മൈക്കെലാഞ്ജലോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മൈക്കലാഞ്ചലോ ഡി ലോഡോവികോ ബുഓണറോട്ടി സിമോണി
Michelango Portrait by Volterra.jpg
മൈക്കലാഞ്ചലോയുടെ രേഖാചിത്രം - ഡാനിയേല്‍ ദ വോള്‍ട്ടേരായുടെ രചന
ജനനപ്പേര് മൈക്കലാഞ്ചലോ ഡി ലോഡോവികോ ബുഓണറോട്ടി സിമോണി
ജനനം മാര്‍ച്ച് 6 1475(1475-03-06)
ഇറ്റലിയില്‍ ടസ്ക്കനിയില്‍ പെട്ട കപ്രസെയിലെ അരെസ്സോ എന്ന സ്ഥലത്തിനടുത്ത്
മരണം ഫെബ്രുവരി 18 1564 (പ്രായം 88)
റോം
പൗരത്വം ഇറ്റലി
രംഗം ശില്പി, ചിത്രകാരന്‍, നിര്‍മ്മാതാവ്, കവി
പരിശീലനം ഡൊമെനിക്കോ ഗിര്‍ലാന്‍ഡായോയുടെ കീഴില്‍ പരിശീലനം നേടി.[1]
പ്രസ്ഥാനം ഇറ്റാലിയന്‍ നവോത്ഥാനം

മൈക്കലാഞ്ചലോ എന്ന ഒറ്റപ്പേരില്‍ സാധാരണ അറിയപ്പെടുന്ന മൈക്കലാഞ്ചലോ ഡി ലോഡോവികോ ബുഓണറോട്ടി സിമോണി (മാര്‍ച്ച് 6, 1475 - മാര്‍ച്ച് 18, 1564) ഇറ്റാലിയന്‍ ശില്‍‌പിയും ചിത്രകാരനും കവിയും നിര്‍മ്മാണവിദഗ്ധനും ആയിരുന്നു. കലയുടെ ലോകത്തിനപ്പുറത്ത് കാര്യമായി വ്യാപരിക്കാതിരുന്നിട്ടും, താന്‍ തെരഞ്ഞെടുത്ത മേഖലയുടെ വിവിധ ശാഖകളില്‍ പ്രകടിപ്പിച്ച പ്രതിഭാവൈവിദ്ധ്യവും (versatility) തികവും കണക്കിലെടുത്ത്, അദ്ദേഹത്തെ തന്റെ സമകാലീനവും എതിരാളിയും മറ്റൊരു ഇറ്റലിക്കാരനുമായിരുന്ന ലിയോനാര്‍ഡോ ഡാവിഞ്ചിക്കൊപ്പം, തികവുറ്റ രണ്ടു നവോത്ഥാനനായകന്മാരില്‍ ഒരാളായി പരിഗണിച്ചുവരുന്നു.


ദീര്‍ഘമായ ജീവിതത്തിനിടെ വിവിധരംഗങ്ങളില്‍ മൈക്കലാഞ്ചലോ നല്‍കിയ സംഭാവനകള്‍ക്ക് കണക്കില്ല; അദ്ദേഹത്തിന്റേതായും അദ്ദേഹത്തെക്കുറിച്ചും ഉള്ള കരടുകളുടേയും കത്തിടപാടുകളുടേയും സ്മരണകളുടേയും ബഹുലതകൂടി കണക്കിലെടുത്താല്‍, പതിനാറാം നൂറ്റാണ്ടിലെ കലാനായകന്മാരില്‍ ഏറ്റവുമേറെ രേഖകള്‍ അവശേഷിപ്പിച്ചുപോയത് അദ്ദേഹമായിരിക്കും. അദ്ദേഹത്തിന്റെ രണ്ട് ഏറ്റവും പ്രശസ്തസൃഷ്ടികളായ പ്യേത്താ, ദാവീദ് എന്നിവ, മുപ്പതുവയസ്സ് തികയുന്നതിനുമുന്‍പ് പൂര്‍ത്തിയാക്കപ്പെട്ടവയാണ്. ചിത്രകലയെക്കുറിച്ച് കാര്യമായ മതിപ്പ് പ്രകടിപ്പിക്കാതിരുന്ന മൈക്കലാഞ്ചലോ, റോമിലെ സിസ്റ്റൈന്‍ ചാപലിന്റെ മച്ചിന്മേല്‍ ബൈബിളിലെ സൃഷ്ടിയുടെ കഥയും, ചുവരിന്മേല്‍ ക്രൈസ്തവസങ്കല്പത്തിലെ അന്ത്യവിധിരംഗങ്ങളും വരച്ചുചേര്‍ത്ത് അനശ്വരനായി. പാശ്ചാത്യകലയുടെ ചരിത്രത്തെ ഏറ്റവുമേറെ സ്വാധീനിച്ച രണ്ടു ചുവര്‍ ചിത്രങ്ങളാണവ. ജീവിതാവസാനത്തോടടുത്ത് റോമില്‍ തന്നെയുള്ള പത്രോസിന്റെ ബസിലിക്കായുടെ താഴികക്കുടം അദ്ദേഹം രൂപകല്പന ചെയ്തു.

ജീവിച്ചിരിക്കുമ്പോള്‍ തന്നെ ജീവചരിത്രം എഴുതപ്പെട്ട ആദ്യത്തെ പാശ്ചാത്യകലാകാരനാണ് അദ്ദേഹമെന്നത് മൈക്കല്‍ ആഞ്ചലോയുടെ വിശേഷസ്ഥാനത്തിന് തെളിവാണ്.[2] രണ്ടു ജീവചരിത്രങ്ങളാണ് അക്കാലത്ത് എഴുതപ്പെട്ടത്; നവോത്ഥാനാരംഭം മുതല്‍ കലയുടെ ലോകം കൈവരിച്ച നേട്ടങ്ങളുടെ പരകോടിയായാണ് ആ ജീവചരിത്രങ്ങളിലൊന്നില്‍ ഗിയോര്‍ഗിയോ വാസാരി മൈക്കല്‍ ആഞ്ചലോയെ ചിത്രീകരിച്ചത്. ഈ നിലപാട് കലാചരിത്രകാരന്മാര്‍ നൂറ്റാണ്ടുകളോളം പിന്തുടര്‍ന്നു. ജീവിതകാലത്ത് അദ്ദേഹം ദൈവികന്‍(Il Divino) എന്നുപോലും വിളിക്കപ്പെട്ടിരുന്നു.[3] അദ്ദേഹത്തിന്‍റെ കലയുടെ ഗാംഭീര്യമാണ് സമകാലീനര്‍ ഏറ്റവും ആദരിച്ചത്. അദ്ദേഹത്തിന്റെ തീവ്രവും വ്യക്തിനിഷ്ടവുമായ ശൈലിയെ അനുകരിക്കാനുള്ള അനന്തരഗാമികളുടെ ശ്രമമാണ് പാശ്ചാത്യകലയില്‍ നാവോത്ഥാനപരകോടിയെ പിന്തുടര്‍ന്നുണ്ടായ മാനറിസം എന്ന പ്രസ്ഥാനത്തിനു കാരണമായത്.

ഉള്ളടക്കം

[തിരുത്തുക] ജീവിതം

[തിരുത്തുക] തുടക്കം

ഫ്ലോറന്‍സിലെ ഉഫീസി സംഗ്രഹാലയത്തിനു മുന്‍പിലുള്ള മൈക്കെലാഞ്ചലോയുടെ പ്രതിമ

1475 മാര്‍ച്ച് 6-ന് [ക] ഇറ്റലിയില്‍ ടസ്ക്കനിയില്‍ പെട്ട കപ്രസെയിലെ അരെസ്സോ എന്ന സ്ഥലത്തിനടുത്താണ് മൈക്കലാഞ്ചലോ ജനിച്ചത്[4]കുടുംബം പലതലമുറകളിലായി ഫ്ലോറന്‍സിലെ ഇടത്തരം പണമിടപാടുകാരായിരുന്നു. എന്നാല്‍ മൈക്കലാഞ്ചലോയുടെ പിതാവ് ലൊഡോവിഷ്യോ ദി ലിയൊനാര്‍ഡോ ദി ബ്യൂനറോട്ടി ദി സിമോണി, ബാങ്കിന്റെ സാമ്പത്തികഭദ്രത നിലനിര്‍ത്തുന്നതില്‍ പരാജയപ്പെട്ടതിനാല്‍ ഇടക്കിടെയുള്ള സര്‍ക്കാര്‍ ഉദ്യോഗത്തെയാണ് ആശ്രയിച്ചത്.[2] മൈക്കലാഞ്ചലോയുടെ ജനനസമയത്ത് പിതാവ്, കാപ്രെസേ എന്ന ചെറുപട്ടണത്തിലെ മജിസ്ട്രേട്ടും ചിയൂസിയിലെ പ്രദേശാധികാരിയുമായിരുന്നു. ഫ്രാന്‍സെസ്കാ ദി നേരി ദെല്‍ മിനിയാറ്റോ ദി സിയേനാ ആയിരുന്നു അമ്മ.[5] പിതാവിന്റെ കുടുംബം കനോസയിലെ പ്രസിദ്ധയായ മാത്തില്‍ഡെ പ്രഭ്വിയുടെ പിന്തുടര്‍ച്ചക്കാരെന്ന് അവകാശപ്പെട്ടിരുന്നു; ഈ അവകാശവാദം തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലും മൈക്കലാഞ്ചലോ തന്നെ അത് വിശ്വസിച്ചിരുന്നു.[6] മൈക്കലാഞ്ചലോയുടെ ജനനത്തിന് കുറേ മാസങ്ങള്‍ക്കുശേഷം കുടുംബം ഫ്ലോറന്‍സിലേക്കു മടങ്ങി. മൈക്കലാഞ്ചലോ വളര്‍ന്നത് അവിടെയാണ്. മൈക്കലാഞ്ചലോയുടെ പിതാവിന് സെറ്റിനാനോ എന്ന പട്ടണത്തില്‍ ഒരു മാര്‍ബിള്‍ഖനിയും കൃഷിയിടവും ഉണ്ടായിരുന്നു. പില്‍ക്കാലത്ത് അമ്മയുടെ ദീര്‍ഘമായ രോഗാവസ്ഥയുടേയും മരണത്തിന്റേയും സമയത്ത്, ഏഴുവയസ്സുള്ള മൈക്കലാഞ്ചലോ , അവിടെ ഒരു കല്പ്പണിക്കാരന്റെ കുടുംബത്തില്‍ താമസിച്ചു.[5] തന്നില്‍ എന്തെങ്കിലും നന്മയുണ്ടെങ്കില്‍ താന്‍ ജനിച്ച അരെസ്സോയിലെ ശാലീനസാഹചര്യത്തില്‍ നിന്ന് കിട്ടിയതാണെന്ന് മൈക്കലാഞ്ചലോ പറഞ്ഞതായി ജീവചരിത്രകാരന്‍ ഗിയോര്‍ഗിയോ വാസാറി രേഖപ്പെടുത്തിയിട്ടുണ്ട്. പോറ്റമ്മയുടെ മുലപ്പാലിനൊപ്പം, പിന്നീട് ശില്പവിദ്യയില്‍ തന്റെ ഉപകരണങ്ങളായിത്തീര്‍ന്ന ഉളിയും ചുറ്റികയും കൈകാര്യം ചെയ്യാന്‍ താന്‍ പരിശീലിച്ചതായും അദ്ദേഹം പറഞ്ഞു.[4]


ബാലനായ മൈക്കലാഞ്ചലോയെ, ഫ്ലോറന്‍സിലെ ഫ്രാന്‍സെസ്കോ ഡ ഉര്‍ബിനോ എന്ന മാനവികതാവാദിയുടെ(Humanist) അടുത്ത് പിതാവ് പ്രാരംഭവിദ്യാഭ്യാസത്തിനയച്ചു.[7][4][ഖ] എന്നാല്‍ കലാകാരനായ മൈക്കലാഞ്ചലോ സ്കൂള്‍ വിദ്യാഭ്യാസത്തില്‍ താത്പര്യം കാട്ടിയില്ല. പള്ളികളിലെ ചിത്രങ്ങള്‍ പകര്‍ത്തിയും ചിത്രകാരന്മാരുടെ ചങ്ങാത്തം നേടിയുമാണ് അദ്ദേഹം സമയം പോക്കിയത്.[7]പതിമൂന്നാം വയസ്സില്‍ മൈക്കലാഞ്ചലോ, ഡൊമിനിക്കോ ഘിര്‍ലാന്‍ഡയോ എന്ന ചിത്രകാരന്റെ കീഴില്‍ പരിശീലനത്തിനു ചേര്‍ന്നു.[1][8] പതിനാലുവയസ്സുമാത്രമുള്ള മൈക്കലാഞ്ചലോക്ക്, പരിശീലനകാലത്തുതന്നെ കലാകാരനെന്ന നിലയില്‍ പ്രതിഫലം കൊടുക്കണമെന്ന പിതാവിന്റെ ആവശ്യം, ഘിര്‍ലാന്‍ഡയോക്ക് സമ്മതിക്കേണ്ടിവന്നു. അക്കാലത്ത് അത് തീരെ പതിവില്ലാത്തതായിരുന്നു. [9] 1489-ല്‍ മെഡിസിയിലെ ലോറെന്‍സോ ഏറ്റവും നല്ല രണ്ടു ശിഷ്യന്മാരുടെ സേവനം വിട്ടുതരാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഘിര്‍ലാന്‍ഡയോ അയച്ചത് മൈക്കലാഞ്ചലോയെയും ഫ്രാന്‍സെസ്കോ ഗ്രനാച്ചിയേയും ആണ്. [10] മൈക്കെലാഞ്ചലോയുടെ പ്രതിഭ ബോദ്ധ്യമായ ലോറന്‍സോ മെഡിച്ചി അദ്ദേഹത്തിന്റെ തന്റെ വീട്ടില്‍ താമസിപ്പിക്കുകയും ഒരു മകനോടെന്നപോലെ പെരുമാറുകയും ചെയ്തു. സന്തോഷകരമായ അക്കാലത്ത് അദ്ദേഹത്തിന് ഒരു തിക്താനുഭവവും ഉണ്ടായി. പിയെട്രോ ടോറിഗിയാനോയുമായുണ്ടായ വാഗ്വാദമായിരുന്നു അത്. അരിശം വന്ന പിയെട്രോയുടെ മുഷ്ടിപ്രയോഗത്തില്‍ മൈക്കെലാഞ്ചലോയുടെ മൂക്കിന്റെ പാലം തകര്‍ന്നു. അവശേഷിച്ച ജീവിതകാലമത്രയും അദ്ദേഹം ആ കലഹത്തിന്റെ തെളിവ് മുഖത്ത് കൊണ്ടുനടന്നു.[11] 1490 മുതല്‍ 1492 വരെ മൈക്കലാഞ്ചലോ, നവപ്ലേറ്റോണിക മാതൃകയില്‍ ലോറെന്‍സോ മെഡിച്ചി സ്ഥാപിച്ചിരുന്ന മാനവീയ അക്കാദമിയിലെ വിദ്യാര്‍ഥിയായിരുന്നു. ബെര്‍ട്ടോള്‍ഡോ ദി ഗിയോവാന്നിയുടെ കീഴില്‍ അദ്ദേഹം ശില്പവിദ്യയും അഭ്യസിച്ചു. അക്കാദമിയില്‍ മൈക്കലാഞ്ചലോയുടെ വീക്ഷണവും കലയും അക്കാലത്തെ പ്രധാനചിന്താവ്യവസ്ഥകളുടേയും, മാര്‍സിലിയൊ ഫിസിനോ, പിക്കോ ദെല്ലാ മിരാന്ദോല, അഞ്ചെലോ പോളിസിയാനോ തുടങ്ങിയ എഴുത്തുകാരുടേയും സ്വാധീനത്തില്‍ വന്നു.[12] അക്കാലത്താണ് മൈക്കലാഞ്ചലോ പടികളിലെ മാതാവ്(Madonna of the Steps)(1490–1492) അശ്വമനുഷ്യരുടെ യുദ്ധം (Battle of the Centaurs)(1491–1492) തുടങ്ങിയ ശില്പങ്ങള്‍ തീര്‍ത്തത്. ഇവയിലെ രണ്ടാമത്തേത് പോളിസിയാനോ നിര്‍ദ്ദേശിച്ച വിഷയത്തെ ആധാരമാക്കി ലോറന്‍സോ മെഡിച്ചിക്കു വേണ്ടി നിര്‍മ്മിച്ചതാണ്.[13]

[തിരുത്തുക] യൗവ്വനാരംഭം

ജാക്കോപിനോ ഡെല്‍ കണ്ടി(1510-98) വരച്ച മൈക്കെലാഞ്ചലോയുടെ ചിത്രം

1492 ഏപ്രില്‍ 8-ന് ലോറെന്‍സോ മെഡിച്ചി മരിച്ചതിനെ തുടര്‍ന്ന് മൈക്കലാഞ്ചലോയുടെ ചുറ്റുപാടുകള്‍ മാറി.[14] മെഡിസിയുടെ കൊട്ടാരത്തിലെ സുരക്ഷവിട്ട് അദ്ദേഹം പിതാവിന്റെ വീട്ടിലേക്കു മടങ്ങി. തുടര്‍ന്നുവന്ന മാസങ്ങളില്‍ ഫ്ലോറന്‍സിലെ പരിശുദ്ധാത്മാവിന്റെ പള്ളിയിലെ പ്രിയോറിന് സമ്മാനിക്കാനായി, അദ്ദേഹം തടിയില്‍ ഒരു ക്രൂശിതരൂപം കൊത്തിയുണ്ടാക്കി. മനുഷ്യശരീരഘടനയുടെ പഠനത്തിനു പള്ളിയുടെ കീഴിലുള്ള ആസ്പത്രിയിലെ ശവങ്ങള്‍ ഉപയോഗിക്കാന്‍ പ്രിയോര്‍ മൈക്കലാഞ്ചലോയെ അനുവദിച്ചിരുന്നു.[15] 1493-നും 1494-നും ഇടക്ക് ഹെര്‍ക്കുലീസിന്റെ ഒരു ബൃഹദ്കായപ്രതിമക്കുവേണ്ടിയുള്ള മാര്‍ബിള്‍പ്പാളി അദ്ദേഹം വാങ്ങി. നിര്‍മ്മാണത്തിനുശേഷം ഫ്രാന്‍സിലേക്കയച്ച ആ പ്രതിമ, ക്രി.വ. 1700-നടുത്ത് അപ്രത്യക്ഷമാവുകയാണുണ്ടായത്.[13][c] 1494 ജനുവരി 20-ന് കനത്ത ഹിമപാതമുണ്ടായപ്പോള്‍ ലോറന്‍സോയുടെ പിന്‍ഗാമിയായ പിയെറൊ ദി മെഡിച്ചി ഒരു ഹിമപ്രതിമയുണ്ടാക്കുന്ന പണിയേല്‍പ്പിച്ചതോടെ മൈക്കലാഞ്ചലോ മെഡിച്ചികളുടെ കീഴിലുള്ള ഉദ്യോഗത്തില്‍ വീണ്ടും പ്രവേശിച്ചു.


അതേവര്‍ഷം തന്നെ സവൊനരോളയുടെ ഉയര്‍ച്ചയെ തുടര്‍ന്ന് മെഡിച്ചിമാര്‍ ഫ്ലോറന്‍സില്‍ നിന്ന് ബഹിഷ്കൃതരായി. അതുമായി ബന്ധപ്പെട്ട രാഷ്ട്രീയ കോളിളക്കങ്ങള്‍ അവസാനിക്കുന്നതിനുമുന്‍പേ ഫ്ലോറന്‍സുവിട്ട മൈക്കലാഞ്ചലോ, ആദ്യം വെനീസിലേക്കും തുടര്‍ന്ന് ബൊളോഞ്ഞായിലേക്കും പോയി. [14] ബൊളോഞ്ഞായില്‍ നിര്‍മ്മിച്ചുകൊണ്ടിരുന്ന വിശുദ്ധ ഡോമിനിക്കിന്റെ ദേവാലയത്തിലെ അവസാനത്തെ കൊത്തുരൂപങ്ങളുടെ ചുമതല അദ്ദേഹത്തിനുകിട്ടി. 1494 അവസാനമായപ്പോള്‍, ഫ്ലോറന്‍സിലെ രാഷ്ട്രീയസാഹചര്യങ്ങള്‍ തണുത്തു. നേരത്തേ ഫ്രഞ്ച് ആക്രമണത്തിന്റെ ഭീഷണിയെ നേരിട്ടിരുന്ന ഫ്ലോറന്‍സിന്, ഫ്രാന്‍സിലെ ചാള്‍സ് എട്ടാമന്‍ രാജാവിന് തുടരെ തുടരെയായുണ്ടായ സൈനികപരാജയങ്ങള്‍ മൂലം ഭീഷണി ഇല്ലാതായി. ഫ്ലോറന്‍സിലേക്ക് മടങ്ങിയ മൈക്കലാഞ്ചലോയെ സവൊനരോളയുടെ പുതിയ ഭരണം ജോലിയൊന്നും ഏല്പിച്ചില്ല. അദ്ദേഹം മെഡിച്ചിമാരുടെ സേവനത്തിലേക്ക് മടങ്ങി.[16] ഫ്ലോറന്‍സില്‍ കഴിഞ്ഞ ആറുമാസക്കാലം മൈക്കെലാഞ്ചലോ രണ്ടുചെറിയ ശില്പങ്ങളുടെ പണിയില്‍ ഏര്‍പ്പെട്ടു. ശിശുവായ സ്നാപകയോഹന്നാന്റേയും ഉറങ്ങുന്ന പ്രേമദേവന്റേയും(Sleeping Cupid) ശില്പങ്ങളായിരുന്നു അവ. കോണ്‍ഡിവി പറയുന്നത്, സ്നാപകയോഹന്നാന്റെ ശില്പം ഏര്‍പ്പാടാക്കിയ പിയേര്‍ഫ്രാന്‍സെസ്കോ മെഡിസി, അതിന് മണ്ണിനടിയില്‍ നിന്ന് കുഴിച്ചെടുത്തതുപോലെയുള്ള രൂപം നല്‍കാന്‍ ആവശ്യപ്പെട്ടെന്നാണ്. അതിനെ ഒരു പുരാതനശില്പമെന്നമട്ടില്‍ റോമില്‍, കൂടിയ വിലക്ക് വില്‍ക്കുകയായിരുന്നു ലക്‌ഷ്യം. എന്നാല്‍ മെഡിസിയേയും മൈക്കല്‍ അഞ്ചലോയേയും ഇക്കാര്യത്തില്‍ ഒരിടനിലക്കാരന്‍ വഞ്ചിച്ചു. ശില്പം വിലക്കുവാങ്ങിയ കര്‍ദ്ദിനാള്‍ റഫേലാ റിയാരിയോക്ക് തട്ടിപ്പ് മനസ്സിലായെങ്കിലും ശില്പത്തിന്റെ കലാഗുണം അംഗീകരിച്ച അദ്ദേഹം നിര്‍മ്മാതാവിനെ റോമിലേക്കു ക്ഷണിച്ചു.[17]തന്റെ ശില്പം അന്യനാട്ടില്‍ വിറ്റഴിക്കാനായതിന്റെ സന്തോഷവും ഫ്ലോറന്‍സിലെ യാഥാസ്ഥിതികസാഹചര്യങ്ങളും റോമിലേക്കുള്ള ക്ഷണം സ്വീകരിക്കാന്‍ മൈക്കലാഞ്ചലോയെ പ്രേരിപ്പിച്ചിട്ടുണ്ടാകാം.[16]

[തിരുത്തുക] സൃഷ്ടികള്‍

[തിരുത്തുക] ബാക്കസ്

1946 ജൂണ്‍ മാസം ഇരുപത്തിയഞ്ചാം തിയതി, 21 വയസ്സുള്ളപ്പോള്‍ മൈക്കെലാഞ്ചലോ റോമിലെത്തി.[18] അതേവര്‍ഷം ജൂലൈ 4-ന്, കര്‍ദ്ദിനാള്‍ റഫേലോ റിയാറിയോയുടെ നിയോഗപ്രകാരം അദ്ദേഹം റോമന്‍ സങ്കല്പത്തിലെ വീഞ്ഞിന്റെ ദേവനായ ബാക്കസിന്റെ ബൃഹദ്കായപ്രതിമ നിര്‍മ്മിക്കാന്‍ തുടങ്ങി. വീഞ്ഞിന്റെ ദേവനെ ഉന്മത്തനായ അവസ്ഥയിലും ഉടലിനൊത്ത വലിപ്പമില്ലാത്ത തലയോടുകൂടിയുമാണ് മൈക്കെലാഞ്ചലോ സൃഷ്ടിച്ചത്. സ്ത്രീപുരുഷഭാവങ്ങള്‍ ചേര്‍ന്നതെങ്കിലും ഉടല്‍ സുന്ദരമായിരുന്നു. നിര്‍മ്മാണം പൂര്‍ത്തിയായ ശില്പം കര്‍ദ്ദിനാളിനു സ്വീകാര്യമായില്ല. ഒടുവില്‍ ബാങ്ക് ഇടപാടുകാരനായ ജാകോപ്പോ ഗാലിയുടെ കൈവശം ചെന്നുചേര്‍ന്ന അത് അദ്ദേഹത്തിന്റെ ഉദ്യാനത്തെ അലങ്കരിച്ചു. ഇപ്പോള്‍ ഈ ശില്പം ഫ്ലോറന്‍സിലെ ബാര്‍ഗെല്ലോ മ്യൂസിയത്തിലാണ്.[11]

[തിരുത്തുക] പ്യേത്താ

മൈക്കലാഞ്ചലോയുടെ പ്യേത്താ - കുരിശില്‍ നിന്നിറക്കിയ യേശുവിന്റെ മൃതശരീരത്തെ അമ്മ മറിയം മടിയില്‍ കിടത്തിയിരിക്കുന്നതായി ചിത്രീകരിച്ചിരിക്കുന്ന ഈ ശില്പം 1499-ല്‍ കൊത്തിയുണ്ടാക്കിയതാണ്. അത് നിര്‍മ്മിക്കുമ്പോള്‍ മൈക്കലാഞ്ചലോക്ക് 24 വയസ്സേ ഉണ്ടായിരുന്നുള്ളു.


1497 നവംബര്‍ മാസം വത്തിക്കാനിലെ ഫ്രഞ്ച് സ്ഥാനപതി മൈക്കലാഞ്ചലോക്ക് അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്ത സൃഷ്ടികളിലൊന്നായ പ്യേത്തായുടെ നിയോഗം നല്‍കി. അടുത്തവര്‍ഷം ആഗസ്റ്റിലാണ് അതിനുള്ള ഉടമ്പടിയില്‍ എത്തിച്ചേര്‍ന്നത്. 450 'ഡക്കറ്റ്' പ്രതിഫലത്തിന് ഒരുവര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണം എന്നായിരുന്നു വ്യവസ്ഥ. ഇപ്പോള്‍ റോമിലെ പത്രോസിന്റെ ബസിലിക്കായിലുള്ള ഈ ശില്പത്തിലും ചില കുറവുകള്‍ ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. ഒന്ന് മാതാവിന്റെ വസ്ത്രാലങ്കാരത്തിലെ ധാരാളിത്തമാണ്. അവരുടെ തല ചെറുതാണ്. മടിയില്‍ കിടക്കുന്ന മകനേക്കാള്‍ പ്രായക്കുറവാണ് അവരുടെ മുഖത്ത് കാണുന്നത്. നിത്യകന്യകയായ മറിയം ദൈവപരിപാലനയാല്‍ നിത്യയൗവ്വനം നിലനിര്‍ത്തിയിരുന്നുവെന്നാണ് ഈ വിമര്‍ശനത്തിന് മൈക്കെലാഞ്ചലോ കൊടുത്ത മറുപടി.[11]


കുറുവുകള്‍ ചൂണ്ടിക്കാട്ടാനായേക്കുമെങ്കിലും മൊത്തത്തിലെടുത്താല്‍ അസാമാന്യശക്തിയുള്ളൊരു ശില്പമായി പിയെത്താ പരിഗണിക്കപ്പെട്ടുവരുന്നു. അക്കാലത്ത് അത് "ശില്പവിദ്യയുടെ എല്ലാ സാധ്യതകളുടേയും ശക്തിയുടേയും പ്രകടനം" എന്ന് വിലയിരുത്തപ്പെട്ടു. അതിനുലഭിച്ച പുകഴ്ചയെ മൈക്കെലാഞ്ചലോയുടെ ജീവചരിത്രകാരന്‍ വസാരി ഇങ്ങനെ സംക്ഷേപിച്ചിരിക്കുന്നു: "രൂപരഹിതമായ ഒരു ശിലാഖണ്ഡത്തെ മാംസരൂപത്തില്‍ പ്രകൃതിക്ക് എത്തിച്ചേരാനാകാത്ത പൂര്‍ണ്ണതയാക്കി മാറ്റുകയെന്നത് തീര്‍ച്ചയായും അതിശയകരമായിരുന്നു."

[തിരുത്തുക] ദാവീദ്

The 1504-ല്‍ പൂര്‍ത്തിയായ മൈക്കെല്‍ ആഞ്ചലോയുടെ ദാവീദ്, നവോത്ഥാനകാലത്തെ ഏറ്റവും പ്രസിദ്ധമായ ശില്പങ്ങളിലൊന്നാണ്.


1499–1501 കാലത്ത് മൈക്കാലാഞ്ചലോ ഫ്ലോറന്‍സിലേക്കു മടങ്ങി. നവോത്ഥാനവിരുദ്ധ പുരോഹിതനായിരുന്ന സവൊനരോളയുടെ പതനത്തിനും 1498-ലെ വധത്തിനും ശേഷം ഫ്ലോറന്‍സിലെ സ്ഥിതിഗതികള്‍ മാറിയിരുന്നു. അവിടത്തെ കമ്പിളിവ്യാപാരസമിതി, പുതിയ ഭരണാധികാരി പിയേര്‍ സോര്‍ഡെരിനിയോട്, 40 വര്‍ഷം മുന്‍പ് അഗസ്റ്റിനോ ഡി ദുസ്സിയോ തുടങ്ങിവച്ച ഒരു പദ്ധതി പൂര്‍ത്തിയാക്കിയെടുക്കാന്‍ ആവശ്യപ്പെട്ടു: ഫ്ലോറന്‍സിന്റെ സ്വാതന്ത്ര്യത്തിന്റെ പ്രതീകമായി സ്ഥാപിക്കാന്‍ ഒരു കൂറ്റന്‍ പ്രതിമക്കുള്ള പദ്ധതിയായിരുന്നു അത്. 1501 ആഗസ്റ്റ് മാസം മൈക്കെല്‍ ആഞ്ചലോ തന്റെ ഏറ്റവും പ്രസിദ്ധമായ സൃഷ്ടി, ദാവീദിന്റെ പ്രതിമയുടെ നിര്‍മ്മാണത്തിനുള്ള ഉടമ്പടിയില്‍ ഒപ്പുവച്ചു. മാസം ആറുസ്വര്‍ണ്ണനാണയങ്ങള്‍(ഫ്ലോറിന്‍സ്) പ്രതിഫലമായി വങ്ങി രണ്ടുവര്‍ഷം കൊണ്ട് പ്രതിമ പൂര്‍ത്തിയാക്കണമെന്നായിരുന്നു വ്യവസ്ഥ. പൂര്‍ത്തിയായിക്കഴിഞ്ഞ് കൂടുതല്‍ പ്രതിഫലം അര്‍ഹിക്കുന്നതെന്ന് തോന്നിയാല്‍ നഗരാധികാരികള്‍ മന:സാക്ഷിക്കനുസരിച്ച് വേണ്ടത് കൊടുക്കും എന്നും ഉടമ്പടിയില്‍ ഉണ്ടായിരുന്നു. ഒടുവില്‍ ഈ ശില്പത്തിന് മൈക്കെലാഞ്ചലോക്ക് കിട്ടിയ മൊത്തം പ്രതിഫ്ലം 400 സ്വര്‍ണ്ണനാണയങ്ങള്‍ ആയിരുന്നു.


നേരത്തേയൊരാള്‍ ഉപയോഗിക്കാന്‍ തുടങ്ങിയിരുന്ന, പതിമൂന്നരയടി നീളമുള്ള രൂപരഹിതമായൊരു മാര്‍ബിള്‍ഖണ്ഡത്തില്‍ തീര്‍ത്ത ഈ നായകശില്പം, അസാമാന്യമായ സാങ്കേതികവൈദഗ്ധ്യവും ഭാവനാസമ്പന്നതയും കൊണ്ട് അനുഗൃഹീതനായ ഒരു ശില്പി എന്ന നിലയില്‍ മൈക്കലാഞ്ചലോയുടെ സ്ഥാനം ഉറപ്പിച്ചു. 1504-ല്‍ പണിതീര്‍ന്ന ശില്പം ശില്പശാലയില്‍ നിന്ന് അത് സ്ഥാപിക്കാനായി മൈക്കെലാഞ്ചലോ തെരഞ്ഞെടുത്ത സ്ഥലത്തെത്തിച്ചത്, നാല്പതുമനുഷ്യര്‍ നാലുദിവസം അദ്ധ്വാനിച്ചാണ്. അതിനെ ഉയര്‍ത്തി സ്ഥാപിക്കാന്‍ പിന്നെയും ഇരുപത്തിയൊന്നുദിവസം വേണ്ടിവന്നു. 369 വര്‍ഷം തുറസ്സായ സ്ഥലത്ത് നിന്ന് മങ്ങലേക്കാന്‍ തുടങ്ങിയ ശില്പം 1873-ല്‍ ഫ്ലോറന്‍സിലെ കലാഅക്കാദമിയിലേക്ക് മാറ്റപ്പെട്ടു.[11]


ശില്പത്തിന്റെ മൂക്കിന് നീളം കൂടിപ്പോയെന്ന് ഫ്ലോറന്‍സിലെ ഗണതന്ത്രനേതാവായിരുന്ന പിയെറോ സോഡറീനിയുടെ വിമര്‍ശനത്തോട് ശില്പി പ്രതികരിച്ചതിനെക്കുറിച്ച് രസകരമായൊരു കഥ ജീവചരിത്രകാരനായ വസാറി പറയുന്നുണ്ട്. സോഡറീനി നോക്കി നില്‍ക്കെ, ഒരു കയ്യില്‍ ഒളിച്ചുവച്ച കുറെ മാര്‍ബിള്‍ പൊടിയും മറുകയ്യില്‍ ഉളിയും ആയി മൈക്കെലാഞ്ചലോ ഏണികയറി ശിലപത്തിന്റെ മുഖത്തിനടുത്തെത്തി. ഉളികൊണ്ട്, മൂക്ക് ചെത്തിമിനുക്കുകയാണെന്ന് ഭാവിച്ചതിനോപ്പം അദ്ദേഹം കയ്യില്‍ ഒളിച്ചുവച്ചിരുന്ന മാര്‍ബിള്‍ പോടി ഇടക്കിടെ താഴേക്കു വീഴ്ത്തുകയും ചെയ്തു. ഒടുവില്‍ മൂക്ക് ശരിയായെന്ന് സോഡറീനി സമ്മതിച്ചുവത്രെ.


മൈക്കെലാഞ്ചലോ തിരുക്കുടുംബവും സ്നാപകയോഹന്നാനും എന്ന ചിത്രം രചിച്ചതും ഇക്കാലത്തുതന്നെയാണ്. ആ ചിത്രം ഡോണി ടോഡോ എന്നും ട്രിബ്യൂണിലെ തിരുക്കുടുംബം എന്നും അറിയപ്പെടുന്നു: എഞ്ചലാ ഡോണിയുടേയും മദ്ദാലേന സ്ട്രോസിയുടേയും വിവാഹത്തോടനുബന്ധിച്ച് രചിക്കപ്പെട്ടതാണത്. ഇറ്റലിയിലെ ഉഫീസി പ്രദര്‍ശനശാലയില്‍ ട്രിബ്യൂണ്‍ എന്നറിയപ്പെട്ടിരുന്ന മുറിയിലാണ് പതിനേഴാം നൂറ്റാണ്ടില്‍ അത് സൂക്ഷിക്കപ്പെട്ടിരുന്നത്. മാതാവിനേയും ഉണ്ണിയേശുവിനേയും, സ്നാപകയോയോഹന്നാനോടൊപ്പം ചിത്രീകരിച്ചിട്ടുള്ളതും ഇപ്പോള്‍ ലണ്ടണിലെ ദേശീയ ഗാലറിയില്‍ സൂക്ഷിച്ചിരിക്കുന്നതുമായ മാഞ്ചസ്റ്ററിലെ മാതാവ് എന്ന ചിത്രവും, മൈക്കെലാഞ്ചലോ ഇക്കാലത്ത് വരച്ചതാകാം.

[തിരുത്തുക] ജൂലിയസ് രണ്ടാമന്റെ കീഴില്‍

[തിരുത്തുക] ശവകൂടീരം, "പിസായിലെ യുദ്ധം"

1505-ല്‍ പുതിയതായി തെരഞ്ഞെടുക്കപ്പെട്ട മാര്‍പ്പാപ്പ, ജൂലിയസ് മൂന്നാമന്‍ മൈക്കെലാഞ്ചലോയെ റോമിലേക്ക് തിരികെ ക്ഷണിച്ചു. മാര്‍പ്പാപ്പയുടെ ശവകുടീരം പണിയാന്‍ അദ്ദേഹത്തിന് ചുമതല കിട്ടി. റോമിലെ "ചങ്ങലക്കിട്ട പത്രോസിന്റെ" ദേവാലയത്തിലാണ് ആ ശവകുടീരം. അതിന്റെ പ്രധാന ആകര്‍ഷണം മോശെയുടെ പ്രതിമയാണ്. അത് പൂര്‍ത്തിയായത് പില്‍ക്കാലത്ത്, 40 വര്‍ഷത്തിനുശേഷം മൈക്കെലാഞ്ചലോക്കു തൃപ്തിയാകാത്ത വിധമാണ്. ശവകുടീരത്തിന്റെ പണിക്കുവേണ്ട ഒരുക്കങ്ങള്‍ ചെയ്തുകഴിഞ്ഞപ്പോള്‍, റോമിലെ എതിരാളികളുടെ ഉപജാപങ്ങളും മറ്റും മൂലം മാര്‍പ്പാപ്പക്ക് അതില്‍ താത്പര്യം കുറഞ്ഞതാണ് കാരണം. മാര്‍പ്പാപ്പയെ കാണാന്‍ 1506-ലെ പീഡാനുഭവ ആഴ്ചയില്‍ പലവട്ടം ശ്രമിച്ച് പരാജയപ്പെട്ട മൈക്കെലാഞ്ചലോ അദ്ദേഹത്തിന് ഇങ്ങനെ എഴുതി:-

ഏറ്റവും പരിശുദ്ധപിതാവേ, അങ്ങയുടെ ഉത്തരവില്‍ പ്രകാരം എനിക്ക് അവിടത്തെ കൊട്ടാരത്തില്‍ ഇന്ന് പ്രവേശനം നിഷേധിച്ചതിനാല്‍, ഇനി എന്നെ വേണമെങ്കില്‍ റോമിലല്ലാതെ മറ്റെവിടെയെങ്കിലും അന്വേഷിച്ചാല്‍ മതിയെന്ന് ഇതിനാല്‍ അറിയിച്ചുകൊള്ളുന്നു.[11]

ഉടന്‍ റോം വിട്ടുപോയ മൈക്കെലാഞ്ചലോ മാര്‍പ്പാപ്പ ആവശ്യപ്പെട്ടിട്ടും തിരികെചെല്ലാന്‍ വിസമ്മതിച്ചു. ഫ്ലോറന്‍സില്‍ കഴിഞ്ഞ ഇക്കാലത്ത് അദ്ദേഹം "പിസായിലെ യുദ്ധം" എന്ന രേഖാചിത്രസമുച്ചയും വരച്ചു. ഏറെ പുകഴ്ത്തപ്പെട്ട ഇത് ചിത്രമായി വികസിക്കപ്പെട്ടില്ല. ഇന്ന് അതിന്റെ ചിലഭാഗങ്ങളുടെ പകര്‍പ്പുകള്‍ മാത്രമാണ് ലഭ്യമായുള്ളത്.

[തിരുത്തുക] പീരങ്കിയായിത്തീര്‍ന്ന പ്രതിമ

താമസിയാതെ മൈക്കെലാഞ്ചലോക്ക് ജൂലിയസ് മാര്‍പ്പാപ്പയെ അനുസരിച്ച് അക്കാലത്ത് അദ്ദേഹത്തിന്റെ നിയന്ത്രണത്തില്‍ വന്ന ബൊളോഞ്ഞയിലേക്ക് പോകേണ്ടി വന്നു. അവിടെ തന്റെ തന്നെ ഒരു കൂറ്റന്‍ ഓട്ടുപ്രതിമയുടെ നിര്‍മ്മാണത്തിനുള്ള നിയോഗമാണ് ഇത്തവണ മാര്‍പ്പാപ്പ മൈക്കെലാഞ്ചലോക്ക് നല്‍കിയത്. 1508-ല്‍ പ്രതിമ പൂര്‍ത്തിയായി. എന്നാല്‍ അതിന് മൂന്നുവര്‍ഷത്തെ ആയുസ്സേ ഉണ്ടായുള്ളു. 1511-ല്‍ ബൊളോഞ്ഞ പിടിച്ചെടുത്ത കലാപകാരികള്‍ പ്രതിമ ഉരുക്കി ഒരു പീരങ്കി ഉണ്ടാക്കി. അവര്‍ പീരങ്കിക്ക് ജൂലിയ എന്നാണ് പേരിട്ടത്.[11][19]

[തിരുത്തുക] സിസ്റ്റൈന്‍ ചാപ്പല്‍ മച്ച്

സിസ്റ്റൈന്‍ ചാപ്പലിന്റെ മച്ച് വരച്ചത് മൈക്കെലാഞ്ചലോയാണ്. 1508 മുതല്‍ 1512 വരെയുള്ള നാലുവര്‍ഷം കൊണ്ടാണ് അത് പൂര്‍ത്തിയാക്കിയത്

ഇതിനിടെ മൈക്കെലാഞ്ചലോക്ക്, റോമില്‍ സിക്സ്റ്റസ് നാലാമന്‍ മാര്‍പ്പാപ്പയുടെ പേരിലുള്ള സിസ്റ്റൈന്‍ ചാപ്പലിന്റെ മച്ച് വരക്കുന്ന ജോലി ജൂലിയസ് മാര്‍പ്പാപ്പയുടെ നിര്‍ബ്ബന്ധത്തിനുവഴങ്ങി ഏറ്റെടുക്കേണ്ടിവന്നു. തറയില്‍ നിന്ന് 68 അടി ഉയരത്തിലുള്ള മച്ചില്‍ ജോലി ചെയ്യുന്നത് എളപ്പമല്ലായിരുന്നു. താന്‍ ചിത്രകാരനല്ല ശില്പിയാണെന്നും ഈ ജോലി റാഫേലിനെയോ മറ്റോ ഏല്പ്പിക്കണമെന്നുമൊക്കെ മൈക്കെലാഞ്ചലോ പറഞ്ഞെങ്കിലും മാര്‍പ്പാപ്പാ വഴങ്ങിയില്ല. 3000 ഡുക്കാറ്റ് അദ്ദേഹം പ്രതിഫലമായി വാഗ്ദാനം ചെയ്തു. പരിചയമില്ലാതിരുന്ന ഒരു മാധ്യമത്തിലുള്ള ഈ ജോലിക്ക് തന്നെ നിയോഗിക്കാന്‍ മാര്‍പ്പാപ്പയെ സ്വാധീനിച്ചത്, നിര്‍മ്മാതാവായ ബ്രമാണ്ടേയും ചിത്രകരനായ റാഫേലും ആയിരുന്നുവെന്ന് മൈക്കെലാഞ്ചലോ കരുതി. നിയോഗം തൃപ്തികരമായി പൂര്‍ത്തിയാക്കാന്‍ മൈക്കെലാഞ്ചലോക്കാവില്ലെന്നും, ചുവര്‍ചിത്രകലയിലെ അതികായനായി അക്കാലത്ത് എണ്ണപ്പെട്ടിരുന്ന റാഫേലുമായുള്ള താരതമ്യം മൈക്കെലാഞ്ചലോക്ക് ദോഷകരമാകുമെന്നും അവര്‍ കരുതിയതത്രെ. എന്നാല്‍ അക്കാലത്തെ തന്നെ രേഖകളെ വിലയിരുത്തിയ ആധുനികചരിത്രകാരന്മാര്‍ ഈ കഥ തള്ളിക്കളയുന്നു. മൈക്കെലാഞ്ചലോയുടെ വീക്ഷണകോണിന്റെ പ്രതിഫലനം മാത്രമാകാമിതെന്നാണ് അവരുടെ മതം.


ചപ്പലിന്റെ 12,000 ചതുരശ്രയടി വിസ്തീര്‍ണ്ണമുള്ള മച്ച് അളന്നു തിരിച്ച് മൈക്കെലാഞ്ചലോ ജോലി തുടങ്ങി. അദ്ദേഹത്തിനു കിട്ടിയ നിയോഗം മച്ചില്‍, യേശുവിന്റെ അപ്പസ്തോലന്മാരെ നക്ഷത്രങ്ങള്‍ നിറഞ്ഞ ആകാശം പശ്ചാത്തലമാക്കി വരക്കാനായിരുന്നു. എന്നാല്‍ വ്യത്യസ്ഥവും കൂടുതല്‍ സങ്കീര്‍ണവുമായ ഒരു പദ്ധതി വേണമെന്ന് അദ്ദേഹം വാദിച്ചു. സൃഷ്ടിയുടെ കഥ, പാപം മൂലം മനുഷ്യനുവന്ന പതനം, പ്രവാചകന്മാരിലൂടെ കിട്ടിയ ദൈവികരക്ഷയുടെ വാഗ്ദാനം, അതിന്റെ പൂര്‍ത്തീകരണത്തെ സൂചിപ്പിക്കുന്ന യേശുവിന്റെ വംശാവലി എന്നിവയായിരുന്നു അദ്ദേഹത്തിന്റെ പദ്ധതിയില്‍ ഉണ്ടായിരുന്നത്. റോമന്‍ കത്തോലിക്കാസഭയുടെ വിശ്വാസംഹിതയെ പ്രതിഫലിപ്പിക്കും വിധം ചാപ്പലിനകത്താകെയുള്ള ചിത്രാലങ്കാരസമുച്ചയത്തിന്റെ ഭാഗമായാണ് ഇവ വിഭാവന ചെയ്യപ്പെട്ടത്.

ആദത്തിന്റെ സൃഷ്ടി - സിസ്റ്റൈന്‍ ചാപ്പലിന്റ മച്ചില്‍ മൈക്കെലാഞ്ചലോ വരച്ച ചിത്രം
ഹവ്വയുടെ സൃഷ്ടി മൈക്കലാഞ്ചലോയുടെ ഭാവനയില്‍

മച്ചിലെ വരയില്‍ ഒടുവില്‍ 343 രൂപങ്ങള്‍ ഉണ്ടായി. ഉല്പത്തി പുസ്തകത്തിലെ സംഭവങ്ങളുടെ മൂന്നുകൂട്ടമായി തിരിക്കപ്പെട്ട ഒന്‍പത് ചിത്രങ്ങളായിരുന്നു രചനയുടെ കേന്ദം: ദൈവം ലോകത്തെ സൃഷ്ടിക്കുന്നത്; മനുഷ്യന്റെ സൃഷ്ടിയും ദൈവപ്രസാദത്തില്‍ നിന്നുള്ള പതനവും; നോഹയുടേയും കുടുംബത്തിന്റേയും അവസ്ഥയില്‍ പ്രകടമായ മനുഷ്യാവസ്ഥ എന്നിവയായിരുന്നു അവ. മച്ചിനെ താങ്ങിനിര്‍ത്തിയ കമാനങ്ങളില്‍ യേശുവിന്റെ അവതാരം പ്രവചിച്ചുവെന്ന് കരുതപ്പെടുന്ന പന്ത്രണ്ട് മനുഷ്യരുടെ രൂപങ്ങള്‍ വരച്ചുചേര്‍ത്തു. ഇസ്രായേലിലെ ഏഴുപ്രവാചകന്മാരുടേയും പൗരാണികലോകത്തിലെ അഞ്ചു സിബിലിയ പ്രവാചികമാരുടേയും ചിത്രങ്ങളായിരുന്നു അവ.

മച്ചിലെ ചിത്രങ്ങളില്‍ ഏറ്റവും പ്രസിദ്ധമായവ ആദത്തിന്റെ സൃഷ്ടി, ഏദേന്‍ തോട്ടത്തിലെ ആദവും ഹവ്വയും, മഹാപ്രളയം, ഏശയ്യാ പ്രവാചകന്‍, ക്യൂമേയന്‍ സിബില്‍ തുടങ്ങിയവയാണ്. ജനാലകള്‍ക്കുചുറ്റം യേശുവിന്റെ പുര്‍വികന്മാരെ വരച്ചുചേര്‍ത്തു.


ആദ്യം നിലത്തുവച്ച് കാര്‍ട്ടൂണുകളായി വരച്ചെടുത്ത രൂപങ്ങള്‍ പുതുതായി പ്ലാസ്റ്റര്‍ തേച്ച മച്ചില്‍ പതിച്ച്, വരകളിലൂടെ തുളച്ച് ചിത്രത്തിന്റെ രൂപരേഖ മച്ചില്‍ പതിക്കുകയായിരുന്നു. തുടര്‍ന്ന് കാര്‍ട്ടുണുകള്‍ പൊളിച്ചുമാറ്റിയിട്ട്, മച്ചില്‍ പകര്‍ന്നുകിട്ടിയ രൂപരേഖയെ നിറവും വിശദാംശങ്ങളും ചേര്‍ത്ത് വികസിപ്പിച്ചെടുത്തു. സഹായികളായി നിയോഗിച്ച അഞ്ചുപേരുമായി ചേര്‍ന്നുപോവുക മൈക്കെലാഞ്ചലോയുടെ പ്രതിഭക്കും സ്വഭാവത്തിനും ബുദ്ധിമുട്ടയിരുന്നെവെന്നതും പ്രശ്നമുണ്ടാക്കി. ഒടുവില്‍ അവരെ പിരിച്ചുവിട്ട് അദ്ദേഹം ഒറ്റക്കാണ് ജോലിചെയ്തത്. വര തീര്‍ന്നുകാണാന്‍ തിടുക്കം കാട്ടിയ മാര്‍പ്പാപ്പയുടെ അക്ഷമയായിരുന്നു മറ്റൊരു പ്രശ്നം. "എപ്പോള്‍ പൂര്‍ത്തിയാകും" എന്ന മാര്‍പ്പാപ്പയുടെ ചോദ്യത്തിന്, "ചിത്രങ്ങള്‍ കലാപരമായ തികവിലെത്തിയെന്ന് എനിക്ക് ബോദ്ധ്യമാകുമ്പോള്‍" എന്നായിരുന്നു മൈക്കെലാഞ്ചലോയുടെ മറുപടി. പണിക്കുവേണ്ടി കെട്ടിയുണ്ടാക്കിയ തടിക്കൂട്ടില്‍ നിന്ന് മൈക്കെലാഞ്ചലോയെ താഴേക്കെറിയും എന്ന് മാര്‍പ്പാപ്പ ഭീഷണിപ്പെടുത്തുകപോലും ചെയ്തെന്ന് വസാരി പറയുന്നു. ചിത്രങ്ങള്‍ അനാവരണം ചെയ്തപ്പോള്‍, അവയെ സ്വര്‍ണ്ണം കൊണ്ടുള്ള വരകളും കൂടി ചേര്‍ത്ത് മോടിപിടിപ്പിക്കണമെന്ന് മാര്‍പ്പാപ്പ പറഞ്ഞെങ്കിലും മൈക്കെലാഞ്ചലോ സമ്മതിച്ചില്ല. പ്രവാചകന്‍മാര്‍ക്കും പുണ്യവാന്മാര്‍ക്കും അത്തരം മോടികള്‍ ചേരുകയില്ല എന്ന് അദ്ദേഹം വാദിച്ചു.[11]


മച്ച് പൂര്‍ത്തിയാകാന്‍ 1508 മേയ് മുതല്‍ 1512 ഒക്ടോബര്‍ വരെയുള്ള നാലര വര്‍ഷത്തോളമെടുത്തു. ചിത്രരചനയുടെ ചരിത്രത്തില്‍ ഒരുവ്യക്തിയുടെ മാത്രം നേട്ടമായി ഈ രചനാസമുച്ചയത്തെ വെല്ലുന്ന മറ്റൊന്നില്ല എന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്.[11]

[തിരുത്തുക] മെഡിച്ചി മാര്‍പ്പാപ്പമാരുടെ കീഴില്‍ ഫ്ലോറന്‍സില്‍

മൈക്കെലാഞ്ചലോയുടെ മോശെ - പാര്‍ശ്വങ്ങളില്‍ ഇസ്രായേല്‍ ഗോത്രങ്ങളുടെ മാതാക്കളായ റാഹേലും ലെയ്യായുമാണ്.

1513-ല്‍ ജൂലിയസ് രണ്ടാമന്‍ മാര്‍പ്പാപ്പയുടെ മരണത്തെ തുടര്‍ന്ന് അധികാരമേറ്റ പത്താം ലിയോ മാര്‍പ്പാപ്പ ഫ്ലോറന്‍സിലെ മെഡിച്ചി കുടുംബത്തില്‍പെട്ട ആളായിരുന്നു. അദ്ദേഹം ഫ്ലോറന്‍സിലെ വിശുദ്ധ ലോറന്‍സിന്റെ ബസിലിക്കായുടെ പൂമുഖം പുതുക്കിപ്പണിയാനും അതിനെ ശില്പങ്ങള്‍ കൊണ്ടലങ്കരിക്കാനും മൈക്കെലാഞ്ചലോയെ നിയോഗിച്ചു. മൈക്കെലാഞ്ചലോ മനസ്സില്ലാതെയാണെങ്കിലും സമ്മതിച്ചു. എന്നാല്‍ സാമ്പത്തികഞെരുക്കത്തിലായ മെഡിച്ചിമാര്‍ പദ്ധതി ഇടക്കുവച്ച് ഉപേക്ഷിച്ചതുമൂലം, പൂമുഖത്തിനുവേണ്ട പ്ലാനുകളും മാതൃകകളും രൂപപ്പെടുത്തുന്നതിലും ഈ പദ്ധതിക്കുവേണ്ടി മാത്രമായി പിയേട്രാസാന്ത്രായില്‍ ഒരു വെണ്ണക്കല്‍ഖനി തുറക്കുന്നതിലും ചെലവഴിച്ച മൂന്നുവര്‍ഷങ്ങള്‍ മൈക്കെലാഞ്ചലോയുടെ കലാജീവിതത്തിലെ ഏറ്റവും കൈപ്പുനിറഞ്ഞവയായി. ആ ബസിലിക്കാ ഇപ്പോഴും പൂമുഖമില്ലാതെ തന്നെയിരിക്കുന്നു.

ഈ പരിണാമത്തില്‍ മനസ്സുമടുക്കാതെ, മെഡിച്ചി മറ്റൊരു ബൃഹദ്പദ്ധതിയുമായി മൈക്കെല്ലാഞ്ചലോയെ സമീപിച്ചു. വിശുദ്ധ ലോറന്‍സിന്റെ ദേവാലയത്തില്‍തന്നെ ഒരു കുടുംബശ്മശാനമാണ് ഇത്തവണ അദ്ദേഹം പദ്ധതിയിട്ടത്. 1520-കളിലും 1530-കളിലും മൈക്കെലാഞ്ചലോയുടെ സമയമത്രയും അപഹരിച്ച ഈ പദ്ധതി, ഭാഗ്യത്തിന് പൂര്‍ത്തീകരണത്തിനടുത്തെത്തി. അതിന്റെ നിര്‍മ്മാണവും ശില്പങ്ങളും മൈക്കെലാഞ്ചലോയുടെ മേല്‍നോട്ടത്തിലായിരുന്നു. മുഴുവന്‍ പൂര്‍ത്തിയാകാത്തതാണെങ്കിലും, മൈക്കെലാഞ്ചലോയുടെ ശില്പ-നിര്‍മ്മാണ സങ്കല്പങ്ങളുടെ ഒത്തുചേരലിന് ഏറ്റവും നല്ല ഉദാഹരണമായി അത് നിലനില്‍ക്കുന്നു. ശ്മശാനത്തിലെ ഏറ്റവും ശ്രദ്ധേയമായ രണ്ടു കല്ലറകള്‍, ചെറുപ്രായത്തില്‍ ഏറെ പ്രാധാന്യം കൈവരിക്കാതെ മരിച്ച രണ്ടു മെഡിച്ചിമാരുടേതാണെന്നത് രസകരമാണ്. ലോറന്‍സോയുടെ ഒരു മകനും പേരക്കിടാവുമായിരുന്നു അവര്‍. ലോറന്‍സോയെ തന്നെ സംസ്കരിച്ചിരിക്കുന്നത്, ചാപ്പലിന്റെ പാര്‍ശ്വഭിത്തികളിലൊന്നില്‍ പൂര്‍ത്തീകരിക്കപ്പെടാത്തതും ഏറെ ശ്രദ്ധേയമല്ലാത്തതുമായ ഒരു കല്ലറയിലാണ്. ആദ്യം ഉദ്ദേശിച്ചിരുന്നതുപോലെ, അദ്ദേഹത്തിനായി പ്രത്യേകം സ്മാരകങ്ങളൊന്നും നിര്‍മ്മിക്കാനുമായില്ല.


1527-ല്‍ ഫ്ലോറന്‍സിലെ പൗരന്മാര്‍ മെഡിച്ചിമാരെ അധികാരഭ്രഷ്ടരാക്കി ഗണതന്ത്രം പുനസ്ഥാപിച്ചതിനെ തുടര്‍ന്ന് നഗരം ഉപരോധത്തിലായപ്പോള്‍ മെഡിച്ചിമാരുടെ ഏകാധിപത്യത്തെ വെറുത്തിരുന്ന മൈക്കെലാഞ്ചലോ ഗണതന്ത്രഫ്ലോറന്‍സിന്റെ രക്ഷക്കെത്തി. അടുത്ത രണ്ടുവര്‍ഷം, നഗരത്തിന്റെ കോട്ടകളെ ശക്തിപ്പെടുത്തി അതിന്റെ പ്രതിരോധം ഭദ്രമാക്കുന്നതില്‍ അദ്ദേഹം സഹായിച്ചു. എന്നാല്‍ 1530-ല്‍ ഗണതന്ത്രവാദികള്‍ പരാജയപ്പെടുകയും മെഡിച്ചിമാര്‍ അധികാരത്തില്‍ തിരിച്ചെത്തുകയും ചെയ്തു. മെഡിച്ചിമാരോട് അകല്ച്ചയിലായ മൈക്കെലാഞ്ചലോ, 1530-കളുടെ മദ്ധ്യത്തില്‍ എന്നെന്നേക്കുമായി ഫ്ലോറന്‍സ് വിട്ടുപോവുകയും മെഡിച്ചിമാരുടെ ശ്മശാനദേവാലയത്തിന്റെ അവശേഷിച്ച നിര്‍മ്മാണജോലി തന്റെ സഹായികളെ ഏല്പ്പിക്കുകയും ചെയ്തു.

[തിരുത്തുക] റോമിലെ അവസാന സൃഷ്ടികള്‍

[തിരുത്തുക] അന്ത്യവിധി

ക്രൈസ്തവസങ്കല്പത്തിലെ അന്ത്യവിധി, മൈക്കെലാഞ്ചലോയുടെ ഭാവനയില്‍ - സിസ്റ്റൈന്‍ ചാപ്പലിന്റെ അള്‍ത്താരയിലെ ചിത്രം


സിസ്റ്റൈന്‍ ചാപ്പലിന്റെ ചുവരില്‍ അന്ത്യവിധിയുടെ ചിത്രം വരയ്ക്കാന്‍ അറുപതുവയസ്സുള്ള മൈക്കെലാഞ്ചലോയെ നിയോഗിച്ചത് ക്ലെമെന്റ് എട്ടാമന്‍ മാര്‍പ്പപ്പയാണ്. ജോലി ഏല്പിച്ച് ഏറെ വൈകാതെ മാര്‍പ്പാപ്പ മരിച്ചു. മൈക്കെലാഞ്ചലോ രചന തുടങ്ങുകയും പൂര്‍ത്തിയാക്കുകയും ചെയ്യുന്നുവെന്ന് ഉറപ്പുവരുത്തിയത് പോള്‍ മൂന്നാമന്‍ മാര്‍പ്പാപ്പയാണ്. മൈക്കെലാഞ്ചലോ 1534 മുതല്‍ 1541 വരെ ആ ചിത്രത്തിന്റെ രചനയില്‍ മുഴുകി. ചാപ്പലിന്റെ അള്‍ത്താരക്കുപിന്നിലെ രണ്ടായിരത്തോളം ചതുരശ്രയടി ഭിത്തി നിറഞ്ഞുനില്‍ക്കുന്ന കൂറ്റന്‍ രചനയാണത്. ലോകാവസാനത്തോടനുബന്ധിച്ചു നടക്കുന്ന തന്റെ രണ്ടാമത്തെ ആഗമനത്തില്‍, പുണ്യവാന്മാരാല്‍ പരിസേവിതനായ യേശു, മനുഷ്യാത്മാക്കളെയെല്ലാം അവരുടെ ജീവിതകര്‍മ്മങ്ങളുടെ അടിസ്ഥാനത്തില്‍ വിധിച്ച് നിത്യസമ്മാനത്തിലേക്കോ നിത്യശിക്ഷയിലേക്കോ അയക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം.


യുവാവായിരിക്കെ, ഫ്ലോറന്‍സിലെ നവോഥാനവിരുദ്ധപുരോഹിതന്‍ സവൊനരോളയുടെ പ്രഭാഷണങ്ങള്‍ മൈക്കെലാഞ്ചലോ കേട്ടിട്ടുണ്ടാകാം. അഴിമതിയിലും ഭോഗപരതയിലും മുഴുകിയിരുന്ന റോമിന്റെമേല്‍, ആ പരിഷ്കര്‍ത്താവിന്റെ മുന്നറിയിപ്പുകളും ശാപങ്ങളും ആവര്‍ത്തിക്കുകയായിരുന്നു അന്ത്യവിധിയിലൂടെ മൈക്കെലാഞ്ചലോ എന്ന് പറയുന്നവരുണ്ട്. പില്‍ക്കാലതലമുറകളില്‍ ക്രിസ്തുമതത്തിന്റെ ആസ്ഥാനത്തിലെ ആ ദേവാലയത്തില്‍ ബലിയര്‍പ്പിക്കാനെത്തുന്ന മാര്‍പ്പാപ്പമാരുടെ മുന്‍പില്‍ രക്ഷപെടാനാകാത്ത ദൈവവിധിയുടെ മുന്നറിയിപ്പ് രേഖപ്പെടുത്തി വക്കുകയായിരുന്നു അദ്ദേഹം. ജൂലിയസ് മാര്‍പ്പാപ്പയുടെ പണിതീരാതെനിന്ന ശവകുടീരം, ബൊളോഞ്ഞയില്‍ കലാപകാരികള്‍ ഉരുക്കി പീരങ്കിയുണ്ടാക്കാനുപയോഗിച്ച തന്റെ ശില്പം തുടങ്ങിയവ നല്‍കിയ കയ്പ്പും അന്ത്യവിധിയുടെ തീക്ഷണത കൂട്ടിയിരിക്കാം. സാധാരണകലാകാരന്മാര്‍ ശിശുസഹജമായ ഓമനത്തത്തോടെ ചിത്രീകരിക്കാറുള്ള മാലാഖമാരെപ്പോലും അന്ത്യവിധിയില്‍, കായികാഭ്യാസികളുടെ പേശീസമൃദ്ധിയിലാണ് മൈക്കെലാഞ്ചലോ ചിത്രീകരിച്ചത്.

ചിത്രരചനനടന്നുകൊണ്ടിരിക്കുമ്പോള്‍, അതിന്റെ ചടുലഭാവവും അതിലെ രൂപങ്ങളുടെ നഗ്നതയും ഭാവവൈചിത്ര്യവും കണ്ട്, അത് ദേവാലത്തിനല്ല മദ്യവിലപനശാലക്കാണ് ഇണങ്ങുക എന്ന് പോള്‍ മൂന്നാമന്‍ മാര്‍പ്പാപ്പയുടെ ഉദ്യോഗസ്തനായ ബിയാജിയോ ദ സെസേന അഭിപ്രായപ്പെട്ടു. താമസിയായെ ചിത്രത്തില്‍ നരകശിക്ഷക്ക് വിധിക്കപ്പെടുന്നവര്‍ക്കിടയില്‍ ബിയാജിയോയുടെ മുഖവും മൈക്കെലാഞ്ചലോ വരച്ചുചേര്‍ത്തു. അതിനെതിരെ തന്നോട് പരാതിപ്പെട്ട ബിയാജിയോക്ക് പോള്‍ മൂന്നാമന്‍ കൊടുത്ത മറുപടി, ആത്മാക്കളെ നരകത്തില്‍ നിന്ന് കരകയറ്റാന്‍ മാര്‍പ്പാപ്പാക്കുപോലും കഴിവില്ല എന്നായിരുന്നത്രെ.[11]

[തിരുത്തുക] "അത്തിയില" പ്രയോഗം

ചിത്രം പൂര്‍ത്തിയായിക്കഴിഞ്ഞപ്പോള്‍, മാര്‍പ്പാപ്പയുടെ പള്ളിയില്‍ നഗ്നത ചിത്രീകരിച്ചത് അശ്ലീലവും ദൈവനിന്ദയുമായി പലര്‍ക്കും തോന്നി. കര്‍ദ്ദിനാള്‍ കരാഫയും, മാണ്ടുവായുടെ സ്ഥാനപതിയായിരുന്ന മോണ്‍സിഞ്ഞോര്‍ സെര്‍നിനിയും അതിനെ നീക്കം ചെയ്യുകയോ സെന്‍സര്‍ ചെയ്യുകയോ വേണമെന്നു വാദിച്ചെങ്കിലും മാര്‍പ്പാപ്പ സമ്മതിച്ചില്ല. പക്ഷേ, മൈക്കെലാഞ്ചലോയുടെ മരണശേഷം, ചിത്രത്തില്‍ കാണാമായിരുന്ന ജനനേന്ദ്രിയഭാഗങ്ങള്‍ മറയ്ക്കാന്‍ തീരുമാനമായി. അത്തരം ഭാഗങ്ങളെ അരവസ്ത്രങ്ങള്‍ കൊണ്ടുമറക്കുന്ന ജോലിക്കായി നിയോഗിച്ചത് മൈക്കെലാഞ്ചലോയുടെ സഹായിയായിരുന്ന ഡാനിയേല്‍ ദ വോള്‍ട്ടേരയെ ആയിരുന്നു. മറ്റുശരീരഭാഗങ്ങളെ വോള്‍ട്ടേര വെറുതെവിട്ടു. ഇതിനെ തുടര്‍ന്ന് റോമില്‍ വോള്‍ട്ടേര "കൗപീനങ്ങളുടെ തുന്നല്‍ക്കാരന്‍" എന്നറിയപ്പെടാനും തുടങ്ങി. 1993-ല്‍ 'അന്ത്യവിധി' യുടെ ചുവര്‍ചിത്രം കേടുപാടുകള്‍ തീര്‍ത്ത് പുന:സ്ഥാപിക്കപ്പെട്ടപ്പോള്‍, ഡാനിയെല്‍ വോള്‍ട്ടേരയുടെ അരവസ്ത്രങ്ങള്‍ നീക്കം ചെയ്യേണ്ട എന്ന് പുന:സ്ഥാപകന്മാര്‍ തീരുമാനിച്ചു. വോള്‍ട്ടേരയുടെ 'മാന്യതാ' പ്രയോഗത്തിന്റെ ചരിത്രപരമായ പ്രാധാന്യമാണ് അവര്‍ കണക്കിലെടുത്തത്. മൈക്കലാഞ്ചലോയുടെ വര ഉരച്ചുമാറ്റിയാണ് പലയിടത്തും വോട്ടേര തന്റെ മാറ്റങ്ങള്‍ വരുത്തിയതെന്നത്, ആ മാറ്റങ്ങളെ നീക്കം ചെയ്യുന്നത് എളുപ്പമല്ലാതാക്കുകയും ചെയ്തിരുന്നു. മൈക്കെലാഞ്ചലോയുടെ മൂലരചയോട് പൂര്‍ണ്ണവിശ്വസ്ഥത പുലര്‍ത്തുന്ന ഒരു പകര്‍പ്പ് മാര്‍സെല്ലേ വെനൂസ്തി നിര്‍വഹിച്ചത്, നേപ്പിള്‍സിലെ കപ്പോഡിമോണ്ടേ സംഗ്രഹാലയത്തില്‍ സൂക്ഷിച്ചിട്ടുണ്ട്.

വിലക്കപ്പെട്ട കനി - സിസ്റ്റൈന്‍ ചാപ്പലിന്റെ മച്ചിലെ ‍ചിത്രം - മൈക്കെലാഞ്ചലോ സൃഷ്ടിച്ച മനുഷ്യരൂപങ്ങളുടെ നഗ്നത, മതയാഥാസ്ഥിതികരെ അസ്വസ്ഥരാക്കി.

സെന്‍സര്‍ഷിപ്പ് മൈക്കെലാഞ്ചലോയെ എന്നും പിന്തുടര്‍ന്നു. അശ്ലീലതകളുടെ സ്രഷ്ടാവ് എന്നുവരെ അദ്ദേഹം വിശേഷിക്കപ്പെട്ടിട്ടുണ്ട്. ചിത്രരചനകളിലേയും ശില്പങ്ങളിലേയും ജനനേന്ദ്രിയഭാഗങ്ങള്‍ മറക്കുകയെന്ന ദൗത്യം ഏറ്റെടുത്ത കത്തോലിക്കാ പ്രതിനവീകരണത്തിലെ(Catholic Counter Remormation) കുപ്രസിദ്ധമായ "അത്തിയില പ്രസ്ഥാനം" (fig-leaf campaign) ആദ്യം ആക്രമിച്ചത് മൈക്കെലാഞ്ചലോയുടെ സൃഷ്ടികളെയാണ്. റോമിലെ മിനര്‍വാമാതാവിന്റെ പള്ളിയിലെ രക്ഷകനായ യേശുവിന്റെ ശില്പത്തില്‍ അത്തിയിലപ്രസ്ഥാനം ഉടുപ്പിച്ച അരവസ്ത്രം ഇപ്പോഴുമുണ്ട്. ബെല്‍ജിയത്തില്‍ ബര്‍ഗസ് മാതാവിന്റെ പള്ളിയിലെ വിശുദ്ധമാതാവിന്റെ ശില്പത്തോടൊപ്പമുള്ള ഉണ്ണിയേശുവിനും 'അത്തിയില' കിട്ടി. ലണ്ടണിലെ വിക്ടോറിയ-ആല്‍ബര്‍ട്ട് സംഗ്രഹാലയത്തിലുള്ള ദാവീദിന്റെ ശില്പത്തിന്റെ പ്ലാസ്റ്റര്‍ പകര്‍പ്പിനുപിന്നില്‍ ഒരു പെട്ടിയില്‍ 'അത്തിയില' കരുതിയിട്ടുണ്ട്. രാജകുടുംബത്തിലെ വനിതകള്‍ സംഗ്രഹാലയം സന്ദര്‍ശിക്കാനെത്തുമ്പോള്‍ ശിലപത്തിന്റെ നഗ്നത മറക്കാനായിരുന്നു അത്.

[തിരുത്തുക] പത്രോസിന്റെ ബസിലിക്കാ

റോമിലെ വിശുദ്ധ പത്രോസിന്റെ ബസിലിക്കായുടെ താഴികക്കുടം രൂപകല്പന ചെയ്തത് മൈക്കെലാഞ്ചലോയാണ്.

1546-ല്‍ മൈക്കെലാഞ്ചലോക്ക് വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസിലിക്കായുടെ പുനര്‍നിര്‍മ്മാണച്ചുമതല കിട്ടി. പോള്‍ മൂന്നാമന്‍ മാര്‍പ്പാപ്പ ഏല്പ്പിച്ച ഈ ചുമതല വൈമനസ്യത്തോടെ കയ്യേല്‍ക്കുമ്പോള്‍ മൈക്കെലാഞ്ചലോക്ക് 71 വയസ്സായിരുന്നു. ഈ പ്രായത്തില്‍ ഇത്തരം ജോലി നിര്‍വഹിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവെനെപ്പറ്റി പലരും സംശയം പ്രകടിപ്പിക്കുകയും മറ്റൊരാളെ മുഖ്യശില്പിയായി നിയോഗിക്കാന്‍ മാറിവരുന്ന മാര്‍പ്പാപ്പാമാരെ നിര്‍ബ്ബന്ധിക്കുകയും ചെയ്തു. എന്നാല്‍ 1560-ല്‍ ചുമതലയില്‍ നിന്നുള്ള മൈക്കെലാഞ്ചലോയുടെ രാജി പീയൂസ് നാലാമന്‍ മാര്‍പ്പാപ്പ സ്വീകരിച്ചില്ല. ദേവാലയത്തിന്റെ പുനര്‍നിര്‍മ്മാണം പൂര്‍ത്തിയായത് മൈക്കെലാഞ്ചലോയുടെ കാലശേഷമാണെങ്കിലും മരണം വരെ അതിന്റെ മുഖ്യശില്പിയായി അദ്ദേഹം തുടര്‍ന്നു. ദേവാലയത്തിന്റെ താഴികക്കുടം മൈക്കെലാഞ്ചലോ രൂപകല്പന ചെയ്തതാണ്. അത് ചിത്രത്തൂണുകളുടെ കൂറ്റന്‍ താളക്രമം(Giant order of Pilasters) സൃഷ്ടിച്ച് ക്ലാസിക്കല്‍ നിര്‍മ്മാണകലയില്‍ വിപ്ലവം സാധിച്ചു.


[തിരുത്തുക] വ്യക്തിത്വം

മൈക്കെലാഞ്ചലോയുടെ അന്ത്യവിധി എന്ന ചുവര്‍‍ചിത്രത്തിലെ ഒരു ഭാഗം. രക്തസാക്ഷിത്ത്വത്തിന്റെ ഭാഗമായി ചര്‍മ്മം ഉരിയപ്പെട്ട വിശുദ്ധ ബര്‍ത്തലോമ്യൂ സ്വന്തം ചര്‍മ്മം കയ്യിലേന്തിയിരിക്കുന്നു. ചര്‍മ്മത്തിന്റെ മുഖഭാഗത്തിന് ചിത്രകാരന്റെ തന്നെ മുഖഛായയാണെന്നു കാണാം.

[തിരുത്തുക] ആകാരം, സ്വഭാവം

സഹജീവികളോടുള്ള പരുക്കന്‍ പെരുമാറ്റവും തന്നെക്കുറിച്ചുതന്നെയുള്ള അതൃപ്തിയും മൈക്കെലാഞ്ചലോയുടെ ബലഹീനതകളായിരുന്നു എന്ന് പറയപ്പെടുന്നു. കാഴ്ചയിലോ പെരുമാറ്റത്തിലോ അദ്ദേഹത്തില്‍ ആകര്‍ഷകമായൊന്നുമില്ലായിരുന്നു. ഇടത്തരം ഉയരം, പരന്ന തോളുകള്‍, മെലിഞ്ഞ ശരീരം, വലിയ തല, വിടര്‍ന്നുനില്‍ക്കുന്ന ചെവികള്‍, നീണ്ട് വിഷാദഭാവം കലര്‍ന്ന മുഖം, ചതഞ്ഞ മൂക്ക്, തീക്ഷ്ണതയുള്ള ചെറിയ കണ്ണുകള്‍, നരകലര്‍ന്ന മുടിയും താടിയും, എല്ലാം ചേര്‍ന്നതായിരുന്നു യുവത്വത്തില്‍ തന്നെ മൈക്കെലാഞ്ചലോയുടെ രൂപം. വസ്ത്രധാരണത്തില്‍ അദ്ദേഹം തീരെ ശ്രദ്ധകാട്ടിയില്ല. പഴയ വസ്ത്രങ്ങളെ തൊലിയോട് ഒട്ടിച്ചേരുവോളം അദ്ദേഹം കൊണ്ടുനടന്നു. "കുളിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക; ശരീരം തുടയ്ക്കുക മാത്രം ചെയ്യുക" എന്നായിരുന്നത്രെ പിതാവ് മകന് കൊടുത്ത ഉപദേശം. ഈ ഉപദേശത്തിന്റെ ആദ്യഭാഗം മാത്രമാണ് മകന്‍ അനുസരിച്ചതെന്ന് പറയപ്പെടുന്നു. ചിലപ്പോഴൊക്കെ ഷൂ പോലും ഊരിമാറ്റാതെയാണ് അദ്ദേഹം ഉറങ്ങിയത്. ഏറെ ദിവസങ്ങള്‍ ധരിച്ചശേഷം ഷൂ ഊരിമാറ്റുമ്പോള്‍ പലപ്പോഴും തൊലി ഒപ്പം ഇളകിപ്പോയിരുന്നത്ര. ഊരിമാറ്റിയാല്‍ വീണ്ടും ധരിക്കാന്‍ പാടുപെടണമല്ലോ എന്നോര്‍ത്ത് അദ്ദേഹം വസ്ത്രം മാറാന്‍ മടിച്ചു എന്നാണ് ജീവചരിത്രകാരന്‍ വസാരി പറയുന്നത്. ഏറെ സമ്പാദിച്ചിട്ടും കിട്ടുന്നത് ഭക്ഷിച്ച് ദരിദ്രനെപ്പോലെ മൈക്കെലാഞ്ചലോ ജീവിച്ചു. ചിലപ്പോഴൊക്കെ റൊട്ടിയുടെ പുറംതോടുകൊണ്ട് തൃപ്തിപ്പെട്ടു. ബൊളോഞ്ഞായില്‍ അദ്ദേഹവും മൂന്നു സഹായികളും ഒരു കിടക്ക മാത്രമുള്ള ഒറ്റമുറിയിലാണ് താമസിച്ചിരുന്നത്. [11]


സുഹൃദ്ബന്ധങ്ങള്‍ക്ക് അദ്ദേഹത്തിന് സമയമില്ലായിരുന്നു. ഭൃത്യനായിരുന്ന ഫ്രാന്‍സെസ്കോ ഡെഗ്ലി അമാദോരിയുടെ സഹവാസമേ അദ്ദേഹത്തിന് വേണ്ടിയിരുന്നുള്ളു. അമാദോരി ഇരുപത്തഞ്ചുവര്‍ഷം മൈക്കെലാഞ്ചലോയെ വിശ്വസ്തതയോടെ സേവിച്ചു. അനേക വര്‍ഷങ്ങള്‍ അവര്‍ ഒരേ കിടക്ക പങ്കിട്ടു. മൈക്കെലാഞ്ചലോയുടെ ഉദാരത അമാദോരിയെ ധനികനാക്കി. അയാളുടെ മരണം മൈക്കെലാഞ്ചലോയെ വേദനിപ്പിച്ചു.

[തിരുത്തുക] ലൈംഗികചായ്‌വ്

മൈക്കെലാഞ്ചലോയുടെ പ്രേമത്തില്‍ പ്ലേറ്റോണിസത്തോടൊപ്പം മറയില്ലാത്ത സ്വവര്‍ഗ്ഗരതിയുടേയും സൂചനകള്‍ കാണുന്നവരുണ്ട്; 1543-ല്‍ താനുമായി കണ്ടുമുട്ടി ഒരുവര്‍ഷം മാത്രം കഴിഞ്ഞുള്ള ചെച്ചിനോ ഡീ ബ്രാച്ചിയുടെ മരണത്തില്‍ മൈക്കെലാഞ്ചലോ എഴുതിയ ചരമഗീതങ്ങള്‍ ഇതിനുതെളിവായി പറയപ്പെടുന്നു. അവയില്‍ പ്രകടമാകുന്ന പ്രണയം കാല്‍പനികമെന്നതിനപ്പുറം ശാരീരികം കൂടി ആയിരുന്നുവെന്നാണ് വാദം.[20] എന്നാല്‍ ആ ഗീതങ്ങള്‍ പ്ലേറ്റോണികസം‌വാദങ്ങളുടെ നിര്‍മ്മമവും ഉദാത്തവുമായ പുനരാവിഷകരണമാണെന്നും ഉത്തേജകകവിതയെ സംസ്കൃതഭാവങ്ങളുടെ പ്രകടനത്തിനുള്ള ഉപാധിയാക്കുകമാത്രമാണ് മൈക്കെലാഞ്ചലോ ചെയ്തതെന്നും മറുവാദവുമുണ്ട്. പതിനാറാം നൂറ്റാണ്ടിലെ ഇറ്റലിയില്‍ പ്രേമപ്രഖ്യാപനം ഇക്കാലത്തേതിനേക്കാള്‍ സാധാരണമായിരുന്നെന്നും ഓര്‍ക്കേണ്ടതുണ്ട്. [21] മൈക്കെലാഞ്ചലോയുടെ സുഹൃത്ത് നിക്കോളോ ക്വാര്‍ട്ടേസിയുടെ ജോലിക്കാരിലൊരാള്‍, തന്റെ മകനെ സഹായിയായിയെടുക്കാമെന്നും അവന്‍ ശയ്യയിലെ കൂട്ടാളിയായും ഉപകരിച്ചേക്കാമെന്നും നിര്‍ദ്ദേശിച്ചത് മൈക്കെലാഞ്ചലോ അവജ്ഞാപൂര്‍വം തള്ളിക്കളഞ്ഞു. ആ ജോലിക്കാരനെ പിരിച്ചുവിടാന്‍ ക്വാര്‍ട്ടേസിയോട് അദ്ദേഹം ആവശ്യപ്പെടുകപോലും ചെയ്തു. അദ്ദേഹം തന്റെ സ്വകാര്യതയെ മറ്റെന്തിനേക്കാളും വിലമതിച്ചിരുന്നു.

മൈക്കെലാഞ്ചലോ "ശാരീരികബന്ധങ്ങളില്‍" ഏര്‍പ്പെട്ടിരുന്നോ എന്നുപറയുക ബുദ്ധിമുട്ടാണ്. അദ്ദേഹം സംന്യാസിയുടെ ബ്രഹ്മചര്യനിഷ്ഠ പാലിച്ചുവെന്ന് അസ്കാനിയോ കോണ്‍ഡിവി അഭിപ്രായപ്പെട്ടിട്ടുണ്ട്. [22] ഏതായാലും അദ്ദേഹം ശില്പങ്ങളിലും ചിത്രങ്ങളിലും കവിതകളിലും തന്റെ സങ്കല്പലോകത്തിന്റെ പരിച്ഛേദം വിട്ടുപോയി.[23]


[തിരുത്തുക] കവലിയേരി

മൈക്കെലാഞ്ചലോയുടെ പ്രേമത്തിന്റെ ഏറ്റവും ശക്തമായ ലിഖിതപ്രകടനം തോമസ് ഡി കവലിയേരിക്കാണ് കിട്ടിയത്(c. 1509–1587). 1532-ല്‍, 57 വയസ്സുള്ള മൈക്കെലാഞ്ചലോ കവലിയേരിയെ കാണുമ്പോള്‍ അയാള്‍ക്ക് 23 വയസ്സുണ്ടായിരുന്നു. തന്നേക്കാള്‍ പ്രയമേറിയ മൈക്കെലാഞ്ചലോയുടെ സ്നേഹത്തോട് കവലിയേരി അനുകൂലമായി പ്രതികരിച്ചു: അങ്ങയുടെ പ്രേമം തിരിച്ചും നല്‍കുമെന്ന് ഞാന്‍ വാക്കുതരുന്നു. മറ്റാരേയും ഞാന്‍ ഇത്രയധികം സ്നേഹിച്ചിട്ടില്ല. മറ്റൊരാളുടെ സൗഹൃദവും ഞാന്‍ ഇത്രയേറെ കൊതിച്ചിട്ടില്ല. കവലിയേരി അവസാനം വരെ മൈക്കെലാഞ്ചലോയോട് വിശ്വസ്തതപുലര്‍ത്തി.


മുന്നൂറു ഭാവഗീതങ്ങള്‍ മൈക്കെലാഞ്ചലോ കവലിയേരിക്ക് സമര്‍പ്പിച്ചു. അദ്ദേഹത്തിന്റെ ഏറ്റവും വലിയ കവിതാസമുച്ചയമാണത്. അവരുടെ സൗഹൃദം പ്ലേറ്റോണികമായിരുന്നുവെന്ന് വാദിക്കുന്ന ആധുനികവ്യാഖ്യാതാക്കളുണ്ട്. ഒരു ദത്തുപുത്രനെയാണ് മൈക്കെലാഞ്ചലോ അയാളില്‍ കണ്ടതെന്ന് അവര്‍ പറയുന്നു.[24] എന്നാല്‍ ആ കവിതകളുടെ സ്വവര്‍ഗ്ഗരതിഭാവം മൈക്കെലാഞ്ചലോയുടെ കാലത്തുതന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 1632-ല്‍ അവ പ്രസിദ്ധീകരിച്ച മൈക്കെലാഞ്ചലോയുടെ അനന്തിരവന്‍ "ചെറിയ മൈക്കെലാഞ്ചലോ", ലിംഗസൂചകമായ സര്‍വനാമങ്ങള്‍ മാറ്റി അവയിലെ സ്വവര്‍ഗ്ഗരതിസൂചനകളെ മറയ്ക്കാന്‍ ശ്രമിച്ചു. ഭാവഗീതങ്ങളുടെ മൂലരൂപത്തെ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയ ജോണ്‍ ആഡിങ്ങ്‌ടന്‍ ആ മാറ്റങ്ങളെ തിരസ്കരിച്ചു. വ്യത്യസ്തലൈംഗികചായ്‌വുള്ളവരുടെ അവകാശങ്ങള്‍ക്കു വേണ്ടി ആദ്യമായി വാദിച്ച ഇംഗ്ലീഷുകാരനായിരുന്നു ആഡിങ്ങ്‌ടന്‍. 1893-ല്‍ അദ്ദേഹം മൈക്കെലാഞ്ചലോയുടെ ഒരു ജീവചരിത്രവും പ്രസിദ്ധീകരിച്ചു.

[തിരുത്തുക] വിറ്റോറിയ

മൈക്കെലാഞ്ചലോയുമായി ബൗദ്ധിക-ആത്മീയ തലങ്ങളില്‍ സൗഹൃദം പങ്കിട്ട വിറ്റോറിയ കൊളോണ - സെബാസ്റ്റിയാനോ ഡെല്‍ പിയോംബോ വരച്ച ചിത്രം

റോമില്‍ മൈക്കെലാഞ്ചലോ ജീവിച്ചത് ലൊരേറ്റോയിലെ മാതാവിന്റെ പള്ളിക്കടുത്തായിരുന്നു. അവിടെ കവയിത്രിയും പെസ്കാറയിലെ പ്രഭ്വിയും ആയിരുന്ന വിറ്റോറിയ കൊളോണയുമായി അദ്ദേഹം സൗഹൃദത്തിലായി. 1536-ലോ 1538-ലോ അവര്‍ കണ്ടുമുട്ടുമ്പോള്‍ വിറ്റോറിയ 50 വയസ്സുള്ള വിധവയായിരുന്നു. അവര്‍ പരസ്പരം സമര്‍പ്പിച്ച് ഭാവഗീതങ്ങള്‍ എഴുതുകയും വിറ്റോറിയയുടെ മരണം വരെ ഇടക്കിടെ കണ്ടുമുട്ടുകയും ചെയ്തിരുന്നു. എന്നാല്‍ പതിനേഴുവര്‍ഷം മുന്‍പ് മരിച്ച തന്റെ ഭര്‍ത്താവിനോട് അപ്പോഴും വിശ്വസ്തയായിരുന്ന വിറ്റോറിയക്ക് ബൗദ്ധികവും ആത്മീയവുമായ തലത്തിലുള്ള സൗഹൃദത്തിലല്ലാതെ മറ്റൊന്നിലും താത്പര്യമുണ്ടായിരുന്നില്ല. "നമ്മുടെ സൗഹൃദവും സ്നേഹവും സ്ഥിരവും ഉറപ്പുള്ളതും ക്രിസ്തീയതയുടെ ചരടുകൊണ്ട് ബന്ധിക്കപ്പെട്ടതുമാണ്" എന്ന് അവര്‍ മൈക്കെലാഞ്ചലോക്ക് എഴുതി. അവര്‍ അദ്ദേഹത്തിന് 143 ഭാവഗീതങ്ങള്‍ സമ്മാനിച്ചു. മൈക്കെലാഞ്ചലോ മറുപടിയായി എഴുതിയ ഗീതങ്ങള്‍ ഊഷമളവും ആരാധനാ-ഭക്തിഭാവങ്ങള്‍ നിറഞ്ഞതും സാഹിത്യപരമായ ആര്‍ഭാടങ്ങള്‍ ഉള്‍ക്കോള്ളുന്നവയുമാണ്. അവരുടെ സംഗമങ്ങളില്‍ ആത്മീയവിഷയങ്ങളാണ് ചര്‍ച്ചചെയ്യപ്പെട്ടിരുന്നത്. വിറ്റോറിയ മൈക്കെലാഞ്ചാലോയെ അസാധരണമാം വിധം സ്വാധീനിച്ചു. ഭക്തയും ദയാവതിയും വിശ്വസ്തയും ആയ അവരില്‍, ജീവിതത്തിലെ ഉന്നതമായ ആത്മീയാംശങ്ങളെല്ലാം ഒന്നുചേര്‍ന്നതായി അദ്ദേഹത്തിനു തോന്നി. 1547-ലെ അവരുടെ മരണസമയത്ത് അദ്ദേഹം അരികെ ഉണ്ടായിരുന്നു. അവരുടെ വിയോഗം അദ്ദേഹത്തെ ദുഃഖവിവശനാക്കുകയും ചെയ്തു.

[തിരുത്തുക] കലാസങ്കല്പം

ഫ്ലോറന്‍സില്‍ മൈക്കെലാഞ്ചലോയുടെ ശവകുടീരം

കലയുടെ ഉറവിടങ്ങളായി അദ്ദേഹം കണ്ടത് ആന്തരികപ്രചോദനവും സംസ്കാരവുമാണ്. കലാകാരനു കീഴ്പ്പെടുത്താനുള്ള ഒരെതിരാളിയായി പ്രകൃതിയെ അദ്ദേഹം കണ്ടു. ഇത്, അദ്ദേഹത്തിന്റെ സമകാലീനനും പ്രതിയോഗിയുമായി ലിയോനാര്‍ഡോ ഡാവിഞ്ചിയുടെ കലാവീക്ഷണത്തില്‍ നിന്ന് ഭിന്നമായിരുന്നു. അദ്ദേഹം നിര്‍മ്മിച്ച രൂപങ്ങള്‍ ബാഹ്യലോകത്തില്‍ നിന്ന് വേറിട്ട്, അവയുടെ തന്നെ സ്ഥലസീമയില്‍ ശക്തവും ചലനാത്മകവുമായിരിക്കുന്നു. ശിലക്കുള്ളില്‍ മുന്നേയുള്ള ശിലപത്തെ അനാവശ്യമായതൊക്കെ മാറ്റി പുറത്തുകൊണ്ടുവരുകയാണ് ശില്പിയുടെ നിയോഗം എന്ന് മൈക്കെലാഞ്ചലോ കരുതി. തന്റെ സൃഷ്ടികളുമായി മൈക്കെലാഞ്ചലോ ആത്മബന്ധം പുലര്‍ത്തി. "നീ എന്നോട് സംസാരിക്കാത്തതെന്ത്?" എന്നലറിക്കൊണ്ട്, ദാവീദിന്റെ പ്രതിമയുടെ കാല്‍മുട്ട് അദ്ദേഹം ഒരിക്കല്‍ ചുറ്റികകൊണ്ടടിച്ചു പൊട്ടിച്ചുവെന്ന കഥ പ്രസിദ്ധമാണ്. പുരുഷസൗന്ദര്യം മൈക്കെലാഞ്ചലോയെ കലാപരമായും വൈകാരികമായും ആകര്‍ഷിച്ചു. അദ്ദേഹത്തിന്റെ കലയുടെ മൗലികഘടകം പുരുഷസൗന്ദര്യത്തിന്റെ ചിത്രീകരണമായിരുന്നു. പൗരുഷുത്തെ അദര്‍ശവല്‍ക്കരിച്ച യൂറോപ്യന്‍ നവോത്ഥാനത്തിന്റെ നിലപാടില്‍ പങ്കുപറ്റുകയാണ് ഒരളവുവരെ അദ്ദേഹം ചെയ്തതെന്ന് പറയാം. എന്നാല്‍ പുരുഷസൗന്ദര്യത്തോടുള്ള മൈക്കെലാഞ്ചലോയുടെ കലയുടെ പ്രതികരണത്തില്‍ വിഷയലോലുപതയും ആരോപിക്കപ്പെട്ടിട്ടുണ്ട്.[25]

[തിരുത്തുക] മരണം

എണ്‍പത്തൊമ്പതാം വയസ്സുവരെ മൈക്കെലാഞ്ചലോ കലാകാരനെന്ന നിലയില്‍ പ്രവര്‍ത്തനനിരതനായിരുന്നു. ഒടുവില്‍ മൂത്രാശയസംബന്ധമായ രോഗങ്ങളും മറ്റും അദ്ദേഹത്തെ വലച്ചു. അടുത്തുവരുന്ന അന്ത്യത്തെ അദ്ദേഹം വിശ്വാസിയുടെ നിര്‍മ്മമതയോടെ സമീപിച്ചു. "പടുകിഴവനായ എന്നെ മരണം ഇടക്കിടെ ഉടുപ്പിന്റെ കഴുത്തില്‍ പിടിച്ചുവലിച്ച്, കൂടെച്ചെല്ലാന്‍ നിര്‍ബ്ബന്ധിക്കുന്നു" എന്ന് അദ്ദേഹം വസാരിയോട് പറഞ്ഞു. തന്റെ "ആത്മാവിനെ ദൈവത്തിനും, ശരീരത്തെ ഭൂമിക്കും, വസ്തുവകകളെ ബന്ധുക്കള്‍ക്കും" സമര്‍പ്പിച്ചതല്ലാതെ അദ്ദേഹം ഒസ്യത്തൊന്നും എഴുതിയില്ല. 1564 ഫെബ്രുവരി 18-ന് മരിച്ച മൈക്കെലാഞ്ചലോയുടെ ശരീരം, തനിക്കുപ്രിയപ്പെട്ട ടസ്ക്കനിയില്‍ സംസ്കരിക്കപ്പെടണമെന്ന അദ്ദേഹത്തിന്റെ ആഗ്രഹം കണക്കിലെടുത്ത്, റോമില്‍ നിന്ന് കൊണ്ടുവന്ന്, ഫ്ലോറന്‍സിലെ വിശുദ്ധ കുരിശിന്റെ ബസിലിക്കായില്‍ സംസ്കരിച്ചു. ശവസംസ്കാരച്ചടങ്ങുകള്‍ ദിവസങ്ങള്‍ നീണ്ടുനിന്നു.[11]

[തിരുത്തുക] മുഖ്യസൃഷ്ടികള്‍


[തിരുത്തുക] കുറിപ്പുകള്‍

ക.^  ഫ്ലോറന്‍സുകാരുടെ പതിവനുസരിച്ച്, മൈക്കലാഞ്ചലോയുടെ പിതാവ് ജനനത്തീയതി രേഖപ്പെടുത്തിയിരിക്കുന്നത്, യേശുവിന്റെ മനുഷ്യാവതാരം കഴിഞ്ഞ് 1474-ആം വര്‍ഷം മാര്‍ച്ച് മാസം ആറാം തിയതി എന്നാണ്. എന്നാല്‍ യേശുവിന്റെ ജനനത്തെ അടിസ്ഥാനമാക്കിയുള്ള റോമന്‍ കാലഗണനയനുസരിച്ച് മൈക്കലാഞ്ചലോ ജനിച്ചത് 1475-ലാണ്.


ഖ.^ വിദ്യാഭ്യാസം തുടങ്ങുമ്പോള്‍ മൈക്കലാഞ്ചലോക്ക് എത്ര വയസ്സായിരുന്നുവെന്ന കാര്യത്തില്‍ അഭിപ്രായൈക്യമില്ല. പത്തുവയസായിരുന്നെന്ന് ഡി ടോല്‍നേയും ഏഴുവയസ്സായിരുന്നെന്ന് സെഡ്ജ്വിക്കും പറയുന്നു.

[തിരുത്തുക] ഇവയും കാണുക

ഈ പ്രശസ്ത നവോത്ഥാന ചിത്രകാരന്മാര്‍ക്ക് മൈക്കലാഞ്ജലോയുമായി ബന്ധമുണ്ടായിരുന്നു:

[തിരുത്തുക] കൂടുതല്‍ വായനക്ക്

  • Ackerman, James (1986). The Architecture of Michelangelo. University of Chicago Press. ISBN 978-0226002408. 
  • Clément, Charles (1892). Michelangelo. Harvard University, Digitized June 25, 2007: S. Low, Marston, Searle, & Rivington, ltd.: London. http://books.google.com/books?id=G-sDAAAAYAAJ&printsec=frontcover&dq=michelangelo&as_brr=1#PPA1,M1. 
  • Condivi, Ascanio; Alice Sedgewick (1553). The Life of Michelangelo. Pennsylvania State University Press. ISBN 0-271-01853-4. 
  • Baldini, Umberto; Liberto Perugi (1982). The Sculpture of Michelangelo. Rizzoli. ISBN 0-8478-0447-x. http://www.antiqbook.com/boox/laurie/50121.shtml. 
  • Einem, Herbert von (1973). Michelangelo. Trans. Ronald Taylor. London: Methuen.
  • Gilbert, Creighton (1994). Michelangelo On and Off the Sistine Ceiling. New York: George Braziller.
  • Hart, Michael (1992). The 100. Carol. ISBN 0-8065-1350-0. 
  • Hibbard, Howard (1974). Michelangelo. New York: Harper & Row.
  • Hirst, Michael and Jill Dunkerton. (1994) The Young Michelangelo: The Artist in Rome 1496-1501. London: National Gallery Publications.
  • Liebert, Robert (1983). Michelangelo: A Psychoanalytic Study of his Life and Images. New Haven and London: Yale University Press. ISBN 0-300-02793-1. 
  • Pietrangeli, Carlo, et al. (1994). The Sistine Chapel: A Glorious Restoration. New York: Harry N. Abrams
  • Sala, Charles (1996). Michelangelo: Sculptor, Painter, Architect. Editions Pierre Terrail. ISBN 978-2879390697. 
  • Saslow, James M. (1991). The Poetry of Michelangelo: An Annotated Translation. New Haven and London: Yale University Press.
  • Seymour, Charles, Jr. (1972). Michelangelo: The Sistine Chapel Ceiling. New York: W. W. Norton.
  • Stone, Irving (1987). The Agony and the Ecstasy. Signet. ISBN 0-451-17135-7. 
  • Summers, David (1981). Michelangelo and the Language of Art. Princeton University Press.
  • Tolnay, Charles (1947). The Youth of Michelangelo. Princeton, NJ: Princeton University Press. 
  • Tolnay, Charles de. (1964). The Art and Thought of Michelangelo. 5 vols. New York: Pantheon Books.
  • Néret, Gilles (2000). Michelangelo. Taschen. ISBN 9783822859766. 
  • Wilde, Johannes (1978). Michelangelo: Six Lectures. Oxford: Clarendon Press.



[തിരുത്തുക] അവലംബം

  1. 1.0 1.1 Web Gallery of Art, image collection, virtual museum, searchable database of European fine arts (1100–1850). www.wga.hu. ശേഖരിച്ചത് 2008-06-13.
  2. 2.0 2.1 Michelangelo. (2008). Encyclopædia Britannica. Ultimate Reference Suite.
  3. Jacobs, Frederika (September 2002), "assembling: Marsyas, Michelangelo, and the Accademia del Disegno - Dis", The Art Bulletin: 22, http://findarticles.com/p/articles/mi_m0422/is_3_84/ai_91673178/pg_22 
  4. 4.0 4.1 4.2 J. de Tolnay, The Youth of Michelangelo, 11
  5. 5.0 5.1 C. Clément, Michelangelo, 5
  6. A. Condivi, The Life of Michelangelo, 5
  7. 7.0 7.1 A. Condivi, The Life of Michelangelo, 9
  8. R. Liebert, Michelangelo: A Psychoanalytic Study of his Life and Images, 59
  9. C. Clément, Michelangelo, 7
  10. C. Clément, Michelangelo, 9
  11. 11.00 11.01 11.02 11.03 11.04 11.05 11.06 11.07 11.08 11.09 11.10 Story of Civilization, അഞ്ചാം വാല്യം, The Renaissance, Will Durant
  12. J. de Tolnay, The Youth of Michelangelo, 18–19
  13. 13.0 13.1 A. Condivi, The Life of Michelangelo, 15
  14. 14.0 14.1 J. de Tolnay, The Youth of Michelangelo, 20–21
  15. A. Condivi, The Life of Michelangelo, 17
  16. 16.0 16.1 J. de Tolnay, The Youth of Michelangelo, 24–25
  17. A. Condivi, The Life of Michelangelo, 19–20
  18. J. de Tolnay, The Youth of Michelangelo, 26–28
  19. Old News - Pope Picks Michelangelo To Paint Chapel Ceiling, Rick Bromer http://www.oldnewspublishing.com/sistine.htm
  20. "MICHELANGELO BUONARROTI" by Giovanni Dall'Orto Babilonia n. 85, January 1991, pp. 14–16 [1]
  21. Hughes, Anthony: "Michelangelo.", page 326. Phaidon, 1997.
  22. Hughes, Anthony: "Michelangelo"., page 326. Phaidon, 1997.
  23. Scigliano, Eric: "Michelangelo's Mountain; The Quest for Perfection in the Marble Quarries of Carrara.", Simon and Schuster, 2005. [2]. Retrieved January 27, 2007
  24. "Michelangelo", The New Encyclopaedia Britannica, Macropaedia, Volume 24, page 58, 1991. The text goes so far as to claim, a bit defensively, 'These have naturally been interpreted as indications that Michelangelo was a homosexual, but such a reaction according to the artist's own statement would be that of the ignorant'.
  25. Hughes, Anthony: "Michelangelo"., page 327. Phaidon, 1997.

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികള്‍

Commons:Category
വിക്കിമീഡിയ കോമണ്‍സില്‍ ഈ ലേഖനത്തോടു ബന്ധപ്പെട്ട കൂടുതല്‍ പ്രമാണങ്ങള്‍ ലഭ്യമാണ്:


താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം