ഏശയ്യായുടെ പുസ്തകം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബി. സി. എട്ടാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ (740-700) [1] പ്രവാചകദൗത്യം നിറവേറ്റിയ ഏശയ്യാ പ്രവാചകന്റെ പേരില്‍ അറിയപ്പെടുന്ന ബൈബിള്‍ ഗ്രന്ഥമാണ് ഏശയ്യായുടെ പുസ്തകം (Hebrew: Sefer Y'sha'yah ספר ישעיה). അദ്ധ്യായങ്ങളുടെ ഉള്ളടക്കവും കാലസൂചനകളും ഗണിക്കുമ്പോള്‍ ഏശയ്യായുടെ പുസ്തകം ഏക വ്യക്തിയുടെ തൂലികയില്‍ നിന്നു വന്നതാകാന്‍ വിഷമമാണ്. ആധുനിക പണ്ഡിതന്മാര്‍ ഈ പുസ്തകത്തെ 39 വരെ അദ്ധ്യായങ്ങള്‍ ചേര്‍ന്ന പൂര്‍വ-ഏശയ്യാ(Proto-Isaiah), 40 മുതല്‍ 66 വരെ അദ്ധ്യായങ്ങള്‍ അടങ്ങിയ ഉത്തര-ഏശയ്യാ(Deutero Isaiah) എന്നിങ്ങനെ വിഭജിക്കുന്നു.
പൂര്‍വ-ഏശയ്യായിലാണ് എട്ടാം നൂറ്റാണ്ടിന്റെ രണ്ടാം പകുതി പശ്ചാത്തലമായുള്ള പ്രവചനങ്ങള്‍. ഇക്കാലയളവില്‍ യഥാക്രമം ഉസിയാ, യോഥാം, ആഹാസ്, ഹെസക്കിയ എന്നിവര്‍ യൂദായില്‍ ഭരണം നടത്തി (ഏശ 1:1). ഈ ഭാഗത്ത് പ്രവാചകന്‍, പാപത്തില്‍ മുഴുകിയ യൂദയായുടേയും ദൈവഹിതത്തിനെതിരു നില്‍ക്കുന്ന ലോകത്തിലെ മറ്റു രാഷ്ട്രങ്ങളുടേയും വിനാശം പ്രവചിക്കുന്നു. ഉത്തര-ഏശയ്യാ ഇസ്രായേലിന്റെ പുന:സ്ഥാപനം പ്രവചിക്കുന്നു. ഗ്രന്ഥകര്‍ത്താവ് അജ്ഞാതനായിരിക്കേ, ഉത്തര-ഏശയ്യായുടെ ആദ്യഖണ്ഡമായ 40-55 അധ്യായങ്ങളെ രണ്ടാം ഏശയ്യാ എന്നും തുടര്‍ന്നുള്ള 56-66 അധ്യായങ്ങളെ മൂന്നാം ഏശയ്യാ എന്നും വിളിക്കാറുണ്ട്. രണ്ടാം ഏശയ്യാ ബാബിലോണില്‍ പ്രവാസത്തില്‍ കഴിയുന്നവരെ സംബോധന ചെയ്യുന്നതായി കരുതപ്പെടുന്നു. മൂന്നാം ഏശയ്യായുടെ ശ്രോതാക്കള്‍ പ്രവാസം കഴിഞ്ഞ് ജറുസലെമില്‍ തിരിച്ചെത്തിയ സമൂഹമായിരിക്കണം.
ഉള്ളടക്കം |
[തിരുത്തുക] പൂര്‍വ-ഏശയ്യാ
പൂര്‍വ-ഏശയ്യാ പോലും മുഴുവന്‍ ഒരേവ്യക്തിയുടെ രചനയല്ല. എന്നാല്‍ പില്‍ക്കാലസംശോധകരുടെ കൂട്ടിച്ചേര്‍ക്കലുകള്‍ ഏറെയുണ്ടെങ്കിലും ഈ ഭാഗം മുഖ്യമായും ബി.സി. എട്ടാം നൂറ്റാണ്ടിന്റെ രണ്ടാം പകുതി പശ്ചാത്തലമായുള്ള പ്രവചനങ്ങളാണ്.
[തിരുത്തുക] ഏശയ്യാ 1-12
[തിരുത്തുക] യഹൂദാക്കുള്ള ശിക്ഷാവിധി
ദൈവവുമായുള്ള ഉടമ്പടിബന്ധം സ്വന്തം അതിക്രമങ്ങളുടെ പ്രത്യാഘാതങ്ങളില്‍ നിന്ന് തങ്ങളെ രക്ഷിക്കുമെന്നു വിശ്വസിക്കുന്ന യൂദയായിലെ ജനത്തേയും ഭരണാധികാരികളേയും ലക്‌ഷ്യമാക്കിയുള്ള അരുളപ്പാടുകളാണ് ആദ്യത്തെ പന്ത്രണ്ട് അദ്ധ്യായങ്ങളില്‍ മുഖ്യമായുള്ളത്. ഉടമ്പടി ലംഘിച്ച് അനീതിയിലും ക്രൂരതയിലും വിഗ്രഹാരാധനയിലും മുഴുകിയവര്‍ ഉടമ്പടിയില്‍ വാഗ്ദത്തമായിരുന്ന ദൈവകൃപ്ര നഷ്ടപ്പെടുത്തിയെന്ന് ഈ പ്രവചനങ്ങള്‍ വെളിപ്പെടുത്തുന്നു.
[തിരുത്തുക] ശാന്തിയുടെ യുഗം
എന്നാല്‍ ദൈവകോപത്തിന്റേയും ശിക്ഷാവിധിയുടേയും പ്രവചനങ്ങള്‍ക്കിടയിലും പ്രതീക്ഷയുണര്‍ത്തുന്ന സമാധാന സന്ദേശങ്ങളുമുണ്ട്. രണ്ടാം അദ്ധ്യായത്തിന്റെ തുടക്കത്തില്‍ പ്രവാചകന്‍ ദൈവം ജനങ്ങള്‍ക്കിടയില്‍ ന്യായം വിധിക്കുകയും ജനപദങ്ങള്‍ക്ക് തീര്‍പ്പുകല്പ്പിക്കുകയും ചെയ്യുന്ന ശാന്തിയുടെ നാളുകളെക്കുറിച്ച് പറയുന്നു. അതിലെ ഏറ്റവും പ്രസിദ്ധമായ വാക്യം ഇതാണ്:
| “ | അവര്‍ തങ്ങളുടെ വാളുകളെ കൊഴുക്കളായും കുന്തങ്ങളെ അരിവാളുകളായും അടിച്ചുപണിയും. ജനം ജനത്തിനെതിരെ വാള്‍ ഉയര്‍ത്തുകയില്ല. പിന്നീട് അവര്‍ യുദ്ധം അഭ്യസിക്കുകയുമില്ല. | ” |
ഏശയ്യായുടെ പ്രസിദ്ധമായ ഇമ്മാനുവേല്‍ പ്രവചനങ്ങളും ഈ ഭാഗത്താണ്. സമാധാനത്തോടെ ഭരണം നടത്തുന്ന നീതിനിഷ്ഠനായ ഭാവിരാജാവിന്റെ യുഗത്തെക്കുറിച്ച് ഏഴും, ഒന്‍പതും, പതിനൊന്നും അദ്ധ്യായങ്ങളിലുള്ള ഈ പ്രവചനങ്ങളെ ക്രിസ്തീയചിന്ത യേശുവുമായി ബന്ധപ്പെടുത്തി വ്യാഖ്യാനിക്കുന്നു. പതിനൊന്നാമദ്ധ്യായത്തിലെ ശാന്തിസങ്കല്പം ജീവലോകത്തെ മുഴുവന്‍ തഴുകിനില്‍ക്കുന്നതാണ്. ധര്‍മ്മിഷ്ഠത അരക്കച്ചയും വിശ്വസ്ഥത അരപ്പട്ടയും ആക്കിയ ഭാവിയിലെ രാജാവിന്റെ ഭരണത്തിന്റെ ചിത്രമാണ് അതിലുള്ളത്.
| “ | ചെന്നായ് ചെമ്മരിയാടിനോടൊപ്പം പാര്‍ക്കും; പുള്ളിപ്പുലി ആട്ടിന്‍ കുട്ടിയോടൊപ്പം കിടക്കും; പശുക്കുട്ടിയും സിംഹവും കൊഴുത്ത മൃഗവും ഒന്നിച്ചു കഴിയും. ഒരു കൊച്ചുകുട്ടി അവയെ നയിക്കും. പശുവും കരടിയും ഒന്നിച്ചു മേയും; അവയുടെ കുട്ടികള്‍ ഒരുമിച്ചു കിടക്കും. കാളയെപ്പോലെ സിംഹം വൈക്കോല്‍ തിന്നും. മുലകുടിമാറാത്ത കുട്ടി സര്‍പ്പത്തിന്റെ മാളത്തില്‍ കളിക്കും. മുലകുടി മാറിയ കുട്ടി അണലിയുടെ മാളത്തില്‍ കയ്യിടും. | ” |
[തിരുത്തുക] നിയുക്തിദര്‍ശനം
ആറാം അദ്ധ്യായത്തിന്റെ തുടക്കത്തില്‍ പ്രവാചകന്‍ തന്റെ നിയുക്തിയുടെ ദര്‍ശനം ചിത്രീകരിക്കുന്നു. അസാധാരണമായൊരു ദൈവാനുഭവത്തിന്റെ ആ നാടകീയവിവരണം ഇങ്ങനെയാണ്:
| “ | ഊസിയാരാജാവ് മരണമടഞ്ഞ വത്സരത്തില്‍ അത്യുന്നതമായൊരു സിംഹാസനത്തില്‍ കര്‍ത്താവ് ഇരിക്കുന്നത് ഞാന്‍ കണ്ടു. അവന്റെ വസ്ത്രത്തിന്റെ തൊങ്ങലുകള്‍ ദേവാലയത്തില്‍ നിറഞ്ഞിരുന്നു. അവനെ ചൂഴ്ന്ന് ആറു ചിറകുവീതമുള്ള സെറാഫുകള്‍ നിന്നിരുന്നു. രണ്ടു ചിറകു കൊണ്ട് മുഖവും, രണ്ടു ചിറകുകൊണ്ട് പാദവും അവ മറച്ചിരുന്നു. രണ്ട് ചിറക് അവ പറക്കാനും ഉപയോഗിച്ചിരുന്നു. ഒന്ന് മറ്റൊന്നിനോട് വിളിച്ചുപറഞ്ഞു: "പരിശുദ്ധന്‍, പരിശുദ്ധന്‍, സൈന്യങ്ങളുടെ കര്‍ത്താവ് പരിശുദ്ധന്‍. അവന്റെ മഹത്വം ഭൂമി മുഴുവന്‍ നിറഞ്ഞിരിക്കുന്നു." ആ വിളിച്ചുപറഞ്ഞവന്റെ ശബ്ദത്തില്‍ ഉമ്മറപ്പടികളുടെ അസ്ഥിവാരങ്ങള്‍ വിറച്ചു. ആലയത്തില്‍ ധൂമം നിറഞ്ഞു.
|
” |
[തിരുത്തുക] ഏശയ്യാ 13-27
ലോകരാഷ്ട്രങ്ങള്‍ക്കെതിരായുള്ള അരുളപ്പാടുകളാണ് ഈ അദ്ധ്യായങ്ങളില്‍. ബാബിലോണ്‍, അസീറിയ, ഫിലിസ്തിയ, മൊവാബ്, ഡമാസ്കസ്, എത്യോപ്യ, ഈജിപ്ത്, ഏദോം, അറേബ്യ, കേദാര്‍ തുടങ്ങിയ രാഷ്ട്രങ്ങള്‍ക്കും നഗരങ്ങള്‍ക്കും നേരേയാണ് ഈ പ്രവചനങ്ങളിലെ രോഷം. എന്നാല്‍ ശാപവചനങ്ങള്‍ക്കിടയില്‍ അനുഗ്രഹത്തിന്റെ സന്ദേശങ്ങളും വിതറിയിട്ടുണ്ട്. ഉദാഹരണത്തിന് ഈജിപ്തിന്റെ ഓഹരിയായി പറയുന്നത് കര്‍ത്താവിന്റെ പ്രഹരവും കര്‍ത്താവില്‍ നിന്നു തന്നെയുള്ള സൗഖ്യവുമാണ്.
[തിരുത്തുക] ഏശയ്യാ 28-39
ഈ വിഭാഗത്തിലെ ആദ്യ അദ്ധ്യായങ്ങളില്‍ ഇസ്രായേലിന്റേയും യഹൂദായുടേയും അധര്‍മ്മങ്ങളുടെ വിമര്‍ശനമാണ്. അസീറിയാരാജാവായ സെന്നാക്കെരിബിന്റെ ആക്രമണത്തില്‍ നിന്ന് യെരുശലേം അത്ഭുതകരമായി രക്ഷിക്കപ്പെടുന്നതും കഠിനരോഗത്തില്‍ മരണത്തിന്റെ വിളുമ്പിലെത്തിയ ഹെസക്കിയാ രാജാവിന് സൗഖ്യം ലഭിക്കുന്നതും, രാജാവിന്റെ രോഗവിവരം അന്വേഷിക്കാന്‍ ബാബിലോണ്‍ രാജാവിന്റെ ദൂതന്മാര്‍ യെരുശലേമിലെത്തുന്നതുമൊക്കെയാണ് ഒടുവിലത്തെ അദ്ധ്യായങ്ങളില്‍. ആ ദൂതന്മാര്‍ക്ക് തന്റെ പ്രൗഢി ബോധ്യം വരാനായി കൊട്ടാരത്തിലെ സംഭരണശാലകളിലെ ധനമൊക്കെ രാജാവ് കാട്ടിക്കൊടുത്തതറിഞ്ഞ പ്രവാചകന്‍ ആ ധനമത്രയും അടുത്ത തലമുറയില്‍ ബാബിലോണ്‍ രാജാവ് കൊള്ളയടിച്ചുകൊണ്ടുപോകുമെന്ന് പ്രവചിച്ചു. എന്നാല്‍ തന്റെ അവശേഷിച്ച ജീവിതകാലത്ത് ശാന്തി പുലരും എന്നതിന്റെ സൂചനയായി ഈ പ്രവചനത്തെ കണ്ട ഹെസക്കിയാ രാജാവ് ആഹ്ലാദിക്കുകയാണ് ചെയ്തത്.
[തിരുത്തുക] ഉത്തര-ഏശയ്യാ
[തിരുത്തുക] ഏശയ്യാ 40-55
രണ്ടാം ഏശയ്യാ എന്നറിയപ്പെടുന്ന ഈ ഭാഗം ബി.സി. ആറാം നൂറ്റാണ്ടില്‍, ബാബിലോണിലെ പ്രവാസത്തിന്റെ അവസാനത്തിനടുത്ത് രചിക്കപ്പെട്ടതാണ്. [ക] "ബാബിലോണിയന്‍ അദ്ധ്യായങ്ങള്‍" എന്നും അവയെ വിളിക്കാറുണ്ട്. ഈ ഭാഗത്തിന്റെ ശൈലിയും ദൈവശാസ്ത്രവും ഇതിനെ ഏശയ്യായുടെ പുസ്തകത്തിലെ ഏറ്റവും കെട്ടുറുപ്പുള്ള ഭാഗമാക്കുന്നു. ചരിത്രത്തേയും സ്രഷ്ടലോകത്തേയും ഗ്രസിച്ചുനില്‍ക്കുന്ന ദൈവത്തിന്റെ മഹത്വമാണ് ഈ അദ്ധ്യായങ്ങള്‍ ആവര്‍ത്തിച്ച് വര്‍ണ്ണിക്കുന്നത്. പേര്‍ഷ്യന്‍ രാജാവായ സൈറസിന്റെ ഉയര്‍ച്ചയില്‍ ബാബിലോണിന്റെ പതനത്തെ തുടര്‍ന്ന് ഒരു പുത്തന്‍ പുറപ്പാടില്‍ പ്രവാസികള്‍ സ്വദേശത്തേക്കു മടങ്ങുന്നത് പ്രവാചകന്‍ കാണുന്നു. പീഡിതസേവകന്റെ(Suffering Servant) പരോക്ഷസഹനത്തിലൂടെ ലഭിക്കുന്ന സൗഖ്യത്തേയും വിജയത്തേയും ചിത്രീകരിക്കുന്ന ഈ അദ്ധ്യായങ്ങള്‍ ബൈബിളിലെ ഏറ്റവും മുന്തിയ പ്രവചനഖണ്ഡങ്ങളില്‍ പെടുന്നു. [3]
[തിരുത്തുക] ഏശയ്യാ 55-66
പ്രവാസത്തില്‍ നിന്ന് മടങ്ങിയെത്തിയവരെ ലക്‌ഷ്യമാക്കിയുള്ള പ്രവചനങ്ങളാണ് മൂന്നാം ഏശയ്യാ എന്നറിയപ്പെടുന്ന ഈ ആദ്ധ്യായങ്ങളില്‍. മടങ്ങിയെത്തിയ പ്രവാസികളെ നീതിയും ധാര്‍മ്മികതയും പുലരുന്ന ഒരു സമൂഹമായി രൂപപ്പെടുത്തിയെടുക്കുന്നതിനെക്കുറിച്ചാണ് ഈ പ്രവചനങ്ങളിലെ വ്യഗ്രത. ഇവിടെ പ്രവാചകന്‍ ദരിദ്രരുടേയും പീഡിതരുടേയും പക്ഷം ചേരുന്നു. ഈ പ്രവചനങ്ങള്‍ ദൈവജനത്തിന്റെ അടിസ്ഥാനം വിപുലമാക്കി പരദേശികളേയും ഷണ്ഡന്മാരേയും പോലും അതിലെ അംഗങ്ങളായി കാണുന്നു. അവ വിനയത്തിനും പശ്ചാത്താപത്തിനും ദഹനബലിയേക്കാള്‍ വില കല്പിക്കുന്നു. നേരത്തേ യുദ്ധവീരനായിരുന്ന ദൈവം ഇവിടെ പിതാവാകുന്നു. രോഷത്തിന്റെ മുന്തിരിച്ചക്ക്(Grapes of wrath) ഒറ്റക്ക് ചവിട്ടി വിജയശീലാളിതനായി രക്താംബരത്തില്‍ കവാത്ത് ചെയ്ത് വരുമ്പോഴും അവന്റെ വാക്കുകളില്‍ യുദ്ധവിജയത്തിന്റെ ആഹ്ലാദമില്ല.
ഗ്രന്ഥം സമാപിക്കുന്നത് പേടിപ്പെടുത്തുന്ന ഈ വാക്യത്തിലാണ്.(66:24) "അവര്‍ ചെന്ന് എന്നെ എതിര്‍ത്തവരുടെ ജഡങ്ങള്‍ കാണും. അവയിലെ പുഴുക്കള്‍ ചാവുകയോ അവയുടെ അഗ്നി ശമിക്കുകയോ ഇല്ല. എല്ലാവര്‍ക്കും അത് ഒരു ബീഭത്സദൃശ്യമായിരിക്കും." ആരാധനക്കിടയില്‍ ഏശയ്യായുടെ ഗ്രന്ഥം വായിക്കുമ്പോള്‍ അതിന്റെ സമാപ്തി ബീഭത്സമായ ഈ വാക്യത്തിലാകാതിരിക്കാന്‍ യഹൂദപാരമ്പര്യം ശ്രദ്ധിച്ചിരുന്നു. ഈ വാക്യത്തിനുശേഷം, അതിനു മുന്‍പ് വരുന്ന പുതിയ ആകാശത്തേയും പുതിയ ഭൂമിയേയും സംബന്ധിച്ച വാക്യം(66:22) ആവര്‍ത്തിക്കുകയായിരുന്നു പതിവ്.[3]
[തിരുത്തുക] നാലു സേവകഗാനങ്ങള്‍
ഏശയ്യായുടെ പുസ്തകത്തിലെ പീഡിതസേവകന്റെ ഗാനങ്ങള്‍ അദ്യമായി തിരിച്ചറിഞ്ഞത് 1892-ല്‍ ജര്‍മ്മന്‍ ദൈവശാസ്ത്രജ്ഞന്‍ ബെര്‍ണാര്‍ഡ് ദുമിന്റെ വ്യാഖ്യാനമാണ്. യഹോവയുടെ ഒരു സേവകനെക്കുറിച്ച് ഉത്തര ഏശയ്യായിലുള്ള നാലു ഗാനങ്ങളാണിവ. ജനതകളെ നയിക്കാനായി യഹോവയുടെ നിയോഗം കിട്ടിയവനെങ്കിലും സേവകന്‍ കഠിനമായി പീഡിപ്പിക്കപ്പെടുന്നു. സ്വയം പരിത്യജിച്ച് മറ്റുള്ളവരുടെ ഓഹരിയായ ശിക്ഷ ഏറ്റുവാങ്ങുന്ന അയാള്‍ ഒടുവില്‍ സമ്മാനിതനാവുന്നു. യഹൂദപാരമ്പര്യം സേവകന്‍ യഹൂദജനതയെത്തന്നെ സൂചിപ്പിക്കുന്നതായി വ്യാഖ്യാനിക്കുന്നു.[4] മിക്കവാറും ആധുനികപണ്ഡിതന്മാര്‍ ഈ നിലപാടിനെ അംഗീകരിക്കുന്നു.[5] എന്നാല്‍ സേവകന്‍ മറ്റുവഴിക്ക് അറിയപ്പെടാത്ത ഒരുവ്യക്തിയും, ഗാനങ്ങള്‍ രചിച്ചത് അയാളുടെ ഏതോ ശിഷ്യനും ആണെന്ന നിലപാടാണ് ദും സ്വീകരിച്ചത്. സേവകന്‍ സെറുബ്ബാബല്‍, ഇസ്രായേല്‍ രാജാവായിരുന്ന ജെഹോയിയാച്ചിന്‍, മോശെ എന്നിവരൊക്കെയാണെന്ന് വാദമുണ്ട്. കുഷ്ഠരോഗം ബാധിച്ച ഒരാളായിരിക്കാം ഈ ഗാനങ്ങള്‍ എഴുതിയതെന്നും ദും കരുതി. പരമ്പരാഗതമായ ക്രൈസ്തവവ്യാഖ്യാനത്തില്‍ ഈ ഗാനങ്ങളിലെ പീഡിതസേവകന്‍ മനുഷ്യവംശത്തിന്റെ പാപങ്ങള്‍ക്ക് പരിഹാരമായി സ്വയം ബലിയര്‍പ്പിച്ച യേശുക്രിസ്തുവാണ്.[5]
[തിരുത്തുക] ഒന്നാം ഗാനം
ഭൂമിയില്‍ സമാധാനം സ്ഥാപിക്കാന്‍ പോകുന്ന തന്റെ സേവകനെക്കുറിച്ചുള്ള യഹോവയുടെ വാക്കുകളാണ് ഈ ഗാനത്തില്‍. സേവകന്‍ ന്യായപാലനത്തില്‍ ദൈവത്തിന്റെ കാര്യസ്ഥനാണ്. പ്രവാചകനും ഭരണാധികാരിയുമെന്ന നിലയില്‍ അയാള്‍ നീതിക്കുവേണ്ടി നിലകൊള്ളുന്നു. എന്നാല്‍ നീതിനടപ്പാക്കുന്നത് രാജശാസനങ്ങള്‍ വഴിയോ ശക്തിപ്രയോഗത്തിലൂടേയോ അല്ല. സാധാരണ പ്രവാചകരുടെ രീതിയില്‍, പൊതുവീഥികളില്‍ രക്ഷ പ്രഖ്യാപിക്കുകയല്ല അയാള്‍. യഥാര്‍ത്ഥ ധാര്‍മ്മികതയുടെ സ്ഥാപനത്തിനായി അയാള്‍ ആത്മവിശ്വാസത്തോടെ കോലാഹലമില്ലാതെ പ്രവര്‍ത്തിക്കുന്നു.[6]
[തിരുത്തുക] രണ്ടാം ഗാനം
രണ്ടാം ഗാനം സേവകന്റെ തന്നെ വാക്കുകളാണ്. ജനിക്കുന്നതിനുമുന്‍പേ ഇസ്രായേലിനേയും മറ്റു ജനതകളേയും നയിക്കാനായി കര്‍ത്താവ് തന്നെ തെരഞ്ഞെടുത്തിരുന്നു എന്നാണ് ഇതില്‍ അയാള്‍ പറയുന്നത്. ജനത്തെ തനിക്കായി വീണ്ടെടുക്കാന്‍ കര്‍ത്താവിന്റെ നിയോഗം കിട്ടിയ പ്രവാചകനാണ് ഈ ഗാനത്തില്‍ സേവകന്‍. എന്നാല്‍ അയാളെ കാത്തിരിക്കുന്നത് തിരിച്ചടികളാണ്. രാഷ്ട്രീയമോ സൈനികമോ ആയ നടപടികളല്ല, അന്യജനതകള്‍ക്ക് മാര്‍ഗ്ഗദീപമാകുന്നതാണ് വിജയത്തിലേക്കുള്ള അയാളുടെ വഴി. സേവകന്റെ അന്തിമവിജയം കര്‍ത്താവിന്റെ കരങ്ങളിലാണ്.[7]
[തിരുത്തുക] മൂന്നാം ഗാനം
മൂന്നാം ഗാനത്തിന്റെ ഭാവം ഇരുണ്ടതെങ്കിലും അതില്‍ ആത്മവിശ്വാസം നിറഞ്ഞുനില്‍ക്കുന്നു. മര്‍ദ്ദനവും അപമാനവും സഹിക്കേണ്ടിവരുമ്പോഴും കര്‍ത്താവിന്റെ വഴിയില്‍ പിന്‍നോട്ടമില്ലാതെ, സ്ഥിരതയോടെ നില്‍ക്കുന്നവനാണ് ഇതില്‍ സേവകന്‍. പരിഭ്രാന്തര്‍ക്ക് അയാളുടെ വാക്കുകള്‍ ആശ്വാസം പകരുന്നു. അയാളുടെ നീതീകരണം ദൈവത്തിന്റെ കരങ്ങളിലാണ്.[8]
[തിരുത്തുക] നാലാം ഗാനം
നാലുഗാനങ്ങളിലെ ഏറ്റവും ദീര്‍ഘവും പ്രസിദ്ധമായതും അവസാനത്തെ ഈ ഗാനമാണ്. ഇതില്‍ കര്‍ത്താവ് സേവകന്റെ നിയോഗം വിവരിക്കുന്നു (ഏശയ്യാ 53). മറ്റുള്ളവര്‍ക്കുവേണ്ടി നിലകൊള്ളുന്ന അയാള്‍ ഏറ്റെടുത്തത് അവരുടെ ശിക്ഷകളും രോഗങ്ങളുമാണ്. അവസാനം ഉന്നതമായ സ്ഥാനം അയാള്‍ക്ക് സമ്മാനമായി കിട്ടുന്നു. ഈ ഗാനത്തിന്റെ പലഭാഗങ്ങളിലും "നാം", "നമ്മുടെ", "നമ്മെ", "നമുക്ക്" എന്നീ വാക്കുകളില്‍, തിരിച്ചറിയപ്പെട്ടിട്ടില്ലാത്തെ ഒരു കൂട്ടായ്മ പരാമര്‍ശിക്കപ്പെടുന്നുണ്ട്. ഗാനത്തിന്റെ ആദ്യഭാഗത്ത് ആ കൂട്ടായയ്മ വിലയിരുത്തപ്പെടുന്നത് പ്രതികൂലമായ രീതിയിലാണ്: "നാം" അദ്ദേഹത്തെ വിലമതിച്ചില്ല, "പലര്‍ക്കും" അദ്ദേഹം ഇടര്‍ച്ചക്ക് കാരണമായി; "നമ്മെ" ആകര്‍ഷിക്കുന്നതൊന്നും അദ്ദേഹത്തില്‍ ഇല്ലായിരുന്നു. എന്നാല്‍ സേവകന്റെ മരണത്തോടെ "നമ്മുടെ" നിലപാട് മാറുന്നു: സേവകന്‍ വഹിച്ചത് "നമ്മുടെ" അനീതികളും രോഗങ്ങളുമായിരുന്നു; അദ്ദേഹത്തിന്റെ മുറിവുകള്‍ "നമുക്ക്" സൗഖ്യം നല്‍കി. മരണാനന്തരം യഹോവ സേവകനെ നീതീകരിക്കുന്നു. മറ്റുള്ളവര്‍ക്കുവേണ്ടി സഹിക്കുന്ന സേവകനെക്കുറിച്ചുള്ള ഈ ഗാനം രക്ഷകനായ യേശുവിനെക്കുറിച്ചുള്ള പ്രവചനങ്ങളില്‍ പെടുന്നതായി ക്രിസ്ത്യാനികള്‍ കരുതുന്നു.
[തിരുത്തുക] 'ഏശയ്യാമാര്‍'
പ്രവാചകന്മാരുടെ പേരിലുള്ള പതിനഞ്ചു ബൈബിള്‍ ഗ്രന്ഥങ്ങളില്‍ മുഖ്യമായതും ആദ്യത്തേതും ഏശയ്യായുടെ പുസ്തകമാണ്. സ്വന്തം പേരില്‍ പ്രവചനഗ്രന്ഥമുള്ള പ്രവാചകന്മാരില്‍ ഏറ്റവും പ്രസിദ്ധനും ഏശയ്യാ തന്നെ. ഗ്രന്ഥനാമത്തിനു പിന്നിലുള്ള വ്യക്തിയെക്കുറിച്ച് കാര്യമായ വിവരങ്ങളൊന്നും ലഭ്യമല്ല. ബി.സി. എട്ടാം നൂറ്റാണ്ട് അവസാനം അദ്ദേഹം യെരുശലേമില്‍ ജീവിച്ചിരുന്നതായി കരുതപ്പെടുന്നു. ഏശയ്യാ, ആമോസിന്റെ പുത്രനായിരുന്നെന്ന് പുസ്തകത്തില്‍ സൂചനയുണ്ട്(അദ്ധ്യായം 1:1, 2:1). പ്രവാചകന്‍ ആമോസായിരുന്നു ഏശയ്യായുടെ പിതാവെന്ന് സഭാപിതാക്കന്മാരില്‍ പലരും ധരിക്കാന്‍ ഇത് ഇടയാക്കി. ആമോസിന്റെ പുസ്തത്തിനെഴുതിയ വ്യാഖ്യാനത്തിന്റെ ആമുഖത്തില്‍ സഭാപിതാവായ ജെറോം ഈ തെറ്റ് ചൂണ്ടിക്കാട്ടുന്നുണ്ട്.[9] രാജാക്കന്മാര്‍, പുരോഹിതമുഖ്യനായ ഊറിയാ തുടങ്ങിയവരുമായി ഇടപെടുമ്പോള്‍ കാട്ടുന്ന സ്വാതന്ത്ര്യത്തില്‍ നിന്ന്, ഉന്നതകുലജാതനായിരുന്നു അദ്ദേഹം എന്ന് അനുമാനിക്കാം. [10] പ്രവാചകന്‍ വിവാഹിതനായിരുന്നു. ഗ്രന്ഥത്തിലൊരിടത്ത് അദ്ദേഹം ഭാര്യയെ പരാമര്‍ശിക്കുന്നത് 'പ്രവാചിക' എന്നാണ്. അവര്‍ക്ക് രണ്ട് ആണ്മക്കളെങ്കിലും ഉണ്ടായിരുന്നു. മക്കളുടെ പേരുകള്‍ പോലും പ്രവാചകന്റെ ദൗത്യവുമായി ബന്ധപ്പെട്ടവയായിരുന്നു.[ഖ]
ഏശയ്യായുടെ പുസ്തകം മുഴുവനായി എട്ടാം നൂറ്റാണ്ടിലെ പ്രവാചകന്റെ രചനയാണെന്നായിരുന്നു പരമ്പരാഗതവിശ്വാസം. എന്നാല്‍ ആധുനികപണ്ഡിതന്മാര്‍ അതിനെ കാലക്രമത്തില്‍ വികസിച്ചുവന്ന ഒരു കൃതിയായി കണക്കാക്കുന്നു. രണ്ടോ മൂന്നോ പേരുടെ രചനകളുടെ മാത്രം ശേഖരം പോലുമല്ല അത്. ഒട്ടേറെ നദികളിലും ഉപനദികളില്‍ നിന്നും വെള്ളം വന്നെത്തി നിറയുന്ന ഒരു തടാകത്തിനോടുപമിക്കാവുന്ന ശേഖരങ്ങളുടെ ശേഖരമെന്ന്(Collection of collections) അത് വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്.[11]
40 മുതല്‍ 55 വരെ അദ്ധ്യായങ്ങളുടെ പശ്ചാത്തലം ബാബിലോണ്‍ ആണെന്ന് മുന്നേ അറിയാമായിരുന്നു. പ്രവാചകന്മാര്‍ ചരിത്രസംഭവങ്ങളെ നൂറ്റാണ്ടുകള്‍ക്കുമുന്‍പേ ദൈവപ്രചോദനത്തില്‍ പ്രവചിക്കുന്നവരായി കരുതപ്പെട്ടിരുന്നപ്പോള്‍, എട്ടാം നൂറ്റാണ്ടിലെ യഹൂദായില്‍ ജീവിച്ചിരുന്ന പ്രവാചകന്റെ രചനയില്‍ ആറാം നൂറ്റാണ്ടിലെ ബാബിലോണ്‍ പശ്ചാത്തലമായ സംഭവങ്ങള്‍ കാണുന്നത് സ്വാഭാവികമായി തോന്നിയിരിക്കണം. ഈ അദ്ധ്യായങ്ങളിലെ സംഭവങ്ങളെന്നപോലെ അവയുടെ രചനയും ആറാം നൂറ്റാണ്ടിലെ ബാബിലോണിലാണ് നടന്നിരിക്കുക എന്ന് ആദ്യം നിര്‍ദ്ദേശിക്കപ്പെട്ടത് പതിനെട്ടാം നൂറ്റാണ്ടിലാണ്. പ്രവാചകന്മാര്‍ക്ക് ഭവിഷ്യജ്ഞാനം നല്‍കാനുള്ള ദൈവത്തിന്റെ കഴിവിന്റെ നിഷേധമാണ് ഈ നിലാപാടെന്ന് വിമര്‍ശനമുണ്ട്. എന്നാല്‍, പ്രവാസികളുടെ പുന:സ്ഥാപനത്തെക്കുറിച്ചുള്ള അരുളപ്പടുകള്‍ പ്രസക്തമായിരുന്നത് പ്രവാസത്തിനുമുന്‍പത്തെ എട്ടാം നൂറ്റാണ്ടിലെ യൂദയായിലല്ല, ജന്മനാട്ടിലേക്ക് മടങ്ങിപ്പോകാന്‍ അവസരം പാര്‍ത്തിരുന്ന ബാബിലോണിലെ പ്രവാസികള്‍ക്കിടയിലാണ് എന്നാണ് ഈ വിമര്‍ശനത്തിന് മറുപടി.[12]
[തിരുത്തുക] ഏശയ്യായും ക്രിസ്തുമതവും
തന്റെ ദൗത്യത്തിന്റെ തുടക്കത്തില്‍ ഗലീലായില്‍ സ്വന്തം പട്ടണമായ നസറത്തിലെ സിനഗോഗില്‍ ഒരു സാബത്തുദിവസം പ്രാര്‍ത്ഥിക്കാനെത്തിയ യേശു തനിക്കുകിട്ടിയ പ്രവചനച്ചുരുളില്‍ നിന്ന് ഉത്തര-ഏശയ്യായുടെ രണ്ടാം ഖണ്ഡത്തിലെ ഒരു ഭാഗം വായിക്കുന്നതായി ലൂക്കായുടെ സുവിശേഷത്തില്‍ പറയുന്നു. "കര്‍ത്താവായ ദൈവത്തിന്റെ അരൂപി എന്നിലുണ്ട്. കാരണം പീഡിതര്‍ക്ക് സദ്വാര്‍ത്ത എത്തിക്കാന്‍ കര്‍ത്താവ് എന്നെ അഭിഷേചിച്ചിരിക്കുന്നു"( ഏശയ്യാ 61:1) എന്നിങ്ങനെയാണ് ആ ഭാഗം തുടങ്ങുന്നത്.[13] വായനയുടെ സമാപ്തിയില്‍, അതിലെ പ്രവചനം തന്റെ ദൗത്യത്തില്‍ നിറവേറി എന്ന് യേശു അവകാശപ്പെടുന്നു.
എബ്രായ ബൈബിളിലെ ഗ്രന്ഥങ്ങളില്‍ സങ്കീര്‍ത്തനങ്ങളെ ഒഴിച്ചുനിര്‍ത്തിയാല്‍, ഏറ്റവുമേറെ ഉദ്ധരണികള്‍ പുതിയനിയമത്തിലുള്ളത് ഏശയ്യായുടെ പുസ്തകത്തില്‍ നിന്നാണ്. ക്രിസ്തീയ വിശ്വാസസംഹിത അതിന്റെ ഭാഷക്കും പ്രതീകങ്ങള്‍ക്കും ഏശയ്യായോട് ഏറെ കടപ്പെട്ടിരിക്കുന്നു. ഏശയ്യായുടെ പുസ്തകത്തെ, നാലുസുവിശേഷങ്ങള്‍ക്കു പുറമേയുള്ള അഞ്ചാം സുവിശേഷം എന്നുപോലും വിശേഷിപ്പിക്കാറുണ്ട്. യേശുവിന്റെ ജീവിതത്തെ, മുന്നേ നടന്നുകഴിഞ്ഞ കാര്യം വര്‍ണ്ണിക്കുന്ന കൃത്യതയോടെ ഏശയ്യാ ചിത്രീകരിച്ചു എന്ന് സഭാപിതാവായ ജെറോം കരുതി. ക്രിസ്തീയ ആരാധനയേയും ദൈവശാസ്ത്രത്തേയും ഏശയ്യാ ഏറെ സ്വാധീനിച്ചിട്ടുണ്ട്.
കത്തോലിക്കാ സഭയുടെ രണ്ടാം വത്തിക്കാന്‍ സൂനഹദോസ് സമാധനത്തേയും സാമൂഹ്യനീതിയേയും സംബന്ധിച്ച പ്രമാണരേഖയില്‍ പൂര്‍വ ഏശയ്യായെ ഉദ്ധരിക്കുന്നു. ഇരുപതാം നൂറ്റാണ്ടിലെ വിമോചനദൈവശാസ്ത്രവും, സ്ത്രീപക്ഷവാദവും(feminism) അവയുടെ നിലപാടുകളെ പിന്തുണക്കുന്ന പാഠങ്ങള്‍ ഏശയ്യായില്‍ കണ്ടെത്തി.[3]
[തിരുത്തുക] വിലയിരുത്തല്‍
ബൈബിളില്‍ രേഖപ്പെടുത്തപ്പെട്ടിട്ടുള്ള പ്രവചനങ്ങളുടെ ഏറ്റവും ഉദാത്തമായ മാതൃകയാണ് ഏശയ്യായുടെ പുസ്തകം. ഭൂമിയെ മുഴുവന്‍ നീതിയും സമാധാനവും കൊണ്ടുപൊതിയുന്ന ദൈവത്തിന്റെ ശാസനത്തെ അത് സ്വപ്നം കാണുന്നു. എബ്രായപ്രവാചകപാരമ്പര്യം ഏശയ്യായില്‍ അതിന്റെ പരകോടിയിലെത്തുന്നു. [14]അനുഷ്ഠാനമാത്രമായ മതാത്മകതയുടെ കഠിനവിമര്‍ശനവും സാമൂഹ്യനീതിക്കുവേണ്ടിയുള്ള ശക്തമായ വാദവും ഏശയ്യായെ ശ്രദ്ധേയനാക്കുന്നു. ദരിദ്രരെ ഇടിച്ചുപിഴിഞ്ഞിട്ട് ലോകത്തിനുമുന്‍പില്‍ ഭക്തിയുടെ പൊയ്മുഖം അണിയുന്നവര്‍ക്കുനേരേയുള്ള ദൈവകോപത്തിന്റെ സംവാഹകനാണ് ഈ പ്രവാചകന്‍:[15]
| “ | കര്‍ത്താവ് ചോദിക്കുന്നു: നിങ്ങള്‍ അര്‍പ്പിക്കുന്ന അനേകം യാഗങ്ങള്‍ എനിക്കെന്തിന്? ആണാടുകളെ ഹോമിക്കുന്ന ബലികളും വളര്‍ത്തുമൃഗങ്ങളുടെ മേദസ്സും എനിക്കു വേണ്ടുവോളമായി. കാളകളുടേയും ചെമ്മരിയാടുകളുടേയും രക്തത്തില്‍ ഞാന്‍ പ്രസാദിക്കുന്നില്ല. വ്യര്‍ത്ഥമായ വഴിപാടുകള്‍ ഇനി കൊണ്ടുവരരുത്. ധൂപം എനിക്കു അറപ്പാണ്. നിങ്ങളുടെ ദുഷിച്ച സമ്മേളനങ്ങള്‍ എനിക്ക് പൊറുത്തുകൂടാ. അവ എനിക്കു ഭാരമായിരിക്കുന്നു. അവ ചുമന്നു ഞാന്‍ മടുത്തു. നിങ്ങളുടെ കൈകളില്‍ നിറയെ രക്തമാണ്. തിന്മയില്‍ നിന്ന് വിരമിക്കൂ. നന്മ ചെയ്യാന്‍ പഠിക്കൂ. നീതി അന്വേഷിക്കൂ; മര്‍ദ്ദകനെ തിരുത്തൂ; അനാഥനെ സംരക്ഷിക്കൂ; വിധവക്കുവേണ്ടി വാദിക്കൂ.[16] | ” |
സൈനികശക്തിയുടെ യുഗത്തില്‍ ഇല്ലാത്തവന്റെ സര്‍വാധിപത്യം (dictatorship of the dispossessed) എന്ന ആശയം മുന്നോട്ടുവച്ച ഏശയ്യായേയും ആമോസിനേയും പോലുള്ള പ്രവാചകന്മാരിലാണ് ക്രിസ്തുമതത്തിന്റേയും സോഷ്യലിസത്തിന്റേയും തുടക്കം എന്ന് വില്‍ ഡുറാന്റ് പറയുന്നു. [15]
ബൈബിളിലെ മിക്കവാറും പ്രവചനഗ്രന്ഥങ്ങളിലെന്നപോലെ ഇതിലും അന്യജനതകള്‍ക്കും രാഷ്ട്രങ്ങള്‍ക്കും എതിരായുള്ള വിനാശത്തിന്റെ പ്രവചനങ്ങള്‍ ഏറെയുണ്ട്. ശാപത്തിന്റെ ആ ലുത്തിനിയകള്‍(litany of curses)[15] നീതിക്കുവേണ്ടിയുള്ള ദാഹം കൊണ്ട് നിറഞ്ഞ ഈ കൃതിയില്‍ അപശൃതിയായി നില്‍ക്കുന്നു. ആധുനികകാലത്തെ ശപ്തവസ്തുവായ പ്രചാരണസാഹിത്യത്തേയാണ്(that evil stuff, the propaganda literature) പ്രവചനഗ്രന്ഥങ്ങളിലെ അത്തരം ഭാഗങ്ങള്‍ വായനക്കാരെ ഓര്‍മ്മിപ്പിക്കുന്നതെന്ന് എച്ച്.ജി.വെല്‍സ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.[14][ഗ]
[തിരുത്തുക] കുറിപ്പുകള്‍
ക.^ ഗൗതമബുദ്ധന്റേയും രണ്ടാം ഏശയ്യായുടേയും പ്രബോധനകാലം ഒന്നായിരുന്നെന്ന് എച്ച്.ജി. വെല്‍സ് എഴുതിയിട്ടുണ്ട്. "Gauthama Buddha taught his deciples at Benaras in India about the same time that Isaiah was prophesying among the Jews in Babylon and Heraclitus was carrying on his speculative inquiries into the nature of things at Ephesus." [14]
ഖ. ^ മാഹര്‍ഷലാല്‍ഹഷ്ബാസ് എന്നായിരുന്നു രണ്ടാമത്തെ പുത്രന്റെ പേര്. "കൊള്ള വേഗമാകാന്‍ അവന്‍ ഇരയെ പായിക്കുന്നു" എന്നാണ് ആ പേരിനര്‍ത്ഥം. ബൈബിളില്‍ രേഖപ്പെടുത്തിയിട്ടുള്ള പേരുകളില്‍ ഏറ്റവും വലുതാണ് ഈ പേരെന്ന് വാദമുണ്ട്.
ഗ. ^ "The intelligent reader of the prophetic books will find much hate in them, much prejudice, and much that remind him of that evil stuff, the propaganda literature of the present time."[14]
[തിരുത്തുക] ഗ്രന്ഥസൂചി
- ↑ http://www.haaretz.com/hasen/spages/982919.html
- ↑ ഓശാന മലയാളം ബൈബിള്‍
- ↑ 3.0 3.1 3.2 Book of Isaiah - Oxford Companion to the Bible
- ↑ Jews for Judaism, "Jews for Judaism FAQ," Accessed 2006-09-13. See also Ramban in his disputation.
- ↑ 5.0 5.1 "സേവകഗാനങ്ങള്‍" Cross, F. L., ed. ഓക്സ്ഫോര്‍ഡ് ക്രിസ്തുമത നിഘണ്ഡു. New York: Oxford University Press. 2005
- ↑ ഏശയ്യാ 42:1-7
- ↑ ഏശയ്യാ 49:1-6
- ↑ ഏശയ്യാ 50:4-9
- ↑ Isaias - New Advent Catholic Encyclopedia [1]
- ↑ Jewish Encyclopedia.com - ISAIAH
- ↑ The Literary Guide to the Bible-ല്‍ ഏശയ്യായെക്കുറിച്ച് Luis Alonso Schokel എഴുതിയ ലേഖനത്തിന്റെ തുടക്കം
- ↑ The Cambridge Companion to the Bible-ല്‍ ഏശയ്യാ 40-55-നെക്കുറിച്ചുള്ള ലേഖനം - പുറം 175
- ↑ ലൂക്കാ എഴുതിയ സുവിശേഷം 4:16-21
- ↑ 14.0 14.1 14.2 14.3 HG Wells, A Short History of the World
- ↑ 15.0 15.1 15.2 വില്‍ ഡുറാന്റ് - നമ്മുടെ പൗരസ്ത്യപൗതൃകം - സംസ്കാരത്തിന്റെ കഥ ഒന്നാം ഭാഗം(പുറം 318)
- ↑ ഏശയ്യാ 1:11-17