ഇന്ത്യൻ (1996-ലെ ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇന്ത്യൻ
ചലച്ചിത്രത്തിന്റെ പോസ്റ്റർ
സംവിധാനംഎസ്. ഷങ്കർ
നിർമ്മാണംഎ.എം. രത്നം
ജാമു സുഗന്ധ്
രചനസുജാത (സംഭാഷണം)
കഥഎസ്. ഷങ്കർ
തിരക്കഥഎസ്. ഷങ്കർ സുജാത
അഭിനേതാക്കൾകമൽ ഹാസൻ
മനീഷ കൊയ്രാള
ഊർമ്മിള മടോൻഡ്കർ
സുകന്യ
സംഗീതംഎ.ആർ. റഹ്മാൻ
ഛായാഗ്രഹണംജീവ
ചിത്രസംയോജനംബി. ലെനിൻ
വി.ടി. വിജയൻ
സ്റ്റുഡിയോശ്രീ സൂര്യ മൂവീഹ്
വിതരണംശ്രീ സൂര്യ മൂവീസ്
റിലീസിങ് തീയതി
  • 9 മേയ് 1996 (1996-05-09)
(Tamil)
  • 23 ഓഗസ്റ്റ് 1996 (1996-08-23)
(Hindi)
രാജ്യംഇന്ത്യ
ഭാഷതമിഴ്
ഹിന്ദി
ബജറ്റ്80 മില്യൺ (equivalent to 330 million or US$5.2 million in 2016)
സമയദൈർഘ്യം185 മിനിറ്റ്
ആകെ660 മില്യൺ (equivalent to 2.8 billion or US$43 million in 2016)

എസ്. ഷങ്കർ സംവിധാനം ചെയ്ത് 1996-ൽ പുറത്തിറങ്ങിയ തമിഴ് ചലച്ചിത്രമാണ് ഇന്ത്യൻ. എ.എം. രത്നമാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. കമൽ ഹാസൻ ഇരട്ടവേഷത്തിൽ അഭിനയിക്കുന്ന ഈ ചിത്രത്തിൽ മനീഷ കൊയ്‌രാള, ഉർമിള മാതോന്ദ്കർ, സുകന്യ, ഗൗണ്ടമണി എന്നിവരും അഭിനയിച്ചിരിക്കുന്നു. ചിത്രത്തിന്റെ സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് എ.ആർ. റഹ്മാനാണ്. തമിഴ് ചലച്ചിത്ര സംവിധായകൻ ജീവയാണ് ഈ ചിത്രത്തിന്റെ ഛായാഗ്രാഹകൻ.

ഒരു മുൻ സ്വാതന്ത്ര്യസമരസേനാനി അഴിമതിക്കെതിരെ നടത്തുന്ന പോരാട്ടമാണ് ചിത്രത്തിന്റെ ഇതിവൃത്തം. അഴിമതിക്കാരെ ശിക്ഷിച്ച് നീതി നടപ്പാക്കുന്ന അദ്ദേഹത്തിന് അവസാനം തന്റെ മകനെയും ശിക്ഷിക്കേണ്ടി വരുന്നു. മർമ്മകല എന്ന പഴയകാല ആയോധന വിദ്യ അഭ്യസിച്ചിട്ടുള്ള കഥാനായകൻ അതേ വിദ്യ ഉപയോഗിച്ച് ശത്രുക്കളെ നേരിടുന്ന രംഗങ്ങൾ ഈ ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്നാണ്. ആശാൻ ആർ. രാജേന്ദ്രനാണ് ഈ സംഘട്ടന രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്.[1] [2]

മികച്ച നിരൂപകശ്രദ്ധ നേടിയ ഈ ചിത്രം തമിഴ്നാട്ടിലെ പ്രദർശനശാലകളിൽ ഒരു ബ്ലോക്ക് ബസ്റ്ററായി മാറി. ബാഷ എന്ന ചിത്രത്തിന്റെ റെക്കോർഡ് മറികടന്നുകൊണ്ട് ഏറ്റവും കൂടുതൽ വരുമാനം നേടിയ തമിഴ് ചലച്ചിത്രം എന്ന ബഹുമതി ഇന്ത്യൻ സ്വന്തമാക്കി.[3] മൂന്നു വർഷങ്ങൾക്കു ശേഷം പടയപ്പ എന്ന ചിത്രം പുറത്തിറങ്ങുന്നതു വരെ ഈ റെക്കോർഡ് നിലനിർത്താനും സാധിച്ചു. മൂന്ന് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ നേടിയ ഇന്ത്യൻ 1996-ലെ ഓസ്കർ പുരസ്കാരത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായിരുന്നു.[4][5] ഈ ചിത്രത്തിലെ അഭിനയത്തിലൂടെ കമൽ ഹാസന് മികച്ച നടനുള്ള ദേശീയ പുരസ്കാരം, സംസ്ഥാന പുരസ്കാരം, ഫിലിംഫെയർ പുരസ്കാരം എന്നിവ ലഭിച്ചു.[6] ഈ ചിത്രം ഹിന്ദുസ്ഥാനി എന്ന പേരിൽ ഹിന്ദിയിലും ഭാരതീയുഡു എന്ന പേരിൽ തെലുങ്കിലും പുറത്തിറക്കിയിരുന്നു.

കഥ[തിരുത്തുക]

ഒരു മധ്യവർഗ്ഗ കുടുംബത്തിലാണ് ചന്ദ്ര ബോസ് എന്ന ചന്ദ്രു (കമൽ ഹാസൻ) ജനിച്ചത്. അയാളുടെ അച്ഛൻ സേനാപതി (കമൽ ഹാസൻ) ഒരു മുൻ സ്വാതന്ത്ര്യസമരസേനാനിയാണ്. റീജ്യണൽ ട്രാൻസ്പോർട്ട് ഓഫീസിൽ ലൈസൻസും പെർമിറ്റുമൊക്കെ ലഭിക്കുന്നതിനായി ജനങ്ങളെ സഹായിക്കുന്ന ജോലിയാണ് ചന്ദ്രു ചെയ്യുന്നത്. ഇതിനായി ജനങ്ങളിൽ നിന്ന് കൈക്കൂലി വാങ്ങുന്ന ചന്ദ്രു അതിന്റെ പങ്ക് മേലധികാരികൾക്കും നൽകുന്നുണ്ട്.

അഴിമതിക്കാരായ ചില ഉദ്യോഗസ്ഥരുടെ മരണവുമായി ബന്ധപ്പെട്ട കേസന്വേഷണത്തിനായി കൃഷ്ണ സ്വാമി (നെടുമുടി വേണു) എന്ന ഉദ്യോഗസ്ഥനെത്തുന്നു. ഉദ്യോഗസ്ഥരുടെ മരണത്തിനു പിന്നിൽ സേനാപതി എന്ന വൃദ്ധനാണെന്നു മനസ്സിലാക്കുന്ന കൃഷ്ണ സ്വാമി അദ്ദേഹത്തെക്കുറിച്ച് കൂടുതൽ അറിയുവാൻ ശ്രമിക്കുന്നു. സേനാപതിയുടെ ഭാര്യ അമൃതവല്ലി (സുകന്യ) തന്റെ ഭർത്താവിന്റെ പൂർവകാലചരിത്രം കൃഷ്ണസ്വാമിയോടു പറയുന്നു.

സ്വാതന്ത്ര്യസമരകാലത്ത് ഇന്ത്യൻ നാഷണൽ ആർമിയിൽ പ്രവർത്തിച്ചിരുന്ന ഒരു സൈനികനായിരുന്നു സേനാപതി. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി ചില ബ്രിട്ടീഷ് ഉദ്യോഗസ്ഥരെ വധിക്കുവാൻ ശ്രമിക്കുന്നതുൾപ്പടെയുള്ള പല സാഹസിക കൃത്യങ്ങളും അദ്ദേഹം ചെയ്തിട്ടുണ്ട്. തത്ഫലമായി അദ്ദഹത്തെ ബ്രിട്ടീഷ് സൈന്യം പിടികൂടുകയും ക്രൂര മർദ്ദനങ്ങൾക്കിരയാക്കുകയും ചെയ്തു. സേനാപതിയുടെ പൂർവചരിത്രം കേൾക്കുന്ന കൃഷ്ണ സ്വാമിക്ക് അദ്ദഹത്തോട് ബഹുമാനം തോന്നുന്നു. പക്ഷെ തന്റെ കൃത്യനിർവ്വഹണത്തിന്റെ ഭാഗമായി സേനാപതിയെ അറസ്റ്റ് ചെയ്യേണ്ടതുണ്ടെന്ന് അദ്ദേഹം തിരിച്ചറിയുന്നു.

സേനാപതിയെ അറസ്റ്റ് ചെയ്യുവാൻ കൃഷ്ണ സ്വാമി ശ്രമിച്ചുവെങ്കിലും അതിനു കഴിഞ്ഞില്ല. മർമ്മകലയിൽ വിദഗ്ദ്ധനായിരുന്ന സേനാപതിയെ കീഴടക്കുക എളുപ്പമായിരുന്നില്ല. കൃഷ്ണ സ്വാമിയെ അടിച്ചുവീഴ്ത്തി ഒളിവിൽ പോകുന്ന സേനാപതി ഒരു അഴിമതിക്കാരനായ ഡോക്ടറെ കൊല്ലുന്നു. ഈ കൊലപാതക ദൃശ്യം അദ്ദേഹം ടെലിവിഷനിലൂടെ സംപ്രേഷണം ചെയ്തു ജനങ്ങളെ കാണിക്കുകയും ചെയ്യുന്നു. ഈ ഡോക്ടർ മുമ്പ് സേനാപതിയുടെ മകൾക്ക് ചികിത്സ നിഷേധിച്ചത് അവളുടെ മരണത്തിനിടയാക്കിയിരുന്നു. ഡോക്ടർ ചോദിച്ച കൈക്കൂലി നൽകാൻ സേനാപതി തയ്യാറാകാതിരുന്നതാണ് ഡോക്ടറെ ചൊടിപ്പിച്ചത്. ഡോക്ടർക്കെതിരെ നിയമപോരാട്ടം നടത്താൻ സേനാപതി ശ്രമിക്കുന്നുവെങ്കിലും പല ഉദ്യോഗസ്ഥരും ഡോക്ടറെപ്പോലെ അഴിമതിക്കാരായിരുന്നതിനാൽ നീതി ലഭിച്ചില്ല. സ്വയം നീതി നടപ്പാക്കാനിറങ്ങുന്ന സേനാപതി, തന്റെ മകളുടെ മരണത്തിനു കാരണക്കാരായ അഴിമതിക്കാരെയെല്ലാം കൊല്ലാൻ ശ്രമിക്കുന്നു. അഴിമതിക്കാരനായ ഡോക്ടറുടെ മരണം ടെലിവിഷനിൽ കണ്ട ജനങ്ങൾ സേനാപതിയെ തങ്ങളുടെ നായകനായി കാണുന്നു. അവർ അദ്ദഹത്തെ 'ഇന്ത്യൻ' എന്നു വിളിക്കുന്നു.

ജനങ്ങൾക്കു വേണ്ടി ജീവിക്കുന്ന സേനാപതി അദ്ദഹത്തിന്റെ മകൻ ചന്ദ്രുവിനുവേണ്ടി യാതൊന്നും ചെയ്യുന്നില്ല. മാന്യമായ ഒരു ജോലി ലഭിക്കുന്നതുവരെ ആർ.ടി.ഒ. ഓഫീസിലെ കൈക്കൂലി വാങ്ങിയുള്ള ജോലി തുടരാൻ ചന്ദ്രു തീരുമാനിക്കുന്നു.

ഒരിക്കൽ ഒരു ബസ്സിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നേടിക്കൊടുക്കുന്നതിനായി ചന്ദ്രു കൈക്കൂലി വാങ്ങുന്നു. യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെ സർട്ടിഫിക്കറ്റ് സ്വന്തമാക്കുന്ന ഈ ബസ് അപകടത്തിൽപ്പെടുകയും അതിലുണ്ടായിരുന്ന 40 കുട്ടികൾ മരിക്കുകയും ചെയ്യുന്നു. ചന്ദ്രുവാണ് ഈ ദുരന്തത്തിന് ഉത്തരവാദിയെന്ന് സേനാപതി മനസ്സിലാക്കുന്നു. മറ്റുള്ള അഴിമതിക്കാർക്ക് നൽകിയതു പോലെ തന്റെ മകനും മരണശിക്ഷ നൽകുവാൻ അദ്ദേഹം തീരുമാനിക്കുന്നു. അച്ഛനും മകനും തമ്മിൽ ഒരു എയർപോർട്ടിൽ വച്ചുനടന്ന സംഘട്ടനത്തിനിടെ സ്ഫോടനമുണ്ടാകുകയും ഇരുവരും കൊല്ലപ്പെടുന്നതായി കാണിക്കുകയും ചെയ്യുന്നു. എന്നാൽ സ്ഫോടനത്തിനു തൊട്ടുമുമ്പ് സേനാപതി രക്ഷപെട്ടതായി കൃഷ്ണ സ്വാമി കണ്ടെത്തുന്നു. ഹോങ്കോങ്ങിലേക്ക് രക്ഷപ്പെടുന്ന സേനാപതി അവിടെ നിന്നുകൊണ്ട് കൃഷ്ണ സ്വാമിയെ ഫോൺ ചെയ്യുന്നു. 'ഇന്ത്യനു മരണമില്ല. തന്നെ ആവശ്യമുള്ളവർക്കായി മടങ്ങിയെത്തും' എന്ന് സേനാപതി പ്രഖ്യാപിക്കുന്നതോടെ ചിത്രം അവസാനിക്കുന്നു.

അഭിനേതാക്കൾ[തിരുത്തുക]

  • കമൽ ഹാസൻ - സേനാപതി, ചന്ദ്രു
  • സുകന്യ - അമൃതവല്ലി
  • മനീഷ കോയ്രാള - ഐശ്വര്യ
  • ഊർമ്മിള മടോൺട്കർ - സപ്ന
  • ഗൗണ്ടാമണി - സുബ്ബയ്യ
  • സെന്തിൽ - പനീർ സെൽവം
  • നെടുമുടി വേണു - കൃഷ്ണ സ്വാമി
  • കസ്തൂരി - കസ്തൂരി
  • ക്രേസി മോഹൻ - പാർത്ഥസാരഥി
  • ഒമാക്കുച്ചി നരസിംഹൻ - ലോറി ഡ്രൈവർ
  • അജയ് രത്നം - സ്വാതന്ത്ര്യസമര സേനാനി
  • മനോരമ
  • അരുണ ഇറാനി (ഹിന്ദി പതിപ്പിൽ മാത്രം)
  • നിഴല്കൾ രവി - ഡോക്ടർ
  • ബാല സിംഗ്
  • പൊന്നമ്പലം
  • ചൊക്കലിംഗ ഭാഗവതർ

പുരസ്കാരങ്ങൾ[തിരുത്തുക]

1997 ദേശീയ ചലച്ചിത്ര പുരസ്കാരം
  • മികച്ച നടൻ - കമൽ ഹാസൻ
  • മികച്ച കലാ സംവിധായകൻ - തോട്ട തരണി
  • മികച്ച സ്പെഷ്യൽ ഇഫക്ട്സ് - എസ്.ടി. വെങ്കി
1997 ഫിലിംഫെയർ സൗത്ത്
തമിഴ്നാട് സംസ്ഥാന ചലച്ചിത്ര പുരസ്കാരം
1997 അക്കാദമി അവാർഡ്
  • മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രി

ഗാനങ്ങൾ[തിരുത്തുക]

ഇന്ത്യൻ
ഗാനങ്ങൾ by എ.ആർ. റഹ്മാൻ
Released1996
RecordedPanchathan Record Inn
GenreFeature film soundtrack
Length30:05
LabelPyramid
Ayngaran Music
Aditya Music
ProducerA. R. Rahman
എ.ആർ. റഹ്മാൻ chronology
Love Birds
(1996)Love Birds1996
Indian
(1996)
Kadhal Desam
(1996)Kadhal Desam1996

എ.ആർ. റഹ്മാൻ സംഗീതസംവിധാനം നിർവ്വഹിച്ച 5 ഗാനങ്ങളാണ് ചിത്രത്തിലുള്ളത്.[7] 1996-ൽ പിരമിഡ് സൈമിറയാണ് ഗാനങ്ങൾ പുറത്തിറക്കിയത്.[8] [9][8][8][10][11]

ഗാനങ്ങൾ
# ഗാനംഗാനരചനആലാപനം ദൈർഘ്യം
1. "അകടനു നാങ്ക"  വാലിസ്വർണ്ണലത 5:52
2. "മായാ മചീന്ദ്ര"  വാലിഎസ്.പി. ബാലസുബ്രഹ്മണ്യം, സ്വർണ്ണലത 5:37
3. "പച്ചൈ കിളികൾ"  വൈരമുത്തുകെ.ജെ. യേശുദാസ് 5:50
4. "ടെലിഫോൺ മണിപോൽ"  വൈരമുത്തുഹരിഹരൻ, ഹരിണി 6:15
5. "കപ്പലേറി പോയാച്ച്"  വാലിപി. സുശീല, എസ്. പി. ബാലസുബ്രഹ്മണ്യം 6:28

അവലംബം[തിരുത്തുക]

  1. "Varmakkalai Choreography details". The Hindu. 28 April 2003.
  2. "Hindustani Movie". iMDB.
  3. "Kamal — Shankar (Indian) | The Best One-time Partnerships". Behindwoods. ശേഖരിച്ചത് 2015-06-10.
  4. Margaret Herrick Library, Academy of Motion Picture Arts and Sciences
  5. "39 Countries Hoping for Oscar Nominations". Academy of Motion Picture Arts and Sciences. 13 നവംബർ 1996. മൂലതാളിൽ നിന്നും 9 ഫെബ്രുവരി 1999-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 5 ഒക്ടോബർ 2015.
  6. "Archived copy". മൂലതാളിൽ നിന്നും 28 സെപ്റ്റംബർ 2011-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 20 ജൂൺ 2013.{{cite web}}: CS1 maint: archived copy as title (link)
  7. "Indian soundtrack by Rahman". A.R.Rahman Official Website. മൂലതാളിൽ നിന്നും 13 സെപ്റ്റംബർ 2011-ന് ആർക്കൈവ് ചെയ്തത്.
  8. 8.0 8.1 8.2 "Indian release history". Tripod.
  9. "Indian Tamil movie songs lyrics". tamilsonglyrics. മൂലതാളിൽ നിന്നും 13 ജനുവരി 2015-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 13 ജനുവരി 2015. {{cite web}}: Italic or bold markup not allowed in: |publisher= (help)
  10. http://www.rediff.com/chat/rahmchat.htm
  11. "Singing a different tune". The Hindu. മൂലതാളിൽ നിന്നും 2004-05-01-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 3 July 2003.

പുറംകണ്ണികൾ[തിരുത്തുക]