്ച് പ്രപഞ്ചത്തിൽ ഒന്നിനെയും കുറിച്ചുള്ള അറിവ് ഏകാന്തമോ നിരപേക്ഷമോ അല്ല. തന്മൂലം ഇത് ഉപനിഷത്തുകളിൽ പ്രതിപാദിക്കപ്പെട്ട ആത്യന്തികവും നിരപേക്ഷവും ഏകവും ആയ പരമസത്തയെ അംഗീകരിക്കുന്നില്ല. ഉപനിഷദ്ദർശനം നിത്യതയെ സമർഥിക്കുന്നു. ബൌദ്ധദർശനം അനിത്യതയെ സമർഥിക്കുന്നു. എന്നാൽ ജൈനർ മധ്യമാർഗ്ഗമാണ് സ്വീകരിച്ചിട്ടുള്ളത്. ചിലത് നശ്വരവും ചിലത് അനശ്വരവും. തന്മൂലം ഉപനിഷത്തുകളിൽ കാണുന്ന പരമമായ ഏകത്വവാദത്തിനും (absolute monism) ബൌദ്ധരുടെ അനേകത്വവാദത്തിനും (pluralism) ഇടയ്ക്കുള്ള ആപേക്ഷിക-അനേകത്വവാദ (relative pluralism)മാണ് ഇതെന്നു പറയാം.

ഇതു കൂടി[തിരുത്തുക]

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അനേകാന്തവാദം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അനേകാന്തവാദം&oldid=2280021" എന്ന താളിൽനിന്ന് ശേഖരിച്ചത്