ഫ്രീഡ്രിക്ക് നീച്ച
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| പാശ്ചാത്യ തത്ത്വചിന്ത പത്തൊന്‍പതാം നൂറ്റാണ്ടിലെ തത്ത്വചിന്ത |
|
| പൂര്‍ണ്ണനാമം | ഫ്രീഡ്രിക്ക് നീച്ച |
|---|---|
| School/tradition | വെയ്മര്‍ ക്ലാസ്സിസിസം; കോണ്ടിനെന്റല് തത്ത്വചിന്തയുടെ പൂര്‍വഗാമി, അസ്തിത്വവാദം, ഉത്തരാധുനികത, ഉത്തരഘടനാവാദം, മനോവിശ്ലേഷണം |
| Main interests | സൗന്ദര്യശാസ്ത്രം, സാന്മാര്ഗ്ഗികത, സത്താമീമാംസ, ചരിത്രദര്‍ശനം, മനശാസ്ത്രം, മൂല്യസിദ്ധാന്തം |
| Notable ideas | അപ്പോള്ളോനിനും ഡയോനിഷ്യനും, ദൈവത്തിന്റെ മരണം, പ്രത്യാഗമനനൈരന്തര്യം, കാലിക്കൂട്ടമനസ്ഥിതി, അടിമ-യജമാന ധാര്‍മ്മികത, അതിമനുഷ്യന്‍, വീക്ഷ്ണകോണവാദം, ശക്തിക്കുള്ള ഇച്ഛ |
|
സ്വാധീനങ്ങള്‍
|
|
|
സ്വാധീനിച്ചത്
|
|
പത്തൊന്‍പതാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഒരു ജര്‍മ്മന്‍ തത്ത്വചിന്തകനും ക്ലാസ്സിക്കല്‍ ഭാഷാശാസ്ത്രജ്ഞനും ആയിരുന്നു ഫ്രീഡ്രിക്ക് വില്‍ഹെം നീച്ച (ഒക്ടോബര്‍ 15, 1844 – ഓഗസ്റ്റ് 25, 1900). മതം, സന്മാര്ഗം, സംസ്കാരം, തത്ത്വചിന്ത, ശാസ്ത്രം എന്നീ വിഷയങ്ങളില്‍ അദ്ദേഹം അനേകം ഗ്രന്ഥങ്ങള്‍ രചിച്ചു. ഒരു പ്രത്യേകജര്‍മ്മന്‍ ഭാഷാശൈലിയില്‍, അലങ്കാരങ്ങളും ആപ്തവാക്യങ്ങളും നിറഞ്ഞവയായിരുന്നു അദ്ദേഹത്തിന്റെ രചനകള്‍. നീച്ചയുടെ ശൈലിയും, സത്യത്തിന്റെ മൂല്യത്തേയും വസ്തുനിഷ്ടതയേയും കുറിച്ച് മൗലിക പ്രശ്നങ്ങള്‍ ഉന്നയിക്കുന്ന ചിന്തയും, വ്യാഖ്യാതാക്കളെ വിഷമിപ്പിക്കുകയും ഒട്ടേറെ ആനുഷംഗിക രചനകള്‍ക്ക് പ്രചോദനമാവുകയും ചെയ്തു. എന്നാല്‍ അദ്ദേഹത്തിന്റെ അടിസ്ഥാനനിലപാടുകളില്‍ പലതിലും അവ്യക്തതയൊന്നുമില്ല. ദുഖ:പര്യവസായിയായ സാഹിത്യത്തെ (tragedy) ജീവിതത്വരയുടെ ഏറ്റുപറച്ചിലായി അംഗീകരിച്ചതും, അനേകം വിമര്‍ശകരുടെ പുനര്‍വ്യാഖ്യാനത്തിന് വിഷയമായ പ്രത്യാഗമനനൈരന്തര്യം (eternal recurrence) എന്ന ആശയവും, പാശ്ചാത്യചിന്തയില്‍ നൂറ്റാണ്ടുകളോളം വലിയ സ്വാധീനം ചെലുത്തിയ പ്ലേറ്റോയുടെ സിദ്ധാന്തങ്ങളുടെ തിരസ്കാരവും അവയില്‍ പെടുന്നു. ഒപ്പം ക്രിസ്തുമതത്തേയും (പ്രത്യേകിച്ച് പത്തൊന്‍പതാം നൂറ്റാണ്ടില്‍ അതിന്റെ ലേബലില്‍ പ്രചരിച്ചിരുന്ന ആശയങ്ങളെയും), ജനാധിപത്യം, സോഷ്യലിസം എന്നിവയടക്കം സമത്വവാദത്തിന്റെ എല്ലാ രൂപങ്ങളേയും അദ്ദേഹം തള്ളിപ്പറഞ്ഞു.
ക്ലാസ്സിക്കല്‍ ഭാഷാശാസ്ത്രജ്ഞന്‍ എന്ന നിലയിലെ തുടക്കത്തിനുശേഷമാണ് നീച്ച തത്ത്വചിന്തയിലേക്ക് തിരിഞ്ഞത്. 24 വയസ്സുള്ളപ്പോള്‍ സ്വിറ്റ്സര്‍ലണ്ടിലെ ബാസല്‍ സര്‍വകലാശാലയില്‍ ക്ലാസ്സിക്കല്‍ ഭാഷാവിജ്ഞാനീയത്തിന്റെ പ്രൊഫസറായി നിയമിതനായ നീച്ച, ആ സ്ഥാനം വഹിച്ചവരില്‍ എക്കാലത്തേയും ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായിരുന്നു.[1] എന്നാല്‍ ജീവിതകാലം മുഴുവന്‍ അലട്ടിയ അരോഗ്യപ്രശ്നങ്ങള്‍ മൂലം 1879-ല്‍ അദ്ദേഹത്തിന് ആ സ്ഥാനത്തുനിന്ന് വിരമിക്കേണ്ടിവന്നു. 1889-ല്‍ നീച്ച ഗുരുതരമായ മാനസികവിഭ്രാന്തിയുടെ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാന്‍ തുടങ്ങി. 1900-ലെ മരണം വരെ, അവശേഷിച്ച വര്‍ഷങ്ങള്‍, അമ്മയുടേയും സഹോദരിയുടേയും പരിചരണത്തിലാണ് നീച്ച കഴിഞ്ഞത്.
ഉള്ളടക്കം |
[തിരുത്തുക] ജീവിതരേഖ
[തിരുത്തുക] ജനനം വിദ്യാഭ്യാസം
1844 ഒക്ടോബര്‍ 15-ന് ജനിച്ച നീച്ച വളര്‍ന്നത് പ്രഷ്യയിലെ സാക്സണി പ്രദേശത്തെ ലീപ്സിഗിനടുത്തുള്ള റോക്കന്‍ എന്ന ചെറുപട്ടണത്തിലാണ്. പ്രഷ്യയിലെ നാലാം ഫ്രീഡ്രിക്ക് വില്‍ഹം രാജാവിന് 49 വയസ്സുതികഞ്ഞ ദിവസം ജനിച്ച നീച്ചക്ക് അദ്ദേഹത്തിന്റെ പേരാണ് നല്കപ്പെട്ടത്. (ഫ്രീഡ്രിക്ക് വില്‍ഹം നീച്ച എന്നതിലെ 'വില്‍ഹം' എന്ന മദ്ധ്യനാമം നീച്ച പിന്നീട് ഉപേക്ഷിച്ചു.[2]) ആദ്യകാലത്ത് അദ്ധ്യാപകനും പിന്നീട് ലൂഥറന്‍ സഭയിലെ പാസ്റ്ററും ആയിരുന്ന കാള്‍ ലുഡ്‌വിഗ് നീച്ചയും(1813-1849),ഫ്രാന്‍സെസ്കാ ഓഹ്‌ലറും(1826-1897) ആയിരുന്നു മാതാപിതാക്കള്‍. അവരുടെ ആദ്യസന്താനമായിരുന്നു നീച്ച. നീച്ചക്ക് അഞ്ചു വയസ്സുള്ളപ്പോള്‍ പിതാവ് മസ്തിഷ്കസംബന്ധമായ രോഗം മൂലം മരിച്ചു. അദ്ദേഹത്തിന് ഒരു സഹോദരിയും ഉണ്ടായിരുന്നു. പിതാവ് മരിച്ചതിനടുത്ത വര്‍ഷം രണ്ടുവയസ്സുമാത്രം പ്രായമുണ്ടായിരുന്ന സഹോദരനും മരിച്ചു. തുടര്‍ന്ന് കുടുംബം നാംബര്‍ഗ്ഗിലെ അമ്മയുടെ വീട്ടില്‍ അവരുടെ അമ്മയുടേയും അവിവാഹിതരായ രണ്ടു സഹോദരിമാരുടേയും ഒപ്പം താമസിച്ചു. 1856-ല്‍ മുത്തശ്ശിയുടെ മരണത്തെ തുടര്‍ന്ന് നീച്ചയും കുടുംബവും സ്വന്തമായൊരു വീട്ടിലേക്ക് താമസം മാറ്റി.
അദ്ദേഹം ആദ്യം ആണ്‍കുട്ടികള്‍ക്കുവേണ്ടിയുള്ള ഒരു സ്കൂളിലും തുടര്‍ന്ന് മറ്റൊരു സ്വകാര്യവിദ്യാലയത്തിലും പഠിച്ചു. 1854-ല്‍ നീച്ച നാംബര്‍ഗ്ഗിലെ ഡോംജിംനേഷിയം എന്ന വിദ്യാലയത്തില്‍ ചേര്‍ന്നു. എന്നാല്‍ അവിടെവച്ച് സംഗീതത്തിന്റേയും ഭാഷകളുടേയും പഠനത്തില്‍ പ്രകടിപ്പിച്ച പ്രത്യേക പ്രതിഭ കണക്കിലെടുത്ത് 1858-ല്‍, രാജ്യാന്തരപ്രശസ്ഥമായ ഷുല്‍ഫോര്‍ട്ടാ (schulpforta) എന്ന സ്ഥാപനം അദ്ദേഹത്തെ വിദ്യാര്‍ഥിയായി സ്വീകരിച്ചു. 1864 വരെ അദ്ദേഹം അവിടെ പഠനം തുടര്‍ന്നു. സംസ്കൃതപണ്ഡിതനന് ഉപനിഷത്‌വ്യാഖ്യാതാവ് എന്നീ നിലകളില്‍ പില്ക്കാലത്ത് പ്രശസ്തനായ പോള്‍ ഡ്യൂസന് അവിടെ അദ്ദേഹത്തിന്റെ സഹപാഠിയും സുഹൃത്തുമായി. ഇക്കാലത്ത് നീച്ച പഠനത്തിനൊപ്പം കവിതാരചനയിലും സംഗീതനിര്‍മ്മാണത്തിലും ഏര്‍പ്പെട്ടു. ഷുല്‍ഫോര്‍ട്ടായില്‍ നീച്ചക്ക് സാഹിത്യപഠനത്തിന്റെ നല്ലൊരടിസ്ഥാനം കിട്ടി. പൗരാണികഗ്രീസിലേയും റോമിലേയും സാഹിത്യത്തെ കേന്ദ്രീകരിച്ചുള്ള പഠനമായിരുന്നു അത്. ചെറുപട്ടണത്തിലെ ക്രിസ്തീയപശ്ചാത്തലമുള്ള കുടുംബാന്തരീക്ഷത്തില്‍ നിന്ന് നീച്ച വിട്ടുനിന്നത് അത് ആദ്യമായായിരുന്നു.
ഷുല്‍ഫോര്‍ട്ടായിലെ പഠനം പൂര്‍ത്തിയാക്കിയ നീച്ച ബോണ്‍ സര്‍വകലാശാലയില്‍ ചേര്‍ന്ന് ദൈവശാസ്ത്രവും ക്ലാസ്സിക്കല്‍ ഭാഷാശാസ്ത്രാവും പഠിക്കാന്‍ തുടങ്ങി. എന്നാല്‍ ഒരു സെമസ്റ്റര്‍ കഴിഞ്ഞപ്പോള്‍ അമ്മയുടെ ഇഷ്ടത്തിനെതിരായി അദ്ദേഹം ദൈവശാസ്ത്രപഠനം മതിയാക്കി. ഇതിനകം നീച്ചക്ക് ക്രിസ്തുമതത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടിരുന്നു.[3] ഇതിന് ഒരുപരിധിവരെയെങ്കിലും കാരണമായത് ഡേവിഡ് സ്ട്രാസ് എഴുതിയ "യേശുവിന്റെ ജീവിതം" എന്ന പുസ്തകത്തിന്റെ വായനയായിരിക്കാം. ആ പുസ്തകം നീച്ചയെ വല്ലാതെ സ്വാധീനിച്ചിരുന്നെങ്കിലും[3] നീച്ചയുടെ വിശ്വാസം അതിന്റെ വായനക്കുമുന്‍പേ തന്നെ ശിഥിലമാകാന്‍ തുടങ്ങിയിരുന്നുവെന്നു വിശ്വസിക്കാനും കാരണമുണ്ട്. ചരിത്രഗവേഷണം ക്രിസ്തുമതത്തിന്റെ മൗലികസിദ്ധാന്തങ്ങളുടെ അടിസ്ഥാനരാഹിത്യം തെളിയിച്ചുവെന്ന് "വിധിയും ചരിത്രവും" എന്ന പേരില്‍ 1862-ല്‍ എഴുതിയ ഒരു ലേഖനത്തില്‍ തന്നെ നീച്ച ചൂണ്ടിക്കാട്ടിയിരുന്നു.[4] തുടര്‍ന്ന് നീച്ച പ്രൊഫസര്‍ ഫ്രീഡ്രിക്ക് വില്‍ഹെം റിറ്റ്ഷലിന്റെ കീഴില്‍ ഭാഷാശാസ്ത്രത്തിന്റെ പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. അടുത്ത വര്‍ഷം റിറ്റ്ഷല്‍ ലീപ്സിഗ് സര്‍വകലാശാലയിലേക്ക് മാറിയപ്പോള്‍ നീച്ചയും അദ്ദേഹത്തോടൊപ്പം അവിടേക്കുപോയി. ലീപ്സിഗില്‍, ക്ലാസിക്കല്‍ പണ്ഡിതനെന്ന നിലയില്‍ പിന്നീട് പ്രസിദ്ധനായ എര്വിന് റോഡ്, നീച്ചയുടെ സതീര്‍ഥ്യനായിരുന്നു. അവര്‍ അടുത്ത സുഹൃത്തുക്കളായി. ഭാഷാവിജ്ഞാനീയത്തിലെ നീച്ചയുടെ ആദ്യരചനകള്‍ താമസിയാതെ വെളിച്ചം കണ്ടു.
1865-ല്‍ നീച്ച ജര്‍മ്മന്‍ ചിന്തകനായ ആര്‍തര്‍ ഷോപ്പന്‍ഹോവറുടെ രചനകള്‍ വിശദമായി പഠിച്ചു. ആ ചിന്തകന്റെ അശുഭാപ്തിചിന്തയിലൂന്നിയ മുഖ്യനിലപാടുകളുകളെ നീച്ച പിന്നീട് തള്ളിപ്പറഞ്ഞെങ്കിലും, ഷോപ്പന്‍ഹോവറുമായുള്ള ഈ ബൗദ്ധികമുഖാമുഖത്തിന്റെ സ്വാധീനം നീച്ചയുടെ സക്രിയജീവിതത്തിന്റെ അവശേഷിച്ച നാളുകളത്രയും വിടാതെനിന്നു. "ഇഛയും അഭിവ്യക്തിയും ആയ ലോകം" എന്ന ഷോപ്പന്‍ഹോവറുടെ മുഖ്യരചനയുടെ വായനയാണ് തന്നെ തത്ത്വചിന്തകനാക്കിയതെന്ന് നീച്ച പറഞ്ഞിട്ടുണ്ട്. 1866-ല്‍ നീച്ച ഫ്രീഡ്രിക്ക് ആല്‍ബര്‍ട്ട് ലാങ്ങിന്റെ "ഭൗതികവാദത്തിന്റെ ചരിത്രം" വായിച്ചു. കാന്റിന്റെ ചിന്തയിലെ ഭൗതികവാദവിരോധം, യൂറോപ്യന്‍ ഭൗതികവാദത്തിന്റെ ഉദയം, വളര്‍ന്നുകൊണ്ടിരുന്ന ശാസ്ത്രീയവീക്ഷണം, ഡാര്‍വിന്റെ സിദ്ധാന്തങ്ങള്‍, അധികാരസ്ഥാനങ്ങള്‍ക്കെതിരെ പൊതുവേ കണ്ടിരുന്ന കലാപം തുടങ്ങിയവയെ ലാങ്ങ് വിവരിച്ചത് നീച്ചയില്‍ കൗതുകം ഉണര്‍ത്തി. അപ്പോഴത്തെ സാംസ്കാരികപശ്ചാത്തലം തന്റെ ചിന്തയുടെ ചക്രവാളത്തെ ഭാഷാശാസ്ത്രത്തിനപ്പുറം തത്ത്വചിന്തയിലേക്കു കൂടി വളര്‍ത്താന്‍ നീച്ചക്ക് പ്രേരണനല്കി.
1867-ല്‍ നീച്ച പ്രഷ്യന്‍ സൈന്യത്തിന്റെ നാംബര്‍ഗിലുള്ള പീരങ്കി വിഭാഗത്തില്‍ ഒരുവര്‍ഷത്തെ സന്നദ്ധസേവനത്തിന് ചേര്‍ന്നു. എന്നാല്‍ 1868-ല്‍ കുതിരസവാരിക്കിടയിലുണ്ടായ ഗുരുതരമായ ഒരപകടം അദ്ദേഹത്തെ സൈന്യസേവനത്തിന് അപ്രാപ്തനാക്കി.[5] തുടര്‍ന്ന് അദ്ദേഹത്തിന്റെ ശ്രദ്ധ വീണ്ടും പഠനത്തിലെക്ക് തിരിഞ്ഞു. നീച്ചയുടെ ജീവിതത്തെ കാര്യമായി സ്വാധീനിച്ച പ്രഖ്യാതസംഗീതജ്ഞന്‍ റിച്ചാര്‍ഡ് വാഗ്നറെ നീച്ച പരിചയപ്പെട്ടത് 1868 അവസാനമായിരുന്നു.[6]
[തിരുത്തുക] ബാസലില്‍ പ്രൊഫസര്‍
ഗുരുവായ റിറ്റ്ഷലിന്റെ പിന്തുണകൊണ്ടുകൂടിയാണ് നീച്ചക്ക്, സാധാരണഗതിയില്‍ അദ്ധ്യാപനയോഗ്യതക്ക് അനുപേക്ഷണീയമായി കണക്കാക്കപ്പെട്ടിരുന്ന ഗവേഷണബിരുദം കരസ്ഥമാക്കുന്നതിനുമുന്‍പ്, സ്വിറ്റ്സര്‍ലന്‍ഡിലെ ബാസല്‍ സര്‍വകലാശാലയില്‍ ക്ലാസ്സിക്കല്‍ ഭാഷാശാസ്ത്രത്തിന്റെ പ്രൊഫസറായി നിയമനം കിട്ടിയത്. ഭാഷാവിജ്ഞാനത്തിന് നിന്ന് ശാസ്ത്രത്തിലേക്ക് തിരിയുന്ന കാര്യംപോലും നീച്ച പരിഗണിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഈ അവസരം അദ്ദേഹത്തെ തേടിവന്നത്.[7] ബാസലിലേക്ക് പോകുന്നതിനുമുന്പ് നീച്ച തന്റെ ജര്‍മ്മന്‍ പൗരത്വം ഉപേക്ഷിച്ചു. പില്ക്കാലജീവിതമത്രയും നീച്ച സാങ്കേതികമായ അര്‍ത്ഥത്തില്‍ രാജ്യരഹിതനായിരുന്നു.
എന്നാലും 1870-71-ല്‍ ഫ്രാന്‍സും പ്രഷ്യയും തമ്മില്‍ നടന്ന യുദ്ധത്തില്‍ നീച്ച ഒരു മെഡിക്കല്‍ സഹായിയായി സേവനം അനുഷ്ടിച്ചു. ഹ്രസ്വകാലത്തെ ഈ സൈന്യസേവനത്തിനിടെ അദ്ദേഹം യുദ്ധത്തിന്റെ ക്രൂരമുഖം നേരിട്ടുകണ്ടു. ഡിഫ്ത്തീരിയ അതിസാരം തുടങ്ങിയ രോഗങ്ങളും അദ്ദേഹത്തെ ബാധിച്ചു. മറ്റുവ്യാധികള്‍ക്കോപ്പം ഇക്കാലത്ത് നീച്ചക്ക് സിഫിലിസ് രോഗവും പരന്നുകിട്ടിയെന്നും അതാണ് പില്ക്കാലത്ത് അദ്ദേഹത്തെ ബാധിച്ച മനോവിഭ്രാന്തിക്ക് കാരണമായതെന്നും പറയുന്ന ജീവചരിത്രകാരന്മാരുണ്ട്. എന്നാല്‍ ഇത് തര്‍ക്കവിഷയമായിരിക്കുന്നു. [8] 1870-ല്‍ ബാസലിലേക്ക് മടങ്ങിയ നീച്ച, ജര്‍മ്മന്‍ സാമ്രാജ്യത്തിന്റെ സ്ഥാപനവും ജര്‍മ്മനിയിലെ ബിസ്മാര്‍ക്ക് യുഗത്തിന്റെ മുന്നേറ്റവും ഒരു പുറം കാഴ്ച്ചക്കാരന്റെ മനോഭാവത്തോടെ വീക്ഷിച്ചു. ആ സംഭവഗതികളുടെ അഭികാമ്യതയെക്കുറിച്ച് അദ്ദേഹം സംശയാലുവായിരുന്നു. സര്‍വകലാശാലയില്‍ അദ്ദേഹത്തിന്റെ കന്നിപ്രഭാഷണത്തിന്റെ വിഷയം "ഹോമറും ക്ലാസ്സിക്കല്‍ ഭാഷാശാസ്ത്രവും" എന്നതായിരുന്നു. അക്കാലത്ത് പരിചയപ്പെട്ട ഫ്രാന്‍സ് ഓവര്‍ബെക്ക് എന്ന ദൈവശാസ്ത്രപ്രൊഫസര്‍ ജീവിതകാലമത്രയും നീച്ചയുടെ സുഹൃത്തായി തുടര്‍ന്നു. ഈ സമയത്തുതന്നെ "ചിന്തയും യാഥാര്‍ത്ഥ്യവും" എന്ന കൃതിയുടെ രചയിതാവും ഏറെയൊന്നും അറിയപ്പെടത്തവനുമായ ആഫ്രിക്കന്‍ സ്പിര്‍ എന്ന റഷ്യന്‍ ദാര്‍ശനികനും [9] അയാളുടെ സുഹൃത്ത് ജേക്കബ് ബര്‍ക്കാര്‍ഡ്ട്ട് എന്ന ചരിത്രകാരനും നീച്ചയുടെമേല്‍ കാര്യമായ സ്വാധീനം ചെലുത്താന്‍ തുടങ്ങി. നീച്ച ബര്‍ക്കാര്‍ഡ്ട്ടിന്റെ അദ്ധ്യാപനപ്രസംഗങ്ങള്‍ കേള്‍ക്കുക പതിവായിരുന്നു.
ലീപ്സിഗില്‍ വച്ച് 1868-ല്‍ റിച്ചാര്‍ഡ് വാഗ്നറേയും അദ്ദേഹത്തിന്റെ ഭാര്യ കോസിമയെ പിന്നീടും പരിചയപ്പെട്ടിരുന്ന നീച്ചക്ക് ഇരുവരേയും ഇഷ്ടമായി. ബാസലിലെ ജീവിതത്തിനിടയില്‍ നീച്ച സ്വിറ്റ്സര്ലന്ഡിണ്ടിലെ ലൂസറേന് പ്രവിശ്യയിലെ ട്രിബ്സ്ചെനിലുള്ള വാഗ്നര്മാരുടെ വീട് ഇടക്കിടെ സന്ദര്‍ശിച്ചിരുന്നു. വാഗ്നറും പത്നിയും തങ്ങളുടെ അടുത്ത സുഹൃത്തുക്കളുമായി നീച്ചയെ പരിചയപ്പെടുത്തി. ബെയ്റൂത്ത് എന്ന ചെറുപട്ടണത്തില്‍ വാഗ്നര്‍ സംഘടിപ്പിച്ച തിയേറ്റര്‍ മേളയില്‍ നീച്ച കാണിച്ച താത്പര്യം വാഗ്നറെ സന്തോഷിപ്പിച്ചു. 1870-ല്‍ നീച്ച കോസിമയ്ക്ക്, "ദുരന്തനാടകമെന്ന ആശയത്തിന്റെ ഉല്പത്തി" എന്ന തന്റെ പുസ്തകത്തിന്റെ കയ്യെഴുത്തുപ്രതി ജന്മദിനസമ്മാനമായി നല്കി. 1872-ല്‍ നീച്ച തന്റെ ആദ്യകൃതി പ്രസിദ്ധീകരിച്ചു. "സംഗീതചൈതന്യത്തില് നിന്ന് ദുരന്തകഥയുടെ ജനനം" (The Birth of Tragedy out of the Spirit of Music) എന്നായിരുന്നു അതിന്റെ പേര്. എന്നാല്‍ റിറ്റ്ഷല്‍ അടക്കം ക്ലാസ്സിക്കല്‍ ഭാഷാശാസ്ത്രരംഗത്തുള്ള നീച്ചയുടെ സുഹൃത്തുക്കളാരും ആ കൃതിയില്‍ വലിയ താത്പര്യം കാട്ടിയില്ല. തത്ത്വചിന്തയിലെ അന്വേഷണത്തിന് ഭാഷാശാസ്ത്രത്തിലെ ഒരു പ്രത്യേക രീതിയെ അവലംബമാക്കുകയാണ് ഈ കൃതിയില്‍ നീച്ച ചെയ്തത്. പുസ്തകത്തിന് തണുപ്പന്‍ സ്വീകരണം ഉറപ്പാക്കുകയും അതിന് കുപ്രസിദ്ധി നേടിക്കൊടുക്കുകയും ചെയ്യുന്ന തരത്തിലുള്ള നിരൂപണങ്ങളാണുണ്ടായത്. വാഗ്നറും മറ്റു ചില സുഹൃത്തുക്കളും നീച്ചയെ പിന്തുണക്കാനെത്തി. ഭാഷാശാസ്ത്രരംഗത്ത് തനിക്കനുഭവപ്പെട്ട ഒറ്റപ്പെടലിനെക്കുറിച്ച് നീച്ച ബോധവാനായിരുന്നു. ബാസലില്‍ തന്നെ തത്ത്വചിന്താവിഭാഗത്തില്‍ അദ്ധ്യാപകനായി നിയമനം കിട്ടാന്‍ അദ്ദേഹം ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
1873-നും 76-നുമിടെ നീച്ച മൂന്നു ദീര്‍ഘപ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചു. "ഡേവിന് സ്ട്രാസ്: കുംബസാരക്കാരനും എഴുത്തുകാരനും", "ചരിത്രത്തിന്റെ ഉപയോഗവും ദുരുപയോഗവും", "ഷോപ്പന്‍ഹോവര്‍, ഗുരുനാഥനെന്ന നിലയില്‍", "റിച്ചാര്‍ഡ് വാഗ്നര്‍ ബെയ്റൂത്തില്‍" എന്നിവയായിരുന്നു ആ പ്രബന്ധങ്ങള്‍. പിന്നീട് ഈ നാലു പ്രബന്ധങ്ങളൊന്നിച്ച് "അസമയത്തെ ചിന്തകള്‍" (Untimely Meditations) എന്ന പേരില്‍ ഒരു പുസ്തകമായി പ്രസിദ്ധീകരിക്കപ്പെട്ടു. ഷോപ്പന്‍ഹോവറുടേയും വാഗ്നറുടേയും നിലപാടുകളുടെ അടിസ്ഥാനത്തില്‍, ജര്‍മ്മന്‍ സംസ്കാരത്തിന്റെ അപ്പോഴത്തെ വികാസഗതിയെ വിമര്‍ശിക്കുന്നവയായിരുന്നു ആ പ്രബന്ധങ്ങള്‍. 1873-ല്‍ തന്നെ നീച്ച, മരണശേഷം "ഗ്രീക്ക് ദുരന്തയുഗത്തിലെ തത്ത്വചിന്ത" (Philosophy in the tragic Age of the Greeks) എന്ന പേരില്‍ പുസ്തകമായി പ്രസിദ്ധീകരിക്കപ്പെട്ട കുറിപ്പുകള്‍ എഴുതി തുടങ്ങി. ഇക്കാലത്ത്, വാഗ്നര്‍ ഉള്‍പ്പെടെ പല പ്രമുഖന്മാരുടേയും സുഹൃദ്വലയത്തില് ഉള്‍പ്പെട്ടിരുന്ന മല്‍വിഡാ വോണ്‍ മെയ്സന്‍ബര്‍ഗ് എന്ന എഴുത്തുകാരിയും പ്രഖ്യാതസംഗീതജ്ഞന്‍ ഹാന്‍സ് വോണ്‍ ബ്യൂലോയും ആയി നീച്ച പരിചയത്തിലായി. ആദ്യകാലരചനകളിലെ അശുഭാപ്തിയുടെ തത്ത്വചിന്ത ഉപേക്ഷിക്കാന്‍ 1876-ല്‍ തന്നെ പ്രേരിപ്പിച്ച എഴുത്തുകാരനും തത്ത്വചിന്തകനുമായ പോള്‍ റീയുമായി നീച്ച സൗഹൃദത്തിലായതും ഇക്കാലത്താണ്. അതേസമയം 1876-ലെ ബെയ്റൂത്ത് തിയേറ്റര്‍ മേള നീച്ചയെ നിരാശപ്പെടുത്തി. അവിടെ കണ്ട തരംതാണതരം പ്രകടനങ്ങളും ആസ്വാദകരുടെ നിലവാരമില്ലായ്മയും ആ പ്രസ്ഥാനത്തിന്റെ കേന്ദ്രവ്യക്തിത്വമായിരുന്ന വാഗ്നറില്‍ നിന്ന് നീച്ചയെ അകറ്റി.
1878-ല്‍ തത്ത്വമീമാംസ, സന്മാര്‍ഗശാസ്ത്രം, മതം, ലൈംഗികത എന്നിങ്ങനെ നാനാവിധ വിഷയങ്ങളെ സംബന്ധിച്ച ആപ്തവാക്യങ്ങളുടെ(aphorisms) സമഹാരമായ "മാനുഷികം, അങ്ങേയറ്റം മാനുഷികം" (Human, all Too Human) എന്ന കൃതിയുടെ പ്രസിദ്ധീകരണത്തോടെ ഷോപ്പന്‍ഹോവറും വാഗ്നറും പിന്തുടര്‍ന്ന അശുഭാപ്തിയുടെ തത്ത്വചിന്തയുമായി നീച്ചക്കുള്ള വിയോജിപ്പ് പ്രകടമായി. പോള്‍ ഡ്യൂസണെപ്പോലുള്ളവരുമായുള്ള നീച്ചയുടെ സൗഹൃദവും തണുത്തു. ബാല്യം മുതലേ, അന്ധതയോളമെത്തുന്ന കാഴ്ചശക്തിക്കുറവ്, കൊടിഞ്ഞിമൂലമുള്ള തലവേദന, അസഹ്യമായ വയറുവേദന തുടങ്ങി ഒരുകൂട്ടം രോഗങ്ങള്‍ അദ്ദേഹത്തെ പീഡിപ്പിച്ചിരുന്നു. 1868-ല്‍ കുതിരസവാരിക്കിടെ ഉണ്ടായ അപകടവും 1870-ലുണ്ടായ രോഗങ്ങളെമെല്ലാം, വിട്ടുമാറാതിരുന്ന ഈ അവസ്ഥയെ വഷളാക്കിയിട്ടുണ്ടാകാം. തുടര്‍ച്ചയായി അവധിയെടുക്കേണ്ടിവന്ന് ഒടുവില്‍ ജോലിചെയ്യുകയെന്നതുതന്നെ അസാദ്ധ്യമായി. ഈ സാഹചര്യത്തില്‍ 1879-ല്‍, ബാസല്‍ സര്‍വകലാശാലയിലെ ജോലി രാജിവയ്ക്കാന്‍ നീച്ച നിര്‍ബന്ധിതനായി.
[തിരുത്തുക] സ്വതന്ത്ര തത്ത്വചിന്തകന്
രോഗാവസ്ഥ, കൂടുതല്‍ അനുയോജ്യമായ കാലാവസ്ഥതേടി നടക്കാന്‍ നീച്ചയെ പ്രേരിപ്പിച്ചു. ഇടക്കിടെ യാത്രചെയ്ത നീച്ച, രചനയിലേര്‍പ്പെട്ട്, 1889 വരെ വിവിധനഗരങ്ങളില്‍ താമസിച്ചു. സ്വിറ്റ്സര്‍ലന്‍ഡിലെ മോറിറ്റ്സിനടുത്തുള്ള സിലാസ് മരിയയില്‍ അദ്ദേഹം വേനല്‍ക്കാലത്ത് പലപ്പോഴും താമസിച്ചു. ശീതകാലങ്ങളില്‍ ഇറ്റലിയിലെ ജെനോവ, റപാല്ലോ, ടൂറിന് എന്നിവിടങ്ങളിലോ ഫ്രാന്‍സിനെ നൈസിലോ ആയിരുന്നു വാസം. 1881-ല്‍ ഫ്രാന്‍സ് ടുണീഷ്യയില്‍ അധിനിവേശം സ്ഥാപിച്ചപ്പോള്‍, യൂറോപ്പിനെ വെളിയില്‍ നിന്ന് മനസ്സിലാക്കുകയെന്ന ലക്‌ഷ്യത്തോടെ ടുണീഷ്യയുടെ തലസ്ഥാനമായ ടൂണിസിലെക്ക് യാത്രചെയ്യുന്ന കാര്യം ആലോചിച്ചെങ്കിലും, ആരോഗ്യകാരണങ്ങളാല്‍ അത് നടപ്പായില്ല.[10]
ഇടക്കിടെ കുടുംബത്തെ സന്ദര്‍ശിക്കാനായി നീച്ച നാംബര്‍ഗ്ഗ് സന്ദര്‍ശിച്ചിരുന്നു. ഈയവസരങ്ങളില്‍ നീച്ചയും സഹോദരി എലിസബത്തും തമ്മില്‍ കലഹിക്കുന്നതും രമ്യപ്പെടുന്നതും പതിവായിരുന്നു. ബാസലില്‍ നിന്ന് കിട്ടിയിരുന്ന പെന്‍ഷനേയും സുഹൃത്തുക്കളുടെ സഹായത്തേയും ആശ്രയിച്ചാണ് അദ്ദേഹം ജീവിച്ചത്. പീറ്റര്‍ ഗാസ്റ്റ് എന്നുപേരുള്ള ഒരു പഴയ ശിഷ്യന് നീച്ചക്ക് ഏതാണ് സ്വകാര്യസഹായിയെപ്പോലെയായി. ജീവിതാവസാനം വരെ, ഗാസ്റ്റും ഫ്രാന്‍സ് ഓവര്‍ബെക്കും നീച്ചയുടെ വിശ്വസ്ഥ സുഹൃത്തുക്കളായി തുടര്‍ന്നു. നീച്ച വാഗ്നറുടെ സുഹൃദ്‌വലയത്തിനു പുറത്തായതിനു ശേഷവും മല്‍വിഡാ വോണ്‍ മെയ്സന്‍ബര്‍ഗ് ഒരമ്മയ്ക്കുസമമായ പരിഗണന അദ്ദേഹത്തോട് കട്ടി. നീച്ച തന്റെ ചിന്താജീവിതത്തിലെ ഏറ്റവും സൃഷ്ടിപരമായ കാലത്തിന്റെ തുടക്കത്തിലായിരുന്നു അപ്പോള്‍. "മാനുഷികം, അങ്ങേയറ്റം മാനുഷികം" എഴുതിയ 1878 മുതല്‍ എല്ലാവര്‍ഷവും നീച്ച, വര്‍ഷത്തില്‍ ഒരു പുസ്തകം അല്ലെങ്കില്‍ ഒരുപുസ്തകത്തിന്റെ ഒരു പ്രധാനഖണ്ഡം എന്ന കണക്കില്‍ എഴുതി. രചനാജീവിതത്തിന്റെ അവസാനവര്‍ഷമായ 1888-ലാകട്ടെ അദ്ദേഹം അഞ്ചു പുസ്തകങ്ങള്‍ പൂര്‍ത്തിയാക്കി.
1882-ല്‍ നീച്ച സന്തുഷ്ടശാസ്ത്രം (Gay Science) എന്ന കൃതിയുടെ ആദ്യഭാഗം പ്രസിദ്ധീകരിച്ചു. അതേവര്‍ഷം തന്നെ നീച്ച, റഷ്യാക്കാരി ലൗ ആന്ദ്രിയ സലോമിയെ, മല്‍വിഡാ വോണ്‍ മെയ്സന്‍ബര്‍ഗ്, പോള്‍ റീ എന്നിവര്‍ വഴി പരിചയപ്പെട്ടു. മനോവിശ്ലേഷകയും എഴുത്തുകാരിയും ആയി പില്ക്കാലത്ത് അറിയപ്പെട്ട ആ യുവതി റിച്ചാര്‍ഡ് വാഗ്നര്‍, പ്രശസ്ത മനോവിജ്ഞാനി സിഗ്മണ്ട് ഫ്രോയിഡ്, ജര്‍മ്മന്‍ കവി റെയ്നര്‍ മരിയ റില്‍ക്കെ എന്നിവരുടേയും സുഹൃത്തായിരുന്നു. ഒരു വേനല്‍ക്കാലം നീച്ചയും സലോമിയും നീച്ചയുടെ സഹോദരി എലിസബത്തിനൊപ്പം ജര്‍മ്മനിയിലെ തുരിഞ്ചിയ പ്രവിശ്യയില്‍ കഴിഞ്ഞു. സലോമിയെ നീച്ച തുല്യനിലയിലുള്ള ഒരു സുഹൃത്തെന്നതിനുപകരം പ്രതിഭാശാലിയായ ഒരു ശിഷ്യയായാണ് കണ്ടത്. നീച്ച തന്നോട് വിവാഹാഭ്യര്‍ത്ഥ്യന നടത്തിയെന്നും താനത് നിരസിച്ചെന്നും സലോമി അവകാശപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇതിന്റെ സത്യാവസ്ഥ ചോദ്യം നിശ്ചയമില്ല. [11] പോള്‍ റീയും സലോമിയുമായുള്ള നീച്ചയുടെ സൗഹൃദം 1882/83-ലെ ശൈത്യകാലത്ത് ശിഥിലമായി. നീച്ചയുടെ സഹോദരി എലിസബത്തിന്റെ തന്ത്രങ്ങളാണ് ഇതിന് കാരണമായതെന്ന് പറയപ്പെടുന്നു. വര്‍ദ്ധിച്ച രോഗാവസ്ഥയും, സലോമിയുടെ പേരില്‍ അമ്മയും സഹോദരിയുമായുമായി പിണങ്ങിയതുമൂലമുണ്ടായ ഒറ്റപ്പെടലും, ആത്മഹത്യചിന്തകളും മൂലം വലഞ്ഞ നീച്ച, ഇറ്റലിയിലെ റപാല്ലോയിലേക്ക് പോയി. അവിടെ കേവലം പത്തുദിവസം കൊണ്ട് അദ്ദേഹം "സരത്തുസ്ത്രാ അങ്ങനെ പറഞ്ഞു" എന്ന തന്റെ ഏറ്റവും പ്രസിദ്ധകൃതിയുടെ ആദ്യഭാഗം എഴുതി തീര്‍ത്തു.
തത്ത്വചിന്തയില്‍ ഷോപ്പന്‍ഹോവറുടെ വഴിയും വാഗ്നറുമായുള്ള സാമൂഹ്യബന്ധങ്ങളും ഉപേക്ഷിച്ചതില്‍ പിന്നെ നീച്ചക്ക് സുഹൃത്തുക്കളെന്ന് പറയാന്‍ വളരെ കുറച്ചുപേരേ ഉണ്ടായിരുന്നുള്ളു. ഇപ്പോള്‍ 'സരത്തുസ്ത്രാ'യില്‍ ഉപയോഗിച്ച പ്രത്യേക ശൈലിയും കൂടിയായപ്പോള്‍ ആ ഒറ്റപ്പെടല്‍ പൂര്‍ത്തിയായി. ആ കൃതിയെക്കുറിച്ച് ഔപചാരികതയുടെ പേരില്‍ മാത്രമാണ് ആരെങ്കിലും നല്ലത് പറഞ്ഞത്. നീച്ച ഇത് മനസ്സിലാക്കുകയും ഒറ്റയ്ക്കുതന്നെ കഴിയുകയും ചെയ്തു. എന്നാല്‍ ഒറ്റപ്പെടലിനെക്കുറിച്ച് അദ്ദേഹം ഇടക്ക് പരാതിപറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ക്ക് വില്പന മിക്കവാറും ഇല്ലെന്നായി. 1885-ല്‍ 'സരത്തുസ്ത്രാ'യുടെ നാല്പതുപ്രതികളാണ് അദ്ദേഹം അച്ചടിപ്പിച്ചത്. അതില്‍ ഒരുഭാഗം മാത്രം അടുത്ത സുഹൃത്തുക്കള്‍ക്കിടയില്‍ വിതരണം ചെയ്യുകയാണുണ്ടായത്.
1883-ല്‍ നീച്ച ലീപ്സിഗ് സര്‍വകലാശാലയില്‍ അദ്ധ്യാപകനായി ജോലി നേടാന്‍ ശ്രമിച്ചുനോക്കി. ക്രിസ്തുമതത്തോടുള്ള അദ്ദേഹത്തിന്റെ നിലപാടും, 'സരത്തുസ്ത്രാ'യിലെ പ്രത്യേകതരം ദൈവസങ്കല്പവും കാരണം യൂറോപ്പിലെ സര്‍വകലാശാലകള്‍ക്കെല്ലാം അദ്ദേഹം അസ്വീകാര്യനായെന്ന് അതോടെ വ്യക്തമായി. അത് നീച്ചയെ ക്രൂദ്ധനാക്കി. "ശിഷ്യന്മാരെ കണ്ടെത്തുന്നതില്‍ നിന്നും അവരുടെ വിശ്വാസം ആര്‍ജ്ജിക്കുന്നതില്‍ നിന്നും എന്നെ തടയാന്‍, എന്റെ സല്‍പ്പേരിനേയും സ്വഭാവത്തെയും ലക്‌ഷ്യങ്ങളേയും താഴ്ത്തിക്കാണിക്കുന്നതടക്കം ഏതു തരംതാണവഴിയും മതിയാകുമെന്ന് എനിക്ക് മനസ്സിലായി" എന്ന് അദ്ദേഹം എഴുതി.[12]
1886-ല്‍ നീച്ച തന്റെ പ്രസാധകന് ഷ്മീറ്റ്സറുമായി അയാളുടെ യഹൂദവിരുദ്ധനിലപാടിന്റെ പേരില്‍ തെറ്റിപ്പിരിഞ്ഞു. തന്റെ രചനകള്‍ ഷ്മീറ്റ്സറുടെ "യഹൂദവിരുദ്ധചവറിനടിയില് വീണ്ടെടുക്കാനാവാത്തവിധം സംസ്കരിക്കപ്പെട്ടുപോവുന്നത്" അദ്ദേഹത്തിന് ഇഷ്ടമായില്ല. ഷ്മീറ്റ്സറുടെ അഭിപ്രായങ്ങള്‍ "വിവരമുള്ളവരെല്ലാം അവജ്ഞാപൂര്‍വം തള്ളിക്കളയേണ്ടവയാണെന്ന്" നീച്ച കരുതി.[13] തുടര്‍ന്ന് അദ്ദേഹം "നന്മതിന്മകള്‍ക്കപ്പുറത്ത്" എന്ന തന്റെ പുതിയകൃതി സ്വന്തം ചിലവില്‍ അച്ചടിച്ചു. 1886-87-ല്‍ നേരത്തേ പ്രസിദ്ധപ്പെടുത്തിയിരുന്ന നാലു കൃതികള്‍ - ദുരന്തകഥയുടെ ഉല്പത്തി, മാനുഷികം-അങ്ങേയറ്റം മാനുഷികം, പുലരി, സന്തുഷ്ടശാസ്ത്രം എന്നിവ, അവയെ വീണ്ടും വിലയിരുത്തുന്ന പുതിയ ആമുഖങ്ങളോടെ പുന:പ്രസിദ്ധീകരിച്ചു. ഇതോടെ തല്‍ക്കാലത്തേക്ക് തന്റെ രചനാദൗത്യം പൂര്‍ത്തിയായെന്നും താമസിയാതെ വായനക്കാര്‍ കൃതികളെ തേടിയെത്തുമെന്നും നീച്ച കരുതി. നീച്ചയുടെ ദര്‍ശനത്തിലുള്ള താത്പര്യം, അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പെടാത്തത്ര മെല്ലെയാണെങ്കിലും, ഇക്കാലത്ത് വര്‍ദ്ധിക്കുകതന്നെ ചെയ്തു. 1886-ല്‍ നീച്ചയുടെ സഹോദരി എലിസബത്ത്, ബേണ്‍ഹാര്‍ഡ് ഫോസ്റ്റര്‍ എന്ന യഹൂദവിരുദ്ധനെ വിവാഹം കഴിച്ച്, ഒരു നവജര്മ്മനിയുടെ നിര്‍മ്മാണത്തിന് പദ്ധതിയിട്ട് ദക്ഷിണ അമേരിക്കയിലെ പരാഗ്വേയിലേക്ക് പോയി. നീച്ച ഈ പദ്ധതിയെ പരിഹസിച്ചുതള്ളി. [14]കത്തുകളില്‍ നീച്ചയും സഹോദരിയുമായുള്ള ബന്ധം ഇടവിട്ടുള്ള കലഹത്തിന്റേയും രഞ്ജിപ്പിന്റേയും വഴി പിന്തുടര്ന്നെങ്കിലും, അവര്‍ തമ്മില്‍ പിന്നീട് കാണുന്നത് നീച്ചയുടെ മനോവിഭ്രാന്തിയുടെ തുടക്കത്തിനുശേഷം മാത്രമാണ്. രോഗത്തിന്റെ ആക്രമണങ്ങള്‍ അദ്ദേത്തെ നിരന്തരം അലട്ടാന്‍ തുടങ്ങിയെങ്കിലും 1887-ല്‍ നീച്ച "സദാചാരത്തിന്റെ വംശാവലിയെപ്പറ്റി" (On the Genealogy of Morality) എന്ന സംവാദഭരിതമായ കൃതി എഴുതി.
1887-ല്‍ തന്നെ നീച്ച ദസ്തയേവ്‌സ്കിയുടെ കൃതികളുമായി പരിചയപ്പെടുകയും അവ പെട്ടന്ന് ഇഷ്ടപ്പെടുകയും ചെയ്തു.[15] അക്കാലത്ത് നീച്ച ഫ്രഞ്ച് വിമര്‍ശകനും ചരിത്രകാരനുമായിരുന്ന ഹിപ്പോലൈറ്റ് ടെയിനുമായും സ്കാന്ഡിനേവിയന് സാഹിത്യസൈദ്ധാന്തികന്‍ ജോര്‍ജ് ബ്രാന്‍ഡസുമായും എഴുത്തുകുത്തിലേര്‍പ്പെട്ടു. കീര്‍ക്കെഗാഡിന്റെ തത്ത്വചിന്ത പഠിപ്പിക്കാന്‍ തുടങ്ങിയിരുന്ന ബ്രാന്‍ഡസ് നീച്ചയോട് കീര്‍ക്കെഗാഡിന്റെ കൃതികള്‍ വായിക്കാന്‍ നിര്‍ദ്ദേശിച്ചു. താന്‍ കോപ്പന്‍ഹേഗനില്‍ വന്ന് ബ്രാന്‍ഡസിനൊപ്പം അവ വായിക്കാനുദ്ദേശിക്കുന്നെന്നായിരുന്നു നീച്ചയുടെ മറുപടി. ഈ ഉദ്ദേശം പൂര്‍ത്തീകരിക്കാനാകുന്നതിന് മുന്‍പ് നീച്ച രോഗത്തിലേക്കും വിഭ്രാന്തിയിലേക്കും ബഹുദൂരം സഞ്ചരിച്ചുകഴിഞ്ഞിരുന്നു. 1888 ആരംഭത്തില്‍ ബ്രാന്‍ഡസ് കോപ്പന്‍ഹേഗനില്‍ നീച്ചയുടെ തത്ത്വചിന്തയെക്കുറിച്ചുള്ള ആദ്യപ്രഭാഷണങ്ങളിലൊന്ന് നടത്തി.
1886-ല്‍ "സദാചാരത്തിന്റെ വംശാവലി"-യുടെ അവസാനഭാഗത്ത് നീച്ച, "അധികാരേച്ഛ: എല്ലാ മൂല്യങ്ങളേയും പുനര്‍മൂല്യനിര്‍ണ്ണയത്തിനുള്ള ഒരു ശ്രമം" എന്ന പേരില്‍ ഒരു ഗ്രന്ഥം രചിക്കാനുള്ള ഉദ്ദേശം വ്യക്തമാക്കിയിരുന്നെങ്കിലും, ആ സമീപനം പിന്നീട് ഉപേക്ഷിച്ചെന്ന് കരുതണം. ആ പദ്ധതിക്കുവേണ്ടി എഴുതിയ ഭാഗങ്ങള്‍ 1888-ല്‍ പൂര്‍ത്തിയാക്കിയ "വിഗ്രഹങ്ങളുടെ സായന്തനം"(Twilight of the Idols), "അന്തിക്രിസ്തു" എന്നീ രചനകളില്‍ ഉപയോഗിക്കുകയാണ് ചെയ്തത്.[16]
ഇടക്ക് നീച്ചയുടെ ആരോഗ്യം ഭേദപ്പെടുന്നതായി തോന്നി. ആ വേനല്‍ക്കാലത്ത് അദ്ദേഹം സന്തോഷവാനായിരുന്നു. 1888 അവസാനമായപ്പോള്‍ നീച്ചയുടെ രചനകള്‍ തന്റെ തന്നെ സ്ഥാനത്തെക്കുറിച്ചും 'വിധി'യെക്കുറിച്ചും ഉയര്‍ന്ന വിലമതിക്കല്‍ കാണിക്കാന്‍ തുടങ്ങി. 'വാഗ്നറുടെ കേസ്' എന്ന വിവാദരചനയടക്കമുള്ള രചനകളുടെ ജനസമ്മതിയിലുള്ള വര്‍ദ്ധനവിനെക്കുറിച്ച് അദ്ദേഹം വലിയ പ്രതീക്ഷപുലര്‍ത്തി. 44 വയസ്സായ ദിവസം, വിഗ്രഹങ്ങളുടെ സായന്തനവും, അന്തിക്രിസ്തുവും പൂര്‍ത്തിയാക്കിയതിനുശേഷം, അദ്ദേഹം "ഇതാണ് ആ മനുഷ്യന്" (Ecce Homo) എന്ന പേരില്‍ ഒരു ജീവചരിത്രം രചിക്കാന്‍ തീരുമാനിച്ചു. ആ കൃതിയുടെ ആമുഖത്തില്‍, തന്റെ രചനകളുടെ വ്യാഖ്യാനത്തില്‍ ഉണ്ടാകാനിരുന്ന പ്രശ്നങ്ങളെ മുന്‍കൂട്ടി കണ്ടിട്ടാകണം, നീച്ച ഇങ്ങനെ എഴുതി: "എനിക്ക് ചെവി തരുക! ഞാന്‍ ഒരു പ്രത്യേകവ്യക്തിയാണ്. എന്നെ മറ്റൊരാളായി തെറ്റിദ്ധരിക്കാതിരിക്കുക." [17] തന്റെ രചനകളിലുള്ള അവകാശം പ്രസാധകനില്‍ നിന്ന് തിരികെ വാങ്ങി അവ മറ്റു യൂറോപ്യന്‍ ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തുന്നകാര്യം അദ്ദേഹം ആലോചിച്ചു. "നീച്ച വാഗ്നര്‍ക്കെതിരെ" എന്ന സമാഹാരവും തന്റെ കവിതകളുടെ ഒരു പുസ്തകവും പ്രസിദ്ധീകരിക്കാനും അദ്ദേഹം ആഗ്രഹിച്ചു.
[തിരുത്തുക] മനോവിഭ്രാന്തിയും മരണവും
1889 ജനുവരി മൂന്നാം തിയതി നീച്ച ആദ്യമായി മാനസികതകര്‍ച്ചയുടെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചു. ഇറ്റലിയിലെ ടൂറിനിലെ ഒരു തെരുവില്‍ അദ്ദേഹം ബഹളം വച്ചതിനെ തുടര്‍ന്ന് രണ്ടു പോലീസുകാര്‍ നീച്ചയെ സമീപിച്ചു. യഥാര്‍ഥത്തില്‍ സംഭവിച്ചതെന്തെന്ന് വ്യക്തമല്ല. പലപ്പോഴും ആവര്‍ത്തിക്കപ്പെട്ടിട്ടുള്ള കഥയനുസരിച്ച് തെരുവിന്റെ ഒരറ്റത്ത് ആരോ ഒരു കുതിരയെ ചാട്ടവാറിനടിക്കുന്നത് കണ്ട നീച്ച, കുതിരയെ രക്ഷിക്കാനായി ഓടിച്ചെന്ന് അതിനെ കൈകള്‍ കൊണ്ടു പൊതിയുകയും പിന്നീട് കുഴഞ്ഞുവീഴുകയുമാണ് ചെയ്തത്.[18]
തുടര്‍ന്നുവന്ന ഏതാനും ദിവസങ്ങളില്‍ നീച്ച, കോസിമാ വാഗ്നര്‍ ഉള്‍പ്പെടെയുള്ള കുറേ സുഹൃത്തുക്കള്‍ക്ക് ഭ്രാന്തന് കത്തുകള്‍ (Madness letters) എന്ന പേരില്‍ ഇപ്പോള്‍ അറിയപ്പെടുന്ന ചെറിയ കുറിപ്പുകള്‍ അയച്ചു. കൃത്യമായ അര്‍ഥമില്ലാത്ത ജല്പനങ്ങളുടെ രീതിയായിരുന്നു അവക്ക്. ജര്‍മ്മനിയിലെ ചക്രവര്‍ത്തിയോട് വെടിവച്ചുകൊല്ലപ്പെടാനായി റോമിലേക്ക് പോകാന്‍ ആവശ്യപ്പെടുകയും, ജര്‍മ്മനിക്കെതിരെ സൈനികനടപടിയെടുക്കാന്‍ ഇതര യൂറോപ്യന്‍ രാജ്യങ്ങളോട് ആവശ്യപ്പെടുകയും ചെയ്യുന്നവയായിരുന്നു ചില കുറിപ്പുകള്‍.[19]പഴയ സഹപ്രവര്‍ത്തകനായ ജേക്കബ് ബര്‍ക്കാര്‍ട്ടിന് കിട്ടിയ കുറിപ്പ് ഇങ്ങനെയായിരുന്നു:-
| “ | കയഫാസിനെ ഞാന്‍ ചങ്ങലയിട്ട് പൂട്ടിയിരിക്കുന്നു. കഴിഞ്ഞവര്‍ഷം ജര്‍മ്മനിയിലെ വൈദ്യന്മാര് എന്ന വലിച്ചുനീട്ടി കുരിശില്‍ തറച്ചു. വില്‍ഹെമും ബിസ്മാര്‍ക്കും എല്ലാ യഹൂദവിരുദ്ധരും ഇല്ലാതാക്കപ്പെട്ടിരിക്കുന്നു.[20] | ” |
ബര്‍ക്കാര്‍ട്ട് തനിക്ക് കിട്ടിയ കുറിപ്പ് നീച്ചയുടെ പഴയ സുഹൃത്തായ ദൈവശാസ്ത്രജ്ഞന് ഫ്രാന്‍സ് ഓവര്‍ബെക്കിനെ കാണിച്ചു. അടുത്തദിവസം തന്നെ അതേമാതിരി ഒരു കുറിപ്പ് ഓവര്‍ബെക്കിനും കിട്ടി. നീച്ചയെ ബാസലിലേക്ക് മടക്കികൊണ്ടുവരാന്‍ സുഹൃത്തുക്കള്‍ മുന്‍കൈ എടുക്കേണ്ടതാണെന്ന് ഓവര്‍ബെക്ക് തീരുമാനിച്ചു. അദ്ദേഹം ടൂറിനില്‍ ചെന്ന് നീച്ചയെ ബാസലിലേക്ക് കൊണ്ടുവരുകയും ഒരു മാനസികരോഗ ചികിത്സാകേന്ദ്രത്തിലാക്കുകയും ചെയ്തു. അപ്പോഴേക്ക് നീച്ച പൂര്‍ണ്ണമായും വിഭ്രാന്തിയുടെ പിടിയിലായിരുന്നു. നീച്ചയെ ജര്‍മ്മനിയില്‍ ജേനയിലേക്ക് കൊണ്ടുപോകാനും അവിടെ, പ്രശസ്ഥമനശാസ്ത്രജ്ഞനും ജേന സര്‍വകലാശാലയിലെ മനശാസ്ത്രവിഭാഗത്തിന്റെ തലവനുമായ ഓട്ടോ ബിന്സ്വാഞ്ചറുടെ മേല്‍നോട്ടത്തിലുള്ള ഒരാശുപത്രിയില്‍ പ്രവേശിപ്പിക്കാനും അമ്മ ഫ്രാന്‍സെസ്കാ തീരുമാനിച്ചു. 1889 നവംബര്‍ മുതല്‍ 1890 ഫെബ്രുവരി വരെ കലാചരിത്രകാരന് ജൂലിയസ് ലാങ്ങ്ബെന്‍ നീച്ചയെ ചികിത്സിക്കാന്‍ ശ്രമിച്ചു. നീച്ചയുടെ അവസ്ഥ വൈദ്യശാസ്ത്രത്തിന് ചികിത്സിക്കാവുന്നതരത്തിലുള്ളതല്ല എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ക്രമേണ ലാങ്ങ്ബെന്‍ നീച്ചയുടെ മേല്‍ കൂടുതല്‍ നിയന്ത്രണം നേടിയെടുത്തു. എന്നാല്‍ എന്നാല്‍ തന്റെ 'ചികിത്സ' യുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്താനുള്ള ലാങ്ങ്‌ബെന്നിന്റെ വൈമനസ്യം അദ്ദേഹത്തില്‍ മറ്റുള്ളവര്‍ക്ക് വിശ്വാസം ഇല്ലാതാക്കി. 1890 മാര്‍ച്ചില്‍ ഫ്രാന്‍സെസ്കാ നീച്ചയെ ആശുപത്രിയില്‍ നിന്ന് നാംബെര്ഗ്ഗിലുള്ള വീട്ടില്‍ കൊണ്ടുവന്നു.
ഇതിനിടെ നീച്ചയുടെ പ്രസിദ്ധീകരിക്കപ്പെടാത്ത രചനകള്‍ എങ്ങനെ കൈകര്യം ചെയ്യണമെന്ന് ഓവര്‍ബെക്കും പീറ്റര്‍ ഗാസ്റ്റും ആലോചിച്ചു. 1889 ജനുവരിയില്‍ തന്നെ അവര്‍, അതിനകം അച്ചടിപൂര്ത്തിയായിക്കഴിഞ്ഞിരുന്ന "വിഗ്രഹങ്ങളുടെ സായന്തനം" പ്രസിദ്ധീകരിച്ചിരുന്നു. ഫെബ്രുവരിയില്‍ "നീച്ച വാഗ്നര്‍ക്കെതിരെ" എന്ന പുസ്തകത്തിന്റെ 50 പ്രതികള്‍ സ്വകാര്യവായനയ്ക്കായി അച്ചടിക്കാന്‍ ഏര്‍പ്പാടാക്കി. എന്നാല്‍ പ്രസാധകന് സി.ജി. നൗമാന്‍ രഹസ്യമായി 100 പ്രതികള്‍ അച്ചടിച്ചു. ക്രമേണ നീച്ചയുടെ രചനകളുടെ സ്വീകാര്യതയും അംഗീകാരവും ആദ്യമായി കൂടാന്‍ തുടങ്ങി. കൂടുതല്‍ വിവാദപരമായ ഉള്ളടക്കമുള്ള 'അന്തിക്രിസ്തു", "ഇതാണ് ആ മനുഷ്യന്" എന്നിവയുടെ പ്രസിദ്ധീകരണം തല്ക്കാലം വേണ്ടെന്നാണ് ഓവര്‍ബെക്കും ഗാസ്റ്റും തീരുമാനിച്ചത്.
1893-ല്‍ ഭര്‍ത്താവിന്റെ ആത്മഹത്യയെതുടര്‍ന്ന്, നീഷയുടെ സഹോദരി പരാഗ്വേയിലെ 'നവജര്‍മ്മനി'യില്‍ നിന്ന് മടങ്ങിവന്നു. അവര്‍ നീച്ചയുടെ രചനകള്‍ ഒന്നൊന്നായി പഠിച്ച് ആ കൃതികളുടേയും അവയുടെ പ്രസിദ്ധീകരണത്തിന്റേയും നിയന്ത്രണം ഏറ്റെടുത്തു. ഓവര്‍ബെക്കിനെ എലിസബത്ത് പറഞ്ഞുവിട്ടു. പീറ്റര്‍ ഗാസ്റ്റ് അവരുമായി സഹകരിക്കാന്‍ സമ്മതിച്ചു. 1897-ല്‍ അവരുടെ അമ്മ ഫ്രാന്‍സെസ്കായുടെ മരണത്തിനുശേഷം നീച്ച വെയ്മറില്‍ എലിസബത്തിന്റെ നോട്ടത്തിലാണ് ജീവിച്ചത്. ആശയവിനിമയം നടത്തുന്നത് നിര്‍ത്തിയിരുന്ന സഹോദരനെ അവര്‍ ശുശ്രൂഷിക്കുകയും അദ്ദേഹത്തെ കാണാന്‍, ആസ്ട്രേലിയന്‍ തത്ത്വചിന്തകനും എഴുത്തുകാരനുമായിരുന്ന റുഡോള്‍ഫ് സ്റ്റീനറെപ്പോലുള്ള സന്ദര്‍ശകരെ അനുവദിക്കുകയും ചെയ്തു. ഒരു ഘട്ടത്തില്‍ എലിസബത്ത്, സഹോദരന്റെ തത്ത്വചിന്ത തന്നെ പഠിപ്പിക്കാന്‍ സ്റ്റീനറെ ഏര്‍പ്പാടാക്കുകപോലും ചെയ്തു. ഏതാനും മാസം കഴിഞ്ഞ്, എലിസബത്തിനെ തത്ത്വചിന്തയെക്കുറിച്ച് എന്തെങ്കിലും പഠിപ്പിക്കുക അസാദ്ധ്യമാണെന്നു പറഞ്ഞ് സ്റ്റീനര്‍ വിട്ടുപോയി.[21]
നീച്ചയുടെ മനോവിഭ്രാന്തിക്ക് കാരണമായത് സിഫിലിസ് ബാധ ആയിരുന്നെന്ന് പരക്കെ വിശ്വാസമുണ്ട്. മാനസികതകര്ച്ചക്കുപിന്നില് തത്ത്വചിന്ത ആയിരുന്നു എന്ന വാദം മിക്കവരും അംഗീകരിക്കുന്നില്ല. എന്നാല്‍ സ്വന്തം തത്ത്വചിന്തയില്‍ നിന്നുണ്ടായ മാനസിക അസന്തുലനമാണ് നീച്ചയെ തകര്‍ത്തതെന്ന് ചിലരെങ്കിലും വാദിച്ചിട്ടുണ്ട്. [22][23] മസ്തിഷ്കാര്‍ബുദമാണ് നീച്ചക്ക് മാനസികവിഭ്രാന്തി വരുത്തിയതെന്നും ഒരു വാദമുണ്ട്. [24]
1898-ലും 99-ലും ഉണ്ടായ ഹൃദയാഘാതങ്ങളെ തുടര്‍ന്ന് നീച്ചക്ക് ചലനശേഷിയും സംസാരശേഷിയും നഷ്ടപ്പെട്ടു. 1900 ഓഗസ്റ്റ് മദ്ധ്യത്തില്‍ ന്യൂമോണിയ ബാധിച്ചിരിക്കെ, അഗസ്റ്റ് 24 രാത്രിയില്‍ മറ്റൊരാഘാതം കൂടി അനുഭവപ്പെടുകയും ഓഗസ്റ്റ് 25 ഉച്ചയോടെ മരിക്കുകയും ചെയ്തു.[25] എലിസബത്ത്, നീച്ചയെ, റോക്കനിനെ പള്ളിയില്‍ അവരുടെ പിതാവിനെ സംസ്കരിച്ചിരുന്നതിനടുത്ത് സംസ്കരിക്കാന്‍ ഏര്‍പ്പാടുചെയ്തു. നീച്ചയുടെ ശിഷ്യനും സുഹൃത്തുമായിരുന്ന പീറ്റര്‍ ഗാസ്റ്റാണ് ചരമപ്രസംഗം നടത്തിയത്. "നിന്റെ നാമം വരും തലമുറകള്‍ക്കെല്ലാം പരിശുദ്ധമായിരിക്കും" എന്നാണ് ഗാസ്റ്റ് തന്റെ സുഹൃത്തിനെക്കുറിച്ച് പറഞ്ഞത്. [ക]
നീച്ചയുടെ പ്രസിദ്ധീകരിക്കപ്പെടാതിരുന്ന നോട്ടുപുസ്തകങ്ങളിലെ കുറിപ്പുകളില്‍ നിന്ന് എലിസബത്ത് 'അധികാരേച്ഛ' (Will to Power) എന്ന കൃതി സമാഹരിച്ച് നീച്ചയുടെ മരണശേഷം പ്രസിദ്ധീക്കരിച്ചു. നീച്ചയുടെ കുറിപ്പുകളുടെ ക്രമീകരണം എലിസബത്ത് തനിക്ക് തോന്നിയവിധമാണ് ചെയ്തത്. ലഭ്യമായ വിവരങ്ങളുടെ ഉപയോഗത്തില്‍ അവര്‍ എടുത്ത സ്വാതന്ത്ര്യം മൂലം ആ കൃതിക്ക് കിട്ടിയത് നീച്ച ഉദ്ദേശിച്ച രൂപമല്ല എന്നാണ് പൊതുവേ അഭിപ്രായം. നീച്ചയുടെ രചനാശേഖരം പിന്നീട് സംശോധനചെയ്ത് മസീനോ മൊണ്ടിനാറി, 'അധികാരേച്ഛ' ഒരു കൃത്രിമരചനയാണെന്നും, നീച്ചയുടേതായി അങ്ങനെയൊരു കൃതി ഉണ്ടായിട്ടില്ല എന്നും കരുതി.
[തിരുത്തുക] തത്ത്വചിന്ത
നീച്ചയുടെ സക്രിയജീവിതകാലത്ത് അദ്ദേഹത്തിന്റെ രചനകള്‍ വ്യാപകമായി വായിക്കപ്പെട്ടിരുന്നില്ല. എന്നാല്‍ 1888-ല്‍ ഡാനിഷ് വിമര്ശകന് ജോര്‍ജ് ബ്രാന്‍ഡസ് കോപ്പന്‍ഹേഗന്‍ സര്‍വകലാശാലയില്‍ നീച്ചയുടെ ചിന്തകളെക്കുറിച്ച് നടത്തിയ പ്രഭാഷണപരമ്പര ഏറെ ശ്രദ്ധിക്കപ്പെട്ടു. 1894-ല്‍ ലൗ അന്ദ്രേ സലോമി, "ഫ്രീഡ്രീക്ക് നീച്ച തന്റെ കൃതികളില്‍" എന്നപേരില്‍ ഒരു പുസ്തകം പ്രസീദ്ധീകരിച്ചു.[ഖ] നീച്ചയുടെ മരണത്തെ തുടര്‍ന്നുവന്ന വര്‍ഷങ്ങളില്‍, ഇംഗ്ലീഷ് അടക്കമുള്ള ഭാഷകളിലേക്കുള്ള പരിഭാഷകള്‍ മൂലം, അദ്ദേഹത്തിന്റെ രചനകള്‍ വ്യാപകമായി വായിക്കപ്പെടാന്‍ തുടങ്ങി. അമേരിക്കയില്‍ നീച്ചയുടെ രചനകള്‍, വാള്‍ട്ടര്‍ കൗഫ്മാന്റെ പരിഭാഷയില്‍ പരക്കെ ലഭ്യമായി. 1950-ല്‍ തുടങ്ങി, പല പതിപ്പുകള്‍ പ്രസിദ്ധീകരിക്കപ്പെട്ട "നീച്ച: തത്ത്വചിന്തകനും, മനോവിജ്ഞാനിയും, അന്തിക്രിസ്തുവും" എന്ന കൃതിയും കൗഫ്മാന്റേതായുണ്ടായിരുന്നു. നാലുവാല്യങ്ങളു ള്ള ഒരു ഗ്രന്ഥം നീച്ചയെക്കുറിച്ചെഴുതിയ മാര്ട്ടിന് ഹൈഡഗര്‍ ഉള്‍പ്പെടെ ഇരുപതാം നൂറ്റാണ്ടിലെ പ്രമുഖ ചിന്തകന്മാരില് പലരും ദര്‍ശനത്തെക്കുറിച്ച് രചനകള്‍ നടത്തി. തങ്ങളുടെ ചിന്തയെ നീച്ച മൗലികമായി സ്വാധീനിച്ചതായി സമ്മതിച്ച ചിന്തകന്മാരുടെ എണ്ണം അതിലും അധികമായിരുന്നു. ജീന്‍ പോള്‍ സാര്‍ത്രെ, മൈക്കേള്‍ ഫുക്കോ, ഡെറിഡാ എന്നിവര്‍ ഇതിലുള്‍പ്പെട്ടിരുന്നു.
നീച്ചയുടെ രചനകള്‍ ഇന്നും വിവാദപരമാണ്. അവയുടെ വ്യാഖ്യാനത്തേയും പ്രാധാന്യത്തേയും കുറിച്ച് ഭിന്നാഭിപ്രായങ്ങളുണ്ട്. നീച്ചയെ വ്യാഖ്യാനിക്കുന്നതിലുള്ള ഒരു പ്രശ്നം, അദ്ദേഹത്തിന്റെ തത്ത്വചിന്താരചനകളിലെ അങ്ങേയറ്റം പ്രകോപനകരമായ ശൈലിയാണ്. "ചുറ്റികകൊണ്ട് തത്ത്വവിചാരം നടത്തുന്നവന്" (Philosopher of the hammer) എന്നാണ് നീച്ച സ്വയം വിശേഷിപ്പിച്ചത്. ക്രിസ്തുമതത്തേയും, അംഗീകൃതചിന്തകന്മാരായ പ്ലേറ്റോ, കാന്റ് തുടങ്ങിയവരേയും ദൈവദൂഷണസമാനം പ്രകോപനപരമായ ശൈലിയില്‍ അദ്ദേഹം വിമര്‍ശിച്ചു. ഇതുളവാക്കിയ പ്രതിക്ഷേധത്തിന്റെ ആഴം മനസ്സിലാക്കാന്‍ പത്തൊന്‍പതാം നൂറ്റാണ്ടിലെ യൂറോപ്പിന്റെ മനോഭാവം കൂടി കണക്കിലെടുക്കേണ്ടതുണ്ട്. തന്റെ വാദങ്ങളില്‍ അദ്ദേഹം വ്യക്തിപരമായ ആക്രമണങ്ങളും, വൈകാരികമായ ആഹ്വാനങ്ങളും ഉപയോഗിച്ചു. ആപ്തവാക്യശൈലിയില് എഴുതിയകൃതികളില് പ്രത്യേകിച്ചും, ഒരു വാദത്തില്‍ നിന്ന് മറ്റൊന്നിലേക്ക്, ആശയങ്ങള്‍ തമ്മില്‍ പ്രകടമായ യുക്തിബന്ധമൊന്നുമില്ലാതെയുള്ള ചാട്ടം കാണാം. കൊടുമുടിയില്‍ നിന്ന് കൊടുമുടിയിലേക്കുള്ള കുതിപ്പ് എന്നാണ് നീച്ച ഈ രീതിയെ വിശേഷിപ്പിച്ചത്. നീച്ചയുടെ ശൈലിയുടെ ഈ സവിശേഷതകള്‍ തത്ത്വചിന്താരചനകളിലെ പരമ്പരാഗത രീതികള്‍ക്ക് വിപരീതമായിരുന്നത്, അക്കാലത്തെ അക്കഡമിക്ക് സമൂഹത്തില്‍ നിന്ന് അദ്ദേഹത്തെ അകറ്റി. ഒരളവുവരെ ആ അകലം ഇന്നും നിലനില്ക്കുന്നു. നീച്ചയുടെ ചിന്തയെ അസ്ഥിരവും, യഥാര്ഥതത്ത്വചിന്തയെന്നതിനുപകരം ഭാവനാവ്യാപാരവും, ആയി പല അനലറ്റിക് തത്ത്വചിന്തകന്മാരും വിലയിരുത്തുന്നുവെന്നത് അതിന് തെളിവാണ്.
നീച്ചയെ കാര്യമായി പഠിക്കുന്നവര്‍ പ്രത്യേകം പരിഗണിക്കാറുള്ള അദ്ദേഹത്തിന്റെ ചിന്തയിലെ പ്രമേയങ്ങളില്‍ ചിലത്, സദാചാരത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ നിലപാട്, ദൈവം മരിച്ചുവെന്നും ലോകത്തിന്റെമേലുള്ള ദൈവപരിപാലനയിലെ വിശ്വാസത്തിന്റെ കാലം കഴിഞ്ഞുവെന്നുമുള്ള വാദം, അധികാരേച്ഛയെക്കുറിച്ചും അതിമനുഷ്യനെക്കുറിച്ചും, പ്രത്യാഗമനനൈരന്തര്യത്തെക്കുറിച്ചും(eternal return) ഉള്ള ആശയങ്ങള്‍ തുടങ്ങിയവയാണ്.
[തിരുത്തുക] സദാചാരം
തന്റെ "സദാചാരത്തിനെതിരായുള്ള സമരം" നീച്ച തുടങ്ങുന്നത് 'പുലരി' എന്ന കൃതിയിലാണ്. [26] അദ്ദേഹം സ്വയം 'ദുരാചാരി' എന്നുവിശേഷിപ്പിക്കുകയും നിലവിലുണ്ടായിരുന്ന സന്മാര്ഗവ്യവസ്ഥകളായ ക്രിസ്തുമതം, കാന്റിന്റെ ധാര്‍മ്മികവ്യവസ്ഥ, പ്രയോജനവാദം എന്നിവയെ നിശിതമായി വിമര്‍ശിക്കുകയും ചെയ്തു. അതേസമയം സദാചാരത്തെ ഇല്ലാതാക്കുകയായിരുന്നില്ല നീച്ചയുടെ ലക്‌ഷ്യം. യഹൂദ-ക്രൈസ്തവ മൂല്യവ്യവസ്ഥയുടെ പുനര്‍നിര്‍ണ്ണയത്തില്‍ തുടങ്ങി, ജീവന്റെ അടിസ്ഥാനചോദനകളെ ആധാരമാക്കിയ കൂടുതല്‍ സ്വാഭാവികവും ജീവഗന്ധിയുമായ മൂല്യസങ്കല്പത്തിലെത്താനാണ് നീച്ച ആഗ്രഹിച്ചത്.
സദാചാരത്തിന്റെ വികാസചരിത്രം നീച്ചക്ക് പ്രധാനമായിരുന്നു. ആ ചരിത്രം അദ്ദേഹം പറയുന്നത് ഒരു വംശാവലിവിവരണത്തിലൂടെയാണ്. ഇതനുസരിച്ച്, ആദ്യത്തെ സദാചാരവ്യവസ്ഥ 'യജമാനസദാചാരം' (Master Morality) ആയിരുന്നു. ഹോമറിന്റെ ഇതിഹാസങ്ങള്‍ വരുച്ചുകാട്ടുന്ന ഗ്രീസിലെ വ്യവസ്ഥ ഇതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ്. ഇതില്‍ മൂല്യങ്ങള്‍ സൃഷ്ടിക്കപ്പെടുന്നത് നല്ലതും ചീത്തയും തമ്മിലുള്ള വൈരുദ്ധ്യത്തില്‍ നിന്നാണ്. സമ്പത്ത്, ശക്തി, ആരോഗ്യം, അധികാരം തുടങ്ങി, ഹോമറിന്റെ നായകന്മാരില് കണ്ടിരുന്ന ഗുണങ്ങള്‍ നല്ലതായി എണ്ണപ്പെടുന്നു. അടിമയുടെ രോഗ-ദാരിദ്ര്യ-ദൗര്‍ബ്ബല്യങ്ങളും അവയില്‍ നിന്നുണ്ടാകുന്ന പരിതാപാവസ്ഥയും ചീത്ത ഗുണങ്ങളായും കണക്കാക്കപ്പെടുന്നു.
ഇതിന് വിപരീതമായ 'അടിമസദാചാരം', യജമാന സദാചാരത്തോടുള്ള പ്രതിക്ഷേധത്തില്‍ നിന്ന് ജനിക്കുന്നതാണ്. അടിമസദാചാരത്തിന്റെ ഉല്പത്തിയെ നീച്ച യഹൂദ-ക്രൈസ്തവ പാരമ്പര്യങ്ങളുമായി ബന്ധപ്പെടുത്തി. ഇവിടെ മൂല്യങ്ങള്‍ ജനിക്കുന്നത് നന്മയും തിന്മയും തമ്മിലുള്ള താരതമ്യത്തില്‍ നിന്നാണ്. ഇതില്‍ കരുണ, ഭക്തി, ഇന്ദ്രിയനിഗ്രഹം, വിനീതഭാവം, വിധേയത്വം മുതലായവ നന്മകളായും; ക്രൂരത, സ്വാര്‍ഥത, സമ്പന്നത, ഭോഗപരത, ആക്രമണോത്സുകത തുടങ്ങിയവ തിന്മകളായും എണ്ണപ്പെടുന്നു. അടിമസദാചാരം, യജമാനന്മാരുടെ മൂല്യവ്യവസ്ഥയെ അട്ടിമറിച്ച് സ്വന്തം അധികാരം സ്ഥാപിക്കാനായി, റോമന്‍ ആധിപത്യത്തില്‍ കീഴിലെ യഹൂദരേയും ക്രൈസ്തവരേയും പോലുള്ള അടിമ-ദുര്‍ബ്ബല വിഭാഗങ്ങള്‍ പ്രയോഗിച്ച സൂത്രമായിരുന്നെന്ന് നീച്ച കരുതി. തങ്ങളുടെ ദുര്‍ബ്ബലാവസ്ഥയെ വിശദീകരിക്കാനും സമൂഹത്തെ മുഴുവന്‍ അടിമശൈലിയില് രൂപപ്പെടുത്താനും ഈ വിഭാഗങ്ങള്‍ അടിമസദാചാരത്തെ ആയുധമാക്കി.
അടിമസദാചാരത്തെ യൂറോപ്പിനെ പിടികൂടിയ സാമൂഹ്യവിപത്തായി നീച്ച കണക്കാക്കി. വെറുപ്പിലും, അപരനെ തിന്മയായികണ്ട് അപലപിക്കുന്നതിലും അല്ലാതെ മറ്റൊന്നിലും അടിസ്ഥാനമില്ലാത്ത മൂല്യവ്യവസ്ഥയാണത്. സ്നേഹവും ദയയും പ്രസംഗിക്കുന്ന ക്രിസ്ത്യാനികള്‍ തന്നെ, സദാചാരത്തിന്റെ വിലക്കുകള്‍ മൂലം തങ്ങള്‍ പരസ്യമായി ചെയ്യാന്‍ മടിക്കുന്ന കാര്യങ്ങള്‍ ചെയ്യുന്നതിന്റെ പേരില്‍ മറ്റുള്ളവരെ നിന്ദിക്കുന്നതില്‍ ആനന്ദം കണ്ടെത്തുന്നുവെന്ന് നീച്ച കരുതി. ഇത് ക്രിസ്തീയതയെ ഒരുതരം കാപട്യമാക്കുന്നു. ലോകത്തിലെ ശക്തന്മാരോട്, അവര്‍ എടുത്തണിഞ്ഞിരിക്കുന്ന ചങ്ങലകള്‍ വലിച്ചെറിഞ്ഞ്, അവരുടെ ശക്തിക്കും, ആരോഗ്യത്തിനും, ജീവചൈതന്യത്തിനും ഇണങ്ങുംവിധം ജീവിക്കാന്‍ നീച്ച ആവശ്യപ്പെട്ടു.[27]
[തിരുത്തുക] ക്രിസ്തുമതത്തിന്റെ വിമര്‍ശനം
ക്രിസ്തുമതത്തെക്കുറിച്ച് നീച്ച പ്രകടിപ്പിച്ച വീക്ഷണങ്ങള്‍ അദ്ദേഹത്തിന്റെ സദാചാരചിന്തയുടെ ഒരു പ്രധാനഭാഗമായിരുന്നു. ക്രിസ്തുമതത്തെ ആധുനികകാലത്ത് ഏറ്റവും നിശിതമായി വിമര്‍ശിച്ചവരില്‍ ഒരാളായിരുന്നു നീച്ച. പിടിപ്പുകെട്ടവരുടേയും പരാജിതരുടേയും പ്രതിക്ഷേധത്തില്‍ നിന്ന് ഉറവെടുത്ത, വിസര്‍ജ്ജ്യഘടകങ്ങള്‍ നിറഞ്ഞ ചീയലിന്റെ പ്രസ്ഥാനമെന്ന് നീച്ച അതിനെ വിശേഷിപ്പിച്ചു. യഹൂദന്മാര് തുടങ്ങിവച്ച പ്രതിക്ഷേധത്തെ ക്രിസ്തുമതത്തിലേക്ക് കൊണ്ടുവന്നത്, യാതൊരുസത്യസന്ധതയുമില്ലാതിരുന്ന പൗലോസ് അപ്പസ്തോലനെപ്പോലുള്ള വിശുദ്ധ അപസ്മാരരോഗികളാണ്. കുലീനതതൊട്ടുതീണ്ടിയില്ലാത്ത തരം ജനുസിലെ മനുഷ്യന് മാത്രം ചേരുന്ന സുവിശേഷമെന്ന് പുതിയനിയമത്തെ നീച്ച വിശേഷിപ്പിച്ചു. എക്കാലത്തേയും ഏറ്റവും മാരകവും വിഭ്രാമകവും ആയ നുണയാണ് ക്രിസ്തുമതം. ക്രിസ്തുമതത്തിലെ ആദര്ശമനുഷ്യനെപ്പോലെ ഒരാള്‍ ഒരിക്കലും ഉണ്ടായിട്ടില്ല. റോമന്‍ ചരിത്രകാരനായ പ്ലൂട്ടാര്‍ക്ക് എഴുതിയ മഹത്ജീവിതചരിത്രങ്ങള് വായിച്ചാല്‍ അത് വ്യക്തമാകും. [28]
പൗലോസിനേയും ക്രിസ്തുമതത്തേയും വിമര്‍ശിക്കുമ്പോഴും നീച്ച യേശുവിനെ വിമര്‍ശിക്കുന്നില്ല. "യേശു, നല്ലവരും നീതിമാന്മാരുമെന്നവകാശപ്പെട്ടവരുടെ അടുത്തേക്ക് വരാതെ വരാതെ മരുഭൂമിയില്‍ തന്നെ കഴിഞ്ഞിരുന്നെങ്കില്‍, ഭൂമിയെ സ്നേഹിക്കുവാനും പുഞ്ചിരിക്കുവാനും പഠിക്കുമായിരുന്നു" എന്ന് അദ്ദേഹം 'സരത്തുസ്ട്രാ' യില്‍ എഴുതി. "ദൈവരാജ്യം നിങ്ങള്‍ക്കുള്ളിലാണ്" എന്ന യേശുവിന്റെ വചനം നീച്ച 'അന്തിക്രിസ്തു'വില്‍ അംഗീകാരപൂര്‍വം ഉദ്ധരിക്കുന്നു. നിത്യജീവിതം ഇവിടെത്തന്നെയാണ്, ഇല്ലാത്ത മറ്റൊരു ലോകത്തിലല്ല എന്ന വ്യാഖ്യാനമാണ് അദ്ദേഹം ആ വ്യാക്യത്തിന് അതില്‍ നല്‍കിയത് എന്നുമാത്രം.
[തിരുത്തുക] ദൈവത്തിന്റെ മരണം
സന്തുഷ്ടശാസ്ത്രം(The Gay Science) പോലുള്ള പല രചനകളിലും നീച്ച "ദൈവം മരിച്ചു" എന്ന് പ്രഖ്യാപിക്കുന്നുണ്ട്. നീച്ചയുടെ ഏറ്റവും അറിയപ്പെടുന്ന വാക്യങ്ങളിലൊന്നാണത്. ഈ പ്രസ്ഥാവന അടിസ്ഥാനമാക്കി മിക്കവരും [29]അദ്ദേഹത്തെ കണക്കാക്കുന്നത് നിരീശ്വരവാദിയായാണ്. ശാസ്ത്രത്തിന്റെ മുന്നേറ്റവും സമൂഹത്തിന്റെ മതേതരവല്‍ക്കരണവും ചേര്‍ന്ന്, ആയിരത്തിലേറെക്കൊല്ലക്കാലം പാശ്ചാത്യമനുഷ്യന് അര്‍ത്ഥത്തിന്റേയും മൂല്യത്തിന്റേയും അടിസ്ഥാനമായിരുന്ന ക്രൈസ്തവദൈവത്തെ കൊന്നു എന്ന് നീച്ച പ്രഖ്യാപിച്ചു.
[തിരുത്തുക] വീക്ഷണകോണവാദം
ദൈവത്തിന്റെ മരണം ക്രമേണ, എല്ലാത്തിനേയും വിലയിരുത്താന്‍ പറ്റിയ സാര്‍വത്രികമായ വീക്ഷണകോണത്തിന്റേയും അതോടൊപ്പം വസ്തുനിഷ്ടമായ സത്യമെന്ന സങ്കല്പത്തിന്റേയും തിരോധാനത്തില്‍ കലാശിക്കുമെന്ന് നീച്ച കരുതി. [30] അവയുടെ സ്ഥാനത്ത് അവശേഷിക്കുക നമുക്ക് വ്യക്തിപരമായുള്ള അനേകം ചഞ്ചലവീക്ഷണങ്ങളുടെ വൈവിദ്ധ്യമാണ്. ഈ നിലപാട് 'വീക്ഷണകോണവാദം' (perspectivism) എന്നറിയപ്പെടുന്നു.
[തിരുത്തുക] സര്‍വനിഷേധവാദം
മറ്റൊരുവഴിക്ക്, ദൈവത്തിന്റെ മരണം കേവലമായ വീക്ഷണകോണവാദത്തിനപ്പുറം ഒരുതരം സര്വനിഷേധമായി (nihilism) ഒന്നിനും എന്തെങ്കിലും പ്രാധാന്യമോ, ജീവിതത്തിന് ലക്‌ഷ്യമോ ഇല്ലെന്ന നിലപാടായേക്കാം. ഹൈഡഗര്‍ ഇതിനെ ഇങ്ങനെ വിശദീകരിക്കുന്നു. "എല്ലത്തിന്റേയും ഇന്ദ്രിയാതീതമായ അടിസ്ഥാനവും ലക്‌ഷ്യവുമായ ദൈവം മരിച്ചെങ്കില്‍, ഇന്ദ്രിയാതീതമായ ആശയങ്ങളുടെ ലോകത്തിന്റെ ജീവനും വികാസത്തിനും ആവശ്യമായിരന്ന ശക്തി നശിച്ചെങ്കില്‍, മനുഷ്യന് ആശ്രയത്തിന് അള്ളിപ്പിടിക്കാനും വഴികാട്ടിയുമായി സ്വീകരിക്കാനും ഒന്നുമില്ല."[31] "സരത്തുസ്ട്രാ ഇങ്ങനെ പറഞ്ഞു" എന്ന കൃതിയില്‍ ഈ ആശയത്തെ കൂടുതല്‍ വികസിപ്പിച്ച്, നീച്ച മൂല്യങ്ങളുടെ സൃഷ്ടാവായ അതിമനുഷ്യന്‍(Ubermensch) എന്ന സങ്കല്പത്തിലെത്തിച്ചേര്ന്നു. ലാമ്പെര്‍ട്ടിന്റെ അഭിപ്രായത്തില്‍ "ദൈവത്തിന്റെ മരണത്തെ തുടര്‍ന്നുണ്ടാവുക, വിശ്വാസവും നിഷേധവാദവും ഒന്നിച്ചുനില്‍ക്കുന്ന ഒരു ദിനപ്പകര്ച്ചയാണ്(Twilight of piety and nihilism). സരത്തുസ്ട്രാ അതിമനുഷ്യനെ സമ്മാനിച്ചത് അയാള്‍ക്ക് പരിഹരിക്കാനുള്ള പ്രശ്നത്തിന്റെ സ്വഭാവമെന്താണെന്നുതന്നെ അറിഞ്ഞുകൂടാത്ത മനുഷ്യരാശിക്കാണ്.[32]
[തിരുത്തുക] അധികാരേച്ഛ
മനുഷ്യവ്യക്തികളുടെ പെരുമാറ്റത്തിന്റെ വിശദീകരണത്തിന് നീച്ച ഉപയോഗിച്ച 'അധികാരേച്ഛ' എന്ന സങ്കല്പം തത്ത്വചിന്തയോടുള്ള അദ്ദേഹത്തിന്റെ സമീപനത്തിന്റെ ഒരു പ്രധാനഘടകമാണ്. അധികാരേച്ഛ, സാഹചര്യങ്ങള്‍ക്കൊപ്പം മാറി അതിജീവനം ഉറപ്പാക്കാനുള്ള പ്രേരണ മാത്രമല്ലെന്ന് നീച്ച പലയിടത്തും വ്യക്തമാക്കിയിട്ടുണ്ട്.[33] പില്ക്കാലരചനകളില് അധികാരേച്ഛയെ എല്ലാ ജീവജാലങ്ങള്‍ക്കും ബാധകമായ ഒരു ശക്തിയായാണ് നീച്ച അവതരിപ്പിച്ചത്. നിലനില്ക്കാന് വേണ്ടി പരിസരത്തിനൊത്തുമാറാനുള്ള ത്വരയേക്കാള്‍ ജീവജാലങ്ങളുടെ പരിണാമത്തിന് കാരണമായിരിക്കുന്നത്, അധികാരം വികസിപ്പിക്കാനുള്ള അവരുടെ ഇച്ഛയാണന്നാണ് നീച്ച ഈ രചനകളില്‍ സൂചിപ്പിച്ചത്. പിന്നീട് ഈ ആശയത്തെ കുറേക്കൂടി മുന്നോട്ട് കൊണ്ടുപോയ നീച്ച, പദാര്‍ഥത്തെ 'ബലകേന്ദ്രങ്ങള്‍' എന്നതിനുപകരം 'ഇച്ഛാശക്തിയുടെ കേന്ദ്രങ്ങള്‍' എന്ന് നിര്‍വചിച്ചു. പരസ്പരം ബന്ധപ്പെട്ടിരിക്കുന്ന ശക്തികള്‍ക്കിടയില്‍ അളവുകളിലുള്ള വ്യത്യാസത്തിനും, ഓരോ ശക്തിയേയും മറ്റുള്ളവയുമായുള്ള ബന്ധത്തിലേക്കു നയിക്കുന്ന ഗുണത്തിനും അടിസ്ഥാനമായിരിക്കുന്ന ഘടകമെന്ന് അധികാരേച്ഛ നിര്‍വചിക്കപ്പെട്ടിട്ടുണ്ട്. ഈ നിര്‍വചനത്തില്‍ അത്, ശക്തികളുടെ സംശ്ലേഷണത്തിനു പിന്നിലെ തത്ത്വമാണ്(principle of synthesis of forces). [34]
ഷോപ്പന്‍ഹോവറുടെ ജീവിതേച്ഛ എന്ന ആശയത്തോടുള്ള പ്രതികരണമായും അധികാരേച്ഛയെ കാണാം. മരണം അനിവാര്യമായ അന്തിമസത്യമാണെന്നിരുന്നിട്ടും അതില്‍ നിന്നൊഴിവാകാനും പ്രത്യുല്പാദനത്തിലേര്പ്പെടുവാനും പ്രേരണനല്കിക്കൊണ്ടിരിക്കുന്ന ആദിമമായ ഒരു ജീവിതേച്ഛ പ്രപഞ്ചത്തെയാകെ ഗ്രസിച്ചുനില്ക്കുന്നതായി നീച്ചക്ക് ഒരു തലമുറമുന്‍പ് ഷോപ്പന്‍ഹോവര്‍ എഴുതി. ഇതിനെ ചോദ്യം ചെയ്ത നീച്ച, മനുഷ്യരും മറ്റുജീവികളും യഥാര്‍ഥത്തില്‍ ആഗ്രഹിക്കുന്നത് അധികാരമാണെന്നു വാദിച്ചു. ജീവിച്ചിരിക്കുകയെന്നത് അധികാരത്തിന്റെ വികസനത്തിന് ആവശ്യമാകുന്നിടത്തോളം മാത്രം പ്രസക്തമായ ആനുഷംഗികലക്‌ഷ്യം മാത്രമാണ്. ഇതിന് തെളിവായി, മനുഷ്യരും മൃഗങ്ങളും അധികാരവര്ദ്ധനക്കുവേണ്ടി യുദ്ധങ്ങളിലും മത്സരപ്പോരുകളിലും മറ്റും സ്വമനസ്സാലെ ജീവന് അപകടത്തിലാക്കുന്നത് നീച്ച ചുണ്ടിക്കാണിക്കുന്നു. ഇവിടേയും നീച്ച, തനിക്ക് നല്ല പരിചയമുണ്ടായിരുന്ന ഹോമറുടെ ഗ്രീക്ക് ഇതിഹാസങ്ങളില്‍ നിന്ന് ആശയങ്ങള്‍ സ്വീകരിക്കുന്നതായി തോന്നും. അവയിലെ കുലീനനായകന്മാര്‍ ആഗ്രഹിച്ചത് വെറുതേ ജീവിച്ചിരിക്കാനല്ല. യുദ്ധങ്ങളില്‍ ജീവന് അപകടത്തിലാക്കി അവര്‍ പലപ്പോഴും യുവാവസ്ഥയില്‍ തന്നെ മരിച്ചിരുന്നു. അവര്‍ക്കുവേണ്ടിയിരുന്നത്, അധികാരവും, പുകഴ്ച്ചയും, മഹത്ത്വവും ആയിരുന്നു. യവനസംസ്കാരത്തിലെ മത്സരം(agon) എന്ന ആശയത്തെ ഈ സന്ദര്‍ഭത്തില്‍ നീച്ച പലപ്പോഴും പരാമര്‍ശിക്കുന്നുണ്ട്.
ഷോപ്പന്‍ഹോവറുടെ മന:ശ്ശാസ്ത്രമാനങ്ങളുള്ള സിദ്ധാന്തത്തിനുപുറമേ, അക്കാലത്ത് പ്രചാരത്തിലിരുന്ന മറ്റുപലസിദ്ധാന്തങ്ങളുമായും നീച്ച അധികാരേച്ഛയെ താരതമ്യം ചെയ്തു. എല്ലാമനുഷ്യരും അടിസ്ഥാനപരമായി ആഗ്രഹിക്കുന്നത് സന്തുഷ്ടിയാണെന്നു [ഗ] വാദിച്ച പ്രയോജനവാദികളുടേയും, നന്മയുമായോ, ദൈവവുമായോ ഉള്ള ഐക്യമാണ് മനുഷ്യരുടെ ആഗ്രഹമെന്ന് പറഞ്ഞ പ്ലേറ്റോണിസ്റ്റുകളുടേയും ക്രൈസ്തവ-നവപ്ലേറ്റോണിസ്റ്റുകളുടേയും ഒക്കെ നിലപാടുകളെ അദ്ദേഹം പരിഗണിക്കുന്നുണ്ട്. മനുഷ്യപ്രകൃതിയുടെ പൊതുവിശദീകരണമെന്ന നിലയില്‍ അധികാരേച്ഛ ഇവയെല്ലാത്തിനേയുംകാള് വിശ്വസനീയമാണെന്ന് നീച്ച വാദിച്ചു.
[തിരുത്തുക] അതിമനുഷ്യന്‍
നീച്ചയുടെ ചിന്തയെ മനസ്സിലാക്കാന്‍ അറിഞ്ഞിരിക്കേണ്ട ഒരു പ്രധാന സങ്കല്പമാണ് 'അതിമനുഷ്യന്‍'. ജര്‍മ്മന്‍ ഭാഷയില്‍ നീച്ച ഇതിന് ഉപയോഗിച്ച Ubermensch എന്ന് വാക്ക് അലിംഗപദമാണെങ്കിലും ഇംഗ്ലീഷ് അടക്കമുള്ള ഭാഷകളില്‍ അതിന് സാധാരണ കാണാറുള്ള പരിഭാഷ പുല്ലിംഗമാണ്. അതിമനുഷ്യനെ നീച്ച അവസാനമനുഷ്യനുമായി താരതമ്യം ചെയ്യുന്നു. നീച്ചയുടെ സങ്കല്പത്തിലെ 'അവസാനമനുഷ്യന്‍'(Last Man) ജനാധിപത്യ, ബൂര്‍ഷ്വാ, സോഷ്യലിസ്റ്റ്, കമ്മ്യൂണിസ്റ്റ് സാമൂഹ്യ-രാഷ്ട്രീയ പദ്ധതികളിലെ 'തരംതാണ' മനുഷ്യസങ്കല്പങ്ങളുടെ ശരാശരിയുടെ അതിശയോക്തരൂപമാണെന്ന് പറയാം.[35] അതിമനുഷ്യര് എന്ന ബഹുവചനരൂപം നീച്ച ഉപയോഗിക്കുന്നതേയില്ല. അതിമനുഷ്യന്‍ എന്ന സങ്കല്പത്തിന് നാസികള്‍ കൊടുത്ത വംശീയമാനങ്ങളുള്ള വ്യാഖ്യാനം കണക്കിലെടുക്കുമ്പോള്‍ ഇത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. സുഖദുഖങ്ങള്‍ തമ്മിലുള്ള അവിഭാജ്യബന്ധം തിരിച്ചറിഞ്ഞ്, സന്തോഷസന്താപങ്ങള്ക്കുപരിയും അപ്പുറവും നിലകൊള്ളുന്നവനാണ് അതിമനുഷ്യന്‍ എന്ന് മൈക്കേള്‍ ടാനര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. [36]
[തിരുത്തുക] പ്രത്യാഗമനനൈരന്തര്യം
നീച്ചയുടെ ആശയങ്ങളില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ടിട്ടുള്ള ഒന്നാണ് പ്രത്യാഗമനനൈരന്തര്യം(eternal recurrence) എന്ന സങ്കല്പം. ഇതിനെ നിത്യമായ തിരിച്ചുവരവ്, നിത്യമായ ആവര്‍ത്തനം എന്നുമൊക്കെ വിളിക്കാം. ശക്തിയും ഉശിരുമുള്ള ജീവിതത്തിന് സഹായകമായ ഒരു ചിന്താപരീക്ഷണമാണ്(thought experiment) നീച്ച ഇതിലൂടെ അവതരിപ്പിക്കുന്നത് എന്ന് പറയാം. നാം നയിക്കുന്ന ജീവിതം നമ്മുടെ മരണത്തില്‍ അവസാനിക്കുന്നില്ലെന്നും, അതിലെ ഓരോ നിമിഷവും നിത്യതയോളം അതേരൂപത്തില്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു എന്നുമാണ് പ്രത്യാഗമനനൈരന്തര്യം വാദിക്കുന്നത്. ഈ ആശയത്തെ അംഗീകരിക്കാന്‍ ബുദ്ധിമുട്ടനുഭവപ്പെടുന്നത്, ജീവിതത്തെ വിലമതിക്കേണ്ടതുപോലെ വിലമതിക്കാന്‍ ആറിയാതെവരുമ്പോഴാണ്. ഈ ആശയത്തെ സന്തോഷപൂര്‍വം സ്വീകരിക്കുന്നവരുടെ ജീവിതത്തെ അത് ധന്യമാക്കുന്നു. പ്രത്യാഗമനനൈരന്തര്യം എന്ന സങ്കല്പം, 'സന്തുഷ്ടശാസ്ത്രം', "സരത്തുസ്ട്രാ ഇങ്ങനെ പറഞ്ഞു" എന്നിവയടക്കം നീച്ചയുടെ പല കൃതികളിലും പ്രത്യക്ഷപ്പെടുന്നുണ്ട്.
[തിരുത്തുക] സ്ത്രീകളെക്കുറിച്ച്
സ്ത്രീകളെക്കുറിച്ച് നീച്ച പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങള്‍ പ്രകോപനപരവും ഏറെ ചര്ച്ചചെയ്യപ്പെട്ടിട്ടുള്ളവയുമാണ്. അവരെ എത്ര വിലകുറച്ചുകാണിച്ചാലും അദ്ദേഹത്തിന് മതിവരില്ല എന്നു തോന്നും. സ്ത്രീകള്‍ ഇനിയും സൗഹൃദത്തിന് കഴിവുള്ളവരായിട്ടില്ലെന്നും അവര്‍ ഇപ്പോഴും പൂച്ചകളും, കിളികളും ഏറിയാല്‍ പശുക്കളും ആണെന്നും അദ്ദേഹം 'സരത്തുസ്ട്രാ'യില്‍ എഴുതി. "പുരുഷന്മാര്ക്ക് യുദ്ധപരിശീലനവും സ്ത്രീകള്‍ക്ക് യോദ്ധാവിനെ വിനോദിപ്പിക്കാനുള്ള പരിശീലനവും ആണ് നല്‍കേണ്ടത്. മറ്റുവാദങ്ങളൊക്കെ തട്ടിപ്പാണ്" എന്നായിരുന്നു നീച്ചയുടെ അഭിപ്രായം. പുരുഷന്മാരെ ഉദ്ദേശിച്ച് ഒരുപദേശവുമുണ്ട്: "നീ പെണ്ണിന്റെ അടുത്തുപോവുകയാണോ? ചാട്ടവാര്‍ കൊണ്ടുപോകാന്‍ മറക്കരുത്." [37]
സ്ത്രീകളെക്കുറിച്ചുള്ള തന്റെ വിലയിരുത്തലിന് നീച്ച ഒരുതരത്തിലുമുള്ള തെളിവുകളും അവതരിപ്പിച്ചിട്ടില്ലെന്നും ഇക്കാര്യത്തില്‍ അദ്ദേഹത്തിന്റെ അനുഭവം സ്വന്തം സഹോദരി എലിസബത്തില്‍ ഒതുങ്ങിനിന്നുവെന്നും പ്രസിദ്ധചിന്തകനായ ബര്‍ട്രാന്‍ഡ് റസ്സല്‍ വിമര്‍ശിച്ചിട്ടുണ്ട്. പെണ്ണിന്റെ അടുത്തുപോകുമ്പോള്‍ ചാട്ടവര്‍ കരുതണമെന്ന് പുരുഷന്മാരെ ഉപദേശിച്ചതിനെ റസ്സല്‍ ഇങ്ങനെ പരിഹസിക്കുന്നു: "പത്തുപെണ്ണുങ്ങളില് ഒന്‍പത്പേര്‍ക്കും നീച്ചയുടെ കയ്യില്‍ നിന്ന് ചാട്ടവാര്‍ പിടിച്ചുവാങ്ങാന്‍ കഴിയും. നീച്ചക്ക് ഇതറിയാമായിരുന്നു. അതുകൊണ്ട് അദ്ദേഹം അവരില്‍ നിന്ന് കഴിയുന്നത്ര ഒഴിഞ്ഞുനില്ക്കുകയും, തന്റെ വൃണിതഗര്വിന്റെ സാന്ത്വനത്തിനായി, അവര്‍ക്കെതിരെ കടുത്ത വാക്കുകള്‍ ഉപയോഗിക്കുകയും ചെയ്തു.[38]
[തിരുത്തുക] കൃതികള്‍
- ദുരന്തകഥയുടെ ജനനം (1872)
- സദാചാരനിരപേക്ഷമായ നേരും നുണയും (1873)
- അസമയ ചിന്തകള്‍ (1876)
- മാനുഷികം, അങ്ങേയറ്റം മാനുഷികം (1879-80)
- പ്രഭാതം (1881)
- സന്തുഷ്ടശാസ്ത്രം (1882)
- സരത്തുസ്ട്രാ അങ്ങനെ പറഞ്ഞു (1883-85)
- നന്മ-തിന്മകള്‍ക്കപ്പുറം (1886)
- സദാചാരത്തിന്റെ വംശാവലി (1887)
- വാഗ്നറുടെ പക്ഷം (1888)
- വിഗ്രഹങ്ങളുടെ സായന്തനം (1888)
- അന്തിക്രിസ്തു (1888)
- ഇതാണ് ആ മനുഷ്യന് (1888)
- നീച്ച വാഗ്നര്‍ക്കെതിരെ (1888)
- അധികാരേച്ഛ (പ്രസിദ്ധീകരിക്കാതിരുന്ന കയ്യെഴുത്തുപ്രതി സഹോദരി സംശോധന ചെയ്തത്)
[തിരുത്തുക] നീച്ചയെ സ്വാധീനിച്ചവര്‍
ഭാഷാശാസ്ത്രജ്ഞനെന്ന നിലയില്‍ നീച്ച യവന തത്ത്വചിന്തയില്‍ സമഗ്രമായ അറിവുനേടിയിരുന്നു. അദ്ദേഹം കാന്റിന്റേയും മില്ലിന്റേയും ഷോപ്പന്‍ഹോവറുടേയും രചനകളും വായിച്ചു.[39] ഇവര്‍ പിന്നീട് തത്ത്വചിന്തയില്‍ നീച്ചയുടെ മുഖ്യ എതിരാളികളായി. പിന്നീട് നീച്ച സ്പിനോസയുടെ രചനകളും വായിച്ചു. സ്പിനോസയെ നീച്ച ഒരളവുവരെ തന്റെ പൂര്വഗാമിയായും [40]മറ്റൊരുവിധത്തില്‍ തനിക്കിഷ്ടമില്ലാതിരുന്ന സാത്വികതയുടെ വക്താവായും കണക്കാക്കി. ലാ റോക്കെഫോക്കാള്ഡിനേയും മറ്റും പോലുള്ള പതിനേഴാം നൂറ്റാണ്ടിലെ ഫ്രഞ്ച് എഴുത്തുകാരേയും പത്തൊന്‍പതാം നൂറ്റാണ്ടിലെ സ്റ്റെന്ധാളിനേയും നീച്ചക്ക് ഇഷ്ടമായിരുന്നു. യാഥാര്‍ഥ്യത്തെ ഒരു ജീവല്ഘടനയായി കണ്ട് വിശദീകരിക്കാന്‍ ശ്രമിച്ച പോള്‍ ബോര്‍ഗെറ്റ്, റുഡോള്‍ഫ് വിര്‍ചൗ, ആല്‍ഫ്രെഡ് എസ്പിനാസ് തുടങ്ങിയവര്‍ (Organicists)നീച്ചയെ സ്വാധീനിച്ചിരുന്നു. ഡാര്‍വിന്റെ സിദ്ധാന്തങ്ങളെക്കുറിച്ച് നീച്ച, ഫ്രീഡ്രിക്ക് ലാങ്ങ് വഴി മനസ്സിലാക്കിയിരുന്നു. ലിയോ ടോള്‍സ്റ്റോയിയുടെ "എന്റെ മതം" ഏണസ്റ്റ് റീനാന്‍ എഴുതിയ "യേശുവിന്റെ ജീവിതം" ദോസ്തോവ്സ്കിയുടെ 'ഭൂതാവിഷ്ടര്‍' തുടങ്ങിയ കൃതികളും നീച്ച വായിച്ചിരുന്നു.[41]തനിക്ക് പഠിക്കാന്‍ എന്തെങ്കിലുമുള്ള ഒരേയൊരു മനശാസ്ത്രജ്ഞന് എന്ന് നീച്ച ദോസ്തോവ്സ്കിയെ വിശേഷിപ്പിച്ചു. റാല്‍ഫ് വാള്‍ഡോ എമേഴ്സന്റെ കൃതികളോടും നീച്ചയുടെ മനോഭാവം അനുകൂലമായിരുന്നെന്ന് അദ്ദേഹത്തിന്റെ രചനകളില്‍ നിന്ന് വ്യക്തമാകുന്നു.
[തിരുത്തുക] നീച്ചയുടെ സ്വാധീനം
തത്ത്വചിന്തകന്മാരും പൊതുജനസംസ്കാരവും നീച്ചയുടെ രചനകളോട് പ്രതികരിച്ചത് സങ്കീര്‍ണ്ണവും വിവാദപരവുമായ രീതികളിലാണ്. വ്യക്തിവാദത്തിനും വ്യക്തിത്വവികാസത്തിനും നീച്ച 'സരത്തുസ്ട്രാ'യില്‍ കൊടുത്ത ഊന്നല്‍ ജര്‍മ്മന്‍ സമൂഹം കാലക്രമേണ തിരിച്ചറിഞ്ഞു. എന്നാല്‍ അവയോട് പലരും പലവിധത്തിലാണ് പ്രതികരിച്ചത്. 1890-കളില്‍ ജര്‍മ്മനിയിലെ ഇടതുപക്ഷത്തിനിടയില്‍ ചിലര്‍ അദ്ദേഹത്തെ പിന്തുണച്ചിരുന്നു. 1894-95-ല്‍ യാഥാസ്ഥിതികര്‍ അദ്ദേഹത്തിന്റെ രചനകള്‍ വിധ്വംസകമെന്ന് പറഞ്ഞ് അവയുടെ നിരോധനം ആവശ്യപ്പെട്ടു. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനകാലം നീച്ചയുടെ രചനകള്‍ അരാജകത്വവാദവുമായി ബന്ധപ്പെടുത്തി അറിയപ്പെട്ടിരുന്നു. ഫ്രാന്‍സിലേയും അമേരിക്കന്‍ ഐക്യനാടുകളിലേയും അരാജകത്വവാദികള്ക്കിടയില് നീച്ചക്ക് സ്വാധീനമുണ്ടായിരുന്നുവെന്ന് തോന്നുന്നു.[42]
ഒന്നാംലോകമഹായുദ്ധസമയമായപ്പോള് ജര്‍മ്മനിയിലെ വലതുപക്ഷ സൈനികവാദത്തിന്റെ പ്രചോദകനായി അദ്ദേഹം അറിയപ്പെടാന്‍ തുടങ്ങി. യുദ്ധത്തിനിടെ ജര്‍മ്മന്‍ പട്ടാളക്കാര്‍ക്ക് 'സരത്തുസ്ട്രാ'യുടെ പ്രതികള്‍ സമ്മാനമായി കൊടുക്കുവാന്‍ പോലും തുടങ്ങി.[43] നീച്ചയെക്കുറിച്ചുള്ള ധാരണകളുടെ ഒരു ചിത്രം, യഹൂദവംശജനായിരുന്ന ആല്‍ഫ്രഡ് ഡ്രൈഫസ് എന്ന ഫ്രഞ്ച് സൈനികോദ്യോഗസ്ഥനെ നിരപരാധിയായിരുന്നിട്ടും രാജ്യദ്രോഹക്കുറ്റത്തിന് വിചാരണചെയ്തു ശിക്ഷിച്ച സംഭവത്തില്‍ നിന്ന് കിട്ടും. ഡ്രൈഫസിനെ പിന്തുണച്ച യഹൂദ-ഇടതുപക്ഷ ബുദ്ധിജീവികളെ, വലതുപക്ഷത്തെ യഹൂദവിരുദ്ധന്മാര് വിളിച്ചത് 'നീച്ചയന്മാര്' (Nietzscheans) എന്നാണ്.[44]
ഇരുപതാം നൂറ്റാണ്ടിലെ രാഷ്ട്രീയ സ്വേച്ഛാപതികളായ സ്റ്റാലിന്[45], ഹിറ്റ്ലര്‍[46], മുസ്സോലിനി[47] തുടങ്ങിയവര്‍ നീച്ചയുടെ കൃതികള്‍ വായിച്ചിരുന്നു. നാത്സികള് നീച്ചയുടെ തത്ത്വചിന്തയില്‍ തങ്ങള്‍ക്ക് ഇഷ്ടമുള്ളത് സ്വീകരിച്ചു. നാത്‌സി ആശയസംഹിതയുമായുള്ള ഈ ബന്ധം രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം നീച്ചയുടെ ജനസമ്മതിയെ ബാധിച്ചു.
ഏതായാലും നീച്ചയുടെ ചിന്തകള്‍ മൈക്കേള്‍ ഫുക്കോ, ഷാക്ക് ഡെറിഡാ, മാര്ട്ടിന് ഹൈഡഗര്‍, ആല്‍ബര്‍ട്ട് കാമ്യു, ജീന്‍ പോള്‍ സാര്‍ത്രെ എന്നിവരുള്‍പ്പെടെയുള്ള പില്ക്കാല ചിന്തകന്മാരെ കാര്യമായി സ്വാധീനിച്ചു. ആംഗല-അമേരിക്കന്‍ പാരമ്പര്യത്തില്‍ വാള്‍ട്ടര്‍ കൗഫ്മാന്റേയും ആര്.ജെ. ഹോളിങ്ങ്‌ഡേലിന്റെയും പഠനങ്ങള്‍ ഒരു തത്ത്വചിന്തകനെന്ന നിലയില്‍ നീച്ചക്ക് പുന:പ്രതിഷ്ഠ നല്കി. നീച്ചയുടെ "ഉപരിവര്‍ഗ്ഗ തീവ്രവാദത്തെ" സമാനതാവാദമായി ദുര്വ്യാഖ്യാനമാക്കുന്ന ജനകീയവ്യാഖ്യാനത്തെ വിമര്‍ശിക്കുന്ന ഒരു ന്യൂനപക്ഷം നീച്ച വ്യാഖ്യാതാക്കള്‍ വേറേയുമുണ്ട്.
[തിരുത്തുക] നീച്ചയുടെ സഹോദരി
തന്റെ സഹോദരി എലിസബത്തിന് നീച്ച ഒട്ടേറെ കത്തുകള്‍ എഴുതിയിരുന്നു. പത്തൊന്‍പതാം നൂറ്റാണ്ടിനൊടുവിലും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലും എലിസബത്ത് യഹൂദവിരുദ്ധതയുമായി ബന്ധപ്പെട്ടിരുന്നു.[48] തുടക്കം മുതലേ ആര്യന് വംശത്തിന്റെ മേന്മയില് വിശ്വസിച്ചിരുന്ന എലിസബത്ത് 1880-കളില്‍ യഹൂദവിരുദ്ധപ്രവര്ത്തകനായ ബെര്‍ണാര്‍ഡ് ബേണ്‍ഹാര്‍ഡ് ഫോര്സ്റ്ററെ വിവാഹം കഴിച്ചു. അവരിരുവരും, പരാഗ്വേയില്‍ നവ-ജര്‍മ്മനി എന്ന പേരില്‍ ഒരു ആര്യന് കോളനി സ്ഥാപിക്കാനുദ്ദേശിച്ച് പുറപ്പെട്ടു.[49] അവരുടെ പദ്ധതി പ്രതീക്ഷിച്ചതുപോലെ നടപ്പായില്ല. നേരത്തേതന്നെ സഹോദരിക്ക് മുന്നറിയിപ്പ്‌കൊടുത്തിരുന്ന നീച്ചയെ അത് അത്ഭുതപ്പെടുത്തിയില്ല. [50] "ഞാന്‍ പ്രസിദ്ധീകരിക്കാന്‍ പോകുന്ന പുസ്തകങ്ങളുടെ വായന, അപകടകരമായ കൗതുകത്തിനൊന്നും കാരണമാകാതെ നോക്കണമെന്ന്" നീച്ച എലിസബത്തിനെഴുതിയിരുന്നു. [51]സഹോദരി തന്റെ രചനകളെ സഹോദരി ദുര്‍വ്യഖ്യാനം ചെയ്യുകയോ, അവയ്ക്ക് ഗ്രന്ഥകാരന് ഉദ്ദേശിക്കാത്ത വ്യാഖ്യാനങ്ങള്‍ നല്കാന് ശ്രമിക്കുന്നവരാല്‍ വഴിതെറ്റിക്കപ്പെടുകയോ ചെയ്തേക്കാമെന്ന ഭയമായിരുന്നു നീച്ച പ്രകടിപ്പിച്ചത്. നീച്ചയുടെ ഈ ഭയം ഒടുവില്‍ യാഥാര്‍ഥ്യമായി. എലിസബത്ത്, നീച്ചയുടെ രചനകളെ തന്റെ മുന്‍ഗണനകള്‍ക്ക് ചേരുംവിധം വ്യാഖ്യാനിച്ചു. [52] നീച്ചയുടെ മാനസികമായ തകര്‍ച്ചക്കുശേഷം അദ്ദേഹത്തിന്റെ പ്രകാശിതവും അപ്രകാശിതവുമായ രചനകളുടെ നിയന്ത്രണം എലിസബത്ത് ഏറ്റെടുക്കുകയും അവയെ, തോന്നുംപോലെ വ്യാഖ്യാനിക്കുകയും ചെയ്തു. നീച്ചയുടെ മരണശേഷം അവര്‍ ഒരുപടികൂടി കടന്ന്, കൃതികളില്‍ തിരുത്തലുകള്‍ വരുത്തുകയും ചിലതൊക്കെ പൂര്‍ണ്ണമായി മറ്റിയെഴുതുകയും ചെയ്തു. പിന്നീട് എലിസബത്ത് നാത്‌സി സര്‍ക്കാരിനെ പിന്തുണക്കുകയും നീച്ചയുടെ ചിന്തയെ നാത്‌സി ആശയസംഹിതക്കിണങ്ങും വിധം വളച്ചൊടിക്കാന്‍ ശ്രമിക്കുകയും ചെയ്തു. [53]
[തിരുത്തുക] നുറുങ്ങുകള്‍
- നീച്ചയുടെ ജനനകാലത്ത് ഏകീകൃതജര്‍മ്മന്‍ രാഷ്ട്രം രൂപീകരിക്കപ്പെട്ടുകഴിഞ്ഞിരുന്നില്ല. നാട്ടുരാജ്യങ്ങളില്‍ ഒന്നായ പ്രഷ്യയിലാണ് നീച്ച ജനിച്ചതെങ്കിലും ബാസലില്‍ അദ്ധ്യാപകനായി ജോലി സ്വീകരിക്കാന്‍ വേണ്ടി പ്രഷ്യന്‍ പൗരത്വം ഉപേക്ഷിച്ചിരുന്നു. എന്നിട്ടും നീച്ചയെ ഒരു ജര്‍മ്മന്‍ ചിന്തകനായാണ് തത്ത്വചിന്തകന്മാരും സാധാരണക്കാരും കരുതിവരുന്നത്. തന്റെ ദേശീയതയെക്കുറിച്ച് നീച്ചയുടെതന്നെ ധാരണ വളരെ സങ്കീര്‍ണ്ണമായിരുന്നു. പൂര്വികന്മാര് പോളണ്ടുകാരായിരുന്നെന്നും യാത്രകള്‍ക്കിടയില്‍ പോളണ്ടുകാരടക്കമുള്ളവര്‍ തന്നെ ആ നാട്ടുകാരനായി കരുതാറുണ്ടെന്നും ജര്‍മ്മനിയുടേതെന്ന് പറയാന്‍ തന്നിലുള്ളത് പുറം പൂച്ച് മാത്രമാണെന്നും "ഇതാണ് ആ മനുഷ്യന്" എന്ന കൃതിയില്‍ നീച്ച എഴുതിയിട്ടുണ്ട്.[54] പഴയ ജര്‍മ്മന്‍ ചിന്തകന്മാരില് ഷോപ്പന്‍ഹോവറുടെ കൃതികള്‍ മാത്രമാണ് നീച്ചയുടെ സ്വകാര്യഗ്രന്ഥശേഖരത്തില്‍ ഉണ്ടായിരുന്നത് എന്നു ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്.[55]
- ഭ്രാന്തിന്റെ കയത്തില്‍ മുങ്ങിയ നീച്ചയെ അമ്മ കാണുന്ന രംഗം, യേശുവിന്റെ ശവശരീരത്തെ മേരി മടിയില്‍ കിടത്തിയതായി ചിത്രീകരിക്കുന്ന മൈക്കെലാഞ്ജലോയുടെ പ്രഖ്യാതശില്പമായ പിയേത്തായെ അനുസ്മരിപ്പിക്കുമെന്ന് വില്‍ ഡുറാന്റ് എഴുതിയിട്ടുണ്ട്. ഭാന്ത്, നീച്ചക്ക് ജീവിതത്തിലൊരിക്കലും ലഭിക്കാതിരുന്ന ശാന്തി കൊടുത്തുവെന്നും ഡുറാന്റ് എഴുതി. ഭാന്തിലേക്ക് തള്ളിവിട്ട് പ്രകൃതി അദ്ദേഹത്തോട് കരുണ കാണിക്കുകയായിരുന്നത്രെ. ആ അവസ്ഥയില്‍ അദ്ദേഹം അസന്തുഷ്ടനായിരുന്നില്ല. ഒരിക്കല്‍ തന്നെ നോക്കി സഹോദരി കണ്ണീരൊഴുക്കുന്നതുകണ്ടിട്ട്, നീച്ചക്ക് കാരണം മനസ്സിലായില്ല. അദ്ദേഹം അവരോട് ചോദിച്ചു: "ലിസ്ബത്ത്, നമുക്ക് സന്തോഷമാണല്ലോ. പിന്നെ നീ കരയുന്നതെന്തിന്." മറ്റൊരിക്കല്‍ ആരോ പുസ്തകങ്ങളുടെ കാര്യം ചര്‍ച്ച ചെയ്യുന്നത് കേട്ട അദ്ദേഹം പുഞ്ചിരിച്ച്, "ഹാ!, ഞാനും ചില നല്ല പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്" എന്നു പറഞ്ഞു.[56]
[തിരുത്തുക] കുറിപ്പുകള്‍
ക.^ ഒരു കാലത്ത് തന്റെ പേരില്‍ വിശുദ്ധി ആരോപിക്കപ്പെട്ടേക്കാമെന്ന ഭയം, നീച്ച "ഇതാണ് ആ മനുഷ്യന്" എന്ന കൃതിയില്‍ പ്രകടിപ്പിച്ചിരുന്നു.
ഖ.^ 1880-കളുടെ ആദ്യഭാഗത്ത് നീച്ചയെ അടുത്തറിഞ്ഞിരുന്ന സലോമി, അദ്ദേഹത്തെക്കുറിച്ച് വര്‍ഷങ്ങള്‍ക്കുശേഷം 1932-ല്‍ വീണ്ടും എഴുതി. "തിരിഞ്ഞുനോട്ടം: സ്മരണകള്‍" എന്നു പേരിട്ട ആ പുസ്തകം നീച്ച, റെയ്നര്‍ മരിയ റില്‍ക്കെ, സിഗ്മണ്ട് ഫ്രോയിഡ് എന്നിവരുമായുള്ള സലോമിയുടെ ബൗദ്ധികസൗഹൃദത്തിന്റെ കഥയായിരുന്നു.
ഗ.^ അത് ഇംഗ്ലീഷുകാരന്റെ മാത്രം ആഗ്രഹമാണെന്ന് നീച്ച കരുതി.
[തിരുത്തുക] അവലംബം
- ↑ Baird, Forrest E.; Walter Kaufmann (2008). From Plato to Derrida. Upper Saddle River, New Jersey: Pearson Prentice Hall. pp. 1011-1014. ISBN 0-13-158591-6.
- ↑ Kaufmann, Walter, Nietzsche: Philosopher, Psychologist, Antichrist, p. 22.
- ↑ 3.0 3.1 Schaberg, William, The Nietzsche Canon, University of Chicago Press, 1996, p. 32
- ↑ Jörg Salaquarda, "Nietzsche and the Judaeo-Christian tradition," in The Cambridge Companion to Nietzsche (Cambridge: Cambridge University Press, 1996), 99.
- ↑ അപകടത്തെക്കുറിച്ചുള്ള നീച്ചയുടെ വിവരണം കാള്‍ വോണ്‍ ഗെര്സ്ഡ്രോഫിനെ ജൂണ്‍ 1868-ല്‍ എഴുതിയ കത്തില്‍ വായിക്കാം - http://en.wikisource.org/wiki/Selected_Letters_of_Friedrich_Nietzsche#To_Freiherr_Karl_Von_Gersdorff_-_June.2C_1868
- ↑ നീച്ചയുടെ തെരഞ്ഞെടുത്ത കത്തുകള്‍ - വാഗ്നറുമായുള്ള ആദ്യത്തെ കൂടിക്കാഴ്ച നീച്ച വിവരിക്കുന്നത് ഈ കത്തില്‍ വായിക്കാം - http://en.wikisource.org/wiki/Selected_Letters_of_Friedrich_Nietzsche#To_Rohde_-_November.2C_1868
- ↑ Kaufmann, p. 25.
- ↑ Richard Schain, The Legend of Nietzsche's Syphilis (Westwood: Greenwood Press, 2001
- ↑ A biography of Spir..
- ↑ Stephan Güntzel, "Nietzsche's Geophilosophy", p.85 in: Journal of Nietzsche Studies 25 (Spring 2003), The Pennsylvania State University Press, University Park (Penn State), 2003-10-15; re-published on HyperNietzsche's website (English)/(ജര്‍മന്‍)
- ↑ Kaufmann, p.49
- ↑ നീച്ചയുടെ തെരഞ്ഞെടുത്ത കത്തുകളില്‍ നിന്ന് പീറ്റര്‍ ഗാസ്റ്റിന് 1883 ഓഗസ്റ്റ് 26-ന് എഴുതിയ കത്ത് - http://en.wikisource.org/wiki/Selected_Letters_of_Friedrich_Nietzsche#Nietzsche_To_Peter_Gast_-_August.2C_1883
- ↑ The Nietzsche Channel, Correspondences
- ↑ Encyclopædia Britannica Online. "Förster-Nietzsche, Elisabeth." http://www.search.eb.com.librarypx.lclark.edu/eb/article-9034925)
- ↑ നീച്ചയുടെ കത്തുകള്‍ - 1887 മാര്‍ച്ചില്‍ പീറ്റര്‍ ഗാസ്റ്റിനെഴുതിയ കത്ത് - http://en.wikisource.org/wiki/Selected_Letters_of_Friedrich_Nietzsche#Nietzsche_To_Peter_Gast_-_March.2C_1887
- ↑ Mazzino Montinari, Friedrich Nietzsche (1974; translated into German in 1991, Friedrich Nietzsche. Eine Einführung., Berlin-New York, De Gruyter; and in French, Friedrich Nietzsche, PUF, 2001)
- ↑ From the Preface, section 1 (English translation by Walter Kaufmann)
- ↑ Friedrich Nietzsche - Stanford Encyclopedia of Philosophy - http://plato.stanford.edu/entries/nietzsche/
- ↑ Zweig, Stefan (1939) Master Builders [trilogy], The Struggle with the Daimon, Viking Press, p. 524.
- ↑ The Portable Nietzsche, trans. Walter Kaufmann.
- ↑ Andrew Bailey, First Philosophy: Fundamental Problems and Readings in Philosophy, Broadview Press, 2002, p704
- ↑ Georges Bataille & Annette Michelson, Nietzsche's Madness, October, Vol. 36, Georges Bataille: Writings on Laughter, Sacrifice, Nietzsche, Un-Knowing. (Spring, 1986), pp. 42-45.
- ↑ René Girard, Superman in the Underground: Strategies of Madness — Nietzsche, Wagner, and Dostoevsky, MLN, Vol. 91, No. 6, Comparative Literature. (December, 1976), pp. 1161-1185.
- ↑ "Nietzsche 'died of brain cancer'".
- ↑ ഏലിസബത്തിന്റെ 1904-ല്‍ പ്രസിദ്ധീകരിച്ച ജീവചരിത്രം
- ↑ Kaufmann, p.187. (Ecce Homo-M I)
- ↑ Kaufmann, pp. 111-13, 296-7, 371-2
- ↑ ബെര്‍ട്രാന്‍ഡ് റസ്സലിന്റെ പാശ്ചാത്യത്ത്വചിന്തയുടെ ചരിത്രത്തില്‍ നീച്ചയെക്കുറിച്ചുള്ള ലേഖനം - പുറം 765
- ↑ Morgan, George Allen (1941). What Nietzsche Means. Cambridge, Mass.: Harvard University Press. pp. 36.
- ↑ Lampert, Nietzsche's Teaching, 17–8; Heidegger, "The Word of Nietzsche."
- ↑ Heidegger, "The Word of Nietzsche," 61.
- ↑ Lampert, Nietzsche's Teaching, 18.
- ↑ Beyond Good & Evil 13, Gay Science 349 & Genealogy of Morality II:12
- ↑ Gilles Deleuze, Nietzsche ad Philosophy, translated by Hugh Tomlinson, 2006, p46
- ↑ Lampert, Nietzsche's Teaching, 18–27.
- ↑ Tanner, Nietzsche, 50.
- ↑ ബെര്‍ട്രാന്‍ഡ് റസ്സലിന്റെ മേലുദ്ധരിച്ച പുസ്തകം - പുറം 764
- ↑ ബെര്‍ട്രാന്‍ഡ് റസ്സലിന്റെ മേലുദ്ധരിച്ച പുസ്തകം - പുറം 767
- ↑ Brobjer, Thomas. Nietzsche's Reading and Private Library, 1885-1889. Published in Journal of History of Ideas.
- ↑ Letter to Franz Overbeck, July 30, 1881
- ↑ Walter Kaufmann, Nietzsche: Philosopher, Psychologist, Antichrist, pp. 306-340.
- ↑ O. Ewald, "German Philosophy in 1907", in The Philosophical Review, Vol. 17, No. 4, Jul., 1908, pp. 400-426; T. A. Riley, "Anti-Statism in German Literature, as Exemplified by the Work of John Henry Mackay", in PMLA, Vol. 62, No. 3, Sep., 1947, pp. 828-843; C. E. Forth, "Nietzsche, Decadence, and Regeneration in France, 1891-95", in Journal of the History of Ideas, Vol. 54, No. 1, Jan., 1993, pp. 97-117
- ↑ Kaufmann, p.8
- ↑ Schrift, A.D. (1995). Nietzsche's French Legacy: A Genealogy of Poststructuralism. Routledge. ISBN 0-415-91147-8.
- ↑ D. Volkogonov: Stalin, part I, near the end of its introduction (2006).
- ↑ See e.g. A. Kubizek: The Young Hitler I Knew, c. 17, p. 181, Greenhill Books, 2006.
- ↑ See e.g. D. Irving: Hitler's War, part I, c. 3, near the beginning (2005)
- ↑ Encyclopædia Britannica Online. "Förster-Nietzsche, Elisabeth." http://www.search.eb.com.librarypx.lclark.edu/eb/article-9034925
- ↑ Encyclopædia Britannica Online. "Förster-Nietzsche, Elisabeth." http://www.search.eb.com.librarypx.lclark.edu/eb/article-9034925
- ↑ Levy, Oscar. Selected Letters of Friedrich Nietzsche. (New York: Doubleday, Page and Co., 1921),195.
- ↑ Levy, Oscar. Selected Letters of Friedrich Nietzsche. (New York: Doubleday, Page and Co., 1921), 253.
- ↑ Diethe, Carol. Nietzsche's Sister and the Will to Power: A Biography of Elisabeth Förster-Nietzsche. Illinois: University of Illinois Press, 2003.
- ↑ Wikipedia. "Elisabeth Förster-Nietzsche." http://en.wikipedia.org/wiki/Elisabeth_F%C3%B6rster-Nietzsche (Accessed October 12, 2008).
- ↑ ഇതാണ് ആ മനുഷ്യന് എന്ന് കൃതിയിലെ, "ഞാന്‍ ഇത്ര ബുദ്ധിമാനായിരിക്കുന്നതെങ്ങനെ" എന്ന ഭാഗം , 3 (W. Kaufmann-ന്റെ പരിഭാഷ)
- ↑ Brobjer, Thomas H. Nietzsche as German Philosopher: His Reading of the Classical German Philosophers." in Nietzsche and the German Tradition (Bern: Peter Lang AG, 2003), 42.
- ↑ The Story of Philosophy, Will Durant(പുറം 335),
[തിരുത്തുക] ഗ്രന്ഥസൂചി
- Deleuze, Gilles (1983). Nietzsche and Philosophy. trans. Hugh Tomlinson. Athlone Press. ISBN 0485112337.
- Kaufmann, Walter (1974). Nietzsche: Philosopher, Psychologist, Antichrist. Princeton University Press. ISBN 0691019835.
- Lampert, Laurence (1986). Nietzsche's Teaching: An Interpretation of "Thus Spoke Zarathustra". New Haven: Yale University Press. ISBN 0300044305.
- Magnus and Higgins, "Nietzsche's works and their themes", in The Cambridge Companion to Nietzsche, Magnus and Higgins (ed.), University of Cambridge Press, 1996, pp.21-58. ISBN 0-521-36767-0
- O'Flaherty, James C., Sellner, Timothy F., Helm, Robert M., "Studies in Nietzsche and the Classical Tradition" (University of North Carolina Press)1979 ISBN 0-08078-8085-X
- O'Flaherty, James C., Sellner, Timothy F., Helm, Robert M., ""Studies in Nietzsche and the Judaeo-Christian Tradition" (University of North Carolina Press)1985 ISBN 0-8078-8104-X
- Seung, T.K. Nietzsche's Epic of the Soul: Thus Spoke Zarathustra. Lanham, MD: Lexington Books, 2005. ISBN 0-7391-1130-2
- Tanner, Michael (1994). Nietzsche. Oxford: Oxford University Press. ISBN 0192876805.
- Wicks, Robert. "Friedrich Nietzsche". The Stanford Encyclopedia of Philosophy (Fall 2004 Edition). Ed. Edward N. Zalta.
- Baird, Forrest E.; Walter Kaufmann (2008). From Plato to Derrida. Upper Saddle River, New Jersey: Pearson Prentice Hall. pp. 1011-1038. ISBN 0-13-158591-6.
[തിരുത്തുക] പുറംകണ്ണികള്‍
| ഫ്രീഡ്രിക്ക് നീച്ച പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക്, ഇതര വിക്കിമീഡിയ സംരംഭങ്ങളില്‍ തിരയുക- | |
|---|---|
| ഡിക്ഷണറി അര്‍ത്ഥങ്ങള്‍ വിക്കിനിഘണ്ടുവില്‍നിന്ന് | |
| പാഠപുസ്തകങ്ങള്‍ പാഠശാലയില്‍ നിന്ന് | |
| Quotations വിക്കി ചൊല്ലുകളില്‍ നിന്ന് | |
| Source texts വിക്കിഗ്രന്ഥശാലയില്‍ നിന്ന് | |
| ചിത്രങ്ങളും മീഡിയയും കോമണ്‍സില്‍ നിന്ന് | |
| വാര്‍ത്തകള്‍ വിക്കി വാര്‍ത്തകളില്‍ നിന്ന് | |
| പഠന സാമാഗ്രികള്‍ വിക്കിവേര്‍സിറ്റി യില്‍ നിന്ന് | |
[തിരുത്തുക] പൂര്ണ്ണഗ്രന്ഥങ്ങള്
- The Complete Works of Friedrich Nietzsche Online, including selected letters 1865-1889
- Friedrich Nietzsche എന്ന വ്യക്തിയുടെ രചനകള്‍ പ്രോജക്ട് ഗുട്ടന്‍ബര്‍ഗില്‍നിന്ന്
- Works by Friedrich Nietzsche in audio format from LibriVox
[തിരുത്തുക] മാധ്യമങ്ങള്‍
- Nietzsche on Hardship: a documentary about Nietzsche and his philosophy
- Human, All Too Human : Nietzsche: a documentary by the BBC (1999)
- Nietzschelieder: the written songs by Nietzsche, set to music by independent artists(ജര്‍മന്‍)
- Friedrich Nietzsche: text with concordances and frequency-list
[തിരുത്തുക] മറ്റ് ഉറവിടങ്ങള്‍
- Open Directory Project: Friedrich Nietzsche
- Friedrich Nietzsche Society
- Nietzsche Chronicle (Detailed Chronology and Biography)
- Nietzsche Forum
- Nietzsche Research Group: Radboud University Nijmegen (ഡച്ച്)(ജര്‍മന്‍)(English)
- Nietzsche Research Guide
- Nietzsche: Works of Youth - Music - Lou Salomé
- Seattle Nietzsche Reading Group: Nietzsche memorabilia and bibliography
- The Nietzsche Circle
- The Friedrich Nietzsche Society official Blog
- Nietzsche y Sloterdijk; Nihilism