ബറൂക്ക് സ്പിനോസ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
17-ആം നൂറ്റാണ്ടിലെ തത്വചിന്തകന്‍ |
|
പതിനേഴാം നൂറ്റാണ്ടിലെ പ്രഖ്യാതചിന്തകന്‍ ബറൂക്ക് സ്പിനോസ |
|
| പൂര്‍ണ്ണനാമം | ബറൂക്ക് സ്പിനോസ |
|---|---|
| ജനനം | ആംസ്റ്റര്‍ഡാം, നെതര്‍ലന്‍ഡ്‌സ് |
| മരണം | ഫെബ്രുവരി 21 1677 (പ്രായം 44) ഹേഗ്, നെതര്‍ലന്‍ഡ്‌സ് |
| School/tradition | യുക്തിവാദം, സ്പിനോസവാദത്തിന്റെ സ്ഥാപകന്‍ |
| Main interests | സന്മാര്‍ഗ്ഗശാസ്ത്രം, ജ്ഞാനസിദ്ധാന്തം, മെറ്റഫിസിക്സ് |
| Notable ideas | Pantheism, Deism, neutral monism, intellectual and religious freedom / separation of church and state, Criticism of Mosaic authorship of certain books of the Hebrew Bible, Political society derived from power, not contract |
|
സ്വാധീനങ്ങള്‍
|
|
|
സ്വാധീനിച്ചത്
|
|
ബറൂക്ക് സ്പിനോസ പതിനേഴാം നൂറ്റാണ്ടില്‍ (നവംബര്‍ 24, 1632-ഫെബ്രുവരി 21, 1677) നെതര്‍ലന്റ്സില്‍ ജീവിച്ചിരുന്ന ഒരു തത്ത്വചിന്തകനായിരുന്നു. ഇംഗ്ലീഷ്: Baruch Spinoza. "അനുഗ്രഹീതന്‍" എന്നര്‍ത്ഥമുള്ള അദ്ദേഹത്തിന്റെ പേരിന്റെ ആദ്യഭാഗം ലത്തീനില്‍ ബെനഡിക്ട് എന്നാണ്. പോര്‍ത്തുഗീസ് യഹൂദപശ്ചാത്തലമുള്ള കുടുംബത്തിലാണ് സ്പിനോസ ജനിച്ചത്. ഏറെ ശാസ്ത്രീയ ചായ്‌വ് കാട്ടിയ സ്പിനോസയുടെ ചിന്തയുടെ പരപ്പും പ്രാധാന്യം അദ്ദേഹത്തിന്റെ മരണത്തിന് വര്‍ഷങ്ങള്‍ക്കുശേഷമാണ് പരക്കെ അംഗീകരിക്കപ്പെട്ടത്. പതിനെട്ടാം നൂറ്റാണ്ടിലെ ജ്ഞാനോദയത്തിനും ആധുനിക ബൈബിള്‍ നിരൂപണത്തിനും പശ്ചാത്തലമൊരുക്കിയ സ്പിനോസ, പതിനേഴാം നൂറ്റാണ്ടിലെ വലിയ യുക്തിചിന്തകന്മാരില്‍ ഒരാളായി ഇന്ന് പരിഗണിക്കപ്പെടുന്നു. മരണശേഷം പ്രസിദ്ധീകരിച്ച സന്മാര്‍ഗ്ഗശാസ്ത്രം ക്ഷേത്രഗണിതരീതിയില്‍ എന്ന പ്രഖ്യാതകൃതിയില്‍ സ്പിനോസ ദെക്കാര്‍ത്തിന്റെ മനോ-പദാര്‍ഥ ദ്വൈതവാദത്തെ (Mind-body dualism) എതിര്‍ത്തു. ഈ കൃതിയുടെ പേരില്‍ അദ്ദേഹം പാശ്ചാത്യലോകത്തെ ഏറ്റവും മുന്തിയ തത്ത്വചിന്തകന്മാരില്‍ ഒരാളായി എണ്ണപ്പെടുന്നു.
സ്ഫടികം ഉരച്ച് ലെന്‍സുകള്‍ ഉണ്ടാക്കുന്ന തൊഴില്‍ ചെയ്ത് സ്പിനോസ ഒച്ചപ്പാടില്ലാതെ ജീവിച്ചു. ഒരു സര്‍വകലാശാലയിലെ അദ്ധ്യപകസ്ഥാനം അടക്കം വിലമതിക്കപ്പെടുന്ന ഉദ്യോഗങ്ങളും ബഹുമതികളും തേടിവന്നെങ്കിലും, സ്പിനോസ അവയൊക്കെ നിരസിക്കുകയാണുണ്ടായത്. കുടുംബസ്വത്തില്‍ തനിക്കുണ്ടായിരുന്ന അവകാശം അദ്ദേഹം സഹോദരിക്ക് നല്‍കി. സ്പിനോസയുടെ സ്വഭാവശുദ്ധിയും തത്ത്വചിന്തയിലെ നേട്ടങ്ങളും കണക്കിലെടുത്ത് പരിപൂര്‍ണ്ണദാര്‍ശനികന്‍ (Absolute Philosopher) എന്നുപോലും അദ്ദേഹം വിശേഷിക്കപ്പെട്ടിട്ടുണ്ട്. [1] 45 വയസ്സുള്ളപ്പോള്‍ സ്പിനോസ അകാലമൃത്യുവായി. മരണകാരണം ക്ഷയരോഗമോ, ലെന്‍സ് ഉരക്കുന്ന ജോലിക്കിടെ ശ്വാസകോശത്തില്‍ കടന്നുകൂടിയ സ്ഫടികത്തരികള്‍ മൂലമുണ്ടായ സിലിക്കോസിസ് രോഗമോ ആയിരിക്കാം എന്ന് കരുതപ്പെടുന്നു.
[തിരുത്തുക] പശ്ചാത്തലം
സ്പിനോസയുടെ പൂര്‍വികര്‍ സെഫാര്‍ദിക യഹൂദരായിരുന്നു. 1492-ല്‍ യഹൂദര്‍ക്കെതിരെ സ്പെയിന്‍ പുറപ്പെടുവിച്ച അല്‍ഹമ്രാ പ്രഖ്യാപനവും പോര്‍ത്തുഗലിലെ മതദ്രോഹവിചാരണകളും മൂലം, ഐബീരിയന്‍ ഉപദ്വീപില്‍ പെട്ട ആ രാജ്യങ്ങളിലെ യഹൂദര്‍ക്ക് മനസ്സില്ലാതെയുള്ള മതപരിവര്‍ത്തനമോ, പലായനമോ അല്ലാതെ വഴിയില്ലെന്നായതിനെ തുടര്‍ന്ന് അവിടങ്ങളില്‍ നിന്ന് നെഥര്‍ലാന്‍ഡ്സിലെ ആംസ്റ്റര്‍ഡാമില്‍ അഭയംതേടിയ യഹൂദരുടെ കൂട്ടയ്മയില്‍ പെട്ടവരായിരുന്നു അവര്‍. [2]
സ്പിനോസയുടെ കുടംബപ്പേര് പോര്‍ത്തുഗീസ് ഭാഷയില്‍ എസ്പിനോസ എന്നാണ്. ഇതിന്റെ ആടിസ്ഥാനത്തില്‍, കുടുംബം സ്പെയിനിലെ ബര്‍ഗോസിനടുത്തുള്ള എസ്പിനോസ ഡി ലോസ് മോണ്ടെറോസ് എന്ന സ്ഥലത്തുനിന്നുള്ളവരായിരുന്നുവെന്ന് വാദിക്കുന്ന ചരിത്രകാരന്മാരുണ്ട്.[3] സ്പിനോസയുടെ പിതാവ് കുട്ടിയായിരിക്കുമ്പോള്‍, മുത്തച്ഛന്‍ ഐസക്ക് സ്പിനോസ കുടുംബത്തോടൊപ്പം ഫ്രാന്‍സിലെ നാന്റ്സ്(Nantes) എന്ന സ്ഥലത്തേക്കുപോയി. 1615-ല്‍ അവിടന്ന് പുറത്താക്കപ്പെട്ടതിനാല്‍ അവര്‍ നെഥര്‍ലന്റ്സിലെ റോട്ടര്‍ഡാമിലെത്തി. 1627-ല്‍ ഐസക്ക് അവിടെ വച്ച് മരിച്ചതിനെ തുടര്‍ന്ന്, സ്പിനോസയുടെ പിതാവ് മിഗയൂലും അമ്മാവന്‍ മാനുവലും ആംസ്റ്റര്‍ഡാമിലെക്കുപോയി. അവിടെ അവര്‍ യഹൂദാചാരവിശ്വാസങ്ങള്‍ അനുസരിച്ചുള്ള ജീവിതം പുനരാരംഭിച്ചു.
[തിരുത്തുക] ആദ്യകാലജീവിതം
ആംസ്റ്റര്‍ഡാമിലാണ് ബറൂക്ക് സ്പിനോസ ജനിച്ചത്. പിതാവിന്റെ രണ്ടാം വിവാഹത്തിലെ കുട്ടിയായിരുന്നു അദ്ദേഹം. അമ്മ ആനാ ഡെബോറ, ബറൂക്കിന് ആറുവയസ്സുള്ളപ്പോള്‍ മരിച്ചു. പിതാവും അദ്ദേഹത്തിന്റെ മൂന്നാം ഭാര്യയും ചേര്‍ന്ന് പരമ്പരാഗതയഹൂദരീതികളനുസരിച്ചാണ് ബറൂക്കിനെ വളര്‍ത്തിയത്.[4] പിതാവ് മിഗയൂല്‍ അംഗീകാരവും പ്രാധാന്യവുമുള്ള ഒരു വ്യാപാരിയായിരുന്നു. എന്നാല്‍ ബാറുക്കിന് വ്യാപാരത്തിന്റെ വഴിയില്‍ താത്പര്യമില്ലായിരുന്നു. യഹൂദചരിത്രത്തിലും മതസിദ്ധാന്തങ്ങളിലുമുള്ള പഠനത്തില്‍ മുഴുകി സിനഗോഗിലും പരിസരങ്ങളിലുമായി സമയം ചിലവിടാനാണ് അദ്ദേഹം ഇഷ്ടപ്പെട്ടത്. ബൈബിളിനും അതിന്റെ സങ്കീര്‍ണ്ണവ്യാഖ്യാനങ്ങളായ താല്‍മുദിനും പുറമേ, ലെവി ബെന്‍ ഗെര്‍സോന്‍, ഇബന്‍ എസ്രാ, ഹസ്ദായ് ക്രെസ്കാസ്, ഇബന്‍ ഗബ്രിയേല്‍, കൊര്‍ദോവയിലെ മോശെ തുടങ്ങിയ യഹൂദപണ്ഡിതന്മാരുടെ രചനകളുമെല്ലാം അദ്ദേഹത്തിന്റെ പഠനത്തില്‍ ഉള്‍പ്പെട്ടു. വിമര്‍ശനബുദ്ധിയോടെയായിരുന്നു പഠനം. പ്രഖ്യാതയഹൂദചിന്തകനായ മോസസ് മൈമോനിഡിസിന്റെ മുഖ്യരചനയായ "സന്ദേഹികള്‍ക്ക് വഴികാട്ടി" (Guide to the Perplexed) സ്പിനോസക്ക് വഴിയേക്കാള്‍ സന്ദേഹമാണ് കാട്ടിക്കൊടുത്തത്. [5]പഠനത്തില്‍ ഏറെ മികവുകാട്ടിയ സ്പിനോസ സ്വന്തം മതത്തിനും ജനതക്കും മാര്‍ഗ്ഗദീപമായിത്തീരുമെന്ന് മുതിര്‍ന്നവര്‍ കരുതി. എന്നാല്‍ അദ്ദേഹത്തിന്റെ വിമര്‍ശനാത്മകബുദ്ധിയും അടങ്ങാത്ത ജിജ്ഞാസയും യഹൂദസമൂഹവുമായി ഉരസലിന് കാരണമുണ്ടാക്കാന്‍ പോന്നവയായിരുന്നു.
മതപരമായ അറിവിനുപുറമേ സ്പിനോസ സ്പാനിഷ്, എബ്രായ, പോര്‍ത്തുഗീസ്, ഡച്ച്, ലത്തീന്‍ എന്നീ ഭാഷകളില്‍ അവഗാഹവും ഇറ്റാലിയന്‍, ഫ്രഞ്ച് ഭാഷകളുമായി പരിചയവും സമ്പാദിച്ചു. ഗണിതശാസ്ത്രം ഏറെ ഇഷ്ടപ്പെട്ട അദ്ദേഹം അത് പഠിക്കുകയും പിന്നീട്, ക്ഷേത്രഗണിതത്തെ തന്റെ ദര്‍ശനത്തിന്റേയും തത്ത്വചിന്താശൈലിയുടേയും അടിസ്ഥാനമാക്കുകയും ചെയ്തു.[4][ഖ]
ഇംഗ്ലണ്ടും ഫ്രാന്‍സുമായുള്ള നെഥര്‍ലാന്‍ഡ്സിന്റെ യുദ്ധങ്ങളില്‍ മിഗയൂല്‍ മരിച്ചതിനെ തുടര്‍ന്ന് കുടുംബത്തിന്റെ സാമ്പത്തികസ്ഥിതി മോശമായി. പിതൃസ്വത്തിലുള്ള സ്പിനോസയുടെ ഭാഗത്തിന്മേല്‍ ഒരു സഹോദരി അവകാശം ഉന്നയിച്ചപ്പോള്‍ അദ്ദേഹം തന്റെ അവകാശം കോടതിയില്‍ സ്ഥാപിച്ചെടുത്തു. എന്നാല്‍ അങ്ങനെ നിയമാനുസൃതം തനിക്കുകിട്ടിയ സ്വത്തില്‍ ഒരു കിടക്കയൊഴിച്ചുള്ളതെല്ലാം അദ്ദേഹം ആ സഹോദരിക്കുതന്നെ നല്‍കി. തുടര്‍ന്ന്, കുടുംബവ്യാപാരത്തിന്റെ ചുമതലയും കടത്തിന്റെ ഉത്തരവാദിത്വവും സഹോദരന്‍ ഗബ്രിയേലിനെ ഏല്പ്പിച്ച് തന്റെ സമയമത്രയും തത്ത്വചിന്തയിലും കണ്ണട, സൂഷ്മദര്‍ശിനി, ദൂരദര്‍ശിനി എന്നിവക്കുവേണ്ട ലെന്‍സുകള്‍ ഉരച്ചുനിര്‍മ്മിക്കുന്നതിലും കഴിച്ചു. [4]
[തിരുത്തുക] വിവാദപരമായ ആശയങ്ങളും യഹൂദപ്രതികരണവും
[തിരുത്തുക] പുതിയ ചിന്തകള്‍, പ്രണയം
ഒരു മുന്‍ ഈശോസഭക്കാരനായ സ്വതന്ത്രചിന്തകന്‍, ഫ്രാന്‍സ് വാന്‍ഡെന്‍ എന്‍ഡെ എന്നയാളുടെ സ്കൂളില്‍ അദ്ധ്യപകനായും സ്പിനോസ ഇക്കാലത്ത് പ്രവര്‍ത്തിക്കാന്‍ തുടങ്ങി. സ്പിനോസയുടെ ലത്തീന്‍ ഭാഷ മെച്ചപ്പെടാനും ദെക്കാര്‍ത്ത്, ഫ്രാന്‍സിസ് ബേക്കണ്‍, തോമസ് ഹോബ്സ് തുടങ്ങിയവരുടെ ചിന്തകളിലേക്ക് അദ്ദേഹം ആകര്‍ഷിക്കപ്പെടാനും ഇത് ഇടവരുത്തി. അക്കാലത്ത് അദ്ദേഹം തോമസ് അക്വിനാസിന്റെ ദൈവശാസ്ത്രസംഗ്രഹവും (Summa Theologica) വായിച്ചിരിക്കാമെന്ന് കരുതപ്പെടുന്നു. [4] ഇതിനൊക്കെപ്പുറമേ സ്പിനോസ, പ്രധാനാദ്ധ്യാപകന്റെ മകളുമായി പ്രണയത്തിലാവുകയും ചെയ്തു. എന്നാല്‍ അവള്‍ ധനവാനായ മറ്റൊരു കാമുകനുവേണ്ടി സ്പിനോസയെ തിരസ്കരിക്കുകയാണുണ്ടായത്.[ക] പിന്നീടുള്ള ജീവിതകാലമത്രയും അദ്ദേഹം വിവാഹത്തെപ്പറ്റി ആലോചിച്ചില്ല.
[തിരുത്തുക] ഭ്രഷ്ട്
താല്‍മുദിനും മറ്റു മതഗ്രന്ഥങ്ങള്‍ക്കും നേരെ വിമര്‍ശനാത്മകമായ സമീപനം സ്വീകരിച്ച സ്പിനോസ, അംഗീകൃത യഹൂദനിലപാടുകള്‍ക്ക് വിരുദ്ധമായ വിശ്വാസങ്ങള്‍ വച്ചുപുലര്‍ത്തുന്നവനെന്ന നിലയില്‍ യഹൂദസമുദായത്തില്‍ ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങി. 1656-ലെ വേനല്‍ക്കാലത്ത്, മതനേതൃത്വം സ്പിനോസയെ യഹൂദസമൂഹത്തില്‍ നിന്ന് പുറത്താക്കിക്കൊണ്ട് ഉത്തരവിറക്കി. ഉത്തരവില്‍ വ്യക്തമായ സൂചനയില്ലായിരുന്നെങ്കിലും, സ്പിനോസയുടെ ദൈവസങ്കല്പം, മതനിരാസത്തിന്(apostacy) സമാനമായി പരിഗണിക്കപ്പെട്ടതാണ് പുറത്താക്കലിന് കാരണമായതെന്ന് പറയപ്പെടുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ 'പാഷണ്ഡത' യഹൂദനേതൃത്വത്തിലുളവാക്കിയ ധര്‍മ്മരോഷം മാത്രമായിരുന്നില്ല കാരണം; യഹൂദമതത്തിന്റെയെന്നപോലെ മറ്റുമതങ്ങളുടേയും യാഥാസ്ഥിതികത്വത്തിന് നിരക്കാത്ത സ്പിനോസയുടെ ആശയങ്ങള്‍, മുഴുവന്‍ യഹൂദസമൂഹത്തിനുമെതിരെ ആംസ്റ്റര്‍ഡാമിലെ ക്രൈസ്തവനേതൃത്വത്തെ തിരിച്ച്, യഹൂദര്‍ ആ നഗരത്തില്‍ അനുഭവിച്ചിരുന്ന താരതമ്യേനയുള്ള സ്വാതന്ത്ര്യത്തെ ഇല്ലാതാക്കിയേക്കാമെന്ന പ്രായോഗികപ്രശ്നവും മതനേതൃത്വത്തിന്റെ തീരുമാനത്തെ സ്വാധീനിച്ചിരിക്കാം. മതനിഷ്കാസനത്തിന്റെ വ്യവസ്ഥകള്‍ വളരെ കഠിനമായിരുന്നു.[6]ബൈബിളിലെ നിയമാവര്‍ത്തനപ്പുസ്തകത്തിലെ എല്ലാ ശാപവചനങ്ങള്‍ക്കും പുറമേ, തന്നെ പരിഹസിച്ച കുട്ടികളെ കാട്ടിലെ ഒരു പെണ്‍കരടിവന്ന് കടിച്ചുകീറാനിടയാകും വിധം ശപിച്ച ഏലീശാ പ്രവാചകന്റെ ശാപവാക്കുകള്‍ കൊണ്‍ടും സ്പിനോസ ശപിക്കപ്പെട്ടെന്ന് ബെര്‍ട്രാന്‍ഡ് റസ്സല്‍ പറയുന്നു. [7] മതനിഷ്കാസനത്തിന്റെ ആ ഉത്തരവ് ഒരിക്കലും പിന്‍വലിക്കപ്പെട്ടില്ല.
[തിരുത്തുക] റിന്‍സ്ബര്‍ഗ്, ആദ്യകാലരചനകള്‍
യഹൂദ മതത്തില്‍ നിന്ന് പുറത്താക്കപ്പെട്ടതിനെതുടര്‍ന്ന്, അനുഗൃഹീതന്‍ എന്നര്‍ഥമുള്ള തന്റെ പേരിന്റെ ലത്തീന്‍ രൂപമായ ബെനഡിക്ടസ് എന്ന പുതിയ പേര് സ്പിനോസ സ്വീകരിച്ചു. ആംസ്റ്റര്‍ഡാമില്‍, ബാറുക്കിന്റെ പോര്‍ത്തുഗീസ് രൂപമായ ബെന്റൊ എന്ന പേരിലും അദ്ദേഹം അറിയപ്പെട്ടു. അതായിരുന്നു അദ്ദേഹത്തിന്റെ അനൗപചാരികനാമം. ഇതിനിടെ നാടകശാലയിലെ ഒരു സന്ദര്‍ശനത്തിനിടെ ഒരു മതഭ്രാന്തന്‍ സ്പിനോസയെ വധിക്കാന്‍ ശ്രമിച്ചു. ആയുധം അദ്ദേഹത്തിന്റെ മേല്‍ക്കുപ്പായം കീറുക മാത്രമേ ഉണ്ടായുള്ളു. 1660-ല്‍ സ്വസ്ഥമായ ജീവിതം തേടി സ്പിനോസ ആംസ്റ്റര്‍ഡാം വിട്ട് റിന്‍സ്ബര്‍ഗ് എന്ന ഗ്രാമത്തിലേക്ക് പോയി. അവിടെയുണ്ടായിരുന്ന കൊളേജിയന്മാര്‍ എന്ന വിമതക്രൈസ്തവവിഭാഗത്തിലെ അംഗങ്ങളില്‍ പലരും അദ്ദേഹത്തിന്റെ സുഹൃത്തുക്കളായിരുന്നു. അവരിലൊരാളുടെ വീട്ടില്‍ സ്പിനോസ താമസമാക്കി. സ്പിനോസയുടെ ആദ്യകാലകൃതികള്‍ പലതും എഴുതപ്പെട്ടത് ആ വീട്ടില്‍ വച്ചാണ്.
[തിരുത്തുക] ബുദ്ധിയുടെ വികാസത്തെക്കുറിച്ച്
ബുദ്ധിയുടെ വികാസത്തെക്കുറിച്ച് എന്ന ലഘുകൃതി അക്കാലത്തെ ശ്രദ്ധേയമായ രചനകളില്‍ ഒന്നാണ്. തത്ത്വചിന്തയിലേക്ക് താന്‍ തിരിഞ്ഞതെങ്ങനെയെന്നും അതില്‍ തന്റെ അന്വേഷണം ലക്‌ഷ്യമാക്കുന്നതെന്തെന്നും ആ രചനയുടെ തുടക്കത്തില്‍ സ്പിനോസ ഇങ്ങനെ വിശദീകരിച്ചു.
| “ | സാധാരണ ജീവിതത്തില്‍ നിത്യം നടക്കുന്ന കാര്യങ്ങളെല്ലാം മിഥ്യയും വൃഥാവേലയും ആണെന്ന് അനുഭവം എന്നെ പഠിപ്പിച്ചപ്പോള്‍, എനിക്കു ഭയം തരുകയും എന്നെ ഭയപ്പെടുത്തുകയും ചെയ്യുന്നവയായുള്ളവക്കൊന്നിനും മനസ്സിനെ അവ എങ്ങനെ ബാധിക്കുന്നുവെന്നതൊഴിച്ച് ഗുണമോ ദോഷമോ ഇല്ലെന്ന് ഞാന്‍ മനസ്സിലാക്കി. അതിനാല്‍, കണ്ടെത്തുകയും പ്രാപിക്കുകയും ചെയ്തുകഴിയുമ്പോള്‍ നമുക്ക് നിരന്തരവും അത്യുന്നതവും അനന്തവുമായ സന്തുഷ്ടി പ്രദാനം ചെയ്യാന്‍ കഴിവുള്ളതായി എന്തെങ്കിലുമുണ്ടോ എന്ന് അന്വേഷിക്കാന്‍ ഞാന്‍ ഉറച്ചു[8] | ” |
ശാശ്വതവും അതിരില്ലാത്തതുമായുള്ള ഒന്നിനോടുള്ള സ്നേഹത്തിനേ എല്ലാ വേദനയില്‍ നിന്നും മുക്തമായ സന്തുഷ്ടി മനസ്സിന് തരാന്‍ കഴിയൂ എന്നായിരുന്നു അദ്ദേഹത്തിന്റെ നിഗമനം. ശാശ്വതവും അതിരില്ലാത്തതുമെന്ന് സ്പിനോസ വിളിച്ചത് ദൈവത്തെയാണെന്ന് പറയാമെങ്കിലും അവിടെ ദൈവത്തിന്റെ നിര്‍വചനം പ്രകൃതിയുടെ സര്‍ഗ്ഗശക്തിയും നിയമങ്ങളും എന്നാണ്.[ഗ]
[തിരുത്തുക] ദെക്കാര്‍ത്തിന്റെ തത്ത്വചിന്തയെക്കുറിച്ച്
ഇക്കാലത്തെഴുതിയ മറ്റൊരു കൃതി ദെക്കാര്‍ത്തിന്റെ തത്ത്വചിന്തയെക്കുറിച്ചായിരുന്നു. ആംസ്റ്റര്‍ഡാമിലെ പഴയ സുഹൃത്തുക്കളുടെ പ്രോത്സാഹനത്തില്‍ എഴുതി അവരുടെ ചെലവില്‍ പ്രസിദ്ധീകരിച്ച ഈ കൃതിയുടെ പേര്, ദെക്കാര്‍ത്തിന്റെ തത്ത്വചിന്തയുടെ ക്ഷേത്രഗണിതരൂപം എന്നായിരുന്നു. സ്പിനോസയുടെ ജീവിതകാലത്ത് അദ്ദേഹത്തില്‍ പേരില്‍ പ്രസിദ്ധീകരിക്കപ്പെട്ട ഏകരചനയാണിത്. അതിനൊടുവില്‍ എഴുതിയ ഒരു കുറിപ്പില്‍ സമയം ഒരു വസ്തുനിഷ്ടയാഥാര്‍ഥ്യമല്ലെന്നും ഒരു ചിന്താരീതി മാത്രമാണെന്നും സ്പിനോസ സൂചിപ്പിച്ചു.
[തിരുത്തുക] വൂര്‍ബര്‍ഗില്‍ - "ദൈവശാസ്ത്രവും രാഷ്ട്രനീതിയും"
1663-ല്‍ സ്പിനോസ റിന്‍സ്ബര്‍ഗില്‍ നിന്ന് ഹേഗിനടുത്തുള്ള വൂര്‍ബര്‍ഗിലേക്ക് താമസം മാറ്റി. അവിടെ ഒരു കലാകാരന്റെ വീട്ടില്‍ ലെന്‍സ് ഉരച്ചുണ്ടാക്കുന്ന ജോലിയിലും മരണാനന്തരം പ്രസിദ്ധീകരിച്ച സദാചാരശാസ്ത്രം എന്ന തന്റെ മുഖ്യകൃതിയുടെ രചനയിലും മുഴുകി അദ്ദേഹം 1670 വരെ താമസിച്ചു. സ്പിനോസയുടെ പ്രധാനരചനകളിലൊന്നായ "ദൈവശാസ്ത്രവും രാഷ്ട്രനീതിയും" (Treatise on Theology and Politics) പേരുവെളിപ്പെടുത്താതെ പ്രസിദ്ധീകരിക്കപ്പെട്ടത് ഇക്കാലത്തിനൊടുവിലാണ്. ബൈബിള്‍ വിമര്‍ശനത്തെക്കുറിച്ച് തീര്‍ത്തും നവീനവും വിപ്ലവകരവുമായ വീക്ഷണങ്ങള്‍ അവതരിപ്പിച്ച ഈ കൃതി ആ മേഖലയില്‍ ഒരു നാഴികക്കല്ലായി കണക്കാക്കപ്പെടുന്നു.
വ്യഞ്ജനങ്ങള്‍ മാത്രം ഉപയോഗിച്ചെഴുതിയിരുന്ന പഴയ കയ്യെഴുത്തുപ്രതികളിലെ പാഠത്തോട്, സ്വരങ്ങളുടേയും ഉച്ഛാരണത്തിരിവുകളുടേയും(accents) ചിഹ്നങ്ങള്‍ കൂട്ടിച്ചേര്‍ത്ത് ക്രി.വ. ഏഴും പത്തും നൂറ്റാണ്ടുകള്‍ക്കിടയില്‍ സൃഷ്ടിക്കപ്പെട്ട എബ്രായബൈബിളിന്റെ അംഗീകൃതമായ മസോറട്ടിക് പാഠം(Masoretic Text) ഊഹാപോഹങ്ങളുടെ സൃഷ്ടിയാണെന്ന് സ്പിനോസ ചൂണ്ടിക്കാട്ടി. പഞ്ചഗ്രന്ഥിയുടെ കര്‍ത്താവ് മോശെയോ യോശുവായുടെ പുസ്തകം എഴുതിയത് യോശുവയോ അല്ലെന്നും പഴയനിയമത്തിലെ ചരിത്രപരമായ പുസ്തകങ്ങള്‍ അഞ്ചാം നൂറ്റാണ്ടില്‍ പുരോഹിതലേഖകനായ എസ്രാ എഴുതിയതായിരിക്കാമെന്നും സ്പിനോസ വാദിച്ചു. ഇയ്യോബിന്റെ പുസ്തകത്തെ അദ്ദേഹം, യഹൂദേതരപശ്ചാത്തലത്തില്‍ എഴുതപ്പെട്ട് എബ്രായഭാഷയിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ട രചനയായി കണ്ടു. പഴയനിയമത്തിലെ പ്രവാചകന്മാര്‍ ജ്ഞാനികളോ, ദൈവപ്രചോദിതരോ എന്നതിനേക്കാള്‍ ഭാവനാസമൃദ്ധിയാല്‍ അനുഗ്രഹീതരായ കവികളും ജീവിതനിഷ്ടകൊണ്ട് മാതൃകകാട്ടിയവരും ആയിരുന്നെന്ന് സ്പിനോസ കരുതി. ബൈബിളില്‍ വിവരിച്ചിരിക്കുന്ന അത്ഭുതകഥകളെ സ്പിനോസ മുഖവിലക്കെടുത്തില്ല. പ്രകൃതിയുടെ സാര്‍വലൗകികനിയമങ്ങള്‍ക്ക് വിരുദ്ധമായുള്ളത് ദൈവനിയമത്തിനും, ദൈവജ്ഞാനത്തിനും, ദൈവസ്വഭാവത്തിനും വിരുദ്ധമായിരിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം. ദൈവം പ്രകൃതിനിയമങ്ങള്‍ക്കു വിരുദ്ധമായി പ്രവര്‍ത്തിക്കുമെന്നു പറയുന്നത് അവിടന്ന് സ്വന്തം സ്വഭാവത്തിനു വിരുദ്ധമായി പ്രവര്‍ത്തിക്കുമെന്നാകയാല്‍ അബദ്ധമാണ്. [9]
യഹൂദനയി ജനിച്ച സ്പിനോസ, ക്രിസ്തുമതത്തെയും പുതിയനിയമത്തെയും മനസ്സിലാക്കാനും അനുരജ്ഞകമായ മനസ്ഥിതിയോടെ സമീപിക്കാനും ശ്രമിച്ചു. ക്രിസ്തുവിന് കല്പിക്കപ്പെട്ട ദൈവസ്വഭാവത്തെ അദ്ദേഹം അംഗീകരിച്ചില്ല. എന്നാല്‍ യേശുവിന്റെ ജീവിതത്തെയും പ്രബോധനങ്ങളേയും സ്പിനോസ പ്രത്യേകം വിലമതിച്ചു.
മതത്തിനും രാഷ്ട്രത്തിനുമിടയില്‍ അധികാരത്തെച്ചൊല്ലി നടക്കാറുള്ള തര്‍ക്കത്തില്‍ സ്പിനോസയുടെ നിലപാട്, മതത്തിന്റെ പരസ്യാനുഷ്ടാനം രാഷ്ട്രാധികാരത്തിനുവിധേയമായി വേണമെന്നായിരുന്നു. അതേസമയം, വ്യക്തികളുടെ സ്വകാര്യവിശ്വാസങ്ങളെ നിയന്ത്രിക്കാന്‍ രാഷ്ട്രം ശ്രമിക്കുന്നതിനെ അദ്ദേഹം എതിര്‍ത്തു.
[തിരുത്തുക] ഹേഗില്‍, ജീവിതാന്ത്യം
ദൈവശാസ്ത്രവും രാഷ്ട്രനീതിയും എന്ന കൃതിയില്‍ സ്പിനോസ പ്രകടിപ്പിച്ച അഭിപ്രായങ്ങള്‍ യാഥാസ്ഥിതികമതവിശ്വാസികളുടെ കടുത്ത എതിര്‍പ്പിന് കാരണമായി. ആംസ്റ്റര്‍ഡാമില്‍ ചേര്‍ന്ന പ്രൊട്ടസ്റ്റന്റ് സഭാസമ്മേളനം, 'മതവിരുദ്ധമായ' അത്തരമൊരു കൃതി ഒരു ക്രൈസ്തവരാജ്യത്ത് പ്രസിദ്ധീകരിക്കപ്പെട്ടതില്‍ പ്രതിക്ഷേധം പ്രകടിപ്പിച്ചു. വളഞ്ഞവഴിയിലൂടെ നിരീശ്വരത്വം പ്രചരിപ്പിക്കുന്നതും, മതവിശ്വാസത്തിന്റെ വേരറക്കുന്നതുമായ കൃതിയെന്ന് അത് വിശേഷിക്കപ്പെട്ടു.
1670-ല്‍ സ്പിനോസ വൂര്‍ബര്‍ഗില്‍ നിന്ന് ഹേഗിലെ സുഹൃത്തുക്കളുടെ അടുത്തായിരിക്കാനായി, അവിടേക്ക് താമസം മാറ്റി. അവശേഷിച്ച ജീവിതകാലം അദ്ദേഹം ചെലവഴിച്ചത് ഹേഗിലാണ്. അവിടെ ഹെന്റിക്ക് വാന്‍ഡെര്‍ സ്പിക്ക് എന്ന സുഹൃത്തിന്റെ വസതിയില്‍ ലെന്‍സ് നിര്‍മ്മാണത്തിലും, ചിന്തയിലും, രചനയിലും മുഴുകി അദ്ദേഹം താമസിച്ചു. വീടിന്റെ മുകളിലത്തെ നിലയിലായിരുന്നു അദ്ദേഹത്തിന്റെ മുറി. അതില്‍, പകല്‍ സമയത്ത് ഭിത്തിയോടുചേര്‍ത്ത് മടക്കിവക്കാന്‍ പറ്റുമായിരുന്ന ഒരു കിടക്കയില്‍ അദ്ദേഹം ഉറങ്ങി. ചിലപ്പോഴൊക്കെ മൂന്നുമാസത്തോളം വരെ വീടിനുപുറത്തിറങ്ങിയതേയില്ല.
സ്വന്തം പേരില്‍ കാര്യമായ രചനകളൊന്നും പ്രസിദ്ധീകരിച്ചില്ലായിരുന്നെങ്കിലും സ്പിനോസയുടെ വ്യക്തിത്വവും ചിന്താഗഹനതയും പരക്കെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഹൈഡല്‍ബര്‍ഗ് സര്‍വകലാശാല അദ്ധ്യാപകസ്ഥാനം ഏറ്റെടുക്കാന്‍ അദ്ദേഹത്തോട് അഭ്യര്‍ഥിച്ചു. അവര്‍ വച്ചുനീട്ടിയ വ്യവസ്ഥകള്‍ വളരെ ഉദാരമായിരുന്നിട്ടും അദ്ദേഹം ആ സ്ഥാനം സ്വീകരിച്ചില്ല. "ഭേദപ്പെട്ട മറ്റൊരു സ്ഥാനം കിട്ടുമെന്നുള്ള കണക്കുകൂട്ടലല്ല, സമാധാനപ്രേമമാണ്" തന്റെ തീരുമാനത്തിനുപിന്നിലെന്ന് അദ്ദേഹം സര്‍വകലാശാലക്ക് എഴുതി. സ്പിനോസയെപ്പറ്റി കേട്ടറിഞ്ഞ് പ്രശസ്ഥ ജര്‍മ്മന്‍ ചിന്തകന്‍ ലീബ്നീസ് അദ്ദേഹത്തെ സന്ദര്‍ശിക്കാനെത്തിയെന്നും സ്പിനോസയുടെ അപ്രകാശിതമായിരുന്ന സന്മാര്‍ഗശാസ്ത്രം ക്ഷേത്രഗണിതരീതിയില്‍ എന്ന മുഖ്യകൃതിയുടെ കയ്യെഴുത്തുപ്രതി ലീബ്നീസ് കണ്ടിരുന്നെന്നും പറയപ്പെടുന്നു.[ഘ] ആ കൃതി പ്രസിദ്ധീകരിക്കാന്‍ സ്പിനോസ പലവട്ടം ആലോചിച്ചെങ്കിലും അത് വിളിച്ചുവരുത്തിയേക്കാവുന്ന പ്രതികരണം ഭയന്ന് ഒടുവില്‍ വേണ്ടെന്നുവക്കുകയാണുണ്ടായത്.
ആരോഗ്യം മോശമായപ്പോള്‍, തനിക്കുസ്വന്തമായുണ്ടായിരുന്ന ചുരുക്കം വസ്തുക്കള്‍ വിറ്റ്, മരണശേഷം തന്റെ കടം വീട്ടണമെന്ന് സ്പിനോസ സുഹൃത്തുക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കി. സന്മാര്‍ഗശാസ്ത്രം ഉള്‍പ്പെടെ അപ്രസിദ്ധീകൃതമായിരുന്ന രചനകളുടെ കയ്യെഴുത്തുപ്രതികളും സ്പിനോസ സുഹൃത്തുക്കളെ ഏല്പിച്ചു. സ്പിനോസയുടെ മരണം നടന്നത് ഒരു ഞായറാഴ്ചയാണ്. തനിക്ക് കാര്യമായ അസുഖമൊന്നും തോന്നുന്നില്ലെന്ന് സ്പിനോസ പറഞ്ഞതതിനാല്‍ അദ്ദേഹം താമസിച്ചിരുന്ന വീട്ടിലുണ്ടായിരുന്നവര്‍ പള്ളിയില്‍ പോയ സമയത്തായിരുന്നു അന്ത്യം. ആരാധകനായ യുവവൈദ്യന്‍ ജോര്‍ജ്ജ് ഹെര്‍മന്‍ ഷുള്ളര്‍ അപ്പോള്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. തത്ത്വചിന്തകന്മാരും അധികാരസ്ഥാനങ്ങള്‍ അലങ്കരിച്ചിരുന്നവരും അടക്കം നാനാമതസ്ഥരും വിഭാഗക്കാരുമായ ജനങ്ങള്‍ അദ്ദേഹത്തിന്റെ ശവമഞ്ചത്തെ അനുഗമിച്ചു. ഹേഗിലെ ന്യൂ ചര്‍ച്ചിലെ സിമിത്തേരിയിലാണ് അദ്ദേഹത്തെ സംസ്കരിച്ചത്. [5]
[തിരുത്തുക] സന്മാര്‍ഗശാസ്ത്രം ക്ഷേത്രഗണിതരീതിയില്‍
സ്പിനോസയുടെ മുഖ്യകൃതിയായ "സന്മാര്‍ഗശാസ്ത്രം ക്ഷേത്രഗണിതരീതിയില്‍", അദ്ദേഹത്തിന്റെ മരണവര്‍ഷമായ 1677-നൊടുവില്‍ സുഹൃത്തുക്കളാണ് പ്രസിദ്ധീകരിച്ചത്.
[തിരുത്തുക] ഘടന
അഞ്ചു ഭാഗങ്ങളായി തിരിച്ച ഘടനയാണ് ഈ കൃതിക്കുള്ളത്. ഒന്നാം ഭാഗം ദൈവത്തെക്കുറിച്ചാണ്. അതില്‍ സ്പിനോസ തന്റെ ദൈവസങ്കല്പം അനാവരണം ചെയ്യുന്നു. പ്രകൃതിയില്‍ നിന്ന് അന്യമല്ലാത്ത, പ്രകൃതിതന്നെയായ ദൈവത്തെയാണ് അദ്ദേഹം സങ്കല്പിക്കുന്നത്. രണ്ടാം ഭാഗം മനസ്സിന്റെ സ്വഭാവത്തെയും ഉത്ഭവത്തേയും കുറിച്ചാണ്. മൂന്നാം ഭാഗം, വികാരങ്ങളുടെ വിശകലനവും ഉത്ഭവചരിത്രവുമാണ്. മനുഷ്യബന്ധനത്തെക്കുറിച്ച് (Of Human Bondage) എന്ന് പേരിട്ടിരിക്കുന്ന പ്രസിദ്ധമായ നാലാം ഭാഗം, വികാരങ്ങളുടെ ശക്തിയെക്കുറിച്ചാണ്. മനുഷ്യസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള (Of Human Freedom) അഞ്ചാംഭാഗം അറിവിന്റെ ശക്തിയെക്കുറിച്ചാണ്.
[തിരുത്തുക] ശ്രദ്ധിച്ചു മാത്രം വായിക്കേണ്ട കൃതി
ഒറ്റയിരുപ്പില്‍ എളുപ്പം വായിച്ചുതീര്‍ക്കാവുന്ന രചനയല്ല സന്മാര്‍ഗശാസ്ത്രം. ആ ഗ്രന്ഥത്തെ എങ്ങനെ സമീപിക്കണമെന്ന് വില്‍ ഡുറാന്റ് "തത്ത്വചിന്തയുടെ കഥ"-യില്‍ വിശദീകരിച്ചിട്ടുണ്ട്:-
| “ | സ്പിനോസയെ വായിക്കുകയല്ല, പഠിക്കുകയാണ് വേണ്ടത്. (സന്മാര്‍ഗ്ഗശാസ്ത്രത്തിന്റെ)ഹ്രസ്വമയ ഇരുനൂറുപുറങ്ങളില്‍ ഒരു മനുഷ്യന്‍, തന്റെ ആയുഷ്കാലത്തെ ചിന്തകളത്രയും, പകര്‍ന്നുവച്ചിരിക്കുകയാണെന്നും, അനാവശ്യമായതിനെയെല്ലാം ചീന്തിക്കളയുന്ന സ്റ്റോയിക് ശില്പനിഷ്കര്‍ഷയാണ് അദ്ദേഹം പിന്തുടര്‍ന്നത് എന്നും അറിഞ്ഞ്, യൂക്ലിഡിനെ സമീപിക്കുന്നതുപോലെ വേണം സ്പിനോസയെ സമീപിക്കാന്‍. ഓടിച്ചുള്ള വായനയില്‍ സന്മാര്‍ഗശാസ്ത്രത്തിന്റെ കാമ്പ് പിടികിട്ടുമെന്ന് കരുതരുത്. ഒറ്റയടിക്കല്ല, പല ഇരുപ്പില്‍, ഭാഗങ്ങളായാണ് അത് വായിക്കേണ്ടത്. വായന തീര്‍ന്നുകഴിയുമ്പോള്‍, നിങ്ങള്‍ അതിനെ കഷ്ടിച്ചു മനസ്സിലാക്കാന്‍ തുടങ്ങിയെന്നേ കരുതാവൂ. തുടര്‍ന്ന്, പൊള്ളോക്ക്, മാര്‍ട്ടിന്യൂ എന്നിവരില്‍ ഒരാളെങ്കിലും എഴുതിയ പഠനം വായിക്കുക. രണ്ടു പഠനങ്ങളും വായിക്കാനായാല്‍ ഏറെ നന്ന്. ഒടുവില്‍ 'സന്മാര്‍ഗ്ഗശാസ്ത്രം' വീണ്ടും വായിക്കുക. അപ്പോള്‍ അത് നിങ്ങള്‍ക്ക് ഒരു പുതിയ പുസ്തകമായിരിക്കും. രണ്ടാമത്തെ വായനക്ക് ശേഷം നിങ്ങള്‍ നിത്യകാലവും തത്ത്വചിന്തയുമായി പ്രണയത്തിലായിരിക്കും.[5] | ” |
[തിരുത്തുക] പദാര്‍ഥം, ഗുണം, ഭാവം
നൂതനചിന്തയുടെ ലോകത്തില്‍ ക്രമവും ഏകീഭാവവും കൊണ്ടുവന്ന്, പരമ്പരാഗതവിശ്വാസങ്ങളുമായുള്ള മുഖാമുഖത്തിന് അതിനെ സജ്ജമാക്കുകയാണ് സ്പിനോസ ചെയ്തത്. സവിശേഷമായ ഒരുജാതി ദൈവാവബോധത്തിന്റെ വെളിച്ചത്തില്‍ ഉണ്മയെക്കുറിച്ചുള്ള തന്റെ നിലപാടുകള്‍ സ്പിനോസ പടുത്തുയര്‍ത്തിയത്, പദാര്‍ഥം, ഗുണം, ഭാവം (substance/attribute/mode)എന്നീ സങ്കല്പങ്ങളിന്മേലാണ്. "എന്താണ് ഉള്ളത്?" എന്ന ചോദ്യത്തിന് സ്പിനോസയുടെ മറുപടി, "പദാര്‍ഥവും, അതിന്റെ ഗുണ-ഭാവങ്ങളും" എന്നാണ്.[10] പദാര്‍ഥത്തിന്റെ പൊരുളായി ബുദ്ധിക്കു കാണപ്പെടുന്നതെന്തോ, അതാണ് ഗുണം. അവസ്ഥാഭേദങ്ങളാണ് ഭാവങ്ങള്‍. ഭാവാന്തരങ്ങളില്‍ ഒന്ന് മറ്റൊന്നായിരിക്കുകയും മറ്റൊന്നായി സങ്കല്പിക്കപ്പെടുകയും ചെയ്യുന്നു.
[തിരുത്തുക] ദൈവം തന്നെയായ പ്രകൃതി
യുവാവായിരിക്കുമ്പോള്‍ സ്പിനോസ, മനസ്സും പദാര്‍ഥവും രണ്ടാണെന്ന വിശ്വാസത്തെ അടിസ്ഥാനമാക്കിയുള്ള ദെക്കാര്‍ത്തിന്റെ ദ്വൈതചിന്തയെ പിന്തുടര്‍ന്നിരുന്നു. എന്നാല്‍ പിന്നീടദ്ദേഹം, അവ രണ്ടല്ല അവക്ക് ഒരേ ഉണ്മയാണുള്ളത് എന്ന വിശ്വാസത്തിലെത്തി. പ്രകൃതിയില്‍ ഉണ്ടായിരിക്കുന്നതെല്ലാം ഒരേ യാഥാര്‍ഥ്യം (പദാര്‍ഥം) ആണെന്നും നമുക്കും ചുറ്റും കാണുന്നതും നമ്മെ ഉള്‍ക്കൊള്ളുന്നതുമായ യാഥാര്‍ഥ്യമാകെ പിന്തുടരുന്നത് ഒരേനിയമക്രമമാണെന്നും അദ്ദേഹം വിശ്വസിച്ചു. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ദൈവം, പ്രകൃതി എന്നിവ ഒരേ യാഥാര്‍ഥ്യത്തിന്റെ രണ്ടുനാമങ്ങളാണ്. എല്ലാത്തിനും അടിസ്ഥാനമായിരിക്കുന്ന ആ പദാര്‍ഥത്തിന്റെ ഭാവാന്തരങ്ങളാണ് നാം വ്യതിരിക്തമായി കാണുന്നതെല്ലാം. ഭാവാന്തരങ്ങള്‍ പ്രകൃതിയില്‍ നിലകൊള്ളുകയും കാര്യങ്ങള്‍ക്ക് കാരണമാവുകയും ചെയ്യുന്നു. കാര്യ-കാരണങ്ങളുടെ സങ്കീര്‍ണ്ണശൃഖലയെ പൂര്‍ണ്ണതയില്‍ ഗ്രഹിക്കുക അസാധ്യമാണ്.
ദൈവം അല്ലെങ്കില്‍ പ്രകൃതി, കണക്കില്ലാത്ത ഗുണങ്ങള്‍ (attributes) ഉള്ള ഒരുണ്മയാണെന്ന് സ്പിനോസ വാദിച്ചു. ആ ഗുണങ്ങളില്‍ ചിന്തയും പ്രകടനവും(thought and extension) ഉള്‍പ്പെടുന്നു. അദ്ദേഹത്തിന്റെ തത്ത്വമീമാംസ പദാര്‍ഥ-മനോലോകങ്ങളെ ഒന്നുതന്നെയായി പരിഗണിക്കുന്നു. വിശ്വസത്തയില്‍ (universal substance) ശരീരവും മനസ്സും ഉള്‍ക്കൊള്ളുന്നു. അവയ്ക്കുതമ്മില്‍ വ്യത്യാസമൊന്നുമില്ല. മനോ-ശരീരദ്വൈതത്തിന്റെ പ്രശ്നത്തിന്(Mind-body dualism) പരിഹാരമെന്ന നിലയില്‍ ചരിത്രപ്രാധാന്യമുള്ള ഈ വിശദീകരണം നിഷ്പക്ഷ-ഏകതാവാദം (neutral monism) എന്നറിയപ്പെടുന്നു. ഈ വിശദീകരണം പിന്തുടര്‍ന്നാല്‍ പ്രപഞ്ചത്തെ പരിപാലിച്ചു ഭരിക്കുന്ന ഒരു ദൈവത്തെ കണ്ടെത്താനാവില്ല. പ്രകൃതിയില്‍ കാണുന്നതിനെയെല്ലാം ഉള്‍ക്കൊള്ളുന്ന, ഒരു ദൈവത്തെയാണ് അത് സങ്കല്പിക്കുന്നത്. വിശ്വപ്രകൃതിതന്നെയായ ആ ദൈവം ഒരു വ്യക്തിദൈവമല്ല.
സ്പിനോസയുടെ തത്ത്വചിന്തയിലെ ദൈവസങ്കല്പം യഹൂദ-ക്രൈസ്തവ-ഇസ്ലാം മതങ്ങളിലെ സൃഷ്ടാവും പരിപാലകനുമായുള്ള ദൈവം എന്ന ആശയവുമായി ചേര്‍ന്നുപോകുന്നതല്ല. സ്പിനോസയുടേത് നിരീശ്വരചിന്തയായിരുന്നു എന്നുപോലും ആരോപിക്കപ്പെട്ടിട്ടുണ്ട്.
[തിരുത്തുക] നിശ്ചയവാദം, സ്വാതന്ത്ര്യം
തികഞ്ഞ നിശ്ചയവാദി (determinist) ആയിരുന്ന സ്പിനോസ, സംഭവിക്കുന്നതെല്ലാം ആവശ്യകതയുടെ പ്രവര്‍ത്തനത്താല്‍ സംഭവിക്കുന്നുവെന്ന് വാദിച്ചു. മനുഷ്യന്റെ കര്‍മ്മങ്ങളും നിശ്ചിതമാണ്. സ്വാതന്ത്ര്യമെന്നാല്‍, നമ്മുടെ വ്യാപാരങ്ങള്‍ നിശ്ചിതമാണെന്നും, അവയിലെക്ക് നമ്മെ നയിക്കുന്നതെന്തെന്നും അറിയുക എന്നാണ്. സംഭവഗതികളെ ചെറുത്തുനില്‍ക്കാനുള്ള പ്രാപ്തിയല്ല, അവയോട് സമ്മതം പറയാനും അവയുടെ അനിവാര്യത മനസ്സിലാക്കാനുമുള്ള കഴിവാണ് സ്വാതന്ത്ര്യം. നമ്മുടെ പ്രവര്‍ത്തികളെയും വികാരങ്ങളേയും കുറിച്ച് പര്യാപ്തജ്ഞാനം നേടുകവഴി നാം ഉളവാക്കുന്ന ഫലങ്ങളുടെ പര്യാപ്തകാരണങ്ങള്‍ നാം തന്നെയാകുന്നു. അത് നമ്മുടെ നിഷ്ക്രിയത കുറച്ച് നമ്മെ സക്രിയരാക്കുന്നു. നാം കൂടുതല്‍ സ്വതന്ത്രരും ദൈവഭാവികളും ആയിത്തീരുന്നു.(Scholium to Prop. 49, Part II.) സംഭവിക്കുന്നതെല്ലാം അത് പോലെ തന്നെ സംഭവിക്കേണ്ടതാണെന്ന നിലപാടില്‍ സ്പിനോസ ഉറച്ചുനിന്നു. മനുഷ്യര്‍ സ്വതന്ത്രമനസ്കരല്ല. എന്നാല്‍ തങ്ങള്‍ സ്വതന്ത്രമനസ്കരാണെന്നാണ് അവര്‍ വിശ്വസിക്കുന്നത്. ജി.എച്ച് ഷാല്ലര്‍ക്കയച്ച കത്തില്‍ (62-ആമത്തെ കത്ത്), സ്പിനോസ ഇങ്ങനെ എഴുതി: "മനുഷ്യര്‍ തങ്ങളുടെ ആഗ്രഹങ്ങളെക്കുറിച്ച് ബോധമുള്ളവരാണ്; എന്നാല്‍ ആ ആഗ്രഹങ്ങളെ ഉളവാക്കുന്ന കാരണങ്ങളെക്കുറിച്ച് അവര്‍ അജ്ഞരാണ്."[11]
[തിരുത്തുക] സ്റ്റോയിക്കുകളും സ്പിനോസയും
സന്മാര്‍ഗശാസ്ത്രത്തിലെ തത്ത്വചിന്തക്ക് സ്റ്റോയിസിസവുമായി സമാനതകളുണ്ട്. മനുഷ്യര്‍ക്ക് സന്തുഷ്ടിയിലേക്കുള്ള വഴി കാണിച്ചുകൊടുക്കാനാണ് സ്പിനോസയും സ്റ്റോയിക്കുകളും ശ്രമിച്ചത്. സൗഖ്യദാനം(therapeuthy) ലക്‌ഷ്യമാക്കിയ തത്ത്വചിന്തകളാണ് ഇവയെന്ന് പറയാം. എന്നാല്‍ സ്റ്റോയിക്കുകളെപ്പോലെ, യുക്തിയെ ആശ്രയിച്ച് വികാരങ്ങളുടേയും അഭിലാഷങ്ങളുടേയും മേല്‍ വിജയം നേടാമെന്ന് സ്പിനോസ കരുതിയില്ല. ഒരു വികാരത്തെ ഇല്ലാതാക്കാന്‍ അതിനേക്കാള്‍ ശക്തമായ മറ്റൊരു വികാരത്തിനേ കഴിയൂ എന്ന് സ്പിനോസ വിശ്വസിച്ചു. അദ്ദേഹത്തെ സംബന്ധിച്ചടുത്തോളം സക്രിയവും നിഷ്ക്രിയവും ആയ വികാരങ്ങള്‍ തമ്മിലുള്ള വ്യത്യാസം പ്രധാനമായിരുന്നു. യുക്തിപൂര്‍വം മനസ്സിലാക്കപ്പെട്ട വികാരമാണ് സക്രിയമായത്. അങ്ങനെയല്ലാത്തത് നിഷ്ക്രിയവും. നിഷ്ക്രിയവികാരങ്ങളും, യഥാര്‍ഥകാരണം കണ്ടെത്തിക്കഴിയുമ്പോള്‍ സക്രിയവികാരങ്ങളായി പരിണമിക്കുന്നു. സിഗ്മണ്ട് ഫ്രോയിഡിന്റെ മനോവിശ്ലേഷണരീതിയുടെ അടിസ്ഥാന ആശയങ്ങളിലൊന്നിന്റെ ശ്രദ്ധേയമായ പൂര്‍വദര്‍ശനമായിരുന്നു ഇത്.[12]
[തിരുത്തുക] ആധുനികകാലത്തെ പ്രസക്തി
ഇരുപതാം നൂറ്റാണ്ടിന്റെ അവസാനകാലത്തെ യൂറോപ്പ് സ്പിനോസയുടെ തത്ത്വചിന്തയില്‍ കൂടുതല്‍ താത്പര്യം കാട്ടി. ഇടതുപക്ഷ-കമ്മ്യൂണിസ്റ്റ് നിലപാടുകളില്‍ നിന്നായിരുന്നു ആ താത്പര്യം ഏറെയും. ഗില്‍സ് ഡെലൂസ്, അന്റോണിയോ നെഗ്രി തുടങ്ങിയ ചിന്തകന്മാരും പ്രസിദ്ധ ബ്രസീലിയന്‍ ചിന്തകനായ മാരിലേന ചവുയിയും സ്പിനോസയെപ്പറ്റി ഗ്രന്ഥങ്ങള്‍ എഴുതി . 1968-ല്‍ പ്രസിദ്ധീകരിച്ച ഡെലൂസിന്റെ ഗവേഷണപ്രബന്ധത്തില്‍ സ്പിനോസ തത്ത്വചിന്തകന്മാരിലെ രാജകുമാരന്‍ എന്ന് വിശേഷിപ്പിക്കപ്പെട്ടു. സ്പിനോസയുടെ സ്വാധീനം ഏറെ പ്രകടിപ്പിച്ച മറ്റുചിന്തകന്മാരില്‍ കോണ്സ്റ്റാന്റിന്‍ ബ്രണ്ണര്‍, ജോണ്‍ ഡേവിഡ് ഗാര്‍സിയ എന്നിവര്‍ ഉള്‍പ്പെടുന്നു. സ്റ്റ്യൂവാര്‍ട്ട് ഹാംപ്ഷയര്‍ ഇംഗ്ലീഷില്‍ സ്പിനോസയെക്കുറിച്ച് ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു ഗ്രന്ഥമെഴുതി. മറ്റൊരു കൃതി എച്ച്.എച്ച്. ജോവാക്കിമിന്റേതാണ്. ഫ്രീഡ്രിക്ക് നീച്ച സ്പിനോസയുടെ തത്ത്വചിന്തയെ ഏറെ വിലമതിച്ചിരുന്നു.
തത്ത്വചിന്തകന്‍ ലുഡ്വിഗ് വിറ്റ്ജന്‍സ്റ്റൈന്‍, "യുക്തിയേയും തത്ത്വചിന്തയേയും കുറിച്ച്" എന്ന തന്റെ ഗ്രന്ഥത്തിന് പേരിട്ടത്, "ദൈവശാസ്ത്രത്തേയും രാഷ്ട്രനീതിയേയും" കുറിച്ചുള്ള സ്പിനോസയുടെ കൃതിയുടെ പേരിനെ പിന്തുടര്‍ന്നാണ്. "നിത്യതയുടെ വീക്ഷണകോണില്‍ നിന്ന്" (sub specie aeternitatis) എന്ന സ്പിനോസയുടെ സങ്കല്പം വിറ്റ്ജന്‍സ്റ്റൈന്‍ കടമെടുക്കുന്നുണ്ട്. നിത്യതയേയും നിത്യജീവിതം എന്ന മതസങ്കല്‍പത്തേയും കുറിച്ചുള്ള സ്പിനോസയുടെ ആശയങ്ങള്‍ വിറ്റ്ജന്‍സ്റ്റൈന്റെ ഈ രചനയില്‍ പ്രതിഫലിക്കുന്നുണ്ട്. 'നിത്യത' എന്നതിന്, 'എക്കാലവും' എന്നര്‍ത്ഥമാക്കുന്നതിനു പകരം 'കാലരഹിതമായത്' എന്ന് അര്‍ഥം കല്പിച്ചാല്‍, വര്‍ത്തമാനത്തില്‍ ജീവിക്കുന്നവന്‍ നിത്യതയില്‍ ജീവിക്കുന്നു എന്ന് വിറ്റ്ജന്‍സ്റ്റൈന്‍ പറഞ്ഞത് ഇതിന്റെ അടിസ്ഥാനത്തിലാണ്.
തത്ത്വചിന്തയുടെ ലോകത്തിനപ്പുറവും സ്പിനോസയുടെ സ്വാധീനം കാണാം. സന്മാര്‍ഗശാസ്ത്രത്തിന്റെ ആദ്യത്തെ ഇംഗ്ലീഷ് മൊഴിമാറ്റം പത്തൊന്‍പതാം നൂറ്റാണ്ടിലെ നോവലിസ്റ്റ് ജോര്‍ജ് എലിയട്ടിന്റേതാണ്. ഇരുപതാം നൂറ്റാണ്ടില്‍ സോമര്‍സെറ്റ് മോമിന്റെ 'മനുഷ്യബന്ധനത്തെക്കുറിച്ച്'(Of Human Bondage) എന്ന നോവലിന് സ്പിനോസയുടെ സന്മാര്‍ഗശാസ്ത്രത്തിന്റെ നാലാം ഭാഗത്തിന്റെ പേരാണ്. ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈന്റെ ലോകവീക്ഷണത്തെ ഏറ്റവുമേറെ സ്വാധീനിച്ച തത്ത്വചിന്തകനായിരുന്നു സ്പിനോസ. അന്തമില്ലാത്ത പദാര്‍ഥമായി താന്‍ സങ്കല്പിച്ച ദൈവത്തെ സ്പിനോസ പ്രകൃതിതന്നെയായി കരുതി. ഐന്‍സ്റ്റൈന്റെ സങ്കല്പത്തിലെ വ്യക്തിരൂപമെടുക്കാത്ത (Impersonal)ദൈവത്തോട് ഈ ദൈവസങ്കല്പത്തിന് സാമ്യമുണ്ട്. 1929-ല്‍ യഹൂദ റാബൈ ഹെര്‍ബര്‍ട്ട് എസ്. ഗോള്‍ഡ്സ്റ്റീന്‍, "ദൈവത്തില്‍ വിശ്വസിക്കുന്നോ" എന്ന് ചോദിച്ച് അയച്ച കമ്പി സന്ദേശത്തിന് ഐന്‍സ്റ്റൈന്‍ കൊടുത്ത മറുപടി "മനുഷ്യവ്യക്തികളുടെ കര്‍മ്മങ്ങളിലും വിധിയിലും ഇടപെടുന്ന ദൈവത്തിലല്ല, പ്രപഞ്ചത്തിന്റെ താളക്രമത്തില്‍ പ്രകടമാകുന്ന സ്പിനോസയുടെ ദൈവത്തിലാണ് എനിക്കു വിശ്വാസം" എന്നായിരുന്നു.[13]
നെഥര്‍ലാന്‍ഡ്സില്‍ സ്പിനോസ ഒരു പ്രധാന ചരിത്രപുരുഷനായി പരിഗണിക്കപ്പെടുന്നു. യൂറോപ്യന്‍ കൂട്ടായ്മയുടെ പൊതുനാണയവ്യവസ്ഥയായ യൂറോ നിലവില്‍ വരുന്നതുവരെ പ്രചാരത്തിലിരുന്ന നെഥര്‍ലാന്‍ഡ്സിലെ ആയിരം ഗില്‍ഡറിന്റെ നോട്ടില്‍, സ്പിനോസയുടെ ചിത്രം പ്രാധാന്യത്തോടെ കൊടുത്തിരുന്നു. ആ രാജ്യത്തെ ഏറ്റവും ഉന്നതവും വിലമതിക്കപ്പെടുന്നതുമായ ശാസ്ത്രസമ്മാനം സ്പിനോസ സമ്മാനം എന്നാണ് അറിയപ്പെടുന്നത്.
[തിരുത്തുക] കുറിപ്പുകള്‍
ക.^ പ്രേമം നല്‍കിയ ഈ തിക്താനുഭവമാണ് സ്പിനോസയെ തത്ത്വചിന്തകനാക്കിയതെന്നതില്‍ സംശയം വേണ്ട എന്നാണ് ഇതേക്കുറിച്ച് വില്‍ ഡുറാന്റ് തത്ത്വചിന്തയുടെ കഥയില്‍ എഴുതിയിരിക്കുന്നത്.("No doubt, it was at that moment that our hero became a philosopher.").
ഖ.^ "ആശയരൂപത്തിലുള്ള സത്യത്തിന്റെ വലിയ ഉദാഹരണമാണ് ഗണിതശാസ്ത്രം. കാന്റിനെപ്പോലെ സ്പിനോസയും തികച്ചും ശാസ്ത്രീയമായ ഒരു തത്ത്വമീമാംസ ലക്‌ഷ്യം വച്ചു. ഗണിതശാസ്ത്രം സത്യത്തിന്റെ മറ്റൊരു മാനം കാട്ടിത്തന്നിരുന്നില്ലെങ്കില്‍ സത്യം മനുഷ്യവര്‍ഗത്തിന് എക്കാലവും അപ്രാപ്യമായിരുന്നേനെ എന്ന് സ്പിനോസ കരുതി. അതിനാല്‍ അദ്ദേഹം ദൈവത്തേയും, അറിവിനെയും, മനുഷ്യകാമനകളേയും വൃത്തങ്ങളും ത്രികോണങ്ങളും എന്ന മട്ടില്‍ കൈകാര്യം ചെയ്തു".[14]
ഗ.^ ദൈവത്തില്‍ വിശ്വസിക്കുന്നുണ്ടോ എന്നു ചോദിച്ച റാബൈ ഹെര്‍ബര്‍ട്ട് ഗോള്‍ഡ്സ്റ്റീന് ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈന്‍ കൊടുത്തിരുന്ന മറുപടി, താന്‍ "സ്പിനോസയുടെ ദൈവത്തില്‍" വിശ്വസിക്കുന്നു എന്നായിരുന്നു.
ഘ.^ മാത്യൂ സ്റ്റീവാര്‍ട്ടിന്റെ രാജസേവകനും പാഷണ്ഡിയും(The Courtier and the Heretic)എന്ന കൃതി, ലീബ്നീസും സ്പിനോസയും തമ്മില്‍ നടന്നതായി പറയപ്പെടുന്നു മുഖാമുഖത്തിന്റെ കഥയാണ്.[15]
ങ.^ സ്പിനോസയുടെ ശേഖരത്തില്‍ ഉണ്ടായിരുന്നത് അറുപത് ഗ്രന്ഥങ്ങളായിരുന്നെന്ന് ജവഹര്‍ലാല്‍ നെഹ്രു മകള്‍ക്കെഴുതിയ കത്തുകളിലൊന്നില്‍ പറഞ്ഞിട്ടുണ്ട്: "ഇക്കാലത്ത് നമ്മള്‍ ഏറെ പുസ്തകങ്ങള്‍ വായിക്കുന്നുണ്ടെങ്കിലും അവയില്‍ മിക്കവയും കാമ്പില്ലാത്തവയാണെന്നാണ് എന്റെ അഭിപ്രായം. പണ്ടുള്ളവര്‍ കുറച്ചു പുസ്തകങ്ങളേ വായിച്ചിരുന്നുള്ളുവെങ്കിലും അവ നല്ല പുസ്തകങ്ങളായിരുന്നു. അവര്‍ അവ നന്നായി മനസ്സിലാക്കുകയും ചെയ്തിരുന്നു. യൂറോപ്പിലെ മഹാചിന്തകന്മാരിലൊരാളായിരുന്ന സ്പിനോസ, അറിവും വിവേകവും തികഞ്ഞവനായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ ഗ്രന്ഥശേഖരത്തില്‍ അറുപതു പുസ്തകങ്ങളേ ഉണ്ടായിരുന്നുള്ളു എന്ന് പറയപ്പെടുന്നു."[16]
[തിരുത്തുക] സ്പിനോസയുമായി ബന്ധപ്പെട്ട കൃതികള്‍
[തിരുത്തുക] സ്പിനോസയുടെ കൃതികള്‍
- ca. 1660.Short Treatise on God, Man and His Well-Being.[17].
- 1662.On the Improvement of the Understanding. Project Gutenberg; Pdf Version
- 1663.Principles of Cartesian Philosophy, translated by Samuel Shirley, with an Introduction and Notes by Steven Barbone and Lee Rice, Indianapolis, 1998. Gallica.
- 1670. A Theologico-Political Treatise.[18]Project Gutenberg: Part 1;Part 2;Part 3;Part 4; Pdf Version
- 1675/76 Tractatus Politicus (Unfinished) Pdf Version
- 1677.The Ethics Project Gutenberg. Another translation, by Jonathan Bennett.
- 1677. Hebrew Grammar.
[തിരുത്തുക] സ്പിനോസയെക്കുറിച്ചുള്ള രചനകള്‍
- Albiac, Gabriel, 1987. La sinagoga vacía: un estudio de las fuentes marranas del espinosismo. Madrid: Hiperión D.L. ISBN 84-7517-214-8
- Balibar, Étienne, 1985. Spinoza et la politique ("Spinoza and politics") Paris: PUF.
- Boucher, Wayne I., 1999. Spinoza in English: A Bibliography from the Seventeenth Century to the Present. 2nd edn. Thoemmes Press.
- Boucher, Wayne I., ed., 1999. Spinoza: Eighteenth and Nineteenth-Century Discussions. 6 vols. Thoemmes Press.
- Damásio, António, 2003. Looking for Spinoza: Joy, Sorrow, and the Feeling Brain, Harvest Books,ISBN-13: 978-0156028714
- Deleuze, Gilles, 1968. Spinoza et le problème de l'expression. Trans. "Expressionism in Philosophy: Spinoza" Martin Joughin (New York: Zone Books).
- ———, 1970. Spinoza - Philosophie pratique. Transl. "Spinoza: Practical Philosophy".
- ———, 1990. Negotiations trans. Martin Joughin (New York: Columbia University Press).
- Della Rocca, Michael. 1996. Representation and the Mind-Body Problem in Spinoza. Oxford University Press. ISBN 0-19-509562-6
- Garrett, Don, ed., 1995. The Cambridge Companion to Spinoza. Cambridge Uni. Press.
- Gatens, Moira, and Lloyd, Genevieve, 1999. Collective imaginings : Spinoza, past and present. Routledge. ISBN 0-415-16570-9, ISBN 0-415-16571-7
- Gullan-Whur, Margaret, 1998. Within Reason: A Life of Spinoza. Jonathan Cape. ISBN 0-224-05046-X
- Hampshire, Stuart, 1951. Spinoza and Spinozism , OUP, 2005 ISBN-13: 978-0199279548
- Hardt, Michael, trans., University of Minnesota Press. Preface, in French, by Gilles Deleuze, available here.
- Israel, Jonathan, 2001. The Radical Enlightenment, Oxford: Oxford University Press.
- ———, 2006. Enlightenment Contested: Philosophy, Modernity, and the Emancipation of Man 1670-1752, (ISBN 0-19-927922-5 hardback)
- Kasher, Asa, and Shlomo Biderman. "Why Was Baruch de Spinoza Excommunicated?"
- Kayser, Rudolf, 1946, with an introduction by Albert Einstein. Spinoza: Portrait of a Spiritual Hero. New York: The Philosophical Library.
- Lloyd, Genevieve, 1996. Spinoza and the Ethics. Routledge. ISBN 0-415-10781-4, ISBN 0-415-10782-2
- Lucas, P. G., 1960. "Some Speculative and Critical Philosophers", in I. Levine (ed.), Philosophy (London: Odhams)
- Lovejoy, Arthur O, 1936. "Plenitude and Sufficient Reason in Leibniz and Spinoza" in his The Great Chain of Being. Harvard University Press: 144-82 (ISBN 0-674-36153-9). Reprinted in Frankfurt, H. G., ed., 1972. Leibniz: A Collection of Critical Essays. Anchor Books.
- Macherey, Pierre, 1977. Hegel ou Spinoza, Maspéro (2nd ed. La Découverte, 2004).
- ———, 1994-98. Introduction à l'Ethique de Spinoza. Paris: PUF.
- Matheron, Alexandre, 1969. Individu et communauté chez Spinoza, Paris: Minuit.
- Morgan, Michael L. (ed.), 2002. "Spinoza: Complete Works", (Indianapolis/Cambridge: Hackett Publishing Company). ISBN 0-87220-620-3
- Moreau, Pierre-François, 2003, Spinoza et le spinozisme, PUF (Presses Universitaires de France)
- Nadler, Steven, 1999. Spinoza: A Life. Cambridge Uni. Press. ISBN 0-521-55210-9
- Negri, Antonio, 1991. The Savage Anomaly: The Power of Spinoza's Metaphysics and Politics.
- ———, 2004. Subversive Spinoza: (Un)Contemporary Variations).
- Popkin, R. H., 2004. Spinoza (Oxford: One World Publications)
- Ratner, Joseph, 1927. The Philosophy of Spinoza (The Modern Library: Random House)
- Stoltze, Ted and Warren Montag (eds.), The New Spinoza (Minneapolis: University of Minnesota Press, 1997.
- Smilevski, Goce. Conversation with SPINOZA. Chicago: Northwestern University Press, 2006.
- Yovel, Yirmiyahu, "Spinoza and Other Heretics", Princeton, Princeton University Press, 1989.
[തിരുത്തുക] അവലംബം
- ↑ Gilles Deleuze, 1990. Negotiations trans. Martin Joughin (New York: Columbia University Press).
- ↑ Magnusson, M (ed.), Spinoza, Baruch, Chambers Biographical Dictionary, Chambers 1990, ISBN 0-550-16041-8
- ↑ Javier Muguerza in his Desde la perplejidad
- ↑ 4.0 4.1 4.2 4.3 Will and Ariel Durant - Spinoza - The Story of Civilization - Part VIII- The Age of Louis-XIV
- ↑ 5.0 5.1 5.2 Spinoza in Will Durant's Story of Philosophy - പുറം115
- ↑ Tel Aviv University: "Why Was Baruch De Spinoza Excommunicated?", by Asa Kasher and Shlomo Biderman
- ↑ Bertrand Russell, A History of Western Philosophy Allen & Unwin (1946) New Ed.1961 p.552
- ↑ On the Improvement of the Understanding - ഓണ്‍ലൈന്‍ - http://www.yesselman.com/teielwes.htm
- ↑ Benedict Spinoza - Theology and Politics - http://www.earlymoderntexts.com/pdf/spinttp.pdf
- ↑ Spinoza, Karl Jaspers p.9
- ↑ സന്മാര്‍ഗശാസ്ത്രം, Pt. I, Prop. XXXVI, Appendix: "തങ്ങളുടെ താത്പര്യങ്ങളേയും ആഗ്രഹങ്ങളേയും കുറിച്ചുള്ള ബോധത്തിന്റെ പേരില്‍ മനുഷ്യര്‍ സ്വയം സ്വതന്ത്രരായി കണക്കാക്കുന്നു. എന്നാല്‍ അത്തരം താത്പര്യങ്ങളേയും ആഗ്രഹങ്ങളേയും നിശ്ചയിച്ചുറപ്പിച്ച കാരണങ്ങളെ അവര്‍ സ്വപ്നത്തില്‍ പോലും കാണുന്നില്ല."
- ↑ Roger Scruton, Spinoza, A very Short Introduction, p.86
- ↑ Einstein's Third Paradise, by Gerald Holton
- ↑ ഏസ്.രാധാകൃഷ്ണന്‍ - Eastern Religions and Western Thought എന്ന പുസ്തകം - 12-13 പുറങ്ങള്‍
- ↑ 2006 ഫെബ്രുവരി 26-ലെ ന്യൂയോര്‍ക്ക് ടൈംസില്‍ Great Minds Don't Think Alike എന്ന ശീര്‍ഷകത്തില്‍ വന്ന Liesl Schillinger-ടെ നിരൂപണം. http://www.nytimes.com/2006/02/26/books/review/26schillinger.html
- ↑ ഇന്ദിരക്ക് 1933 ജൂലൈ 13-ന് എഴുതിയ കത്ത് - "Science Goes Ahead" - Glimples of World History - പുറം 866 - അദ്ധ്യായം 182
- ↑ http://nl.wikisource.org/wiki/Korte_Verhandeling_van_God,_de_mensch_en_deszelvs_welstand
- ↑ Spinoza's A Theologico-Political Treatise - Part 1:
[തിരുത്തുക] പുറത്തേക്കുള്ള കണ്ണികള്‍
ഈ ലേഖനവുമായി ബന്ധപ്പെട്ട കൂടുതല്‍ പ്രമാണങ്ങള്‍ ലഭ്യമാണ്
- Susan James on Spinoza on the Passions Philosophy Bites podcast
- Spinoza and Spinozism - BDSweb
- Internet Encyclopedia of Philosophy - Spinoza
- Stanford Encyclopedia of Philosophy:
- Immortality in Spinoza
- BBC Radio 4 In Our Time programme on Spinoza
- Spinoza: Mind of the Modern - audio from Radio Opensource
- Infography about Baruch Spinoza
- Spinoza Museum in Rijnsburg (ഡച്ച്)
- Spinoza Csack's Blog with pdf files of Spinoza's works
- Spinoza's grave in The Hague
Works:
- Baruch Spinoza എന്ന വ്യക്തിയുടെ രചനകള്‍ പ്രോജക്ട് ഗുട്ടന്‍ബര്‍ഗില്‍നിന്ന്
- Refutation of Spinoza by Leibniz In full at Google Books
- More easily readable versions of Ethics Demonstrated in Geometrical Order and Treatise on Theology and Politics