റൂത്തിന്റെ പുസ്തകം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഈജിപ്തില്‍ നിന്നുള്ള ഹെബ്രായ ജനതയുടെ തിരിച്ചുവരവ് നടന്നതായി സങ്കല്പിക്കപ്പെടുന്ന കാലത്തിനും ഇസ്രായേലിലിലെ രാജവാഴ്ചയുടെ സ്ഥാപനത്തിനും ഇടക്കുള്ള കാലം പശ്ചാത്തലമാക്കി എഴുതപ്പെട്ട ഹൃദയഹാരിയായ ഒരു കഥയാണ് റൂത്തിന്റെ പുസ്തകം. കഥയുടെ ഈ ചരിത്രപശ്ചാത്തലം കണക്കിലെടുത്ത്, പഴയനിയമത്തിന്റെ പ്രാചീന ഗ്രീക്ക് പരിഭാഷയായ സെപ്ത്വജിന്തില്‍ ഈ പുസ്തകം, ന്യായാധിപന്‍‌മാരുടെ പുസ്തകത്തിനും ഇസ്രായേലിലെ രാജഭരണസ്ഥാപനത്തിന്റെ കഥ പറയുന്ന ശമുവേലിന്റെ ഒന്നാം പുസ്തകത്തിനും ഇടക്കാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ജെറോമിന്റെ ലത്തീന്‍ പരിഭാഷയടക്കമുള്ള ക്രിസ്തീയ പരിഭാഷകള്‍ ഈ ക്രമീകരണം ഇന്നും പിന്തുടരുന്നു. എന്നാല്‍ യഹൂദരുടെ വിശുദ്ധഗ്രന്ഥസംഹിതയായ തനക്കില്‍, കെത്തുബിം എന്ന അന്തിമഭാഗത്തിന്റെ ഉപ‌വിഭാഗങ്ങളിലൊന്നില്‍, മറ്റു നാലുലഘുഗ്രന്ഥങ്ങളായ ഉത്തമഗീതം, വിലാപങ്ങള്‍, സഭാപ്രസംഗകന്‍, എസ്തേര്‍ എന്നിവയോടൊപ്പമാണ് ഇതിന് സ്ഥാനം നല്‍കിയിരിക്കുന്നത്.

"ഓര്‍പ്പാ നവോമിയെ ചുംബിച്ച് യാത്ര പറഞ്ഞു. എന്നാല്‍ റൂത്ത് അവളോട് ഒട്ടിച്ചേര്‍ന്ന് നിന്നു"(റൂത്ത് 1:14)  -  വില്യം ബ്ലേക്കിന്റെ 1795-ലെ രചന
"ഓര്‍പ്പാ നവോമിയെ ചുംബിച്ച് യാത്ര പറഞ്ഞു. എന്നാല്‍ റൂത്ത് അവളോട് ഒട്ടിച്ചേര്‍ന്ന് നിന്നു"(റൂത്ത് 1:14) - വില്യം ബ്ലേക്കിന്റെ 1795-ലെ രചന

ഉള്ളടക്കം

[തിരുത്തുക] കഥ

[തിരുത്തുക] പ്രവാസം

താരതമ്യേന അക്രമാസക്തമായ ഒരു കാലഘട്ടമാണ് ഈ കഥയുടെ പശ്ചാത്തലം. രാജ്യത്ത് രാജാവോ വ്യവസ്ഥാപിതമായ മറ്റേതെങ്കിലും ഭരണസം‌വിധാനമോ ഉണ്ടായിരുന്നില്ല. ന്യായാധിപന്മാരെന്നറിയപ്പെടുന്ന ജനനേതാക്കാള്‍ ചില ഇടവേളകളില്‍ ജനങ്ങളെ ഒന്നിച്ചുനിര്‍ത്തിയെങ്കിലും, പൊതുവേ പറഞ്ഞാല്‍ സമൂഹം പേശീബലത്തിന്റെ യുക്തിയിലാണ് പ്രവര്‍ത്തിച്ചിരുന്നത്.[1] അക്കാലത്ത് ഇസ്രായേലില്‍ ഒരു കൊടിയ ക്ഷാമമുണ്ടായപ്പോള്‍ ബേത്‌ലഹേംകാരന്‍ എലീമെലെക്ക് എന്നൊരാള്‍ ഭാര്യ നവോമിയും രണ്ടാണ്‍‌മക്കളുമായി അയല്‍ നാടായ മൊവാബില്‍ കുടിയേറി. അവിടെ എലീമെലെക്ക് മരിച്ചു. പിന്നീട് അവരുടെ രണ്ടു മക്കളും‍ മൊവാബുകാരി പെണ്‍കുട്ടികളെ വിവാഹം ചെയ്തു. എന്നാല്‍ താമസിയാതെ ആ ചെറുപ്പക്കാര്‍ രണ്ടുപേരും മരിച്ചതോടെ നവോമിയും പുത്രഭാര്യമാരായ ഒര്‍പ്പാ റൂത്ത് എന്നിവരും മാത്രമായി.

[തിരുത്തുക] മടക്കം

ദൈവം ഇസ്രായേലിനെ ദുര്‍ദ്ദിനങ്ങള്‍ മാറ്റി അനുഗ്രഹിച്ചിരിക്കുന്നുവെന്നറിഞ്ഞ നവോമി നാട്ടിലേക്ക് മടങ്ങാന്‍ തീരുമാനിച്ചു. അവള്‍ മരുമക്കളോട് ഇങ്ങനെ പറഞ്ഞു: "നിങ്ങള്‍ ഇരുവരും മാതൃഭവനത്തിലേക്ക് മടങ്ങിപ്പോകുക. മരണമടഞ്ഞവരോടും എന്നോടും നിങ്ങള്‍ പെരുമാറിയതുപോലെ, നിങ്ങളോടു കര്‍ത്താവ് കരുണാപൂര്‍‌വം പെരുമാറട്ടെ. നിങ്ങള്‍ ഭത്തൃഗൃഹങ്ങളിലെത്തി സ്വസ്ഥത കണ്ടെത്താന്‍ കര്‍ത്താവ് ഇടവരുത്തട്ടെ". അവര്‍ അവളെ വിട്ടുപോകാന്‍ വിസമ്മതിച്ചപ്പോള്‍ നവോമി പറഞ്ഞു: "എന്റെ പുത്രിമാരേ, തിരിച്ചുപൊയ്ക്കൊള്ളുക. നിങ്ങള്‍ എന്തിന് എന്നോടൊത്തു വരുന്നു? നിങ്ങള്‍ക്ക് ഭര്‍ത്താക്കന്മാരായിത്തീരാന്‍ പുത്രന്മാര്‍ ഇനിയും എന്റെ ഉദരത്തിലുണ്ടോ? വേണ്ട, നിങ്ങളുടെ വഴിക്കു പൊയ്ക്കൊള്ളുക. കര്‍ത്താവിന്റെ കരം എനിക്കെതിരെ വന്നിരിക്കുന്നതുകൊണ്ടു ഞാന്‍ നിങ്ങളെക്കുറിച്ചു കഠിനമായി വ്യസനിക്കുന്നു." ഇതുകേട്ട് ഒര്‍പ്പാ നവോമിമിയെ ചുംബിച്ച് യാത്ര പറഞ്ഞെങ്കിലും റൂത്ത് അവളോട് ഒട്ടിച്ചേര്‍ന്നു നിന്ന് പറഞ്ഞു.

അമ്മയെ വേര്‍പിരിയാനോ അമ്മയെ അനുഗമിക്കുന്നതില്‍ നിന്നു പിന്തിരിയാനോ എന്നെ നിര്‍ബന്ധിക്കരുത്. അമ്മ പോകുന്നിടത്ത് ഞാനും വരും. അമ്മ വസിക്കുന്നിടത്ത് ഞാനും വസിക്കും. അമ്മയുടെ ജനം എന്റെ ജനം; അമ്മയുടെ ദൈവം എന്റെ ദൈവം. അമ്മ മരിക്കുന്നിടത്ത് ഞാനും മരിച്ച് സംസ്കരിക്കപ്പെടും. മരണത്താലല്ലാതെ ഞാന്‍ അമ്മയില്‍ നിന്ന് വേര്‍പിരിഞ്ഞാല്‍‍ കര്‍ത്താവ് ഇതും ഇതിലധികവും എന്നോടു ചെയ്യട്ടെ.[2]

റൂത്ത് ബോവസിന്റെ വയലില്‍, ജൂലിയസ് ഷ്നോര്‍ വോണ്‍ കരോള്‍സ്ഫീല്‍ഡിന്റെ 1828-ലെ രചന
റൂത്ത് ബോവസിന്റെ വയലില്‍, ജൂലിയസ് ഷ്നോര്‍ വോണ്‍ കരോള്‍സ്ഫീല്‍ഡിന്റെ 1828-ലെ രചന

[തിരുത്തുക] റുത്തും ബോവസും

യാത്ര ചെയ്ത് നവോമിയും റൂത്തും യവം കൊയ്യുന്ന കാലത്ത് ‍ബേത്‌ലഹേമില്‍ എത്തി. നയോമിയുടെ ഭര്‍ത്താവിന്റെ ബന്ധുവായി ബോവസ് എന്നൊരു കൃഷിക്കാരനുണ്ടായിരുന്നു. റൂത്ത് നയോമിയോടു പറഞ്ഞു. "ഞാന്‍ വയലിലെക്ക് പോകട്ടെ, എന്നില്‍ ദയാദൃഷ്ടിയുള്ളവന്റെ അടുക്കല്‍ കാലാ പെറുക്കട്ടെ."[1] അനുമതി കിട്ടിയ അവള്‍ എന്നും അയാളുടെ വയലില്‍ കാലാ പെറുക്കാന്‍ പോയി. ബോവസ് അവളോട് കരുണാപൂര്‍‌വം പെരുമാറി. "ഞാന്‍ ഒരു പരദേശിയായിരിക്കെ, കാഴ്ചയില്‍ തന്നെ എന്നോട് അങ്ങേക്ക് മതിപ്പുതോന്നാനും, എന്നെ ശ്രദ്ധിക്കാനും കാരണമെന്ത്" എന്ന് അവള്‍ അന്വേഷിച്ചപ്പോള്‍ "നീ നിന്റെ ശ്വശ്രുവിനുവേണ്ടി ചെയ്ത എല്ലാക്കാര്യങ്ങളും ഞാന്‍ വിശദമായി കേട്ടിരിക്കുന്നു" എന്നാണ് ബോവസ് മറുപടി പറഞ്ഞത്. ഇതൊക്കെയറിഞ്ഞ നവോമിയുടെ സാഹസബുദ്ധി, കഥയ്ക്ക് അമ്പരപ്പുണ്ടാക്കുന്ന ഒരു തിരിവു കൊടുത്തു.

ഒരു ദിവസം ശ്വശ്രുവായ നവോമി റൂത്തിനോടു പറഞ്ഞു: എന്റെ മകളേ, നിന്റെ നന്മക്കായി നിനക്കൊരു ഭവനം ഞാന്‍ അന്വേഷിക്കണ്ടതില്ലേ? നോക്കൂ, ഇന്നു രാത്രി ബോവസ് മെതിക്കളത്തില്‍ യവത്തിന്റെ പതിരു പാറ്റുന്നുണ്ട്. നീ കുളിച്ചു സുഗന്ധം പൂശി നല്ല വസ്ത്രങ്ങള്‍ ധരിച്ച് മെതിക്കളത്തിലെക്കു ചെല്ലുക. നീ അവിടെ ഉണ്ടെന്ന് അയാള്‍ അറിയരുത്. അയാള്‍ കിടന്നു കഴിയുമ്പോള്‍ ചെന്ന് കാലിലെ പുതപ്പു പൊക്കി അവിടെ കിടക്കുക. നീ എന്തു ചെയ്യണമെന്ന് അയാള്‍ പറഞ്ഞുതരും.
പാതിരാക്ക് ബോവസ് ഞെട്ടിത്തിരിഞ്ഞു ചോദിച്ചു: 'നീ അരാണ്?' അവള്‍ മറുപടി പറഞ്ഞു: "അങ്ങയുടെ ദാസിയായ റൂത്ത് ആണു ഞാന്‍. അങ്ങ് ഏറ്റവും അടുത്ത ചാര്‍ച്ചക്കാരനാണല്ലോ. അതുകൊണ്ട് അങ്ങയുടെ ഉടുമുണ്ട് ഈ ദാസിയുടെമേല്‍ വിരിക്കുക." ബോവസ് മറുപടി പറഞ്ഞു: "എന്നേക്കാള്‍ അടുപ്പമുള്ള മറ്റൊരു ചാര്‍ച്ചക്കാരനുണ്ട്. ഈ രാത്രി കഴിയട്ടെ. ഉറ്റ ചാര്‍ച്ചക്കാരനു നിന്നോടുള്ള കടമ [2]നിറവേറ്റാന്‍ അയാള്‍ ഒരുക്കമല്ലെങ്കില്‍, നിന്നോടുള്ള കടമ ഞാന്‍ നിറവേറ്റും".[3]

[തിരുത്തുക] കഥാന്ത്യം

പിറ്റേന്ന് പ്രഭാതത്തില്‍ നഗരകവാടത്തില്‍ വിളിച്ചുകൂട്ടപ്പെട്ട അടുത്ത ചാര്‍ച്ചക്കാരന്റേയും സമൂഹനേതാക്കളുടേയും സമ്മതം വാങ്ങി ബോവസ് റുത്തിനെ ഭാര്യയായി സ്വീകരിച്ചു. അവരുടെ പുത്രന്‍ ഒബേദ് ഇസ്രായേലിന്റെ രാജാക്കാന്മാരില്‍ ഏറ്റവും പ്രസിദ്ധനായ ദാവീദിന്റെ പിതാമഹനായിത്തീര്‍‍ന്നു. ദാവീദിന്റെ വംശാവലിയോടെയാണ് റുത്തിന്റെ പുസ്തകം സമാപിക്കുന്നത്. നസ്രായനായ യേശു ദാവീദ് വംശജനായിരുന്നു എന്നാണ് പുതിയ നിയമം പറയുന്നത്. മത്തായിയുടെ സുവിശേഷത്തിലുള്ള യേശുവിന്റെ വംശാവലിയില്‍ റുത്ത് പരാമര്ശിക്കപ്പെടുന്നുണ്ട്[4].

[തിരുത്തുക] വിലയിരുത്തല്‍, ആസ്വാദനം

നാല് അദ്ധ്യായങ്ങള്‍ മാത്രമുള്ള റൂത്തിന്റെ പുസ്തകത്തിന് ആധുനിക കാലത്തെ ഒരു ചെറുകഥയുടെ വലിപ്പമാണ്. ചെറുകഥയെന്ന് അതിനെ വിശേഷിപ്പിക്കാറുമുണ്ട്. ആ കഥയുടെ സൗന്ദര്യം ഏറെ പുകഴ്ത്തപ്പെട്ടിട്ടുണ്ട്. അതിന്റെ ഏതാണട് മൂന്നില്‍ രണ്ടോളം ഭാഗം സംഭാഷണമാണ്. "ഹെബ്രായ ബൈബിളിലെ ഏറ്റവും സുന്ദരമായ ലഘുശില്പം" എന്നാണ് ജര്‍മ്മന്‍ കവി ഗെയ്ഥേ അതിനെ വിശേഷിപ്പിച്ചത്. [3]ദാന്റേയും ബന്യനും [4]ഒക്കെ റൂത്തിന്റെ പ്രഭാവത്തില്‍ വന്നിട്ടുണ്ട്.


യഹൂദേതരരെ വളരെ സഹതാപപൂര്‍‌വം വീക്ഷിക്കുന്ന ഹെബ്രായ ബൈബിളിലെ രണ്ടു ഗ്രന്ഥങ്ങള്‍ പ്രവാചകനായ യോനായുടെ പുസ്തകവും റൂത്തിന്റെ പുസ്തകവുമാണ്. [5]ജാതി-ദേശങ്ങളെ അടിസ്ഥാനമാക്കിയുള്ള സങ്കുചിത വീക്ഷണം തീരെയില്ലെന്നതാണ് റൂത്തിന്റെ കഥയുടെ ഒരു പ്രത്യേകത. യഹൂദരുടെ ശത്രുക്കളും അവര്‍ വെറുപ്പോടെ നോക്കിയിരുന്നവരുമായ ഒരു ജനത ആയിരുന്നു മൊവാബുകാര്‍. മൊവാബിയരുടെ ഉത്ഭവം തന്നെ അഗമ്യഗമനത്തില്‍ (incest) അണെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്ന ഒരു കഥ പോലും ബൈബിളിലെ ഉല്പത്തി പുസ്തകത്തില്‍ കടന്നുകൂടിയിട്ടുണ്ട്. [5] എന്നിട്ടും, ആ ജനതക്കിടയില്‍‍ നിന്നൊരുവളെ വിശ്വസ്ഥയും സുകൃതിനിയും ഇസ്രായേലിലെ ഏറ്റവും മഹാനായ രാജാവിന്റെ പൂര്‍‌വികയും ആയി ചിത്രീകരിക്കുന്ന കഥ എങ്ങനെ എഴുതപ്പെട്ടുവെന്ന ചോദ്യം പ്രസക്തമാണ്. പേര്‍ഷ്യന്‍ ഭരണകാലത്ത് പ്രവാസം അവസാനിപ്പിച്ച് ജറുസലേമില്‍ മടങ്ങിയെത്തിയ നവീകരണവാദികളായ ജനനേതാക്കള്‍ എസ്രായും നെഹമിയയും, ഇസ്രായേല്‍ക്കാര്‍ മറ്റു ജാതികളില്‍ നിന്ന് വിവാഹം കഴിക്കുന്നതിനെ എതിര്‍ക്കുകയും അങ്ങനെ വിവാഹം കഴിച്ച ഭാര്യമാരെ പരിത്യജിക്കാന്‍ ഭര്‍ത്താക്കന്മാരെ നിര്‍ബ്ബന്ധിക്കുകയും ചെയ്തു. ആധുനികകാലത്തെ മൗലികവാദികളുടേതിന് സമാനമായ ഒരു നവീകരണസംരംഭമായിരുന്നു അവരുടേത്. സങ്കുചിതമായ ഈ നിലപാടിനെ വിമര്‍ശിച്ച് എഴുതപ്പെട്ടതാണ് റൂത്തിന്റെ പുസ്തകം എന്ന് വാദിക്കുന്നവരുണ്ട്.[6] എന്നാല്‍ സങ്കുചിത നിലപാടിനെ വിമര്‍ശിച്ചെഴുതിയ ഒരു കല്പിത കഥയിലെ കഥാപാത്രങ്ങളല്ല ജീവിച്ചിരുന്ന മനുഷ്യരാണ് റൂത്തും നവോമിയും ബോവസുമൊക്കെയെന്നും വാദമുണ്ട്. ഒന്നാം നൂറ്റാണ്ടില്‍ യഹൂദജനതയുടെ ചരിത്രം എഴുതിയ ഫ്ലാവിയസ് ജോസഫ് തന്റെ കൃതിയില്‍, റൂത്തിന്റെ പുസ്തകത്തിലെ വിവരങ്ങള്‍, ഹെബ്രായ ബൈബിളിലെ മറ്റു ചരിത്രഗ്രന്ഥങ്ങളില്‍ നിന്നെടുത്ത വിവരങ്ങള്‍ പോലെ തന്നെ ഉപയോഗിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്.[7]


ഈ കൃതിയിലെ മുഖ്യകഥാപാത്രങ്ങള്‍ രണ്ടും സ്ത്രീകളാണെന്നതും പ്രത്യേകം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ആ വസ്തുത കണക്കിലെടുത്ത് ഇതിനെ സ്ത്രീപക്ഷവായനക്ക്(Feminist reading) വിധേയമാക്കാനുള്ള ശ്രമങ്ങളും നടന്നിട്ടുണ്ട്. പുരുഷമേധാവിത്വസമൂഹം അടിച്ചേല്പ്പിച്ച പരാധീനതകള്‍ ഉണ്ടായിരുന്നിട്ടും നവോമിയും റൂത്തും ഈ കഥയില്‍ പ്രകടിപ്പിക്കുന്ന വിശ്വസ്ഥതയും ലക്‌ഷ്യബോധവും ആണ് ഇത്തരം വായനയില്‍ പ്രത്യേകം ശ്രദ്ധിക്കപ്പെടുന്നത്.[8] റുത്തിന്റെ കഥ 'സൃഷ്ടിച്ചത്' ഒരു വനിത ആയിരിക്കാനുള്ള സാധ്യതയും തള്ളിക്കളയുക വയ്യ.[6]

[തിരുത്തുക] കുറിപ്പുകള്‍

1. കൊയ്ത്തിനിടയില്‍ താഴെ വീണുപോകുന്ന ധാന്യക്കതിരുകള്‍, കൊയ്ത്തുകാര്‍ക്ക് പിറകേ നടന്ന് പെറുക്കുന്നതിനാണ് കാലാ പെറുക്കുക എന്നു പറയുന്നത്. ഇംഗ്ലീഷില്‍ ഇതിന് gleaning എന്നാണ് പറയുക.

2. സന്താനങ്ങള്‍ ജനിക്കുന്നതിന് മുന്‍പ് ഭര്‍ത്താവു മരിക്കുന്ന സ്ത്രീയെ ഭര്‍ത്താവിന്റെ സഹോദരന്മാരില്‍ ഒരുവന്‍ ഭാര്യയായി സ്വീകരിക്കണമെന്ന മോശെയുടെ നിയമത്തിലെ [9]അനുശാസനമാണ് ഇവിടെ ചാര്‍ച്ചക്കാരന്റെ കടമയായി പരാമര്‍ശിക്കപ്പെടുന്നത്.

3. "The Most beautiful little whole of the Hebrew Bible"

4. സ്വര്‍ഗ്ഗത്തിലെ അനുഗൃഹീതാത്മാത്ക്കള്‍‍ക്കിടയില്‍ റൂത്തിനെ കണ്ടതായി ദാന്റേ ഡിവൈന്‍ കോമഡിയില്‍ പറയുന്നുണ്ട്. "Gleaner-maid, meek ancestress of him, who sang the songs Of sore repentance in his sorrowful mood" എന്നാണ് ദാന്റേ റൂത്തിനെ വിശേഷിപ്പിച്ചിരിക്കുന്നത്. [10]. ബന്യന്റെ പില്‍ഗ്രിംസ് പ്രോഗ്രസിലെ 'ദയ' (Mercy) എന്ന കഥാപാത്രത്തിന്റെ മാതൃക റൂത്താണ്. [11]

5. പൂര്‍‌വപിതാവായ അബ്രാഹമിന്റെ അനന്തിരവനായ ലോത്തിന് സ്വന്തം മകളില്‍ ജനിച്ച മകനായിരുന്നുപോലും മൊവാബുകാരുടെ പൂര്‍‌വികന്‍.[12]

6. The audience was probably village people and the story teller a professional bard, quite possibly a wise woman."[13]

[തിരുത്തുക] ഗ്രന്ഥസൂചി

  1. ന്യായാധിപന്മാരുടെ പുസ്തകം 19, 20, 21 അദ്ധ്യായങ്ങള്‍
  2. റൂത്ത് അദ്ധ്യായം 1 - ഓശാന മലയാളം ബൈബിള്‍
  3. റൂത്ത് അദ്ധ്യായം 3 - ഓശാന മലയാളം ബൈബിള്‍
  4. മത്തായിയുടെ സുവിശേഷം 1:5
  5. The World of Israel's Sages and Poets - Cambridge Companion to the Bible
  6. Oxford Companion to the Bible
  7. കത്തോലിക്കാ വിജ്ഞാനകോശം
  8. The World of Israel's Sages and Poets - Cambridge Companion to the Bible
  9. നിയമാവര്‍ത്തനം 25:5-10
  10. ഡിവൈന്‍ കോമഡി - പറുദീസ, Canto XXXII
  11. പില്‍ഗ്രിംസ് പ്രോഗ്രസ് രണ്ടാം ഭാഗം
  12. ഉല്പത്തി 19:30-38
  13. Oxford Companion to the Bible
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം