കാട്ടകാമ്പൽ ക്ഷേത്രം
കേരളത്തിലെ തൃശ്ശൂർ ജില്ലയിൽ കുന്നംകുളത്തിനടുത്ത് കാട്ടകാമ്പലിൽ സ്ഥിതിചെയ്യുന്ന പുരാതന ശിവക്ഷേത്രമാണ് കാട്ടകാമ്പൽ ശിവക്ഷേത്രം. 108 ശിവക്ഷേത്രങ്ങളിൽ പറയുന്ന കാട്ടകാമ്പൽ ശിവക്ഷേത്രത്തിലെ പ്രതിഷ്ഠ നടത്തിയത് പരശുരാമനാണന്നു വിശ്വസിക്കുന്നു[1]
ഐതിഹ്യം
[തിരുത്തുക]കേരളക്കരയിൽ പരശുരാമനാൽ പ്രതിഷ്ടിക്കപെട്ട 108 ശിവാലയങ്ങളിൽ ഒന്നാണ് ഈ ക്ഷേത്രം.[1] ക്ഷേത്രം സ്ഥിതിചെയുന്ന സ്ഥലം പണ്ടുക്കാലത്ത് നിബിഡവനമായിരുന്നു. വനമദ്ധ്യത്തിൽ ഒരു പാറക്കല്ലിൽ പശു തനിയെ പാൽ ചുരത്തുന്നത് ഒരു കാട്ടാളൻ കാണുവാനിടയായി. കാട്ടാളൻ ഈ വിവരം അന്നത്തെ നാടുവാഴിയെ ധരിപ്പിച്ചു. പശു പാൽ ചുരത്തിയ ശിലയിൽ ദേവ ചൈതന്യം ഉണ്ടെന്നറിഞ്ഞ ഭരണാധികാരി അവിടെ ക്ഷേത്രം പണിതു. കാട്ടകത്ത് പാല് ചുരത്തിയതിനാൽ "കാട്ടകം-പാൽ" എന്ന് സ്ഥലത്തിന്ന് പേരു വന്നു എന്നാണ് സ്ഥലപ്പെരുമ.
ക്ഷേത്രം
[തിരുത്തുക]കാട്ടാകാമ്പാൽ ഗ്രാമം പഴയ കൊച്ചിനാട്ടുരാജ്യത്തിന്റെ വടക്കു-പടിഞ്ഞാറൻ അതിർത്തിയിൽ സ്ഥിതി ചെയ്തിരുന്നതും മൂന്നു ഭാഗവും ജലാശയങ്ങളാൽ ബന്ധിക്കപ്പെട്ട (പെനിസുല)തുമായ ഒരു പ്രദേശമായിരുന്നു. തൃശ്ശൂർ ജില്ലയിലെ അതിപുരാതനക്ഷേത്രങ്ങളിൽ ഒന്നായ ഈക്ഷേത്രം നൂറ്റാണ്ടുകൾ പഴക്കമേറിയതാണ്. പ്രധാനക്ഷേത്രം ശിവ ക്ഷേത്രമാണെങ്കിലും ഇവിടെയും ഭഗവതിക്ക് പ്രധാന്യമർഹിക്കുന്ന തരത്തിൽ പണ്ടു കാലം മുതൽക്കേ പല പടിത്തരങ്ങളും നടത്തിപോന്നിരുന്നു. ക്ഷേത്രത്തിന്റെ തെക്കു-പടിഞ്ഞാറേ മൂലയിലാണ് ദേവിക്ഷേത്രം പണിതീർത്തിരിക്കുന്നത്. കൊടുങ്ങല്ലൂരിലും, തിരുമാന്ധാംകുന്നിലും, പനയന്നാർകാവിലേതും പോലെ കാട്ടകാമ്പാല ഭഗവതിയും പരമശിവനേക്കാളും പ്രസിദ്ധിനേടിയിട്ടുണ്ട്.
കേരളാശൈലിയിൽ നാലമ്പലവും, ചതുര ശ്രീകോവിലും തിടപ്പള്ളിയും നമസ്കാര മണ്ഡപവും പണിതീർത്തിട്ടുണ്ട്. കിഴക്കു ദർശനമായി പരമശിവനും, ശിവക്ഷേത്രത്തിന്റെ നാലമ്പലത്തിൽ തന്നെ കിഴക്കോട്ട് അഭിമുഖമായി തെക്കേമൂലയിൽ ഭഗവതിയും ദർശനം നൽകുന്നു.
വിശേഷങ്ങളും, പൂജാവിധികളും
[തിരുത്തുക]- കാട്ടകാമ്പൽ പൂരം
- ശിവരാത്രി
- നവരാത്രി
- മണ്ഡലപൂജ
പൂരങ്ങളുടെ നാടായ തൃശൂർ ജില്ലയിൽ പൂരങ്ങളുടെ ഈറ്റില്ലമായ കുന്നംകുളത്തിന്നടുത്തു ജില്ലയുടെ വടക്കേ പടിഞ്ഞാറു ഭാഗത്ത് സ്ഥിതി ചെയുന്ന കാട്ടകാമ്പാൽ ഭഗവതി ക്ഷേത്രം. പരശുരാമനാൽ സ്ഥാപിതമായ 108 ശിവാലയങ്ങളിൽ ഒന്നാണ് കാട്ടകാമ്പാൽ ക്ഷേത്രം. പാടത്തെ കൊയ്ത്തു കഴിഞ്ഞാൽ പിന്നെ കാട്ടകാമ്പാലിനു പൂര ലഹരിയാണ്. മേടമാസത്തിലെ പൂരം നാളിലാണ് പൂരം ആഘോഷിക്കുന്നത്. പണ്ട് ചക്ക പൂരം എന്നും മാങ്ങാ പൂരം എന്നും അറിയപ്പെട്ടുപൊന്നിരുന്നു. പാണ്ടി മേളം കാലം മാറി മുറുകി കേറുമ്പോൾ വിത്തു മുതൽ കൈക്കോട്ടു വരെ പൂരപറമ്പിൽ കച്ചവടം തിമിർത്തിരുന്നു. 32 നാട്ടുപൂരങ്ങളിൽ 32 ഗജവീരന്മാർ പൂരത്തിന് എല്ലാ കൊല്ലവും അണിനിരക്കുന്നു. കാളി-ധാരിക യുദ്ധം ക്ഷേത്രത്തിൽ പൂര ദിവസം അരങ്ങേറുന്നു. ആറാട്ടോടെയാണ് പൂരത്തിന്റെ തുടക്കം തുടർന്ന് ഭഗവതി തട്ടകത്തേക്ക് ഇറങ്ങുന്നു. ദേശമാകെ പറ വെച്ചു ഭഗവതിയെ സ്വീകരിക്കുന്നു. ആദ്യ ദിവസം പഴയ ഐതിഹ്യ പ്രകാരം കടവല്ലൂർ ശ്രീരാമ ക്ഷേത്രത്തിൽ പോയി ഒരു ദിവസം ആറാട്ടോടെ അവിടെ തങ്ങുന്നു. കൊല്ലത്തിൽ ഈ പൂര സമയത്തു മാത്രമാണ് ഭഗവതി പുറത്തേക്ക് എഴുന്നള്ളുന്നത് കൂടെ അംഗ രക്ഷകനായി ശാസ്താവും ഉണ്ടെന്നാണ് വിശ്വാസം. പൂരത്തിന് 2ദിവസം മുമ്പ് ചെറിയ കുതിരവേല നടക്കുന്നു ഇത് ധാരികന്റെ പടപുറപ്പാടും പൂരതലേന്നു വലിയ കുതിരവേല കാളിയുടെ പടപുറപ്പാടുമായി സങ്കല്പിക്കുന്നു. കാളിയും ധാരികനും തേരിലാണ് പൂരപറമ്പിൽ യുദ്ധം ചെയ്യുക. തേര് പണിയുക നടുവിൽപാട്ട് കുടുംബവും അത് ഏറ്റുക ദേശത്തെ നായന്മാരുമാണ്. ചതുരംഗ സേന എന്നാണ് സങ്കൽപ്പം. നിരന്നിരിക്കുന്ന ആനകൾ ആനപ്പടയും തേര് തേർപ്പടയും കുതിരവേലയിലെ കുതിര കുതിരപ്പടയും പൂരത്തിന് വന്നിരിക്കുന്ന ആളുകൾ കാലാൾപ്പടയുമായി സങ്കല്പിക്കുന്നു. പൂരദിവസം ധാരിക നിഗ്രഹത്തിന് ഇറങ്ങുന്ന കാളിക്ക് വിഘ്നങ്ങൾ വരാതിരിക്കാൻ ഗണപതിക്കിടൽ ചടങ്ങും മറ്റു വിശേഷാൽ പൂജകളും നടത്തുന്നു. തുടർന്ന് ശ്രീകോവിൽ അടക്കും. 5 മണിക്ക് മുമ്പ് നാട്ടു പൂരങ്ങൾ അമ്പലത്തിൽ എത്തി നിരനിരിക്കും. ചെമ്പട കൊട്ടി കാളി-ധാരികന്മാരെ കാത്തിരിക്കുന്നു. ആദ്യം ധാരികനും പിന്നെ ഉഗ്ര കോപത്തോടെ കാളിയും പൂരപറമ്പിന്റെ ഭാഗമാവുന്നു. കാളി തേരിൽ കയറിയാൽ ദീർഘമായ പാണ്ടിമേളത്തിനു തുടക്കമാവുന്നു. തേരിലേറി കാളിയും ധാരികനും പരസ്പരം ആഗ്യ പോര് നടത്തുന്നു. പിന്നീട് പാണ്ടി മുറുകി പൂരം മുന്നോട്ട് വന്ന് ക്ഷേത്രത്തിൽ കടക്കുന്നു. ഈ നേരം കാളിയും ധാരികനും ആദ്യം അമ്പലത്തിൽ കയറും. ദേവസ്വം ആന ഒഴികെ ബാക്കി ആനകൾ മതില്കെട്ടിനു പുറത്ത് വടക്കോട്ടു നിരക്കുന്നു. പിന്നീട് അമ്പലത്തിൽ മേളം കാലം പിന്നിട്ട് അവസാനിക്കുന്നു. ശേഷം കാളിയും ധാരികനും വാക്ക് പോരു നടത്തുന്നു. കാളിയുടെ ഉഗ്ര കോപത്തിന് മുമ്പിൽ ധാരികനു നിൽക്കാൻ പറ്റാതെ ഓടി ഒളിക്കുന്നു. അതോടുകൂടി പകൽ പൂരം അവസാനിക്കുന്നു. പിറ്റേന്ന് പുലർച്ചെ പൂരം തനിയാവർത്തനം നടക്കുന്നു. പഴയ ക്ഷേത്രം ഉണ്ടായിരുന്ന പാലക്കൽ കാവിൽ വച്ചു കാളിയും ധാരികനും ദേവിയെ പറവച്ച് സ്വീകരിക്കുന്നു. ശേഷം കാളി ആദ്യം പൂരപറമ്പിലേക്ക് എത്തുന്നു പിന്നാലെ ധാരികനും പൂരപറമ്പിൽ എത്തി തേരിൽ കേറുന്നു. പകൽപൂരം പോലെ തന്നെ ദേവി അമ്പലത്തിൽ കയറി ആനകൾ വടക്കോട്ടു നിരക്കുന്നു. ശേഷം മേളം അവസാനിച്ചു കാളിയും ധാരികനും തമ്മിലുള്ള പൊരു മുറുകുന്നു. ശേഷം ഭയന്ന ധാരികൻ ശ്രീ കോവിലിന്റെ തെക്കേ മൂലയിൽ ഒളിക്കുന്നു. ഉഗ്ര ദേഷ്യം പൂണ്ട കാളി ധാരികന്റെ തലയറുത്തതിന്റെ പ്രതീതിയായി ധാരികന്റെ കിരീടം ഊരിയെടുക്കുന്നു. കിരീടവും വാളും ദേവസ്വം ആനയെ ഉഴിഞ്ഞു എടുക്കുന്നതോടുകൂടി പൂരം പരിസമാപിക്കുന്നു.
ശിവക്ഷേത്രം
[തിരുത്തുക]ക്ഷേത്ര നിർമ്മാണശൈലി പരിശോധിക്കുമ്പോൾ ശിവക്ഷേത്രത്തിന് വളരെ പ്രാധാന്യം നൽകിയിട്ടുള്ളതായി കാണുന്നു. ശിവൻറെ പ്രതിഷ്ഠയോട് ബന്ധപ്പെട്ടതാണ് മണ്ഡപത്തിൻറെ നിർമ്മാണരീതി. നാലമ്പലം, മുഖമണ്ഡപം, തിടപ്പള്ളി, വലിയ ബലിക്കല്ല്, ബലിക്കൽപ്പുര, എല്ലാം തന്നെ ശിവക്ഷേത്രത്തിൻറെ ശിൽപ്പശാസ്ത്രവിധിപ്രകാരമാണ്. ശിവൻറെ ശ്രീകോവിലിനു നേർക്കാണ് മുഖമണ്ഡപം സ്ഥിതി ചെയ്യുന്നത്. ശിവക്ഷേത്ര നിർമ്മാണത്തിനും വളരെ ശേഷമാണ് ദേവീക്ഷേത്രം പണിതീർത്തിയിരിക്കുന്നത്.
ഭഗവതിക്ഷേത്രം
[തിരുത്തുക]പ്രധാന ക്ഷേത്രം ശിവക്ഷേത്രമാണങ്കിലും ഭഗവതിക്കാണ് കാട്ടകാമ്പലിൽ പ്രാധാന്യം. പ്രധാനക്ഷേത്രത്തിന്റെ തെക്കു-കിഴക്കേ മുലയിൽ ഭഗവതിയെ കുറ്റിയിരുത്തിയിരിക്കുന്നു. പടിഞ്ഞാട്ട് ദർശനം നൽകിയാണ് ഭഗവതി പ്രതിഷ്ഠ.
ഗണപതിക്ഷേത്രം
[തിരുത്തുക]തെക്കു-പടിഞ്ഞാറെ മൂലയിൽ (കന്നിമൂലയിൽ) നാലമ്പത്തിനു പുറത്തായി ഗണപതിയെ പ്രതിഷ്ഠിച്ചിരിക്കുന്നു.
- വിശേഷങ്ങൾ
വിനായക ചതുർത്ഥി
ക്ഷേത്രത്തിൽ എത്തിചേരാൻ
[തിരുത്തുക]കുന്നംകുളത്തുനിന്ന് പോർകുളം ചിറക്കൽ ബസ്സിൽ കയറി ഏകദേശം 8കി മീ...കഴിഞ്ഞ് ചിറക്കൽ സ്റ്റോപ്പിൽ ഇറങ്ങുക..വടക്കോട്ട് ഒരു നൂറുമീറ്റർ നടന്നാൽ പടിഞ്ഞാറ് അകലെ ക്ഷേത്രവും വിശാലമായ മെെതാനവും കാണാം
അവലംബം
[തിരുത്തുക]