എന്തിരൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എന്തിരൻ
An early publicity poster for the film released by Ayngaran International.
സംവിധാനംഎസ്. ഷങ്കർ
നിർമ്മാണംകലാനിധിമാരൻ
രചനഷങ്കർ
രചന:
സുജാത
മദന് കർക്കി
ഷങ്കർ
അഭിനേതാക്കൾരജനീകാന്ത് ,
ഐശ്വര്യ റായ്,
ഡാനി ടെന്സോങ്പ,
കലാഭവൻ മണി
സംഗീതംഎ.ആർ. റഹ്‌മാൻ
ഛായാഗ്രഹണംരത്നവേലു
ചിത്രസംയോജനംആന്റണി
വിതരണംസൺ പിക്ചേഴ്സ്
റിലീസിങ് തീയതി2010 ഒക്ടോബർ 1
രാജ്യംഇന്ത്യ
ഭാഷതമിഴ്
ബജറ്റ്160 കോടി (US$25 million)
സമയദൈർഘ്യം165 മിനിറ്റ്
ആകെ300 കോടി (US$47 million)[1]

എന്തിരൻ (തമിഴ്: எந்திரன்,ഇംഗ്ലീഷ്: Robot) 2010-ൽ പുറത്തിറങ്ങിയ തമിഴ് ശാസ്ത്രകഥാ ചലച്ചിത്രമാണ്. ശിവാജിക്ക് ശേഷം രജനി-ഷങ്കർ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രത്തിൽ[2] രജനികാന്തിന്റെ നായിക ഐശ്വര്യ റായ് ആണ്. ഇന്ത്യൻ സിനിമയിൽ അക്കാലത്തെ ഏറ്റവും ചെലവേറിയ ചിത്രമെന്ന ഖ്യാതിയുമായി ഇറങ്ങിയ ചിത്രത്തിന് ഇന്ത്യൻ സിനിമയിലെ പ്രമുഖരും ഹോളിവുഡിൽ നിന്നുള്ള സാങ്കേതിക വിദഗ്‌ധരുമാണ് ഒന്നിയ്‌ക്കുന്നത്‌. ചിത്രം നിർമ്മിച്ചത് സൺ പിക്ചേഴ്സ് കലാനിധിമാരൻ. 2010 സെപ്റ്റംബർ 30 ന് ദുബായിൽ എന്തിരന്റെ ആദ്യപ്രദർശനം നടന്നു. എന്തിരൻ ചലച്ചിത്ര പരമ്പരയിലെ ആദ്യത്തെ ചലച്ചിത്രമാണിത്. ഡാനി ഡെൻസോങ്പ, സന്താനം, കരുണാസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

രജനികാന്ത് ഇരട്ട വേഷത്തിൽ അഭിനയിക്കുന്നു എന്നതാണ് ചിത്രത്തിൻറെ മറ്റൊരു വലിയ സവിശേഷത. ശാസ്ത്രജ്ഞനായും അയാൾ സൃഷ്ടിക്കുന്ന റോബോട്ടായുമാണ് രജനികാന്ത് അഭിനയിക്കുന്നത്. ശാസ്ത്രത്തിൻറെ വളർച്ചമൂലം സമൂഹത്തിലുണ്ടാവുന്ന തിൻമകളാണ് ചിത്രത്തിൻറെ പ്രമേയം. ഓസ്കാർ അവാർഡ് ജേതാവ് എ.ആർ. റഹ്‌മാൻ ആണ് ഇതിൻറെ സംഗീതം നിർവഹിച്ചത്.

അന്തരിച്ച സുപ്രസിദ്ധ തമിഴ് സാഹിത്യകാരൻ സുജാതയുടെ എൻ ഈനിയ ഇയന്തിര , മീണ്ടും ജീനോ എന്നീ നോവലുകളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഷങ്കർ എന്തിരൻ ഒരുക്കുന്നത്. തുടക്കത്തിൽ ചിത്രത്തിൻറെ പേര് റോബോട്ട് എന്നായിരുന്നു. തമിഴ് പേരിടുന്ന ചിത്രങ്ങൾക്ക് തമിഴ് നാട് സർക്കാരിൻറെ നികുതി ഇളവ് ലഭിക്കുമെന്നതിനാൽ ചിത്രത്തിൻറെ പേര് എന്തിരൻ - ദ റോബോട്ട് എന്ന് പുന:നാമകരണം ചെയ്യുകയായിരുന്നു.

തമിഴിൽ നിർമ്മിച്ച ചിത്രം തെലുഗു,ഹിന്ദി എന്നീ ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്തു. കൂടാതെ ചിത്രത്തിൻറെ ഇംഗ്ലീഷ് സബ്ടൈറ്റിലിൻറെ ഹോളിവുഡ് വിതരണത്തിനായി സൺ പിക്ചേഴ്സ് HBO യുമായി കരാറിൽ ഏർപെട്ടിട്ടുണ്ട് .

പുറത്തിറങ്ങിയതിനുശേഷം പൊതുവെ അനുകൂലമായ അഭിപ്രായങ്ങളാണ് എന്തിരന് ലഭിച്ചത്. രജനികാന്തിന്റെ അഭിനയം, രത്നവേലുവിന്റെ ഛായാഗ്രഹണം, സാബു സിറിളിന്റെ കലാസംവിധാനം, വി. ശ്രീനിവാസ് മോഹന്റെ വിഷ്വൽ ഇഫക്ട്സ് എന്നിവയെ ഭൂരിഭാഗം വിമർശകരും അഭിനന്ദിക്കുകയുണ്ടായി. 2010 - ൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഇന്ത്യൻ ചലച്ചിത്രമായിരുന്നു എന്തിരൻ. രണ്ട് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളും, മൂന്ന് ഫിലിംഫെയർ പുരസ്കാരങ്ങളും, ഏഴ് വിജയ് പുരസ്കാരങ്ങളും രണ്ട് സ്ക്രീൻ അവാർഡുകളും ഈ ചലച്ചിത്രത്തിന് ലഭിച്ചു. എന്തിരനു ശേഷം 2018 - ൽ രണ്ടാംഭാഗമായ 2.0 എന്ന ചലച്ചിത്രം പുറത്തിറങ്ങുകയുണ്ടായി.

കഥ[തിരുത്തുക]

ഏകദേശം ഒരു ദശാബ്ദം നീണ്ട ഗവേഷണങ്ങൾക്കു ശേഷം, തന്റെ സഹായികളായ ശിവ, രവി എന്നിവരുടെ സഹായത്തോടെ ഇന്ത്യൻ കരസേനയിലേക്ക് കമ്മീഷൻ ചെയ്യുന്നതിനു വേണ്ടി ലൗകികജ്ഞാനമുള്ള ഒരു ആൻഡ്രോയ്ഡ് റോബോട്ടിനെ ഡോ. വസിഗരൻ സൃഷ്ടിക്കുന്നു. തുടർന്ന് ചെന്നൈയിൽ വച്ചു നടക്കുന്ന ഒരു റോബോട്ടിക് കോൺഫറൻസിൽ വച്ച് വസിഗരൻ, ചിട്ടി എന്ന് പേരിട്ട ഈ റോബോട്ടിനെ പരിചയപ്പെടുത്തുന്നു. ശേഷം വസിഗരന്റെ കാമുകിയും മെഡിക്കൽ വിദ്യാർത്ഥിനിയുമായ സനയെ ചിട്ടി, പരീക്ഷയിൽ കോപ്പിയടിച്ച് എഴുതുന്നതിന് സഹായിക്കുകയും ഒരു കൂട്ടം സാമൂഹ്യവിരുദ്ധരിൽനിന്നും രക്ഷിക്കുകയും ചെയ്യുന്നു. ഇതേ സമയം, വസിഗരന്റെ ഗുരുവായ പ്രൊഫസർ ബോറ, തീവ്രവാദ സംഘടനയ്ക്കു വേണ്ടി ചിട്ടിയ്ക്ക് സമാനമായ ഒരു ആൻഡ്രോയ്ഡ് റോബോട്ടിനെ നിർമ്മിക്കാൻ ശ്രമിക്കുന്നുവെങ്കിലും പരാജയപ്പെട്ടുകൊണ്ടിരുന്നു.

ബോറ നേതൃത്വം നൽകുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് റിസർച്ച് ആന്റ് ഡെവലപ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഒരു പരിശോധനയ്ക്ക് ചിട്ടിയെ വസിഗരൻ തയ്യാറാക്കുന്നു. ഈ പരിശോധനയ്ക്കിടെ ബോറ പറയുന്നതെല്ലാം അനുസരിക്കാൻ ചിട്ടിയ്ക്ക് നിർദ്ദേശം നൽകിയതോടെ ബോറയുടെ ഉത്തരവു പ്രകാരം ചിട്ടി വസിഗരനെ കത്തിയെടുത്ത് കുത്താൻ ശ്രമിക്കുന്നു. ഇതോടെ പരിശോധനാ കമ്മിറ്റി, ഈ റോബോട്ടിനെ സൈനിക ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ സാധിക്കില്ലെന്നും ഒരുപക്ഷേ സ്വന്തം സേനയിലെ സൈനികരെ തന്നെ വധിച്ചേക്കാമെന്നും അതുകൊണ്ട് റോബോട്ടിനെ സേനയിലേക്ക് ശുപാർശ ചെയ്യേണ്ടതില്ലെന്ന് തീരുമാനിക്കുകയും ചെയ്യുന്നു. ഇതിനു പിന്നാലെ ബോറയ്ക്കു മുന്നിൽ ചിട്ടിയുടെ കഴിവുകൾ തെളിയിക്കാൻ വസിഗരൻ ശ്രമിക്കുന്നുണ്ടെങ്കിലും തീപ്പിടിച്ച ഒരു കെട്ടിടത്തിൽനിന്നും ചിട്ടി ആൾക്കാരെ രക്ഷിക്കുന്നതിനിടെ ആ ശ്രമവും പരാജയപ്പെടുന്നു. ചിട്ടി കെട്ടിടത്തിലകപ്പെട്ട ഭൂരിഭാഗം പേരെയും രക്ഷിക്കുന്നു. എന്നാൽ കുളിമുറിയിൽ കുളിച്ചുകൊണ്ടിരുന്ന സെൽവി എന്ന പെൺകുട്ടിയെയും ഇക്കൂട്ടത്തിൽ ചിട്ടി രക്ഷിക്കുന്നു. രക്ഷപ്പെടുന്നുവെങ്കിലും താഴെ ക്യാമറകൾക്കു മുന്നിൽ നഗ്നയായി നിൽക്കേണ്ടി വന്നതോടെ സെൽവി റോഡിലേക്ക് ഓടിപ്പോവുകയും ഒരു ലോറി ഇടിച്ച് ഉടൻതന്നെ മരിക്കുകയും ചെയ്യുന്നു. ഇതിനു ശേഷം ചിട്ടിയുടെ ന്യൂറൽ സ്കീം പരിഷ്കരിക്കുന്നതിനു വേണ്ടി ബോറയോട് ഒരു മാസത്തെ സമയം വേണമെന്ന് അപേക്ഷിക്കുകയും ബോറ സമ്മതിക്കുകയും ചെയ്യുന്നു. എന്നാൽ ഒരു മാസം പൂർത്തിയാകുന്നതിനു ദിവസങ്ങൾക്കു മുൻപ് ചിട്ടി വസിഗരനോട് ദേഷ്യപ്പെടുകയും അതിലൂടെ ചിട്ടിയ്ക്ക് വികാരങ്ങൾ ഉണ്ടാകുന്നുവെന്ന് വസിഗരൻ തിരിച്ചറിയുകയും ചെയ്യുന്നു.

സനയുടെ പരീക്ഷാക്കാലത്ത് ആരോഗ്യസംബന്ധിയായ പാഠപുസ്തകങ്ങളെല്ലാം പഠിച്ചിട്ടുള്ള ചിട്ടി, സനയുടെ സഹോദരിയായ ലതയുടെ പ്രസവം സുഗമമായി നടത്താൻ സഹായിക്കുന്നു. ഇതിനെത്തുടർന്ന് ബോറ, വസിഗരനെ അഭിനന്ദിക്കുകയും എ.ഐ.ആർ.ഡി പരിശോധനയിൽ വിജയിക്കാൻ ചിട്ടിയെ അനുവദിക്കുകയും ചെയ്യുന്നു. പക്ഷേ ഇതേ സമയത്ത് ചിട്ടി സനയുമായി പ്രണയത്തിലാകാൻ തുടങ്ങുന്നു. ഇക്കാര്യം വസിഗരനും സനയും തിരിച്ചറിഞ്ഞതോടെ ചിട്ടി തന്റെ വെറുമൊരു സുഹൃത്താണെന്ന് ചിട്ടിയോട് സന പറയുന്നു. സനയുടെ വിയോജിപ്പിൽ നിരാശനായ ചിട്ടി, തുടർന്ന് ഇന്ത്യൻ സേന നടത്തിയ പരിശോധനയിൽ പരാജയപ്പെട്ടു. ഇതിൽ കുപിതനായ വസിഗരൻ, ചിട്ടി ഭാഗങ്ങളായി മുറിച്ചിടുകയും ചപ്പുചവറുകളുടെ കൂട്ടത്തിലേക്ക് ചിട്ടിയുടെ ഭാഗങ്ങൾ ഉപേക്ഷിക്കുകയും ചെയ്യുന്നു.

ഈ വിവരമറിഞ്ഞ ബോറ മാലിന്യ നിക്ഷേപ കേന്ദ്രത്തിലെത്തി ചിട്ടിയെ തിരയുന്നുവെങ്കിലും കണ്ടെത്താൻ കഴിയുന്നില്ല. പക്ഷേ സ്വയം ശരീരഭാഗങ്ങൾ ചേ‍ർത്തുവച്ച ചിട്ടി, ബോറയുടെ കാറിൽ കയറിക്കൊണ്ട് സഹായിക്കണമെന്ന് ആവശ്യപ്പെടുന്നു. തുടർന്ന് ചിട്ടിയെ തന്റെ ലാബിലേക്ക് കൊണ്ടുപോകുന്ന ബോറ, ചിട്ടിയെ വീണ്ടും രൂപകല്പന ചെയ്യുന്നതിനോടൊപ്പം ഒരു റെഡ് ചിപ്പ് കൂടി അധികമായി ചേർത്തുകൊണ്ട് ചിട്ടിയുടെ 2.0 എന്ന മാരകമായ ആപത്തുകൾ ഉണ്ടാക്കാൻ കെൽപ്പുള്ള പുതിയ പതിപ്പിനെ ഉണ്ടാക്കുന്നു. ഉടൻതന്നെ ചിട്ടി, സനയുടെയും വസിഗരന്റെയും വിവാഹം നടക്കുന്നയിടത്തെത്തി സനയെ തട്ടിക്കൊണ്ടുപോവുകയും തന്റേതുമായി രൂപസാദൃശ്യമുള്ള നൂറുകണക്കിന് റോബോട്ടുകളെ സൃഷ്ടിക്കുകയും ഒടുവിൽ ബോറയെ കൊല്ലുകയും ചെയ്യുന്നു. തന്റെ റോബോട്ട് സേനയെ ഉപയോഗപ്പെടുത്തിക്കൊണ്ട് ചിട്ടി, എ.ഐ.ആർ.ഡി.യുടെ കേന്ദ്രം കൈക്കലാക്കുകയും നഗരമാകെ പരിഭ്രാന്തി പരത്തുകയും ചെയ്യുന്നു. ഈ സമയം, ഒരു മെഷീനിനും മനുഷ്യനും ചേർന്ന് മുൻകൂട്ടി പ്രോഗ്രാം ചെയ്തുകൊണ്ട് കുഞ്ഞിന് ജന്മം നൽകാൻ സാധിക്കുമെന്നും അതുകൊണ്ടു തന്നെ തങ്ങൾക്ക് വിവാഹം ചെയ്യാമെന്നും ചിട്ടി സനയോട് പറയുന്നു. പക്ഷേ, സന ഇതിനെ എതിർക്കുന്നു. ഇതിനെത്തുടർന്ന്, എ.ഐ.ആർ.ഡിയിലേക്ക് ചിട്ടിയെ തടയുന്നതിനു വേണ്ടി റോബോട്ടിന്റെ വേഷത്തിൽ വസിഗരൻ എത്തുന്നു. എന്നാൽ റോബോട്ട് സേനയ്ക്കിടയിൽ ആശയക്കുഴപ്പം ഉണ്ടായതോടെ വസിഗരൻ അവിടെയുണ്ടെന്ന് ചിട്ടി തിരിച്ചറഞ്ഞുകൊണ്ട് വസിഗരനെ കൊല്ലാൻ ശ്രമിക്കുന്നു. എന്നാൽ ഉടൻതന്നെ പോലീസ് എത്തിയതോടെ ചിട്ടിയ്ക്കും റോബോട്ട് സേനയ്ക്കും പോലീസുമായി സംഘട്ടനം നടത്തേണ്ടി വരികയും ഈ അവസരത്തിൽ വസിഗരനും സനയും ചിട്ടിയുടെ പക്കൽ നിന്നും രക്ഷപ്പെടുകയും ചെയ്യുന്നു. ചിട്ടിയുടെ റോബോട്ട് സേനയും പോലീസും തമ്മിൽ നടക്കുന്ന ഈ സംഘട്ടനത്തിനിടെ ഒട്ടേറെ പൊതുമുതലുകൾക്ക് നാശനഷ്ടം സംഭവിക്കുന്നു. ഇതേ സമയം, ഒരു കാന്തിക മതിൽ ഉപയോഗപ്പെടുത്തിക്കൊണ്ട് വസിഗരൻ ചിട്ടിയെ കൈക്കലാക്കുകയും അതുവഴി ആന്തരിക നിയന്ത്രണ പാനലിൽ കയറിക്കൊണ്ട് മറ്റെല്ലാ റോബോട്ടുകളെയും സ്വയം നശിക്കാൻ ആജ്ഞാപിക്കുന്നു. തുടർന്ന് ബോറ ഘടിപ്പിച്ച റെഡ് ചിപ്പ് വസിഗരൻ ചിട്ടിയിൽ നിന്നും പുറത്തെടുക്കുന്നു.

കോടതിയിലെ വിചാരണയ്ക്കു ശേഷം, റോബോട്ട് സേന നാട്ടിലെ പൊതുമുതലുകൾക്ക് വളരെ വലിയ നാശനഷ്ടം ഉണ്ടാക്കിയതിനാൽ കോടതി, ഡോ. വസിഗരനെ വധശിക്ഷയ്ക്ക് വിധിക്കുന്നു. എന്നാൽ, ബോറയാണ് ഈ പ്രശ്നങ്ങളുടെയെല്ലാം കാരണമെന്ന് ചിട്ടി പറയുകയും ബോറ ചിട്ടിയിലേക്ക് റെഡ് ചിപ്പ് ഘടിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങൾ കോടതി മുമ്പാകെ സമർപ്പിക്കുകയും ചെയ്യുന്നു. തുടർന്ന് കോടതി വസിഗരനെ വിട്ടയക്കുകയും ചിട്ടിയെ പൂർണമായി നശിപ്പിക്കാൻ ഉത്തരവിടുകയും ചെയ്യുന്നു. മറ്റു വഴികളില്ലാതെ, വസിഗരൻ, ചിട്ടിയോട് സ്വയം ഭാഗങ്ങൾ വേർപെടുത്താൻ ആവശ്യപ്പെടുന്നു. എല്ലാവരും യാത്ര പറയുന്നതിനിടെ, വസിഗരനോടും സനയോടും മാപ്പപേക്ഷിച്ചുകൊണ്ട് ചിട്ടി സ്വയം തന്റെ ഭാഗങ്ങൾ വേർപെടുത്തി വയ്ക്കുന്നു.

വർഷങ്ങൾക്കു ശേഷം 2030 - ൽ, ചിട്ടി ഒരു നിർമിത ബുദ്ധി മ്യൂസിയത്തിൽ പ്രദർശിപ്പിക്കപ്പെട്ടിരിക്കുന്നു. ചിട്ടിയെ കണ്ട് ആകാംക്ഷാഭരിതയായ ഒരു സ്കൂൾ കുട്ടി എന്തിനാണ് ചിട്ടിയെ വിഘടിപ്പിച്ചത് എന്ന് ചോദിക്കുന്നു. ചോദ്യത്തിന് മറുപടിയായി "നാൻ സിന്തിക്ക ആരംഭിച്ചേൻ" ("ഞാൻ ചിന്തിക്കാൻ ആരംഭിച്ചു.") എന്ന് ചിട്ടി പറയുന്നു.

അണിയറ പ്രവർത്തകർ[തിരുത്തുക]

അണിയറപ്രവർത്തനം നിർ‌വ്വഹിച്ചത്
സംവിധാനം എസ്. ഷങ്കർ
കഥ,തിരക്കഥ എസ്. ഷങ്കർ
സംഭാഷണം സുജാത രംഗരാജൻ
സംവിധാന സഹായികൾ മനോജ്‌ ഭാരതിരാജ, ബാലാജി ശക്തിവേൽ,
സംഗീത സം‌വിധാനം എ.ആർ. റഹ്‌മാൻ
ഗാന രചന വൈരമുത്തു, പാ വിജയ്‌, മദൻകർക്കി
ആലാപനം എസ്.പി. ബാലസുബ്രഹ്മണ്യം, എ.ആർ. റഹ്‌മാൻ, ഹരിഹരൻ
ഛായാഗ്രഹണം രത്നവേലു
ചിത്രസംയോജനം ആന്റണി
ശബ്ദലേഖനം,മിശ്രണം റസൂൽ പൂക്കുട്ടി
കലാസംവിധാനം സാബു സിറിൾ
വസ്ത്രാലങ്കാരം മനീഷ്‌ മൽഹോത്ര, മാരി ഇ വോഗ്റ്റ്‌
നൃത്തം ബൃന്ദ
സംഘട്ടനം പീറ്റര് ഹെയ്ന്
നിർമ്മാണം കലാനിധിമാരൻ
വിതരണം സൺ പിക്ചേഴ്സ്

അഭിനതാക്കൾ[തിരുത്തുക]

I thought that playing Chitti the robot would be very difficult. He is a machine. His movements should not be like a human being's. We had to draw a line. If I deviated even slightly, Shankar would point it out and say I was being too human. After four to five days of shooting, we found a rhythm.

— Rajinikanth, on his experience of playing Chitti.[3]

നിർമ്മാണം[തിരുത്തുക]

വികാസം[തിരുത്തുക]

നായക് ദ റിയൽ ഹീറോ എന്ന ഹിന്ദി ചിത്രത്തിൻറെ പൂർത്തികരണത്തിന് ശേഷം ഷങ്കർ കമലഹാസ‍നെയും പ്രീതി സിൻ‌ഡയെയും നായികാ നായകന്മാരാക്കി റോബോ ആണ് തൻറെ അടുത്ത ചിത്രമെന്ന് അറിയിച്ചു. എന്നാൽ കമലഹാസൻറെ ഡേറ്റ് ക്ലാഷ് ആയതിനെ തുടർന്ന് പദ്ധതി ഉപേക്ഷിക്കേണ്ടി വന്നു. ഷങ്കർ ബോയ്സ് എന്ന തൻറെ പുതിയ ചിത്രത്തിൻറെ പ്രവർത്തനങ്ങളിൽ ഏർപെട്ടു. ശിവജിയുടെ വൻ വിജയത്തിന് ശേഷം റോബോട്ട് വീണ്ടും വാർത്തകളിൽ നിറഞ്ഞു . ഷങ്കറിൻറെ അടുത്ത ചിത്രം തെലുഗിൽ ചിരഞ്ജീവിയെ വച്ച് റോബോട്ട് ആണെന്ന് പല വെബ്സൈറ്റ്കളും റിപ്പോർട്ട്‌ ചെയ്തു .എന്നാല് ജൂലൈ 2007 ല് ഷാരുഖിനെ നായകനാക്കി റോബോട്ട് ചെയ്യുമെന്നും ഷാരൂഖ് തന്നെയാണ് നിർമ്മാതാവെന്നും അറിയിച്ചു. ഷാരൂഖ് ഷങ്കറിനെ ഔദ്യോഗികമായി വിളിച്ചു.തിരക്കഥകേട്ട ഷാരൂഖ് തിരക്കഥ മോശമാണെന്നും തിരുത്തണമെന്നും പറഞ്ഞു. എന്നാല് രജനികാന്ത് തൻറെ തിരക്കഥ മികച്ചതും വിശ്വാസയോഗ്യവുമാണെന്ന് അഭിപ്രായപ്പെട്ടതായി ഷങ്കർ അറിയിച്ചു.രണ്ടു പേരും അവരവരുടെ അഭിപ്രായങ്ങളില് ഉറച്ചു നിന്നു.അവർക്ക്‌ ഒരു ഏകോപനമുണ്ടാക്കാന് കഴിഞ്ഞില്ല. പിന്നീട് ആമിർ ഖാൻ , അജിത് കുമാർ തുടങ്ങിയവരുടെ പേരുകള് കേട്ടെങ്കിലും യാഥാത്ഥ്യമായില്ല . ചെന്നൈയിലെ ഒരു പൊതുവേദിയിൽ വച്ച് ഷങ്കറിനെ കണ്ട രജനികാന്ത് റോബോട്ടുമായി സഹകരിക്കാന് താൽപര്യമുണ്ടെന്ന് അറിയിച്ചു. ഷങ്കർ അത് അംഗീകരിക്കുകയായിരുന്നു.

നിർമ്മാതാക്കളുടെ പിൻമാറ്റം[തിരുത്തുക]

ചിത്രത്തിൻറെ ഷൂട്ടിംഗ് ലോകാത്ഭുതങ്ങളില് ഒന്നായ മാച്ചു പിച്ചുവിൽ ഒരു ഗാന ചിത്രീകരണത്തോടെയാണ് ആരംഭിച്ചത്. 20% ചിത്രീകരിച്ചപോഴേക്കും 35 കോടി രൂപ ചെലവ് വന്നു. അയ്യങ്കാർ ഇൻറെർനാഷണൽ, ഇറോസ് ലാബ്സ് എന്നിവർ സംയുക്തമായാണ് നിർമ്മാണ ചുമതല വഹിച്ചിരുന്നത്. 120 കോടി ബജറ്റിൽ തീർക്കാൻ ലക്ഷ്യമിട്ട്‌ തുടങ്ങിയ യന്തിരൻറെ നിർമ്മാണം ആ തുകയ്‌ക്ക്‌ ഒതുങ്ങില്ലെന്ന ഷങ്കറിൻറെ പറച്ചിലോടെയാണ്‌ ഷങ്കറും നിർമാതാക്കളും തമ്മിലുള്ള ബന്ധം വഷളായത്‌. തൻറെ സിനിമകളുടെ പൂർണതയ്‌ക്ക്‌ വേണ്ടി പണം വാരിയെറിയുന്ന ഷങ്കറിൻറെ രീതികളെ അയ്യങ്കാർ ഇൻറെർനാഷണൽ ആർഭാടമെന്നായിരുന്നു വിശേഷിപ്പിച്ചത്‌.

എങ്ങനെയാണെങ്കിലും ഡിസംബർ 2008ന് സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് നിർമ്മാണ ചമുതലയിൽ നിന്നും രണ്ടു കമ്പനികളും പിൻമാറി . തുടർന്ന് നിർമ്മാണ അവകാശം കേന്ദ്രമന്ത്രി ദയാനിധിമാരൻറെ സഹോദരൻ കലാനിധിമാരൻറെ ഉടമസ്ഥതയിലുള്ള സൺ പിക്ചേഴ്സ് ഏറ്റെടുത്തു. സാമ്പത്തിക സ്ഥിതി മോശമായിരിക്കുന്ന കാലഘട്ടത്തില് കോടികള് മുടക്കി ചിത്രമെടുത്താല് അത് വാങ്ങാനാളുണ്ടാവുമോയെന്ന പേടിയാണ് ചിത്രത്തിൻറെ നിർമ്മാണ ചമുതലയിൽ നിന്നും രണ്ടു കമ്പനികളും പിൻമാറാനുള്ള കാരണം

അവലംബം[തിരുത്തുക]

  1. http://www.kollyinsider.com/2013/02/top-5-kollywood-movie-box-office-gross.html KollyInsider
  2. Koski, Genevieve (3 March 2011). "Enthiran". The A.V. Club. Archived from the original on 23 January 2015. Retrieved 1 August 2011.
  3. Ramachandran 2014, പുറം. 227.
  4. 4.0 4.1 4.2 Enthiran (Motion picture DVD). India: Sun Pictures. 1 October 2010. Opening credits from 01:00 to 02:00.
  5. 5.0 5.1 5.2 5.3 5.4 5.5 5.6 5.7 "Enthiran". Netflix. 2010. Archived from the original on 5 October 2017. Retrieved 8 October 2017.
  6. Ramachandran 2014, പുറം. 231.
  7. 7.0 7.1 7.2 7.3 Enthiran (Motion picture DVD). India: Sun Pictures. 1 October 2010. Closing credits in 2:55:05.
"https://ml.wikipedia.org/w/index.php?title=എന്തിരൻ&oldid=3970507" എന്ന താളിൽനിന്ന് ശേഖരിച്ചത്