Jump to content

അനേകത്വവാദം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പരമയാഥാർഥ്യങ്ങളും (ultimate realities)[1] വസ്തുനിഷ്ഠമായ യാഥാർഥ്യങ്ങളും (objective realities)[2] അനവധിയാണ് എന്ന് വാദിക്കുന്ന ദാർശനികസിദ്ധാന്തമാണ് അനേകത്വവാദം. പരമസത്യം ഒന്നുമാത്രമേയുള്ളുവെന്നും, അതല്ല രണ്ടാണെന്നും, അതുമല്ല അനേകമാണെന്നും മൂന്നു സിദ്ധാന്തങ്ങളുണ്ട്. ആദ്യത്തേതിനെ ഏകത്വവാദമെന്നും (monism)[3] രണ്ടാമത്തേതിനെ ദ്വൈതവാദമെന്നും (dualism)[4] മൂന്നാമത്തേതിനെ അനേകത്വവാദമെന്നും (Dualism) പറയുന്നു.

പ്രപഞ്ചമെല്ലാം കൂടി ഒരേ ഒരു വസ്തുവാണോ? അഥവാ പല വസ്തുക്കളുടെയോ സത്തകളുടെയോ ഒരു സമാഹാരമാണോ? പ്രപഞ്ചത്തിൽനിന്ന് വ്യതിരിക്തമായ ഒരു പരാശക്തി (പ്രപഞ്ചസ്രഷ്ടാവ്) ഉണ്ടോ? പരസ്പരവിഭിന്നങ്ങളായ രണ്ടു പദാർഥങ്ങളുടെ സംയോഗഫലമാണോ ഈ പ്രപഞ്ചം? ഈവക പ്രശ്നങ്ങൾക്ക് ഉത്തരം കണ്ടുപിടിക്കാനുള്ള ശ്രമത്തിൽ ചില ചിന്തകർ ഏകത്വവാദികളും മറ്റു ചിലർ ദ്വൈതവാദികളും വേറേ ചിലർ അനേകത്വവാദികളും ആയിത്തീർന്നു. അധുനിക തത്ത്വചിന്തയിൽ സ്പിനോസയുടെ ദർശനം ഏകത്വവാദവും ദെക്കാർത്തിന്റേത് ദ്വൈതവാദവും ലൈബ്നിറ്റ്സിന്റേത് അനേകത്വവാദവുമാണ്.

പാശ്ചാത്യപൌരസ്ത്യദർശനങ്ങളിൽ അനേകത്വവാദത്തിന് ഗണ്യമായ സ്ഥാനമുണ്ടായിരുന്നു. ഭാരതീയങ്ങളായ ന്യായവൈശേഷികദർശനങ്ങളിലും ബൌദ്ധ-ജൈനദർശനങ്ങളിലും അനേകത്വവാദം കാണാം. രാമാനുജന്റെ ആത്മാക്കളുടെ അനശ്വരബഹുത്വവും (eternal plurality of souls)[5] മീമാംസയിലെ ആത്മാക്കളുടെ ബഹുത്വവും (plurality of souls)[6] അനേകത്വവാദമാണെന്നു പറയാം. പ്രപഞ്ചത്തിനടിസ്ഥാനമായി പല പദാർഥങ്ങൾ ഉണ്ടെന്ന് പ്രാചീന ഗ്രീക് ദാർശനികർ വിശ്വസിച്ചിരുന്നു. ലീസിപ്പസ്, ഡമോക്രിറ്റസ് തുടങ്ങിയ പരമാണുവാദികളും എംപിദോക്ളിസിനെപ്പോലെയുള്ള ഭൂതജീവവാദികളും (hylosoists) ആത്മീയമൊണാഡ് വാദിയായ ലൈബ്നിറ്റ്സും അരിസ്റ്റോട്ടിൽ, ഹെർബർട്ട്, വില്യം ജയിംസ് തുടങ്ങിയവരും അനേകത്വവാദികളാണ്.

അരിസ്റ്റോട്ടൽ

[തിരുത്തുക]

പ്രപഞ്ചത്തെ പല പദവികളിലുള്ള സത്തകളുടെ ഒരു ശ്രേണിയായി അരിസ്റ്റോട്ടൽ വിഭാവനം ചെയ്യുന്നു. ഇവ സ്ഥൂലദ്രവ്യത്തിൽനിന്നു തുടങ്ങി രൂപത്തിൽ അവസാനിക്കുന്നു. ഹെർബർട്ടിന്റെ അനേകത്വവാദഗതിയനുസരിച്ച് നമ്മുടെ ഇന്ദ്രിയങ്ങൾ നമുക്ക് നല്കുന്നത് വസ്തുക്കളുടെ യഥാർഥ രൂപങ്ങളോ സത്തകളോ അല്ല; പ്രത്യുത സത്താഭാസങ്ങളാണ്. യഥാർഥസത്ത നമുക്ക് അജ്ഞാതമാണ്.

അനേകത്വവാദത്തിന് ഭൌതിക അനേകത്വവാദം (materialistic pluralism) എന്നും ആത്മീയാനേകത്വവാദം (spiritual pluralism)[7] എന്നും രണ്ടു പിരിവുകളുണ്ട്. പ്രാചീന ഗ്രീക്കു ചിന്തകരായ ഡമോക്രിറ്റസിന്റെയും ലൂസിപ്പസിന്റെയും പരമാണുവാദം (atomism)[8] ഭൌതികാനേകത്വവാദത്തെ അംഗീകരിക്കുന്നു. വസ്തുനിഷ്ഠവും ഇന്ദ്രിയാനുഭവവുമായ യാഥാർഥ്യങ്ങൾക്ക് അതീതമായി ഒന്നും തന്നെ ഇല്ലെന്ന് ഭൌതികാനേകത്വവാദികൾ ശഠിക്കുന്നു. ഇവർ നിരീശ്വരവാദികളാണ്.

ലൈബ്നിറ്റ്സ്

[തിരുത്തുക]

പരമസത്യങ്ങൾ അനവധിയാണെന്നും അവയുടെയെല്ലാം മുഖ്യപ്രകൃതി ആത്മീയമാണെന്നും ആത്മീയാനേകത്വവാദം വിശ്വസിക്കുന്നു. ലൈബ്നിറ്റ്സ് ആണ് ആത്മീയാനേകത്വവാദത്തിന്റെ ജനയിതാവ്. മൊണാഡിസം (monadism)[9] എന്ന പേരിലാണ് അദ്ദേഹം ആത്മീയാനേകത്വവാദത്തെ വിളിച്ചിരുന്നത്. മൊണാഡുകൾ എന്ന് താൻ പേരുകൊടുത്തിരിക്കുന്ന അസംഖ്യം മൂലപദാർഥങ്ങൾ ചേർന്നതാണ് പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളും. സ്വയം നിലനില്പുള്ളവയാണ് മൊണാഡുകൾ. ഈ മൊണാഡുകൾ തമ്മിൽ ഗുണാത്മകമായി വലിയ അന്തരമുണ്ട്. ഏറ്റവും വലിയ മൊണാഡ് ദൈവമാണ്. ദൈവം ഒരു മഹാമൊണാഡ് ആണ്; മൊണാഡുകളുടെ മൊണാഡ്. മൊണാഡുകളുടെ നിലനില്പിനുതന്നെ കാരണം ഈശ്വരൻ ആണ് എന്ന് ലൈബ്നിറ്റ്സ് അഭിപ്രായപ്പെട്ടു.

വൈവിധ്യവും നാനാത്വവും ബഹുത്വവും അംഗീകരിക്കാത്തവന് യുക്ത്യധിഷ്ഠിതമായ പ്രായോഗിക ജീവിതം തന്നെ അസാധ്യമാണ്. എല്ലാം ഒന്നാണെന്ന മിഥ്യാബോധത്തിൽ ക്രമപ്രവൃദ്ധമായ പുരോഗതിക്കോ പടിപടിയായ നവീകരണങ്ങൾക്കോ സ്ഥാനമില്ല എന്നെല്ലാം വില്യം ജയിംസ് അനേകത്വവാദം പുരസ്കരിച്ച് അഭിപ്രായപ്പെട്ടു.

ഏകത്വവാദത്തിനും ദ്വൈതവാദത്തിനും വിരുദ്ധമാണ് അനേകത്വവാദമെങ്കിലും അവ രണ്ടും ഇതിലടങ്ങിയിട്ടുണ്ട്. ആത്മാവും ശരീരവും; ഈശ്വരനും പ്രപഞ്ചവും; ചിത്തവും പദാർഥവും എന്നീ ദ്വന്ദഭാവങ്ങൾ എല്ലാ അനേകത്വവാദത്തിലും അടങ്ങിയിട്ടുണ്ട്. ഇത് ഒരു തരത്തിൽ ദ്വൈതവാദമാണ്. വിശ്വമെല്ലാം വിശ്വകർമാവിൽനിന്ന് ഉദ്ഭവിച്ചിരിക്കുന്നു എന്ന് അംഗീകരിക്കുന്ന അനേകത്വവാദി ഒരർഥത്തിൽ ഏകത്വവാദിയാണ്. നീതിശാസ്ത്രത്തിലും രാഷ്ട്രമീമാംസയിലും അനേകത്വവാദം സ്വാധീനത ചെലുത്തിയിട്ടുണ്ട്.

ആധുനിക വീക്ഷണം

[തിരുത്തുക]

ആധുനികശാസ്ത്രയുഗത്തിൽ ഏകത്വവാദത്തിന് ആകർഷകത്വം നഷ്ടപ്പെട്ടിരിക്കുകയാണ്. ശങ്കരാചാര്യരുടെയും മറ്റും അദ്വൈതവാദം അനേകത്വവാദമായി ഇന്ന് പലരും വ്യാഖ്യാനിക്കുന്നു. ബർട്രൺണ്ട് റസ്സലിന്റെ അഭിപ്രായത്തിൽ പ്രപഞ്ചം നാനാത്വവും വൈവിധ്യവും നിറഞ്ഞതാണ്. ആധുനികശാസ്ത്രയുഗത്തിൽ അനേകത്വവാദത്തിന് ഗണനീയമായ അംഗീകാരം ലഭിച്ചുകൊണ്ടിരിക്കുന്നു.

ഇതുംകാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]

പുറംകണികൾ

[തിരുത്തുക]
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അനേകത്വവാദം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അനേകത്വവാദം&oldid=3623044" എന്ന താളിൽനിന്ന് ശേഖരിച്ചത്