മലാക്കിയുടെ പുസ്തകം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

എബ്രായബൈബിളിന്റേയും ക്രിസ്ത്യാനികളുടെ പഴയനിയമത്തിന്റേയും ഭാഗമായ ഒരു രചനയാണ് മലാക്കിയുടെ പുസ്തകം. ദൈർഘ്യം കുറഞ്ഞ 12 പ്രവചനഗ്രന്ഥങ്ങൾ അടങ്ങിയ "ചെറിയ പ്രവാചകന്മാർ" എന്ന വിഭാഗത്തിലെ അവസാനഗ്രന്ഥമായാണ് മിക്കവാറും ബൈബിൾ സംഹിതകളിൽ ഇതു കാണുന്നത്. ബാബിലോണിലെ പ്രവാസത്തിനു ശേഷം യെരുശലേമിൽ യഹൂദരുടെ രണ്ടാം ദേവാലയത്തിന്റെ നിർമ്മാണം കഴിഞ്ഞ് ക്രി.മു. അഞ്ചാം നൂറ്റാണ്ടിലെങ്ങോ ഇതിന്റെ രചന നടന്നതായി കരുതപ്പെടുന്നു.[1] അനുഷ്ഠാനപരമായ മതാത്മകതയ്ക്കും മതവിശ്വാസത്തിന്റെ സാമൂഹികമാനത്തിനും തുല്യപ്രാധാന്യം കല്പിച്ച പ്രവാസാനന്തര യഹൂദപ്രവാചകപാരമ്പര്യത്തിന്റെ മാതൃകയായി ഈ രചന കണക്കാക്കപ്പെടുന്നു.[2]

ഗ്രന്ഥകർത്താവ്[തിരുത്തുക]

ഹഗ്ഗായിയുടേയും, സഖറിയായുടേയും പ്രവചനങ്ങൾക്കു ശേഷവും എസ്രാ-നെഹമിയാമാരുടെ പരിഷ്കരണങ്ങൾക്കു മുൻപുമായിരിക്കണം മലാക്കിയുടെ ദൗത്യത്തിന്റെ കാലം.[2] മലാക്കിയും എസ്രായും ഒരാൾ തന്നെയായിരുന്നു എന്നൊരു പാരമ്പര്യം ചില യഹൂദരചനകളിൽകാണാം. തന്റെ കാലത്ത് ഈ വിശ്വാസം നിലവിലിരുന്നുവെന്ന് മലാക്കിയുടെ പുസ്തകത്തിനെഴുതിയ വ്യാഖ്യാനത്തിന്റെ ആമുഖത്തിൽ ജെറോം പറയുന്നു. എബ്രായ പ്രവാചകപാരമ്പര്യത്തിലെ അവസാനത്തെ കണ്ണിയായ മലാക്കിയുടെ മരണത്തോടെ ദൈവത്തിന്റെ വിശുദ്ധാത്മാവ് ഇസ്രായേലിനെ വിട്ടുപോയി എന്ന് ബാബിലോണിയൻ താൽമൂദിൽ പറയുന്നു.[3] അപ്പോക്രിഫൽ ഗ്രന്ഥങ്ങളുടെ കാനോനികത അംഗീകരിക്കാത്ത പ്രൊട്ടസ്റ്റന്റുകളേപ്പോലുള്ള ക്രിസ്തീയ വിഭാഗങ്ങൾക്ക് ഈ കൃതി പഴയനിയമത്തിലെ ഏറ്റവും ഒടുവിലത്തെ രചനയാകുന്നു. എബ്രായ ഭാഷയിൽ "എന്റെ ദൂതൻ" എന്നർത്ഥമുള്ള 'മലാഖി' എന്ന പേരിനെ ഗ്രന്ഥകാരന്റെ വ്യക്തിപരമായ നാമമെന്നതിനു പകരം അദ്ദേഹത്തിനു കിട്ടിയ ദൗത്യത്തിന്റെ വിശേഷണമായാണ് പല വ്യാഖ്യാതാക്കളും കാണുന്നത്.

ഉള്ളടക്കം[തിരുത്തുക]

മലാക്കിയുടെ പുസ്തകം എബ്രായബൈബിളിന്റെ പ്രഖ്യാതമായ മസോറട്ടിക് പാഠത്തിൽ മൂന്നദ്ധ്യായങ്ങളും, പുരാതന ഗ്രീക്കു പരിഭാഷയായ സെപ്ത്വജിന്റ്, ജെറൊമിന്റെ ലത്തീൻ പരിഭാഷയായ വുൾഗാത്തെ, സുറിയാനി പരിഭാഷയായ പ്ശീത്താ എന്നിവയിൽ നാലദ്ധ്യായങ്ങളും[൧] അടങ്ങുന്നു. എബ്രായബൈബിളിലെ പ്രവചനഗ്രന്ഥങ്ങളിൽ ഏറ്റവും ഗദ്യമയമായത് ഇതാണ്. ആദ്യം സ്വന്തം നിലപാട് അവതരിപ്പിച്ചിട്ട്, ശ്രോതാക്കൾ ഉന്നയിച്ചേക്കാവുന്ന പ്രശ്നങ്ങൾ സ്വയം ഉന്നയിച്ച് അവയ്ക്കു മറുപടി പറഞ്ഞ ശേഷം ഒടുവിൽ ആദ്യനിലപാട് ആവർത്തിച്ചുറപ്പിക്കുന്ന മട്ടിലുള്ള ഇതിലെ അദ്ധ്യാപനശൈലി ഇതര പ്രവചനഗ്രന്ഥങ്ങളിൽ കാണാത്തതാണ്.[3]

ചോദ്യോത്തരങ്ങൾ[തിരുത്തുക]

ധാർമ്മികവും അനുഷ്ഠാനപരവും സാമൂഹികവുമായി വീഴ്ചകളുടെ പേരിൽ പ്രവാചകൻ ജനങ്ങളെ, പ്രത്യേകിച്ച് പൗരോഹിത്യത്തെ, നിശിതമായി വിമർശിക്കുന്നു. ഈ വിമർശനത്തിനിടയിൽ ജനങ്ങളുടെ പേരിൽ ദൈവത്തോട് അദ്ദേഹം ഏതാനും ചോദ്യങ്ങൾ ഉന്നയിച്ച് അവയ്ക്കു സ്വയം മറുപടി പറയുന്നു. ആ ചോദ്യങ്ങളും മറുപടികളും ഇങ്ങനെയാണ്:-

ചോദ്യം ഉത്തരം
എങ്ങനെയാണ് അങ്ങു ഞങ്ങളെ സ്നേഹിച്ചത്? എസാവ് യഹൂദഗോത്രങ്ങളുടെ പൂർവികനായ യാക്കോബിന്റെ സഹോദരനായിരുന്നു. എന്നിട്ടും ദൈവം യാക്കോബിനെ സ്നേഹിക്കുകയും എസാവിനെ വെറുക്കുകയും ചെയ്തു. എസാവിന്റെ സന്തതികളായ ഏദോമിയരുടെ മലമ്പ്രദേശം അവിടുന്നു ശുന്യമാക്കി കുറുനരികൾക്കു വിട്ടുകൊടുത്തു.
എങ്ങനെയാണ് ഞങ്ങൾ അങ്ങയുടെ നാമത്തെ നിന്ദിച്ചതും ബലിപീഠത്തെ മലിനമാക്കിയതും? കാഴ്ചയില്ലാത്തതും മുടന്തുള്ളതും രോഗം ബാധിച്ചതുമായ മൃഗങ്ങളെ കാഴ്ചയും ബലിയുമായി അർപ്പിച്ചുകൊണ്ട്. അന്യജാതികൾക്കിടയിൽ പോലും സൂര്യോദയും മുതൽ അസ്തമയം വരെ ബഹുമാനിക്കപ്പെടുന്ന ദൈവത്തിന് ഇസ്രായേൽ ഒരു ബലിയും അർപ്പിക്കാതിരിക്കുകയായിരുന്നു ഭേദം. തന്നെ ഈ വിധം അപമാനിക്കുന്ന പുരോഹിതരുടെ അനുഗ്രഹം കർത്താവ് ശാപമാക്കും. അവരുടെ ബലിമൃഗങ്ങളുടെ ചാണകം അവരുടെ മുഖത്തു തേയ്ക്കും.
അങ്ങു ഞങ്ങളുടെ കാഴ്ചകളിൽ പ്രസാദിക്കുകയോ ബലികൾ സ്വീകരിക്കുകയോ ചെയ്യാത്തതെന്ത്? കർത്താവിനെ സാക്ഷി നിർത്തി സ്വീകരിച്ച യൗവനത്തിലെ ഭാര്യമാരോട് ഇസ്രായേൽക്കാർ അവിശ്വസ്തത കാണിക്കുന്നതു കൊണ്ട്. വിവാഹമോചനത്തെ കർത്താവു വെറുക്കുന്നു.
ഏങ്ങനെയാണ് ഞങ്ങൾ കർത്താവിന് അസഹ്യത നൽകിയത്? തിന്മപ്രവർത്തിക്കുന്നവൻ കർത്താവിന്റെ മുൻപിൽ നല്ലവനാണ്, അവിടുന്നു അവനിൽ പ്രസാദിക്കുന്നു എന്നു പറയുകയും നീതിയുടെ ദൈവം എവിടെ എന്നു ചോദിക്കുകയും ചെയ്തുകൊണ്ട്.
എങ്ങനെയാണ് ഞങ്ങൾ അങ്ങയെ കൊള്ളചെയ്തത്? കർത്താവിനു കൊടുക്കേണ്ട ദശാംശങ്ങളിലും കാഴ്ചകളിലും തന്നെ. ദശാംശം മുഴുവൻ ദേവാലയത്തിലെ കലവറയിലേക്കു കൊണ്ടു വന്ന് അവിടെ ഭക്ഷണം നിറഞ്ഞാൽ കർത്താവ് സ്വർഗ്ഗകവാടങ്ങൾ തുറന്ന് ജനങ്ങൾക്കയി അനുഗ്രഹം വർഷിക്കും.
ഞങ്ങൾ അങ്ങേക്കെതിരായി സംസാരിച്ചതെങ്ങനെ? ദൈവത്തെ സേവിക്കുന്നതു വ്യർത്ഥമാണെന്നു പറയുകയും, അവിടുത്തെ കല്പനകൾ പാലിക്കുകയും സൈന്യങ്ങളുടെ കർത്താവിന്റെ മുൻപിൽ വിലാപം ആചരിക്കുകയും ചെയ്യുന്നതുകൊണ്ട് എന്തു പ്രയോജനം എന്നു ചോദിക്കുകയും ചെയ്തു കൊണ്ട്.

കർത്താവിന്റെ ദിനം[തിരുത്തുക]

മോശെയുടെ നിയമം പാലിക്കാനുള്ള ആഹ്വാനവും അന്ത്യകാലത്തെ കർത്താവിന്റെ ദിനത്തിനായി ജനത്തെ ഒരുക്കാൻ പൂർവപ്രാവാചകനായ ഏലിയായെ വീണ്ടും അയക്കുമെന്നുള്ള വാഗ്ദാനവും അവതരിപ്പിച്ചാണ് മലാക്കിയുടെ പുസ്തകം സമാപിക്കുന്നത്. ഏലിയാപ്രവാചകൻ മരിക്കാതെ ഉടലോടെ സ്വർഗ്ഗത്തിലേക്ക് എടുക്കപ്പെടുകയാണുണ്ടായതെന്ന വിശ്വാസമായിരിക്കണം അന്ത്യനാളുകളിലേയ്ക്ക് ജനത്തെ ഒരുക്കാൻ വരുന്ന പ്രവാചകനായി അദ്ദേഹത്തെ സങ്കല്പിക്കാൻ കാരണമായത്. മലാക്കിയുടെ പുസ്തകത്തിലെ ഈ സമാപനഭാഗം ആ പുസ്തകത്തിന്റെയെന്നതു പോലെ മുഴുവൻ പ്രവചനസംഹിതയുടെ തന്നെയും അന്തിമസന്ദേശമായി കണക്കാക്കപ്പെടുന്നു.[2]

കുറിപ്പുകൾ[തിരുത്തുക]

^ എല്ലാം പാഠങ്ങളിലും മൊത്തം വാക്യങ്ങളുടെ സംഖ്യ ഒരു പോലെയാണ്. മസോറട്ടിക് പാഠത്തിലെ മൂന്നാം അദ്ധ്യായം 24 വാക്യങ്ങൾ ഉള്ളപ്പോൾ സെപ്ത്വജിന്റിലും അതിനെ പിന്തുടരുന്ന ക്രിസ്തീയ പതിപ്പുകളിലും ഈ അദ്ധ്യായത്തിൽ 18 വാക്യങ്ങളും മാത്രമേയുള്ളു. അവശേഷിക്കുന്ന ആറു വാക്യങ്ങൾ നാലാമദ്ധ്യായത്തിലാണ്.[4]

അവലംബം[തിരുത്തുക]

  1. Introduction, Malachi, Good News Bible with Deuterocanonicals
  2. 2.0 2.1 2.2 മലാക്കിയുടെ പുസ്തകം, ഓക്സ്ഫോർഡ് ബൈബിൾ സഹായി(പുറങ്ങൾ 484-85)
  3. 3.0 3.1 മലാക്കിയുടെ പുസ്തകം, യഹൂദവിജ്ഞാനകോശം
  4. Jack Miles, "Christ: a Crisis in the Life of God" (പുറങ്ങൾ 299-300)
"https://ml.wikipedia.org/w/index.php?title=മലാക്കിയുടെ_പുസ്തകം&oldid=2284947" എന്ന താളിൽനിന്ന് ശേഖരിച്ചത്