സുറിയാനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കിഴക്കന്‍ അറമായ ഭാഷയുടെ ഭാഷാഭേദമാണ്(dialect, പ്രാദേശിക രൂപം) സുറിയാനി (ܣܘܪܝܝܐ സുറിയോയോ, ആംഗലഭാഷയില്‍ Syriac). ഒരുകാലത്ത് സുറിയാനി, മധ്യപൂര്‍‌വ്വേഷ്യയില്‍ ലെവന്ത്, പുരാതന മെസോപ്പൊട്ടേമിയ, പുരാതന ഈജിപ്ത് എന്നിവിടങ്ങളില്‍ വ്യാപകമായി സംസാരിക്കപ്പെട്ടിരുന്നു. രണ്ടാം നൂറ്റാണ്ടുമുതല്‍ എട്ടാം നൂറ്റാണ്ടുവരെ മധ്യപൂര്‍‌വ്വേഷ്യയില്‍ ആശയവിനിമയത്തിന് ഏറ്റവുമധികം ഉപയോഗിച്ചിരുന്ന പ്രധാന ഭാഷയുമായിരുന്നു ഇത്.[1]

യേശു ക്രിസ്തുവിന്‍റെയും അനുയായികളുടെയും ഭാഷ അറമായഭാഷയുടെ ഈ രൂപമായിരുന്നു. മദ്ധ്യപൂര്‍വ്വദേശത്തെ ക്രിസ്തീയ സമൂഹങ്ങളില്‍ സുറിയാനി ഭാഷ പ്രബലമായി ഉപയോഗിച്ചിരുന്നതിനാല്‍ ഇതു് ക്രൈസ്തവ ഭാഷയായി കരുതപ്പെട്ടു. അതിനാല്‍, വ്യാപകമായ നിര്‍‌വചനമനുസരിച്ച്, സുറിയാനി എന്ന പദം ക്രിസ്ത്യന്‍ സമൂഹങ്ങള്‍ സംസാരിക്കാന്‍ ഉപയോഗിച്ചുപോന്ന കിഴക്കന്‍ അറമായ ഭാഷകളെയെല്ലാം സൂചിപ്പിക്കാന്‍, പ്രത്യേകിച്ച് പില്‍ക്കാലത്ത് സുറിയാനി ക്രിസ്ത്യാനികളുടെ ആരാധനാഭാഷയായിത്തീര്‍ന്ന എദേസ്സായിലെ സുറിയാനിഭാഷയെ സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്നു. 6-ആം നൂറ്റാണ്ടില്‍ സുറിയാനി സഭയില്‍ പിളര്‍പ്പുണ്ടായതിനെത്തുടര്‍ന്നു് 6-ആം നൂറ്റാണ്ടിന്റെ പകുതി മുതല്‍ രണ്ടായി വികസിച്ചതു് മൂലം സുറിയാനി ഭാഷയ്ക്കു് കിഴക്കന്‍ സുറിയാനി, പടിഞ്ഞാറ‍ന്‍ സുറിയാനി എന്നീ രണ്ടു് വകഭേദമുണ്ടു്.

അറബികളുടെയും ഒരു പരിധി വരെ പേര്‍ഷ്യക്കാരുടേയും ഭാഷാമാധ്യമം ആയിരുന്ന സുറിയാനിഭാഷ അറബി ഭാഷയുടെ വളര്‍ച്ചക്ക് പ്രധാന പങ്ക് വഹിച്ചു. 8-ആം നൂറ്റാണ്ടോടെ അറബി സാധാരണ ഭാഷയായി മാറിയപ്പോള്‍ സുറിയാനി ക്രൈസ്തവ ആരാധനാഭാഷയായി ചുരുങ്ങി. ഇപ്പോഴിത് കേരളത്തിലും സുറിയയിലും തുര്‍ക്കിയിലും ഇറാക്കിലും ഇറാനിലും പാലസ്തീനിലും മറ്റുമായി ചിതറിക്കിടക്കുന്ന സുറിയാനി സഭകളിലെ ആരാധനാക്രമ ഭാഷ മാത്രമാണു് സുറിയാനി.

ഇത് സംസാരഭാഷയായിട്ടുള്ളവര്‍ ‍ആയിരത്തോളമേ വരൂ. അവര്‍‍ സുറിയയിലെ ദമസ്കോസിനു് സമീപം മാറാസയദ്നായയുടെ പ്രാന്തത്തിലുള്ള മാലുമിയ എന്ന മുസ്ലീം ഗ്രാമത്തിലുള്ളവരാണു്. അറബി, എബ്രായ ഭാഷ(ഹീബ്രു) എന്നീ ഭാഷകള്‍ പോലെ തന്നെ സുറിയാനിയും വലത്തു നിന്ന് ഇടത്തോട്ടാണ് എഴുതുന്നത്.ലിപി എസ്ത്രാങ്ങലയായിരുന്നു. പിന്നീടു് കിഴക്കന്‍ സുറിയാനിയുടെ ലിപി കല്‍ദായയും , പടിഞ്ഞാറ‍ന്‍ സുറിയാനിയുടെലിപി സെര്‍ത്തോയും ആയി.

ഉള്ളടക്കം

[തിരുത്തുക] പേരിനു് പിന്നില്‍

സുറിയാനി എന്ന പദം അറബി ഭാഷയില്‍ സിറിയയിലെ ഭാഷ എന്നതിനുപയോഗിക്കുന്നതാണ്‌. [2]അരാം ദേശം ഗ്രീക്കില്‍ സുറിയ(സിറിയ)യെന്നറിയപ്പെട്ടപ്പോഴാണു് അരമായഭാഷയ്ക്കു് സുറിയാനിഭാഷ എന്ന പേരുണ്ടായതു്.

[തിരുത്തുക] ഭാഷാശാഖ

ശീമ/ശേമ്യ(സെമിറ്റിക്‍) ഭാഷാശാഖയുടെ ആഫ്രോ-എഷ്യന്‍ ഭാഷാ ഉപശാഖയാണ് സുറിയാനി.

[തിരുത്തുക] ഇതും കാണുക

സുറിയാനി സഭകള്‍

കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികള്‍

സുറിയാനി ക്രിസ്ത്യാനികള്‍

[തിരുത്തുക] അവലംബം

  1. Beyer, Klaus; John F. Healey (trans.) (1986). The Aramaic Language: its distribution and subdivisions. Göttingen: Vandenhoeck und Ruprecht. pp. 44. ISBN 3-525-53573-2. 
  2. പി.എം., ജോസഫ് (1995). മലയാളത്തിലെ പരകീയ പദങ്ങള്‍. തിരുവനന്തപുരം: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്. 

[തിരുത്തുക] പുറമേയ്ക്കുള്ള കണ്ണികള്‍


"http://ml.wikipedia.org/wiki/%E0%B4%B8%E0%B5%81%E0%B4%B1%E0%B4%BF%E0%B4%AF%E0%B4%BE%E0%B4%A8%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം