ജെറമിയായുടെ പുസ്തകം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സിറിയയില്‍ യൂഫ്രട്ടീസ് നദീതീരത്തെ പുരാതനനഗരമായ ദുരാ യുറോപ്പോസിലെ സിനഗോഗിലുള്ള ജെറമിയായുടെ ചിത്രം(കാലം മൂന്നാം നൂറ്റാണ്ട്)

എബ്രായ ബൈബിളിലെ ഗ്രന്ഥങ്ങളുടെ പരമ്പരാഗത ക്രമീകരണമനുസരിച്ച്, പതിനഞ്ചു പ്രവാചകഗ്രന്ഥങ്ങളില്‍ രണ്ടാമത്തേതും മൂന്നു വലിയ പ്രവചനഗ്രന്ഥങ്ങളില്‍ നടുവിലത്തേതുമാണ് ജെറമിയായുടെ പുസ്തകം. ക്രി.മു. ഏഴാം നൂറ്റാണ്ടിന്റെ അന്ത്യപാദവും ആറാം നൂറ്റാണ്ട് ആരംഭവും ചേര്‍ന്ന് ഇസ്രായേല്‍ ജനതയുടെ ചരിത്രത്തിലെ സംഘര്‍ഷഭരിതവും ദുരിതപൂര്‍ണ്ണവുമായ കാലഘട്ടമാണ് ജെറമിയായുടെ പുസ്തകത്തിലെ പ്രവചനങ്ങളുടെ പശ്ചാത്തലമായി കരുതപ്പെടുന്നത്. ഈ പ്രവചനങ്ങളെ ഗ്രസിച്ചുനില്‍ക്കുന്ന ദുരന്തച്ഛായ, ഗ്രന്ഥകര്‍ത്താവായി കരുതപ്പെടുന്ന ജെറമിയയ്ക്ക് "കരയുന്ന പ്രവാചകന്‍" (weeping prophet) എന്ന മറുനാമം നേടിക്കൊടുത്തു.[1] ജെറമിയാദ് (Jeremiad) എന്ന വാക്കു തന്നെ വിലാപങ്ങളുടേയും ദുരന്തപ്രവചനങ്ങളുടേയും പര്യായമായിരിക്കുന്നു.[2]

ഉള്ളടക്കം

[തിരുത്തുക] ചരിത്രപശ്ചാത്തലം

യെരുശലേമില്‍ നിയമനിര്‍മ്മാണസഭയായ ക്നെസ്സറ്റിന്റെ മുന്‍പിലുള്ള റോസ് ഉദ്യാനത്തില്‍, ഇസ്രായേലിന്റെ ദേശീയ ഛിഹ്നമായ മെനോരയുടെ രൂപത്തിലുള്ള ശില്പത്തിന്റെ ശിഖരങ്ങളിലൊന്നിനു മുകളിലെ ജെറമിയായുടെ ചിത്രീകരണം

അസീറിയന്‍ സാമ്രാജ്യത്തിന്റെ തകര്‍ച്ചയുടേയും ബാബിലോണിന്റെ ഉയര്‍ച്ചയുടേയും സമയമായിരുന്നു അത്. വടക്ക് അസീറിയന്‍, ബാബിലോണിയന്‍ സാമ്രാജ്യങ്ങളുടേയും തെക്ക് ഫറവോന്മാരുടെ ഈജിപ്തിന്റേയും നടുവിലുള്ള ചെറിയ രാജ്യമായിരുന്ന യൂദയായെ ആ സാമ്രാജ്യങ്ങളുടെ ഭാഗധേയങ്ങള്‍ ബാധിച്ചു. ഏതാനും തലമുറകള്‍ മുന്‍പ് എബ്രായരുടെ ഉത്തരരാജ്യമായിരുന്ന ഇസ്രയേല്‍, അസീറിയന്‍ ആക്രമണത്തില്‍ തകര്‍ന്ന് ചരിത്രത്തില്‍ നിന്നു തന്നെ അപ്രത്യക്ഷമായിരുന്നു. യൂദയാ, അസീറിയയുടെ മേല്‍കോയ്മയെ അംഗീകരിച്ചെങ്കിലും ആ ചരിത്രസന്ധിയെ അതിജീവിച്ചു. അവിടത്തെ മതനേതൃത്വത്തിലെ യഹോവപക്ഷപാതികള്‍ ഇസ്രായേലിന്റെ പതനത്തേയും യൂദയായുടെ തന്നെ ഭാഗധേയങ്ങളേയും, തങ്ങളുടെ വിശ്വാസത്തിലെ ഏകദൈവമായ യഹോവയുടെ നേര്‍ക്കുള്ള ഭരണാധികാരികളുടേയും ജനങ്ങളുടേയും വിശ്വസ്ഥതയുമായി ബന്ധപ്പെടുത്തി വിലയിരുത്തി. രാഷ്ടീയമായ ദുരന്തങ്ങള്‍ക്ക് കാരണമായി അവര്‍ കണ്ടത്, ജനങ്ങളുടെ അവിശ്വസ്ഥത മൂലമുണ്ടായ യഹോവയുടെ അപ്രീതിയാണ്.[3]


ക്രിസ്തുവിനു മുന്‍പ് 639-ല്‍ എട്ടാമത്തെ വയസ്സില്‍ യഹൂദായിലെ രാജാവായിത്തീര്‍ന്ന ജോസിയാ പ്രായപൂര്‍ത്തിയില്‍ കടുത്ത യഹോവപക്ഷപാതിയായി. തന്റെ ഭരണത്തിന്റെ പതിനെട്ടാം വര്‍ഷം മുതല്‍ അദ്ദേഹം വിപുലമായ ഒരു മതപരിഷ്കരണത്തിനു തുടക്കമിട്ടു. യെരുശലേം ദേവാലയത്തിന്റെ പുനരുദ്ധാരണവേലകള്‍ക്കിടയില്‍ കണ്ടുകിട്ടിയതായി അവകാശപ്പെട്ട ബൈബിളിലെ നിയമാവര്‍ത്തനപുസ്തകത്തിലെ അരുളപ്പാടുകളെയാണ് ഈ പരിഷ്കരണങ്ങള്‍ പിന്തുടര്‍ന്നത്. യഹോവവിശ്വാസത്തിനു ചേരാത്ത മതവിശ്വാസങ്ങളുടേയും സ്ഥാപനങ്ങളുടേയും നിരോധനവും നശീകരണവും ഈ പരിഷ്കരണത്തില്‍ ഉള്‍പ്പെട്ടു. എന്നാല്‍ ജോസിയായുടെ ഭരണം 31 വര്‍ഷത്തിനുശേഷം അകാലത്തില്‍ അവസാനിച്ചു. ബലഹീനമായിക്കൊണ്ടിരുന്ന അസീറിയക്ക്, ബാബിലോണിനെതിരെ സഹായമെത്തിക്കാനാഗ്രഹിച്ച ഈജിപ്തിലെ ഫറവോ നെക്കോ രണ്ടാമന് യൂദയായിലൂടെ കടന്നുപോകാന്‍ ജോസിയ അനുമതി നല്‍കിയില്ല. തുടര്‍ന്ന് നോക്കോയുമായി യൂദയായില്‍ മെഗിദ്ദോയിലെ ഒട്ടകച്ചുരത്തില്‍(Camel Pass) വച്ചു നടന്ന യുദ്ധത്തില്‍ ജോസിയ ക്രി.മു. 609-ല്‍ കൊല്ലപ്പെട്ടു. [3]


ക്രി.മു. 605-ല്‍ കാര്‍ക്കെമിഷിലെ യുദ്ധത്തില്‍ ഈജിപ്തിന്റെ പരാജയപ്പെടുത്തെ തുടര്‍ന്ന്, മദ്ധ്യപൗരസ്ത്യദേശത്ത് നെബുകദ്നെസ്സറുടെ ബാബിലോണിന്റെ മേധാവിത്വം ഉറച്ചു.[4] ക്രി.മു. 597-ല്‍, ജോസിയായുടെ പിന്‍ഗാമികളിലൊരാളായിരുന്ന ജെഹോയിയാച്ചിന്റെ കാലത്ത് നെബുകദ്നെസ്സറുടെ സൈന്യത്തിന്റെ ആക്രമണത്തില്‍ യെരുശലേമിന്റെ പതനത്തെ തുടര്‍ന്ന് യഹൂദ സമൂഹത്തിലെ വെണ്ണപ്പാളി ബാബിലോണിലേക്ക് നാടുകടത്തപ്പെട്ടു. അതോടെ യഹൂദസ്മൃതിസഞ്ചയത്തിലെ വഴിത്തിരിവായ ബാബിലോണ്‍ പ്രവാസത്തിന്റെ തുടക്കമായി.[5]ക്രി.മു. 586-87-ല്‍‍ യെരുശലേം പട്ടണവും യഹൂദരുടെ ഒന്നാം ദേവാലയവും നിലംപരിശാക്കപ്പെട്ടു. ഈ പരിസമാപ്തിയിലേക്ക് നയിച്ച നാലു പതിറ്റാണ്ടുകളും അതിനെ തുടര്‍ന്നുള്ള ഏതാനും വര്‍ഷങ്ങളുമാണ് ജെറമിയായുടെ പ്രവചനങ്ങളുടെ കാലമായി കരുതപ്പെടുന്നത്.[6].

[തിരുത്തുക] ഉള്ളടക്കം

1493-ലെ ന്യൂറംബര്‍ഗ് നാളാഗമത്തിലുള്ള ജെറമിയയുടെ ചിത്രം

ജെറമിയായുടെ പുസ്തകത്തിലെ ഉള്ളടക്കത്തിന്റെ ക്രമീകരണത്തില്‍ ഏതെങ്കിലും വ്യവസ്ഥ കണ്ടെത്തുക ബുദ്ധിമുട്ടാണ്. കാലഘട്ടങ്ങളും വിഷയങ്ങളും അതില്‍ കൂടിക്കലര്‍ന്നും ആവര്‍ത്തിച്ചും കാണപ്പെടുന്നു. അതിനാല്‍ അതിന്റെ ഖണ്ഡങ്ങളായി തിരിച്ചുള്ള പഠനം എളുപ്പമല്ല. എങ്കിലും 52 അദ്ധ്യായങ്ങള്‍ ചേര്‍ന്ന് ബൈബിളിലെ ഏറ്റവും വലിയ പുസ്തകങ്ങളിലൊന്നായ ഇതിനെ സൗകര്യത്തിനുവേണ്ടി പലവിധത്തില്‍ ഖണ്ഡങ്ങളായി തിരിച്ച് പഠിക്കാറുണ്ട്. താഴെ പരാമര്‍ശിക്കപ്പെടുന്ന ഖണ്ഡങ്ങള്‍ അത്തരം വിഭജനങ്ങളില്‍ ഒന്നിനെ ആശ്രയിക്കുന്നു.[7]

[തിരുത്തുക] നിയുക്തിദര്‍ശനം

(അദ്ധ്യായം 1)

ബൈബിളിലെ പ്രവാചകഗ്രന്ഥങ്ങളില്‍ മറ്റൊന്നിലും ഗ്രന്ഥകാരനെക്കുറിച്ചും അയാളുടെ പ്രവചനദൗത്യത്തെക്കുറിച്ചും ഇത്രയേറെ വിശദാംശങ്ങളില്ല. [8] യെരുശലെമിനു വടക്ക് ബെഞ്ചമിന്‍ ദേശത്തെ അനാത്തോത്തിലെ പുരോഹിതന്മാരിലൊരാളായിരുന്ന ഹില്‍ക്കിയായുടെ മകനെ ബാലപ്രായത്തില്‍ തന്നെ ദൈവം പ്രവാചകദൗത്യത്തിന് നിയോഗിക്കുന്നതിന്റെ നാടകീയവിവരണത്തോടെയാണ് ഗ്രന്ഥം തുടങ്ങുന്നത്. തന്റെ ദൗത്യത്തിന്റെ അതുല്യസ്വഭാവത്തെക്കുറിച്ചുള്ള തീവ്രമായ ബോധം ഈ പ്രവാചകനുണ്ടായിരുന്നെന്ന് ഈ നിയുക്തിദര്‍ശനത്തില്‍ നിന്ന് മനസ്സിലാക്കാം. ഈ വിവരണത്തില്‍ തെളിയുന്ന പ്രവാചകന്റെ ആത്മബോധത്തെ വിശ്വസിക്കാമെങ്കില്‍, എബ്രായ പ്രവാചകന്മാരില്‍ ഏറ്റവും വലിയ വ്യക്തിവാദി(individualist) ആയിരുന്നു ജെറമിയ. [9] "മാതാവിന്റെ ഉദരത്തില്‍ നിനക്കു രൂപം നല്‍കുന്നതിനു മുന്‍പേ ഞാന്‍ നിന്നെ അറിഞ്ഞു; ജനിക്കുന്നതിനു മുന്‍പേ ഞാന്‍ നിന്നെ വിശുദ്ധീകരിച്ചു; ജനതകള്‍ക്ക് പ്രവാചകനായി ഞാന്‍ നിന്നെ നിയോഗിച്ചു" [10]എന്നാണ് കര്‍ത്താവില്‍ നിന്ന് അദ്ദേഹം കേട്ട അരുളപ്പാട്. താന്‍ സംസാരിക്കാന്‍ പാടവമില്ലാത്ത കേവലം ബാലനാണെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറിയ പ്രവാചകനെ ദൈവം ധൈര്യപ്പെടുത്തി. കൈനീട്ടി പ്രവാചകന്റെ അധരത്തില്‍ സ്പര്‍ശിച്ചുകൊണ്ടാണ് കര്‍ത്താവ് അരുളപ്പാട് തുടര്‍ന്നത്: [11]

ഇതാ എന്റെ വചനങ്ങള്‍ നിന്റെ നാവില്‍ ഞാന്‍ നിക്ഷേപിച്ചിരിക്കുന്നു; പിഴുതെറിയാനും ഇടിച്ചുതകര്‍ക്കാനും നശിപ്പിക്കാനും തകിടം മറിക്കാനും പണിതുയര്‍ത്താനും നട്ടുവളര്‍ത്താനും വേണ്ടി ഇന്നിതാ ജനതകളുടേയും രാജ്യങ്ങളുടേയും മേല്‍ നിന്നെ ഞാന്‍ അവരോധിച്ചിരിക്കുന്നു.

[തിരുത്തുക] അനീതിക്കെതിരെ

(2:1 - 25:38)

ജെറമിയ, പതിനെട്ടാം നൂറ്റാണ്ടിലെ ഒരു റഷ്യന്‍ രൂപം

ജെറമിയായുടെ പുസ്തകത്തിന്റെ ആദ്യത്തെ പകുതിയോളം വരുന്ന ഈ ഭാഗം മുഖ്യമായും, യഹൂദായിലെ നാലു രാജാക്കന്മാരുടെ കാലത്ത് അവിടത്തെ മത-രാഷ്ട്രീയനേതൃത്വത്തേങ്ങളേയും ജനസാമാന്യത്തേയും ലക്‌ഷ്യമാക്കി നടത്തിയ പ്രവചനങ്ങളാണ്. ജോസിയാ, യഹോയാക്കീം, യഹോയാച്ചിന്‍, സെദെക്കിയാ എന്നിവരായിരുന്നു ആ രാജാക്കന്മാര്‍.

[തിരുത്തുക] കുശവനും കളിമണ്ണും

മ്ലേച്ഛതയെ അനുധാവനം ചെയ്ത് സ്വയം മ്ലേച്ഛന്മാരായ[12] ജനങ്ങളെയാണ് പ്രവാചകന്‍ കണ്ടത്. വെള്ളരിത്തോട്ടത്തിലെ നോക്കുകുത്തികളെപ്പോലുള്ള വിഗ്രഹങ്ങള്‍ ജനങ്ങള്‍ക്ക് ദൈവങ്ങളായി. വയറുനിറയെ ഭക്ഷണം കിട്ടിയപ്പോള്‍ അവര്‍ വേശ്യാഗൃഹങ്ങളിലേക്ക് പടയണിയായി നീങ്ങി. തിന്നുകൊഴുത്തു കാമവെറിപൂണ്ട വിത്തുകുതിരകളെപ്പോലെ ഓരോരുത്തനും അയല്‍ക്കാരന്റെ ഭാര്യയുടെ പുറകേ മോങ്ങി നടക്കുന്നു.[13] കിണര്‍ പുതുവെള്ളം ശേഖരിച്ചുവയ്ക്കുന്നതുപോലെ, യെരുശലേം അതിന്റെ അകൃത്യങ്ങളുടെ പുതുമ നിലനിര്‍ത്തുന്നു.[14] പുരോഹിതരും പ്രവാചകന്മാരും പോലും ജനങ്ങളെ വഞ്ചിക്കുന്നു. ലജ്ജിക്കാന്‍ പോലും അവര്‍ മറന്നുപോയിരിക്കുന്നു. വിശ്വസ്ഥത മരിച്ചുപോയി. അതിന്റെ പേരുപോലും ആരും പറയുന്നില്ല. ഇതിനൊക്കെ ശിക്ഷയായി ചിലര്‍ രോഗത്തിനും, മറ്റു ചിലര്‍ യുദ്ധത്തിനും, ചിലര്‍ പട്ടണിക്കും ഇരകളാകും. അവശേഷിച്ചവര്‍ ബന്ധിതരായി പ്രവാസത്തിലേക്ക് നീങ്ങും.[15] കുശവന്റെ കയ്യിലെ കളിമണ്ണുപോലെയാണ് തനിക്കു ജനങ്ങള്‍ എന്ന് കര്‍ത്താവ് ജെറമിയായെ അറിയിച്ചു. ധിക്കാരികളായ ജനതയെ നശിപ്പിക്കുന്നതിലെ തന്റെ ന്യായം ജെറമിയായെ ബോദ്ധ്യപ്പെടുത്താന്‍ കര്‍ത്താവ് അയാളെ കുശവന്റെ വീട്ടിലേക്കയച്ചു. കളിമണ്ണുകൊണ്ട് താന്‍ രൂപപ്പെടുത്തിയ പാത്രം തന്റെ തൃപ്തിക്കൊത്തതാകാഞ്ഞപ്പോള്‍ അതിനെ കുശവന്‍ ഉടച്ചുവാര്‍ക്കുന്നതാണ് ജെറമിയ അവിടെ കണ്ടത്.[16]


നാശത്തിന്റെ പ്രവചനം സാധാരണജനങ്ങള്‍ക്കെന്നപോലെ രാജാക്കന്മാര്‍ക്കും ബാധകമായി. ജെഹോയാക്കീം രാജാവിനെതിരായുള്ള പ്രവചനം ഇങ്ങനെയായിരുന്നു: "അധര്‍മ്മത്തില്‍ ഭവനവും അനീതിയില്‍ മാളികമുറികളും പണിയുന്നവനു ദുരിതം. അയാള്‍ മരിക്കുമ്പോള്‍ അയ്യോ തമ്പുരാനേ! എന്നോ, അയ്യോ തിരുമേനീ! എന്നോ പറഞ്ഞ് ആരും വിലപിക്കുകയില്ല. കഴുതയെപ്പോലെ അയാളെ സംസ്കരിക്കും. ജെറുസലേം കവാടത്തിനു പുറത്തേക്ക് വലിച്ചിഴച്ച് എറിയും".[17]

[തിരുത്തുക] പ്രവാചകന്റെ വിലാപം

സിസ്റ്റൈന്‍ ചാപ്പലിന്റെ മച്ചില്‍ മൈക്കെലഞ്ജലോയുടെ ജെറമിയ

വിനാശത്തിന്റെ ഈ പ്രവചനം പ്രവാചകന് അധികാരികളുടേയും, ജനസാമാന്യത്തിന്റേയും, എതിര്‍പ്രവാചകന്മാരുടേയും ശത്രുത നേടിക്കൊടുത്തു. വ്യക്തിപരമായ പ്രതിസന്ധി മൂച്ഛിച്ചപ്പോള്‍ ദൈവം‌പോലും തന്റെ എതിര്‍പക്ഷത്തായെന്ന് ജെറമിയാക്ക് തോന്നി. അപ്പോള്‍, തന്റെ ദൗത്യത്തിന്റേയും മനുഷ്യാവസ്ഥയുടെ തന്നെയും കഠോരതയെക്കുറിച്ച് പ്രവാചകന്‍ വിലപിക്കുന്നു. ഇയ്യോബിന്റെ പുസ്തകത്തെ ഓര്‍മ്മപ്പെടുത്തുന്ന ഈ വിലാപത്തില്‍ ജെറമിയാ ദൈവത്തെ പ്രതിക്കൂട്ടിലാക്കുകയും കടുത്ത ആത്മനിന്ദ പ്രകടിപ്പിക്കുകയും ചെയ്യുന്നു:

കര്‍ത്താവേ, അങ്ങ് എന്നെ വഞ്ചിച്ചിരിക്കുന്നു; ഞാന്‍ വഞ്ചിതനായി; അങ്ങ് എന്നേക്കാള്‍ ശക്തനാണ്. അങ്ങ് വിജയിച്ചിരിക്കുന്നു. ദിവസം മുഴുവന്‍ ഞാന്‍ പരിഹാസപാത്രമായി. എല്ലാവരും എന്നെ അപഹസിക്കുന്നു. വാതുറക്കുമ്പോഴൊക്കെ അക്രമം, നാശം എന്നാണ് ഞാന്‍ വിളിച്ചുപറയുന്നത്. കര്‍ത്താവിന്റെ വചനം എനിക്ക് ഇടവിടാതെ നിന്ദനത്തിനും പരിഹാസത്തിനും ഹേതുവായിരിക്കുന്നു. അവിടുത്തെപ്പറ്റി ഞാന്‍ ചിന്തിക്കുകയില്ല, അവിടുത്തെ നാമത്തില്‍ മേലില്‍ സംസാരിക്കുകയില്ല എന്നു ഞാന്‍ പറഞ്ഞു. എന്നാല്‍ ഹൃദയത്തെ ദഹിപ്പിക്കുന്ന അഗ്നി എന്റെ അസ്ഥികള്‍ക്കുള്ളില്‍ അടച്ചിട്ടിരിക്കുന്നതുപോലെ എനിക്കനുഭവപ്പെട്ടു. അതിനെ അടക്കാന്‍ ശ്രമിച്ചു ഞാന്‍ തളര്‍ന്നു. എനിക്കു സാധിക്കുന്നില്ല.[18]


ഞാന്‍ പിറന്ന ദിവസം ശപിക്കപ്പെട്ടതാകട്ടെ; എന്റെ അമ്മ എന്ന പ്രസവിച്ച ദിവസം അനുഗ്രഹിക്കപ്പെടാതിരിക്കട്ടെ. എന്റെ പിതാവിന്റെ അടുക്കല്‍ ചെന്ന് നിനക്ക് ഒരു പുത്രന്‍ ജനിച്ചിരിക്കുന്നു എന്ന വാര്‍ത്ത അറിയിച്ച് അവനെ സന്തോഷിപ്പിച്ചവന്‍ ശപിക്കപ്പെട്ടവനാകട്ടെ. കര്‍ത്താവ് നിര്‍ദ്ദയം നശിപ്പിച്ച പട്ടണം പോലെയാകട്ടെ അവന്‍. രാവിലെ നിലവിളിയും ഉച്ചക്കു പോര്‍വിളിയും അവനു കേള്‍ക്കാനിടവരട്ടെ. എന്തുകൊണ്ട് അവന്‍ എന്നെ പിറക്കുന്നതിനു മുന്‍പ് കൊന്നില്ല? എന്റെ അമ്മയുടെ ഉദരം എന്നേക്കും എന്റെ ശവകുടീരമാകാമായിരുന്നു. എന്തിനാണ് ഞാന്‍ ഉദരത്തില്‍ നിന്ന് പുറത്തുവന്നത്? ആദ്ധ്വാനവും സങ്കടവും കാണാനോ? എന്റെ ദിനങ്ങള്‍ അവമാനത്തില്‍ കഴിച്ചുകൂട്ടുന്നതിനോ?[19]

[തിരുത്തുക] ദുരിതങ്ങള്‍

(26:1 - 45:5)

ജെറമിയായും ബാറൂക്കും, ഗുസ്താവ് ഡോറിന്റെ ചിത്രം - ജെറമിയായുടെ കേട്ടെഴുത്തുകാരനായിരുന്നു ബാറൂക്ക്

യഹൂദാ ബാബിലോണ്‍ രാജാവ് നെബുകദ്നെസ്സരുടെ ഭീഷണി നേരിട്ടപ്പോള്‍, അയാള്‍ക്ക് കീഴടങ്ങുകയാണ് വേണ്ടതെന്ന ഉപദേശമാണ് കര്‍ത്താവിന്റെ സന്ദേശമായി ജെറമിയ നല്‍കിയത്. തന്നെ ധിക്കരിച്ച യഹൂദായിലെ ജനങ്ങളേയും ഭരണാധികാരികളേയും ശിക്ഷിക്കാന്‍ തീരുമാനിച്ച കര്‍‍ത്താവിന്റെ ഉപകരണം മാത്രമാണ് നെബുകദ്നെസ്സറെന്നായിരുന്നു ജെറമിയായുടെ വാദം.

[തിരുത്തുക] നെരിപ്പോടിലെരിഞ്ഞ ചുരുള്‍

വിദേശാക്രമണ ഭീഷണിക്കു മുന്‍പില്‍ ജനങ്ങളുടെ മനോവീര്യം കെടുത്തിയതിന് ജെറമിയയെ അധികാരികള്‍ പിടികൂടിയെങ്കിലും ദൈവത്തിന്റെ പേരില്‍ പ്രവചിക്കുന്ന മനുഷ്യനെ കൊല്ലുന്നത് ശരിയല്ല എന്ന അഭിപ്രായം മാനിച്ച് വിട്ടയച്ചു. ജെറമിയ കര്‍ത്താവിന്റെ അരുളപ്പാടുകളൊക്കെ തന്റെ കേട്ടെഴുത്തുകാരന്‍ ബാറൂക്കിന് പറഞ്ഞുകൊടുത്തു. തോല്‍ച്ചുരുളില്‍ എഴുതിയെടുത്ത പ്രവചനങ്ങള്‍ ദേവാലയത്തിന്റെ അങ്കണത്തില്‍ ജനങ്ങളുടെ മുന്‍പാകെ ബാറൂക്ക് വായിച്ചതു കേട്ട് ഉദ്യോഗസ്ഥരില്‍ ചിലര്‍ പരിഭ്രാന്തരായില്‍. യഹോയാക്കീം രാജാവിനെ അറിയിക്കാന്‍ മാത്രം ഗൗരവമേറിയതാണ് ജെറമിയാക്ക് കിട്ടിയ അരുളപ്പാടെന്ന് കരുതിയ അവര്‍ ചുരുള്‍ ബാറൂക്കില്‍ നിന്ന് വങ്ങി. ശൈത്യകാലത്ത് കൊട്ടാരത്തില്‍ നെരിപ്പോടിനുമുന്‍പില്‍ തീകാഞ്ഞിരുന്ന രാജാവിനെ അവര്‍ ചുരുള്‍ വായിച്ചു കേള്‍പ്പിച്ചു. അദ്ദേഹം സന്ദേശം ഗൗരവമായെടുത്തില്ല. ചുരുളിലെ ഭാഗങ്ങള്‍ വായിച്ചുതീരുന്ന മുറയ്ക്ക് കത്തി കൊണ്ട് മുറിച്ച് നെരിപ്പോടിലിട്ടു കത്തിക്കുകയാണ് രാജാവ് ചെയ്തത്. ജെറമിയായേയും ബാറൂക്കിനേയും പിടികൂടാന്‍ യഹോയാക്കീം ശ്രമിച്ചെങ്കിലും അവര്‍ നേരത്തേ ഒളിവില്‍ പോയിരുന്നു.

[തിരുത്തുക] ജെറമിയ ബന്ധനത്തില്‍

ഇടയ്ക്ക് ഈജിപ്തിനെ നേരിടാനായി ബാബിലോണ്‍ സൈന്യം യെരുശലേമില്‍ നിന്ന് താല്‍ക്കാലികമായി പിന്മാറിയപ്പോള്‍, സ്വന്തം നാടായ ബെഞ്ചമിന്‍ ദേശത്തുചെന്ന് കുടുംബവിഹിതം ഏറ്റെടുക്കാനായി യെരുശലേം വിട്ടുപോകാന്‍ ശ്രമിച്ച ജെറമിയയെ, കൂറുമാറാന്‍ ശ്രമിച്ചു എന്നാരോപിച്ച് അധികാരികള്‍ പിടികൂടി, കൊട്ടാരം കാര്യദര്‍ശിയുടെ വീട്ടില്‍ തടവിലാക്കി. സെദക്കിയ രാജാവ് തടവില്‍ കിടന്ന പ്രവാചകനെ വിളിച്ചുവരുത്തി, "കര്‍ത്താവിന്റെ സന്ദേശം വല്ലതുമുണ്ടോ" എന്നനേഷിച്ചപ്പോള്‍ കിട്ടിയ മറുപടി ഇതായിരുന്നു: "ഉണ്ട്. നീ ബാബിലോണ്‍ രാജാവിന്റെ കയ്യില്‍ ഏല്പ്പിക്കപ്പെടും". ഏതായാലും കൊട്ടാരം കാര്യദര്‍ശിയുടെ വീട്ടില്‍ കഠിനതടവില്‍ നിന്ന് തന്നെ രക്ഷിക്കണമെന്ന പ്രവാചകന്റെ അപേക്ഷ മാനിച്ച്, കൊട്ടാരം അങ്കണത്തില്‍ തന്നെ അദ്ദേഹത്തെ കാവലില്‍ വയ്ക്കാന്‍ രാജാവ് ഉത്തരവായി. പട്ടണത്തിലെ അപ്പത്തിന്റെ ശേഖരം തീരുന്നതുവരെ ദിവസേന ഓരോ അപ്പം ജെറമിയാക്ക് ഭക്ഷണമായി കിട്ടി. കൊട്ടാരം അങ്കണത്തില്‍ തടവില്‍ കിടന്നും വിനാശത്തിന്റെ പ്രവചനം തുടര്‍ന്ന പ്രവാചകനെ അധികാരികള്‍ ഒരു പൊട്ടക്കിണറ്റില്‍ എറിഞ്ഞെങ്കിലും കൊട്ടാരത്തിലെ ഷണ്ഡന്മാരിലൊരാളുടെ അനുകമ്പ അദ്ദേഹത്തെ അങ്കണത്തിലെ പഴയ തടവില്‍ തിരികെയെത്തിച്ചു. വീണ്ടും കര്‍ത്താവിന്റെ സന്ദേശം അന്വേഷിച്ച രാജാവിനോട് ജെറമിയ വിനാശത്തിന്റെ പ്രവചനം തന്നെ കൂടുതല്‍ ശക്തിയിലും വിസ്താരത്തിലും ആവര്‍‍ത്തിച്ചു.

[തിരുത്തുക] യെരുശലേമിന്റെ പതനം

യെരുശലേമിന്റെ നാശത്തില്‍ വിലപിക്കുന്ന ജെറമിയ - റെംബ്രാന്‍ന്റിന്റെ രചന

യെരുശലേമിന്റെ പതനം വരെ കൊട്ടാരം അങ്കണത്തിലെ തടവില്‍ കഴിഞ്ഞ പ്രവാചകനെ അവിടന്ന് രക്ഷപെടുത്തിയത് ബാബിലോണ്‍ സൈന്യമാണ്. ജെറമിയായെ രക്ഷപെടുത്താനും, ആവശ്യപ്പെടുന്നതൊക്കെ ചെയ്തുകൊടുക്കാനും നെബുകദ്നെസ്സര്‍ കല്പിച്ചു. ബാബിലോണിലെ പ്രവാസത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ട ജെറമിയക്ക് ഇഷ്ടമുള്ളിടത്തു ജീവിക്കാം അനുവാദം കിട്ടി.

പട്ടണത്തിന്റെ പതനത്തെ തുടന്ന് അവിടന്ന് രക്ഷപെടാന്‍ ശ്രമിച്ച സെദക്കിയാ രാജാവിനേയും കുടുംബത്തേയും ബാബിലോണ്‍ സൈന്യം പിടികൂടി. സെദക്കിയായുടെ മക്കളെ അയാള്‍ നോക്കി നില്‍ക്കെ കൊല്ലാനും, കണ്ണ് ചുഴന്നുമാറ്റി അന്ധനാക്കപ്പെട്ട സെദക്കിയായെ തടവുകാരനായി ബാബിലോണിലേക്ക് കൊണ്ടുപോകാനും നെബുകദ്നെസ്സര്‍ ഉത്തരവിട്ടു.


നെബുകദ്നെസ്സര്‍, ഗദാലിയാ എന്നൊരാളെ, ബാബിലോണില്‍ പ്രവാസത്തിലേക്ക് കൊണ്ടുപോകപ്പെടാതെ യഹൂദായില്‍ അവശേഷിച്ചിരുന്നവര്‍ക്കുമേല്‍ ഭരണാധികാരിയായി നിയമിച്ചു. ബെഞ്ചമില്‍ ദേശത്തെ മിസ്പാ പട്ടണമായിരുന്നു ഗദാലിയായുടെ താവളം. നട്ടിന്‍ പുറത്ത് അവശേഷിച്ചിരുന്ന ചില പടത്തലവന്‍മാരും അവര്‍ക്കൊപ്പമുള്ളവരും ഗദാലിയയുടെ നിയമനവാര്‍ത്തയറിഞ്ഞ് മിസ്പായിലെത്തി. ഗദാലിയ അവര്‍ക്ക് സുര്‍ക്ഷ വാഗ്ദാനം ചെയ്തെങ്കിലും അവരില്‍ ചിലര്‍ ഇസ്മായേലിന്റെ നേതൃത്വത്തില്‍ ഗദാലിയായെ വധിച്ചു.

[തിരുത്തുക] ഈജിപ്തില്‍

താന്‍ നിയമിച്ച ഭരണാധികാരിയുടെ വധത്തോട് നെബുകദ്നെസ്സര്‍ എങ്ങനെ പ്രതികരിക്കുമെന്ന് അവശേഷിച്ചിരുന്നവര്‍ക്ക് ഭയമായി. ഈജിപ്തിലേക്ക് പലായനം ചെയ്യാന്‍ പദ്ധതിയിട്ട അവര്‍, അക്കാര്യത്തിലുള്ള ദൈവഹിതം അറിയാന്‍ ജെറമിയായോട് ആവശ്യപ്പെട്ടു. പ്രവാചകന് അരുളപ്പാട് കിട്ടിയത് പത്തു ദിവസം കഴിഞ്ഞാണ്. യഹൂദായില്‍ തങ്ങുന്നവരെ കര്‍ത്താവ് സം‌രക്ഷിച്ച് അഭിവൃദ്ധിപ്പെടുത്തുമെന്നും, ഈജിപ്തിലേക്കു പോകുന്നവരെ, അവര്‍ ഭയപ്പെട്ട ആപത്ത് പിന്തുടരുമെന്നുമായിരുന്നു സന്ദേശം. എന്നാല്‍ നേതാക്കന്മാര്‍ അത് വിശ്വസിച്ചില്ല. ജെറമിയായുടെ സഹായിയും കേട്ടെഴുത്തുകാരനുമായ ബാറൂക്കിന്റെ തന്ത്രമാണ് ഈ സന്ദേശത്തിനു പിന്നിലെന്ന് കരുതിയ അവര്‍, ഈജിപ്തിലേക്ക് പോകാന്‍ നിശ്ചയിക്കുകയും ജെറമിയായും ബാറൂക്കും ഉള്‍പ്പെടെയുള്ളവരെ ബലമായി കൂടെ കൊണ്ടുപോവുകയും ചെയ്തു.

ഈജിപ്തിലെത്തിയ ജെറമിയ അവിടെയും പ്രവചനം തുടര്‍ന്നു. ഈജിപ്തിലെ നഗരങ്ങളില്‍ പ്രവാസികളായിരുന്നവരെ യഹോവയോട് വിശ്വസ്ഥത പുലര്‍ത്താന്‍ പ്രേരിപ്പിക്കുകയായിരുന്നു അദ്ദേഹം. എന്നാല്‍ എന്നാല്‍ പ്രവാചകന്റെ സന്ദേശം പ്രവാസികള്‍ പൊതുവേ തള്ളിക്കളയുകയാണ് ചെയ്തത്.

[തിരുത്തുക] അന്യജനതകള്‍ക്കെതിരെ

(46:1 - 51:64)

നിലംപരിശാക്കപ്പെട്ട യെരുശലേമില്‍ വിലപിക്കുന്ന ജെറമിയ - മോസ്കോയിലെ ട്രെത്യാക്കോവ് ഗാലറിയിലെ ചിത്രം - കാലം ക്രി.വ.1870

ഈ വിഭാഗം തുടങ്ങുന്നത് ഈജിപ്തിന്റെ സാമ്രാജ്യമോഹത്തിന് അന്ത്യം കുറിച്ച് ബാബിലോണിയന്‍ മേധാവിത്വം ഉറപ്പിച്ച കാര്‍ക്കെമിഷിലെ യുദ്ധത്തിന്റെ വിവരണത്തോടെയാണ്. ഈജിപ്തിനെ വിമര്‍ശിച്ചുള്ള ഈ തുടക്കത്തിനു ശേഷം ഫിലിസ്തിയ, മൊവാബ്, അമ്മോന്‍, ഏദോം, ദമാസ്കസ്, കേദാര്‍, ഹാസോര്‍ ഏലാം എന്നീ ദേശങ്ങള്‍ക്കെതിരായ പ്രവചനങ്ങളാണ്. അവസാന ഭാഗം ബാബിലോണിന്റെ പതനത്തെക്കുറിച്ചും അതു വഴി സാധ്യമാകുന്ന എബ്രായരുടെ മോചനത്തെക്കുറിച്ചുമാണ്.

[തിരുത്തുക] ജെരുശലേമിന്റെ നാശം

(52:1 - 34)

ജെറമിയായുടെ പുസ്തകം 51-ആം അദ്ധ്യായം അവസാനിക്കുന്നത് ജെറമിയായുടെ വചനങ്ങള്‍ ഇവിടെ അവസാനിക്കുന്നു എന്ന വാക്യത്തോടെയാണ്. അതിനാല്‍, ഗ്രന്ഥത്തിലെ അവസാനത്തേതായ അന്‍പത്തി രണ്ടാം അദ്ധ്യായം പിന്നീട് കൂട്ടിച്ചേര്‍ക്കപ്പെട്ടതാണെന്ന് അനുമാനിക്കാം. ബാബിലോണിയന്‍ സേന യെരുശലേം നഗരത്തിന്റെ മതിലുകള്‍ ഇടിച്ചുനിരത്തുന്നതിന്റെയും നഗരവാസികളെ പ്രവാസികളായി ബാബിലോണിലേക്ക് കൊണ്ടുപോകുന്നതിന്റേയും, ദേവാലയം കൊള്ളയടിച്ചശേഷം നിലംപരിശാക്കുന്നതിന്റെയും വിവരണമാണ് ഈ അദ്ധ്യായത്തില്‍. ബന്ധിതനായി നേരത്തേ ബാബിലോണിലെത്തിയിരുന്ന യെഹോയാക്കിന്‍ രാജാവിനോട് (സെദെക്കിയായുടെ മുന്‍ഗാമി) ബാബിലോണിലെ അധികാരികള്‍ കരുണകാണിക്കുന്നതു വിവരിച്ചാണ് ഈ അദ്ധ്യായവും ഗ്രന്ഥവും സമാപിക്കുന്നത്.

[തിരുത്തുക] പ്രത്യാശയുടെ വചനങ്ങള്‍

തിന്മയും കഷ്ടതയും നിറഞ്ഞ നാളുകളില്‍ ദൈവഹിതത്തെക്കുറിച്ചുള്ള സ്വന്തം ബോധ്യങ്ങളില്‍ ഉറച്ചു നിന്ന് ദൈവകോപത്തിന്റേയും വിനാശത്തിന്റേയും പ്രവചനങ്ങള്‍ നടത്തിയ ജെറമിയ കരയുന്ന പ്രവാചകന്‍ എന്നറിയപ്പെടുന്നു. എന്നാല്‍ വിനാശത്തിന്റേയും ശാപത്തിന്റേയും വചനങ്ങള്‍ മാത്രമല്ല അദ്ദേഹം ഉരുവിട്ടത്. എബ്രായ പ്രവചനപാരമ്പര്യത്തിലെ ഏറ്റവും പ്രത്യാശാഭരിതമായ പ്രവചനങ്ങളില്‍ ചിലതും അദ്ദേഹത്തിന്റേതാണ്. ശാപത്തിന്റെ പ്രവചനങ്ങളിക്കിടയില്പ്പോലും ആശയുടെ ഈ സന്ദേശം കാണാം. മുപ്പത്തി ഒന്നാം അദ്ധ്യായത്തിലെ ഈ ഭാഗം ഉദാഹരണമാണ്:

ഇസ്രായേല്‍ ഗോത്രത്തോടും യൂദാ ഗോത്രത്തോടും ഞാന്‍ ഒരു പുതിയ ഉടമ്പടി ചെയ്യുന്ന ദിവസം ഇതാ വരുന്നു. ഞാന്‍ അവരെ കൈയ്ക്കു പിടിച്ച് ഈജ്പ്തില്‍ നിന്നു കൊണ്ടുവന്ന നാളില്‍ അവരുടെ പിതാക്കന്മാരോടു ചെയ്ത ഉടമ്പടിപോലെ ആയിരിക്കുകയില്ല അത്. ഞാന്‍ എന്റെ നിയമം അവരുടെ ഉള്ളില്‍ നിക്ഷേപിക്കും; അവരുടെ ഹൃദയത്തില്‍ എഴുതും. ഞാന്‍ അവരുടെ ദൈവവും അവര്‍ എന്റെ ജനവും ആയിരിക്കും. കര്‍ത്താവിനെ അറിയുക എന്ന് ഇനി ആരും സഹോദരനെയോ അയല്‍ക്കാരനെയോ പഠിപ്പിക്കേണ്ടിവരുകയില്ല. വലിപ്പച്ചെറുപ്പമില്ലാതെ എല്ലാവരും എന്ന അറിയും. അവരുടെ അകൃത്യത്തിനു ഞാന്‍ മാപ്പു നല്‍കും; അവരുടെ പാപം മനസ്സില്‍ വയ്ക്കുകയില്ല.[20]

യഹൂദരേയും ക്രിസ്ത്യാനികളേയും നൂറ്റാണ്ടുകളിലൂടെ എന്തെന്നില്ലാതെ സ്വാധീനിച്ചതാണ് ഏറെ ഉദ്ധരിക്കപ്പെട്ടിട്ടുള്ള ഈ പ്രവചനഭാഗം.[9] പ്രവാസത്തിലേക്ക് പോയ എബ്രായ ജനതക്ക് ഈ പ്രവചനം പ്രത്യാശയുടെ കിരണമായി.

[തിരുത്തുക] ചില പ്രത്യേകതകള്‍

ജര്‍മ്മനിയിലെ കോളോനിലെ മരിയന്‍ സ്തൂപത്തിനു ചുവട്ടിലുള്ള ജെറമിയായുടെ പ്രതിമ - കാലം ക്രി.വ. 1857

[തിരുത്തുക] എതിര്‍ പ്രവാചകന്മാര്‍

ഈ പ്രവചനഗ്രന്ഥത്തിന്റെ ഒരു പ്രത്യേകത ജെറമിയാക്ക് ബദലായി പ്രവചനം നിര്‍‍വഹിച്ചുകൊണ്ടിരുന്ന ഒരു പറ്റം പ്രവാചകന്മാരെപ്പറ്റി അതിലുള്ള പരാമര്‍ശങ്ങളാണ്. ജെറമിയാ ദൈവകോപത്തിന്റെയും വിനാശത്തിന്റേയും സന്ദേശം അവതരിപ്പിച്ചപ്പോള്‍ ഈ പ്രവാചകന്മാര്‍ സുരക്ഷയുടേയും അഭിവൃദ്ധിയുടേയും പ്രവചനങ്ങളാണ് നടത്തിയത്. എതിര്‍ പ്രവാചകന്മാരിലൊരാളായ ഹനനിയായുമായി ദേവാലയാങ്കണത്തില്‍ ജെറമിയ നാടകീയമായി ഏറ്റുമുട്ടുന്നു. ഒരേ ദൈവത്തിന്റെ നാമത്തില്‍ പ്രവചിച്ച രണ്ടു പ്രവാചകന്മാര്‍ തമ്മിലുള്ള ഈ ഏറ്റുമുട്ടല്‍ എബ്രായപ്രവാചകപാരമ്പര്യത്തിന്റെ ചരിത്രം പഠിക്കുന്നവര്‍ കൗതുകപൂര്‍വം ശ്രദ്ധിച്ചിട്ടുണ്ട്. പ്രവാചകന്മാരുടെ കാലത്ത് അവരുടെ ശ്രോതാക്കാളായിരുന്നവര്‍ക്ക് അവരുടെ മൊഴികളുടെ ആധികാരികത ഉറപ്പാക്കാന്‍‍ കഴിയുമായിരുന്നോ എന്ന ചോദ്യത്തിന് ഇത് ഇടയാക്കിയിട്ടുണ്ട്. "യെരുശലേമിന്റെ നാശം ജെറമിയാക്ക് പില്‍ക്കാലത്ത് ആധികാരികത നല്‍കിയില്ലായിരുന്നെങ്കില്‍ ഒരുപക്ഷേ ഇന്ന് വായിക്കാന്‍ കിട്ടുന്നത് ജെറമിയായുടേതിന് പകരം "ഹനനിയായുടെ പുസ്തകം" ആകുമായിരുന്നു" എന്നാണ് ഒരു നിരീക്ഷണം.[6] കേള്‍ക്കുന്നവരുടെ മനസ്സില്‍ വെല്ലുവിളിയാകാത്ത പ്രവചനങ്ങള്‍ ദൈവപ്രേരിതമല്ലെന്നും, പ്രവചിക്കുന്നവരുടെ ഭാവനാവിലാസം മാത്രമാണെന്നുമായിരുന്നു ജെറമിയായുടെ നിലപാട്.[6] [21]

[തിരുത്തുക] പ്രവൃ‍ത്തികളിലെ പ്രവചനം

വാക്കുകള്‍ ഉപയോഗിച്ചുള്ള പ്രവചനങ്ങള്‍ മാത്രമല്ല ജെറമിയ നടത്തിയത്. ഇസ്രായേലിന്റെ വര്‍ത്തമാന-ഭാവികളെക്കുറിച്ചുള്ള സന്ദേശങ്ങളില്‍ പലതും പ്രതീകാത്മകത നിറഞ്ഞ ചെയ്തികളിലൂടെയായിരുന്നു. കര്‍ത്താവിന്റെ ഉത്തരവില്‍ പ്രകാരം പ്രവാചകന്‍ അവിവാഹിതാവസ്ഥയില്‍ തുടര്‍ന്നതുതന്നെ, സന്താനങ്ങളുടെ പിറവി അഭികാമ്യമാകാതിരിക്കാന്‍ മാത്രം നിര്‍ഭാഗ്യകരമായ ഭാവിയാണ് ജനത്തെ കാത്തിരിക്കുന്നത് എന്ന് സൂചിപ്പിക്കാനാണ്.[22] ഹിന്നോന്‍ താഴ്വരയില്‍ വിളിച്ചുചേര്‍ത്ത ജനനേതാക്കള്‍ക്കുമുന്‍പില്‍ താന്‍ വാങ്ങിയ കളിമണ്‍ഭരണി തച്ചുടച്ചത് യഹൂദായെ കാത്തിരിക്കുന്ന തകര്‍ച്ച സൂചിപിക്കാനായിരുന്നു. [23] ഇസ്രായേലിന് സംഭവിക്കാനിരുന്ന അടിമത്തം സൂചിപ്പിക്കാന്‍ മറ്റൊരിക്കല്‍ ജെറമിയ കഴുത്തില്‍ മരം കൊണ്ടുള്ള നുകം പേറി നടന്നു. [24]


വിനാശത്തിന്റെ സന്ദേശം നല്‍കാന്‍ മാത്രമല്ല പ്രവാചകന്‍ ഈ വഴി അവലംബിച്ചത്. യെരുശലേം ബാബിലോണ്‍ സൈന്യത്തിന്റെ ഉപരോധത്തിലായിരിക്കെ, കൊട്ടാരം അങ്കണത്തിലെ തടവില്‍ കിടന്നിരുന്ന ജെറമിയ സ്വന്തം പട്ടണമായ അനത്തോത്തിലെ ബന്ധുക്കളിലൊരാള്‍ വില്‍ക്കാന്‍ തീരുമാനിച്ച ഭൂമി, പതിനേഴു വെള്ളിക്കാശ് കൊടുത്തു വാങ്ങി. സര്‍വനാശത്തിന്റെ നിഴലിലായ നാട്ടില്‍ ഭൂമി വാങ്ങാന്‍ പ്രവാചകന്‍ ഒരുങ്ങിയത് ജനങ്ങള്‍ ദേശത്ത് വീടുകളും, വയലുകളും, മുന്തിരിത്തോട്ടങ്ങളും വാങ്ങാന്‍ തയ്യാറാകുന്ന കാലം തിരിച്ചുവരുമെന്ന് സൂചിപ്പിക്കാനായിരുന്നു.[25]

[തിരുത്തുക] കേട്ടെഴുത്തുകാരന്‍

ജെറമിയായുടെ കേട്ടെഴുത്തുകാരന്‍ ബാറൂക്കിന്റെ പേരിലുള്ള ക്രി.മു. ഏഴാം നൂറ്റാണ്ടിലെ കളിമണ്‍ മുദ്ര.

ജെറമിയായുടെ പ്രവചനഗ്രന്ഥത്തിനുള്ള ഒരു പ്രത്യേകത പ്രവചനങ്ങളുടെ കേട്ടെഴുത്തുകാരനായി ഒരാള്‍ അതില്‍ പ്രത്യക്ഷപ്പെടുന്നുണ്ടെന്നതാണ്. കേട്ടെഴുത്തുകാരനും നേരിയായുടെ പുത്രനുമായ ബാറൂക് എന്നൊരാള്‍ ജെറമിയായുടെ കാലത്ത് ജീവിച്ചിരുന്നുവെന്നതിന് ബൈബിളിള്‍ നിന്നല്ലാതെയും സൂചന ലഭിച്ചിട്ടുണ്ട്. 1970-ല്‍ കണ്ടുകിട്ടി, പുരാവസ്തുവിജ്ഞാനി നഹ്‌മാന്‍ അവിഗാദ് തിരിച്ചറിഞ്ഞ്, ഇപ്പോള്‍ ഇസ്രായേല്‍ പുരാവസ്തുവിഭാഗത്തിന്റെ കൈവശമുള്ളതും മൂന്നില്‍-രണ്ടിഞ്ച് വ്യാസമുള്ളതുമായ കളിമണ്‍ മുദ്രയിലാണ് ആ സൂചന. ക്രി.മു. ഏഴാം നൂറ്റാണ്ട് അവസാനത്തേതായി കരുതപ്പെടുന്ന ആ മുദ്രയില്‍, "നീരിയാഹുവിന്റെ മകന്‍ കേട്ടെഴുത്തുകാരന്‍ ബെറഖ്യാഹുവിന്റെ വക" എന്ന് മൂന്നുവരികളിലായി എഴുതിയിരിക്കുന്നു. ബാബിലോണിലെ പ്രവാസത്തിനുമുന്‍പ് ഉപയോഗത്തിലിരുന്ന പഴയ എബ്രായ ലിപിയിലാണ് എഴുത്ത്. ബൈബിളിലെ ഒരു വ്യക്തി പരാമര്‍ശിക്കപ്പെടുന്ന അപൂര്‍വം സമകാലീന ബൈബിള്‍-ബാഹ്യരേഖകളില്‍ ഒന്നായി ഇത് കണക്കാക്കപ്പെടുന്നു.[6][3]

[തിരുത്തുക] രണ്ടു പാഠങ്ങള്‍

ജര്‍മ്മനിയിലെ പുരാതന നഗരമായ ഹെയില്‍ബ്രോണില്‍ ഒരു പഴയ വസതിയിലുള്ള ജെറമിയായുടെ രൂപം

ജെറമിയായുടെ പുസ്തകം പരമ്പരാഗതമായ രണ്ടു പാഠങ്ങളില്‍ ലഭ്യമാണ്. എബ്രായബൈബിളിന്റെ പാഠങ്ങളില്‍ ഏറ്റവും സ്വീകാര്യത കൈവരിച്ചിട്ടുള്ള മസോറട്ടിക് പാഠത്തിലുള്ള ജെറമിയായുടെ പുസ്തകം, പഴയനിയമത്തിന്റെ പ്രാചീന ഗ്രീക്ക് പരിഭാഷയായ സെപ്ത്വജിന്റിലെ പാഠത്തില്‍ നിന്ന് കാര്യമായി വ്യത്യാസപ്പെട്ടിരിക്കുന്നു. സെപ്ത്വജിന്റിലെ പാഠം മസോറെട്ടിക്ക് പാഠത്തേക്കാള്‍ എട്ടിലൊന്ന് വലിപ്പം കുറഞ്ഞതാണ്. മസോറെട്ടിക്കിലെ 2700-ഓളം വാക്കുകള്‍ സെപ്ത്വജിന്റില്‍ കുറവാണ് എന്ന് കണക്കാക്കപ്പെട്ടിട്ടുണ്ട്. രണ്ട് പാഠങ്ങളിലും ഗ്രന്ഥഭാഗങ്ങളുടെ ക്രമീകരണവും വ്യത്യസ്ഥമാണ്. ചാവുകടല്‍ ചുരുളുകളുടെ കണ്ടെത്തല്‍ ഈ പാഠവ്യത്യാസത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് വഴിതെളിച്ചു. ആ ഗ്രന്ഥശേഖരത്തിലുള്‍‍പ്പെട്ട് കണ്ടുകിട്ടിയ ജെറമിയായുടെ പുസ്തകത്തിന്റെ ശകലങ്ങള്‍ പലതും മസോറട്ടിക് പാഠം പിന്തുടരുന്നു. എന്നാല്‍ കുമ്രാനിലെ നാലാം ഗുഹയില്‍ നിന്ന് കിട്ടിയ ഒരു എബ്രായ ഭാഷ്യത്തിലെ പാഠപാരമ്പര്യം സെപ്ത്വജിന്റിലേതാണ്.


ഈ രണ്ടു പാഠപാരമ്പര്യങ്ങളില്‍ ഏതാണ് ജെറമിയായുടെ പുസ്തകത്തിന്റെ ആദിരൂപത്തോട് കൂടുതല്‍ അടുത്തിരിക്കുന്നതെന്ന കാര്യത്തില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായൈക്യമില്ല. ഇന്ന് ഏറെപ്പേരും കൂടുതല്‍ പൗരാണികതയുള്ള ശുദ്ധപാഠം സെപ്ത്വജിന്റിനു പിന്നിലുള്ളതാണെന്ന് കരുതുന്നു. ഈ വിശ്വാസമനുസരിച്ച്, മസോറട്ടുകള്‍ ആശ്രയിച്ച പാഠം പില്‍ക്കാലത്ത് വികസിപ്പിച്ചെഴുതിയ പുനരാഖ്യാനമാണ്.[6] [26]

[തിരുത്തുക] ജെറമിയ പില്‍ക്കാലങ്ങളില്‍

മൂന്നു വലിയ പ്രവാചകന്മാര്‍ എന്നറിയപ്പെടുന്ന ഏശയ്യാ, ജെറമിയ, എസെക്കിയേല്‍ എന്നിവര്‍, യഹൂദപ്രവാചകപാരമ്പര്യത്തിന്റെ ഉന്മാദ-വിഷാദ-ഭ്രാന്ത ഭാവങ്ങളെ പ്രതിനിധീകരിക്കുന്നെന്നും ജെറമിയാ വിഷാദഭാവത്തിന്റെ പ്രവാചകനാണെന്നും ജാക്ക് മൈല്‍സ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.[27] [ക] രാഷ്ട്രം വലിയ പ്രതിസന്ധിയെ നേരിടുമ്പോള്‍ തന്റെ വിധിവാചകങ്ങളും ശിക്ഷാപ്രവചനങ്ങളും വഴി ജനങ്ങളുടെ മനോവീര്യം കെടുത്തുകയാണ് അദ്ദേഹമെന്ന് മത-രാഷ്ടീയനേതൃത്വങ്ങള്‍ കരുതി. അതിനാല്‍ അദ്ദേഹത്തിന് ഒളിവിലും ബന്ധനത്തിലും പ്രവാസത്തിലും കാലംപോക്കേണ്ടി വന്നു. വിദേശാക്രമണഭീഷണിയെ നേരിട്ട യെരുശലേമില്‍ ജെറമിയായുടെ പെരുമാറ്റം, സാധാരണഗതിയില്‍ ഒരു ഭരണകൂടത്തിനും പൊറുക്കാനാവാത്ത തരത്തിലായിരുന്നെന്ന് ആധുനികകാലത്തും വിലയിരുത്തപ്പെട്ടിട്ടുണ്ട്. നെബുക്കദ്നെസ്സറിനോട് സമ്പൂര്‍ണ്ണവിധേയത്വം കാട്ടാന്‍‍ ജെറമിയ ആവശ്യപ്പെടുന്നത് വായിക്കുന്ന ആധുനിക വായനക്കാരന്‍ അദ്ദേഹം ബാബിലോണിന്റെ ശമ്പളം പറ്റിയിരുന്ന ചാരനായിരുന്നോയെന്നു സംശയിക്കുമെന്ന് വില്‍ ഡുറാന്റ് അഭിപ്രായപ്പെട്ടിട്ടുണ്ട്. [28][ഖ]


എന്നാല്‍ ചെറിയ രാജ്യവും ജനതയുമായ യൂദയാ ബാബിലോണിനെ ചെറുക്കാന്‍ ശ്രമിക്കുന്നത് ആത്മഹത്യാപരമായിരിക്കുമെന്ന ജെറമിയയുടെ നിലപാട് ശരിയായിരുന്നെന്ന് പിന്നീട് വ്യക്തമായി. ബാബിലോണിലെ പ്രവാസത്തിന് ജെറമിയ കല്പിച്ചത് എഴുപതുവര്‍ഷത്തെ ദൈര്‍ഘ്യമായിരുന്നു. [29] പ്രവാസത്തെക്കുറിച്ചുള്ള ഈ ദീര്‍ഘദര്‍ശനത്തിനൊപ്പം പ്രവാസികള്‍ക്ക് പ്രത്യാശനല്‍കാന്‍ പോന്ന ഒട്ടേറെ സന്ദേശങ്ങളും ആ പ്രവചനങ്ങളില്‍ ഉണ്ടായിരുന്നു. പ്രവാസികളോട് പരദേശത്തെ സാഹചര്യങ്ങളില്‍ കഴിയുന്നത്ര സമാധാനത്തിലുള്ള സാധാരണജീവിതം നയിക്കാനാണ് അദ്ദേഹം നിര്‍ദ്ദേശിച്ചത്. വീടുപണിത് അവയില്‍ വസിക്കുവാനും, തോട്ടങ്ങള്‍ നട്ടുപിടിപ്പിച്ച് ഫലം അനുഭവിക്കാനും, വിവാഹം കഴിച്ച് സന്താനങ്ങളെ ജനിപ്പിച്ച് വര്‍ദ്ധിച്ച് പെരുകാനും, വസിക്കുന്ന നഗരങ്ങളുടെ സമാധാനത്തിനുവേണ്ടി നിലകൊള്ളുവാനും, ആ നഗരങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുവാനും അദ്ദേഹം പ്രവാസികളോട് ആവശ്യപ്പെട്ടു. പ്രവാസത്തിലായിരിക്കുന്ന നഗരങ്ങളുടെ ക്ഷേമത്തെ ആശ്രയിച്ചാണ് പ്രവാസികളുടെ ക്ഷേമം എന്ന പ്രായോഗികന്യായമാണ് ഇതിന് പ്രവാചകന്‍ ഉന്നയിച്ചത്.[30]


യൂദയായുടെ ചരിത്രത്തിലെ ആ നിര്‍ണ്ണായകസന്ധിയെ സംബന്ധിച്ച ജെറമിയായുടെ നിലപാടുകളെ കാലം ശരിവച്ചുവെന്നത് ജെറമിയാക്ക് പില്‍ക്കാലങ്ങളില്‍ വലിയ സ്വീകാര്യത നേടിക്കൊടുത്തു. ബാബിലോണില്‍, യഹൂദജനതയുടെ ദേശീയബോധത്തെ നവീകരിക്കുന്നതില്‍ മുഴുകിയ പുതിയ നേതൃത്വം ആവേശത്തിന് ഉറ്റുനോക്കിയത് ജെറമിയയുടെ പ്രവചനങ്ങളിലേക്കാണ്. വ്യവസ്ഥാപിത നേതൃത്വത്തിന് അദ്ദേഹം 'ഔദ്യോഗിക' പ്രവാചകനായി [27] [ഗ]

[തിരുത്തുക] കുറിപ്പുകള്‍

ക. ^  Isaiah, Jeremiah and Ezekiel may be considered, respectively, the maniac, the depressive and the psychotic articulation of the prophetic message."


ഖ. ^  "...and advised such complete surrender to Nebuchadrezzar that the modern reader is tempted to wonder could Jeremiah have been a paid agent of Babylonia."


ഗ. ^ "Vilified during his lifetime, Jeremia became, after his death, something like the 'official' prophet of the sacerdotal establishment."

[തിരുത്തുക] അവലംബം

  1. Bible Stories for Kids - Jeremiah, the Weeping Prophet [1]
  2. Jeremiad - Merriam Webster Line [2]
  3. 3.0 3.1 3.2 Ancient Israel - A Short History from Abraham to the Roman Destruction of the Temple - Edited by Hershel Shanks
  4. Ancient Mesopotamia - Babylonian Campaigns - [3]
  5. University of Michigan Libraries - Historical Series for Bible Students, Vol-III - A History of the Jewish People During the Babylonian, Persian and Greek Periods by Charles Foster Kent - [4]
  6. 6.0 6.1 6.2 6.3 6.4 Jeremiah the Book of - Oxford Companion to the Bible-ല്‍ റോബര്‍ട്ട് ഡേവിഡ്സണ്‍ എഴുതിയ ലേഖനം
  7. ആമേരിക്കന്‍ ബൈബിള്‍ സൊസൈറ്റി പ്രസിദ്ധീകരിച്ച Good News Bible-ല്‍ ജെറമിയായുടെ പുസ്തകത്തിന്റെ അവതരണത്തില്‍ സൂചിപ്പിച്ചിരിക്കുന്ന വിഭജനമാണ് ഇവിടെ പിന്തുടരുന്നത്.
  8. റോബര്‍ട്ട് ആഡ്‌ലറും ഫ്രാങ്ക് കെന്മോഡും ചേര്‍ന്ന് സംശോധന ചെയ്ത The Literary Guide to the Bible-ല്‍ ജോയേല്‍ റോസന്‍ ബെര്‍ഗിന്റേതായി ചേര്‍ത്തിരിക്കുന്ന "ജെറമിയായും എസക്കിയേലും" എന്ന പ്രബന്ധത്തില്‍, "the most fully documented literary prophet in the Hebrew Bible" എന്ന് ജെറമിയയെ വിശേഷിപ്പിച്ചിരിക്കുന്നു.
  9. 9.0 9.1 Paths of Faith, Jonan A Hutchinson, Biblical sources of Monotheism
  10. ജെറമിയ 1:4-5
  11. ജെറമിയ 1:9-10
  12. ജെറമിയ 2:5
  13. ജെറമിയ 5:7-8
  14. ജെറമിയ 6:7
  15. ജെറമിയ 15:2
  16. ജെറമിയ 18:1-6
  17. ജെറമിയ 22:13, 18-19
  18. ജെറമിയ 20:7-9
  19. ജെറമിയ 20:14-18
  20. ജെറമിയ 31:31-34
  21. ജെറമിയ 14:14
  22. ജെറമിയ 16:1-9
  23. ജെറമിയ 19:1-15
  24. ജെറമിയ 27:1-28‌:17
  25. ജെറമിയ 32:1-15
  26. A Commentary on the Holy Bible by Various Writers - Edited by The Rev. J.R. Dummelow, Queen's College, Cambridge
  27. 27.0 27.1 God a Biography(Chapter-7), Jack Miles
  28. Will Durant - Our Oriental Heritage, Judea.
  29. ജെറമിയ 25:11; 29:10
  30. ജെറമിയ 29:5-8
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം