ആമോസിന്റെ പുസ്തകം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ബൈബിളിലെ പഴയനിയമത്തിലെ ഏറെ സവിശേഷതകളുള്ള ഒരു പ്രവചനഗ്രന്ഥമാണ് ആമോസിന്റെ പുസ്തകം. ഏശയ്യാ, ജറെമിയ, എസെക്കിയേല്‍ എന്നീ മൂന്നു വലിയ പ്രവാചകന്മാരുടെ(Major Prophets) ഗ്രന്ഥങ്ങളെ തുടര്‍ന്ന് വരുന്ന പന്ത്രണ്ട് ചെറിയ പ്രവചനഗ്രന്ഥങ്ങളില്‍ (Minor Prophets) മൂന്നാമത്തേതായാണ് ഹെബ്രായ ബൈബിളിലെ ഗ്രന്ഥങ്ങളുടെ ക്രമീകരണത്തില്‍ ഇതിന്റെ സ്ഥാനമെങ്കിലും, ചരിത്രപരമായി, സ്വന്തം പേരില്‍ ഗ്രന്ഥമുള്ള ആദ്യത്തെ പ്രവാചകനായാണ് ആമോസ് കണക്കാക്കപ്പെടുന്നത്. ഗ്രന്ഥത്തിന്റെ ഉള്ളടക്കം മുഴുവന്‍ പ്രവാചകന്റെ സ്വന്തമായിരിക്കില്ല എന്നും പ്രവചനങ്ങളില്‍ ഏറിയകൂറും ശിഷ്യന്മാര്‍ സംഭരിച്ചതായിരിക്കാം എന്നും അഭിപ്രായപ്പെടുന്നവരുണ്ട്.

ഉള്ളടക്കം

[തിരുത്തുക] പശ്ചാത്തലം

റഷ്യയിലെ കിഷി ആശ്രമത്തിലെ രൂപാന്തരീകരണത്തിന്റെ ദേവാലയത്തിലുള്ള ആമോസിന്റെ രൂപം - റഷ്യന്‍ ഓര്‍ത്തോഡോക്സ് ശൈലിയില്‍ പതിനെട്ടാം നൂറ്റാണ്ടിലെ സൃഷ്ടി.
റഷ്യയിലെ കിഷി ആശ്രമത്തിലെ രൂപാന്തരീകരണത്തിന്റെ ദേവാലയത്തിലുള്ള ആമോസിന്റെ രൂപം - റഷ്യന്‍ ഓര്‍ത്തോഡോക്സ് ശൈലിയില്‍ പതിനെട്ടാം നൂറ്റാണ്ടിലെ സൃഷ്ടി.

താന്‍ പ്രവാചകനോ, പ്രവാചകന്റെ പുത്രനോ അല്ലെന്നും ഇടയനും കാട്ടത്തിമരം (സിക്കമൂര്‍) വെട്ടിയൊരുക്കുന്ന ജോലി ചെയ്യുന്നവനും മാത്രമാണെന്നും ആമോസ് പറയുന്നുണ്ട്. എന്നാല്‍ "ദാസരായ പ്രവാചകരോട് തന്റെ പദ്ധതികള്‍ വെളിപ്പെടുത്താതെ ഒന്നും ചെയ്യാത്ത ദൈവം", ആട്ടിന്‍ പറ്റത്തിന്റെ പിന്നാലെ നടക്കുമ്പോള്‍ തന്നെ പിടികൂടി എന്ന് അദ്ദേഹം പറഞ്ഞു. ദൈവം അരുള്‍ചെയ്തപ്പോള്‍ അദ്ദേഹത്തിന് പ്രവചിക്കാതിരിക്കാന്‍ കഴിയാതെവന്നത്രെ. [1]യഹൂദായിലെ തെക്കോവ എന്ന സ്ഥലത്തെ ഒരു ആട്ടിടയനായിരുന്ന ആമോസ്‌ വടക്കന്‍ രാജ്യമായ ‍ഇസ്രായേലില്‍ ജറോബോവാം രാജാവായിരുന്ന കാലത്ത്‌ ചുരുങ്ങിയ കാലയളവില്‍ മാത്രമാണ്‌ പ്രവാചകദൗത്യം നിര്‍വ്വഹിച്ചത്‌ (ക്രി. മു. 760). തെക്ക് യഹൂദായില്‍ അപ്പോള്‍ രാജാവായിര്‍ന്നത് ഊസിയാ ആണ്.

[തിരുത്തുക] ഉള്ളടക്കം

ജറൊബോവാമിന്റേയും ഊസിയായുടേയും ഭരണകാലം സുരക്ഷിതത്വത്തിന്റേയും സമ്പത്തിക അഭിവൃദ്ധിയുടേയും മതതീഷ്ണതയുടേയും നാളുകളായി എണ്ണപ്പെട്ടു. എന്നാല്‍ സുരക്ഷിതത്വം താത്കാലികവും ഭക്തി ആത്മാര്‍ഥത ഇല്ലാത്തതും ആണെന്നും, ഉപരിവര്‍ഗ്ഗത്തിനു മാത്രം പ്രയോജനപ്പെട്ട സാമ്പത്തിക വളര്‍ച്ച, അനീതിയിലും പാവങ്ങളുടെ അടിച്ചമര്‍ത്തലിലും വേരുറച്ചതാണെന്നും അമോസിനു തോന്നി. [2] അതുകൊണ്ട്, രാഷ്ട്രങ്ങള്‍ക്കുള്ളിലും രാഷ്ട്രാന്തരതലത്തിലും നടമാടിയിരുന്ന അനീതിക്കെതിരായുള്ള അതിരില്ലാത്ത രോഷവും നീതിക്കുവേണ്ടിയുള്ള അടങ്ങാത്ത ദാഹവും ആമോസിന്റെ പ്രവചനത്തിന്റെ മുഖമുദ്രയായി.

[തിരുത്തുക] അയല്‍ രാഷ്ട്രങ്ങള്‍ക്കെതിരെ

പ്രവചനം തുടങ്ങുന്നത്, ഇസ്രായേലിനോടു ക്രൂരത കാട്ടിയ ചുറ്റുമുള്ള ജനതകളെ ദൈവം കഠിനമായി ശിക്ഷിക്കാന്‍ പോകുന്നു എന്നു പറഞ്ഞാണ്. ഗിലെയാദിനെ ഇരുമ്പുമെതിവണ്ടികള്‍ കൊണ്ടു മെതിച്ചതിന് ദമാസ്കസും, കത്തിക്കാളിയ കോപത്തില്‍ വാളുമായി സഹോദരനെ പിന്തുടര്‍ന്നതിന് ഏദോമും ഇസ്രായേലിലെ ഗര്‍ഭിണികളെ കുത്തിപ്പിളര്‍ന്നതിന് അമ്മോനും ഇവിടെ വിമര്‍‍ശിക്കപ്പെടുന്നു. ‍ഇവയെക്കൂടാതെ, ഫിലിസ്തിയ, ടയിര്‍, മൊവാബ് എന്നിവയും ഇസ്രായേലിന്റെ സഹോദരരാജ്യമായ യഹുദായും ഈ ഭാഗത്ത് പ്രവാചകന്റെ രോഷത്തിന് വിഷയീഭവിക്കുന്നു.

[തിരുത്തുക] ഇസ്രായേലിനെതിരെ

തുടര്‍ന്ന് ഇസ്രായേലിലെ തന്നെ ഭരണാധികാരികളേയും ഉപരിവര്‍‌ഗത്തേയും, അവരുടെ അധര്‍മ്മ പ്രവര്‍ത്തികളും ദൈവത്തോടുള്ള അവിശ്വസ്ഥതയും എണ്ണിപ്പറഞ്ഞ് ആമോസ് വിമര്‍ശിക്കുന്നു. അവരെ, ബലിപീഠത്തിന്റെ സമീപത്ത് പണയം വാങ്ങിയ വസ്ത്രങ്ങളില്‍ കിടക്കുന്നവരും, തങ്ങള്‍ പിഴചുമത്തിയവരുടെ വീഞ്ഞ് ദൈവത്തിന്റെ ആലയത്തില്‍വച്ച് കുടിക്കുന്നവരും ആയി അദ്ദേഹം ചിത്രീകരിച്ചു. [3] അവരുടെ നഗരങ്ങളിലെല്ലാം പല്ലിനു വിശ്രമം നല്‍കിയും വാസസ്ഥലങ്ങളിലെല്ലാം ഭഷ്യക്ഷാമം ഉണ്ടാക്കിയും [4]കരിവുകൊണ്ടും പൂപ്പല്‍കൊണ്ടും തകര്‍ത്തും [5]ദൈവം തന്റെ അപ്രീതി പ്രകടിപ്പിച്ചിട്ടും അവര്‍ ഗൗനിച്ചില്ല. അവര്‍ ദരിദ്രനെ ചവിട്ടിമെതിക്കുന്നതും അയാളില്‍നിന്നു ഞെക്കിപ്പിഴിഞ്ഞു കോതമ്പു വാങ്ങുന്നതും അവസാനിപ്പിച്ചില്ല. [6] ആത്മാര്‍ഥതയില്ലാത്ത മതാഭ്യാസങ്ങളുടെ നിശിതമായ വിമര്‍‍ശനവും സാമൂഹ്യനീതിക്കുവേണ്ടിയുള്ള ആഹ്വാനവുമാണ് തുടര്‍‍ന്നൊരിടത്ത്[1]:-

നിങ്ങളുടെ തിരുനാളുകള്‍ ഞാന്‍ വെറുക്കുന്നു, ഞാന്‍ തള്ളിക്കളയുന്നു. നിങ്ങളുടെ പാവനസമ്മേളനങ്ങളില്‍ ഞാന്‍ ആമോദിക്കുന്നില്ല. നിങ്ങള്‍ എനിക്കു ഹോമബലികളും ധാന്യബലികളും അര്‍പ്പിച്ചാലും ഞാന്‍ അവ സ്വീകരിക്കില്ല; കൊഴുത്ത മൃഗങ്ങളെക്കൊണ്ടുള്ള സമാധാനബലികളിലേക്കും ഞാന്‍ ദൃഷ്ടി തിരിക്കില്ല. നിന്റെ പാട്ടുകളുടെ ശബ്ദത്തില്‍ നിന്ന് എന്നെ മോചിപ്പിക്കൂ; നിന്റെ വീണാനാദം ഞാന്‍ ചെവിക്കൊള്ളില്ല. ന്യായം വെള്ളം‌പോലെ ഒഴുകട്ടെ; നീതി വറ്റാത്ത അരുവിപോലെയും.[7]


ആഡംബരഭ്രമത്തേയും സുഖലോലുപതയേയും വിമര്‍ശിച്ച് ശിക്ഷ പ്രവചിക്കുന്ന ഈ വരികളും പ്രസിദ്ധമാണ്:-

ആനക്കൊമ്പു പതിച്ച തല്പങ്ങളില്‍ ചാരിക്കിടന്ന്, ആട്ടിന്‍പറ്റത്തിലെ കുഞ്ഞാടുകളേയും, തൊഴുത്തിലെ കൊഴുത്ത പശുക്കളേയും തിന്ന് മഞ്ചത്തില്‍ പുളക്കുന്നവര്‍ക്ക് ദുരിതം! അവര്‍ വീണാനാദത്തിനൊപ്പം പാട്ടുകള്‍ ഉണ്ടാക്കി പാടുന്നു; ദാവീദിനെപ്പോലെ വാദ്യോപകരണങ്ങള്‍ കണ്ടുപിടിക്കുന്നു; പാത്രം നിറയെ വീഞ്ഞു കുടിക്കുന്നു; വിശിഷ്ടതൈലങ്ങള്‍ പൂശുന്നു! അതുകൊണ്ട്, പ്രവാസത്തിലേക്കു പോകുന്നവരുടെ മുമ്പില്‍ അവരായിരിക്കും; പുളക്കുന്നവരുടെ നിന്നു കുടിച്ചുള്ള തിമിര്‍പ്പ് അവസാനിക്കും.[8]

ആമോസ് പ്രവാചകന്‍, Gustave Doré-ന്റെ രചന(1891).
ആമോസ് പ്രവാചകന്‍, Gustave Doré-ന്റെ രചന(1891).

[തിരുത്തുക] വിനാശദര്‍‍ശനം

പന്ത്രണ്ടദ്ധ്യായങ്ങളുള്ള ഈ കൃതിയുടെ അവസാനത്തെ മൂന്നദ്ധ്യായങ്ങളുടെ ഉള്ളടക്കത്തിന്റെ പ്രധാനഭാഗം ഇസ്രായേലിന് വരുവാനിരുന്ന തകര്‍ച്ചയെ പ്രതീകാത്മകമായി സൂചിപ്പിക്കുന്ന അഞ്ചു ദര്‍ശനങ്ങളാണ്. ഇവയില്‍ ആദ്യത്തെ രണ്ടുദര്‍ശനങ്ങള്‍ പച്ചപ്പുല്ലുമുഴുവന്‍ തിന്നുതീര്‍ക്കുന്ന വെട്ടുക്കിളി ആക്രമണത്തിന്റേയും ആഴത്തേയും കരയെയും വിഴുങ്ങുന്ന അഗ്നിബാധയുടേതുമാണ്. ഇവയുടെ സൂചന അറിഞ്ഞ പ്രവാചകന്‍ ദൈവത്തോട് ഇസ്രായേലിനുമേല്‍ കരുണ കാണിക്കണമെന്നപേക്ഷിച്ചപ്പോള്‍ കര്‍ത്താവിന് അലിവു തോന്നി അവ സംഭവിക്കുകയില്ല എന്നുറപ്പു നല്‍കി. [9] മൂന്നാമത്തെ ദര്‍ശനത്തില്‍ ആമോസ് കണ്ടത് തൂക്കുകട്ട പിടിച്ചു നിര്‍മ്മിച്ച ഒരു മതിലിന്നരികെ, തൂക്കുകട്ടയും ഏന്തി നില്‍ക്കുന്ന കര്‍ത്താവിനെയാണ്. ഇസ്രയേലിലെ മന്ദിരങ്ങളും പൂജാഗിരികളും നിലം‌പരിശാക്കപ്പെടുമെന്നതിന്റെ സൂചനയായിരുന്നു അത്. [10]അടുത്ത ദര്‍ശനത്തില്‍ ഒരുകുട്ട നിറയെ ഗ്രീഷ്മഫലങ്ങളായിരുന്നു. ഇസ്രായേലിനും പഴുപ്പുകാലം വന്നെത്തിയിരിക്കുന്നു; ഇനി താന്‍ ‍അവരെ ശിക്ഷിക്കാതെ വിടുകയില്ല എന്നാണ് അത് സൂചിപ്പിക്കുന്നതെന്ന് കര്‍ത്താവ് വിശദീകരിച്ചു. [11] അവസാനദര്‍ശനത്തില്‍ ബലിപീഠത്തിനരികെ കോപിഷ്ടനായി നിന്ന് അതിന്റെ ഉമ്മറപ്പടികള്‍ കിടുങ്ങുമാറ് സ്തംഭങ്ങളുടെ മകുടങ്ങളില്‍ അടിക്കാന്‍ കല്പിക്കുന്ന കര്‍ത്താവാണ് കാണപ്പെട്ടത്. [12] ഒടുവിലത്തെ മൂന്നു ദര്‍ശനങ്ങളില്‍ പ്രവാചകന്‍ ദൈവത്തിന്റെ കരുണ ഇരക്കുകയോ ദൈവം അലിയുകയോ ചെയ്യുന്നില്ല.


ഈ ദര്‍ശനങ്ങള്‍ക്കിടയിലൊരിടത്ത് പ്രവാചകന്‍ ഇസ്രായേലില്‍ ബേഥേലിലെ മന്ദിരത്തിലെ പുരോഹിതനായിരുന്ന അമസ്യായുമായി ഏറ്റുമുട്ടുന്നുണ്ട്. വിനാശപ്രവചനം കേട്ടു കോപിച്ച അമസ്യാ ആമോസിനോട് രാജാവിന്റെ വിശുദ്ധമന്ദിരവും, രാജ്യത്തിന്റെ ക്ഷേത്രവുമായ ബെഥേലില്‍ പ്രവചിക്കരുതെന്നും യ്ഹൂദാദേശത്തേക്കു ഓടിപ്പോയി അവിടെ പ്രവചിച്ച് അപ്പവും തിന്ന് കഴിയാനും ആവശ്യപ്പെട്ടു. താന്‍ പ്രവാചകനോ പ്രവാചകപുത്രനോ അല്ലെന്നും ആട്ടിടയനും അത്തിമരം വെട്ടിയൊരുക്കുന്നവനുമാണെന്നും ആമോസ് പറഞ്ഞത് ഈ സന്ദര്‍ഭത്തിലാണ്.

[തിരുത്തുക] പ്രത്യാശാവചനങ്ങള്‍

ഭീതിയും നിരാശയും ജനിപ്പിക്കുന്ന പ്രവചനങ്ങള്‍ നിറഞ്ഞ ഈ ഗ്രന്ഥം അവസാനിക്കുന്നത് അതിന്റെ മറ്റുഭാഗങ്ങളില്‍ കാണപ്പെടുന്നതില്‍ നിന്ന് ഭിന്നമായ പ്രത്യാശയുടെ ഒരു സന്ദേശത്തോടെയാണ്.[13] പര്‍‌വതങ്ങള്‍ മധുരമുള്ള വീഞ്ഞുപൊഴിച്ച് മലകളിലെല്ലാം അത് ഒഴുകുന്ന ഒരു നല്ലകാലമാണ് അത് വര്‍‍ണ്ണിക്കുന്നത്. ഉത്തരരാജ്യമായ ഇസ്രായേല്‍ പശ്ചാത്തലമാക്കി എഴുതപ്പെട്ട ആമോസിന്റെ പുസ്തകത്തിന്റെ ഈ ഭാഗം, പില്‍കാലത്ത് യഹൂദായുടെ പ്രാധാന്യം ഏറിയപ്പോള്‍, ഏതോ സമ്പാദകന്‍ കൂട്ടിച്ചേര്‍ത്തതാണെന്ന് അഭിപ്രായപ്പെടുന്നവരുണ്ട്.[14]

[തിരുത്തുക] വിലയിരുത്തല്‍

[തിരുത്തുക] ആമോസിന്റെ പ്രാധാന്യം

ഹെബ്രായബൈബിളിലെ പ്രവചനഗ്രന്ഥങ്ങളുടെ തുടക്കം, മനുഷ്യരാശിയുടെ ചരിത്രത്തിലേക്ക് പൗരോഹിത്യത്തിന്റെ നിയന്ത്രണത്തിലുള്ള അനുഷ്ഠാനബദ്ധമായ മതത്തെയും രഷ്ട്രീയാധികാരത്തേയും മറികടന്നു നിന്ന പുതിയ ധാര്‍മ്മികശക്തിയുടെ പ്രവേശനം സൂചിപ്പിച്ചു എന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. [2] ആമോസിന്റെ പ്രാധാന്യം ഈ തുടക്കം ആദ്ദേഹത്തില്‍ ആണെന്നതു മാത്രമല്ല. ഹെബ്രായ പ്രവാചകന്മാരിലെ പന്ത്രണ്ടു ചെറിയവരില്‍ ഒരുവനായി എണ്ണപ്പെടുന്നെങ്കിലും, പൗരാണികലോകത്തെ ധര്‍‍മ്മഗുരുക്കള്‍ക്കിടയില്‍ വലിയ പ്രാധാന്യമുള്ള ഒരതികായനാണ് ആമോസ് എന്ന് പരക്കെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്.[3] ഈ പ്രാധാന്യം അംഗീകരിക്കുന്നതില്‍ മതേതര ചരിത്രവും മടി കാണിക്കുന്നില്ല. പ്രഖ്യാത ചരിത്രകാരനായ വില്‍ ഡുറാന്‍ഡ് ആമോസിന്റെ പുസ്തകത്തെക്കുറിച്ച് ഇങ്ങനെ എഴുതിയിട്ടുണ്ട്.

ഇവിടെ ഏഷ്യയുടെ സാഹിത്യത്തില്‍ ആദ്യമായി സാമൂഹ്യമനസാക്ഷി കൃത്യമായ രൂപം ധരിച്ച് മതത്തിലേക്ക് ഒഴുകിയെത്തി അതിന് ഒരു പുതിയ ആത്മാവുനല്‍കുന്നു. അത് മതത്തെ അനുഷ്ഠാനങ്ങളുടേയും സ്തുതിവചനങ്ങളുടേയും തലത്തില്‍ നിന്നുയര്‍ത്തി ധാര്‍മ്മികതയുടെ ചാട്ടവാറും നന്മയിലേക്കുള്ള വിളിയും ആക്കി മാറ്റുന്നു. യേശുക്രിസ്തുവിന്റെ സുവിശേഷം ആമോസില്‍ തുടങ്ങുന്നു. ആമോസിലും ഏശയ്യായിലും ആണ് ക്രിസ്തുമതത്തിന്റേയും സോഷ്യലിസത്തിന്റേയും തുടക്കം. ദാരിദ്ര്യത്തിനും യുദ്ധത്തിനുമിടയിലും മനുഷ്യസാഹോദര്യം സാധ്യമാക്കുന്ന ആദര്‍ശനിഷ്ഠയുടെ നദി (Stream of Utopias) ഉറവെടുത്തത് അവരില്‍ നിന്നാണ്[15]


[തിരുത്തുക] വിമര്‍ശനം

ദൈവത്തെ ഭീഷണിമുഴക്കുന്നവനായി ചിത്രീകരിക്കുന്നുവെന്നത് ആമോസിന്റെ ആദര്‍ശവാദത്തിന്മേല്‍ ഒരു കളങ്കമായി ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്.[16] സുകൃതജീവിതത്തിന് ന്യായം അതിലെ സുകൃതം തന്നയാകണമെന്നും പകരം അതിനെ ദൈവഹിതമായി ചിത്രീകരിച്ച് ന്യായീകരിക്കുന്നത് ദൈവികചൈതന്യത്തിന് നിരക്കാത്ത അസഹിഷ്ണുതയില്‍ ചെന്നെത്തിയേക്കുമെന്നും "കര്‍ത്താവ് അരുളിച്ചെയ്തിരിക്കെ ആര്‍ക്കു പ്രവചിക്കാതിരിക്കാന്‍ കഴിയും" എന്ന ആമോസിന്റെ വാക്യത്തിന്റെ സന്ദര്‍‍ഭത്തില്‍ സ‌ര്‍വപ്പള്ളി രാധാകൃഷ്ണന്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.[17]


[തിരുത്തുക] കുറിപ്പുകള്‍

1.  ഇതിലെ, ന്യായം വെള്ളം‌പോലെയും നീതി വറ്റാത്ത അരുവിപോലെയും ഒഴുകട്ടെയെന്ന ആഹ്വാനം ആമോസിന്റെ പുസ്തകത്തിലെ ഏറ്റവും പ്രസിദ്ധമായ വരികളാണെന്നു പറയാം.


2. Appearance of a new power in the world, the power of individual moral appeal, of an appeal to the free conscience of mankind against the fetish sacrifice and slavish loyalties that had hitherto bridled and harnessed our race[18]


3.  Amoz himself is one of the giants of the ancient world, one of the most powerful of the biblical poets.[19]


[തിരുത്തുക] ആധാരസൂചിക

  1. ആമോസ് 3:7-8 ഓശാന മലയാളം ബൈബിള്‍
  2. Introduction to the Book of Amos - Good News Bible with Deuterocanonicals/Apocrypha
  3. ആമോസ് 2:8
  4. ആമോസ് 4:6
  5. ആമോസ് 4:9
  6. ആമോസ് 5:11
  7. ആമോസ് 5: 21-24
  8. ആമോസ് 6:4-7
  9. ആമോസ് 7:1-6
  10. ആമോസ് 7:7-9
  11. ആമോസ് 8:1-3
  12. ആമോസ് 9:1
  13. ആമോസ് 9:11-15
  14. Amos, The World of Israel's Prophets; The Cambridge Companion to the Bible
  15. Judea, Our Oriental Heritage, The Story of Civilization : Part I, Will Durant
  16. വില്‍ ഡുറന്‍ഡിന്റെ മേലുദ്ധരിച്ച പുസ്തകം
  17. സര്‍‌വപ്പള്ളി രാധാകൃഷ്ണന്റെ പൗരസ്ത്യമതങ്ങളും പാശ്ചാത്യചിന്തയും എന്ന പുസ്തകത്തിലെ The World's Unborn Soul എന്ന പ്രഭാഷണം
  18. Priests and Prophets in Judea; A Short History of the World - HG Wells
  19. Amos, The Book of, Oxford Companion to the Bible
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം