മസോറട്ടിക് പാഠം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

എബ്രായ ബൈബിളിന്റെ ഏറ്റവും പഴയ പൂര്‍ണ്ണകയ്യെഴുത്തുപ്രതിയായി ഒരു കാലത്ത് കണക്കാക്കപ്പെട്ടിരുന്ന പത്താം നൂറ്റാണ്ടിലെ ആലപ്പോ പുസ്തകത്തിന്റെ(Aleppo Codex) ഓരക്കുറിപ്പുകളടങ്ങിയ ഒരുപുറം - ടൈബീരിയന്‍ മസോറെട്ടിക് പാരമ്പര്യത്തിന്റെ സൃഷ്ടിയണിത്.

തനക് എന്ന് യഹൂദരും പഴയനിയമം എന്ന് ക്രിസ്ത്യാനികളും വിളിക്കുന്ന എബ്രായ ബൈബിളിന്റെ പഴയ വ്യഞ്ജനമാത്രമായ പാഠത്തോട് സ്വരങ്ങളുടേയും ഉച്ചാരണത്തിലെ ബലഭേദങ്ങളുടേയും(accents) ഛിഹ്നങ്ങളും ഓരക്കുറിപ്പുകളും(marginal notes) കൂട്ടിച്ചേര്‍ത്ത് മദ്ധ്യയുഗങ്ങളില്‍ രൂപപ്പെടുത്തി നിശ്ചിതമാക്കി, കാലക്രമത്തില്‍ ആധികാരികത നല്‍കപ്പെട്ട പാഠമാണ് മസോറട്ടിക് പാഠം. റാബൈനിക ബൈബിളുകളുടെ അടിസ്ഥാനമായ ഈ പാഠത്തെ ആധുനിക പഴയനിയമപഠനങ്ങളും മുഖ്യമായി ആശ്രയിക്കുന്നു. [1]


മസോറട്ടിക് പാഠത്തിന് ആധാരമായിരുന്ന എബ്രായബൈബിള്‍മൂലം, ഈജിപ്തിലും പലസ്ഥീനയിലും പ്രചരിച്ചിരുന്നതും പുതിയനിയമലേഖകന്മാര്‍ ആശ്രയിച്ചതുമായ പഴയനിയമത്തിന്റെ പുരാതന ഗ്രീക്ക് പരിഭാഷയായ സെപ്ത്വജിന്റ് ആശ്രയിച്ച മൂലത്തില്‍ നിന്ന് വ്യത്യസ്തമായിരുന്നതുകൊണ്ട്, മസോറട്ടിക് പാഠം സെപ്ത്വജന്റില്‍ നിന്ന് വ്യത്യസ്ഥമായിരിക്കുന്നു.


'മസോറ' എന്ന എബ്രായ വാക്ക്, എസക്കിയേല്‍ പ്രവാചകന്റെ പുസ്തകത്തിലെ "ഞാന്‍ നിങ്ങളെ എന്റെ വടികൊണ്ട് തൊട്ട് എണ്ണും; എന്റെ ഉടമ്പടിയുടെ ചങ്ങലക്ക് വിധേയരാക്കും"[2] എന്ന വാക്യത്തിലെ ചങ്ങല എന്ന വാക്കുമായി ബന്ധപ്പെട്ട് ഉത്ഭവിച്ചതാണ്. ബൈബിള്‍ പാഠത്തെ നിശ്ചിതമാക്കുന്നത് വഴിവിട്ട വ്യാഖ്യാനത്തെ തടയുന്ന ചങ്ങലയാണെന്നാണ് വിവക്ഷ. എന്നാല്‍ കാലക്രമത്തില്‍ 'മസോറ' എന്നതിന് പാരമ്പര്യത്തിന്റെ പകര്‍ന്നുനല്‍കല്‍ എന്ന് അര്‍ഥമായി. ആ രീതിയില്‍ അതിന്റെ വിപുലമായ അര്‍ഥം യഹൂദപാരമ്പര്യത്തെ മുഴുവന്‍ സൂചിപ്പിക്കുന്നു. എന്നാല്‍ മസോറട്ടിക് പാഠത്തിന്റെ സന്ദര്‍ഭത്തില്‍ കുറേക്കൂടി പരിമിതമായ അര്‍ഥമാണ് അതിനുള്ളത്. അവിടെ അത്, ബൈബിള്‍ പാഠത്തെ നിശ്ചിതമാക്കാന്‍ ചേര്‍ക്കപ്പെട്ട സ്വരങ്ങളുടേയും ഉച്ചാരണഭേദങ്ങളുടേയും ഛിഹ്നങ്ങളേയും, സംശയമുള്ള വാക്കുകളുടെ കൃത്യമായ അക്ഷരച്ചേരുവയും മറ്റും സൂചിപ്പിക്കാന്‍ ഓരങ്ങളില്‍ എഴുതിച്ചേര്‍ക്കപ്പെട്ട കുറിപ്പുകളേയും പരാമര്‍ശിക്കുന്നു.


മസോറട്ടിക് പാഠത്തിന്റെ ലഭ്യമായവയില്‍ ഏറ്റവും പഴയ ശകലങ്ങള്‍ ഒന്‍പതാം നൂറ്റാണ്ടിനടുത്ത കാലത്തുള്ളതാണ്.[3] പഴയനിയമത്തിന്റെ മസോറട്ടിക് പാഠത്തിന്റെ ലഭ്യമായവയില്‍ ഏറ്റവും പഴയപ്രതിയായ ആലപ്പോ പുസ്തകമാവട്ടെ ക്രി.വ. പത്താം നൂറ്റാണ്ടിലേതാണ്. ഇതിലെ പഞ്ചഗ്രന്ഥി ഭാഗം 1947-ല്‍ കാണാതായി.

ക്രി.മു. രണ്ടാം നൂറ്റാണ്ടില്‍ നിന്നുള്ള നാഷ് പാപ്പിറസ് എബ്രായബൈബിലെ പത്തുകല്പനകളുടേയും "കേട്ടാലും ഇസ്രായേല്‍"(ഷേമ യിസ്രായേല്‍) എന്ന പ്രാര്‍ഥനയുടേയും മസോറട്ടിക് പൂര്‍വപാഠം ഉള്‍ക്കൊള്ളുന്നു

ഉള്ളടക്കം

[തിരുത്തുക] മൂന്നു പാരമ്പര്യങ്ങള്‍

ഏഴും പത്തും നൂറ്റാണ്ടുകള്‍ക്കിടക്ക് മസോറട്ടുകള്‍ എന്നറിയപ്പെട്ടിരുന്ന ഒരു കൂട്ടം യഹൂദരാണ് മസോറട്ടിക് പാഠം പകര്‍ത്തി സംശോധനചെയ്ത് പ്രചരിപ്പിച്ചത്. മസോറട്ടുകള്‍ക്കിടയില്‍ വ്യത്യസ്ഥ പാരമ്പര്യങ്ങളുണ്ടായിരുന്നു. അവയില്‍ മുഖ്യമായവ ബാബിലോണിയന്‍, ജറുസലേമില്‍ കേന്ദ്രീകരിച്ചിരുന്ന പലസ്തീനിയന്‍, ഗലീലാക്കടലിന്റെ തീരത്തെ ടൈബീരിയസ് പട്ടണവുമായ ബന്ധപ്പെട്ട ടൈബീരിയന്‍ എന്നീ മൂന്നു പാരമ്പര്യങ്ങളാണ്. ഇവയോരോന്നിനുമുള്ളില്‍ ഉപപാരമ്പര്യങ്ങളും ഉണ്ടായിരുന്നു. ക്രിസ്തുവര്‍ഷം ആയിരാമാണ്ടിനടുത്ത കാലം തുടങ്ങി, സ്വീകാര്യത കിട്ടിയത് ടൈബീരിയന്‍ പാരമ്പര്യത്തിലെ മസോറക്കാണ്. ബെന്‍ നഫ്ത്താലി, ബെന്‍ അഷര്‍ എന്നിവരുടെ പാരമ്പര്യങ്ങള്‍ ടൈബീരിയന്‍ മസോറട്ടിക് പാരമ്പര്യത്തിലെ പേരുകേട്ട ഉപവിഭാഗങ്ങളാണ്. ക്രി.വ. 915-നടുത്തു ജനിച്ച അഹറോന്‍ ബെന്‍ അഷര്‍, ബെന്‍ അഷര്‍ പാരമ്പര്യത്തില്‍ മുഖ്യനാണ്. ഈ പാരമ്പര്യത്തില്‍ പിറന്ന പാഠത്തിനാണ് പന്ത്രണ്ടാം നൂറ്റാണ്ടില്‍ പ്രഖ്യാതയഹൂദചിന്തകനായ മൈമോനിഡിസിന്റെ അംഗീകാരം ലഭിച്ചത് എന്ന് കരുതപ്പെടുന്നു.[1]

[തിരുത്തുക] വിശ്വാസ്യത

യഹൂദവിശുദ്ധഗ്രന്ഥങ്ങളുടെ പുരാതന ഗ്രീക്ക് പരിഭാഷയായ സെപ്ത്വജിന്റില്‍ നിന്ന് മസോറട്ടിക് പാഠത്തിനുള്ള വ്യത്യാസങ്ങള്‍ ചൂണ്ടിക്കാട്ടി, മസോറട്ടുകള്‍ തങ്ങളുടെ സം‌രംഭത്തില്‍ അടിസ്ഥാനരചനയായെടുത്ത എബ്രായബൈബിള്‍ പാഠം, ബൈബിളിന്റെ മൂലപാഠത്തോട് എത്രത്തോളം വിശ്വസ്ഥത പുലര്‍ത്തുന്നതായിരുന്നു എന്ന ചോദ്യം തുടക്കം മുതലേ ഉന്നയിക്കപ്പെട്ടിരുന്നു. പഴയനിയമപ്രവചനങ്ങളുടെ ക്രിസ്തീയവ്യാഖ്യാനം, ആദിമക്രിസ്ത്യാനികള്‍ ആശ്രയിച്ചിരുന്ന പഴയനിയമത്തിന്റെ സെപ്ത്വജിന്റ് പാഠത്തെ ആശ്രയിച്ചായിരുന്നതുകൊണ്ട്, സെപ്ത്വജിന്റ് പാഠത്തെ തുരങ്കം വക്കാനായി യഹൂദര്‍ രൂപപ്പെടുത്തിയെടുത്തതാണ് മസോറെട്ടിക് പാഠം എന്നുപോലും ആരോപിക്കപ്പെട്ടിട്ടുണ്ട്. ഏശയ്യായുടെ പുസ്തകത്തിലെ ഒരു വാക്യത്തിന്റെ(7:14) സെപ്ത്വജിന്റ്, മസോറെട്ടിക് പാഠങ്ങള്‍ ഈ ആരോപണത്തിന് തെളിവായി ചൂണ്ടിക്കാണിക്കപ്പെടാറുണ്ട്. കന്യാപുത്രനായുള്ള യേശുവിന്റെ ജനനത്തിന്റെ പ്രവചനമായി ക്രിസ്ത്യാനികള്‍ കണക്കാക്കുന്ന ആ വാക്യത്തിന്റെ കാതലായ ഭാഗം സെപ്ത്വജിന്റില്‍ "ഒരു കന്യക ഗര്‍ഭം ധരിക്കും" എന്നും മസോറെട്ടിക് പാഠത്തില്‍ "ഒരു ബാലിക ഗര്‍ഭം ധരിക്കും" എന്നും ആണ്.[4]


ഇരുപതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തില്‍ ചാവുകടല്‍ തീരത്തെ കുമ്രാനില്‍ കണ്ടുകിട്ടിയ പുരാതന ഗ്രന്ഥശേഖരത്തിലുള്‍പ്പെട്ട പഴയനിയമത്തിന്റെ കയ്യെഴുത്തുപ്രതികള്‍ മസോറട്ടിക് പാഠത്തിന്റെ കൂടുതല്‍ വസ്തുനിഷ്ടമായ പഠനം സാധ്യമാക്കി. കുമ്രാന്‍ കയ്യെഴുത്തുപ്രതികളില്‍ ഭൂരിഭാഗത്തിനും, ലഭ്യമായ മറ്റേതൊരു പാഠത്തോടുമുള്ളതിനേക്കാള്‍ സമാനത മസോറെട്ടിക് പാഠത്തോടാണ് എന്ന് പറയപ്പെടുന്നു. മസോറെട്ടിക് പാഠം ആശ്രയിച്ച വ്യജ്ഞനമാത്രപാഠത്തിന്റെ ഒരു ആദ്യരൂപം(Prototype)ആയിരിക്കണം കുമ്രാനിലെ കയ്യെഴുത്തുപ്രതികളില്‍ മിക്കവയും പിന്തുടര്‍ന്നത് എന്നാണ് ഇതു നല്‍കുന്ന സൂചന. [5] ഈ കണ്ടെത്തല്‍ ആ മസോറട്ടിക് പാഠത്തിന്റെ വിശ്വസനീയത വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.


അതേസമയം, മസോറെട്ടിക് പാഠത്തിന്റെ മൂലത്തില്‍ നിന്നു വ്യത്യസ്ഥമായ ഗ്രന്ഥപാരമ്പര്യത്തില്‍ പെടുന്നതെന്നു കരുതാവുന്ന കയ്യെഴുത്തുപ്രതികളും കുമ്രാന്‍ ശേഖരത്തില്‍ ഉണ്ടായിരുന്നു. ഇതിന്റെ ഏറ്റവും പ്രധാന ഉദാഹരണം കുമ്രാനില്‍ നിന്നുകിട്ടിയ പഴയനിയമത്തിലെ ഹബക്കുക്കിന്റെ പുസ്തകത്തിന്റെ വ്യാഖ്യാനച്ചുരുളാണ്.(The Pesher on Habakkuk). ആ ചുരുളിലുള്ള ഹബക്കുക്ക് പാഠം മസോറട്ടിക് പാഠത്തില്‍ നിന്ന് 135-ഓളം ഇടങ്ങളില്‍ വ്യത്യാസപ്പെട്ടിരിക്കുന്നുവെന്ന് പാഠവിമര്‍ശകന്മാര്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. [6] മസോറട്ടിക് പാഠം ആശ്രയിച്ച പഴയനിമമൂലം, പ്രാചീനകാലത്ത് നിലവിലുണ്ടായിരുന്ന പല പാഠപാരമ്പര്യങ്ങളില്‍ ഒന്നുമാത്രമായിരുന്നു എന്നു വേണം ഇതില്‍ നിന്ന് അനുമാനിക്കാന്‍.


വ്യജ്ഞനമാത്രമായ മൂലപാഠത്തോട് മസോറട്ടുകള്‍ സ്വരങ്ങളുടേയും ഉച്ചാരണഭേദങ്ങളുടേയും ഛിഹ്നങ്ങള്‍ കൂട്ടിച്ചേത്തത് ഊഹാപോഹങ്ങളെ ആശ്രയിച്ചാണെന്നും അങ്ങനെ രൂപപ്പെട്ട പാഠത്തെ തെറ്റില്ലാത്തതായി കരുതി അന്ധമായി ആശ്രയിക്കുന്നത് ശരിയല്ലെന്നും യഹൂദപാരമ്പര്യത്തില്‍ ജനിച്ച് സ്വതന്ത്രചിന്തയിലേക്കു തിരിഞ്ഞ ബറൂക്ക് സ്പിനോസ വാദിച്ചിട്ടുണ്ട്.[7][ക]

[തിരുത്തുക] കുറിപ്പുകള്‍

ക.^ There are certainly no grounds for confidence that the Bible that we have is exactly the one produced by the original writers.[8]

[തിരുത്തുക] അവലംബം

  1. 1.0 1.1 Masorah, Masoretic Text - Oxford Companion to the Bible - പുറം 500-501
  2. എസക്കിയേല്‍ 20;37
  3. പുറപ്പാടിന്റെ പുസ്തകത്തിലെ കടലിലെ പാട്ട് (Song of the Sea - പുറപ്പാട് 13:19-16-1) അടങ്ങുന്ന ഏഴാം നൂറ്റാണ്ടിലെ ഒരു ശകലമാണ് ചാവുകടല്‍ ചുരുളുകള്‍ക്കും ആലപ്പോ പുസ്തകത്തിനും ഇടക്കുള്ള എബ്രായ ബൈബിളിന്റെ 'നിശബ്ദയുഗത്തില്‍' നിന്ന് ലഭ്യമായ ഏറ്റവും പഴയ പാഠം. See "Rare scroll fragment to be unveiled," Jerusalem Post, May 21, 2007.
  4. The Masoretic Text of the Old Testament - V. S. Herrell - http://www.biblebelievers.org.au/masorete.htm
  5. Shiffman, Reclaiming the Dead Sea Scrolls
  6. Habakkuk at Qumran - The Cambridge Companion to the Bible - 216-17 പുറങ്ങള്‍
  7. വില്‍ ഡുറാന്റിന്റെ സംസ്കാരത്തിന്റെ കഥയുടെ എട്ടാം വാല്യത്തില്‍ സ്പിനോസയെക്കുറിച്ചുള്ള ഭാഗം കാണുക - പുറം 626 "The Masoretic Text was partly guesswork, and could hardly give us an indisputable prototype."
  8. Introduction to the Old Testament by Robert Alter in "The Literary Guide to the Bible", Edited by Robert Alter and Frank Kermode
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം