എസെക്കിയേലിന്റെ പുസ്തകം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സിസ്റ്റൈന്‍ ചാപ്പലിലെ മൈക്കെലാഞ്ജലോയുടെ എസെക്കിയേല്‍

ബൈബിളിലെ ഗ്രന്ഥങ്ങളുടെ പരമ്പരാഗതമായ ക്രമീകരണമുറയനുസരിച്ച്, പതിനഞ്ചു പ്രവചനഗ്രന്ഥങ്ങളില്‍ മൂന്നാമത്തേതും മൂന്നു വലിയ പ്രവചനഗ്രന്ഥങ്ങളില്‍ അവസാനത്തേതുമാണ് എസക്കിയേലിന്റെ പുസ്തകം. ദൈവകല്പനകള്‍ ലംഘിച്ചതിന്റെ പേരില്‍ ഇസ്രായേല്‍ ജനതയുടെ നിശിതമായ വിമര്‍ശനം, അവരുടെ കഷ്ടതകള്‍ക്ക് കാരണക്കാരായി കണക്കാക്കപ്പെട്ട അന്യജനതകള്‍ക്കെതിരായ വിധിപ്രഖ്യാപനം, ഇസ്രായേലിന്റെ പുന:സ്ഥാപനത്തിന്റെ സദ്വാര്‍ത്ത എന്നിവയാണ് മറ്റുപ്രവാചകഗ്രന്ഥങ്ങളുടെയെന്നപോലെ ഇതിന്റേയും ഉള്ളടക്കം. ഭാവനയുടെ വൈചിത്ര്യത്തിലും സൂക്ഷ്മതയിലും ബൈബിളിലെ ഇതര പ്രവാചകഗ്രന്ഥങ്ങളെ ഇത് അതിലംഘിക്കുന്നു. ഭാവനയുടെ ധാരാളിത്തത്തിന് പേരുകേട്ട പില്‍ക്കാലസാഹിത്യകാരന്മാരായ ഡാന്റേയുടേയും, മില്‍ട്ടന്റേയും, ബ്ലെയ്ക്കിന്റേയും രചനാലോകങ്ങളുടെ പൂര്‍വദര്‍ശനം എസെക്കിയേലില്‍ കാണുന്നവരുണ്ട്. [1] പുതിയനിയമത്തിലെ യോഹന്നാന്റെ വെളിപാടുമായി ഈ ഗ്രന്ഥത്തിന് ഏറെ സമാനതകളുണ്ട്. ബൈബിളിലെ പ്രവചനലിഖിതങ്ങളുടെ ഒരു പ്രത്യേകജനുസ്സായി പില്‍ക്കാലത്ത് തിരിച്ചറിയപ്പെട്ട വെളിപാടുരചനകളുടെ (Apocalyptic writings) തുടക്കം എസക്കിയേലിന്റെ പുസ്തകത്തിലാണ്.[2]


ഉള്ളടക്കം

[തിരുത്തുക] പ്രവാചകന്‍

എസെക്കിയേല്‍ 1493-ലെ ന്യൂറംബര്‍ഗ്ഗ് നാളാഗമത്തില്‍

ഇസ്രായേല്‍ ജനതയുടെ ബാബിലോണ്‍ പ്രവാസത്തിന്റെ തുടക്കത്തില്‍, ബാബിലോണില്‍ ജീവിച്ചിരുന്ന പുരോഹിതനായ എസക്കിയേലാണ് ഗ്രന്ഥകാരനായി കരുതപ്പെടുന്നത്. സ്വന്തം ജനതയുടെ ഭൂത-വര്‍ത്തമാനങ്ങളേയും അവരെ കാത്തിരിക്കുന്ന വിധിയുടെ ഭീകരതയേയും പുന:സ്ഥാപനത്തിന്റെ പ്രത്യാശയേയും കുറിച്ച് വാചാലനാകുന്ന പ്രവാചകന്‍ തന്നെക്കുറിച്ച് തന്നെ ചുരുക്കം വെളിപ്പെടുത്തലുകളേ നടത്തുന്നുള്ളു. ക്രി.മു. 597-ല്‍ നബുക്കദ്നേസര്‍ ബാബിലോണിലേക്ക് കൊണ്ടുപോയ പ്രവാസികളിലൊരാളായിരുന്നു എസെക്കിയേല്‍. അദ്ദേഹം വിവാഹിതനായിരുന്നെന്നും യെരുശലേമിന്റെ പതനത്തോടടുത്ത സമയത്ത് പത്നി മരിച്ചെന്നും ഗ്രന്ഥത്തില്‍ നിന്ന് മനസ്സിലാക്കാം. വിവിധവിഷയങ്ങളില്‍ വിപുലമായ അറിവുള്ള വ്യക്തിയായിരുന്നു ഗ്രന്ഥകര്‍ത്താവെന്ന് എസക്കിയേലിന്റെ പുസ്തകത്തിന്റെ ഉള്ളടക്കം വ്യക്തമാക്കുന്നു.[3] ദേശവിദേശങ്ങളിലെ സാഹിത്യങ്ങള്‍, പുരാവൃത്തങ്ങള്‍, ഭൂമിശാസ്ത്രം, മനുഷ്യവ്യാപാരങ്ങള്‍ എന്നിവയില്‍ അഗാധമായ ജ്ഞാനം അദ്ദേഹത്തിനുണ്ടായിരുന്നു. രാഷ്ട്രീയഗതിവിഗതികളുടെ സുക്ഷ്മനിരീക്ഷകനായിരുന്ന എസെക്കിയേല്‍, ഒന്നാംകിട ചരിത്രചിന്തകന്‍(Philosopher of History) കൂടി ആയിരുന്നു.[1]


പുരോഹിതനായിരുന്ന എസെക്കിയേല്‍ പ്രവാചകപാര്‍മ്പര്യത്തെ മറികടക്കുന്നവിധം ദേവാലയത്തോടും അതിനെ കേന്ദ്രീകരിച്ചുള്ള ആരാധനാവിധികളോടും പ്രതിപത്തി കാട്ടി. പ്രവാചകവേഷമണിഞ്ഞ പുരോഹിതന്‍ എന്ന് അദ്ദേഹം വിശേഷിപ്പിക്കപ്പെടാറുണ്ട്.[2]പ്രവാസാനന്തരം ദേവാലയം യഹൂദസമൂഹത്തിന്റെ കേന്ദ്രമായി പരിണമിച്ചതില്‍ എസെക്കിയേലിന്റെ സ്വാധീനം വലുതാണ്. യെരുശലേമിലെ പുനര്‍നിര്‍മ്മിതമായ രണ്ടാം ദേവാലയത്തെ കേന്ദ്രീകരിച്ചുള്ള പ്രവാസാനന്തര സമൂഹത്തിന്റേയും വിശ്വാസസമുച്ചയത്തിന്റെയും പിറവിക്ക് കാരണക്കാരനാകയല്‍, യഹൂദമതത്തിന്റെ സ്ഥാപകന്‍ എന്നുപോലും അദ്ദേഹം വിശേഷിപ്പിക്കപ്പെടാറുണ്ട്.[2]

[തിരുത്തുക] ഉള്ളടക്കം

എസെക്കിയേലിന്റെ പുസ്തകത്തിന്റെ ബാബിലോണിയന്‍ സ്വരഛിഹ്നങ്ങളോടുകൂടിയ എബ്രായ കയ്യെഴുത്തുപ്രതിയുടെ ഒരു പുറം

ബൈബിളിലെ മൂന്നു വലിയപ്രവാചകഗ്രന്ഥങ്ങളില്‍ ഘടനാപരമായ കെട്ടുറപ്പ് ഏറ്റവുമുള്ളത് എസെക്കിയേലിന്റെ പുസ്തകത്തിനാണ്. ഇതിന്റെ ഉള്ളടക്കത്തെ താഴെ പറയുന്ന അഞ്ചുഭാഗങ്ങളായി തരം തിരിക്കാം. [4] [5]

  • പ്രവാചകന്റെ നിയുക്തിയുടെ വിവരണം(അദ്ധ്യായങ്ങള്‍ 1-3).
  • യെരുശലേമിന് വിമര്‍ശനം, ശിക്ഷാവിധിയുടെ പ്രവചനം(അദ്ധ്യായങ്ങള്‍ 4-24).
  • സമീപദേശങ്ങള്‍ക്കെതിരായ വിധിപ്രഖ്യാപനം(അദ്ധ്യായങ്ങള്‍ 25-32; 38-39)
  • ഇസ്രായേലിന്റെ പുനസ്ഥാപനത്തിന്റെ വാഗ്ദാനം(അദ്ധ്യായങ്ങള്‍ 33-37).
  • പുതിയ ദേവാലയത്തിന്റേയും ദേശത്തിന്റേയും ദര്‍ശനം(അദ്ധ്യായങ്ങള്‍ 40-48)

[തിരുത്തുക] നിയുക്തി

ബാബിലോണില്‍ കേബാര്‍നദീതീരത്ത്‌ പ്രവാസികളോടുകൂടെയായിരിക്കുമ്പോള്‍ ലഭിച്ച അസാമാന്യമായൊരു ദൈവദര്‍ശനത്തിലായിരുന്നു എസെക്കിയേലിന്റെ നിയുക്തി.

[തിരുത്തുക] ദൈവരഥം

എസെക്കിയേലിന്റെ ദൈവദര്‍ശനം റഫായേലിന്റെ ഭാവനയില്‍

എസെക്കിയേലിന്റെ പുസ്തകത്തിന്റെ ആരംഭത്തിലുള്ള ദൈവരഥദര്‍‍ശനം പ്രസിദ്ധമാണ്. പില്‍ക്കാലത്തെ യഹൂദചിന്തയേയും മിസ്റ്റിസിസത്തെയും ആ ദര്‍ശനം ഏറെ സ്വാധീനിച്ചിട്ടുണ്ട്. [6][ക] ദര്‍ശനത്തില്‍ എസെക്കിയേല്‍, വടക്കുനിന്ന് കൊടുങ്കാറ്റിലേറി വന്ന ഒരു മേഘവും അതിനു ചുറ്റും ജ്വലിക്കുന്ന തീയുടെ നടുവില്‍ വെള്ളോടുപോലെ മിന്നിത്തിളങ്ങുന്ന എന്തോ ഒന്നും കണ്ടു. അതിന്റെ മദ്ധ്യത്തില്‍, തേച്ചുമിനുക്കിയ ഓടുപോലെയും, ജ്വലിക്കുന്ന തീക്കനല്‍ പോലെയും തിളങ്ങി, നാലു ജീവിരൂപങ്ങള്‍ മനുഷ്യാകൃതിയില്‍ ദൃശ്യമായി. ഓരോ ജീവിക്കും നാലുദിക്കുകളെ അഭിമുഖീകരിച്ച് മനുഷ്യന്‍, സിംഹം, കാള, കഴുകന്‍ എന്നിവയുടേതായ നാലു മുഖങ്ങളും രണ്ടു ജോഡി ചിറകുകളും, ചിറകുകള്‍ക്കു കീഴില്‍ മനുഷ്യകരങ്ങളും ഉണ്ടായിരുന്നു. ഒരു ജോഡി ചിറകുകള്‍ കൊണ്ട് അവ ശരീരം മറച്ചു. പിന്നെയുള്ള ജോഡി ചിറകുകള്‍ വിടര്‍‍ത്തി അഗ്രം ഇരുവശത്തുമുള്ള ജീവികളുടെ ചിറകുകളുടെ അഗ്രത്തെ സ്പര്‍ശിച്ച് ചതുരാകാരം സൃഷ്ടിച്ചു. കാളക്കുട്ടിയുടെ കുളമ്പുകള്‍ പോലെയുള്ള കാലടികളായിരുന്നു ജീവികള്‍ക്ക്. ഇടം‌വലം തിരിയാതെ ഇടിമിന്നല്‍ പോലെ അവ അങ്ങോട്ടുമിങ്ങോട്ടും പാഞ്ഞു. ജീവികള്‍ക്കിടയില്‍ മിന്നല്‍ പിണര്‍ പുറപ്പെടുവിച്ച് ചലിക്കുന്ന തീപ്പന്തം പോലെ എന്തോ ഒന്നു ശോഭിച്ചു.


ജീവികളോരോന്നിനും സമീപം, ഒരു ചക്രത്തിനുള്ളില്‍ മറ്റുന്നു ചേര്‍ന്ന് കാണപ്പെട്ട ഓരോ ചക്രദ്വയമുണ്ടായിരുന്നു. ഗോമേദകം പോലെ ശോഭിച്ച ആ ചക്രങ്ങളുടെ പട്ടകള്‍ നിറയെ കണ്ണുകളായിരുന്നു. ഇടം വലം തിരിയാതെ ഇഷ്ടമുള്ള ദിക്കിലേക്ക് സഞ്ചരിക്കത്തക്ക ഘടനയായിരുന്നു ആ ചക്രദ്വയങ്ങള്‍ക്ക്. ജീവികള്‍ക്കൊപ്പം ചക്രങ്ങളും നീങ്ങി. ചക്രങ്ങളിലായിരുന്നു ജീവികളുടെ ആത്മാവ്.


ജീവികളുടെ തല‍ക്കുമീതേ സ്ഫടികസമാനം തിളങ്ങുന്ന ഒരു വിതാനമുണ്ടായിരുന്നു. അതിനെമീതെ ഇന്ദ്രനീലക്കല്ലിന്റെ ശോഭയുള്ള ഒരു സിംഹാസനത്തില്‍ മനുഷ്യന്റേതുപോലെയുള്ള ഒരു രൂപം ഇരിപ്പുണ്ടായിരുന്നു. അതിന്റെ അരക്കെട്ടിനുമുകള്‍ഭാഗം അഗ്നികൊണ്ടുപൊതിയപ്പെട്ടും താഴെയുള്ള ഭാഗം അഗ്നിപോലെയും കാണപ്പെട്ടു. അതിനുചുറ്റും മഴവില്ലുപോലെ പ്രകാശമുണ്ടായിരുന്നു. കര്‍ത്താവിന്റെ മഹത്വത്തിന്റെ രൂപമായിരുന്നു അത്.[7] അത് ദര്‍ശിച്ചമാത്രയില്‍ എസെക്കിയേല്‍ കമിഴ്ന്നുവീണു.

[തിരുത്തുക] ദുരിതങ്ങളുടെ ചുരുള്‍

"മനുഷ്യപുത്രാ, നീ ഈ ചുരുള്‍ ഭക്ഷിക്കുക എന്നിട്ടുപോയി ഇസ്രായേല്‍ ഭവനത്തോടു സാംസാരിക്കുക".[8] എസെക്കിയേലിന്റെ നിയുക്തിയുടെ ദൈവദര്‍ശനം - ചിത്രകാരന്‍ മത്തെയാസ് മെറിയന്‍(1593-1650)

തുടര്‍ന്ന് കര്‍ത്താവിന്റെ സ്വരം കേട്ടതോടെ, ആത്മാവ് ഉള്ളില്‍ കടന്ന് എസെക്കിയേലിനെ കാലുകളില്‍ ഉറപ്പിച്ചുനിര്‍ത്തി. തുടര്‍ന്ന്, മര്‍ക്കടമുഷ്ടികളും കഠിനഹൃദയരും നിഷേധികളുമായ ഇസ്രായേല്‍ ജനത്തിന് സന്ദേശമെത്തിക്കാനുള്ള ദൗത്യം കര്‍ത്താവ് പ്രവാചകനെ ഏല്പിച്ചു. പിന്നെ കര്‍ത്താവ് എസെക്കിയോലിനോട് പറഞ്ഞു:

"മനുഷ്യപുത്രാ,[ഖ] ഞാന്‍ നിന്നോടു പറയുന്നതു കേള്‍ക്കുക. ആ ധിക്കാരികളുടെ ഭവനത്തെപ്പോലെ നീയും ധിക്കാരിയാകരുത്. ഞാന്‍ നിനക്കു തരുന്നത് വാ തുറന്നു ഭക്ഷിക്കുക."[9]


ഞാന്‍ നോക്കി. അതാ, നീട്ടിയ ഒരു കരവും അതില്‍ ഒരു ലേഖനച്ചുരുളും. അവന്‍ അത് എന്റെ മുമ്പില്‍ വിടര്‍ത്തി. അതിന്റെ അകത്തും പുറത്തും എഴുതിയിരുന്നു. അതില്‍ വിലാപങ്ങളും പരിദേവനങ്ങളും ദുരിതങ്ങളും രേഖപ്പെടുത്തിയിരുന്നു. അവന്‍ എന്നോടു പറഞ്ഞു: മനുഷ്യപുത്രാ, നീ കാണുന്ന ഈ ചുരുള്‍ ഭക്ഷിക്കുക എന്നിട്ടുപോയി ഇസ്രായേല്‍ ഭവനത്തോടു സാംസാരിക്കുക. ഞാന്‍ വാ തുറന്നു. അവന്‍ ആ ചുരുള്‍ എനിക്കു ഭക്ഷിക്കാന്‍ തന്നു. അവന്‍ പറഞ്ഞു: മനുഷ്യപുത്രാ, ഞാന്‍ തരുന്ന ഈ ചുരുള്‍ ഭക്ഷിച്ചു വയറുനിറയ്ക്കുക; ഞാന്‍ അതു ഭക്ഷിച്ചു. എന്റെ വായില്‍ അതു തേന്‍പോലെ മധുരിച്ചു.

ഈ ദര്‍ശനത്തിനൊടുവില്‍ ദൈവം പ്രവാചകനെ ഇസ്രായേല്‍ ജനത്തിന്റെ കാവല്‍ക്കാരനായി നിയമിച്ചു. എന്നാല്‍ വീട്ടില്‍ പോയി കതകടച്ചിരിക്കാനായിരുന്നു ആജ്ഞ. ജനത്തിന്റെ അടുത്തേക്ക് ചെല്ലാതിരിക്കാന്‍ കയറുകൊണ്ട് വരിഞ്ഞു കെട്ടപ്പെട്ടും, നാവ് അണ്ണാക്കിനോട് ഒട്ടി സംസാരശേഷി നശിച്ചുമാണ് പ്രവാചകന് അവിടെ കഴിയേണ്ടിയിരുന്നത്.[10]

[തിരുത്തുക] യെരുശലേമിന് ശിക്ഷ

[തിരുത്തുക] പ്രവചനം പ്രതീകങ്ങളിലൂടെ

എസെക്കിയേല്‍, ഇറ്റാലിയന്‍ കലാകാരന്‍ ഡൂച്ചോ ബ്വോനെന്‍സേന്യായുടെ ഭാവനയില്‍ - കാലം(1308-11)

പ്രവാചകന്റെ നിയുക്തിദര്‍ശനം വിവരിക്കുന്ന തുടക്കത്തിനുശേഷം ഗ്രന്ഥത്തിന്റെ ആദ്യപകുതിയുടെ അവശേഷിക്കുന്ന ഭാഗം ദൈവഹിതം ധിക്കരിച്ച യഹൂദായിലെ ജനതയുടെ വിമര്‍‍ശനവും അവരെ കാത്തിരിക്കുന്ന വിധിയുടെ വിവരണവുമാണ്. മൗനത്തിന് വിധിക്കപ്പെട്ട പ്രവാചകനോട്, പ്രതീകാത്മകമായ പ്രവര്‍‍ത്തികളിലൂടെ ഈ പ്രവചനം നിര്‍വഹിക്കാനാണ് ദൈവം ആവശ്യപ്പെട്ടത്.


നഗരത്തിന്റെ ഉപരോധത്തെ സൂചിപ്പിക്കാന്‍, ഒരു ഇഷ്ടികയില്‍ വരച്ച യെരുശലേമിന്റെ പടത്തിനു മുന്നില്‍ പ്രവാചകന്‍ 390 ദിവസം ഇടത്തോട്ടും 40 ദിവസം വലത്തോട്ടും തിരിഞ്ഞുകിടക്കണം. ഇസ്രായേലിന്റേയും യഹൂദായുടേയും ദുഷ്ടതയുടെ ഓരോ വര്‍ഷത്തിന് ഓരോ ദിവസം എന്ന കണക്കിനായിരുന്നു ഇത്. വിവിധയിനം ധാന്യങ്ങളുടെ മാവുകൊണ്ടു ചുട്ട അപ്പത്തിന്റെ അല്പാഹാരമാണ് അപ്പോള്‍ വിധിച്ചിരുന്നത്. ജനങ്ങള്‍ നോക്കി നില്‍ക്കേ മനുഷ്യമലം കൊണ്ടുവേണം അപ്പം ചുടാന്‍.[11][ഗ] തലയും താടിയും വടിച്ച് രോമം തുലാസില്‍ തൂക്കി, മൂന്നിലൊന്ന് തീയില്‍ ദഹിപ്പിക്കാനും മൂന്നിലോന്ന് പട്ടണത്തിനു ചുറ്റും അരിഞ്ഞുവിതറാനും മൂന്നിലൊന്ന് കാറ്റില്‍ പറത്താനും ഒരു ചെറിയ അംശം മേലങ്കിയുടെ വിളുമ്പില്‍ കെട്ടിവയ്ക്കാനായിരുന്നു മറ്റൊരു കല്പന. വിദേശാക്രമണത്തില്‍ യഹൂദായ്ക്ക് സംഭവിക്കാനിരിക്കുന്നതിനെ സൂചിപ്പിക്കാനായിരുന്നു ഇത്.[12] സായം കാലത്ത് ജനങ്ങള്‍ നോക്കിനില്‍ക്കേ, വീടിന്റെ ഭിത്തിയില്‍ ദ്വാരമുണ്ടാക്കി, പ്രവാസത്തിനുപോകുന്നവരേപ്പോലെ ഭാണ്ഡം തോളിലേറ്റി നടന്നുപോകാനായിരുന്നു ഇനിയുമൊരു കല്പന. വിറയലോടെ അപ്പം ഭക്ഷിച്ച് സംഭ്രമത്തോടെ വെള്ളം കുടിക്കാനും പ്രവാചകന് കല്പന കിട്ടി.

[തിരുത്തുക] വിട്ടുപോകുന്ന ദൈവമഹത്വം

മറ്റൊരു ദര്‍ശനത്തില്‍ ദൈവം പ്രവാചകനെ യെരുശലേമിലെ ദേവാലയത്തിന്റെ അകത്തളത്തിലേയ്ക്കു കൂട്ടികൊണ്ടുപോയി അവിടെ നടമാടിയിരുന്ന 'മ്ലേച്ഛതകള്‍' കാട്ടിക്കൊടുത്തു. ദേവാലയത്തിന്റെ ഭിത്തികളില്‍ സര്‍പ്പങ്ങളുടേയും മറ്റ് അശുദ്ധമൃഗങ്ങളുടേയും ചിത്രങ്ങള്‍ നിറഞ്ഞിരിക്കുന്നതും സമൂഹത്തിലെ ഉന്നതന്മാര്‍ വരെ അവയ്ക്കു മുന്‍പില്‍ ധൂപാര്‍ച്ചന നടത്തുന്നതും എസെക്കിയേല്‍ കണ്ടു.[13] തുടര്‍ന്ന് കര്‍ത്താവിന്റെ മഹത്വം ദേവാലയവും നഗരവും വിട്ടുപോകുന്നതും അദ്ദേഹം കണ്ടു.[14]

[തിരുത്തുക] യെരുശലേമിന്റെ അവിശ്വസ്ഥത

യെരുശലേമിന്റെ അവിശ്വസ്ഥതയുടെ നാടകീയ വിവരണവും വിമര്‍ശനമാണ് തുടര്‍ന്ന്. അവിശ്വസ്ഥതയുടെ വര്‍ണ്ണന ദാമ്പദ്യ-ലൈംഗിക പ്രതീകങ്ങള്‍ നിറഞ്ഞതാണ്. ചോരക്കുഞ്ഞായി വെമ്പ്രദേശത്ത് ഉപേക്ഷിക്കപ്പെട്ടിരിക്കെ താന്‍ കണ്ടെടുത്ത് രക്ഷിച്ച യെരുശലേമിന് വിവാഹപ്രായമായപ്പോള്‍ കര്‍ത്താവ് തന്റെ മേലങ്കികൊണ്ട് അവളുടെ നഗ്നത മറച്ച് സ്നേഹവാഗ്ദാനത്തോടെ ഉടമ്പടി ചെയ്തു. എന്നാല്‍ അവള്‍‍ അസീറിയക്കാരുടേയും, കച്ചവടക്കാരായ കല്‍ദായരുടേയും പുറകേ പോയി.


അവിശ്വസ്ഥതയുടെ ഈ വിവരണം സമാപിക്കുന്നത് ഇസ്രായേലിനേയും(സമറിയ) യഹൂദായേയും (യെരുശലേം)വഴിപിഴച്ചുപോയ രണ്ടുസഹോദരിമാരായി ചിത്രീകരിച്ചുകൊണ്ടാണ്. അമ്പരപ്പുളവാക്കുന്ന ലൈംഗികബിംബങ്ങള്‍ തിങ്ങിയ ഒരു ചരിത്രസംഗ്രഹമാണത്. ഈജിപ്തിലെ അടിമത്തത്തിന്റെ കാലം മുതലുള്ള എബ്രായജനതയുടെ പെരുമാറ്റത്തിന്റെ നിശിതവിമര്‍ശനവും ഇസ്രായേലിന്റെയും യഹൂദായുടേയും സൈനികപരാജയങ്ങളുടെ വിലയിരുത്തലും അതിലുണ്ട്. ഈജിപ്തില്‍ പരിശീലിച്ച വ്യഭിചാരവൃത്തി ഉപേക്ഷിക്കാതിരുന്ന ഇസ്രായേല്‍ അവള്‍ ഏറ്റവുമധികം മോഹിച്ച കാമുകന്മാരായ അസീറിയാക്കാരുടെ കരങ്ങളില്‍ ഏല്പിക്കപ്പെട്ടു. അവളുടെ വിധി നടപ്പായിക്കഴിഞ്ഞിട്ടും ഇളയ സഹോദരി വിഷയാസക്തിയിലും വ്യഭിചാരത്തിലും ജ്യേഷ്ടത്തിയേക്കാള്‍ വഷളായി. അസീറിയക്കാരും കല്‍ദായക്കാരുമായുള്ള വേഴ്ചയില്‍‍ മടുപ്പുവന്ന അവള്‍ക്ക് തന്റെ പഴയ കാമുകന്മാരെ ഓര്‍മ്മവന്നു. കഴുതയുടെ ലിംഗവും കുതിരയുടെ ബീജസ്രവണവുമുള്ള തന്റെ ജാരന്മാരെ അവള്‍ അമിതമായി കാമിച്ചു. ഈജിപ്തുകാര്‍ മാറിടത്തിലമര്‍ത്തുകയും ഇളംസ്തനങ്ങളെ ലാളിക്കുകയും ചെയ്ത യൗവനത്തിലെ വിഷയലമ്പടത്വം അവള്‍ കൊതിച്ചു. "അതിനാല്‍ ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: നീ വെറുത്ത നിന്റെ കാമുകന്മാരെ ഞാന്‍ നിനക്കെതിരെ ഇളക്കിവിറ്റും. എല്ലാവശങ്ങളിലും നിന്ന് അവരെ ഞാന്‍ കൊണ്ടുവരും."[15]

[തിരുത്തുക] പത്നിയുടെ മരണം

"നെടുവീര്‍പ്പിടാം, എന്നാല്‍ ഉച്ചത്തിലാകരുത്" - എസെക്കിയേല്‍ മൈക്കെലാഞ്ജലോയുടെ മറ്റൊരുചിത്രം - സിസ്റ്റൈന്‍ ചാപ്പല്‍


ബാബിലോണിലെ പ്രവാസം തുടങ്ങി പത്തുവര്‍ഷം തികയാറായപ്പോള്‍, പ്രവാചകന് അദ്ദേഹം ഏറ്റവും സ്നേഹിക്കുന്ന വ്യക്തി, "കണ്ണുകളുടെ ആനന്ദഭാജനമായിരുന്ന" പത്നി, നഷ്ടമാകാന്‍ പോവുകയാണെന്ന് കര്‍ത്താവ് അറിയിച്ചു. "എങ്കിലും നീ കരയുകയോ വിലപിക്കുകയോ അരുത്. നിന്റെ കണ്ണുകളില്‍ നിന്ന് കണ്ണീര്‍ ഒഴുകരുത്. നെടുവീര്‍പ്പിടാം, എന്നാല്‍ ഉച്ചത്തിലാകരുത്. നീ തലപ്പാവു കെട്ടുകയും പാദുകങ്ങള്‍ അണിയുകയും ചെയ്യുക. നീ അധരം മറയ്ക്കരുത്; വിലാപഭോജ്യം ഭക്ഷിക്കുകയുമരുത്." ആ സായംകാലത്ത് പ്രവാചകന്റെ ഭാര്യ അന്തരിച്ചു.[16]

[തിരുത്തുക] ദേവാലയത്തിന്റെ നാശം

പ്രവാസത്തിന്റെ പന്ത്രണ്ടാം വര്‍ഷം, യെരുശലേമിലെ ദേവാലയത്തിന്റെ നാശം പ്രവാചകന്‍ അറിയാനിരുന്നത് നഗരത്തിന്റെ നാശത്തെ അതിജീവിച്ച് ബാബിലോണില്‍ ഓടിയെത്തിയ ഒരഭയാര്‍ത്ഥിയില്‍ നിന്നാണ്. ആ വാര്‍ത്തയുടെ കേള്‍വിയില്‍ പ്രവാചകന് സംസാരശേഷി തിരിച്ചുകിട്ടി. എസെക്കിയേലിന്റെ പുസ്തകത്തിലെ, യഹൂദായുടെ വിമര്‍ശനത്തില്‍ ഊന്നിയുള്ള പ്രവചനങ്ങള്‍‍ അടങ്ങുന്ന ആദ്യപകുതി സമാപിക്കുന്നത് ഇവിടെയാണ്.[17]

[തിരുത്തുക] അന്യജനതകള്‍ക്കെതിരെ

യെരുശലേം നഗരത്തിന്റേയും ദേവാലയത്തിന്റേയും പതനത്തെ തുടര്‍ന്നു വരുന്ന അദ്ധ്യായങ്ങള്‍, യഹൂദായുടെ ശത്രുരാഷ്ട്രങ്ങളുടേയും ജനതകളുടേയും വിമര്‍‍ശനമാണ്. അമ്മോന്‍,മൊവാബ്, ഏദോം, ഫിലിസ്തിയ, സീദോന്‍ എന്നിവ വിമര്‍ശനവിധേയമാകുന്നു.[18] ദീര്‍ഘമായ ഒരു ഖണ്ഡം ടയറിന്റെ വിമര്‍‍ശനമാണ്. വ്യാപാരമികവിന് പേരുകേട്ടിരുന്ന ആ രാജ്യത്തെ രാജാവ്, അഹങ്കാരത്തിന്റേയും ആഡംബരപ്രിയത്തിന്റേയും അക്രമങ്ങളുടേയും പേരില്‍ വിമര്‍ശിക്കപ്പെടുന്നു.[19] പിന്നെ ഈജിപ്തിന്റെ വിമര്‍ശനമാണ്. ഈജിപ്തിലെ നഗരങ്ങളായ മെംഫിസും, തീബ്സും അവയുടെ ദൈവങ്ങളും പ്രവാചകന്റെ രോഷത്തിന് ശരമാവുന്നു. നൈല്‍ നദി തന്റേതാണ്, താനാണത് സൃഷ്ടിച്ചത് എന്നഹങ്കരിക്കുന്ന കൂറ്റന്‍ മുതലയോടാണ് ഈജിപ്തിലെ രാജാവായെ ഫറവോയെ ഉപമിച്ചിരിക്കുന്നത്.[20]


ഗ്രന്ഥത്തിന്റെ മറ്റൊരു ഭാഗത്ത്, മഗോഗ് എന്ന ദേശത്തിന്റെ ഭരണാധികാരിയായ ഗോഗിനെതിരായ പ്രവചനത്തിന് രണ്ട് അദ്ധ്യാങ്ങള്‍[21] നീക്കിവച്ചിരിക്കുന്നു. മഗോഗ് എവിടെയായിരുന്നുവെന്ന് വ്യക്തമല്ല. മഗോഗിന്റെ നാശത്തെ തുടര്‍ന്ന്, ഇസ്രായേലിലെ നഗരങ്ങളിലുള്ളവര്‍ അവിടത്തെ ആയുധങ്ങള്‍ ശേഖരിച്ച് ഇന്ധനമായി ഉപയോഗിക്കുമെന്നും അവ ഏഴുവര്‍ത്തേക്ക് ഇന്ധനമായി മതിയാകുമെന്നും പറഞ്ഞിട്ടുണ്ട്.

[തിരുത്തുക] പുന:സ്ഥാപനം

എസെക്കിയേല്‍ , 15-ആം നൂറ്റാണ്ടിലെ സ്പാനിഷ് ചിത്രകാരന്‍ പെദ്രോ ബെറുഗറ്റേ വരച്ച ചിത്രം

ശകാരങ്ങളും വിനാശത്തിന്റെ പ്രവചനങ്ങളും നിറഞ്ഞ എസെക്കിയേലിന്റെ പുസ്തകത്തെ യഹൂദസമൂഹത്തിന്റെ ഇഷ്ടലിഖിതങ്ങളില്‍ ഒന്നാക്കിത്തീര്‍ത്തത് അതിലെ പുന:സ്ഥാപനത്തിന്റെ പ്രവചനങ്ങളും വെളിപാടുകളുമാണ്.[ഘ] ജനത്തിന്റെ കാവല്‍ക്കാരനായുള്ള പ്രവാചകന്റെ നിയുക്തിയുടെ ആവര്‍ത്തനത്തിലാണ് ഈ ഭാഗം തുടങ്ങുന്നത്. അതിക്രമങ്ങളുടേയും പാപങ്ങളുടേയും ഭാരം ചുമന്ന് ക്ഷയിച്ചുപോകാന്‍ വിധിക്കപ്പെട്ടവരാണ് തങ്ങളെന്ന് പരിതപിച്ചിരുന്ന ജനത്തോട്, പാപിയുടെ മരണത്തില്‍ സന്തോഷിക്കാത്ത ദൈവമാണ് താനെന്ന് അറിയിക്കാന്‍ കര്‍ത്താവ് ആവശ്യപ്പെടുന്നു.

[തിരുത്തുക] നല്ല ഇടയന്‍

ഇസ്രായേല്‍ ജനതയുടെ നായകന്മാരായിരുന്നവര്‍ ഈ പ്രവചനഭാഗത്ത് കഠിനമായി വിമര്‍ശിക്കപ്പെടുന്നു. ആട്ടിന്‍പറ്റത്തെ അവഗണിച്ച് തങ്ങളെതന്നെ പോറ്റുന്നതില്‍ ശ്രദ്ധവച്ച ഇടയന്മാരാണവര്‍. ദുര്‍ബ്ബലമായവക്ക് ശക്തികൊടുക്കുകയോ, മുറിവേറ്റവയെ വച്ചുകെട്ടുകയോ, വഴിതെറ്റിയവയെ തിരികെകൊണ്ടുവരുകയോ ചെയ്യാതെ ക്രൂരമായി പെരുമാറിയ ഇടയ്ന്മാര്‍ മൂലം, കര്‍ത്താവിന്റെ ആടുകള്‍ ഇടയനില്ലാതെ ചിതറിപ്പോയി. തുടര്‍ന്നു വരുന്ന ഭാഗം ഇങ്ങനെയാണ്.[22]

ദൈവമായ കര്‍ത്താവ് അരുളുച്ചിച്ചെയ്യുന്നു: ഇതാ ഞാന്‍ ഇടയന്മാര്‍ക്കെതിരാണ്. എന്റെ ആടുകള്‍ക്ക് ഞാന്‍ അവരോട് കണക്കുചോദിക്കും; അവരുടെ മേയ്ക്കലിനു ഞാന്‍ അറുതി വരുത്തും. ഇനിമേല്‍ ഇടയന്മാര്‍ തങ്ങളെ തന്നെ പോറ്റുകയില്ല. എന്റെ ആടുകള്‍ അവര്‍ക്കു ഭക്ഷണമായിത്തീരാന്‍ ഞാന്‍ അനുവദിക്കുകയില്ല. ഞാന്‍ അവയെ അവരുടെ വായില്‍ നിന്നു രക്ഷിക്കും. ആടുകള്‍ ചിതറിപ്പോയാല്‍ അവയെ അന്വേഷിച്ചിറങ്ങുന്ന ഇടയനെപ്പോലെ ഞാന്‍ എന്റെ ആടുകളെ അന്വേഷിക്കും. കാറുനിറഞ്ഞ് അന്ധകാരപൂര്‍ണ്ണമായ ആ ദിവസം ചിതറിപ്പോയ ഇടങ്ങളില്‍ നിന്നെല്ലാം ഞാന്‍ അവയെ വീണ്ടെടുക്കും. ജനതകളുടെ ഇടയില്‍ നിന്ന് ഞാന്‍ അവയെ കൊണ്ടുവരും. രാജ്യങ്ങളില്‍ നിന്ന് ഞാന്‍ അവയെ ഒരുമിച്ചുകൂട്ടും. എന്റെ ആടുകള്‍ക്ക് ഞാന്‍ തന്നെ ഇടയനായിരിക്കും.

[തിരുത്തുക] അസ്ഥികളുടെ താഴ്വര

ശുഷ്കാസ്ഥികളോട് പ്രവചിക്കുന്ന എസെക്കിയേല്‍ -യെരുശലേമില്‍ നിയമനിര്‍മ്മാണസഭയായ ക്നെസ്സറ്റിന്റെ മുന്‍പിലുള്ള റോസ് ഉദ്യാനത്തില്‍, ഇസ്രായേലിന്റെ ദേശീയ ഛിഹ്നമായ മെനോരയുടെ രൂപത്തിലുള്ള ശില്പത്തിന്റെ ശിഖരങ്ങളിലൊന്നിനു മുകളിലെ ശില്പം

പുന:സ്ഥാപനസന്ദേശത്തിന്റെ ഒരു പ്രധാനഭാഗം അസാമാന്യമായൊരു ദര്‍ശനമാണ്. പ്രവാചകന്‍ അത്മാവിനാല്‍ നയിക്കപ്പെട്ട്, ഉണങ്ങിയ അസ്ഥികള്‍ നിറഞ്ഞ ഒരു താഴ്വരയിലെത്തി. പിന്നെ സംഭവിച്ചത് ഇതായിരുന്നു.[23]


അവിടുന്ന് എന്നോട് അരുളിച്ചെയ്തു: ഈ അസ്ഥികളോട് നീ പ്രവചിക്കുക. വരണ്ട അസ്ഥികളേ, കര്‍ത്താവിന്റെ വചനം ശ്രവിക്കുവിന്‍ എന്ന് അവയോടു പറയുക. ദൈവമായ കര്‍ത്താവ് ഈ അസ്ഥികളോട് അരുളിച്ചെയ്യുന്നു: ഇതാ, ഞാന്‍ നിങ്ങളില്‍ പ്രാണന്‍ നിവേശിപ്പിക്കും; നിങ്ങള്‍ ജീവിക്കും. ഞാന്‍ നിങ്ങളുടെമേല്‍ ഞരമ്പുകള്‍ വച്ചുപിടിപ്പിക്കുകയും മാസം വളര്‍ത്തുകയും ചര്‍മ്മം പൊതിയുകയും നിങ്ങളില്‍ പ്രാണന്‍ നിവേശിപ്പിക്കുകയും ചെയ്യും; നിങ്ങള്‍ ജീവന്‍ പ്രാപിക്കും. ഞാനാണ് കര്‍ത്താവ് എന്ന് അപ്പോള്‍ നിങ്ങള്‍ അറിയും. എന്നോടു കല്പിച്ചതുപോലെ ഞാന്‍ പ്രവചിച്ചു. അപ്പോള്‍ വേര്‍പെട്ടുപോയ അസ്ഥികള്‍ തമ്മില്‍ ചേരുന്ന ഒരു കിരുകിരാശബ്ദം ഉണ്ടായി. ഞാന്‍ നോക്കിയപ്പോള്‍ ഞരമ്പും മാംസവും അവയുടെമേല്‍ വന്നിരുന്നു. ചര്‍മ്മം അവയെ പൊതിഞ്ഞുമിരുന്നു. എന്നാല്‍ അവയ്ക്ക് പ്രാണന്‍ ഉണ്ടായിരുന്നില്ല.


അവിടന്ന് എന്നോട് അരുളിച്ചെയ്തു: മനുഷ്യപുത്രാ, ജീവശ്വാസത്തോടു പ്രവചിക്കുക; അതിനോടുപറയുക: ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു; ജീവശ്വാസമേ, നീ നാലു വായുക്കളില്‍ നിന്നു വന്ന് ഈ നിഹിതന്മാരുടേമേല്‍ വീശുക. അവര്‍ക്കു ജീവനുണ്ടാകട്ടെ. അവിടന്നു കല്പിച്ചതുപോലെ ഞാന്‍ പ്രവചിച്ചു. അപ്പോള്‍ ജീവശ്വാസം അവരില്‍ പ്രവേശിച്ചു. അവര്‍ ജീവന്‍ പ്രാപിച്ചു. വലിയൊരു സൈന്യം പോലെ അവര്‍ എഴുന്നേറ്റുനിന്നു.

[തിരുത്തുക] പുതിയ ദേവാലയവും ദേശവും

എസെക്കിയെലിന്റെ ദര്‍ശനത്തിലെ പുനര്‍നിര്‍മ്മിതമായ ദേവാലയം, പത്തൊന്‍പതാം നൂറ്റാണ്ടിലെ ഫ്രഞ്ച് നിര്‍മ്മാതാവും ബൈബിള്‍ പണ്ഡിതനുമായ ചാള്‍സ് ചിപ്പീസിന്റെ ഭാവനയില്‍

[തിരുത്തുക] ദേവാലയം

ഗ്രന്ഥത്തിന്റെ അവസാനഭാഗത്ത്, ഏറെ നീളുന്ന ഒരു ദര്‍ശനത്തില്‍ പ്രവാചകന്‍ യെരുശലേമിലെ നശിപ്പിക്കപ്പെട്ട ദേവാലയത്തിന്റെ സ്ഥാനത്ത്, ഭാവിയില്‍ അവിടെ നിര്‍മ്മിക്കപ്പെടാനിരിക്കുന്ന ദേവാലയവും അതിനെ സംബന്ധിച്ച വിധികളും കാണുന്നു. ആലയത്തിന്റെ അങ്കണത്തിനു ചുറ്റുമുള്ള മതില്‍, പൂമുഖങ്ങളോടുകൂടി നാലുവശങ്ങളിലുമുള്ള പടിപ്പുരകള്‍, അങ്കണത്തിലെ മുറികള്‍, ശ്രീകോവില്‍, ബലിപീഠം എന്നിവയുടെ രൂപവും വിശദമായ അളവുകളും ആ ദര്‍ശനത്തില്‍ വിവരിക്കപ്പെടുന്നു.

[തിരുത്തുക] മടങ്ങിവരുന്ന ദൈവമഹത്വം

തുടര്‍ന്ന് നേരത്തേ ദേവാലയം വിട്ടുപോയ കര്‍ത്താവിന്റെ മഹത്വം, പെരുവെള്ളപ്പാച്ചിലിന്റെ ഇരമ്പലോടെ കിഴക്കുനിന്നു വരുന്നത് പ്രവാചകന്‍ കണ്ടു. അപ്പോള്‍ ഭൂമി ദൈവതേജസ്സുകൊണ്ട് പ്രകാശിച്ചു. ദൈവമഹത്വം കിഴക്കേ പടിപ്പുരയിലൂടെ ദേവാലയത്തില്‍ പ്രവേശിച്ചു. പിന്നീട് ദേവാലയത്തിലെ നിബന്ധനകള്‍ പ്രവാചകനെ അറിയിച്ചപ്പോള്‍, ദൈവമായ കര്‍ത്താവ് കടന്നുപോയ കിഴക്കേ പടിപ്പുരയിലൂടെ ഇനി ആരും പ്രവേശിക്കരുതെന്നും അത് എപ്പോഴും അടച്ചുകിടക്കണമെന്നും വിധിച്ചു. രാജാവിനുപോലും കിഴക്കുവശത്ത്, പടിപ്പുരയുടെ പൂമുഖത്തിന്റെ പാര്‍ശ്വകവാടത്തിലൂടെയേ പ്രവേശനമുള്ളു.

[തിരുത്തുക] ദേശം, നഗരകവാടങ്ങള്‍

പുന:സ്ഥാപനത്തിലെ ദേശത്തിന്റെ അതിരുകള്‍, അതിരുകള്‍ക്കുള്ളില്‍ ഇസ്രായേലിലെ പന്ത്രണ്ടു ഗോത്രങ്ങളുടെ ഓഹരികള്‍ എന്നിവ ദര്‍‍ശനത്തില്‍ പ്രവാചകന്‍ അറിഞ്ഞു. വടക്കേയറ്റം, ആഷേര്‍, നഫ്ത്താലി ഗോത്രങ്ങളുടെ ഓഹരിയും തേക്കേയറ്റം യൂദായുടെ ഓഹരിയുമായിരുന്നു. ദര്‍ശനത്തില്‍ വെളിപ്പെട്ട യെരുശലേം നഗരത്തിന് നാലുവശത്തും മൂന്നു കവാടങ്ങള്‍ എന്ന കണക്കിന് പന്ത്രണ്ടു കവാടങ്ങള്‍ ഉണ്ടായിരുന്നു. ആ കവാടങ്ങള്‍ക്ക് ഇസ്രായേലിലെ പന്ത്രണ്ടു ഗോത്രങ്ങളുടെ പിതാക്കന്മാരായ റൂബന്‍, യൂദാ, ലെവി, ജോസഫ്, ബെഞ്ചമിന്‍, ദാന്‍, ശിമയോന്‍, ഇസാക്കര്‍, സെബുലൂന്‍, ഗാദ്, ആഷേര്‍, നഫ്ത്താലി എന്നിവരുടെ പേരുകളായിരുന്നു.

[തിരുത്തുക] കുറിപ്പുകള്‍

ക. ^  ബൈബിളിലെ ഏറ്റവും രഹസ്യമയമായ ഖണ്ഡങ്ങളിലൊന്നായി എസെക്കിയേലിന്റെ പുസ്തകത്തിലെ ദൈവരഥദര്‍ശനം കണക്കാക്കപ്പെടുന്നു. ആദ്ധ്യാത്മികതയില്‍ ഔന്നത്യം പ്രാപിക്കാത്തവര്‍ അത് പഠിക്കുന്നതും വിശകലനം ചെയ്യുന്നതും അഭികാമ്യമല്ലെന്നാണ് യഹൂദചിന്തയുടെ നിലപാട്. ഒന്നിലേറെപ്പേര്‍ക്ക് ഒരുമിച്ച് അത് വ്യാഖ്യാനിച്ചുകൊടുക്കുന്നത് വിലക്കപ്പെട്ടിരുന്നു.[6]

എബ്രായ ഭാഷയില്‍ ദൈവരഥം 'മെര്‍ഖബാ' ആണ്. ആധുനിക ഇസ്രായേല്‍ രാഷ്ട്രം അതിന്റെ മുഖ്യ ഇനം യുദ്ധടാങ്കിന് (Battle Tank) 'മെര്‍ഖവാ' എന്നാണ് പേരിട്ടിരിക്കുന്നത്.


ഖ. ^  എസെക്കിയേലിന്റെ പുസ്തകത്തിലുടനീളം ദൈവം പ്രവാചകനെ 'മനുഷ്യപുത്രാ' (ബെന്‍ ആദം) എന്നാണ് സംബോധന ചെയ്യുന്നത്. ഗ്രന്ഥത്തില്‍ ഈ സംബോധന 93 പ്രാവശ്യം ആവര്‍ത്തിക്കുന്നതായി കണക്കാക്കപ്പെട്ടിട്ടുണ്ട്. [24]


ഗ. ^  അശുദ്ധമായവ ഭക്ഷിച്ചു ശീലമില്ലാത്തവനാണ് താന്‍ എന്നു പ്രതിഷേധിച്ചപ്പോള്‍, പശുവിന്‍ ചാണകം ഇന്ധനമാക്കി അപ്പം ചുടാന്‍ പ്രവാനകന് അനുമതി കിട്ടി.


ഘ. ^ ഇസ്രയേല്‍ക്കാരെ പുനസ്ഥാപിക്കുന്നത് അവരോടുള്ള പരിഗണനയുടെ പേരിലല്ലെന്ന് ദൈവം ആവര്‍ത്തിച്ചുപറയുന്നുണ്ട്: "ഇവരാണ് കര്‍ത്താവിന്റെ ജനം എന്നിട്ടും അവിടുത്തെ ദേശത്തുനിന്നും അവര്‍ക്കു പോകേണ്ടിവന്നു എന്ന് ആളുകള്‍ അവരെപ്പറ്റി പറഞ്ഞു. അങ്ങനെ, തങ്ങള്‍ എത്തിയ ജനതകള്‍ക്കിടയില്‍ അവര്‍ അശുദ്ധമാക്കിയ എന്റെ വിശുദ്ധനാമത്തെപ്രതി ഞാന്‍ ആകുലനായി. നിങ്ങളെ പ്രതിയല്ല, നിങ്ങള്‍ എത്തിച്ചേര്‍ന്ന ജനതകള്‍ക്കിടയില്‍ നിങ്ങള്‍ അശുദ്ധമാക്കിയ എന്റെ വിശുദ്ധനാമത്തെ പ്രതിയാണ് ഞാന്‍ പ്രവര്‍ത്തിക്കാന്‍ പോകുന്നത്."[25]

[തിരുത്തുക] അവലംബം

  1. 1.0 1.1 The Literary Guide to the Bible edited by Robert Adler and Frank Kermode - "Jeremiah and Ezekiel"
  2. 2.0 2.1 2.2 Paths of Faith - John A Hutchison - Biblical Sources of Monotheism
  3. Ezekiel, the Book of - Oxford Companion to the Bible
  4. ബൈബിള്‍, മൂന്നാം പതിപ്പ്, KCBC ബൈബിള്‍ കമ്മീഷന്‍, Pastoral Orientation Center, കൊച്ചി 682025
  5. അമേരിക്കന്‍ ബൈബിള്‍ സൊസൈറ്റിയുടെ Good News Bible
  6. 6.0 6.1 Jewish Mysticism, Chapter-II, Merkabah (Chariot) Mysticism[1]
  7. എസെക്കിയേല്‍ 1
  8. എസെക്കിയേല്‍ 3:1
  9. എസെക്കിയേല്‍ 2
  10. എസെക്കിയേല്‍ 3
  11. എസെക്കിയേല്‍ 4
  12. എസെക്കിയേല്‍ 5
  13. എസെക്കിയേല്‍ 8
  14. എസെക്കിയേല്‍ 10
  15. എസെക്കിയേല്‍ 23
  16. എസെക്കിയേല്‍ 24
  17. എസെക്കിയേല്‍ 24
  18. എസെക്കിയേല്‍ 25
  19. എസെക്കിയേല്‍ 26-28
  20. എസെക്കിയേല്‍ 23-32
  21. എസെക്കിയേല്‍ 38-39
  22. ഏസെക്കിയേല്‍ 34
  23. ഏസെക്കിയേല്‍ 37
  24. Notes on Ezekiel - Thomas L. Constable [2]
  25. എസെക്കിയേല്‍ 36
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം