ഇയ്യോബിന്റെ പുസ്തകം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

(ജോബിന്റെ പുസ്തകം എന്ന താളില്‍ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പഴയനിയമം എന്നു കൂടി അറിയപ്പെടുന്ന ഹെബ്രായ ബൈബിളിലെ ഖണ്ഡങ്ങളില്‍ ആശയഗാംഭീര്യത്തിലും സാഹിത്യമേന്മയിലും ഏറെ മുന്നിട്ടു നില്‍ക്കുന്ന ഒന്നാണ് ഇയ്യോബിന്‍റെ പുസ്തകം . നീതിമാന്മാര്‍ക്കുപോലും ജീവിതം മിക്കവാറും ക്ലേശകരമായിരിക്കുന്നുവെന്നത്, ദൈവത്തിന്റെ നീതിയുമായി പൊരുത്തപ്പെട്ടു പോകുന്നതാണോ എന്ന അന്വേഷണമാണ് ഈ കൃതി. നാല്പത്തിരണ്ട് അദ്ധ്യായങ്ങളിലായി പരന്നുകിടക്കുന്ന ഇത് ബൈബിളിലെ ഏറെ ദൈര്‍ഘ്യമുള്ള ഗ്രന്ഥങ്ങളില്‍ ഒന്നാണ്. ഇതിന്റെ കാമ്പായ ഭാഗം(3.1-42.6) പദ്യരൂപത്തിലുള്ള സംഭാഷണമാണ്. ആ ഭാഗത്തിന് മുന്‍പും(1.1-2.13)പിന്‍പും (42.7-17) അതിനെ പൊതിഞ്ഞു നില്‍ക്കുന്ന ഗദ്യത്തിലുള്ള കഥാഖ്യാനമാണ്.

ഉള്ളടക്കം

[തിരുത്തുക] ഉള്ളടക്കം

[തിരുത്തുക] ആമുഖം

[തിരുത്തുക] ദൈവവും സാത്താനും

ഊസ് ദേശത്തെ [1]ഇയ്യോബ് എന്ന് എന്നു പേരായ മനുഷ്യന്‍ കുറ്റമറ്റവനും പരമാര്‍ഥിയുമായിരുന്നു. ദൈവത്തിന്റെ വിശ്വസ്ഥനായിരുന്ന അദ്ദേഹം സമ്പത്തും സന്താനസമൃദ്ധിയും ഉള്ളവനായിരുന്നു. അങ്ങനെയിരിക്കെ, ദൈവപുത്രര്‍ കര്‍ത്താവിന്റെ സന്നിധിയില്‍ ഹാജരാകുന്ന ദിവസം അവര്‍ക്കൊപ്പം സാത്താനും വന്നെത്തി. ജോബിന്റെ കഷ്ടപ്പാടുകള്‍ തുടങ്ങിയത്, ദൈവവും സാത്താനും തമ്മില്‍ നടന്ന ഒരു കുശലം പറച്ചിലില്‍ ആണ്.

കര്‍ത്താവു സാത്താനോടു ചോദിച്ചു: 'നീ എവിടെനിന്നാണു വരുന്നത്?' സാത്താന്‍ കര്‍ത്താവിനോടു മറുപടി പറഞ്ഞു: 'ഭൂമിയില്‍ ചുറ്റിയടിച്ചു കയറിയിറങ്ങി നടക്കുന്നതിന്നിടയില്‍ നിന്ന്.' കര്‍ത്താവ് സാത്താനോടു ചോദിച്ചു: 'എന്റെ ദാസനായ ഇയ്യോബിനെ നീ ഗൗനിച്ചവോ? ഭൂമിയില്‍ അയാളെപ്പോലെ മറ്റൊരുവനില്ല. കുറ്റമറ്റവനും പരമാര്‍ഥിയുമായ മനുഷ്യന്‍; ദൈവത്തെ ഭയപ്പെടുന്നവന്‍, തിന്മയെ വര്‍ജിക്കുന്നവന്‍.' സാത്താന്‍ കര്‍ത്താവിനോടു പറഞ്ഞു: 'വെറുതെയാണോ ഇയ്യോബ് ദൈവഭയമുള്ളവനായിരിക്കുന്നത്? അയാള്‍ക്കു ചുറ്റും നീ വേലി കെട്ടിയിരിക്കുകയല്ലേ. അയാളുടെ പ്രയത്നങ്ങളെയെല്ലാം നീ അനുഗ്രഹിച്ചിരിക്കുന്നു. ഇപ്പോള്‍ കൈ നീട്ടി അയാളുടെ വസ്തുവകകളെ സ്പര്ശിക്കൂ. അപ്പോള്‍ നേര്‍ക്കുനേര്‍ നിന്ന് അയാള്‍ നിന്നെ ശപിക്കും.' കര്‍ത്താവ് സാത്താനോട് അരുള്‍ ചെയ്തു: നോക്കൂ, അയാള്‍ക്കുള്ളതെല്ലാം നിനക്കു വിധേയാമാണ്. അയാളുടെമേല്‍ മാത്രം നീ കൈവയക്കരുത്.' അപ്പോള്‍ സാത്താന്‍ കര്‍ത്താവിന്റെ സന്നിധിയില്‍ നിന്നു പുറപ്പെട്ടു.[1]

[തിരുത്തുക] ദുരിതങ്ങളുടെ തുടക്കം

അനുമതി കിട്ടിയ സാത്താന്‍ കര്‍ത്താവിന്റെ അടുത്തു നിന്ന് പുറപ്പെട്ടുപൊയതിനെ തുടര്‍ന്ന് ഒന്നിനു പിറകേ ഒന്നായി അനര്‍ഥങ്ങള്‍ ഇയ്യോബിനെ തേടി വന്നു. അയാളുടെ ആട്ടിന്‍ പറ്റവും അവയെ നോക്കിയിരുന്നവരും ഇടിമിന്നലേറ്റു നശിച്ചു. മാടുകളെ സെബെയക്കാരും ഒട്ടകങ്ങളെ കല്‍ദായക്കാരും തട്ടിക്കൊണ്ടുപോയി. മരുക്കൊടുങ്കാറ്റില്‍ അയാളുടെ പുത്രീപുത്രന്മാരെല്ലാം മരിച്ചു. ഇതൊക്കെയറിഞ്ഞ ഇയ്യോബ് പറഞ്ഞത് "അമ്മയുടെ ഉദരത്തില്‍ നിന്ന് ഞാന്‍ നഗ്നനായി വന്നു; നഗ്നനായി മടങ്ങും; ദൈവം തന്നു; ദൈവം എടുത്തു; ദൈവത്തിന്റെ നാം വാഴ്ത്തപ്പെടട്ടെ" എന്നാണ്.

[തിരുത്തുക] ദുസ്സഹ പീഡ

ഇയ്യോബിനെ സാത്താന്‍ വ്രണങ്ങള്‍ കൊണ്ടു പീഡിപ്പിക്കുന്നത് വില്യം ബ്ലെക്കിന്റെ ഭാവനയില്‍.
ഇയ്യോബിനെ സാത്താന്‍ വ്രണങ്ങള്‍ കൊണ്ടു പീഡിപ്പിക്കുന്നത് വില്യം ബ്ലെക്കിന്റെ ഭാവനയില്‍.

സ്വര്‍ഗത്തിലെ അടുത്ത കൂടിക്കാഴ്ചയില്‍, ദുഷ്പ്രേരണക്കു വഴങ്ങി താന്‍ ഇയ്യോബിന് കഷ്ടപ്പാടുകള്‍ അനുവദിച്ചിട്ടും അയാള്‍ വിശ്വസ്ഥതയില്‍ തുടരുന്ന കാര്യം ദൈവം സാത്താന്റെ ശ്രദ്ധയില്‍ പെടുത്തി. ഇയ്യോബിന്റെ ശരീരത്തെ സ്പര്‍ശിച്ചാല്‍ അയാള്‍ ദൈവത്തെ ശപിക്കും എന്നായിരുന്നു ഇതിന് സാത്തന്റെ സമാധാനം. അതുകേട്ട്, അയാളുടെ ശരീരത്തോട്, ജീവഹാനി വരുത്തുന്നതൊഴിച്ച് എന്തും ചെയ്യാന്‍ ദൈവം സാത്താനെ അനുവദിച്ചു. തുടര്‍ന്ന് ഉള്ളംകാല്‍ മുതല്‍ നെറുക വരെ വല്ലാത്ത വ്രണങ്ങള്‍ കൊണ്ട് ഇയ്യോബിനെ സാത്താന്‍ പീഡിപ്പിച്ചു. മാന്താന്‍ ഒരു ഓട്ടുകഴണവുമായി അയാള്‍ ചാരത്തില്‍ ഇരുന്നു.


ഇനി വിശ്വസ്ഥതയില്‍ തുടരുന്നതില്‍ അര്‍ത്ഥമിലെന്നും ദൈവത്തെ ശപിച്ചിട്ട് മരിക്കുകയാണ് വേണ്ടതെന്നും ഭാര്യ പറഞ്ഞതിനെ അയാള്‍ എതിര്‍ത്തു. ഇയ്യോബിന്റെ അന്യദേശക്കാരായ മൂന്നു സുഹൃത്തുക്കള്‍, എലീഫാസ്, ബില്‍ദാദ്, സോഫര്‍ എന്നിവര്‍, അയാളുടെ അവസ്ഥയറിഞ്ഞ് ആശ്വസിപ്പിക്കാനെത്തി. അവര്‍ക്ക് തിരിച്ചറിയാന്‍ പോലും പറ്റാത്ത സ്ഥിതിയിലായിരുന്നു ഇയ്യോബ്. ഉറക്കെ കരഞ്ഞിട്ട് ഒന്നും പറയാതെ ഏഴുദിവസം അവര്‍ അയാള്‍ക്കൊപ്പം തറയില്‍ ഇരുന്നു.


[തിരുത്തുക] തര്‍ക്കം

[തിരുത്തുക] മൂവരുടെ 'സമാശ്വാസം'

ഈ മൗനം അവസാനിപ്പിച്ച് ഇയ്യോബ് വായ് തുറക്കുന്നതോടെയാണ് ഇയ്യോബിന്റെ പുസ്തകത്തിന്റെ കാമ്പായ, പദ്യഭാഗം ആരംഭിക്കുന്നത്. ആവിടം മുതല്‍ വായനക്കാര്‍ കാണുന്നത് വ്യത്യസ്ഥനായ ഒരു ഇയ്യോബിനെയാണ്. അയാള്‍ തുടങ്ങിയത് താന്‍ പിറന്ന ദിനത്തെയും ഒരാണ്‍കുഞ്ഞായി താന്‍ രൂപം കൊണ്ട രാത്രിയെയും ശപിച്ചുകൊണ്ടാണ്. അകാലത്തില്‍ പിറന്ന് ചാപിള്ളയാകാതെ ദുരിതമനുഭവിക്കാന്‍ വെളിച്ചവും ആത്മവ്യഥയനുഭവിക്കാന്‍ പ്രാണനും തനിക്ക് കിട്ടിയതെന്തിനെന്ന് അയാള്‍ വിലപിച്ചു.

[തിരുത്തുക] ഒന്നാമൂഴം

ഇയ്യോബിന്റെ അമര്‍ഷത്തിന്റെ ധാരമുറിയാത്ത ഈ കുത്തൊഴുക്ക്, അയാളുടെ സുഹൃത്തുക്കളെ പ്രതികരിക്കാന്‍ നിര്‍ബ്ബന്ധിതരാക്കി. അവര്‍ മൂവരും അയാളെ മാറിമാറി ഗുണദോഷിച്ചു. ദൈവത്തിന്റെ മുന്‍പില്‍ നീതിമാനായി ആരുമില്ലെന്നിരിക്കെ, സര്‍വശക്തന്റെ ശിക്ഷണത്തെ പുഛിക്കരുതെന്നും മുറിവേല്പ്പിക്കുന്ന അവന്‍ തന്നെ പിന്നീട് വച്ചുകെട്ടുമെന്നുമൊക്കെയാണ് എലീഫാസ് പറഞ്ഞത്. എന്നാല്‍ താന്‍ എന്തു തെറ്റുചെയ്തു എന്ന് മനസ്സിലാക്കിത്തരാനാണ് ഇയ്യോബ് ആവശ്യപ്പെട്ടത്. ദുസ്വപ്നങ്ങളയച്ച് ദൈവം വിരട്ടുക മൂലം ഉറക്കത്തില്‍ പോലും തനിക്ക് ആശ്വാസമില്ലെന്നും ഉമിനീരിറക്കാന്‍പോലും ദൈവം തന്നെ അനുവദിക്കുന്നില്ലെന്നും അയാള്‍ പരാതിപ്പെട്ടു. ഇതിന് മറുപടിയായി ബില്‍ദാദ് പറഞ്ഞത് ഇയ്യോബിന്റെ മക്കള്‍ പാപം ചെയ്തതുകൊണ്ടായിരിക്കാം ദൈവം അവര്‍ക്ക് ആപത്ത് വരുത്തിയതെന്നും ദൈവത്തെ തേടുകയും ദൈവത്തോട് യാചിക്കുകയും ചെയ്താല്‍ അവന്‍ ഇനിയും അയാളുടെ വായില്‍ ചിരിയും, അധരങ്ങളില്‍ ആര്‍പ്പുവിളിയും നിറയ്ക്കും എന്നുമാണ്. ഇയ്യോബ് ഇതിനോട് പ്രതികരിച്ചത്, കുറ്റമറ്റവനേയും ദുഷ്ടനേയും ഒരുപോലെ നശിപ്പിക്കുകയും നിര്‍ദ്ദോഷിയുടെ നിരാശകാണുമ്പോള്‍ പുഛിക്കുകയും ചെയ്യുന്ന ദൈവത്തെ ചിത്രീകരിച്ചാണ്. വാചാലത ആരേയും നിര്‍ദ്ദോഷീകരിക്കുകയില്ല എന്നാണ് ഇതിന് സോഫര്‍ പറഞ്ഞത സമാധാനം. ഇയ്യോബിന്റെ കുറ്റം അര്‍ഹിക്കുന്നതില്‍ കുറഞ്ഞ ശിക്ഷയാണ് അയാള്‍ക്ക് കിട്ടിയതെന്നും ഈ സുഹൃത്ത് അഭിപ്രായപ്പെട്ടു. ഈ മറുപടിയില്‍, അല്ലലില്ലാത്തര്‍ക്ക് നിര്‍ഭാഗ്യവാന്മാരെക്കുറിച്ചുള്ള പുഛം കണ്ട ഇയ്യോബ് "നിങ്ങളാണ് ജനം, നിങ്ങള്‍ മരിച്ചാല്‍ ജ്ഞാനവും മരിക്കും" എന്ന് സുഹൃത്തുക്കളെ പരിഹസിച്ചു. ദൈവം തന്നെ കൊല്ലുമെന്നും, തനിക്കൊരു പ്രത്യാശയുമില്ലെന്നും വിശ്വസിച്ചപ്പോഴും, വ്യാജങ്ങള്‍കൊണ്ട് വെള്ളയടിക്കുന്നവരും കൊള്ളരുതാത്ത വൈദ്യന്മാരുമായ സുഹൃത്തുക്കളുടെ സാന്ത്വനം ശ്രവിക്കുന്നതിനേക്കാള്‍ ദൈവത്തിന് നേര്‍ക്കുനേര്‍ നിന്ന് തന്റെ നിരപരാധിത്വം വാദിക്കാനാണ് അയാള്‍ ആഗ്രഹിച്ചത്.

[തിരുത്തുക] രണ്ടാമൂഴം

മൂന്നു സുഹൃത്തുക്കളും ഊഴം വച്ച് ഓരോ വട്ടം ഇയ്യോബിനെ ഗുണദോഷിച്ചു കഴിഞ്ഞ സ്ഥിതിക്ക്, ആദ്യം സംസാരിച്ച എലീഫാസ് വീണ്ടും വായ് തുറന്നു. സ്വന്തം നിരപരാധിത്വത്തെക്കുറിച്ചുള്ള ഇയ്യോബിന്റെ ഉറപ്പിനെ അയാള്‍ ചോദ്യം ചെയ്തു. ദൈവം തന്റെ വിശുദ്ധരില്‍ പോലും വിശ്വാസം അര്‍പ്പിക്കുന്നില്ലെന്നും അവന്റെ ദൃഷ്ടിയില്‍ സ്വര്‍ഗവും സംശുദ്ധമല്ലെന്നുമിരിക്കെ, അശുദ്ധിയും ദുഷിപ്പും ഉള്ള മനുഷ്യന് എങ്ങനെ നിരപരാധിയെന്നവകാശപ്പെടാന്‍ കഴിയും എന്നാണ് അയാള്‍ ചോദിച്ചത്. ഈ സുഹൃത്തുക്കളുടെ സ്ഥാനത്ത് താന്‍ ആയിരുന്നെങ്കില്‍ തനിക്കും ഇങ്ങനെയൊക്കെ സംസാരിക്കാമായിരുന്നെന്ന് ഇയ്യോബ് മറുപടി പറഞ്ഞു. "നിങ്ങള്‍ എല്ലാവരും മടങ്ങിപ്പോയി വീണ്ടും വരൂ; നിങ്ങളില്‍ ഒരു വിജ്ഞാനിയെ ഞാന്‍ കാണുന്നില്ല" എന്നു പോലും ഇയ്യോബ് സഹികെട്ട് പറഞ്ഞെങ്കിലും സുഹൃത്തുക്കള്‍ ഉപദേശം തുടര്‍ന്നു. രണ്ടാം വട്ടം സംസാരിച്ച ബില്‍ദാദ് ദുഷ്ടന്മാരെ കാത്തിരിക്കുന്ന ദൈവശിക്ഷയുടെ കാര്യം പറഞ്ഞപ്പോള്‍ ഇയ്യോബ് പ്രതികരിച്ചതിങ്ങനെയാണ്: "നിങ്ങള്‍ എത്രകാലം ഇനിയും എന്നെ കുത്തിനോവിക്കും? ഞാന്‍ എല്ലും തോലുമായി. എന്റെ പല്ലുകൊഴിഞ്ഞു. നിങ്ങളും ദൈവത്തെപ്പോലെ എന്ന വേട്ടയാടുന്നതെന്ത്?" പക്ഷേ വേട്ടായാടല്‍ തുടര്‍ന്നു. രണ്ടാം വട്ടം ഉപദേശത്തില്‍ സോഫര്‍ ദൈവത്തില്‍ നിന്ന് ദുഷ്ടനുള്ള ഓഹരിയുടെ കാര്യം പറഞ്ഞത് കേട്ട് ബോധ്യം വരാഞ്ഞ് ഇയ്യോബ്, "ദുഷ്ടര്‍ ജീവനോടിരിക്കുന്നതിനും വാര്‍ധ്യക്യം പ്രാപിക്കുന്നതിനും അവരുടെ മുന്‍പില്‍ സന്താനപരമ്പരകള്‍ സുപ്രതിഷ്ഠിതരായിരിക്കുന്നതിനും" വിശദീകരണം ആവശ്യപ്പെട്ടു. സുഹൃത്തുക്കളുടെ മറുപടിയില്‍ പൊളിയല്ലാതെ ഒന്നും ഇയ്യോബ് കണ്ടില്ല.

[തിരുത്തുക] മൂന്നാമൂഴം

മൂന്നാം തവണ എലീഫാസ് തുടങ്ങിയത് മനുഷ്യന്‍ ധര്‍മ്മിഷ്നായിരിക്കുന്നത് കൊണ്ട് ദൈവത്തിന് നേട്ടമൊന്നുമില്ലെന്ന് പറഞ്ഞാണ്. മനുഷ്യനെ ദൈവം ശാസിക്കുന്നത്, മനുഷ്യന്റെ തന്നെ നന്മക്കുവേണ്ടിയാണെന്നാണ് അയാള്‍ സൂചിപ്പിച്ചത്. അയാള്‍ ഇയ്യോബിനെ മുഖത്തുനോക്കി ഇങ്ങനെ കുറ്റപ്പെടുത്തി: "വലുതല്ലേ നിന്റെ ദുഷ്ടത? അകാരണമായി നീ സഹോദരനില്‍ നിന്ന് പണയം പിടിച്ചു വാങ്ങി; ഉടുതുണിപോലും ഉരിഞ്ഞെടുത്തു; പരിക്ഷീണിതര്‍ക്ക് നീ കുടിനീരുകൊടുത്തില്ല; വിധവകളെ വെറും കയ്യോടെ പറഞ്ഞയച്ചു; അനാഥരുടെ ഭുജങ്ങള്‍ നീ ഒടിച്ചുകളഞ്ഞു." ദൈവവുമായി രമ്യപ്പെട്ട് സമാധാനമായിരുന്നാല്‍ ഇബ്ബോബിന് നന്മ വരുമെന്നും ഈ സുഹൃത്ത് ഉപദേശിച്ചു. ഇയ്യോബാണെങ്കില്‍ ദൈവത്തെ കണ്ടെത്തി അവന്റെ ന്യായാസനത്തിനു മുന്‍പില്‍ നേരിട്ട് തന്റെ ഭാഗം അവതരിപ്പിക്കാനാണ് ആഗ്രഹിച്ചത്. ദൈവം തന്നെ പരീക്ഷിച്ചുകഴിയുമ്പോള്‍ താന്‍ സ്വര്‍ണ്ണം പോലെ പുറത്തു വരുമെന്ന് അയാള്‍ വിശ്വസിച്ചു. എന്നാല്‍, നാലുദിക്കിലും അന്വേഷിച്ചിട്ടും ദൈവത്തെ കണ്ടെത്താന്‍ കഴിയുന്നില്ല എന്ന് അയാള്‍ പരാതിപ്പെട്ടു. ദൈവത്തിന്റെ മഹത്വത്തിനു നിരക്കും വിധമുള്ള ശുദ്ധി, നക്ഷത്രങ്ങള്‍ക്കു പോലും ഇല്ല എന്നിരിക്കെ കേവലം പുഴുവും കൃമിയുമായ മനുഷ്യന്‍ ദൈവസന്നിധിയില്‍ എങ്ങനെ നീതിമാനാകും എന്നാണ് ഇതിന് മറുപടിയായി ബില്‍ദാദ് ചോദിച്ചത്.

[തിരുത്തുക] ഇയ്യോബിന്റെ ദീര്‍ഘഭാഷണം

ദൈവവുമായി സം‌വദിക്കുന്ന ഇയ്യോബ്, ഐനാര്‍ ഹക്കൊനാര്‍സണ്‍ന്റെ രചന
ദൈവവുമായി സം‌വദിക്കുന്ന ഇയ്യോബ്, ഐനാര്‍ ഹക്കൊനാര്‍സണ്‍ന്റെ രചന

തുടര്‍ന്നുള്ള അഞ്ച് അദ്ധ്യായങ്ങള്‍ ഇയ്യോബിന്റെ ദീര്‍ഘമായ ഭാഷണമാണ്. ഇതില്‍ അയാള്‍, ദൈവത്തിന്റെ മഹിമയെ പ്രകീര്‍ത്തിക്കുകയും എന്തുവന്നാലും അസത്യത്തിന്റെ വഴി പിന്തുടരുകയില്ല എന്ന് ആണയിടുകയും, അധര്‍മ്മവഴിയിലെ നേട്ടങ്ങള്‍ ശാശ്വതമല്ലെന്ന് പറയുകയും ഒരദ്ധ്യായം മുഴുവന്‍(അദ്ധ്യായം 28)വിജ്ഞാനത്തെ പ്രകീര്‍‍ത്തിക്കുകയും ചെയ്ത ശേഷം സ്വന്തം നിലയെക്കുറിച്ചു വിലപിച്ച് നിരപരാധിത്വം എടുത്തുപറയുന്നു. തന്റെ പൊയ്പോയ ഐശ്വര്യകാലം അയാള്‍ ഓര്‍ത്തു. അന്ന് അയാളുടെ പാദങ്ങള്‍ പാലുകൊണ്ട് കഴുകിയിരുന്നു; പാറ അയാള്‍ക്ക് അരുവി കണക്കെ എണ്ണ ചൊരിഞ്ഞിരുന്നു; ഇയ്യോബ് നഗരകവാടത്തില്‍ എത്തി പൊതുസ്ഥലത്ത് ഇരിപ്പുറപ്പിക്കുമ്പോള്‍, യുവക്കാന്മാര്‍ പിന്നോക്കം മാറും; പ്രായമായവര്‍ എഴുന്നേറ്റു നില്‍ക്കും; പ്രഭുക്കന്മാര്‍ സംസാരം നിര്‍ത്തി വായ്പൊത്തും; ഇപ്പോഴോ ചെറുപ്പമായവര്‍ അയാളെ പരിഹസിക്കുന്നു. നന്മ നോക്കിയിരുന്നപ്പോള്‍ അയാള്‍ക്ക് തിന്മയുണ്ടായി; വെളിച്ചം കാത്തിരുന്നപ്പോള്‍ ഇരുട്ടുണ്ടായി. എന്നാല്‍ അയാള്‍ അധര്‍മ്മവഴിയില്‍ സഞ്ചരിച്ചിട്ടേയില്ല. കന്യകയില്‍ കണ്ണുവയ്ക്കാതിരിക്കാനായി അയാള്‍ സ്വന്തം കണ്ണുകളുമായി ഉടമ്പടി ഉണ്ടാക്കിയിരുന്നു. അനാഥനുകൊടുക്കാതെ അയാള്‍ അപ്പം തനിയെ ഭക്ഷിച്ചിട്ടില്ല. അയാള്‍ സ്വര്‍ണ്ണത്തെ ആശ്രയിക്കുകയോ തങ്കത്തെ ശരണം എന്നു വിളിക്കുകയോ ചെയ്തിട്ടില്ല. എന്നിട്ടും ദൈവം അയാളെ കാറ്റില്‍ പൊക്കിയെടുത്ത് കൊടുങ്കാറ്റില്‍ അമ്മാനാടി.

[തിരുത്തുക] എലീഹൂ

ഇയ്യോബിന്റെ പ്രസംഗത്തെ തുടര്‍ന്ന്, വായനക്കാരെ അത്ഭുതപ്പെടുത്തിക്കൊണ്ട്, ദൈവവനീതിയെക്കുറിച്ചുള്ള ഈ തര്‍ക്കത്തില്‍ ദൈവത്തിന്റെ ഭാഗം വാദിക്കാന്‍ എലീഹു[2] എന്നു പേരുള്ള ഒരു ചെറുപ്പക്കാരന്‍ പുതുതായി പ്രത്യക്ഷപ്പെടുന്നു. മുതിര്‍ന്നവരായ ഇയ്യോബിന്റേയും സുഹൃത്തുക്കളുടേയും സം‌വാദം കേട്ട് നില്‍ക്കുകയായിരുന്നു അയാള്‍. ഇയ്യോബിന്റെ വാദങ്ങളെ ഖണ്ഡിക്കാനാകാതെ സുഹൃത്തുക്കള്‍ കുഴങ്ങിയപ്പോള്‍‍ രോഷം‌മൂലം, വീഞ്ഞ് നിറഞ്ഞ് പൊട്ടാന്‍ തുടങ്ങുന്ന പുത്തന്‍ വീഞ്ഞുതുരുത്തിയുടെ അവസ്ഥയിലായിരുന്നെങ്കിലും, മൂന്നു സുഹൃത്തുക്കളും മടുത്ത് വായടച്ച ശേഷമാണ് അയാള്‍ സംസാരിക്കാന്‍ തുടങ്ങിയത്. ഇയ്യോബിനെ അയാള്‍ ദുഷ്ടരോടൊത്ത് നടക്കുന്നവനും ദുര്‍വൃത്തരുമായി സംഘം ചേരുന്നവനുമായി ചിത്രീകരിച്ചു. പൊള്ളയായ നിലവിളി ദൈവം കേള്‍ക്കുകയില്ലെങ്കിലും, ദൈവം മറുപടി തരുന്നില്ലെന്ന് ഇയ്യോബ് പരാതിപ്പെടുന്നത് ശരിയല്ല. രോഗശയ്യയിലെ വേദനയും അസ്ഥികളിലെ വിറയലുമൊക്കെ, തിന്മയില്‍ നിന്ന് അകന്നുനില്‍ക്കാനായി ദൈവം മനുഷ്യന് നല്‍കുന്ന ശിക്ഷണമാണ്. ഇയ്യോബ് ആ ശിക്ഷണം വെറുത്തു. തന്റെ പാപത്തിന് പുറമേ അയാള്‍ നിഷേധവും കാട്ടുന്നു. ജലപാനം പോലെയാണ് ഇയോബിന് പരിഹാസം എന്നൊക്കെ അയാള്‍ കുറ്റപ്പെടുത്തി.

[തിരുത്തുക] ദൈവവുമായി നേര്‍ക്കുനേര്‍

[തിരുത്തുക] ചുഴലിക്കാറ്റിലെ ദൈവം

ഒടുവില്‍ ഇയ്യോബിനോട് ദൈവം പ്രതികരിച്ചു. ‍ചുഴലിക്കാറ്റില്‍ നിന്ന് ദൈവം ചോദിച്ചു: "വ്യര്‍ഥവചനങ്ങളാല്‍ എന്റെ പരിപാലനയില്‍ നിഴല്‍‌വീഴ്ത്തുന്ന ഇവന്‍ ആര്." പുരുഷനെപ്പോലെ അരമുറുക്കിനില്‍ക്കാന്‍ ഇയ്യോബിനോടാവശ്യപ്പെട്ടിട്ട് ദൈവം വീണ്ടും ചോദിച്ചു:

ഞാന്‍ ഭൂമിക്ക് അടിസ്ഥാനം ഇട്ടപ്പോള്‍ നീ എവിടെ ആയിരുന്നു? ആരാണ് അതിന്മേല്‍ അളവുചരട് പിടിച്ചത്? ഗര്‍ഭപാത്രത്തില്‍ നിന്ന് കുതിച്ചുചാടിയ കടലിനെ, കതകുകള്‍ കൊണ്ട് അടച്ചിട്ടവന്‍ ആരാണ്? നീ പ്രഭാതത്തിന് കല്പന കൊടുക്കുകയും അരുണോദയത്തിന് സ്ഥലം കാട്ടിക്കൊടുക്കുകയും ചെയ്തിട്ടുണ്ടോ? കടലിന്റെ ഉറവകളിലെക്ക് നീ കടന്നുചെന്നിട്ടുണ്ടോ? മഞ്ഞിന്റെ സംഭരണശാലയിലേക്ക് നീ കടന്നുചെന്നിട്ടുണ്ടോ? മഴക്ക് അപ്പനുണ്ടോ? മഞ്ഞുതുള്ളികളെ ജനിപ്പിച്ചതാരാണ്? ഈബീസ് പക്ഷിക്ക് വിജ്ഞാനവും പൂവന്‍‌കോഴിക്ക് വിവേകവും നല്‍കിയതാരാണ്?[2]

[തിരുത്തുക] ഇയ്യോബിന്റെ കീഴടങ്ങല്‍

പേടിപ്പെടുത്തുന്ന ഈ ചോദ്യശരങ്ങളോടുള്ള ഇയ്യോബിന്റെ പ്രതികരണം അതിഹ്രസ്വമായിരുന്നു. നേരത്തെ ദൈവദൂഷണത്തെ തൊട്ടുനില്‍ക്കുന്നതെന്നു തോന്നുന്ന ഭാഷയില്‍ ദൈവത്തെ ചോദ്യം ചെയ്ത അയാള്‍ ഇപ്പോള്‍ പറഞ്ഞത് ഇതാണ്: "കണ്ടാലും, ഈയുള്ളവന്‍ നിസ്സാരന്‍! നിന്നോടു ഞാന്‍ എന്തുത്തരം പറയും? ഞാന്‍ വായ് പൊത്തുന്നു." പക്ഷേ ദൈവം ഇയ്യോബിനെ വിട്ടില്ല. തന്റെ സൃഷ്ടിയുടെ, പ്രത്യേകിച്ച് ജീവപ്രഞ്ചത്തിന്റെ, ശക്തിപ്രാതാപങ്ങള്‍ എണ്ണിപ്പറഞ്ഞ് ദൈവം ഇയ്യോബിനെ പിന്നെയും വെല്ലുവിളിച്ചു. ഈ വെല്ലുവിളിയില്‍ നീര്‍ക്കുതിരയും(ബീഹെമോത്), ലിവ്യാതാനും(സമുദ്രവ്യാളി) ഒക്കെ പരാമര്‍ശിക്കപ്പെടുന്നുണ്ട്. മീന്‍‌ചൂണ്ടകൊണ്ട് ലിവ്യാതാനെ പിടിച്ചുകാണിക്കാന്‍ പോലും ദൈവം ഇയ്യോബിനോട് ആവശ്യപ്പെടുന്നുണ്ട്.[3] നീതിയെക്കുറിച്ചുള്ള ഇയ്യോബിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ തനിക്ക് ചുമതലയില്ല എന്നാണെന്നു തോന്നുന്നു ദൈവത്തിന്റെ നിലപാട്. "ഞാന്‍ തിരികെക്കൊടുക്കാന്‍ ആരാണ് എന്നെ എന്തെങ്കിലും ഏല്പിച്ചിട്ടുള്ളത്" എന്ന വാദം സൂചിപ്പിച്ചത് ഇതാണ്.


തുടര്‍ന്ന് ഇയ്യോബ് അവസാനമായി സംസാരിക്കുന്നു. "ഞാന്‍ കാതുകൊണ്ട് നിന്നെക്കുറിച്ച് കേട്ടിരുന്നു. ഇപ്പോഴാകട്ടെ എന്റെ കണ്ണുകൊണ്ട് നിന്നെ കാണുന്നു. അതുകൊണ്ട്, ഞാന്‍ ഉരുകിപ്പോകുന്നു. പൊടിയിലും ചാരത്തിലും ഇരുന്ന് ഞാന്‍ പശ്ചാത്തപിക്കുന്നു"[4] എന്നാണ് അയാള്‍ പറഞ്ഞത്.

[തിരുത്തുക] ഉപസംഹാരം

മനുഷ്യജീവിതത്തിന്റെ ദുരന്തസ്വഭാവം ചിത്രീകരിക്കുന്ന ഈ കഥ, അവിശ്വസനീയമായ വിധത്തില്‍ ശുഭാന്തമാണ്. പദ്യഭാഗത്തെതുടന്ന് വരുന്ന ഗദ്യത്തിലുള്ള സമാപന ഭാഗമാണ് അതിനെ അങ്ങനെയാക്കുന്നത്. ആ ഭാഗത്ത് ദൈവം എലീഫാസിനോട് പറഞ്ഞു: "നിനക്കും നിന്റെ രണ്ടു സ്നേഹിതര്‍ക്കും എതിരെ എന്റെ കോപം ജ്വലിക്കുന്നു. നിങ്ങള്‍ എന്നക്കുറിച്ച് എന്റെ ദാസനായ ഇയ്യോബ് സംസാരിച്ചതുപോലെ, ശരിയായത് സംസാരിച്ചില്ല". ദൈവത്തിന്റെ തന്നെ നിര്‍ദ്ദേശമനുസരിച്ച്, ഇയ്യോബ് ദൈവത്തോട് തന്റെ സുഹൃത്തുക്കള്‍ക്ക് വേണ്ടി പ്രാര്‍ഥിച്ചശേഷമാണ്, അവര്‍ക്ക് ദൈവകോപത്തില്‍ നിന്ന് മുക്തി കിട്ടിയത്. പിന്നെ ദൈവം ഇയ്യോബിന് നഷ്ടപ്പെട്ട എല്ലാ സൗഭാഗ്യങ്ങളും തിരികെകൊടുക്കുന്നു. മുന്‍പുണ്ടായിരുന്നതിന്റെ ഇരട്ടി ആടുമാടുകളേയും, വേറേ പുത്രീപുത്രന്മാരേയും കൊണ്ട് അയാള്‍ അനുഗ്രഹീതനായി. സന്താനങ്ങളുടെ നാലുതലമുറയെ കണ്ട് കാലം തികഞ്ഞ് വയോവൃദ്ധനായി അയാള്‍ മരിച്ചു.

[തിരുത്തുക] ഇയ്യോബിന്റെ പശ്ചാത്തലം

മനുഷ്യ ജീവിതത്തിന്റെ ദുരന്തഭാവം ചിത്രീകരിക്കുന്ന രചനകള്‍ പ്രാചീനസംസ്കാരങ്ങളില്‍ വേറെയും ഉണ്ടായിട്ടുണ്ട്. "ഒരു മനുഷ്യനും അവന്റെ ദൈവവും" എന്ന സുമേറിയന്‍ കവിത ഒരുദാഹരണമാണ്. അക്കാദിയന്‍ ഭാഷയില്‍ ക്രിസ്തുവര്‍ഷാരംഭത്തിന് ആയിരം വര്‍ഷം മുന്‍പെഴുതപ്പെട്ട "ജ്ഞാനത്തിന്റെ ദൈവത്തെ ഞാന്‍ പുകഴ്ത്തും" എന്ന ബാബിലോണിയന്‍ കൃതിക്ക്, ഇയ്യോബിന്റെ കഥയുമായി വിസ്മയകരമായ സമാനതകളുണ്ട്. "ബാബിലോണിയരുടെ ജോബ്" എന്നു പോലും അത് വിശേഷിക്കപ്പെടാറുണ്ട്.[3] ഇത്തരം കൃതികളോട് ജോബിന്റെ കഥക്ക് കടപ്പാടുണ്ടോ എന്ന് വ്യക്തമല്ല.


ഹെബ്രായ ബൈബിളിലെ ഈ അസാമാന്യകൃതിയുടെ ഉറവിടം, രചനാകാലം, കര്‍തൃത്ത്വം എന്നിവയെയൊക്കെപ്പറ്റി, പൊതുവേ പറഞ്ഞാല്‍, ഊഹാപോഹങ്ങളേയുള്ളു. എങ്കിലും, ഉയര്‍ന്ന സംസ്കാരവും ലോകവിജ്ഞാനവും ഒത്തിണങ്ങിയ ആളായിരുന്നിരിക്കണം ഈ കൃതി രചിച്ചതെന്ന് ഇതിന്റെ ഉള്ളടക്കം വ്യക്തമാക്കുന്നു. വിവിധങ്ങളായ രചനാസങ്കേതങ്ങളെ(literary techniques) അനായാസം കൈകാര്യം ചെയ്യാനുള്ള കഴിവ് അയാള്‍‍ക്കുണ്ടായിരുന്നു. ജീവലോകത്തെക്കുറിച്ച് ഇയ്യോബിന്റെ കര്‍ത്താവിനുണ്ടായിരുന്ന അറിവ് അസാമാന്യമായിരുന്നു. അടുത്തുള്ള രണ്ട് വാക്യങ്ങളില്‍(4:10-11‌) സിംഹത്തെ സൂചിപ്പിക്കാന്‍ വ്യത്യസ്ഥമായ അഞ്ച് ഹെബ്രായ പദങ്ങള്‍ ഉപയോഗിച്ചിരിക്കുന്നത് കാണാം. 38, 39 അദ്ധ്യായങ്ങളില്‍ ഒട്ടേറെ ജന്തുക്കളെക്കുറിച്ചും അവയുടെ വിശേഷമായ ജീവിതരീതികളെക്കുറിച്ചുമുള്ള വിപുലമായ അറിവു പ്രകടമാകുന്നു. ഗ്രന്ഥകാരന്‍, പുറംജീവിതം ഇഷ്ടപ്പെട്ടിരുന്നവനും ഒരു പക്ഷേ നായാടി തന്നെയും ആയിരുന്നിരിക്കാം. ഒരിടത്ത്, തുടര്‍ച്ചയായ മൂന്നു വാക്യങ്ങളില്‍ (18:8-10), 'കെണി' എന്നതിന് ആറു വ്യത്യസ്ഥ വാക്കുകള്‍ ഉപയോഗിച്ചിരിക്കുന്നു. സ്വര്‍ണ്ണത്തിന്റെ അഞ്ച് പര്യായപദങ്ങളടക്കം ലോഹങ്ങളേയും, രത്നക്കല്ലുകളേയും സൂചിപ്പിക്കാന്‍ പതിമൂന്നു വാക്കുകള്‍ ഈ കൃതി ഉപയോഗിക്കുന്നു. ഇരുപത്തെട്ടാം ആദ്ധ്യായത്തിന്റെ ആദ്യപകുതി ഖനനവിദ്യയുമായുള്ള പരിചയം കാട്ടുന്നു. ഋതുചക്രങ്ങള്‍, നക്ഷത്രജാലങ്ങള്‍ എന്നിവയേക്കുറിച്ചും അയാള്‍ക്ക് നല്ല അറിവുണ്ടായിരുന്നു. വിദേശസംസ്കൃതികളുമായുള്ള പരിചയവും അയാള്‍‍ക്കുണ്ടായിരുന്നു. പലസ്തീനയില്‍ ഇല്ലാത്ത നീര്‍ക്കുതിര, മുതല തുടങ്ങിയ മൃഗങ്ങളുടെ പരാമര്‍ശം, ഈജിപ്തിലും മറ്റും യാത്രചെയ്തിട്ടുള്ള ആളായിരുന്നിരിക്കണം ഗ്രന്ഥകാരന്‍ എന്നതിനു സൂചനായി വേണമെങ്കില്‍ കണക്കാക്കാം. [4]


യഹൂദപാരമ്പര്യമനുസരിച്ച് ഇതിന്റെ രചയിതാവ്, ഇസ്രായേലിന്റെ നിയമദാതാവായ മോശെ ആണെങ്കിലും, മോശെയുടേതെന്ന് കരുതപ്പെടുന്ന കാലത്തിന് വളരെ പിന്നീട്, ക്രി.മു. രണ്ടും ഏഴും നൂറ്റാണ്ടുകള്‍ക്കിടയിലെങ്ങോ ആണ് ഇതിന്റെ രചന എന്നാണ് പൊതുവേ അഭിപ്രായം. [5]കഥ ബീജരൂപത്തില്‍ നേരത്തേ പ്രചരിച്ചിരുന്നിരിക്കാം. ഇയ്യോബ് ചരിത്രപുരുഷനോ ഭാവനാസൃഷ്ടിയോ എന്നതും തര്‍‍ക്കവിഷയമാണ്. യഹൂദരുടെ താല്‍‍മൂദില്‍ രേഖപ്പെടുത്തപ്പെട്ടിട്ടുള്ള ഒരു പാരമ്പര്യമനുസരിച്ച്, ഒരന്യാപദേശത്തിലെ കഥാപാത്രം മാത്രമാണ് ഇയ്യോബ്. എന്നാല്‍ യഹൂദര്‍ പൊതുവേ ഇയ്യോബിനെ ഇസ്രായേലിന്റെ പൂര്‍വപിതാക്കളുടെ കാലത്ത് ജീവിച്ചിരുന്ന ഒരു യഥാര്‍ഥമനുഷ്യനായാണ് എണ്ണുന്നത്. ഇയ്യോബ് ഏതു നാട്ടുകാരനാണെന്നും നിശ്ചയമില്ല. ഗ്രന്ഥത്തിലെ തന്നെ സൂചനകളില്‍ നിന്ന് അദ്ദേഹം ഇസ്രായേല്‍ക്കാരന്‍ അല്ലായിരുന്നു എന്ന് കരുതാനാണ് ന്യായം. യഹൂദര്‍ക്ക് പരിചയമുള്ള ദൈവനാമങ്ങളോ, യഹൂദനിയമത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങളോ ഈ കൃതിയില്‍ ഇല്ലെന്നതിനാല്‍ അദ്ദേഹം യഹദ മതത്തില്‍ പേടാത്തവനായിരുന്നിരിക്കാനും മതി.[6]


ഈ കൃതിയുടെ ആദ്യരൂപം എന്തായിരുന്നു, ഏതൊക്ക ഭാഗങ്ങളാണ് പിന്നീട് 'പ്രക്ഷിപ്തമായവ' എന്നുമൊക്കെ തര്‍ക്കങ്ങളുണ്ടായിട്ടുണ്ട്. ആദ്യാവസാനങ്ങളായി വരുന്ന ഗദ്യഭാഗങ്ങളും പദ്യഭാഗത്തെ എലീഹൂവിന്റെ ഉപദേശവും ആണ് പിന്നീട് കൂട്ടിച്ചേര്‍ക്കപ്പെട്ടവയായി പറയപ്പെടുന്നവ.[5]

[തിരുത്തുക] വിലയിരുത്തല്‍, ആസ്വാദനം

കേവലം ഒരു മതഗ്രന്ഥം എന്ന നിലയില്‍ മാത്രമല്ല ഇയ്യോബിന്റെ പുസ്തകം മതിക്കപ്പെടുന്നത്. വിശ്വസാഹിത്യത്തിലെ എല്ലാക്കാലത്തേയും ഒന്നാംകിട രചനകളില്‍ ഒന്നെന്നും ഇലിയഡ്, ഡിവൈന്‍‍ കോമഡി, പറുദീസനഷ്ടം എന്നിവക്കൊപ്പം വക്കേണ്ട 'മാസ്റ്റര്‍പീസ്' എന്നും ഒക്കെ അത് പ്രകീര്‍‍ത്തിക്കപ്പെട്ടിട്ടുണ്ട്.[7] അത്യുന്നതങ്ങള്‍ മഹത്വപ്പെടുത്തിയ മൂന്നു സാഹിത്യകാരന്മാര്‍ ഷേക്സ്പിയറും, ദസ്തയേവ്സ്കിയും, ഇയ്യോബിന്റെ പുസ്തകം എഴുതിയ കലാകാരനും ആണെന്നും വരെ അഭിപ്രായമുണ്ട്. [8]


മനുഷ്യന്റെ കഷ്ടപ്പാടുകളെക്കുറിച്ചും ദൈവനീതിയെക്കുറിച്ചും ഇത് അവതരിപ്പിക്കുന്ന വീക്ഷണമെന്താണെന്നത് ഇപ്പോഴും ചര്‍ച്ചചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു. ഗ്രന്ഥാരംഭത്തിലെ ദൈവവും സാത്താനുമായുള്ള സംഭാഷണം ഏറെ കൗതുകമുണര്‍ത്തിയിട്ടുണ്ട്. സാത്താനുമായി പന്തയം വച്ചിട്ട് നീതിമാനെ സാത്താന്റെ ദുഷ്ടതക്ക് വിട്ടുകൊടുക്കുന്ന ദൈവം വ്യവസ്ഥാപിത മതങ്ങളുടെ ദൈവസങ്കല്പവുമായി ചേര്‍ന്നുപോകുന്നതല്ല. ദൈവവും മനുഷ്യരുമായുള്ള പഴയനിയമത്തിലെ ഉടമ്പടി മനുഷ്യന്റെ അനുസരണക്ക് പ്രതിഫലമായി, ദൈവത്തിന്റെ പരിപാലന ഉറപ്പു നല്‍കുന്നതായിരുന്നു. ഉടമ്പടി പാലിക്കുകയെന്നത് മനുഷ്യന്റെ മാത്രം ബാധ്യതയാണെന്ന നീതിരഹിതമായ ചിന്ത, ദൈവത്തിന്റെമേല്‍ കൗശലപൂര്‍‌വം അടിച്ചേല്‍‌പ്പിക്കുകയാണ് സാത്താന്‍ ചെയ്തത് എന്നുപോലും വാദിക്കപ്പെട്ടിട്ടുണ്ട്. [9]


മനുഷ്യജീവിതത്തിലെ ദുരിതങ്ങളേയും ദൈവനീതിയേയും കുറിച്ച് നിശിതങ്ങളായ പ്രശ്നങ്ങള്‍ ഉന്നയിക്കുന്ന ഈ കൃതി അവയ്ക്കൊന്നിനും സമാധാനം തരാതെയാണ് സമാപിക്കുന്നത്. ദൈവത്തോട് നേരിട്ട് തന്റെ ചോദ്യങ്ങള്‍ ഉന്നയിക്കുമെന്ന് വാശിപിടിച്ച ഇയ്യോബിന് ദര്‍ശനം നല്‍‍കിയെങ്കിലും നീതിയെക്കുറിച്ചുള്ള അയാളുടെ ചോദ്യങ്ങളെ അവഗണിച്ച്, തന്റെ ശക്തിയെപ്പറ്റി അയാള്‍ക്ക് മുന്നില്‍ വാചാലനാകുകയാണ് ദൈവം ചെയ്തത്. ഇയ്യോബാണെങ്കില്‍ ദൈവശക്തിയെ ഒരിക്കലും ചോദ്യം ചെയ്തിരുന്നുമില്ല. ഒടുവില്‍ കഥ അവിശ്വസനീയമായ ഒരു ശുഭാന്ത്യത്തിലെത്തി നില്‍ക്കുകയും ചെയ്യുന്നു. ശുഭാന്ത്യം പിന്നീട് കൂട്ടിച്ചേര്‍‍ത്തതായിരിക്കാമെങ്കിലും ഈ കൃതിയുടെ അദ്ധ്യായങ്ങളെല്ലാം "ഒരേ ദര്‍ശനത്തിന്റെ സുഗന്ധപ്പശകൊണ്ട്" ബന്ധിക്കപ്പെട്ടവയാണെന്ന് മലയാളത്തിലെ പ്രമുഖ സാഹിത്യ വിമര്‍ശകനായ കെ.പി.അപ്പന്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. "സൃഷ്ടിയുടെ പ്രഹേളികാസൗന്ദര്യം" എന്ന പേരില്‍ ഇയ്യോബിന്റെ പുസ്തകത്തെക്കുറിച്ചെഴുതിയ ലേഖനത്തില്‍ അദ്ദേഹം അഭിപ്രായപ്പെട്ടിരിക്കുന്നതിതാണ്:-

ദൈവത്തിന്റെ അനീതിക്കെതിരെ ഈ പുസ്തകത്തിന്റെ രചയിതാവ് ഉന്നയിച്ച ഉഗ്രമായ സംശയങ്ങള്‍ കേട്ട്, ഭൂമി വിറച്ചു കുലുങ്ങാതിരിക്കാന്‍ ആ സംശയങ്ങളെ ബോധപൂര്‍‌വം മറച്ചുവയ്ക്കുന്ന സൗന്ദര്യതന്ത്രമാണ് അവിശ്വസനീയമായ ഈ സമാപ്തി. അതിനാല്‍ പ്രാര്‍ഥനാരൂപത്തിലുള്ള വായനക്കുശേഷവും വായനക്കാര്‍ വെളിചത്തിലല്ല, ഇരുട്ടില്‍ തന്നെയാണ്. നിരപരാധിയെ എന്തിനു കഷ്ടപ്പെടുത്തി എന്ന പ്രശ്നം നിലനില്‍ക്കുന്നു. അതുകൊണ്ട് ഈ പുസ്തകം ആപത്കരമായ പുസ്തകം തന്നെയാണ്. കാരണം മോഹിപ്പിച്ചു നിരാശപ്പെടുത്തുന്ന ദുര്‍ഗ്രഹതയോടെയാണ്(Tantalizing Ambiguity)കാവ്യം അവസാനിക്കുന്നത്, ഈ ദുര്‍ഗ്രഹത ദര്‍ശനത്തിലും രൂപഘടനയിലും കാണാം. ഇതാണ് ഇയ്യോബിന്റെ പുസ്തകത്തെ മികച്ച കലാസൃഷ്ടിയാക്കുന്നത്. [10]

കഥ ശുഭപര്യവസായി ആണെങ്കിലും, ഈ കലാസൃഷ്ടി അതുന്നയിക്കുന്ന പ്രധാന ചോദ്യത്തിന് ഉത്തരം കണ്ടെത്താതെ സമാപിക്കുന്നു എന്നതു തന്നെ ഒരു ദുരന്തമാണ് എന്നും അപ്പന്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.

[തിരുത്തുക] ഇയ്യോബിന്റെ പ്രഭാവം

പരമ്പരാഗതമായ യഹൂദ-ക്രൈസ്തവവീക്ഷണം ഇയ്യോബിനെ ദൈവത്തോടുള്ള വിശ്വസ്ഥതയില്‍ നിന്ന് വ്യതിചലിക്കാതെ സഹനത്തിലൂടെ കടന്നു പോകുന്നതെങ്ങനെയെന്നതിന് ദൃഷ്ടാന്തമായാണ് അവതരിപ്പിക്കാറ്. ആറാം നൂറ്റാണ്ടില്‍ ഒന്നാം ഗ്രിഗറി മാര്‍പ്പാപ്പ എഴുതിയ "ഇയ്യോബ് തരുന്ന ഗുണപാഠങ്ങള്‍" എന്ന കൃതിയിലെ ചിത്രീകരണം ഇത്തരത്തിലാണ്. പന്ത്രണ്ടാം നൂറ്റാണ്ടിലെ യഹൂദ ചിന്തകനായിരുന്ന മൈമോനിഡിസിന്റെ "സന്ദേഹികള്‍ക്ക് വഴികാട്ടി" എന്ന പ്രഖ്യാതഗ്രന്ഥം ഇയ്യോബിന്റെ കൃതിയുടെ സങ്കീര്‍ണ്ണതകളോട് കുറേക്കൂടി നീതി പുലര്‍ത്തുന്നുണ്ടെന്ന് പറയാം. നീതിമാനായിരുന്നെങ്കിലും, ജ്ഞാനത്തിന്റെ അഭാവം മൂലം ദൈവഹിതം സ്വീകരിക്കുവാന്‍ കഴിയാതിരുന്ന ഒരു മനുഷ്യനായാണ് മൈമൊനിഡിസ് ഇയ്യോബിനെ ചിത്രീകരിച്ചത്. ആധുനികകാലത്തെ മതബോധനഗ്രന്ഥങ്ങളും ചിലപ്പോഴൊക്കെ ഇയ്യോബിന്റെ കഥയെ വ്യത്യസ്ഥമായ രീതിയില്‍ വിശകലനം ചെയ്യാന്‍ ശ്രമിക്കുന്നത് കാണാം. നെഥര്‍ലാന്ഡ്സിലെ കത്തോലിക്കാ സഭ പ്രസിദ്ധീകരിച്ച ഒരു വേദപാഠഗ്രന്ഥം ഇയ്യോബിന്റെ പുസ്തകത്തെ മനുഷ്യന്റെ ദുരിതങ്ങളുടെ പശ്ചാത്തലത്തില്‍ ദൈവനീതിയുടെ പ്രശ്നം ഉന്നയിക്കുന്ന നാടകീയ കാവ്യം എന്ന് വിശേഷിപ്പിച്ചിട്ട്, ഇങ്ങനെ തുടരുന്നു:-

'എന്തുകൊണ്ട് ഇങ്ങനെ' എന്ന ചോദ്യം ഉന്നയിച്ചിട്ട് അത് ദൈവത്തോട്, സന്ദേഹം മാറ്റുംവിധം സ്വയം വെളിപ്പെടുത്താന്‍ ആവശ്യപ്പെടുന്നു. ദൈവം അപ്പോള്‍ സൃഷ്ടപ്രപഞ്ചത്തിന്റെ പ്രതാപം പ്രകടിപ്പിച്ച്, മനുഷ്യചിന്തക്കതീതനാണ് താനെന്ന് വെളിപ്പെടുത്തുന്നു. [11]


ആധുനിക കാലത്ത്, ദസ്തയേവ്സ്കിയുടെ നോവലായ "കരമസോവ് സഹോദരന്മാര്‍", ഗെയ്ഥേയുടെ 'ഫൗസ്റ്റ്' തുടങ്ങിയ പല സാഹിത്യസൃഷ്ടികള്‍ക്കും ഇയ്യോബ് പ്രചോദനമായിട്ടുണ്ട്. ഇയ്യോബിന്റെ കഥയെ വിഷയമാക്കി പ്രഖ്യാത ഇംഗ്ലീഷ് കവി വില്യം ബ്ലേക്ക് വരച്ച ചിത്രങ്ങള്‍ പ്രസിദ്ധമാണ്. [12]. ആകസ്മികമായ അപകടങ്ങളില്‍ മക്കള്‍ അഞ്ചു പേരും, ഒരു വ്യോമാക്രമണത്തില്‍ മുഴുവന്‍ സമ്പത്തും നഷ്ടപ്പെടുന്ന ഒരു ആധുനിക വ്യവസായ പ്രമുഖനായി ഇയ്യോബിനെ പുനരാവിഷ്കരിക്കുന്ന ആര്ച്ചിബാള്‍ഡ് മാക്ലീഷിന്റെ ജെ.ബി എന്ന നാടകം ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. "നമുക്ക് കുറ്റം ചെയ്തവരാവുകയല്ലാതെ വഴിയില്ല; നാം നിരപരാധികളെങ്കില്‍, ദൈവത്തിന് എവിടെ പ്രസക്തി?" എന്നാണ് അതില്‍ മുഖ്യകാഥാപാത്രം ചോദിക്കുന്നത്.[13]


[തിരുത്തുക] കുറിപ്പുകള്‍

1 ഊസ് ദേശം ഏതെന്ന കാര്യത്തില്‍ അഭിപ്രായൈക്യമില്ല. അറേബ്യയും പഴയനിയമത്തിലെ എസ്സാവിന്റെ നാടായ ഈദോമും ഒക്കെ നിര്‍ദ്ദേശിക്കപ്പെട്ടിട്ടുണ്ട്.[14]


2  ഇങ്ങനെയൊരാള്‍ ഇയ്യോബിന്റെ പുസ്തകത്തിന്റെ ഗദ്യത്തിലുള്ള ആമുഖത്തിലോ സമാപനത്തിലോ പരാമര്‍ശിക്കപ്പെടുന്നില്ല. എലീഹുവിന്റെ ഭാഷണം പിന്നീട് ചേര്‍ക്കപ്പെട്ടതാകാമെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്.


3  ഇയ്യോബിനുള്ള മറുപടിയില്‍ ദൈവം തന്നെ ക്ഷണനേരത്തേക്ക് ദൈവദൂഷകന്റെയും നിരീശ്വരന്റേയും വേഷം അണിഞ്ഞു എന്ന് ജി.കെ. ചെസ്റ്റര്‍ട്ടന്‍. [15]


4  ഇയ്യോബ് ദൈവത്തിന് കൊടുത്ത മറുപടിയില്‍ പശ്ചാത്താപമല്ല, പതിഞ്ഞ പരിഹാസവും അമര്‍ഷവും, മനുഷ്യാവസ്ഥയെക്കുറിച്ചുള്ള നിരാശയും ആണ് ഉള്ളതെന്നും "എന്റെ കണ്ണുകള്‍ കൊണ്ട് നിന്നെ കണ്ടതിനാല്‍, പൊടിയിലും ചാരത്തിലും ഇരുന്ന് ഞാന്‍ പശ്ചാത്തപിക്കുന്നു" എന്നല്ല "Now that my I eyes have seen you, I shudder with sorrow for mortal Clay - നിന്നെ കണ്ണുകള്‍കൊണ്ട് കണ്ട ഞാന്‍‍, കളിമണ്ണായ മനുഷ്യനെയോര്‍ത്ത് ദു:ഖിച്ചുവിറക്കുന്നു" എന്നാണ് മൂലത്തിന്റെ ശരിയായ അര്‍ഥം എന്നും വാദിക്കപ്പെട്ടിട്ടുണ്ട്.[16]


5  ഏത് ഭാഗമാണ് ആദ്യം എഴുതപ്പെട്ടത്, ഏതാണ് പ്രക്ഷിപ്തം എന്ന തര്‍ക്കം‍ ഇവിടെ അപ്രസക്തമാണെന്ന് ജി.കെ.ചെസ്റ്റെര്‍ട്ടന്‍ ജോബിന്റെ പുസ്തകത്തെക്കുറിച്ചെഴുതിയ ഒരു ലേഖനത്തില്‍ വാദിച്ചിട്ടുണ്ട്. ഇത്തരം തര്‍ക്കങ്ങള്‍ ആധുനികമനസ്സിന്റെ ഭ്രാന്തമായ അഹംഭാവത്തിന്റെ(Insane individuality) ഫലമാണെന്നും, ക്രമേണ വികസിച്ച് പൂര്‍ണ്ണ രൂപം പ്രാപിക്കുകയെന്നത് പൗരാണിക കാലാസൃഷ്ടികളുടെ രീതിയായിരുന്നു എന്നും അദ്ദേഹം വാദിച്ചു. "The creation of the tribal epic was to some extent regarded a tribal work". [17]

[തിരുത്തുക] ഗ്രന്ഥഘടന

  • 1:1-2:13 - ഇയ്യോബിനു സന്താനങ്ങളും സമ്പത്തും നഷ്ടപ്പെടുന്നു
  • 3:1-31:40 - ഇയ്യോബും കൂട്ടുകാരും തമ്മിലുള്ള സംഭാഷണം (ഇയ്യോബിന്റെ പരാതി 3:1-26; ആദ്യസംഭാഷണം 4:1-14:22: രണ്ടാം സംഭാഷണം 15:1-21:34; മൂന്നാം സംഭാഷണം 22:1-27:23; വിജ്ഞാനകീര്‍ത്തനം 28:1-28; ഇയ്യോബ്‌ തന്റെ നില വിശദമ